Pages

2011, നവംബർ 21, തിങ്കളാഴ്‌ച

സം ടെക്സ്റ്റ്‌ മിസ്സിംഗ്‌


സം ടെക്സ്റ്റ്‌ മിസ്സിംഗ്‌
ബെഡ്റൂമിന്‍റെ
വിശാലമായ ജനലിലൂടെ ചിങ്ങത്തിന്‍റെ തെളിഞ്ഞ വെയിലിലേക്ക് നോക്കി അയാളിരുന്നു.ഇത്ര
ദിവസവും തുടര്‍ന്ന തുടരന്‍മഴയ്ക്ക് ശേഷം ഇന്നാണ് വെയില്‍ ഒരതിഥിയെപ്പോലെ
എത്തിയിരിക്കുന്നത്.തൊടിയിലെ പുല്‍ക്കൂട്ടത്തില്‍നിന്ന് പുല്ലുകള്‍ നിര്‍മമം
ചിരിച്ചു.പല നിറത്തില്‍ മോഹിപ്പിക്കുന്ന വേലിപ്പൂക്കള്‍.ഓര്‍മയുടെ
നാട്ടുവരമ്പിലെവിടെയോ പൂവേ പൊലി പൂവേ എന്നൊരു ഈരടി ഒഴുകി.മാര്‍ക്കറ്റില്‍ നിന്ന്
വാങ്ങിയ പൂക്കള്‍ ഓരോ മുറ്റത്തും മനോഹരമായ ചിത്രമായിത്തീരാന്‍ കവറുകളില്‍
കാത്തിരിക്കുന്നു.നിശ്ശബ്ദതയുടെ ഈ വീടിനുമാത്രം ആഘോഷങ്ങളില്ല.മനുഷ്യരുടെ എല്ലാ
ചടങ്ങുകളിലേക്കും ഒരു സാക്ഷിയെപ്പോലെ നോക്കിയിരിക്കലാണ് അതിന്‍റെ വിധി.തന്‍റെ
നിയോഗവും അത് തന്നെ.ജീവിതത്തിന്‍റെ വേവുന്ന മണം താളുകളിലേക്ക് പകര്‍ത്തുന്ന വെറും
സാക്ഷി.മൊബൈല്‍ ടിക്ക്‌ ടിക്ക്‌ എന്ന് ശബ്ദിച്ചു.മെസ്സേജാവും.അയാള്‍ ഇന്‍ബോക്സ്
തുറന്നു._”ആളുകളെ ഞാനേറെ ആഗ്രഹിച്ചപ്പോള്‍ അവരെന്നെ വെടിഞ്ഞു.ഞാനെന്‍റെ കണ്ണീര്‍
കെടുത്തിയപ്പോള്‍,ചാഞ്ഞു കരയാനൊരു തോള്‍ കണ്ടെത്തിയപ്പോള്‍ വെറുപ്പെന്ന സിദ്ധി
നേടിയെടുത്തപ്പോള്‍ ചിലരതാ എന്നെ സ്നേഹിച്ചു തുടങ്ങുന്നു.ഇത്തിരി ആത്മവിശ്വാസം
നേടിയപ്പോള്‍ അരങ്ങും തകര്‍ന്നു.തോല്‍ക്കുമെന്നുറപിച്ചപ്പോള്‍ ജയമതാ എന്‍റെ കയ്യും
പിടിക്കുന്നു.”
സെന്‍റര്‍_അണ്‍നോണ്‍_
കൌതുകത്തോടെ
അയാളാ നമ്പര്‍ വീണ്ടും വീണ്ടും നോക്കി.ഏകാന്തതയുടെ ഒച്ചിന്‍കൂടിലേക്ക് ആരാണിപ്പോള്‍
പുതുതായി വന്നുചേരുന്നത്?ഒന്ന് തിരിച്ചു വിളിച്ചാലോ,വേണ്ട വല്ല സ്ത്രീയുമാണെങ്കില്‍
പിന്നെ അതൊരു പോല്ലാപ്പായിരിക്കും.പിറ്റേന്ന് ഡോക്ടറെ കാണേണ്ടതുണ്ട്.മൊബൈലിലെ കവിത
തുളുമ്പുന്ന വരികള്‍ അയാള്‍ വീണ്ടും വീണ്ടും വായിച്ചു.തന്‍റെ നരച്ച
ജീവിതത്തിലേക്കത് നീണ്ടൊരു താക്കോലിടുകയാണത് തുരുമ്പിച്ച ഓര്‍മകളെ ഒന്നാകെ
കുടഞ്ഞിടാന്‍.ഏറിയാലിനി രണ്ടു മാസം.ഡോക്ടര്‍ ഭാര്യയോട് പറഞ്ഞത് പതുക്കെയാണെങ്കിലും
ഒരു മുഴക്കമായത് തന്‍റെ ചെവിയില്‍ വീണു.വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചു കൊണ്ട് ആ
രണ്ടുമാസമിതാ ആറായിരിക്കുന്നു.അതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍.വിധിയുടെ
തിരശ്ശീല ഗോപ്യമാക്കി വച്ചത് പലതും വിചിത്രമായിരിക്കും.ഒരാള്‍ക്കും
പ്രവചിക്കവയ്യ.വേദനയുടെ കൊമ്പല്ലുകള്‍ പരിഹാസത്തോടെ വയറില്‍ കൊളുത്തുമ്പോള്‍ ഓര്‍ക്കും_ഹ!ആര്‍ക്കുവേണ്ടിയാണീ
കാളവണ്ടി യാത്ര പതുക്കെയാക്കുന്നത്.ചക്രങ്ങള്‍ ഊരി വീഴാറായിട്ടും കാലത്തിന് ഒട്ടും
യോജിക്കാതിരുന്നിട്ടും പിന്നെയും കഷ്ട്പ്പെട്ട്...മകളെ കാണാതായത് മുതലാണ്‌ ആധി
ഭാര്യയെ ഞെരിക്കാന്‍ തുടങ്ങിയത്.അന്വേഷണങ്ങള്‍..കടലില്‍ സൂചി പോയപോലെ നഗരത്തിന്‍റെ
ആള്‍പ്രളയത്തിലെവിടെയോ അവള്‍ ഇല്ലാതായി.സ്കൂളിലേക്ക് പുറപ്പെട്ടവള്‍ എവിടെയും
എത്തിയില്ല.നാട്ടില്‍ കാണാതാവല്‍ ഒരു നിത്യസംഭാവമായതോണ്ടാവും പോലീസുകാര്‍ ആ
കേസ്കൊണ്ട് മടുത്തുപോയത്‌.എന്നും ടിവി പേടിയോടെയാണ് തുറക്കുക.എല്ലും മാംസവും വേര്‍പെടുത്തിയ
വല്ല ജഡവും കരക്കടിഞ്ഞുവോ?ഏഴു ബീയിലെ രേഷ്മയെന്ന പെണ്‍കുട്ടി വെറുമൊരു പീഡനകഥയായി
മാറിയോ?മൊബൈല്‍ വീണ്ടും ചിണുങ്ങി.കമ്പനിയുടെ വോയ്സ് മെസ്സേജ്.”പ്രശസ്തഗായിക
പ്രിയഗോപാലുമായി സംസാരിക്കണ്ടേ?ഈ മാസം പന്ത്രണ്ടിന് നാലുമണി മുതല്‍ മതിവരുവോളം
സംസാരിക്കൂ.ചാര്‍ജ്‌ വെറും പതിനഞ്ചു രൂപ.ഈ സൗകര്യം ലഭിക്കുന്നതിനായി സ്റ്റാര്‍
അമര്‍ത്തുക.”
അയാള്‍
ന്യൂസ്‌പേപ്പര്‍ തുറന്നു:”ബാലനെ കത്തി പഴുപ്പിച്ചുപൊള്ളിച്ചു.പാലക്കാട്‌-പോക്കറ്റില്‍
നിന്ന് ചോദിക്കാതെ പണമെടുത്തതിന് പിതാവ് മകനെ കത്തി പഴുപ്പിച്ച്
പൊള്ളിച്ചു.ഗുരുതരമായി പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിലാണ്.”കലാപങ്ങള്‍,ബോംബാക്രമണങ്ങള്‍,പേപ്പറില്‍
എപ്പോഴും കനലെരിയുന്നു.മൊബൈല്‍ വീണ്ടും കരഞ്ഞു.സന്ദേശങ്ങള്‍ ഇടതടവില്ലാതെ
ഒഴുകുകയാണ്.എന്നിട്ടും ഓരോരുത്തരും ഒറ്റയ്ക്ക്തന്നെ”.നൌ!എക്സലന്‍റ് ഓഫര്‍!നൈറ്റ്‌
കാള്‍സ് കംപ്ലീറ്റ്ലി ഫ്രീ .ഹറി അപ്പ്‌.റീചാര്‍ജ് വിത്ത്‌ Rs175. അണ്‍ ലിമിറ്റഡ്
വലിഡിറ്റി.”മനുഷ്യന് മാത്രമാണിപ്പോള്‍ ഒരു വലിഡിറ്റിയും
ഇല്ലാത്തത്.ഔട്ട്‌ ഓഫ് കവറേജ് ഏരിയയിലേക്ക്‌ ഒരു പോക്കാണ്.സബ്സ്ക്രൈബര്‍ പിന്നീടൊരിക്കലും
പ്രതികരിക്കുന്നില്ല.മറ്റൊരു മെസ്സേജ് വീണ്ടും തിക്കിത്തിരക്കിയെത്തി.അജ്ഞാതന്‍റെ
വേറൊരു സന്ദേശം-“ഒരു പെന്‍സിലിനുമുണ്ട് ചിലത് പറയാന്‍:നീ ചെയുന്നതെല്ലാം
ഒരടയാളത്തെ ബാക്കി വെക്കും.നിന്‍റെ തെറ്റുകള്‍ക്കെപ്പോഴും തിരുത്തപ്പെടാന്‍
അവസരമുണ്ട്.പുറംമോടിയെക്കാള്‍ അകമാണ് പ്രധാനം.മെച്ചപ്പെടാന്‍ ഒരുപാട് വേദന നിറഞ്ഞ
കൂര്‍പ്പിക്കലുകള്‍ സഹിക്കേണ്ടിവരും...
സം
ടെക്സ്റ്റ്‌ മിസ്സിംഗ്‌-
ഒരു
നെടുവീര്‍പ്പോടെ അയാളോര്‍ത്തു.മിസ്സിംഗ്‌ തന്നെ പലതും.ഈ സത്രമുറ്റത്ത്‌ എത്രയായി
ചിരിക്കുന്നു, കളിക്കുന്നു..കരയുന്നു..പ്രണയിക്കുന്നു..വെറുക്കുന്നു..എത്ര നീണ്ട
വാസമെന്നു അതിശയിക്കുന്നു.നിഗൂഡത മാത്രമേകി ഓരോരുത്തരും ഇരുണ്ട മരണഗുഹയിലേക്ക്
നടന്നുപോകുന്നു.അപ്പോഴും എപ്പോഴും
സം
ടെക്സ്റ്റ്‌ മിസ്സിംഗ്‌.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ