മകനേ ,ആത്മഹത്യയായിരുന്നു നിനക്ക് ഇതിലും ഭേദം. പേപ്പട്ടിയെന്നോണം കുറെ പോലീസുകാര്‍ തല്ലിക്കൊല്ലുമ്പോള്‍ എന്തിനവരങ്ങനെ ചെയ്യുന്നു എന്നു പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന നീ ..ഒരു ഭ്രാന്തന്റെ ചിത്രം എപ്പോഴും ഒരു പേനായയുടേതാണ്..ആര്‍ക്കും കല്ലെറിയാം, തല്ലിക്കൊല്ലാം ..നീ സര്‍ഗാത്മകതയാല്‍ പൂത്ത പൂമരമായിരുന്നു എന്ന് ആര്‍ക്കാണറിയുന്നത്..തീപൂക്കള്‍ നിന്റെ ശിഖരങ്ങളില്‍ നൃത്തം ചെയ്തിരുന്നു..നിന്റെ സമീപത്തെത്തിയവരെല്ലാം ആ പൊള്ളലറിഞ്ഞു..ആ തീയാണ് നിന്നെ ഏതു നേരവും ഒരു അടുപ്പിലിട്ട് കത്തിച്ചുകൊണ്ടിരുന്നത്..ഗുളികകളുടെ വീര്യത്തിനു പോലും നിന്നിലെ അഗ്‌നിയെ അണക്കാനായില്ല..എന്തു മാത്രം കവിതകളാണ് നീയെഴുതി ചുരുട്ടിയെറിഞ്ഞിരുന്നത്.
ആരുമറിയാതെ വീട് വിട്ടപ്പോഴൊക്കെ നീയോരോ ആശ്രമങ്ങളിലാണ് ഒഴുകിയെത്തിയത്.ജീവിതമെന്ന പദപ്രശ്‌നത്തിന്റെ വലത്തോട്ടും താഴോട്ടുമുള്ള ചോദ്യങ്ങളെ നീയങ്ങനെയാണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്..ആശ്രമാധികാരികളുമായി നീ സംവാദങ്ങള്‍ നടത്തിയിരുന്നു..നിന്റെ പാറിപ്പറന്ന താടിയും മുടിയും ഒരു തീവ്രവാദിയുടെ പാസ് വേഡായി ഗണിക്കപ്പെട്ടിരുന്നില്ല..പ്രവാചകന്മാര്‍ കുറ്റിയറ്റു പോയതും ഭാഗ്യം..ഇന്നത്തെക്കാലം തീര്‍ച്ചയായും അവര്‍ ഭീകരവാദികളെന്ന് ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെടുമായിരുന്നു..അവര്‍ ധ്യാനിക്കുന്ന ഗുഹകള്‍ സ്‌ഫോടകവസ്തുക്കളുടെ കേന്ദ്രമായി ചാനലുകള്‍ ആഘോഷിക്കുമായിരുന്നു..
മാതാശ്രീയെ ദര്‍ശിച്ച മാത്രയില്‍ നിനക്കെന്താണ് സംഭവിച്ചത്?ഒരന്യമത പ്രാര്‍ത്ഥന ചൊല്ലിയതായിരുന്നു നിന്റെ പേരിലുള്ള കുറ്റം..ഒരു പക്ഷെ നിനക്ക് നിന്റെ അമ്മയെ ഓര്‍മ വന്നിരിക്കാം..മകന്‍ ഭ്രാന്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയാണെന്ന് അറിഞ്ഞത് മുതല്‍ നിനക്കു വേണ്ടി ഉരുകാന്‍ തുടങ്ങിയ നിന്റെ അമ്മ..പഠനം ഉപേക്ഷിച്ച് നീയെങ്ങോ തീര്‍ഥാടനത്തിനു പോയതറിഞ്ഞത് മുതല്‍ രോഗം അവരെ കരളാന്‍ തുടങ്ങി.ക്യാന്‍സറിന്റെ രാക്ഷസക്കൈകള്‍ അവരെ പിച്ചിത്തിന്ന് അസ്ഥികൂടമാക്കിയപ്പോഴാണ് നീയെവിടുന്നോ തിരിച്ചെത്തിയത്..അന്നു മുതല്‍ നീ അമ്മയ്ക്ക് കാവലിരുന്നു..മരണത്തിന്റെ മഞ്ഞപ്പുതപ്പ് അവരെ ആകെ മൂടിയപ്പോള്‍ നീ വാവിട്ടു കരഞ്ഞു..ഒടുക്കം നിന്നെ ഒരു മുറിയില്‍ അടച്ചു പൂട്ടേണ്ടി വന്നു..അല്ലാതെ ആ മൃദദേഹം ആര്‍ക്കും തൊടാന്‍ കഴിയുമായിരുന്നില്ല ..
പിന്നീട് നീയധികം സംസാരിച്ചിരുന്നില്ല..ആരെയും ഉപദ്രവിച്ചിരുന്നില്ല..മരുന്നിന്റെ വിഷക്കൈകളില്‍ നീ വാടിക്കിടപ്പായിരുന്നു..കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ഏതെങ്കിലും ആശ്രമങ്ങളില്‍ പോയി വേണ്ടത്ര വെളിച്ചം നുകര്‍ന്ന് , പിന്നെയും വീട്ടില്‍ സ്വയം ചിറ കെട്ടി നിര്‍ത്തി ..അതായിരുന്നു നിന്റെ പതിവ് ..മാതാശ്രീയുടെ ആശ്രമത്തിലും നീയങ്ങനെ എത്തിയതായിരുന്നു..സ്വന്തം അമ്മയെ കണ്ട സന്തോഷത്തോടെ അവരുടെ നേരെ കുതിച്ചതായിരുന്നു..എന്തെല്ലാം ആരോപണങ്ങള്‍ ..നീയവരെ കൊല്ലാന്‍ ശ്രമിച്ചു..തീവ്രവാദിയെന്നു സംശയം ..
മകനേ , നീയറിയുന്നില്ല ഭയം വെടിയണമെന്ന് സദാ ഉപദേശിക്കുന്നവരില്‍ ഉള്ളത്ര ഭയം മറ്റാരിലുമില്ല..അവരുടെയത്ര ജീവിതകാമന മറ്റാര്‍ക്കുണ്ട്? നീയന്വേഷിച്ചതാകട്ടെ എന്നോ വേരറ്റു പോയ തേജസ്വികളായ സന്യാസിമാരെയായിരുന്നു..നീയെത്തിയതാകട്ടെ ചളിയും ചോരക്കറയും ഉളിനഖങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച രാക്ഷസക്കൈകളിലാണ്..ഹാ..എന്റെ കുട്ടീ ,ഒരു മുഴം കയറായിരുന്നു നിനക്കിതിലും ഭേദം..എങ്കില്‍ ഇത്രയേറെ കറുത്ത അധികാര മുഷ്ടികള്‍ നിന്നെ ചതക്കുമായിരുന്നില്ല..എന്തു ചെയ്യാന്‍? നമ്മള്‍ വെറും മണ്‍പുരകള്‍..ബുള്‍ഡോസറിന്റെ ഇരുമ്പുകൈകള്‍ക്ക് നമ്മെ ഇടിച്ചു നിരത്താന്‍ വല്ല പ്രയാസവുമുണ്ടോ? നമ്മള്‍ വെറും ഇയ്യാംപാറ്റകള്‍..ആളുന്ന അഗ്‌നിയിലേക്ക് പാഞ്ഞടുത്ത് കടുക് പോലെ കിരുകിരാ പൊട്ടി ജീവന്‍ വെടിയുന്നവര്‍..എന്റെ കുഞ്ഞേ..അടുത്ത ജന്മമെങ്കിലും അനാവശ്യചിന്തകള്‍ നിന്നെ പൊറുതി കെടുത്താതിരിക്കട്ടെ..
ഈ ഭൂമിയിലിനി അന്ധനും ബധിരനും മൂകനും മാത്രമേ വാഴേണ്ടതുള്ളൂ..........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ