Pages

2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ചുറ്റിക(കഥ)

മൂന്നാംതവണയും ശവം റാക്കിലേക്കെറിഞ്ഞപ്പോള്‍ അവന്റെ കൈ വിറച്ചു, രണ്ടാമത് അതുരുണ്ടു താഴെ വീണ നേരം തുറന്ന കണ്ണില്‍ കണ്ട ദീനഭാവം അവനില്‍ പാരവശ്യം നിറച്ചു. മനപ്പൂര്‍വം നിലത്തിട്ട ചുറ്റിക എടുത്തു തരാന്‍ വിളിച്ചപ്പോള്‍ പാവം, എത്ര നിഷ്‌കളങ്കമായാണ് ഓടി വന്നത്..അവസാനിക്കാത്ത ആ നോട്ടം ഒരു തീക്കട്ടയെന്നോണം ഉള്ളം പൊള്ളിച്ചപ്പോള്‍ കീറിക്കഴിഞ്ഞിരുന്ന പാവാടയില്‍ നിന്ന് ഒരു കഷ്ണം വലിച്ചു കീറി ആ വിടര്‍ന്ന കണ്ണുകളെ മൂടിക്കെട്ടി.ഹാവൂ, ഇപ്പോ എന്തൊരാശ്വാസം..അവളുടെ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു..ശേഖരപുസ്തകത്തില്‍ ഒട്ടിച്ച തൂവലുകള്‍, ഉണങ്ങിയ ഇലകള്‍..കാന്തി നഷ്ടപ്പെട്ട പൂവിതളുകള്‍..നിര്‍ഭയനായി ഇങ്ങനെ നോക്കിയിരിക്കാന്‍ എങ്ങനെ കഴിയുന്നു? ഏതു നിമിഷവും ആരെങ്കിലും കയറി വരാം..തല പെരുക്കുന്നു..മേലാകെ മരവിച്ച പോലെ..

ബുക്കുകള്‍ വാരിവലിച്ചു സഞ്ചിയിലാക്കുമ്പോഴാണ് നിലത്തു പടര്‍ന്ന ചോര അവനെ ഭയപ്പെടുത്തിയത്..പോലീസിന് തെളിവിനു മറ്റെന്തു വേണം? എല്ലാം വൃത്തിയാക്കി അവിടവിടായി കിടക്കുന്ന ചെരിപ്പുകളും വസ്ത്രങ്ങളും ഭാണ്ഡത്തിലാക്കുമ്പോള്‍ അവന്‍ ആലോചിച്ചു ഇതെല്ലം ഇനി എവിടെ ഒളിപ്പിക്കും? മരിക്കുമെന്ന് കരുതിയില്ല..നിലവിളിക്കാനാഞ്ഞ അവളുടെ വാ പൊത്തിയതാണ്..കൈ കടിച്ചു മുറിച്ചപ്പോള്‍ അരിശത്തോടെ ചുളിഞ്ഞ ജമ്പര്‍ കൊണ്ട് വായും മൂക്കും അമര്‍ത്തിയതാണ്..ഇത്ര പെട്ടെന്ന് ജീവന്‍ പോകുമെന്ന് കരുതിയില്ല..
ജഡത്തിനു മീതെ ഒരു കല്ലുകൂടി കയറ്റി വച്ചപ്പോള്‍ അവനു സമാധാനമായി..താഴെ മൂന്നാലു വെട്ടുകല്ലുകള്‍ അട്ടി വെച്ചാണ് അതിനു സാധിച്ചത്..കല്ല് കനമായുള്ളത് കൊണ്ട് ജീവനുള്ളതുപോലെ അതിനിയും ഉരുണ്ടു വീഴില്ലല്ലോ..ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി പണിസ്ഥലമായ അപ്പുറത്തെ കെട്ടിടത്തിലേക്ക് നടന്നു..വാര്‍ക്കപ്പലകകള്‍ വലിച്ചു പറിക്കുമ്പോള്‍ ഒരു നിലവിളി എവിടുന്നോ..എന്തൊരു നാശമാണിത്..ആ സഞ്ചിയില്‍ നിന്നാണെന്നു തോന്നുന്നു..

പണി മതിയാക്കി വേഗം വീട്ടിലേക്ക് നടന്നു..വഴിയില്‍ രണ്ടു മൂന്നു പേര്‍ ലോഗ്യം പറഞ്ഞു തമാശകള്‍ കേട്ടു ചിരിച്ചെന്നു വരുത്തി..
ഹോട്ടലില്‍ നിന്ന്! ഊണ് കഴിക്കുമ്പോള്‍ പല കണ്ണുകളും തന്നെ ചൂഴുന്നുണ്ടെന്നു തോന്നി..ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ..പെട്ടെന്ന്  ചുമലിലൊരു സ്പര്‍ശം..ഞെട്ടിപ്പോയി..ഓ, രാജുവാണ്..

'എന്താടാ, പലകയെടുത്ത് കഴിഞ്ഞോ?'

 ബീഡിക്കറയാല്‍ കരിഞ്ഞ ചുണ്ടുകള്‍ വിടര്‍ത്തി അവന്‍ ഭംഗിയില്ലാതെ ചിരിച്ചു..ആ കണ്ണുകള്‍ തന്നിലെന്തെങ്കിലും തിരയുകയാവുമോ?

'ഇല്ല, വല്ലാത്ത തലവേദന..വീട്ടിപ്പോവാ..'

'അടുത്താഴ്ച കോഴിക്കോടൊരു പണിയൊത്തിട്ടുണ്ട്..പോരുന്നോ നീയ്?'

രക്ഷപ്പെടാന്‍ ഒരു വഴി ദൈവമിതാ തുറന്നിരിക്കുന്നു..ഒരാഴ്ച നാട്ടില്‍ നിന്ന് മാറിനില്‍ക്കാം..

'വരുന്നുണ്ട്, എന്നെ വിളിക്കാന്‍ മറക്കരുത്..പിന്നെ തിയേറ്ററിലൊക്കെ ഒന്നു കേറണ്ടേ?'

'പിന്നല്ലാതെ, അന്ന് അസ്‌കര്‍ തന്ന മരുന്ന് ഉഗ്രനല്ലേ? രണ്ടു ദിവസം ഹാ എന്തു സുഖമായിരുന്നു...അതില്ലാതെ ഒരു സുഖല്ല, കുറച്ചധികം സംഘടിപ്പിക്കണം ഇപ്രാവശ്യം,,'

വീട്ടിലെത്തുമ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു..വൈകിച്ചതാണ് കരുതിക്കൂട്ടി..ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെങ്കിലോ? സഞ്ചിയിപ്പോഴും കയ്യില്‍ത്തന്നെ..വീട്ടിലേക്കുള്ള കയറ്റം കയറുമ്പോഴാണ് നനുത്ത ആ ചോദ്യം 'എന്നെ കൊന്നു അല്ലേ?'

ഞെട്ടിത്തിരിഞ്ഞു. പിന്നില്‍ തന്നെയുണ്ടവള്‍, വസ്ത്രങ്ങളില്ലാതെ..ഒക്കെ തോന്നലാണ്. അസ്‌കര്‍ പറയുമ്പോലെ എക്‌സ്പീരിയന്‍സ് ആയിക്കഴിഞ്ഞാ ഈ പേടീം വെപ്രാളോം ഒന്നും കാണില്ല..

'എന്നാലും എന്നെ എടുത്തെറിഞ്ഞതെന്തിനാ? കുടലും കരളുമൊക്കെ കലങ്ങി ഒന്നായി..മയ്യത്തിനോട് ആദരവുള്ളോരല്ലേ ഏതു ക്രൂരനും? ഇങ്ങനെ ഉടുതുണിയില്ലാതെ കിടത്തേണ്ടിയിരുന്നില്ല..വരുന്നവരൊക്കെ എന്നെ ഈ നാണം കെട്ട രൂപത്തില്‍ കാണില്ലേ? ആ കീറിയ പാവാട കൊണ്ടെന്നെ ഒന്നു പുതച്ചിരുന്നെങ്കില്‍..എത്ര പേരുടെ മുന്നില്‍ ഞാനിനി നാണം കെടണം?'

ശവത്തിനെന്തു മാനക്കേട്? സഞ്ചി കുറ്റിക്കാട്ടിലൊളിപ്പിക്കുമ്പോള്‍ അവനോര്‍ത്തു. ആരെങ്കിലും കാണുമോ? കത്തിച്ചു കളയലാ ബുദ്ധി..നേരം വെളുക്കട്ടെ..വീട്ടിലാരും ഇല്ലാത്ത നേരം നോക്കി വേണം..

'അതിനിടെ ഞാനെന്റെ വീട്ടിലും പോയി കെട്ടോ..പാവം ഉമ്മ..പിച്ചും പേയും പറയാ..പൊള്ളുന്ന പനി. 'ആ ബലാലിനു നിന്റെ ശിക്ഷയിറക്ക് പടച്ചോനേ..ലൂത്ത് നബീന്റെ ഖവ്മിനെ നശിപ്പിച്ചപോലെ ഈ ശെയ്ത്താന്മാരെ ഇല്ലാണ്ടാക്ക് പടച്ചോനേ..'ഉമ്മയങ്ങനെയാ..ഇടങ്ങേറുകള്‍ വന്നാപ്പിന്നെ പ്രാര്‍ത്ഥന തന്നാ..ഉറക്കിലും ചെലപ്പോ പ്രാര്‍ഥിക്കണത് കേള്‍ക്കാം ദുരിതം തന്നല്ലേ ഇപ്പോ..താത്താനെ മൊഴി ചൊല്ലീട്ട് കാലെത്രയായി..ഓലെ മോളും ഞാനും ഒപ്പാ..ഓള്‍ക്ക് ഛര്‍ദി ആയതോണ്ടാ ഞാനൊറ്റക്ക് പരീക്ഷക്ക് പോയത്..ചുറ്റിക എടുത്തു തരാന്‍ പറഞ്ഞപ്പോ ഇങ്ങളെ കൊറെ കാലായി അവിടെ കാണണതോണ്ട് പേടിയൊന്നും തോന്നീല..അല്ലേലും പാമ്പിനേം നായിനേം മാത്രേ നിക്ക് പേടി ഇണ്ടാര്‍ന്നോള്ളൂ'.

ഗദ്ഗദം അവളുടെ തൊണ്ടയില്‍ കുറുകി..തെല്ലിട കഴിഞ്ഞു അവള്‍ വീണ്ടും തുടര്‍ന്നു

'പരീക്ഷക്കിരിക്കാനുമായില്ല, ക്ലാസ്സില്‍ ഞാനാ ഫസ്റ്റ്..ഓണപ്പരീക്ഷയിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് സയിന്‍സ്ടീച്ചര്‍ സമ്മാനം തരുമെന്ന്! പറഞ്ഞിരുന്നു.. കഴിഞ്ഞ കൊല്ലമൊരു ചിത്രകഥബുക്കാ കിട്ടിയത്..എന്തു മിനുസാ പേജുകള്‍..എത്ര ചിത്രങ്ങളാ..അതിപ്പഴും വീട്ടിലുണ്ട്..പുസ്തകങ്ങളൊക്കെ നിങ്ങള്‍ വലിച്ചു കീറിയതെന്തിനാ? താത്താന്റെ മോള്‍ക്ക് എടുക്കായിരുന്നു..കീറിക്കളഞ്ഞ യുണിഫോം പഴയതായതോണ്ട് സാരമില്ല..എന്റെ കാലുകള്‍ നിങ്ങള്‍ കല്ലില്‍ വരിഞ്ഞു കെട്ടിയിട്ട് കണ്ടോ ചോര കട്ടപിടിച്ചിരിക്ക്ണ്..കുറെ വേദനിപ്പിച്ചെന്നെ..ഒക്കെ ക്ഷമിക്കാം..പക്ഷെ വസ്ത്രങ്ങളില്ലാതെ എല്ലാവര്‍ക്കും മുന്നില്‍ നാണം കെടാന്‍ എന്നെ ബാക്കി വെച്ചില്ലേ..അതു പൊറുക്കാനാവില്ല..എത്ര തുണികളിലാണ് ജീവിച്ച നാള്‍ ദേഹത്തെ പൊതിഞ്ഞു സൂക്ഷിച്ചത്..'

ഒരലയൊലി പോലെ അവളുടെ സ്വരം നേര്‍ത്തില്ലാതായി..അവന് വല്ലാത്ത ആശ്വാസം തോന്നി..
ചീഞ്ഞു നാറുന്ന ഒരു ശവത്തെക്കുറിച്ചുള്ള വാര്‍ത്ത കോഴിക്കോട് വച്ചു കൂട്ടുകാര്‍ ചര്‍ച്ച ചെയ്തപ്പോള്‍ അവന്‍ ജ്വരബാധിതനെപ്പോലെ വിറച്ചു..പുഴുവരിക്കുന്ന ഒരു ശരീരം മുന്നിലൂടെ നടക്കുന്നു..രാജുവിന്റെ കഞ്ചാവു ബീഡിയില്‍ലേക്ക് അവന്റെ കൈകള്‍ വിറയലോടെ നീണ്ടു..

പോലീസ് അറസ്റ്റ് വാറണ്ടുമായെത്തുമ്പോള്‍ അവന്‍ നെറ്റിനുള്ളില്‍ പോള്ളിത്തിണര്‍ത്ത് ഞെരിപിരികൊള്ളുകയായിരുന്നു. സാരി കൊണ്ട് മറച്ച വലക്കുള്ളിലേക്ക് സാകൂതം നീളുന്ന കണ്ണുകള്‍..പോലീസെത്തിയതോടെ അതൊരു ജനക്കൂട്ടമായി..

'ഇവരെ ഒന്ന്! ഓടിച്ചു വിടൂ..' തൊലി തുളച്ചിറങ്ങുന്ന മിഴികളെയും അശ്ലീലച്ചിരികളെയും നേരിടാനാകാതെ അവന്‍ അലമുറയിട്ടു..അപ്പോള്‍ പഴയ ചുറ്റിക കൊണ്ട് അവന്റെ തലയില്‍ ആഞ്ഞടിച്ച് അവള്‍ മുറുമുറുത്തു

'കെട്ടിടത്തിനുള്ളില്‍ തീ കോരിയിട്ടത് ആരെന്ന്  നീ അതിശയിക്കുന്നുണ്ടാകും..ചാരക്കയില് പോലെ കരിഞ്ഞു കറുത്ത എന്റെ കൈകള്‍ കണ്ടില്ലേ? കനലെരിയുന്നത്? ഇപ്പോള്‍ പ്രതികാരം പൂര്‍ത്തിയായി..സ്ത്രീയുടെ നാണത്തെയും വസ്ത്രത്തെയും പറിച്ചെരിയുന്നവനേ, ശതാബ്ദങ്ങളോളം ഈ നോട്ടങ്ങള്‍ ശരങ്ങളായ് നിന്നിലേക്ക് പെയ്തിറങ്ങട്ടെ..അഴിക്കാനുള്ള നിന്റെ ആര്‍ത്തി അവസാനിക്കും വരെ..'
പരിഹാസത്താല്‍ വക്രിച്ച ചുണ്ടുകളോടെ അവള്‍ എഴുന്നേറ്റപ്പോള്‍ പുഴുക്കള്‍ നുരക്കുന്ന ഇളം മേനിയില്‍ നിന്ന്  ദുര്‍ഗന്ധമുള്ള മാംസത്തുണ്ടുകള്‍  മുഖത്തേക്ക് വീണ് അവന്റെ വദനം   ബീഭത്സമാകാന്‍ തുടങ്ങി..............                   

2014 ഓഗസ്റ്റ് 9, ശനിയാഴ്‌ച

വിദ്യാഭ്യാസം(കഥ)



കാലുറയ്ക്കുള്ളില്‍ കത്തി തിരുകി, ബാഗിലെ കത്തി അതിന്റെ രഹസ്യയറയില്‍ ഇല്ലേയെന്ന് ഉറപ്പു വരുത്തി അവന്‍ സ്‌കൂളിലേക്ക് പുറപ്പെട്ടു. പലരോടും കണക്ക് തീര്‍ക്കാനുണ്ട്, സിനിമയിലെ ഗുണ്ടയെപ്പോലെ കഴുത്തിലൊരു ഉറുമാല് കെട്ടി, കയ്യിലൊരു ഇരുമ്പുവളയമിട്ട് നല്ല സ്‌റ്റൈലില്‍ സ്‌കൂളില്‍ പോകാനായിരുന്നു അവനിഷ്ടം..പക്ഷെ, ആ നശിച്ച സ്‌കൂള്‍ ഒന്നും അനുവദിക്കില്ല. എന്തിനാണീ അലമ്പ് സ്‌കൂളുകള്‍? ഒരു ഗുണ്ടയുടെ യഥാര്‍ത്ഥഫോമില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശിങ്കിടികള്‍ ഉണ്ടായേനെ..ഇപ്പോ ആകെയുള്ളത് രീത്തുവാണ്. തന്റെ ഏതാജ്ഞയും അനുസരിക്കാന്‍ അവനേതു സമയവും റെഡി..
സിനിമയിലും കമ്പ്യുട്ടര്‍ഗെയിമിലുമെല്ലാം ശക്തന്‍ വില്ലനാണ് ഹീറോ എത്ര മലര്‍ത്തിയടിച്ചാലും വില്ലന് തന്റെ ശക്തികൊണ്ട് ഉയര്‍ത്തെഴുന്നെല്‍ക്കാനാകും. എല്ലാവര്‍ക്കും നന്മ ചെയ്യണമെന്നാണ് അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നത്. അതുകൊണ്ടെന്താണ് പ്രയോജനം? ആയ കാലം എങ്ങനേലും വല്ലതും സമ്പാദിക്കണം. ലാവിഷായി ജീവിക്കണം, അതിനു പറ്റിയ പണി ക്വട്ടേഷന് പോവലാണ്. പിടിയിലാകാതെ പിടിച്ചു നിന്നാല്‍ കോടീശ്വരനാകാം, വല്ല കള്ളക്കടത്തും ഉണ്ടേല്‍ പിന്നെ പറയേം വേണ്ട..

എല്ലാം വെറും സ്വപ്‌നങ്ങള്‍..ഫലിക്കുമോന്ന്  ആരു കണ്ടു? മമ്മിക്ക് താന്‍ എങ്ങനേലും ഡോക്ടറോ എന്ജിനീയരോ ഐ എ എസോ ആയിക്കിട്ടിയാല്‍ മതി. എത്ര പഠിച്ചാലും കിട്ടാന്‍ പോണത് പണം തന്നെയല്ലേ? അതിനെന്തെല്ലാം കുറുക്കുവഴികളുണ്ട്..വേദപാഠക്ലാസ്സില്‍ അച്ചന്‍ മോങ്ങുന്നത് കേള്‍ക്കാം 'നല്ലതേ ചെയ്യാവൂ, നല്ലതേ ചിന്തിക്കാവൂ...' ഭ്രാന്ത്, അല്ലാതെന്ത്? അവനവന് മെച്ചം കിട്ടുന്നതെന്തോ അതു തന്നെ നല്ലത്..മമ്മി അച്ചനോട് പറയുന്നത് കേള്‍ക്കാം

 'ഞാന്‍ അന്യനാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നത് എന്റെ മോന് വേണ്ടിയാണച്ചോ. അവന്റെ എല്ലാ കാര്യത്തിലും ഒരു കണ്ണു വേണം..അവനെ നല്ല കുട്ടിയാക്കണം..അവന്റെ ഡാഡിയെപ്പോലെ ഒരു മൃഗമല്ല..'  

ഡാഡി- മമ്മി ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല അയാളുടെ..എങ്ങാനും ചോദിച്ചാല്‍ അത്രേം ദേഷ്യം മറ്റൊന്നിനുമില്ല. ഇപ്പോ അത്തരം വിഡ്ഢിത്തങ്ങളൊന്നും ചോദിക്കാറുമില്ല, താന്‍ വലിയ ആളായില്ലേ..പതിനേഴ് വയസ്സ് അത്ര ചെറിയ പ്രായമല്ലല്ലോ..ഒരു കാര്യവും താന്‍ കുറെയായി മമ്മിയോട് ചോദിക്കാറില്ല..ഗള്‍ഫില്‍ ജോലി എങ്ങനെയെന്നോ, സുഖമാണെന്നോ, ഒന്നും..തങ്ങള്‍ക്കിടയിലെ വിശാലമരുഭൂമി കണ്ടു കണ്ടാവും അവര്‍ ഇടയ്ക്കിടെ അച്ചനോട് പതം പറയുന്നത്'- "പാറയാ അച്ചോ ഇച്ചെക്കന്റെ മനസ്സ്, ഇതയാളുടെ തനിപ്പകര്‍പ്പാ..ഞാന്‍ കഷ്ടപ്പെടുന്നത് എന്തിനാ? പള്ളീടെ ഓര്‍ഫനേജില്‍ കിടക്കേണ്ടി വരും ഞാന്‍ വയസ്സാവുമ്പോ, അത്ര തന്നെ..'

'അതു ശരിയാ'താന്‍ മനസ്സില്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തെ നയിക്കാന്‍ പോകുന്നവന് എവിടെയാണ് അമ്മയെ പുന്നാരിക്കാന്‍ സമയം? കുറച്ചു കാശു ചെലവാക്കി വളര്‍ത്തീന്നു വെച്ച് വയസ്സായ അച്ഛനേം അമ്മയേം നോക്കിയിരിക്കലാണോ മക്കള്‍ക്ക് പണി? വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കയല്ലാതെ..

 ഹോസ്റ്റലില്‍ നിന്നും അധികദൂരമൊന്നുമില്ല സ്‌കൂളിലേക്ക്..അവിടെയെത്തുംമുമ്പേ കാര്യം സാധിക്കണം.. എല്ലാം കഴിയുമ്പോള്‍ പോലീസ് പിടിക്കാതെ നോക്കുകയും വേണം..

 പതുങ്ങിയ കാല്‍വെപ്പുകളോടെ അജീഷിന്റെ പിറകിലെത്തി. ബാഗുള്ളത് കൊണ്ട് പിറകില്‍ നിന്ന് ശരിയാവില്ല..വട്ടം പിടിച്ച്, വാ പൊത്തി ആദ്യത്തെ പ്രയോഗം നടത്തിയെങ്കിലും സിനിമയില്‍ കാണുന്ന അത്ര എളുപ്പമായില്ല കത്തി വലിച്ചൂരല്‍..ചോര കണ്ടപ്പോഴാകട്ടെ, തല കറങ്ങുന്നു..വില്ലനില്‍ നിന്ന് വിരുദ്ധമായി ബോധം മറഞ്ഞ് ഒരു ഭീരുവായി താന്‍ നിലത്തു വീണു..

കണ്ണു തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ പിറുപിറുക്കുന്നു, തുറിച്ചു നോക്കുന്നു. എണീറ്റോടാന്‍ ശ്രമിച്ചു. കാലുകള്‍ ആരോ മുറുകെ കെട്ടിയിരിക്കുന്നു..താനിത്രയും പേടിത്തൊണ്ടനായല്ലോ..വിചാരിച്ചപോലെ ഒന്നും നടന്നില്ല, ഗുണ്ടാത്തലവനെന്ന തന്റെ സ്വപ്നം ..
മമ്മി ആരെക്കൊണ്ടെങ്കിലും രക്ഷപ്പെടുത്തുമായിരിക്കും. ഏതായാലും അടുത്ത പ്രാക്ടീസെങ്കിലും ഇങ്ങനെ ചളമാകരുത്..

കൈകള്‍ കൂട്ടിത്തിരുമ്മി വെറുപ്പോടെ അവന്‍ എല്ലാവരെയും തുറിച്ചു നോക്കി .........  

2014 ജൂലൈ 25, വെള്ളിയാഴ്‌ച

എന്റെ അസ്ഥിപഞ്ജരമേ...........(കവിത)



എന്റെ കരളേ, എന്റെ ഖല്‍ബേ എന്നെല്ലാം നീ വിളിച്ചപ്പോള്‍, അന്ന്
എന്റെ വൃക്കേ, എന്റെ കുടലേ, എന്റെ മൂത്രാശയമേ, എന്റെ തലച്ചോറേ
എന്നൊക്കെയും നീയെന്നെ വിളിക്കുമെന്ന് ഞാന്‍ കരുതി...
ആന്തരാവയങ്ങള്‍ എല്ലാം ഒരുപോലെയാണല്ലോ
ബാഹ്യാവയവങ്ങളെപ്പോലെ ഒന്നു മറ്റൊന്നിനേക്കാള്‍ മേന്മയുള്ളതല്ലല്ലോ
എന്തോ? നീയങ്ങനെ വിളിച്ചില്ല ...
കരളേ, കരളിന്റെ കരളേ, അങ്ങനെയായിരുന്നു നിന്റെ
അധികസന്ദേശങ്ങളും തുടങ്ങിയത്...
ഹോ! അതു വായിച്ചപ്പോഴൊക്കെ നിന്റെ സ്‌നേഹക്ഷേത്രത്തില്‍
നിരന്തരം പൂജിക്കപ്പെടുന്നല്ലോ എന്ന ഉള്‍പ്പുളകമായിരുന്നു..
പിന്നെ കാലം പടങ്ങളോരോന്നായ് പൊഴിച്ചു,
മടുപ്പ് മൂത്തു പഴുത്തു...
ഒരു സന്ദേശവും നിന്നില്‍ നിന്നെത്താതായി
എന്നെങ്കിലും കണ്ടാലും മുഖം തിരിച്ചേക്കും
കാരണം മടുപ്പിന്റെ ദംശനത്താല്‍ നിനക്കു ഞാന്‍ നീലിച്ചുപോയി,
വിഷപദാര്‍ത്ഥംപോലെയായി, വെറും ദുശ്ശകുനമായി...
ഇപ്പോള്‍ എന്റെ അസ്ഥിപഞ്ജരമേ എന്നു വിളിച്ചു ലാളിക്കാന്‍
ആരെങ്കിലും എന്നെ സ്‌നേഹിച്ചെങ്കിലെന്നാണ് ആശ
കുഴിമാടത്തിലും അതിന്റെ അലയൊലി
അവസാനിക്കല്ലേയെന്നാണ് പ്രാര്‍ത്ഥന........................


2014 ജൂലൈ 11, വെള്ളിയാഴ്‌ച

കാഴ്ചയ്ക്കപ്പുറം(കഥ)


'എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം ,കണ്ണടകള്‍ വേണം '



 വാര്‍ത്തകള്‍ക്കിടെ, പെട്ടെന്നാണ് ടീവിയുടെ ചില്ലുപായയിലേക്ക് ഒരു പെണ്‍കുട്ടി ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങിയത്. വശങ്ങളില്‍ പിടിപ്പിച്ച ചിറകുകള്‍ താഴ്ത്തി നഗ്‌നമായ വയറിനെ പൊലിപ്പിച്ചുകൊണ്ട് ഒരു സര്‍പ്പത്തെപ്പോലെ അവള്‍ ആടിയുലഞ്ഞു. പിന്നെ മനോഹരമായി, ആകാശത്തിനഭിമുഖമായി ഒരു വില്ലുപോലെ വളഞ്ഞു. ചറുപിറേന്ന് ഒരു ചെറുമഴയായി ചോക്കലേറ്റുകള്‍ അവളുടെ ദേഹത്തേക്കുതിര്‍ന്നു.........................
ഓരോ പരസ്യം കഴിയുമ്പോഴും ഒരു സിനിമ കണ്ട പ്രതീതിയാണ് രാധയ്ക്ക്..പിന്നെയും രണ്ടു പരസ്യങ്ങള്‍ കഴിഞ്ഞാണ് വാര്‍ത്തയില്‍ എല്ലിന്കൂടായ ഒരുത്തനെ പോലീസ് തല്ലിച്ചതക്കുന്നത് കണ്ടത്..വായുവിലൂടെ മലക്കം മറിഞ്ഞ് ഒരു കണ്ണട, വെളുത്ത കാറിന്റെ ടയറുകള്‍ക്കടിയില്‍ ഭസ്മമായി..

'എന്റെ ശ്രീനി...........' ഒരു വിതുമ്പലോടെ അവള്‍ ചാടിയെഴുന്നേറ്റു. പത്തു വര്‍ഷങ്ങളുടെ ഓര്‍മകളൊന്നാകെ പൊടിഞ്ഞ കണ്ണടചില്ലുകളായി അവരുടെ ഉള്ളിലേക്ക് താഴ്ന്നിറങ്ങി ചോര തെറിപ്പിച്ചു..കുരുടനെപ്പോലെ തപ്പിത്തടഞ്ഞ് അവന്‍ നിലവിളിച്ചു.  'എന്റെ കണ്ണട..എനിക്കൊന്നും  കാണുന്നില്ലല്ലോ...'

'എടീ, നിന്റെയാ ചെറുക്കന്‍ അടുത്തു തന്നെ കാലിയാകുന്ന ലക്ഷണംണ്ട്..കൈക്കൂലി വാങ്ങിയ ആരെയോ അവനും കൂട്ടുകാരും നന്നായി പെരുമാറിയത്രെ..ഇവനാരാ? ഹരിശ്ചന്ദ്രനോ? നാടു നന്നാക്കാനിറങ്ങിയിരിക്കുന്നു..എല്ലിന്‍കൊട്ടയെ ആദ്യം മനസ്സിലായില്ലാട്ടോ. പിന്നെയാ കണ്ണട കണ്ടപ്പോഴാണ്...' വെളുക്കനെ ചിരിച്ചു കൊണ്ട് തോമസ് പറഞ്ഞുകൊണ്ടിരുന്നു. വെറുപ്പോടെ മുഖം തിരിച്ച് അവര്‍ ക്യാരറ്റ് അരിയുന്നത് തുടര്‍ന്നു..

മുമ്പ്, വളരെ മുമ്പ്, കണ്ണടയിലൂടെ കൂര്‍പ്പിച്ചു നോക്കി ദേഷ്യത്താല്‍ മുഖം തുടുത്ത് ശ്രീനി ഒച്ചയിട്ടു..
'ആരാണയാള്‍? എന്തിനാ എപ്പഴും ഇവിടെ വരുന്നത്? ഇഷ്ടമല്ല എനിക്കയാളെ, എല്ലാരും കളിയാക്കുന്നു, നിന്റമ്മേ അയാള് കെട്ടിയോടാ? ഇതും പറഞ്ഞ് സ്‌കൂളില്‍ എത്ര പേരോടാ അടി കൂടിയത്, നോക്കിക്കോ, ഒരൂസം അയാളെ ഞാന്‍ കൊല്ലും'.

ഞെട്ടിപ്പോയി, എത്ര ലളിതമായി പറയുന്നു, കൊല്ലുമെന്ന്..തോമസും, തനിക്ക് അവനോളം പ്രിയപ്പെട്ടതാണെന്ന് അവനറിയില്ലല്ലോ...അതിന്റെ പേരില്‍ മാത്രം അകന്നു പോയ അവന്റെ അച്ഛന്‍......സങ്കടത്തോടെ അവനെ കരവലയത്തിലാക്കി ഒരുമ്മ കൊടുക്കാന്‍ നോക്കി. ഈര്‍ഷ്യയോടെ കൈകള്‍ തട്ടി മാറ്റി അവന്‍ അമ്പലക്കുളത്തിനു നേരെ നടന്നു..
അവര്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ മുറ്റം, ഈ മണല്‍ എല്ലാം ആ കാലടികളെ ഓര്‍ക്കുന്നുണ്ടാകും..എവിടെയാണ് താമസമെന്ന് ആര്‍ക്കറിയാം? തോമസിനത്രയും സന്തോഷം..'പോയി തുലയട്ടെ..ആ ചെക്കന്റെ പുളിച്ച നോട്ടം കൊണ്ട് വല്ല സ്വൈര്യവുമുണ്ടായിരുന്നോ?'

അന്ന് –സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ അവന്‍ ഉത്സവത്തിമര്‍പ്പിലായിരുന്നു..ഓടി വന്നു കെട്ടിപ്പിടിച്ച് അവന്‍ പോക്കറ്റില്‍ നിന്നും ഭംഗിയുള്ളൊരു കണ്ണട പുറത്തെടുത്തു. വീണു പൊട്ടാതിരിക്കാന്‍ പിറകില്‍ നിന്നു തൂങ്ങുന്ന കറുത്ത ലേസ്, കണ്ണട മാല പോലെ കഴുത്തില്‍ തൂക്കി അവന്‍ പുഞ്ചിരിച്ചു 'ആല്‍ത്തറേലെ സന്യാസി തന്നതാ..ആരും കാണാത്തതൊക്കെ ഇതോണ്ട് കാണൂത്രെ..'നിലത്തേക്ക് കൂന്നിരുന്ന്  അവന്‍ ആര്‍ത്തു വിളിച്ചു, നോക്കമ്മേ, എന്തു വലിയ പുഴുക്കള്‍, ഉറുമ്പുകള്‍..........'

കൊഴിയുന്ന ദിനങ്ങല്‍ക്കൊപ്പം അവന്റെ പ്രസന്നതയും കുറഞ്ഞുകൊണ്ടിരുന്നു..പഠിക്കാനൊന്നും യാതൊരു താല്പര്യവുമില്ല..ഏതു നേരവും ആ കണ്ണടയുമായാണ് നടപ്പ്..ഒരിക്കലത് പിടിച്ചു പറിക്കാന്‍ നോക്കിയതാണ്..പക്ഷെ പിന്നെയൊരിക്കലും അത് കാണാന്‍ കൂടി കിട്ടിയില്ല..ഉറക്കില്‍ ഇടയ്ക്കിടെ അവന്‍ നിലവിളിക്കുന്നത് കേള്‍ക്കാം'അയ്യോ, കൊല്ലല്ലേ, നോക്കമ്മേ, ചോര, എല്ലായിടത്തും ചോര..........'

വല്ലാത്ത ആധിയായി, അവനു പറയാനുള്ളത് ശ്രദ്ധിക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊക്കെ? നശിച്ചയാ കണ്ണട ഒന്നു കയ്യില്‍ കിട്ടിയെങ്കില്‍............എന്തെല്ലാം വ്യസനിപ്പിക്കുന്ന വാര്‍ത്തകളാണ് നിത്യേന..അവനാണെങ്കില്‍ ചെറിയൊരു കാര്യം മതി കരയാന്‍..മുതിര്‍ന്നൊരു ചെറുക്കനെ എത്ര വരിഞ്ഞു കെട്ടാനാകും?ഒരിക്കലവന്‍ പറഞ്ഞതു കേട്ട് താനതിശയിച്ചു പോയി'അമ്മേ, ഇന്നലെ ഞാന്‍ കണ്ട സ്വപ്നം കേള്‍ക്കണോ? ഒരു വൃത്തി കെട്ട ചേരിയില്‍ കോലം കെട്ട കുറെ പെണ്‍കുട്ടികള്‍ ഭയന്നു നിലവിളിക്കുന്നു..പാവാടകള്‍ അവര്‍ മുറുക്കെപ്പിടിച്ചിരുന്നു, ആരോ അതഴിക്കാന്‍ വരുമെന്ന് പേടിച്ച പോലെ....'

ദേഷ്യത്തോടെ താന്‍ നെറ്റി ചുളിച്ചു. 'എന്താ നിന്റെ വിചാരം? തെണ്ടി നടക്കണ നേരം കൊണ്ട് വല്ല പുസ്തകോം എടുത്ത് പഠിച്ചൂടെ നിനക്ക്?'

തന്റെ ശകാരങ്ങളെ വകവെക്കാതെ പുതിയ കാഴ്ചകള്‍ക്കായി മിഴികള്‍ തേച്ചു മിനുക്കി അവന്‍ പുറത്തിറങ്ങി..

'ദാ ,നിനക്കൊരു ഫോണ്‍ ,ചാനലീന്നാ, നിന്റെ മോനിപ്പോ വല്യ പ്രശസ്തനല്ലേ?'തോമസ് അവജ്ഞയോടെ ഫോണ്‍ നീട്ടി..

'ഹലോ '
'ഹലോ മാഡം, ഇപ്പോള്‍ ഞങ്ങളുടെ ന്യൂസ് കണ്ടല്ലോ അല്ലേ?'
'എന്താ വേണ്ടത്?' ഒരല്പം ശബ്ദമുയര്‍ത്തി അവര്‍.. 
'മറ്റൊന്നുമല്ല മാഡം, ഞങ്ങളൊരു പ്രോഗ്രാമൊരുക്കുന്നു, നിങ്ങളുടെ മകന്റെ ചെറുപ്പകാലം, ഒരു റിബലാവുന്നതിനു മുമ്പുള്ള സംഭവങ്ങള്‍..ഒക്കെ ചേര്‍ത്ത്..പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും, മാഡത്തിനും..'
'സോറി , എനിക്ക് തീരെ സുഖമില്ല. '
'സാരമില്ല മാഡം, ഞങ്ങള്‍ അടുത്താഴ്ച വരാം. പ്രതിഫലമൊക്കെ ഡീസന്റായിരിക്കും..'

അരിശത്തോടെ ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ ഒരിക്കലവനെ കണ്ടത് ഓര്‍ത്തു. ആല്‍ത്തറയില്‍ അവന്‍ പ്രസംഗിക്കുകയാണ്..ദൂരെയായിട്ടും അവന്റെ വാക്കുകളുടെ ഉഷ്ണം തന്നിലേക്ക് ചുടുകാറ്റായി പറന്നെത്തി..പ്രവാചകന്റേതുപോലെ തിളങ്ങുന്ന കണ്ണുകള്‍..മെലിഞ്ഞുണങ്ങിയ ദേഹം..താടിയും മുടിയും നീണ്ട് ഏതോ പുരാതനയുഗത്തിലേക്ക് യാത്ര പോണ പോലുള്ള കോലം..കണ്ണട തിളക്കത്തോടെ കഴുത്തില്‍ തൂങ്ങുന്നു...
കണ്ണില്‍ ഇരുള്‍ നിറഞ്ഞപ്പോഴെങ്കിലും അവനീ മടിയിലേക്ക് തിരിച്ചെത്തുമോ? അന്ധനായ ഒരുത്തന് ഇനിയെങ്ങനെ വിപ്ലവം നടത്താനാവും? ഇതു കൊണ്ടൊക്കെ എന്താണ് പ്രയോജനം? അവന്‍ തന്റെ പഴയ, കൊച്ചടി വെക്കുന്ന ശ്രീനി ആയെങ്കില്‍.........
പിന്നെയും, ടീവിയുടെ ചില്ലുകണ്ണുകള്‍ ചിരിച്ചു..ബോംബിങ്ങില്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍, ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍ക്ക് മീതെ ചുവന്ന പരസ്യവാചകം തെളിഞ്ഞു   'ഈ ലൈവ് സീനുകള്‍ നിങ്ങള്‍ക്കായി സ്‌പോണ്‌സര്‍ ചെയ്യുന്നത്.............'   

2014 ജൂലൈ 4, വെള്ളിയാഴ്‌ച

അരഞ്ഞരഞ്ഞ്(കഥ)

രോഗമായി കിടന്നപ്പോഴാണ് സ്വന്തമായ സമയം വിഷാദച്ചിരിയുമായി അവരുടെ മുന്നില്‍ ഒതുങ്ങിയിരുന്നത്. കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു, സ്വന്തമായ ഇത്തിരി സമയത്തിന്..എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന്..ഇന്നിപ്പോ എഴുതാന്‍ വിറയ്ക്കുംകൈകള്‍ വഴങ്ങില്ല, തിരശ്ശീലകള്‍ വീണ കണ്ണുകള്‍ അനുവദിക്കില്ല..ചവച്ചു ചതച്ച് ചവറു പരുവമായപ്പോഴാണ് സ്വന്തമായ സമയം നീണ്ടു പരന്നു കിടക്കുന്നത്..

എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം? നീണ്ടിരുണ്ട നാട പോലെ നീങ്ങിപ്പോയ വര്‍ഷങ്ങള്‍..അതിനിടയില്‍ മൂന്നാലു കുഞ്ഞുങ്ങള്‍..ഭര്‍തൃശുശ്രൂഷ..തളര്‍ന്നു പോയ മകളുടെ പരിചരണം..അങ്ങനെയങ്ങനെ കൂലിയില്ലാജോലികളുടെ ചതുപ്പില്‍ മുങ്ങിക്കിടപ്പായിരുന്നു ആത്മാവും ശരീരവും..രാത്രി, പതിനൊന്നു മണിയെ ശ്വാസം മുട്ടി വലിഞ്ഞു തൊടുമ്പോള്‍ തന്നെ ഒരു ശത്രുവെന്നോണം ബന്ധനത്തിലാക്കുന്ന അടുക്കളയുടെ ചങ്ങലകളറുത്ത് അഗ്‌നിയുടെ പൊള്ളുംസ്പര്‍ശങ്ങളില്‍ നിന്നും വിടുതല്‍ നേടി മറ്റൊരു കനല്‍പ്രഭാതത്തിലേക്ക് കണ്ണടയ്ക്കും. പുകയുന്ന അടുപ്പുകള്‍, ആളിക്കത്തുന്ന തീ, ഉണങ്ങിയ വിറകുകള്‍ പഴങ്ങള്‍, പച്ചക്കറികള്‍ അങ്ങനെ ഒട്ടനവധി വിഷയങ്ങള്‍ മനസ്സിലൂടെ ഇടറി നീങ്ങും..വെന്തു തീരുന്ന സ്വന്തം ജീവിതം.. ആരും വരില്ല കൂട്ടിരിക്കാന്‍..കാത്തു കാത്തിരിക്കുന്ന മരണസത്രം ..മറ്റാരും വരില്ല കൂടെ, അതില്‍  പ്രവേശിക്കാന്‍.. ഒറ്റയ്ക്ക്, ഒരുപാട് ഒറ്റയ്ക്ക് പൂര്‍ത്തിയാക്കണം യാത്രയത്രയും..ഓരോന്ന് ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാവും ഭര്‍ത്താവിന്റെ ഈര്‍ഷ്യ

'ഇങ്ങനത്തെ മണ്ണു പോലുള്ള പെണ്ണുങ്ങളായാ ആണുങ്ങള്‍ വഴി തെറ്റാതിരിക്കോ? നിനക്കാകെ ഉറങ്ങണം..പെണ്ണായാ ആണിനെ കെട്ടിയിടാന്‍ കഴിയണം സ്വന്തം ശരീരം കൊണ്ട്..'

'ശരിയാണ് ,'ക്ഷീണിച്ച കണ്‍പോളകള്‍ പണിപ്പെട്ട് തുറന്ന് അവള്‍ മനസ്സിലുരുവിടും..ഇനീപ്പോ തുള വീണ ഈ സത്രവും തന്നെ കൈ വിട്ടാല്‍ പേമാരിയില്‍ എന്തു ചെയ്യുമാവോ? കൊടിയ വേനലില്‍ മേലാകെ പൊള്ളിത്തിണര്‍ക്കുമാവോ? യാതൊരു താല്‍പര്യവുമില്ലാതെ അയാള്‍ക്ക് വേണ്ടിയൊരു ഭക്ഷണപാത്രമാകുമ്പോള്‍ അവള്‍ പിന്നെയും ചിന്തിക്കുംഒരിക്കലും ഉത്തരം കിട്ടാത്ത ജീവിതമെന്ന പദപ്രശ്‌നത്തെപ്പറ്റി..

ഭാഗ്യം! മകള്‍ മരണപ്പെട്ടു..അവര്‍ സങ്കടക്കണ്ണുകള്‍ വലിച്ചടച്ചു..ദിനം തോറും അന്യരായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യര്‍ക്ക് വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം, സ്വപ്‌നങ്ങള്‍ എല്ലാം ഒരു ഉപ്പേരിക്കെന്നോണം കഷ്ണിച്ചത്..വ്യസനത്തിന്റെ തീമരത്തിനു ചുവട്ടിലിരിക്കാനാണ് ഈ കണ്ട വഴിയെല്ലാം അലഞ്ഞത്..

സ്വന്തമായ കുറച്ചു സമയം ഉണ്ടായിരുന്നെങ്കില്‍ എന്തിനെക്കുറിച്ചായിരുന്നു താനന്ന് എഴുതുക? വ്യര്‍ഥമായ ഒരു യാത്രയെക്കുറിച്ചോ? നഷ്ടമായ ബാല്യത്തെക്കുറിച്ചോ? സ്വപ്നപ്പൂക്കള്‍ വിരിഞ്ഞിരുന്ന യൌവനത്തെക്കുറിച്ചോ? കിടപ്പില്‍ നിന്നെണീക്കാതെ ഇരുപതു വയസ്സു വരെ തന്റെ തോളിലൊരു പെരുങ്കല്ലായി തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ? പരിഗണനയോടെ രണ്ടു വാക്കുച്ചരിക്കാന്‍ സമയവും സൌകര്യവുമില്ലാത്ത ആണ്‍മക്കളെക്കുറിച്ചോ? 'നിങ്ങടെ അമ്മേ നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കിക്കോ' എന്ന് ആക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ? ആവര്‍ത്തനവിരസതയുടെ ചവര്‍പ്പ് പതഞ്ഞൊഴുകുന്ന വിഷയങ്ങള്‍..കണ്ടെത്തണം..പുതുമ നിറഞ്ഞ മറ്റൊരു വിഷയം..

'ഏറ്റം കഠിനമായതും ഇതിനു ഈസി..ജീവിതം ആഘോഷമാക്കൂ..'മുമ്പൊരിക്കല്‍ കണ്ട മിക്‌സിപ്പരസ്യം പൊടുന്നനെ അവരുടെ മനസ്സിലേക്ക് ഊര്‍ന്നു വീണു..ഒരു സുന്ദരി കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഓണ്‍ ചെയ്യുമ്പോള്‍ ഒരു സംഗീതധ്വനിയോടെ മിക്‌സി വളരെ വേഗം അതെല്ലാം അരച്ച് തീര്‍ക്കുന്നതും..തന്റെ ലൊക്കട മിക്‌സി കൊടുത്ത് അതൊന്നു സ്വന്തമാക്കണം..ഒരു ഫാക്ടറിയുടെ ബഹളമാണ് തന്റെ മിക്‌സിക്ക്..ആരവത്തോടെയല്ലാതെ അതൊന്നും അരച്ചു എളുപ്പമാക്കില്ല..മഹാമല തലയില്‍ വീണാലും ചിരിക്കാനാവുക, കഠിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക, മിക്‌സിയില്‍ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്. എക്‌സ്‌ചേന്ജ് ഓഫറുണ്ടായിട്ടും പഴയത് മാറ്റാനോ പുതിയ സംഗീതം സ്വന്തമാക്കാനോ ഭര്‍ത്താവിന്റെ സമ്മതമുണ്ടായില്ല..

'എന്റെ അമ്മ അമ്മീലാ അരച്ചിരുന്നത്..എന്തായിരുന്നു ആ കറികളുടെ ഒരു സ്വാദ്..നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ..എന്താപ്പോ ഇവിടെ ഇത്ര വല്യ പണി?'

'ഹേയ്, ഒരു പണിയുമില്ല..'വെറുപ്പോടെ വാക്കുകളെ അയാളിലേക്ക് ചുരുട്ടിയെറിഞ്ഞ് മകളുടെ അടുത്തെത്തി..ഓ! ദുര്‍ഗന്ധം കൊണ്ട് ആരും അടുക്കില്ല..അപ്പിയിലും മൂത്രത്തിലും അവള്‍ വാടിയ താമരപ്പൂ പോലെ കിടക്കുന്നു..ഒരു നേരമെങ്കിലും ഇവളെ പരിചരിച്ചിരുന്നെങ്കില്‍ അയാളാ വിഷംചീറ്റുംവാക്കുകളാല്‍ ഇങ്ങനെ കൊത്തുമായിരുന്നോ? ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകള്‍ക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്..തന്റെ ത്യാഗങ്ങള്‍ വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലെറിയാനുള്ളതോ? ഗള്‍ഫില്‍ നിന്ന്  ആങ്ങളയെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ആ മിക്‌സി വാങ്ങിത്തരാനാണ്..തന്റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്റെ ഒരു നൂല്‍തുണ്ട് നീട്ടി അവന്‍ ചിരിച്ചു. 'അന്ന് നിന്റെയീ കല്യാണം നടത്തേണ്ടിയിരുന്നില്ല..എന്താ ചെയ്യാ? വിധിയെ ആര്‍ക്കാ തടുക്കാമ്പറ്റാ?'

ഏഴായിരം രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോള്‍  എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി..കുരുമുളകും മഞ്ഞളുമൊക്കെ പൊടിച്ചെടുക്കുമ്പോള്‍ തന്റെ ഉള്ളില്‍ എരിഞ്ഞു പുകയുന്ന അനേകം അസ്വസ്ഥതകളെയും  ജാറിലേക്ക് കുടഞ്ഞിട്ടു. ടാല്‍ക്കംപൌഡര്‍ പോലെ മിനുസപ്പെട്ട് അവ കുസൃതിയോടെ  ചിരിച്ചു.

അങ്ങനെ പത്തു കൊല്ലത്തോളം  സന്തതസഹചാരിയായിരുന്ന മിക്‌സിയാണ് മകളുടെ മരണത്തെത്തുടര്‍ന്ന് തകര്‍ന്നു തരിപ്പണമായത്.താനെത്ര സൂക്ഷ്മതയോടെ കൊണ്ടു നടന്നതായിരുന്നു..പൊട്ടിക്കിടക്കുന്ന,മഞ്ഞള്‍ പുരണ്ടു വൃത്തികേടായ അതിന്റെ അവയവങ്ങള്‍..തന്റെ ജീവിതവും ഒരു ചില്ലുപാത്രമായിരുന്നു, ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു..

പിന്നീടധികദിവസം  അമ്മിയില്‍ അരക്കേണ്ടി വന്നില്ല..ജോലിക്കു പോകുന്ന മരുമക്കള്‍ എന്നേ വേറെ ചേക്കേറിയിരുന്നു. ഒരു ചമ്മന്തിക്ക് അല്പം തേങ്ങ അരച്ചെടുക്കുമ്പോഴാണ് തല ചുറ്റാന്‍ തുടങ്ങിയത്.അതു വരെ നേരെ കണ്ട കാഴ്ചകളെല്ലാം കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു. പിന്നെ ആരോ തന്നെ നിലത്തേക്ക് മറിച്ചിട്ടു..
പുറത്തെങ്ങോ പോയി മടങ്ങിയ ഭര്‍ത്താവ് ഒരു ചായക്ക് ആവശ്യം വന്നപ്പോഴാണ് ഭാര്യയെ തിരഞ്ഞത്..വര്‍ക്ക്ഏരിയയില്‍ ചത്ത പോലെ കിടക്കുന്ന ആ പേക്കോലത്തെ അയാള്‍ എങ്ങനെയൊക്കെയോ കട്ടിലിലെത്തിച്ചു.

രോഗപ്പുതപ്പ് അങ്ങനെ  ആസകലം പൊതിഞ്ഞു..വസന്തം ഒരോര്‍മത്തെറ്റു പോലെ  പുളച്ചു നീന്തി..ഏതാണ് സത്യം? വിത്തിന്റെ മുള പൊട്ടലോ മരത്തിന്റെ പൂക്കാലമോ? പൂ കൊഴിയലോ? നരച്ച മുടിച്ചുരുള്‍ ചെറുകാറ്റില്‍ കണ്ണിനെയും  മൂക്കിനെയും ചൊറിഞ്ഞു..അരിച്ചു നടക്കുന്ന പേനുകള്‍ തലയിലെ ചോര കുടിച്ച് ചുണ്ടു തുടച്ചു..ശരീരം മറ്റേതൊക്കെയോ ജീവികളുടെ ആഹാരമാകാന്‍ തുടങ്ങുന്നു....

ഈ കഠിനകാലത്തെ ഏതു മിക്‌സിക്കാണ് അരച്ചു സംഗീതമാക്കാനാവുക?  ചരിഞ്ഞു കിടക്കാന്‍ ആഗ്രഹം തോന്നി ..ദേഹത്തിന്റെ ഭാഗമേയല്ലാത്തത് പോലെ ഇടതു വശം ഒരു മരക്കഷ്ണമായി..ഇനിയെന്തു ചെയ്യും? കണ്ണീര്‍ ബാക്കിയില്ലാത്ത കണ്ണുകള്‍ ചുട്ടു പൊള്ളി..കുമിയുന്ന ഇരുള്‍മേഘങ്ങള്‍ ഒരു വന്‍പേമാരിയെ ഗര്‍ഭം ധരിച്ച് വേദനയോടെ ഇഴഞ്ഞു നീങ്ങി......................           

2014 ജൂൺ 21, ശനിയാഴ്‌ച

പരിസ്ഥിതി ദിനം(കഥ)

'
"അപ്പോള്‍ കുട്ടികളേ, നമ്മുടെ നാട് പച്ച പിടിപ്പിച്ചെങ്കില്‍ മാത്രമേ ഈ എരിപൊരി ചൂടില്‍ നിന്നും രക്ഷയുള്ളൂ.ഈ പരിസ്ഥിതി ദിനത്തില്‍ അതിനായുള്ള മുദ്രാവാക്യം മുഴക്കാം നമുക്ക്..ചുരുട്ടിയ നമ്മുടെ കൈകള്‍ അതേ വീറോടെ മണ്ണിലേക്ക് താഴട്ടെ , പുതുനാമ്പുകള്‍ വച്ചു പിടിപ്പിക്കാനായി..'

ഒരു മഴ പെയ്തു തീര്‍ന്ന പോലെ ഹെഡ് മാസ്റ്ററുടെ പ്രസംഗം അവസാനിച്ചപ്പോള്‍ കുട്ടികള്‍ തുരുതുരാ കയ്യടിച്ചു, മറ്റൊരു ചന്നംചിന്നം മഴ..വെയിലിന്റെ ചുടുംശരങ്ങള്‍ക്കു കീഴെ കുട്ടികള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറോളമായി..എപ്പോഴാണീ പ്രസംഗങ്ങള്‍ ഒന്നു തീരുക..കിരണിന് വെയിലിലേക്ക് നോക്കി നോക്കി   കണ്ണു   വേദനിച്ചു..

'അസ്സംബ്ലി ഡിസ്‌പേഴ്‌സ്'- അലര്‍ച്ച പോലുള്ള  ആ വാക്കുകള്‍ കേട്ട് കിരണ്‍ ഞെട്ടിപ്പോയി..മറ്റെതൊക്കെയോ സാറന്മാര്‍ പ്രസംഗിച്ചതും ദേശീയഗാനം ചൊല്ലിയതും ഒന്നും അവന്‍ കേട്ടിരുന്നില്ല..അതാണ് കുഴപ്പം, അധികസമയവും  അവന്റെ മനസ്സ് ഔട്ട് ഓഫ് കവറേജ് ഏരിയയിലായിരിക്കും..അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ക്ലാസ്സില്‍ എഴുന്നേറ്റു നില്‍ക്കേണ്ടി വരും..

വൈകുന്നേരം മൂന്നരയോടെ ബെല്ലടിച്ചു. വരിയായി നീങ്ങുന്ന കുഞ്ഞിക്കരങ്ങളിലെല്ലാം ഓരോ തൈ..അതുമായി ബസ്സില്‍ കയറുമ്പോള്‍ തന്റെ വീട്ടിലിനി ഇതെവിടെ കുഴിച്ചിടുമെന്നാണ് അവന്‍ ആശങ്കപ്പെട്ടത്..വീടിനു മുന്നില്‍ ഉഗ്രനൊരു കോണ്ക്രീറ്റ് പൂന്തോട്ടമുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍..മാന്‍, കൊക്ക്, പാമ്പ് തുടങ്ങിയവയുടെ ശില്പങ്ങള്‍ ആ തോട്ടത്തിന് ഒരദ്ഭുതച്ഛായ നല്‍കി..

കിരണിന്റെ അച്ഛന്‍ കൃഷി ഓഫീസറാണ്. നാട്ടിലെവിടെയും കൃഷി നടക്കുന്നില്ലെങ്കിലും കൃഷിസംബന്ധമായ അനേകം വകുപ്പുകളും ഉപവകുപ്പുകളും എമ്പാടുമുണ്ട്..കൃഷി വകുപ്പ് ഒരു ചടങ്ങു പോലെ ഇടയ്ക്ക് വല്ല തെങ്ങിന്‍ തൈകളോ മാവിന്‍ തൈകളോ വിതരണം ചെയ്യും. വറവുചട്ടിയായിത്തീര്‍ന്ന ഭൌമതലം ഒന്നും മുളപ്പിക്കുന്നില്ലെന്നതാണ് പുതിയ പ്രശ്‌നം..ഉണങ്ങി മൊരിഞ്ഞ കുളങ്ങളും പുഴകളും മഴക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് കാലം കുറെയായി..ഏതോ ദൂരദിക്കില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് ഏക ആശ്വാസം.പണം കൊടുത്താലെന്ത്? കുടിവെള്ളമെങ്കിലും കിട്ടുമല്ലോ..

കിരണ്‍ കുഞ്ഞായിരിക്കുമ്പോള്‍ മുറ്റം നിറയെ മരങ്ങളും തോട്ടം നിറയെ ചെടികളുമായിരുന്നത്രെ..രണ്ടില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു അമ്മമ്മയെ പ്രായമായവരുടെ വീട്ടിലേക്ക് മാറ്റിയത്..മുത്തശ്ശിയുടെ ചൂണ്ടുവിരല്‍ നഷ്ടപ്പെട്ട അവന്‍ അലറിക്കരഞ്ഞു നോക്കി. ജലപാനമില്ലാതെ പ്രതിഷേധിച്ചു നോക്കി. കൊഞ്ചിച്ചു ശീലമില്ലാതിരുന്ന അച്ഛനമ്മമാരില്‍ നിന്നും നിറയെ അടി കിട്ടിയത് മിച്ചം..അമ്മമ്മ നട്ട മാവുകളും തെങ്ങുകളും അഭിമാനത്തോടെ അവര്‍ കാണിച്ചു തന്നിരുന്നു..

'മോനേ,' പുഞ്ചിരിച്ചു കൊണ്ട് അവര്‍ പറയും.

'ഒരു ജീവന്‍ പച്ച പിടിക്കണേല്‍ വെള്ളോം വളോം മാത്രം പോര..സ്‌നേഹം വേണം. നമ്മളെത്ര സ്‌നേഹിച്ചു വളര്‍ത്തുന്നോ അത്രേം മധുരിക്കും അതിന്റെ കാഫലം. ഈ നാട്ടുമാങ്ങ നീ തിന്നിട്ടില്ലല്ലോ, എന്താ മധുരം..എന്റമ്മ പാവം, അന്നൊക്കെ എന്തോരം കഷ്ടപ്പാടാര്‍ന്നു. പോരാത്തതിന് അച്ഛന്റെ കള്ളും കുടിച്ചോണ്ടുള്ള ഇടിയും..അതിന്റൊക്കെ എടേലും എന്റമ്മ എല്ലാവരെയും സ്‌നേഹിച്ചു. കുട്ട്യോള്‍ക്ക് കൊടുത്തതിന്റെ ബാക്കി ഈ മരങ്ങള്‍ക്കും ചെടികള്‍ക്കും കൊടുത്തു..അതോണ്ടെന്താ? എന്തു മധുരമുള്ള മാങ്ങകള്‍..എന്തു വാസനയുള്ള പൂക്കള്‍..'

അവന്‍ ആശ്ചര്യപ്പെട്ടു, എന്താണ് സ്‌നേഹം? എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന മത്സരിച്ചു മുന്നോട്ടോടാന്‍ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഈ അച്ഛനമ്മമാര്‍ക്കോ സ്‌നേഹം?

കൃഷി ഓഫീസറല്ലേ, ആള്‍ക്കാരെക്കൊണ്ടു പറയിക്കണ്ടല്ലോ..അമ്മമ്മ പോയതിനു ശേഷം ഉണങ്ങിപ്പോയ പൂന്തോട്ടത്തില്‍ അച്ഛന്‍ ചിലതൊക്കെ നട്ടു നോക്കി. ഒന്നു പോലും മുളക്കാതെ അച്ഛനെ നോക്കി പരിഹസിച്ചു..അമ്മമ്മയുടെ നാട്ടുമാവുകള്‍ ആദ്യം ഇല പൊഴിച്ചും പിന്നെ ശിഖരങ്ങളൊടിഞ്ഞും ജീവന്‍ വെടിയാനുമുണ്ടായില്ല താമസം..വെയിലിന്റെ അഗ്‌നിനാളങ്ങള്‍ വാതില്‍ തുറക്കുമ്പോഴേക്കും അകത്തേക്ക് കുതിക്കും. ഉള്ളിലെ എ സി ത്തണുപ്പിനെ ഞെരിച്ചു കൊല്ലും. കോണ്ക്രീറ്റ് പൂന്തോട്ടങ്ങളുടെ പരസ്യം പേപ്പറില്‍ കണ്ടാണ് അച്ഛന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തത്. പിറ്റേ ആഴ്ച തന്നെ അതിന്റെ പ്രതിനിധി വീട്ടിലെത്തി.

'ചൂട് കുറയൊന്നും ഇല്ലാലോ, അങ്ങനൊരു തോട്ടം ഉണ്ടായാലും?' അച്ഛന്‍ കൃഷി ഓഫീസറുടെ മട്ടു വിടാതെ ചോദിച്ചു.

'അതില്ല, പക്ഷെ അതൊരു സൈക്കോളജിക്കല്‍ ഇഫക്റ്റാണ്. പണ്ടൊക്കെ നമ്മുടെ അമ്മമാര്‍ പറയാറില്ലേ, മുള്ളെടുക്കുമ്പോ, പച്ചയിലേക്ക് നോക്ക്, പച്ചയിലേക്ക് നോക്ക് എന്ന്..ഇതും അതു തന്നെ, വല്ലാതെ ടെന്‍സ്ട് ആയ നമ്മുടെ ജീവിതച്ചുറ്റുപാടില്‍ ഇടക്കൊരു റിലീഫിനു ഈ തോട്ടത്തിലേക്ക് നോക്കിയിരിക്കാലോ..ഒരിക്കലും നിറം മങ്ങാത്ത പ്ലാസ്റ്റിക്ക് ചെടികളും പൂക്കളും കോണ്ക്രീറ്റ് മരങ്ങളും ..ഒറിജിനല്‍ അല്ലാന്നു തൊട്ടു നോക്കിയാല്‍ മാത്രേ മനസ്സിലാവൂ. ആരും തൊട്ടു നോക്കാതിരിക്കാന്‍ കുറച്ചുയരത്തിലേക്ക് മുള്‍വേലി കെട്ടാം , എന്താ?'

അത് അച്ഛന് ബോധിച്ചു. വീട്ടില്‍ വന്നവരൊക്കെ ആ ഉദ്യാനം കണ്ടു വിസ്മയിച്ചു. 'വെള്ളത്തിനു ഇങ്ങനെ ക്ഷാമമുള്ളപ്പോള്‍, ഈ പൊരിഞ്ഞ ചൂടില്‍ ഈ തോട്ടം എങ്ങനെ നിലനില്‍ക്കുന്നു?' വന്നവര്‍ വന്നവര്‍ ചോദിച്ചു.

നിഗൂഡം പുഞ്ചിരിച്ച് അച്ഛന്‍ പ്രതിവചിക്കും, 'ഓ ,ഞാനൊരു കൃഷി ഒഫീസറല്ലേ? പേരിനെങ്കിലും ഒരു പച്ചപ്പ് വീട്ടുമുറ്റത്ത് വേണ്ടേ? കിട്ടുന്ന റേഷന്‍ വെള്ളം പിശുക്കി ഉപയോഗിക്കും. ബാക്കി ചെടികള്‍ക്കും കൊടുക്കും. പണം മുടക്കിയാല്‍ വെള്ളം കുറച്ചൂടെ കിട്ടുമല്ലോ..'

'എന്തിനാ ആ വേലി? ഈ ചൂടില്‍ ഇടക്കവിടെ പോയി ഇരിക്കാലോ?' ഏതേലും വിരുതന്‍ ചോദിക്കും.

'ഓ, ഏതൊക്കെയോ പിള്ളാര് ഇതിലെ തെണ്ടി നടക്കണണ്ട്. രാവിലത്തെ തിരക്കില്‍ ഗെയ്റ്റ് പൂട്ടാന്‍ മറന്നാല്‍ മതി എന്റെ തോട്ടം നശിക്കാന്‍..'

അച്ഛന്‍ മനോഹരനുണകളിലൂടെ എത്ര പേരെയാണ് വിഡ്ഢികളാക്കുന്നതെന്ന് അവനതിശയിച്ചു.

വീട്ടിലെത്തിയതും യുണിഫോം പോലും മാറാതെ അവന്‍ തൈ വെക്കാന്‍ സ്ഥലം തിരഞ്ഞു നടന്നു. അമ്മമ്മയുടെ നാട്ടുമാവ് ഉണങ്ങി വീണ സ്ഥലത്ത് അവന്‍ കുഴിക്കാന്‍ തുടങ്ങി. മധുരമുള്ള മരത്തിന്റെ ഓര്‍മകള്‍ ഈര്‍പ്പമായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നു. അവനു സന്തോഷം തോന്നി, ഇവിടെ ഏതായാലും തന്റെ തൈ പച്ച പിടിക്കും. വാത്സല്യവും സ്‌നേഹവും കൂട്ടിക്കുഴച്ച് അവന്‍ തടം തീര്‍ത്തു, അലിവിന്റെ തീര്‍ത്ഥം ധാര ധാരയായി ഒഴിച്ചു. തൈ തലയിളക്കി ചിരിച്ചു, അവനെ ഉമ്മ വെക്കാന്‍ ഇലകള്‍ ചലിപ്പിച്ചു..ഒരു നിമിഷം കൂടി അതിനെ നോക്കി പിന്തിരിഞ്ഞപ്പോള്‍ കണ്ണില്‍ കനല്‍പൊടികളുമായി അമ്മ..

'സ്‌കൂള്‍ വിട്ടു വന്നതും എന്താ മണ്ണിലൊരു കസര്‍ത്ത്? ആ യുണിഫോം മുഴുവന്‍ ചളിയായില്ലേ? ട്യുഷന് പോവാനുള്ളത് മറന്നോ?'

അമ്മയുടെ തടിച്ച കൈ അവന്റെ ദുര്‍ബലദേഹത്തെ നുള്ളി നോവിച്ചു. 'അവന്റൊരു തയ്യും മരവും' ഒരൊറ്റ നിമിഷം കൊണ്ട് അവരാ കുഞ്ഞുപച്ചപ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞു.

'അമ്മേ,' പൊട്ടിയ കരച്ചില്‍ പണിപ്പെട്ടൊതുക്കി അവന്‍ വിക്കി 'സ്‌കൂളീന്ന് തന്നതാ, ഡയറിയില്‍ എഴുതാനുള്ളതാ...'

'എന്തോന്ന്? ഇല വരുന്നതോ? മൊട്ടിടുന്നതോ? അതിനു നീ അങ്ങേരെപ്പോലെ കൃഷി ഓഫീസറാകാന്‍ പോവാണോ? അതിനും ഈ കഷ്ടപ്പാടുകള്‍ വേണ്ട, ആ തോട്ടം പോലൊന്ന് മതി. അല്ലെങ്കിത്തന്നെ മണ്ണീ കെളക്കാനാണോ നിന്നെ സ്‌കൂളില്‍ വിടുന്നത്? എത്ര ബോര്‍ഡിങ്ങില്‍ ചേര്‍ത്തതാ, ഒരക്ഷരം ശ്രദ്ധിച്ചു പഠിക്കില്ല. ഭാരം കുറഞ്ഞോട്ടേന്നു കരുതിയാ സ്‌റ്റേറ്റ് സിലബസിലോട്ടു മാറ്റിയത്.. അപ്പൊ കെളക്കലും കൊത്തലും..ഹും..നിന്റെ അങ്കിള്‍ നിനക്ക് സെന്റ് തെരേസാസില്‍ സീറ്റ് ശരിയാക്കിയിട്ടുണ്ട്. ഏത് ആബ്‌സെന്റ് മൈന്‍ഡ് ഉള്ളോരും അവിടെത്ത്യാ ശര്യാവും. അത്രയാ ശിക്ഷകള്‍..ഡോക്ടര്‍ ആവണേല്‍ ഡൊനേഷന്‍ കൊറെ പൊടിക്കേണ്ടി വരും. സാരല്യ...വല്ല തവളേം കീറിപ്പഠിച്ചോ..അതാ ഇതിലേറെ ഉപകാരം..'

അവനൊന്നും മിണ്ടിയില്ല, ഊക്കില്‍ വലിച്ചെറിയപ്പെട്ട ആ കുഞ്ഞുപച്ചപ്പു പോലെ തന്റെ സന്തോഷങ്ങള്‍ക്കും ആയുസ്സില്ല. അമ്മമ്മയെ സ്വപ്നം കണ്ടെങ്കില്‍..പച്ചയുടെ തീരാത്ത തണല്‍കുടകള്‍ക്ക് കീഴെ പഴങ്കഥകള്‍ പറയുന്ന അമ്മമ്മ..നിലാവ് പെയ്തിറങ്ങണം, മഞ്ഞ് ദൂരേന്നു പുകയായി പരക്കണം..നക്ഷത്രങ്ങളുടെ ചില്ലുപൂക്കള്‍ ആകാശം നിറയെ വേണം..ഹാ..അവനാ ദൃശ്യത്തിന്റെ കുളിര്‍മ ഓരോ രോമകൂപത്തിലും അനുഭവിച്ചു..

സന്ധ്യയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കു താഴെ കൃത്രിമോദ്യാനം ഒന്നൂടെ ചന്തമാര്‍ന്നതായി..നോക്കിനോക്കിയിരിക്കെ ആ പച്ചപ്പെല്ലാം പൊഴിഞ്ഞു പോയെന്നും കമ്പിയസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നില്‍പ്പുണ്ടെന്നും അവനു തോന്നി. പ്ലാസ്റ്റിക് പൂക്കള്‍ തിളക്കമറ്റ് അരണ്ട പോലെ..അവനു കണ്ണു വേദനിച്ചു..കണ്ണീര്‍ കട്ടിക്കണ്ണടയെ ഉഴിഞ്ഞ് അവന്റെ കാഴ്ചയെ ഒരു നിമിഷത്തേക്ക് പുകയിലേക്ക് തള്ളിയിട്ടു.
'കിരണ്‍, കിരണ്‍..ഈ ചെറുക്കന്‍ ട്യുഷന് പോകുന്നില്ലേ?' അമ്മയുടെ തൊണ്ട കീറല്‍ വിദൂരത്തെവിടെയോ മുഴങ്ങി. വീടിന്റെ കോണ്ക്രീറ്റ് ചുവരുകള്‍ അവനെ ഞെരിച്ചു, അതിന്റെ ഭീമന്‍ കൈകളില്‍ അവന്‍ വെറുമൊരു ചേരട്ടയായി ചുരുണ്ടു ..........................           

2014 ജൂൺ 14, ശനിയാഴ്‌ച

കുത്തനെയുള്ള വഴി (കഥ)


'കയ്ജൂന്റെ അമ്മായിമ്മാക്ക് തീരെ വയ്യ, ഇജ് വെര്‌ണോ?'

സൈനാത്ത ഉറക്കെ വിളിച്ചു ചോദിച്ചു. അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങിപ്പുറപ്പെട്ടു.

'നല്ലോണം കര്തിക്കോ, അത്തള്ള ഒരു ബീയ്ച്ച ബീണതാ'

വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.

'കാലത്തിന്റെ ഒരു പോക്ക്, ഇന്റെ ചെര്‍പ്പത്തിലൊന്നും ഈ സുഗറൂല്ല, പ്രെസറൂല്ല. പണ്ടത്തെ കവിളരസല്ലേ ഇപ്പറയണ ക്യാന്‍സറ്..ബല്ലാത്തൊരു കാലം..അയ്‌നെങ്ങനെ?  ബെസല്ലേ ബെയ്ച്ച്ണ്? പണ്ടത്തെപ്പോലെ നാല് കുരു നന്ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?'

'ആര്‍ക്കാപ്പം നേരം സൈനാത്താ? തെരക്കന്നല്ലേ എല്ലാര്‍ക്കും?'

'അന്ക്കത് പറയാ. ഇന്റെ ബീട്ടിലൊക്കെ എന്താപ്പം ഇത്തര പണി? രാവില്‍ത്തെ വെപ്പ് കയ്ഞ്ഞാപ്പിന്നെ അപ്പെമ്പറന്നോക്ക് മാള്യെപ്പൊറത്തു ടി വി കാണല്ലാണ്ട് എന്താ ഒര് ശൊഗല്? ഇന്നാലും ഓക്ക് ബടെ നിക്കാന്‍ വെയ്യ. വയസ്സ്‌കാലത്ത് ഇന്‌ക്കൊരിത്തിരി ചായന്റെള്ളം ണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം. അയിന്റെടേല് ഇന്റെ റൂഹ് പോയിക്കിട്ട്യാ ഓക്ക് സൊഖായല്ലോ..പള്ള്യാളീലൊക്കെ എത്തറ കൈപ്പീം വെള്ളരീം കുയ്ച്ചിട്ടീനി ഞാനും അന്റെമ്മീം...'

കൈജാത്താന്റെ വീടെത്തിയിട്ടും സൈനാത്ത വര്‍ത്താനം നിര്‍ത്തണ മട്ടില്ല.

'എന്താപ്പം ഓളൊരു പത്രാസ്? ഓലപ്പെരേന്നാ ബര്‌ണത് ന്നൊരു  ബിജാരംണ്ടോ?ഓളെ പെരന്റെ അവ്ത്ത് നാല് കക്കൂസ്ണ്ട്, രണ്ട് ഫ്രിഡ്ജ്ണ്ട്, എട്ട് ഫാന്ണ്ട്, ഈ ബര്‍ത്താനേള്ളൂ..പണ്ട് കയ്ഞ്ഞതൊക്കെ എത്തറ എള്‍പ്പം മറന്ന് ഓള്..'

കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.

'ആ, ബന്നോളീ, ഉമ്മ ദാ അവ്ത്ത്ണ്ട്..'

അവര്‍ വലിയ മൈന്‍ഡില്ലാതെ അടുക്കളയിലേക്കു പോയി. സൈനാത്ത പിന്നേം മുറുമുറുത്തു.

'കണ്ടോ ഓളെ പത്രാസ്?'

'ഇങ്ങള് മുണ്ടാണ്ടിരി..'ഞാന്‍ സൈനാത്താന്റെ കൈ ശാസനയോടെ അമര്‍ത്തി.ഒരു പൊട്ടു ചളി പോലുമില്ലാതെ മാര്‍ബിള്‍ തറ തിളങ്ങി, അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍ നിറഞ്ഞു കിടക്കുന്നു. പണ്ടേ നല്ല തടിച്ചിയാണല്ലോ..

'ഒരു ഭാഗം മുയ്മനും കൊയഞ്ഞിക്ക്ണ്..'

കൈജാത്ത മഞ്ഞസര്‍ബത്ത് നീട്ടിക്കൊണ്ട് തുടര്‍ന്നു

'തീട്ടൂം മൂത്രൂം ഒക്കെ കെടക്കുണോടത്തന്നെ. ഞാനായതോണ്ട് തരക്കേടില്ല. ന്റെ മരോള് ന്നെങ്ങനെ നോക്കൂന്ന്  ഇന്‍ക്ക് തോന്നണില്ല..'

അവര്‍ കുതിര്‍ത്ത റെസ്‌ക്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി..കട്ടന്‍ചായ കൂടെയൊഴിച്ചപ്പോള്‍ അവര്‍ക്ക് തരിപ്പില്‍ കേറി ചുമക്കാന്‍ തുടങ്ങി..

'ഞ്ഞിപ്പം കൊറെ നേരത്ത്‌നു കൊരന്നാവും..ചെറ്യേ പൈതങ്ങളെക്കാളും കസ്ടാ..ണീപ്പിച്ചിര്ത്ത്യാ കവ്ത്ത് ഒറക്കാത്ത കുട്ട്യോളെപ്പോലെ തല ഒടിഞ്ഞു തൂങ്ങും. ഒരാക്കൊന്നും പോന്തൂല, ഞമ്മള് തിന്ന് തട്ച്ചാ വേറെള്ളോല്‍ക്കാ അദാബ്..'

നിസ്സഹായതയുടെ ഈ കാലത്തിന് ഒരു കളിപ്പാട്ടത്തിന്റെ വില പോലുമില്ല..പൊന്നു പോലെ കൊണ്ടു നടന്ന ദേഹം, കാത്തു കാത്തു വെച്ച ജീവന്‍ എല്ലാം ഓട്ടക്കാലണകളായി മാറുന്നു..ഒരു കൊല്ലം മുമ്പും അവര്‍ അസുഖമായി കിടന്നിരുന്നു..അന്ന് മരിക്കുമെന്ന് സമാധാനിച്ച് കൈജാത്ത മരണാവശ്യത്തിനു കുറെ പരുത്തിത്തുണി അന്വേഷിച്ചു വന്നിരുന്നു വീട്ടില്‍..അവര്‍ പിന്നെയും ആവലാതിപ്പെട്ടു

'  ജീവന്‍ പോക്കാന്‍ വെയ്യല്ലോ..വല്ല മര്ന്നും കൊട്ത്താ തീര്‍ന്നോളുംന്ന് ചിലര് പറയണണ്ട്..എത്തറ കാലാ ഞ്ഞൂം?'

സൈനാത്ത അവരെ രൂക്ഷമായി നോക്കി..

'ബലാലേ, ഇജും ഈ കട്ടില്മ്ക്ക്ള്ളതാ..എത്തറ കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്റെ തടിയന്‍മാപ്പളനെ ചെര്‍പ്പത്തില് പോറ്റിയത്ന്ന് അനക്ക് വല്ല ഇല്‍മൂണ്ടോ? ഇപ്പം വല്ല്യ വെണ്മാടം കിട്ട്യപ്പം ..ഇജ് ഇന്നെക്കൊണ്ടൊന്നും പറീക്കണ്ട..

ബാ പെണ്ണേ, ഓള് ആയ്‌നെ കൊല്ലണത് കാണണേയ്ന്റെ മുമ്പ് പോകാ ഞമ്മക്ക്..'
വരാന്തയില്‍ എട്ടു മാസം പ്രായമുള്ള അവരുടെ പേരമകന്‍ ചിരിച്ചുകളിക്കുന്നു. അരികെ കൊഞ്ചിച്ചു കൊണ്ട് കൈജാത്താന്റെ മരുമകള്‍..നിസ്സഹായതയുടെ ഈ കാലത്തിന് പക്ഷെ കൂടുതല്‍ പച്ചപ്പുണ്ട്..വാര്‍ധകം മാത്രം ഇങ്ങനെ ഉണങ്ങി മൊരിഞ്ഞതായത് എന്താണെന്റെ പടച്ചോനേ..

കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ടിരുന്നു സൈനാത്ത. മനസ്സാകട്ടെ മുമ്പെന്നോ കണ്ടൊരു ചിത്രത്തില്‍ ഉടക്കിക്കിടന്നു. അനേകം മുഴകളാല്‍ വികൃതമായ പാതിമുഖം..പുഞ്ചിരിയുടെ പാല്‍വെളിച്ചം തൂകുന്ന മറുഭാഗം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു, മറുഭാഗത്തൂടെ നോക്കുമ്പോള്‍ അയാള്‍ കരയുന്നു..
'ഞാന്‍ തന്നെയാണ് ജീവിതം..'അയാളെന്റെ മനസ്സിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.......

ശൊഗല്‍ ജോലി .
ഇല്‍മ് –അറിവ്.
അദാബ് –ശിക്ഷ.
റൂഹ് –ജീവന്‍ .