Pages

2011, നവംബർ 20, ഞായറാഴ്‌ച

jalayudham


ജലയുദ്ധം
അമ്ലമഴയാല്‍
ശുഷ്കിച്ചുപോയ പാഴ്നിലത്ത് ആര്‍ക്കും വേണ്ടാതെ വളര്‍ന്നുനിന്ന കുറെ
കള്ളിച്ചെടികളായിരുന്നു ഭുമിക്ക്‌ ഒരു വിളര്‍ത്ത പച്ചപ്പെങ്കിലും നല്‍കിയത്‌.അതില്‍
വിരിഞ്ഞ അരണ്ട വയലറ്റ്പൂക്കളെ തേടിയാണ് പൂമ്പാറ്റ അവിടെ എത്തിയത്‌.അമ്മ പറയാറുണ്ടായിരുന്നു.
,പൂക്കളുടെ പട്ടിതളിനെപ്പറ്റി,എത്ര ഉരച്ചു കളഞ്ഞാലും ദേഹത്ത്നിന്ന് വിട്ടുപോകാത്ത
സുഗന്ധത്തെപ്പറ്റി..എത്ര നുണഞ്ഞാലും മടുക്കാത്ത തേനിനെപ്പറ്റി..അവന്‍ പക്ഷേ
കണ്ടതത്രയുംപ്ളാസ്റ്റിക്ക് പോലെ പരുപരുത്ത ഇതളുകള്‍,നിര്‍ഗന്ധികള്‍,തേനെന്നു
പറയാന്‍ ഒന്നുമില്ല,,കയ്ക്കുന്ന ഒരു നീരുമാത്രം.എന്നിട്ടും ഉരുകുന്ന ചുട്ടുപഴുത്ത
ഇരുമ്പുപോലെ ചുറ്റും പൊള്ളിത്തിണര്‍ക്കുമ്പോള്‍ ഇങ്ങനെ വല്ല പൂവിതളിലും തല
ചായ്ച്ചുകിടക്കാം.ചെറിയൊരു തണുപ്പ് അരിച്ചെത്തുന്നു എന്നാശ്വസിക്കാം.പൂമ്പാറ്റകളും
വണ്ടുകളും കുറെയായി പുതിയൊരു കാലത്തിലൂടെയാണ് ഇടറി പറക്കുന്നത്.മധുവെന്നു
കരുതി,മഞ്ഞുതുള്ളിയെന്നു കരുതി ഏതെങ്കിലും വയലറ്റ്പൂക്കളെ ഉമ്മ വക്കുമ്പോഴാവും
ചിറകുകള്‍ കരിയുന്നത്,വായ് ചുട്ടുപൊള്ളുന്നത്.ഹിമത്തണുപ്പും ജലത്തണുപ്പും അമ്മ
പറഞ്ഞ കഥകളിലെ വിസ്മയങ്ങള്‍ മാത്രം.പുതിയ തലമുറക്ക്‌ അതൊന്നും അറിയുകതന്നെയില്ല.മരുവിലെന്നോണം
പൊടിമണ്ണ്‍ വരണ്ട കാറ്റില്‍ വട്ടംചുറ്റി.ഉണങ്ങിമൊരിഞ്ഞ നീളന്‍കുഴികള്‍ ഒരു കാലത്ത്‌
വറ്റാത്ത വെള്ളപ്പാത്രങ്ങളായിരുന്നത്രെ.ജലം ഒഴുകുന്ന ശബ്ദം,ഹൃദയത്തോളം ചെല്ലുന്ന
അതിന്‍റെ ശീതം,എപ്പോഴും വീശുന്ന ശീതളമായ കാറ്റ്..ഒക്കെ അമ്മ ഒരു നൂറുതവണയെങ്കിലും
പറഞ്ഞുകാണും.മുള്‍ച്ചെടിയുടെ വരണ്ട തണലില്‍,വെറുതെ ഇരിക്കുമ്പോഴാണ് ദൂരെനിന്ന് ഒരു
കലഹശബ്ദം.പൂമ്പാറ്റ കണ്ണ് കൂര്‍പ്പിച്ചു.ഒരുത്തന്‍റെ കയ്യിലെ കുപ്പിക്ക്
വേണ്ടിയാണ് ഒരുപാട്പേര്‍ വടിയും കത്തിയുമായി..ജീവന്‍ കയ്യിലെടുത്ത് ഓടുമ്പോഴും
അയാള്‍ കുപ്പി മുറുകെ പിടിച്ചു.ചുക്കിച്ചുളിഞ്ഞ ദേഹം,കുഴിഞ്ഞ കണ്ണുകള്‍..അകാലവാര്‍ധക്യത്തിന്‍റെ
ദേശമാണിത്.അന്ത്യനാളിലേതു പോലെ സൂര്യന്‍ ഒരു ചാണ്‍ മാത്രം അകലെ.കുന്തമുനകളായി
പൊള്ളുംരശ്മികള്‍..ചെമന്ന വ്രണങ്ങളാണെല്ലാവര്‍ക്കും.എത്ര വസ്ത്രത്തില്‍
മൂടിപ്പൊതിഞ്ഞാലും തൊലി ചുളിയുകതന്നെ.മനുഷ്യര്‍ വെള്ളത്തില്‍ തിമര്‍ത്തുമദിച്ച ഒരു
കാലമുണ്ടായിരുന്നത്രെ;-ജലകേളികള്‍ക്കുള്ള പാര്‍ക്കുകള്‍,ചിരിച്ചുകുണുങ്ങുന്ന
പുഴകള്‍,നിശ്ചലധ്യാനത്തില്‍ കണ്‍ചിമ്മിയ കുളങ്ങള്‍,തിരകള്‍ ആര്‍ത്തലയ്ക്കുന്ന
സമുദ്രങ്ങള്‍..ഇന്നോ?ഒരു പാത്രം വെള്ളത്തിന്‍റെ വില മറ്റൊന്നിനുമില്ല.വെള്ളം,ദാഹം
തീരെ വെള്ളം-അതാണോരോരുത്തരും ആശിക്കുന്നത്.
കൊല്ലെടാ
കൊല്ല്”-പിന്നാലെ വന്നവര്‍ ഭീതിയാല്‍ പേ പിടിച്ചോടുന്നവനെ കത്തിയാല്‍ എറിഞ്ഞു
വീഴ്ത്തി.”അതെന്‍റെതാ, വെള്ളം..”മുറിഞ്ഞു പോകുന്ന വാക്കുകള്‍ നിലക്കുകയും അയാളുടെ
ചുണ്ടുകള്‍ പോടിമണ്ണിനെ ചുംബിക്കുകയും
ചെയ്തിട്ടും കലഹം നിലച്ചില്ല.ഇപ്പോള്‍ കുപ്പി കയ്യിലുല്ലവന്‍റെ പിന്നാലെയാണ്
മറ്റുള്ളവരുടെ ഓട്ടം.എണ്ണം ഒന്നാകുവോളം യുദ്ധം തുടരും.പിന്നെ മറ്റൊരാള്‍
ചാടിവീണിട്ടില്ലെങ്കില്‍ ശേഷിക്കുന്നവന് ദാഹം തീരെ തൊണ്ട നനക്കാം.ഒന്ന്
മയങ്ങിയപ്പോഴേക്കും ശലഭം ഒരു സ്വപ്നത്തിലേക്ക് ഊഞ്ഞാലാടി-പച്ചപ്പുതപ്പണിഞ്ഞ
മാമരങ്ങള്‍,ചാടി നടക്കുന്ന മൈനകള്‍,നിശ്ശബ്ദതയുടെ വെള്ളപ്പരവതാനിയില്‍ തുള
വീഴ്ത്തുന്ന പല വര്‍ണക്കിളികള്‍,കളകളം മൂളുന്ന കണ്ണാടിയരുവികള്‍...ഊഞ്ഞാലില്‍
ആടിയാടി അവന്‍ മറ്റൊരു കാഴ്ച്ചയിലേക്കെത്തി.ഏതോ ഒരു ദേശത്ത് ആളുകള്‍ മരങ്ങളെ
നനച്ചും പരിപാലിച്ചും..പുല്‍ത്തകിടികള്‍,തലയാട്ടിച്ചിരിക്കുന്ന പൂക്കള്‍.അത്യാവേശത്തോടെ
അമ്മ പറഞ്ഞ പട്ടിതള്‍ തേടി,തേന്‍മധുരം തിരഞ്ഞ് അവന്‍ ശീഘ്രം പറന്നു.എന്നാല്‍-അടുത്തെത്തും
മുമ്പേ,നാല് വശത്തുനിന്നും തുറുകണ്ണുകളുമായി തോക്കിന്‍കുഴലുകള്‍ അവനോട്
ചീറി-“മാറിക്കോ ജീവന്‍ വേണമെങ്കില്‍”..അവന്‍ പിന്നാക്കം പറന്നു.അതൊരു വലിയ
ജലാശയമായിരുന്നു.അതിനു കാവല്‍ നില്‍ക്കയാണ് നാല് പട്ടാളക്കാര്‍.നിരയായി സ്ഥാപിച്ച
പൈപ്പുകള്‍ക്ക് മുമ്പില്‍ നീണ്ടുപോകുന്ന കുടങ്ങള്‍,ബക്കറ്റുകള്‍..ഓരോ പാത്രവും പൈപ്പിനടുത്തേക്ക്
നീക്കണമെങ്കില്‍ അടുത്തുള്ള കൌണ്ടറില്‍ പണമടക്കണം.വെള്ളം കൊണ്ട്പോവാന്‍ രശീതി
കാണിക്കണം.എന്നാലും അവരുടെ കണ്ണുകളിലെല്ലാം വല്ലാത്തൊരു തിളക്കം..ദേഹം കുറച്ചുകൂടെ
വസന്തത്തെ ചേര്‍ത്തുപിടിക്കുന്നു.ഒരിറ്റുജലം എനിക്കും ലഭിച്ചെങ്കില്‍.. സുമങ്ങളെ
ഒന്നു സ്പര്‍ശിക്കാനായെങ്കില്‍..സങ്കടത്തിന്‍റെ ഒരു നീര്‍ത്തുള്ളി അവന്‍റെ കണ്ണ്
തുളച്ചിറങ്ങി.അതൊന്നും സ്വപ്നമല്ല.അവന്‍ പിറുപിറുത്തു.പൊടുന്നനെ-ഭീകരരൂപികളായ
ഇരുള്‍മേഘങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദം തരിശുനിലത്തെ പ്രകമ്പനം
കൊള്ളിച്ചു.കൊള്ളിയാന്‍ വിണ്ടനിലത്ത് മുറിവുകള്‍ തീര്‍ത്തു.”ഹാവൂ,അമ്മ പറയാറുള്ള
മഴയുടെ വരവാവാം.”അവന്‍ ആശ്വാസത്തോടെ കണ്ണുകളുയര്‍ത്തി. ഒരു പെരുംതുള്ളി അവന്‍റെ കണ്ണുകളെ പൊള്ളിച്ചു.ചിറക്‌
കരിച്ചു..വേവുന്ന ആശ്ലേഷത്തില്‍ വയലറ്റ്പുഷ്പം വ്യസനിച്ചു.ഒരു വസന്തം തങ്ങള്‍ക്ക്
വിധിക്കപ്പെടില്ലെന്ന തേങ്ങലോടെ പൂവും പൂമ്പാറ്റയും..പരുപരുത്ത ഇതളുകളും മൃദുലമായ
ചിറകുകളും ഒരു നിമിഷംകൊണ്ട് പൊടിഞ്ഞു.പിന്നെ-ചാരം!അതുമാത്രം ബാക്കിയായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ