Pages

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

വിറക് (കവിത)


നീയൊരു കാട്ടുമരം,കാടിന്‍റെ വന്യതയില്‍ വടങ്ങള്‍ വിരിച്ച് ആരെയും കൂസാതെ

ആരോടും ഇമ്പമില്ലാതെ കാടിന്‍റെ സ്വച്ഛതയില്‍ നീ നിന്‍റെ കൊമ്പുകള്‍ ഉലയ്ക്കുന്നു

ഞാനോ നിന്നില്‍ നിന്നെത്രയോ ദൂരെ, നിന്‍റെ പൂക്കളുടെ സൌരഭ്യത്താല്‍ മാത്രം

നിന്നെ ധ്യാനിക്കാന്‍ തുടങ്ങിയവള്‍...നിന്‍റെ ചുറ്റുമുള്ള പച്ചപ്പില്‍ മോഹിതയായവള്‍

എന്‍റെ മരുപ്പറമ്പാകെ നിന്‍റെ പുഞ്ചിരിയാല്‍ നിലാവ് പരത്താനാശിച്ചവള്‍.......

ചാഞ്ഞു നോക്കി, വള്ളികളും കൊമ്പുകളും പൊട്ടിയതു മിച്ചം

ഒരില പോലും നിന്‍റെ അടുത്തെത്തിയില്ല, എല്ലാം മരുക്കാറ്റ് അടിച്ചു പറത്തി..

കൊമ്പും ചുള്ളിയും ഇളക്കി എന്‍റെ ശിഖരങ്ങള്‍ എന്‍റെ ആശകളെ പരിഹസിച്ചു

ഒടുക്കം, നിന്‍റെ നിതാന്തനിസ്സംഗതയില്‍ ഞാനെന്‍റെ മരുവിലേക്ക് തന്നെ തിരിച്ചെത്തി

എന്‍റെ ഏകാന്തതയുടെ കമ്പിളിപ്പുതപ്പില്‍ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തി

നിന്‍റെ പരിഹാസച്ചിരി എന്നെ സലാഡായി കഷ്ണിച്ചു അഗ്നിയില്‍ വേവിച്ചു..

ദൂരെ എവിടുന്നോ വരുന്നുണ്ട് മരംമുറിക്കാരുടെ ആരവം, പൊട്ടിച്ചിരി ..

അവര്‍ക്ക് ചെറുമരങ്ങള്‍ മതി വിറകാക്കാന്‍,

കാതല്‍ മാത്രമായ നിന്നെ മുറിക്കാനാവില്ല ആര്‍ക്കും, ഒരായുധത്തിനും..

എന്നും തീയും വെയിലും മാത്രം കൂട്ടായവള്‍ക്ക് ഏറ്റവും അര്‍ഹമായ അന്തിമവിധി

വിറകായി,സ്നേഹശൂന്യതയുടെചിതയില്‍ഞാനെരിയും,സ്ഫോടനശബ്ദത്തോടെചിതറും

അപ്പഴും നിന്‍റെ കൈവിരല്‍ത്തുമ്പിനായി മാത്രം ആശിച്ചുകൊണ്ടിരിക്കും..................







2013 ഓഗസ്റ്റ് 31, ശനിയാഴ്‌ച

മാന്ത്രികന്‍ (കവിത)

ദുഃഖത്തിന്റെ ഭീമന്‍ തേരുകള്‍ ഉള്ളിലെപ്പോഴും ഉരുണ്ടു

അതിന്റെ പല്‍ച്ചക്രങ്ങള്‍ ഹൃദയത്തിന്റെ ഓരോ അണുവിലും മുറിവേല്‍പ്പിച്ചു

വസന്തം എന്നേ കടന്നു പോയെങ്കിലും,

ഗ്രീഷ്മത്തിന്റെവരണ്ടകാറ്റ്ചൂളമിട്ടെങ്കിലും

ശിഖകളെല്ലാം ഇലപ്പച്ച നഷ്ടപ്പെട്ട് ചുള്ളികള്‍ നീട്ടി വിരൂപമായെങ്കിലും

ഒരിളംകാറ്റിനെ എപ്പോഴും പ്രതീക്ഷിച്ചു

തഴുകിക്കടന്നുപോകുന്ന മന്ദമാരുതന്‍...

കാതില്‍ കിന്നാരം ചൊല്ലി, ചുണ്ടില്‍ അരുമയായ് മുത്തി

പക്ഷെ, കൊടുങ്കാറ്റുകള്‍ മാത്രം തരുവിനു കൂട്ട്

എന്നിട്ടും അടിപതറാതെ പിടിച്ചുനിന്നു ഒരായിരം തവണ..

ഇപ്പോള്‍ തോന്നുന്നു എന്തായിരുന്നു കാര്യം

ഈ അനാഥനില്‍പ്പിന് അനന്തമായ കാത്തിരിപ്പിന്

ശൂന്യതയുടെ പെരുംകൊട്ടയായ് അടികീറിക്കിടക്കുന്നു മനസ്സ്

മടങ്ങണ്ടേ?മടുപ്പിന്റെ ഈ മഹാശൈലത്തില്‍ നിന്നിറങ്ങണ്ടേ?

എന്തിനായിരുന്നു ഈ അസംബന്ധയാത്ര? ഇത്രേം സന്നാഹം?

വെറുതെയായ മോഹങ്ങളുടെ ശവക്കച്ചയുമായി

കാത്തിരിപ്പാണ് ഒരേയൊരു അതിഥിയെ

എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നുപോലും പറയാത്ത ആ മഹാവിരുതനെ

  

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

മുത്ത്‌ (കവിത )



എന്റെ ആഹ്ലാദത്തിന്റെ ചെപ്പുകള്‍ നിന്റെ കയ്യിലായിരുന്നു

എത്ര കാലമായ് ഞാനത് തിരയുന്നു ..

ഇപ്പോള്‍, എപ്പഴേലും നിന്റെ സ്വരം ചിലമ്പുമണികളായി

ഉള്ളിലേക്കുതിരുമ്പോള്‍ എതരയാണാഹ്ലാദം

ഒന്നും ഒരിക്കലും സ്വന്തമല്ലാത്തവള്‍ക്ക് ഈ ചപലതകള്‍ മാത്രം തുണ

എന്തേ ഈ ആത്മാവിനെ പുല്‍കാന്‍ നിന്റേതുപോലൊരു പ്രകാശം

ഈ ചെപ്പിലേക്ക് വന്നില്ല?

വേദനാജനകമായ മുത്തിന്റെ രൂപപ്പെടലില്‍ പങ്കാളിയായില്ല?

പാവം മുത്ത്! മണല്‍ത്തരികളുടെ അസ്വാരസ്യത്തിലും

അന്യജീവികളുടെ കടന്നുകയറ്റത്തിലും

നഷ്ടപ്പെട്ട സ്വപ്‌നങ്ങളൊന്നാകെ ഉരുട്ടിയുരുട്ടി രൂപം പ്രാപിച്ചത്...

എന്നിട്ടും ഒറിജിനലല്ലെന്ന്! ഹോ! തീയെരിക്കും വേദനകള്‍ മാത്രം സത്യം

ആര്‍ക്കും വേണ്ടയീ കീറിപ്പറിഞ്ഞ കുപ്പായം..

.ചുരുട്ടിയെറിഞ്ഞു  വീണ്ടും കുപ്പക്കുഴിയിലേക്ക്

അവിടെക്കിടന്നും തിളങ്ങുന്നു ഉള്ളിലെ മുത്ത്...

ആത്മാവേ, ഈ പഞ്ജരവും ഉടയും, ഈ ലോകവും മായും..

വീണ്ടും നിന്റെ യാത്രകള്‍ എവിടേക്ക്?എന്തിന്? ആര്‍ക്കറിയാം?   

2013 ഓഗസ്റ്റ് 18, ഞായറാഴ്‌ച

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ................കഥ


പാലക്കാട്‌:വഴിയോരത്ത് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന അബൂക്കയാണ് ഇപ്പോള്‍ തെരുവിന്‍റെ രാജാവ്‌.തെരുവുകച്ചവടം ഇദ്ദേഹത്തിനു നല്‍കിയത് നഗരത്തിന്‍റെ ഹൃദയഭാഗത്ത് രണ്ടു ഷോറൂമുകള്‍ വീടിന്‍റെ ഇന്റീരിയര്‍ ഭംഗിക്ക് ആന്റിക്പീസുകള്‍ തേടുന്നവര്‍ ഈ രണ്ടു മാളുകളിലും തിക്കിത്തിരക്കുന്നു .ഓട്ടുകിണ്ടി മുതല്‍ ആട്ടുകളല്‍ വരെ വിപണിയില്‍ അമൂല്യ വസ്തുക്കളാണ് .വിവിധരാജ്യങ്ങളില്‍ പല കാലത്തായി ഉണ്ടായിരുന്ന പലതരംഅലങ്കാരങ്ങളും പുതപ്പുകളും പരവതാനികളും നിങ്ങള്‍ക്കിവിടെ കാണാം.ഗ്രാമഫോണ്‍, ആമാട പ്പെട്ടി,വെറ്റിലച്ചെല്ലം,വിളക്കുകള്‍,ഘടികാരം,ടോര്‍ച്ച്,ഉരുളി,ചീനഭരണി,ഇങ്ങനെ എന്തും അബൂക്ക വിലകൊടുത്തു വാങ്ങുന്നു.പഴയ തരം കട്ടില്‍ ,മേശ മുഖപ്പ്,കൈവരി ,വാക്കിംഗ്സ്റ്റിക്ക് എന്നിവക്കെല്ലാം നല്ല ഡിമാണ്ടാണ്.പഴയ വീടുകള്‍ വാതിലുകള്‍ക്കും ജനലുകള്‍ക്കും മാത്രമായി പൊളിച്ചു വാങ്ങുന്നുണ്ട് അബൂക്ക.

വാര്‍ത്ത വായിച്ചു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു.പഴയ പിച്ചളക്കോളാമ്പി സല്‍മ ഫ്ലവര്‍വേസാക്കിക്കഴിഞ്ഞു.വെറ്റിലച്ചെല്ലം,കിണ്ടി ,കിണ്ണങ്ങള്‍ തുടങ്ങിയവ വീട് നന്നാക്കിയപ്പോള്‍ അവള്‍ എന്തു ചെയ്താവോ.ഉമ്മാക്ക് തറവാട്ടില്‍ നിന്നു കിട്ടിയ കുടുംബസ്വത്താണ്.എല്ലാം ഒന്നു ഒരുക്കൂട്ടാന്‍ പറയണം.നല്ല വില കിട്ടുമെങ്കില്‍ എന്തിനു ഇവിടെ പൊടി പിടിക്കാനിടണം.

“ഹാവൂ ,ഇന്‍റെ റബ്ബേ!ഇന്ക്കിനി സഹിക്കാന്‍ വയ്യാലോ ഈ വേദന.ഈ അദാബ്ന്ന് ഒന്ന്ന്നെ കര കേറ്റ് റബ്ബേ!”

ശല്യം!പതംപറച്ചിലും പയ്യാരോം പിന്നേം തൊടങ്ങി.ഉമ്മറത്തേക്ക് ഒച്ച കേട്ടിട്ടാണ് സല്‍മ ഉമ്മയെ അടുക്കളയുടെ അടുത്ത റൂമിലേക്ക്‌ മാറ്റിയത്.അസുഖം പിടിച്ചാ പിന്നെ പുറത്തറിയാന്‍ പറ്റാത്ത മാനക്കേടാണ് എല്ലാരും.മഹാമാരികളാണേല്‍ പിന്നെ പറയേം വേണ്ട.ആദ്യമൊക്കെ പൊറുതികേട്‌ തന്നായിരുന്നു,ഉമ്മാനെ അവള് പ്രാകുന്നത് കേക്കുമ്പോ.ആയ കാലത്ത് ഉമ്മേം കൊറെ പോര് കുത്തിയതാണല്ലോയെന്നു പിന്നെ സമാധാനിക്കും.

അബൂക്കാന്റെ കടയില്‍ എല്ലാ പഴേ സാധനങ്ങളും എടുക്കുണുണ്ടോ എന്തോ!ഗുഡ്സ് വണ്ടിയില്‍ കിണ്ണത്തിന്റെയും കിണ്ടിയുടെയും നുരുമ്പിയ ഒച്ചകള്‍ക്കിടയില്‍ ഉമ്മ ചുരുണ്ടുകിടക്കുന്ന ചിത്രം മനസ്സിലേക്ക് ഊര്‍ന്നു വീണപ്പോള്‍ അയാള്‍ തന്നെ ഞെട്ടിപ്പോയി.പിന്നെ നെടുവീര്‍പ്പോടെ പിറുപിറുത്തു:”അങ്ങനെച്ചാനന്നെയ്നി.പഴേതാവുമ്പോ മന്ഷനും വല്ല വെലിം കിട്ടീര്‍ന്നെങ്കി ...............................



2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ദയാവധം

ദയാവധം....................കഥ


ലോകത്തിലെ ഏറ്റവും വലിയ നന്മയായിരുന്നു അത്.എന്നിട്ടും കയ്യാമമാണവരെ സ്വീകരിച്ചത്.പരിഹാസനോട്ടങ്ങളാണ് പകരം കിട്ടിയത്.ഈ ആള്‍ക്കൂട്ടമൊന്നും മൂന്നാലു കൊല്ലമായി അവരുടെ കൂടെ ഉണ്ടായിരുന്നില്ല.വലിയൊരു വീട്ടില്‍ ഒരു തടവുകാരിയെപ്പോലെ ജീവിക്കുന്ന ശുശ്രൂഷക.മുകളില്‍ അവരും ചലനമറ്റ മകളും മാത്രം.ഉറക്കമില്ലാത്ത രാത്രികളില്‍ ഏകാന്തതയുടെ ഭീമന്‍കൈകള്‍ പുറത്തെ നിലാത്തുള്ളികള്‍ വലിച്ചുകുടിച്ച്ചുമരില്‍ നിഴല്‍ചിത്രങ്ങള്‍ വരക്കും.ഓരോ രൂപവും വരാന്‍ പോകുന്ന ഇനിയും കഠിനമായ കാലങ്ങളിലേക്ക് മാത്രം ചൂണ്ടലിടും.കുടുങ്ങുന്നതെല്ലാം ദുഃഖത്തിന്‍റെ കൂറ്റന്‍സ്രാവുകള്‍...താങ്ങാനൊട്ടുമേ ശേഷിയില്ലാത്ത ചൂണ്ടല്‍ക്കയറുകള്‍..

അവര്‍ കൈകള്‍ മണത്തു നോക്കി.ഡെറ്റോളും സോപ്പുമൊന്നും പറ്റിപ്പിടിച്ച ദുര്‍ഗന്ധത്തെ മായ്ച്ചുകളയില്ല.മൂന്നാലു കൊല്ലങ്ങള്‍..മലവും മൂത്രവും കോരി..അപ്പിത്തുണികള്‍ തിരുമ്മി..എന്നിട്ടും മരുമകള്‍ പ്രാകിക്കൊണ്ടിരുന്നു-“മുറ്റം വരേണ്ട് നാറ്റം.ഒരാള് ഇങ്ങട്ട് വരോ ഇങ്ങനായാ..”അമ്മായിയമ്മ മരുമകളെയല്ല തിരിച്ചാണ് ഭരണം..ഈ റൂം ഞാന്‍ തന്നെ വൃത്തിയാക്കണം.പ്ലെയ്റ്റും ഗ്ലാസ്സും ഒക്കെ പ്രത്യേകമാണ്.കൈക്കുഞ്ഞിനെ പരിചരിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട്-അതിന്‍റെ വിടരല്‍,മനോഹരപുഷ്പമാകല്‍..അതാണ്‌ ഒരമ്മയെ അറപ്പും വെറുപ്പും ഇല്ലാത്തവളാക്കുന്നത്.ഇത് പക്ഷേ-ഇനിയൊരു ചലനം അസാധ്യം..ചൈതന്യം നിറഞ്ഞ ലോകത്തിന്‍റെ സുന്ദരമുഖത്തേക്കാണ് ആ തുറിച്ചുനോട്ടം.പല്ലേതുനേരവും വെളിക്കു കാട്ടി,തല മൊട്ടയടിച്ച് ആകെ വികൃതരൂപമായി..ചലനമില്ലായ്മ ആദ്യം മണത്തറിയുക പേനുകളാണ്.മുടിയേക്കാള്‍ പെരുകുന്ന പേനുകള്‍..അതാണ്‌ മൊട്ടയടിച്ചത്.കാണുന്നവരൊന്നും ആ തുറിച്ചുനോട്ടം ഒന്നുകൂടി നേരിടില്ല.കൈകള്‍ വിറങ്ങലിച്ച് വിറകുകൊള്ളികളായി മടങ്ങിത്തിരിഞ്ഞു കിടക്കുന്നു.എന്നിട്ടും ശരീരത്തിന്‍റെ ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് ഇടയ്ക്കിടെ ഒരു ദീനവിലാപം..തുടങ്ങിയാല്‍ അതിനു അവസാനമില്ലേയെന്നു തോന്നും.

ചെറിയൊരു മന്ദത..അതേ ഉണ്ടായിരുന്നുള്ളൂ.വെറുതെ ചിരിച്ചോണ്ടിരിക്കും.ചീത്ത കേട്ടാലും തല്ലിയാലും ആളെ കളിയാക്കുന്ന അതേ ചിരി തന്നെ.അരിശം മൂത്ത് നല്ലോണം വേദനിപ്പിച്ചാലും ചിരി തന്നെയാവും.എന്നാലും കണ്ണുകള്‍ കരയുന്നുണ്ടാവും.അതു കാണുമ്പോള്‍ മനസ്സൊരു ശ്മശാനമാകും.ഈ കുട്ടിയെന്തു പിഴച്ചു?എനിക്ക് പടച്ചോന്‍ തന്ന ശാപത്തിന് ഈ ആത്മാവെന്തു പിഴച്ചു?ഒരു വൃക്ഷമാണ് മാതാവ്.ശിഖരം പിരിഞ്ഞു പിരിഞ്ഞു പോകുമ്പോഴും അതിന്‍റെ മനസ്സു മാത്രം മാറുകയില്ല.കൊമ്പുകളാകട്ടെ ചിലത് വെളിച്ചത്തിലേക്ക് അത്യുത്സാഹത്തോടെ നീണ്ടു പോകും.അതിനു വേണ്ടി മാത്രം അടുത്തുള്ളതിനെ ഞെരിച്ചൊടിക്കും.അമ്മമനസ്സാകട്ടെ അപ്പോഴും എല്ലാവര്‍ക്കും വെള്ളവും ആഹാരവും എത്തിക്കാന്‍ യത്നിച്ചുകൊണ്ടിരിക്കും..

അവനതു പറഞ്ഞപ്പോള്‍ ഈ കിടക്കുന്ന ആള്‍ അവന്‍റെ ആരും തന്നെയല്ലേ എന്നു തോന്നിപ്പോയി.

“ഇങ്ങക്ക് ഇതല്ലാതെ വേറെ പണിണ്ടോ?വെര്ണോലോടൊക്കെ ഈ നെലോളീം പാരായംപറച്ചിലും അല്ലാതെ..വാപ്പ നയിച്ച്‌ തന്നതൊന്നും അല്ലാലോ,ഞാന്‍ നയിച്ചുണ്ടാക്കിയ പൊര.ന്നട്ടും മോന്‍ ഇബടെ നിര്‍ത്ത്ണണ്ടല്ലോന്നല്ല ഓന്‍ നോക്കൂല,കൃപല്ലാന്ന്‍ പറഞ്ഞു നടക്കാനാ ഇങ്ങക്ക് നാവ്.”

കട്ടിമീശക്കു താഴെ വെളിപ്പെട്ട അവന്‍റെ വെണ്മയുള്ള പല്ലുകള്‍ അവരെ ഗതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.അന്നെല്ലാം കുഞ്ഞിപ്പല്ലുകള്‍ തന്‍റെ വിരലെത്ര കടിച്ചു മുറിച്ചതാണ്..ചോറ് വായില്‍ വെക്കുമ്പോഴേക്കും കടി കിട്ടിയിരിക്കും.പടച്ചോന്‍ തന്ന മുന്നറിയിപ്പാവണം-മക്കള്‍ മൂലം വരാന്‍ പോകുന്ന മുറിവുകള്‍..പാലിയേറ്റീവുകാര്‍ വന്ന് വിറകുകൊള്ളികളായ കാലുകളെ ബലമായി അകത്തി മൂത്രറ്റ്യൂബ് മാറ്റുമ്പോളെല്ലാം മനുഷ്യന്‍ എത്രയെളുപ്പമാണ് പരിഹാസ്യമായ ഒരു കളിക്കോപ്പായിത്തീരുന്നതെന്ന് ഓര്‍ക്കും.കണ്ണുകള്‍ പുകഞ്ഞ് തൊണ്ടയില്‍ നിന്ന് വലിയൊരു കല്ല്‌ പുറത്തു ചാടാന്‍ വെമ്പും..ട്യുബ് മാറ്റിയതും ദിനങ്ങളോളം വയര്‍ കെട്ടി വെച്ച മൂത്രവും പഴുപ്പും യുറിന്‍ബാഗിലേക്ക് തുള്ളികളായി.മലം മുറിയെ ദുര്‍ഗന്ധപൂരിതമാക്കി.നഴ്സും വളണ്ടിയറും മുഖം ചുളിച്ചു.ആകാവുന്നത്ര വേഗത്തില്‍ എല്ലാം വൃത്തിയാക്കി.ദുരിത മഴയിലെ നിര്‍ത്തം അവസാനിക്കാഞ്ഞാവാം കാലുകള്‍ നീര്കെട്ടി വാഴത്തടി പോലാകുന്നത്..കടച്ചിലും പെരുപ്പും ഒരിക്കലും മാറാത്തത്..ഒച്ചിനെപ്പോലെയാണ് വര്‍ഷങ്ങള്‍ ഇഴയുന്നത്‌.ഒന്നു പുറത്തിറങ്ങാന്‍ അനുവദിക്കാത്ത ജയില്‍മുറി.എല്ലാം അവഗണിച്ച് ഒന്നു പുറത്തു ചാടാമെന്നു വെച്ചാലും വിലാപധ്വനിയുടെ ചങ്ങല പിന്നില്‍ കിലുങ്ങും.വീണ്ടുമാ മുറിയില്‍ ഒരു കാളയെപ്പോലെ മരക്കുറ്റിയില്‍ ബന്ധിതമാകും.കൈകാലുകള്‍ക്ക്ഒരു വിറയലായിരുന്നു ആദ്യം-“ബുദ്ധില്ലാത്തോളല്ലേ?പൈസകൊറെകളഞ്ഞിട്ടെന്താ?”മൂപ്പരങ്ങനെയാണ് പറഞ്ഞത്.എന്നിട്ടും മക്കളില്‍ നിന്ന് ഇടയ്ക്കു കിട്ടുന്ന ഔദാര്യത്തില്‍ നിന്ന് മരുന്നും കഷായവുമൊക്കെ വാങ്ങിക്കൊടുക്കും.ആണ്‍മക്കള്‍ രണ്ടും പണക്കാരാണ്.സ്വന്തം മണിമാളികകളുടെ മാര്‍ബിളും ഫര്‍ണീച്ചറുമൊക്കെയാണ് ആ വിയര്‍പ്പുതുള്ളികളെ സ്നേഹപൂര്‍വ്വം പുണര്‍ന്നത്‌..സ്ഥിരമായ രണ്ടു പഴഞ്ചരക്കുകള്‍ വീടിന്‍റെ മൂലയില്‍ ആര്‍ക്കും വേണ്ടാതെ..

കുറെയായി ഒരു തോന്നല്‍-മരണം ഇവിടെ എവിടെയോ പതുങ്ങിയിരിപ്പുണ്ട്.ഉറങ്ങാനായി ലൈറ്റണക്കുമ്പോഴാണ് ആ വിചാരം ശക്തിപ്പെടുക.ഇരുള്‍ക്കൈകള്‍ തന്‍റെ കഴുത്തിറുക്കാനായി നീണ്ടു വരുന്നു.ഒന്നുരണ്ടു തവണ നിലവിളിച്ചതുമാണ്.ആര് കേള്‍ക്കാന്‍?എല്ലാവരും താഴെ സസുഖം ഉറങ്ങുകയാണ്.ഒരിക്കല്‍ കിനാവും കണ്ടു-കറുകറുത്ത മേല്‍ക്കുപ്പായമണിഞ്ഞ ചെകുത്താന്‍ ശ്വാസം മുട്ടിക്കുന്നത്‌..അവളെ തിരിഞ്ഞു നോക്കി അട്ടഹസിക്കുന്നത്..

ആ ആധി ജിന്നുപോലെയാണ് ആവേശിച്ചത്.അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യും?മക്കള്‍ ചലനമില്ലാത്തവളെ എവിടെ തള്ളും?എലിയോ പൂച്ചയോ അല്ലല്ലോ വഴിയിലേക്കെറിയാന്‍..പാലിയേറ്റീവ് ഡോക്ടര്‍ വന്നപ്പോള്‍ ആവലാതിപ്പെട്ടു-

“തീരെ ഒറങ്ങ്ണില്ല ഡോട്ടറെ,ആ നെലോളി തന്നെ ഏതു നേരോം..കുട്ട്യാള്‍ക്ക് പഠിക്കാന്‍ പറ്റ്ണില്ലാന്ന്‍ പറഞ്ഞാ ഓള് മോറ് വീക്ക്ണ്.”

കിട്ടിയ മരുന്നുകള്‍ വേറെത്തന്നെ സൂക്ഷിച്ചു.രണ്ടൂസം കൂടെ കഴിയട്ടെ.രണ്ടൂസം കൂടെ ഈ ക്ഷയിക്കുന്ന ശരീരം നിനക്കായി കൂട്ടിരിക്കാം.ചെയ്യാന്‍ പോകുന്നത് പാപമാണെങ്കില്‍ പടച്ചോന്‍ പൊറുക്കട്ടെ..ഇമ വെട്ടാതെയുള്ള അവളുടെ നോട്ടം ആത്മാവിലേക്ക് തുളച്ചിറങ്ങി-“സ്ത്രീയേ,നീയാര്?”-ആ നോട്ടം ചോദിച്ചു.”ഈ കൂട് തകര്‍ത്തു തരിക.എത്ര ജന്മങ്ങളായി ഈ പക്ഷി നിലവിളിക്കുന്നു..”പാതിരാക്ക്‌ പതുക്കെ എഴുന്നേറ്റു വാതില്‍ കുറ്റിയിട്ടു.ആരും മുകളിലേക്ക് വരാറില്ല-പേരക്കുട്ടികള്‍ പോലും..എന്നിട്ടും അരുതാത്തത് ചെയ്യുമ്പോഴുള്ള വിറയല്‍ ദേഹമാകെ വ്യാപിച്ചു.ബലം പിടിക്കേണ്ടി വന്നു വായൊന്നു തുറന്നു കിട്ടാന്‍.ഒരാത്മാവിനു ഭൂമി വിട്ടു പോകാന്‍ ഇത്ര പ്രയാസമോ?മകളേ രക്ഷയുടെ ഈ പാനീയം സന്തോഷത്തോടെ കുടിക്കുക..

നിശ്ചലമായ തണുത്ത ശരീരം കണ്ട് വീട്ടുകാരില്‍ ആശ്വാസത്തിന്‍റെ നിലാവ് പരന്നു.എന്നിട്ടും മാങ്ങയില്‍ നിന്ന് പുഴു പുറത്തേക്ക് തല നീട്ടുമ്പോലെ ഈ വാര്‍ത്ത എങ്ങനെ ഇഴഞ്ഞിറങ്ങി?എത്രയെത്ര ഹീനഹത്യകള്‍ ആരുമറിയാതെ മണ്ണിലലിയുന്നു.ഏറ്റം ദയാമയമായ ഈ പ്രവൃത്തി മാത്രം എങ്ങനെ ഇത്ര പെട്ടെന്ന്..

“എന്നാലും ഭയങ്കരി!പെറ്റ വയറിന് എങ്ങനെ ഇങ്ങനെ ചെയാമ്പറ്റും?ഹൌ!”-കുശുകുശുപ്പുകള്‍ പാമ്പുകളായി പിറകെ ഇഴഞ്ഞു.പോലീസ്ജീപ്പിലേക്കു കയറുമ്പോള്‍ മകള്‍ നിഴലായി വന്ന് തൊട്ടുവിളിച്ചു.പതുക്കെ ഉമ്മ വെച്ചു.വൃത്തിയുള്ള മുഖം,തിളങ്ങുന്ന കണ്ണുകള്‍..മരണം എന്‍റെ കുട്ടിയെ സുന്ദരിയാക്കി..”സാരല്ല ഉമ്മാ,ഓല് പറഞ്ഞോട്ടെ.ഒരു പരീക്ഷേന്ന്‍ കയിച്ചിലായപ്പോ വേറൊന്ന്.ഈ വീടും ജയിലും ഒക്കെ കണക്ക് തന്നെ ഉമ്മാ.ഇന്നെപ്പോലെ ഇന്‍റെ ഉമ്മ കിടപ്പിലാവല്ലേന്നു ഞാന്‍ പ്രാര്‍ഥിക്ക്ണുണ്ട്.”-കണ്ണുകള്‍ നിറഞ്ഞു.പണ്ട് കോലം തികഞ്ഞ മറ്റു മക്കള്‍ക്കിടയില്‍ ഒരു പിച്ചക്കാരിയായിരുന്നു അവള്‍.ആരാണവളെ സ്നേഹിച്ചിരുന്നത്.

ദുനിയാവിന്‍റെ നീതി പടച്ചോന്‍റെ നീതി രണ്ടും വേറെയാ.ഉള്ളം മന്ത്രിച്ചു.ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേക്ക്..എന്താണ് വ്യത്യാസം?ഒന്നു സ്വന്തക്കാരായ അന്യര്‍ എന്നതു മാത്രം..മുഖം കരിങ്കല്ലാക്കി തുറിച്ചു നോക്കുന്ന മകനെയും മരുമകളെയും നിര്‍വികാരയായി നോക്കി.പിന്നാക്കം പാഞ്ഞു പോകുന്ന കാഴ്ചകളിലേക്കു നോക്കി എല്ലാം മറക്കാന്‍ ശ്രമിച്ചു.ശരീരം തന്നെ ആത്മാവിന്‍റെ കാരാഗൃഹം..പിന്നെയാണോ മനുഷ്യര്‍ തീര്‍ക്കുന്ന വെറും തടവറകള്‍..

ആത്മീയമായ ചൈതന്യത്താല്‍ അവരുടെ കണ്ണുകള്‍ പ്രകാശിച്ചു..

2013 ജൂലൈ 20, ശനിയാഴ്‌ച

പരിസ്ഥിതി ദിനം ..........................................കഥ
“അപ്പോള്‍ കുട്ടികളേ,നമ്മുടെ നാട് പച്ച പിടിപ്പിച്ചെങ്കില്‍ മാത്രമേ ഈ എരിപൊരി ചൂടില്‍ നിന്ന് രക്ഷയുള്ളൂ.ഈ പരിസ്ഥിതി ദിനത്തില്‍ അതിനായുള്ള മുദ്രാവാക്യം മുഴക്കാം നമുക്ക്.ചുരുട്ടിയ ഈ കൈകള്‍ അതേ വീറോടെ മണ്ണിലേക്ക് താഴട്ടെ പുതുതൈകള്‍ വച്ചു പിടിപ്പിക്കാനായി”
ഒരു മഴ പെയ്തു തീര്‍ന്ന പോലെ എച്ച്എമ്മിന്‍റെ പ്രസംഗം അവസാനിച്ചപ്പോള്‍ കുട്ടികള്‍ കയ്യടിച്ചു.ആയിരത്തോളം കുട്ടികള്‍ വെയിലിന്‍റെ ചുടുന്ന നാമ്പുകള്‍ക്ക് കീഴെ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി.എപ്പോഴാണീ പ്രസംഗങ്ങള്‍ തീരുന്നത്.കിരണിന് വെയിലിലേക്ക് നോക്കി കണ്ണ് വേദനിച്ചു.”അസംബ്ലി ഡിസ്പേഴ്സ്”-അലര്‍ച്ച പോലെ ആ വാക്കുകള്‍ മുഴങ്ങുന്നത് കേട്ട് അവന്‍ ഞെട്ടിപ്പോയി.ദേശീയ ഗാനം ചൊല്ലിയതും മറ്റേതൊക്കെയോ സാറന്മാര്‍ സംസാരിച്ചതും ഒന്നും അവന്‍ കേട്ടിരുന്നില്ല.ഇടയ്ക്കിടെ അവന്‍ ഔട്ട്‌ ഓഫ് കവറേജ് ഏരിയയിലായിരിക്കും.
വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്ന ഓരോ കുട്ടിക്കും ഓരോ തൈ കിട്ടി.തന്‍റെ വീട്ടില്‍ ഇതെവിടെ കുഴിച്ചിടുമെന്നാണ് കിരണ്‍ ഓര്‍ത്തത്.വീടിനു മുന്നിലെ പൂന്തോട്ടം നിറയെ കോണ്ക്രീറ്റ് മരങ്ങളും പ്ലാസ്റ്റിക് ചെടികളുമാണ്.ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍!ജീവികളുടെ യതാര്‍ത്ഥമെന്നു തോന്നിക്കുന്ന പ്രതിമകള്‍ ആ തോട്ടത്തിന് ഒരു അത്ഭുതപ്രതിച്ഛായ നല്‍കി.അവന്‍റെ അച്ഛന്‍ കൃഷി ഓഫീസറാണ്.നാട്ടിലെവിടെയും കൃഷി നടക്കുന്നില്ലെങ്കിലും അതു സംബന്ധമായ ഓഫീസുകള്‍ നിരവധിയുണ്ട്.അവ ഇടയ്ക്കിടെ ഒരു ചടങ്ങു പോലെ വല്ല തെങ്ങിന്‍തയ്യോ മാവിന്‍തയ്യോ വിതരണം ചെയ്യും.വറവുചട്ടി പോലെയായ ഭൂമിയാകട്ടെ ഒന്നും മുളപ്പിക്കുന്നുമില്ല.ഉണങ്ങി മൊരിഞ്ഞ പുഴകളും കുളങ്ങളും മഴക്കായി  കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി.ഏതോ ദൂരദിക്കില്‍ നിന്നെത്തുന്ന വെള്ളമാണ് ഏക ആശ്വാസം.പണം കൊടുത്താലെന്ത്,അതേലും കിട്ടുന്നുണ്ടല്ലോ.
മുത്തശ്ശി ഉണ്ടായിരുന്ന അന്ന് തൊടി നിറയെ പച്ചപ്പായിരുന്നു.അവന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവരെ പ്രായമായവരുടെ വീട്ടിലേക്കു മാറ്റിയത്.എല്ലാ കുട്ടികളെയും പോലെ ആ ചുളിഞ്ഞ ചൂണ്ടുവിരല്‍ നഷ്ടപെട്ടപ്പോള്‍ അവനും അലറിക്കരഞ്ഞു.ജലപാനമില്ലാതെ പ്രതിഷേധിച്ചു.കൊഞ്ചിച്ചു ശീലമില്ലാതിരുന്ന അച്ഛനമ്മമാരില്‍ നിന്ന് നിറയെ അടി മേടിച്ചു.മുത്തശ്ശി വച്ചു പിടിപ്പിച്ച മരങ്ങള്‍ ചൂണ്ടിക്കാണിച്ച് അവര്‍ അഭിമാനത്തോടെ പറയും-“മോനേ,ഒരു ജീവന്‍ പച്ച പിടിക്കണമെങ്കില്‍ വെള്ളവും വളവും മാത്രം കൊടുത്താല്‍ പോര,സ്നേഹവും  നല്‍കണം.നമ്മളെത്ര സ്നേഹിച്ചു വളര്‍ത്തുന്നോ അത്രേം മധുരിക്കും അതിന്‍റെ കാഫലം.ആ നാട്ടുമാങ്ങ നീ തിന്നിട്ടുണ്ടോ,എന്താ ഒരു മധുരം.എന്‍റെ അമ്മ പാവം!അന്നൊക്കെ എന്തൊരു കഷ്ടപ്പാടായിരുന്നു.പോരാത്തതിന് അച്ഛന്‍റെ കള്ള് കുടിച്ചു വന്നുള്ള ഇടിയും.അതിന്‍റെ ഒക്കെ എടേലും എന്റമ്മ എല്ലാരേം സ്നേഹിച്ചു.കുട്ടികള്‍ക്ക് കൊടുത്തതിന്‍റെ ബാക്കി ചെടികള്‍ക്കും മരങ്ങള്‍ക്കും കൊടുത്തു.അതല്ലേ ഇത്ര മധുരമുള്ള മാങ്ങകള്‍,ഇത്ര മണമുള്ള പൂക്കള്‍..”
അവന്‍ വിസ്മയത്തോടെ അവരെ ശ്രവിച്ചു.എന്താണ് സ്നേഹം?എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ,മത്സരിച്ച് മുന്നോട്ടോടാന്‍ കല്പിച്ചു കൊണ്ടേയിരിക്കുന്ന തന്‍റെ അച്ഛനമ്മമാരാണോ സ്നേഹം.മുത്തശ്ശി പോയതിനു ശേഷം ഉണങ്ങിപ്പോയ പൂന്തോട്ടത്തില്‍  അച്ഛന്‍ ചിലതൊക്കെ നട്ടു നോക്കി,ഒന്നുപോലും മുളക്കാതെ അച്ഛനെ പരിഹസിച്ചു.വെയിലിന്‍റെ അഗ്നിനാളങ്ങള്‍ ഒന്നാകെ വീട് തുറക്കുമ്പോഴേക്കും അകത്തേക്ക് കുതിക്കാനോങ്ങും.ഉള്ളിലെ എ സീത്തണുപ്പിലേക്ക് തുളഞ്ഞു കയറും.കോണ്ക്രീറ്റ് പൂന്തോട്ടത്തിന്‍റെ പരസ്യം പേപ്പറില്‍ കണ്ടാണ്‌ അച്ഛന്‍ അവര്‍ക്ക് വിളിച്ചത്.പിറ്റേ ആഴ്ച തന്നെ അവര്‍ വീട്ടിലെത്തി.





“ചൂട് കുറയില്ലല്ലോ ഇങ്ങനൊരു തോട്ടം ഉണ്ടായാലും?”-അച്ഛന്‍ കൃഷി ഓഫീസറുടെ മട്ടുവിടാതെ ചോദിച്ചു.”അതില്ല ,പക്ഷെ അതൊരു സൈക്കോളജിക്കല്‍ ഇഫക്റ്റാണ്.പണ്ടൊക്കെ മുള്ള് എടുക്കുമ്പോ അമ്മമാര്‍ പറയാറില്ലേ-പച്ചയിലേക്ക് നോക്ക് എന്ന്.ഇതും അതു തന്നെ.വല്ലാതെ ടെന്‍സ്ഡ് ആയ നമ്മുടെ ചുറ്റുപാടില്‍ ഇടക്കൊരു റിലീഫിന് ഈ തോട്ടത്തിലേക്ക് നോക്കിയിരിക്കാം.ഒരിക്കലും നിറം മങ്ങാത്ത പ്ലാസ്റ്റിക് ചെടികളും പൂക്കളും ലോണുകളും പ്രാചീന ഗുഹകളും..ഒറിജിനല്‍ അല്ലാന്നു തൊട്ടു നോക്കുന്നവര്‍ക്കേ മനസ്സിലാവൂ.ആരും തൊടാതിരിക്കാന്‍ കുറച്ചുയരത്തില്‍ കമ്പി വേലി കെട്ടാം.എന്താ?”-അത് അച്ഛന് ബോധിച്ചു.അങ്ങനെയാണ് ആ മനോഹരഉദ്യാനം വീടിനു മുന്നില്‍ സ്ഥാനം പിടിച്ചത്.കണ്ടവരൊക്കെ അന്തം വിട്ടു,ഈ പൊരിഞ്ഞ ചൂടില്‍ ഈ തോട്ടം എങ്ങനെ നിലനില്‍ക്കുന്നു?നിഗൂഡം പുഞ്ചിരിച്ച് അച്ഛന്‍ പറയും;”ഓ,ഞാനൊരു കൃഷി ഒഫീസരല്ലേ?പേരിനെങ്കിലും ഒരു പച്ചപ്പ്‌ എന്‍റെ വീട്ടുമുറ്റത്ത് വേണ്ടേ?കിട്ടുന്ന വെള്ളം പിശുക്കി ഉപയോഗിക്കും.ബാക്കി ചെടികള്‍ക്കും കൊടുക്കും.”
“എന്തിനാ ആ വേലി?ഈ ചൂടില്‍ ഇടക്കവിടെ പോയി ഇരിക്കാലോ?”ഏതെങ്കിലും അതിബുദ്ധിമാന്‍ ചോദിക്കും.
“ഓ,ഏതൊക്കെയോ തെണ്ടിപ്പിള്ളാര് ഇതിലെചുറ്റിയടിക്കുന്നുണ്ട്.പോണ തിരക്കില്‍ ഗേറ്റ് പൂട്ടാന്‍ മറന്നാല്‍ മതി.എന്‍റെ തോട്ടം ഒറ്റ ദിവസം കൊണ്ട് നശിക്കാന്‍..”അച്ഛന്‍ സുന്ദരമായ നുണകളിലൂടെ  എത്ര പേരെയാണ് വിഡ്ഢിയാക്കുന്നതെന്ന് അവന്‍ അതിശയിച്ചു.
വീട്ടിലെത്തിയതും യുണിഫോം പോലും മാറാതെ അവന്‍ തന്‍റെ തൈ വെക്കാന്‍ സ്ഥലം തിരഞ്ഞു.നാട്ടുമാവ് ഉണങ്ങി വീണ മണ്ണിനരികെ അവന്‍ കുഴിക്കാന്‍ തുടങ്ങി.ഒരു മധുരമുള്ള മരത്തിന്‍റെ ഓര്‍മ ഈര്‍പ്പമായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നു.ജനിച്ചിട്ടിന്നേ വരെ അറിഞ്ഞിട്ടില്ലാത്ത വാത്സല്യവും ഇമ്പവും കൂട്ടിക്കുഴച്ച് അവന്‍ തടം തീര്‍ത്തു.അലിവിന്‍റെ തീര്‍ത്ഥം ധാരധാരയായി ഒഴിച്ചു.തൈ തലയിളക്കി ചിരിച്ചു.അവനെ ഉമ്മ വെക്കാന്‍ ഇലകള്‍ ചലിപ്പിച്ചു.പിന്തിരിഞ്ഞപ്പോള്‍ കണ്ണില്‍ കനല്‍പൊടികളുമായ് മമ്മി. “സ്കൂള്‍ വിട്ടതും എന്താ നിനക്ക് മണ്ണിലൊരു കസര്‍ത്ത്?ആ യുണിഫോം മുഴുവന്‍ ചളിയായില്ലേ?ട്യുഷന് പോകുന്നില്ലേ ചെക്കാ?”-അമ്മയുടെ തടിച്ച വിരലുകള്‍ അവന്‍റെ ദേഹത്ത് ചുവന്ന പാടുകള്‍ വീഴ്ത്തി.”അവന്റൊരു തയ്യും മരവും.”-ഒരൊറ്റ നിമിഷം കൊണ്ട് അവരാ കുഞ്ഞു പച്ചപ്പിനെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു.”മമ്മീ,”പൊട്ടി വന്ന കരച്ചില്‍ പണിപ്പെട്ടു നിയന്ത്രിച്ച്‌ അവന്‍ വിതുമ്പി.”സ്കൂളില്‍ ഡയറിയില്‍ എഴുതണം ചെടി വളരുന്നതിനെപ്പറ്റി.”
“എന്തോന്ന്?ഇല വരുന്നതോ?മൊട്ടിടുന്നതോ?അതിന് നീ അങ്ങോരെപ്പോലെ കൃഷിഓഫീസര്‍ ആകാന്‍ പോവാണോ?അതിനും ആ തോട്ടം പോലൊന്ന് മതി.അല്ലെങ്കിത്തന്നെ മണ്ണീല്‍ കെളക്കാനാണോ നിന്നെ സ്കൂളില്‍ വിടുന്നത്?സിലബസ് ഭാരം കുറഞ്ഞോട്ടേന്നു കരുതിയാ സ്റ്റേറ്റ്സ്കൂള്‍ ആക്കിയത്.അവടെ കെളക്കാനും കൊത്താനും മാത്രാണോ പഠിത്തം?”-അവനൊന്നും മിണ്ടിയില്ല.ഊക്കില്‍ വലിച്ചെറിയപ്പെട്ട ആ കുഞ്ഞുപച്ചപ്പ്‌ പോലെത്തന്നെ തന്‍റെ സന്തോഷങ്ങളും.തീരെ ആയുസ്സില്ല.വിഷാദത്തോടെ  അവന്‍ വീട്ടിലേക്കു നടന്നു.മുത്തശ്ശിയെ സ്വപ്നം കണ്ടെങ്കില്‍!പച്ചയുടെ തീരാത്ത തണല്‍കുടകള്‍ക്കു കീഴെ അവര്‍ തനിക്കായ് കഥകളുടെ കെട്ടഴിക്കും. നിലാവ് പെയ്തിറങ്ങും.മഞ്ഞ് ദൂരേന്നു പുകയായി വരുന്നുണ്ടാവും.നക്ഷത്രങ്ങളുടെ ചില്ലുപൂക്കള്‍ ആകാശം നിറയെ ചിരിക്കുന്നുണ്ടാവും.
മയങ്ങാനൊരുങ്ങുന്ന സന്ധ്യയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കു താഴെ പ്ലാസ്റ്റിക്ഉദ്യാനം ഒന്നു കൂടി ചന്തമാര്‍ന്നു.നോക്കി നോക്കി നില്‍ക്കെ ആ പച്ചപ്പൊന്നാകെ കൊഴിഞ്ഞു പോയെന്നും കോണ്ക്രീറ്റിന്‍റെ കമ്പിയസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നില്‍പ്പുണ്ടെന്നും അവനു തോന്നി.പ്ലാസ്റ്റിക് പൂക്കള്‍ തിളക്കം നഷ്ടപ്പെട്ട് വിളറിയ പോലെ..കണ്ണുകള്‍ പുകഞ്ഞ് കണ്ണീര്‍ അവന്‍റെ കട്ടിക്കണ്ണടയെ തൊട്ടു,പിന്നെ പരന്നു അവന്‍റെ കാഴ്ചയെ മറച്ചു.

“കിരണ്‍ കിരണ്‍ -ഈ ചെറുക്കന്‍ ട്യുഷന് പോകുന്നില്ലേ ?”അമ്മയുടെ തൊണ്ട കീറല്‍ ദൂരേന്നു മുഴങ്ങി.വീടിന്‍റെ സിമന്‍റ്ചുവരുകള്‍ അവനെ ഞെരിച്ചു.അതിന്‍റെ ഭീമന്‍ കൈകളില്‍ അവന്‍ ഒരു ചേരട്ടയെപ്പോലെ ചുരുണ്ടു.....................

2013 ജൂലൈ 9, ചൊവ്വാഴ്ച

കാക്ക...............................കഥ
ഞാന്‍ ചിരിക്കുമ്പോള്‍ ആളുകള്‍ പറഞ്ഞു,ഞാന്‍ കരയുകയാണെന്ന്!വറുതിയുടെ എരിതീയിലൂടെ അലഞ്ഞ് ഒരു തരി ഭക്ഷണം കണ്ടെത്തിയപ്പോഴൊക്കെ ഞാനുറക്കെ പൊട്ടിച്ചിരിച്ചു-കാ കാ ..പിന്നീട് സമൃദ്ധിയുടെ തേന്‍മണമായി ആഹാരം കുപ്പത്തൊട്ടികളില്‍ കുമിയുന്നത് കണ്ട് ഞാന്‍ ശരിക്കും കരഞ്ഞു,അതിനു ചുറ്റും കൂടിയ പേക്കോലങ്ങളെ കണ്ട്...അവര്‍ പറയും –കുയില്‍ പാടുകയാണെന്ന്..ഞങ്ങള്‍ നിറത്തില്‍ പോലും വലിയ വ്യത്യാസമുള്ളവരല്ല ,എന്നിട്ടും..എന്‍റെ കൂട്ടില്‍ കള്ളനായി വന്ന് അവര്‍ മുട്ടയൊളിപ്പിച്ചിട്ടും നിങ്ങള്‍ പറയും;കുയില്‍!എത്ര മനോഹരമാണ് അതിന്‍റെ സ്വരം..പ്രതിഷേധത്തോടെ ഞാന്‍ അലറി,കാ കാ ..അപ്പോഴും അവര്‍ പറഞ്ഞു,ഞാന്‍ കരയുകയാണെന്ന്..എന്‍റെ കൊക്കിന്‍റെ മൂര്‍ച്ച അവര്‍ക്കറിയില്ല.എന്‍റെ നിറം എത്ര വേവുന്ന വെയിലിനെ ഉള്ളില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും..സദാ കരയുകയാണെന്ന് പറഞ്ഞ് നിങ്ങളെന്നെ ഒരു ദുര്‍ബലനാക്കേണ്ടതില്ല.എന്നെങ്കിലും ഇത്തിരി വെള്ളത്തില്‍ കൊക്കും  ചിറകും നനച്ചാല്‍ അവര്‍ പരിഹസിക്കും-കാക്ക കുളിച്ചാല്‍ കൊക്കാകുമോ!ആര്‍ക്കാണിപ്പോ കൊക്കാകേണ്ടത്?കൊക്കിനു മാത്രം എന്താണിത്ര വലിയ മേന്മ?ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്നതോ?മയക്കും കഥകള്‍ പറഞ്ഞ് മീനിനെയും ഞണ്ടിനെയും ചതിച്ച് അകത്താക്കുന്നതോ?നിങ്ങള്‍ കളിയാക്കും-കാക്കയ്ക്ക് ഉച്ചിഷ്ടമേ പിടിക്കൂ.എച്ചിലേ കഴിക്കൂ.പാവം!പരിസരമൊക്കെ വൃത്തിയാക്കിക്കൊള്ളും..

ആരെങ്കിലും തന്നിട്ടുണ്ടോ ഒരിക്കലെങ്കിലും..അവശിഷ്ടങ്ങള്‍ അല്ലാതെ വല്ലതും?ബലിച്ചോറല്ലാതെ മറ്റെന്തെങ്കിലും..ഒന്ന് ശരീരം വലിച്ചെറിയുന്നത്,മറ്റേത് ആത്മാവും..എനിക്ക് കൊക്കാകേണ്ടതില്ല.വേസ്റ്റ് ജീവിതത്തിന്‍റെ പുഴുക്കുത്തേറ്റു പൊടിഞ്ഞ ജീവനില്‍ നിങ്ങളുടെ പരിഹാസാഗ്നി നിറക്കേണ്ടതില്ല.കറുപ്പ് വെളുപ്പ്‌ മെരുക്കുന്ന ഒരു കാലം വന്നേക്കും.വെളുപ്പായിരിക്കും അന്ന് മ്ലേച്ചനിറം.കറുപ്പായിരിക്കും വിശുദ്ധിയുടെ വര്‍ണം.ആ കാലത്തെയോര്‍ത്താണ് ഞാന്‍ ചിലപ്പോള്‍ ഉറക്കെ ചിരിക്കുന്നത്.അല്ലാതെ നിങ്ങള്‍ കരുതുമ്പോലെ വെറുതെ വേവലാതി പൂണ്ട് കരയുകയല്ല.