Pages

2014, നവംബർ 10, തിങ്കളാഴ്‌ച

ഓര്‍മപ്പന്തലില്‍ അന്ന് (കഥ )


 ശരണാലയം കൊല്ലന്തോറും സന്ദര്‍ശിക്കല്‍ ഒരു പതിവായത് ഞാന്‍ പോലുമറിയാതെയാണ്.പേപ്പറിനു വേണ്ടി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ വേണ്ടിയാണ് ആദ്യം അവിടെയെത്തിയത്.അനേകം അഗതികള്‍ മുറുമുറുപ്പില്ലാതെ താമസിക്കുന്ന നരച്ച കെട്ടിടങ്ങള്‍ എന്തോ എന്നില്‍ പേരറിയാത്തൊരു വിഷാദമുണ്ടാക്കി.ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരില്‍ ഒരു പഴയകാല സിനിമാനടിയുമുണ്ടായിരുന്നു.പതിനെട്ടാം വയസ്സില്‍ തന്നെ അമ്പതു വയസ്സുകാരി അമ്മയായി അഭിനയിച്ചു തുടങ്ങിയവര്‍.പത്തുപതിനഞ്ചു കൊല്ലം സിനിമയിലഭിനയിച്ചിട്ടും അവരീ അഗതിമന്ദിരത്തില്‍ എത്തിയതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.അതു ഞാന്‍ ചോദിക്കുകയും ചെയ്തു.ജീവിതം മയമില്ലാതെ വലിച്ചിഴച്ചത് കൊണ്ടാവും അവരുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടര്‍ച്ചയുണ്ടായിരുന്നു.ശരീരം വല്ലാതെ ആതുരമായിരുന്നു.

'എന്റെ കൊച്ചേ,പഴയ കാലല്ലേ?നാടകത്തീന്നാ ഞങ്ങളൊക്കെ സിനിമയിലെത്തിയത്.പൈസ കണക്ക് പറഞ്ഞൊന്നും വാങ്ങാറുണ്ടായിരുന്നില്ല.പിന്നെ പെണ്ണുങ്ങളായിട്ടും അഭിനയിക്കുന്നതിന്റെ ചീത്തപ്പേര് വേറെയും..വീട്ടിലെ ദാരിദ്ര്യം കൊണ്ടു മാത്രാ പിന്നേം പിടിച്ചു നിന്നത്.പലതിനും വഴങ്ങേണ്ടി വരും.അതങ്ങനൊരു ലോകാണല്ലോ.എന്തായാലും എന്റെ മക്കളൊക്കെ യാതൊരു അല്ലലൂല്ലാതെ വളര്‍ന്നത് സിനിമ തന്ന ചോറു കൊണ്ടു തന്നെയാ.അവരൊക്കെ ഇപ്പോ വല്യ ആള്‍ക്കാരായി.മകള്‍ ഇവിടെ കോഴിക്കോട് തന്നെയാ.അവളുടെ കൂടെത്തന്നായിരുന്നു.പക്ഷെ പ്രായം കൂടുന്തോറും ആളുകള്‍ അവരെത്ര അടുത്തവരായാലും സംസാരത്തിലൊക്കെ ഒരു കാഠിന്യം വരാന്‍ തുടങ്ങും.വലിഞ്ഞുകേറി വന്നതാണെന്ന് ഇടയ്ക്കിടെ നമ്മളെ ഓര്‍മിപ്പിക്കും.വല്ലാതങ്ങ് മടുത്തു കൊച്ചേ.അപ്പഴാ ഒരു ഫ്രണ്ട് ഈ അഗതിമന്ദിരത്തെ ക്കുറിച്ച് പറഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.കെട്ടും മാറാപ്പുമായി പുറപ്പെട്ടു.ഇപ്പഴാച്ചാ നടക്കാനും ബസില്‍ പോകാനുമൊന്നും പ്രയാസല്ല.കുറച്ചു കഴിഞ്ഞാ അതല്ലല്ലോ അവസ്ഥ.'

കണ്ണുകള്‍ തുടച്ചു കൊണ്ട് അവര്‍ പിറുപിറുത്തുകൊണ്ടിരുന്നു.'ഇവിടെപ്പോ എന്താ ഒരു ബുദ്ധിമുട്ട്?ഓണായാലും പെരുന്നാളായാലും ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കും.ഭക്ഷണം തുണി ഒന്നിനുമില്ല ഒരു മുട്ടും.ഓര്‍മകളാ പ്രശ്‌നം.ചമ്മട്ടി പോലെയാ അവ തലയെ അടിച്ചോണ്ടിരിക്കുന്നത്.'

'ഒക്കെ പിന്നേം ഓര്‍മിപ്പിച്ചതിന് അമ്മച്ചി എന്നോട് ക്ഷമിക്ക്.'


'ഏയ്,അതു സാരല്ല.ആരോടേലൊക്കെ മനസ്സു തൊറക്കണത് ഒരു സുഖാ..എനിക്ക് ദൈവാധീനം കൊണ്ട് നടക്കാനും ഇരിക്കാനും ഒരു കൊഴപ്പൂല്ല.ഈ ലേഖേനെ നോക്ക്.ഓര്‍മയെത്തിയ മുതല് അവളീ വീല്‍ചെയറിലാ.ദൈവം ചെലരെ കാണണില്യ കുട്ട്യേ.'

ലേഖ വറ്റിവരണ്ട ഒരു ചിരി ചിരിച്ചു.പിന്നെ പതുക്കെ പറഞ്ഞു.

'പത്രത്തിലൊക്കെ ഞങ്ങടെ കഥ വരൂലോ.അതന്നെ സന്തോഷം.ആ അമ്മേടെ മക്കളെപ്പോലെ നന്ദി കെട്ടവര്‍ക്ക് ഒന്നു മാറിചിന്തിക്കാന്‍ അതുപകരിച്ചാലോ..ഒരു ചേട്ടനും ചേച്ചീം ഉണ്ടെനിക്ക്.പാടത്ത് വെള്ളം തിരിക്കാന്‍ പോയതാ അച്ഛന്‍ ഒരു ദിവസം.പിന്നെ കാണണത് കൊറെ ആളോള്‍ അച്ഛനെ എടുത്തോണ്ട് വരണതാ.ആ കിടപ്പ് രണ്ടു മാസം നീണ്ടു.അമ്മയോട് എപ്പഴും പറയും ലേഖേനെ വേദനിപ്പിക്കരുത്.അച്ഛന്‍ മരിക്കുമ്പോ പന്ത്രണ്ട് വയസ്സാ എനിക്ക്.വായനയുടെ ലോകത്തേക്ക് എന്നെ വഴി കാട്ടിയ വിളക്ക്.ഇന്ന് ഈ പുസ്തകങ്ങള്‍ മാത്രമാണ് എന്റെ ആലംബം..അമ്മയും മരിച്ചതോടെ ഞാനിവിടെയെത്തി.ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.എല്ലാവര്‍ക്കും അവരവരുടെ ജീവിതം തന്നെ പ്രധാനം.നമ്മളെപ്പോലെ ചില പടുമുളകള്‍ക്കല്ലേ അതില്ലാത്തതുള്ളു.'

'സന്തോഷല്ലേ ചേച്ചീ ഇവിടെ.'

'പിന്നേ,എത്ര അമ്മമാരാ എനിക്കിവിടെ.ചേച്ചിമാര്‍,അനിയത്തിമാര്‍..എന്നാലും ഇടയ്ക്ക് അറിയാതെ കണ്ണു നിറയും.അറിഞ്ഞൂടാ എന്താ കാരണംന്ന്..'

ആ ആര്‍ട്ടിക്ക്ള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്ക് ഞാന്‍ അവിടെ ഒരു മെമ്പര്‍ തന്നെയായി.ഇപ്പോ മോഹനനെ കൂട്ടി വരണത് തന്നെ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ മാത്രല്ല,ലേഖച്ചേച്ചീനെ പരിചയപ്പെടുത്താനും കൂട്യാ.അവളെഴുതിയ കുറെ കവിതകള്‍ അന്നെന്നെ കാണിച്ചിരുന്നു.അതൊരു പുസ്തകമാക്കണം.

യശോദാമ്മ വല്ലാണ്ടങ്ങ് വയസ്സായ പോലെ, കൂനിപ്പിടിച്ചു നടക്കുന്നു.ലേഖച്ചേച്ചിയെ ചോദിച്ചപ്പോ അവര് വല്ലാതെ സങ്കടപ്പെട്ടു,പിന്നെ ഇരുട്ട് പതിയിരിക്കുന്ന ഒരു റൂമിലേക്ക് കൊണ്ടു പോയി.വീല്‍ ചെയര്‍ കുറെ പുസ്തകങ്ങളെ താങ്ങി ഇരിക്കുന്നു.

'നാലു ദിവസേ ആയുള്ളൂ.വീല്‍ ചെയര്‍ അവര് മാറ്റാനൊരുങ്ങിയപ്പോ ഞാനാ പറഞ്ഞത് അവളുടെ ഓര്‍മയ്ക്ക് ഒരാഴ്‌ചേലും അതവിടെ കിടക്കട്ടേന്ന്.പിന്നെ കൊച്ചിനോടൊരു കാര്യം ഏല്പിച്ചിരുന്നു.'യശോദാമ്മ ഏറ്റവും അടിയില്‍ നിന്ന് രണ്ടു നോട്ടുബുക്കുകള്‍ വലിച്ചെടുത്തു.
'എന്നേലും സൌകര്യപ്പെട്ടാ ഇതൊരു പുസ്തകാക്കാന്‍ പറഞ്ഞു അവള് '

താളുകള്‍ മറിക്കുമ്പോള്‍ കൈ വിറച്ചു.ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു

'മറ്റുള്ളവരുടെ വരമ്പുകള്‍ക്കുള്ളില്‍ പെട്ടു പോയവര്‍ക്കു വേണ്ടി
ചരിത്രത്തില്‍ ഒരു കാല്പാടു പോലും ശേഷിപ്പിക്കാനാവാത്ത വ്രണിതജന്മങ്ങള്‍ക്കു വേണ്ടി
പ്രസവിച്ചു പോയി എന്ന കുറ്റം കൊണ്ടു മാത്രം വേദന തിന്നുന്ന അനേകം അമ്മമാര്‍ക്കു വേണ്ടി  ഈ കവിതകള്‍ സമര്‍പ്പിക്കുന്നു
മഴ നിലാവ്
ലേഖ'    
…………………………………………………………………………………………………………………………………………….. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ