Pages

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

സ്പോണ്‍സേര്‍ഡ്‌ ബൈ



തുടക്കുന്നതിനിടെ ഇടയ്ക്കിടെ
വാസു ടീവിയിലേക്ക് ചൂണ്ടയിട്ടു.കണ്ണില്‍ കോര്‍ക്കുന്ന രാജകീയ വിവാഹത്തിന്‍റെ വരാല്‍മീനുകള്‍
അവനെ ശ്വാസം മുട്ടിച്ചു.ഒരു നേരം തിന്നാനില്ലാത്ത തന്‍റെ വീട്,ഇവിടെ ഈ
പെട്ടിക്കാഴ്ചയില്‍ എന്തെല്ലാം ഭക്ഷണങ്ങളാണ്!താരസുന്ദരിയുടെ വിവാഹവസ്ത്രത്തിന്‍റെ
പൊലിപ്പിച്ച വിവരണം മുതലാണ്‌ പെട്ടിക്കാഴ്ച്ചയുടെ ആര്‍ഭാടം തുടങ്ങിയത്.”എന്താടാ
മാക്രീ,കണ്ണ് തുറുപ്പിച്ചു നിക്കണ്?പണി വേഗം തീര്‍ക്കണന്നു എത്ര പറഞ്ഞു.ഇനീപ്പോ
ടിവി കാണണ്ട കൊറവേ ഒള്ളൂ.”കൊച്ചമ്മ ദേഷ്യത്തോടെ മുതുകില്‍ പിടിച്ചു തള്ളിയപ്പോള്‍
നനഞ്ഞ തറയിലൂടെ അവനൊരു പന്ത് പോലെ ഉരുണ്ടു.തറയിലടിച്ചു ചുണ്ടില്‍ ചെറിയൊരു ഗോലി
ഉരുണ്ടു വരികയും ചെയ്തു.അവന്‍ കണ്ണില്‍ നിന്ന് വീഴുന്ന കലക്കുവെള്ളം ഗൌനിക്കാതെ
വേഗം തുടക്കാന്‍ തുടങ്ങി.പോത്തിന്‍തോല് പോലെ ,ചെമ്പിച്ച രോമം നിറഞ്ഞ കറുത്ത
ശരീരത്തെ അവന്‍ വെറുപ്പോടെ നോക്കി.പഴയ ചോറ് വലിച്ചു വാരി തിന്നുമ്പോഴും അവന്‍റെ
കണ്ണുകള്‍ അറിയാതെ ടിവിയിലേക്ക് പാറി വീണു.പൊന്നിലും വജ്രത്തിലും മൂടിയ
നടിയിപ്പോള്‍ മണ്ഡപം വിട്ടിറങ്ങുകയാണ്.പൊന്ന്പോലെ തിളങ്ങുന്ന പട്ടുപുടവ.അതേ
ഷോട്ടിന്‍റെ അങ്ങേ പാതിയില്‍ ആളുകള്‍ നിരയായി കൂട്ടിയ ഭക്ഷണക്കൂമ്പാരങ്ങളില്‍
നിന്ന് വേണ്ടത് എടുത്തു കഴിക്കുന്നു.കുടിച്ചു കൂത്താടുന്നവര്‍ വേറെയും.അവന്‍ വായും
പൊളിച്ച് ഭക്ഷണസമൃദ്ധിയിലേക്ക് നോക്കിയിരുന്നു.
പിന്നെ രംഗത്തിലേക്ക്
വണ്ടികളുടെ നീണ്ട നിരകള്‍ മന്ദം മന്ദം വര്‍ണക്കടലാസു പോലെ ഇളകി.ഏറ്റവും വില കൂടിയ
കാറുകള്‍ മുന്തിയ അലങ്കാരങ്ങളോടെ..വണ്ടികള്‍ കാണാനുള്ള ആര്‍ത്തിയോടെ അവന്‍ കതകില്‍
ചാരി പതുങ്ങി നിന്നു.എന്തെല്ലാം നിറങ്ങള്‍,എന്തൊരു ഭംഗി..
“നശീകരം!പിന്നേം ടിവി
കാണാണോ?തീറ്റ കഴിഞ്ഞെങ്കി ആ ചെടികളൊക്കെ ഒന്ന് നനക്ക്.ഒരുപണിയുംഇല്ലാത്തപോലല്ലേഅവന്‍റെഇരുത്തം.ആതെങ്ങുകളൊക്കെഒന്ന്
തടം തുറന്ന് വളമയിടണം.” കൊച്ചമ്മ അവനെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട്
ആക്രോശിച്ചു.വേനലില്‍ വരണ്ടു വിണ്ട മണ്ണുമായി തൂമ്പ കലമ്പല്‍
കൂട്ടി.വൈകുന്നേരമായപ്പോഴേക്കും ക്ഷീണം അവനെ ചപ്പാത്തിമാവ് പോലെ
കുഴച്ചു.മയക്കത്തില്‍ അവന്‍ ഭക്ഷണക്കൂമ്പാരത്തിനിടയില്‍ രാജാവിനെ പ്പോലെ
ഇരിക്കുന്നത് സ്വപ്നം കണ്ടു.വിശപ്പിന്‍റെ കൊല്ലുന്ന വേദനയില്ലാതെ..പെട്ടെന്ന്
കാലില്‍ നീറുന്ന വേദനയോടെ അവന്‍ ചാടിയെഴുന്നേറ്റു;കൊച്ചമ്മയതാ വലിയൊരു
ചൂരലുമായി,ട്രൌസറിന് താഴെ വരമ്പ് പോലെ തിണര്‍പ്പുകള്‍..മങ്ങുന്ന നിഴലായി മായുന്ന
ഭക്ഷണക്കൂമ്പാരത്തിലേക്ക് അവന്‍ ആര്‍ത്തിയോടെ നോക്കി.പണ്ടൊരിക്കല്‍ ടിവിയില്‍ കണ്ട
ഒരഭിമുഖം അവനപ്പോള്‍ വെറുതെ ഓര്‍ത്തു.
അവതാരകന്‍;കേരളം
മുഴുവന്‍ ആദരിക്കുന്ന കവിയാണല്ലോഅങ്ങ്,അങ്ങയുടെ ഒരു ദിവസത്തെക്കുറിച്ച് പറയാമോ?
കവി;രാവിലെ എട്ടു
മണിയാവും എഴുന്നേല്‍ക്കാന്‍.ഉറക്കം ഒരു വീക്ക്‌നസ്സാ എനിക്ക്.വല്ല പാര്‍ട്ടിയും
കഴിഞ്ഞാണെങ്കി അതിന്‍റെ ക്ഷീണവും കാണും.നെയ്യൊഴിച്ച കഞ്ഞിയാ രാവിലെ
ഇഷ്ടം.ഇറച്ചിയും മീനും,കണ്ടു കണ്ട് മടുത്തു..
കൊച്ചമ്മയുടെ
പിന്നാലെ വേച്ചു വേച്ച് നടക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നെന്നു തോന്നി
അവന്.രാത്രി-ജോലികളുടെ ചപ്പുകൂനയിലേക്ക് വലിച്ചെറിയാനുള്ള തന്‍റെ ദിവസങ്ങളെ
പ്രാകിക്കൊണ്ട് അവന്‍ കണ്ണടച്ചു.കോടിക്കണക്കിനു വില കിട്ടുന്ന താരവിവാഹങ്ങള്‍
ചാനലുകള്‍ എത്ര സന്തോഷത്തോടെയാണ് ആഘോഷിക്കുന്നത്.നീചമായ ഈ ജീവിതത്തിലേക്ക് ഒരു കപ്പക്കഷ്ണം
നീട്ടാന്‍ പോലും ഒരു സ്പോണ്‍സറും വരില്ലല്ലോ എന്നവന്‍ വ്യസനത്തോടെ ഓര്‍ത്തു...

2 അഭിപ്രായങ്ങൾ: