Pages

2015 ഡിസംബർ 12, ശനിയാഴ്‌ച

പുതുകാലം{കഥ}






 ഇരുപത്താറു കഴിഞ്ഞ അയാള്‍ക്ക്‌ മസ്തിഷ്കമരണം സംഭവിച്ചതും ബന്ധുക്കളുടെ സമ്മതത്തോടെ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു, -“ഇരുപത്താറു വയസ്സുകാരനായ ഹിന്ദു യുവാവിന്‍റെ കിഡ്നി ,കരള്‍ ,ഹൃദയം കണ്ണുകള്‍ തുടങ്ങിയവ ദാനം ചെയ്യുന്നു. ഇവ സ്വീകരിക്കുന്നതിന് യോഗ്യരായ ഹിന്ദുക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു ..ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുന്‍ഗണന..”

സൂര്യയ്ക്ക് വായിച്ചത് വിശ്വസിക്കാനായില്ല .അയാള്‍ കണ്ണുകള്‍ അമര്‍ത്തി  തിരുമ്മി പിന്നെയും നോക്കി , അപ്പോഴാണ്‌ മറ്റൊരു നോട്ടീസ് –“നാല്‍പ്പതു വയസ്സുള്ള മുസ്ലിം ബിസിനസ്സുകാരന്  കിഡ്നി ആവശ്യമുണ്ട് ..ആകര്‍ഷണീയമായ പ്രതിഫലം നല്‍കുന്നതാണ് ..യോജിപ്പുള്ള മുസ്ലിം കിഡ്നികള്‍ ഉള്ളവര്‍ ഈ ആശുപത്രിയുമായി ബന്ധപ്പെടുക!”
ഒഴിഞ്ഞ മറ്റു കള്ളികളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു മതങ്ങളുടെ അവയവങ്ങളും വന്നു നിറയുമെന്ന് അയാള്‍ ഊഹിച്ചു..അയാള്‍ തന്‍റെ പാര്‍ശ്വങ്ങളിലൂടെ വിരലോടിച്ചു ..അഞ്ചു കൊല്ലം മുമ്പ് ഒരു തമിഴത്തിയില്‍ നിന്ന് സ്വീകരിച്ച പയറുമണി പോലുള്ള ആ അവയവം ,വൈമനസ്യത്തോടെ മരുന്നുസഹായത്തോടെ ഇപ്പോഴും പതുക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു..ഇവിടെ എത്തിയത് തന്നെ നെഫ്രോളജിയിലെ ഫിറോസ്‌ ഡോക്ടറെ കാണാനാണ് ..ഈയിടെയായി ഇടയ്ക്കിടെ പനി വരുന്നു ..ആള്‍ക്കൂട്ടത്തിലേക്കൊന്നും പോവാറില്ല ..”ഇന്‍ഫെക്ഷന്‍ “, “ ഇന്‍ഫെക്ഷന്‍” ഡോക്ടറുടെ മുന്നറിയിപ്പ് ഇടയ്ക്കിടെ കാതില്‍ മുഴങ്ങുന്നു ..കോളേജ് യൂനിയന്‍റെ ചെയര്‍മാനായിരുന്ന , തീപ്പൊരി പ്രസംഗകാനായിരുന്ന  കുട്ടിസഖാവിന്‍റെ  പതനം അതിഭീകരം തന്നെ ..അയാള്‍ സ്വയം പരിഹസിച്ചു ചിരിച്ചു ..നോട്ടീസ് ബോര്‍ഡിലേക്ക് നോക്കുന്തോറും ചിരിക്കണോ കരയണോയെന്ന്‍ അയാള്‍ക്ക് നിശ്ചയമില്ലാതായി ..ഡോക്ടര്‍ എത്തുവോളം ഈ വിഡ്ഢിത്തങ്ങളൊക്കെ വായിച്ചു നോക്കാം ..മനസ്സ് പക്ഷെ അടങ്ങുന്നില്ല , തനിക്ക് വൃക്ക തന്ന ആ തമിഴത്തിയുടെ ജാതി ഏതായിരുന്നു? ദാരിദ്ര്യമായിരുന്നു അവരുടെ മതം ..ആ വെയില്‍ച്ചൂടില്‍ നിന്ന് ഇത്തിരി നേരത്തേക്കെങ്കിലും കയറി നില്‍ക്കാനാണ് യാതൊരു പതര്‍ച്ചയുമില്ലാതെ അവര്‍ ആശുപത്രിയിലേക്ക് വന്നത് .ഓപ്പറേഷന് ശേഷം വലിയ പരിചരണമൊന്നും കിട്ടാതെ അവഗണനയുടെ തീച്ചൂടിലൂടെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയത് ..

ബോധം വന്നപ്പോള്‍ താന്‍ ഭാര്യയോട് കുറെ കയര്‍ത്തു ..ഡോക്ടറോട് കരഞ്ഞു നിലവിളിച്ച് ആ സ്ത്രീ ഡിസ്ചാര്‍ജ് വാങ്ങിയെന്ന് അവള്‍ പറഞ്ഞു ..പിന്നെ അവള്‍ പതുക്കെ പറഞ്ഞു –“അവര്‍ക്ക് അഞ്ചു കുഞ്ഞുങ്ങളാ ..ചെറുതിന് മൂന്നു മാസാ പ്രായം ..” ഒരിക്കലും അമ്മയാവാത്തതിന്‍റെ വേദന അവളുടെ വാക്കുകളില്‍ മുറ്റി.

.”വേണ്ടാത്തോര്‍ക്ക് ദൈവം വാരിക്കോരി കൊടുക്കും ,-“ഒരു ഫിലോസഫി പോലെ താന്‍ പറഞ്ഞു ..

“അതല്ല . ആ ചെറിയ കുട്ടി ഇത്രേം ദിവസം എന്തു കരച്ചിലാവും , വേണ്ടായിരുന്നു അവരുടേത് ..”

“പിന്നെ? ഞാന്‍ മരിച്ചോട്ടെയെന്നോ?  ഇതു തന്നെ എത്ര കഷ്ടപ്പെട്ടാണ്‌ ഒത്തു വന്നത് ..”  ഓ അണ്ണാച്ചിക്കുഞ്ഞല്ലേ  ..അവള്‍ കേള്‍ക്കാതെ മനസ്സ് ഉരുവിട്ടു..
താനെങ്ങനെ ഇങ്ങനെയൊക്കെയായി? അനീതികളോട് രാജിയാകാതിരുന്ന തന്‍റെയുള്ളിലെ ആ അഗ്നിയെ കെടുത്തിക്കളഞ്ഞത് ആരാണ്? രോഗങ്ങളോ? പ്രാരബ്ധങ്ങളോ? മനുഷ്യന്‍റെ വ്യസനങ്ങളെ സമീപിക്കുമ്പോള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും പരാജയമാണ് ..രോഗങ്ങള്‍ , മരണം , ജനനം , ഈ സമസ്യകള്‍ക്കെല്ലാം എന്തുത്തരമാണ് അവയ്ക്ക് നല്‍കാനുള്ളത്?
രാഷ്ട്രീയസമരങ്ങള്‍ക്ക് കേളികേട്ടിരുന്ന തന്‍റെ പഴയ കോളേജില്‍ നിന്ന് കുട്ടികള്‍ പറ്റമായി ഇറങ്ങി വരുന്നു ..അധിക കുട്ടികളും കയ്യിലെ മൊബൈല്‍ സ്ക്രീനിലേക്ക് കണ്ണും നട്ട് തലയും കുനിച്ചാണ് നടപ്പ് ..ചുറ്റുമുള്ള ഒന്നുമൊന്നും കാണാതെ ഇവര്‍ ആരോടാണ് ഇത്രയധികം സംസാരിച്ചുകൊണ്ടിരിക്കുന്നത്?

അപ്പോള്‍ ശബ്ദഘോഷങ്ങളോടെ  ഒരു ജാഥ  പ്രസംഗഫണം ഉയര്‍ത്തി സീല്‍ക്കാരത്തോടെ വിഷം ചീറ്റാന്‍ തുടങ്ങി –“എന്നു നിന്‍റെ മൊയ്ദീന്‍ “ എന്ന ഈ തല്ലിപ്പൊളി സിനിമ സംവിധായകന്‍ മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനാണോ നിര്‍മിച്ചത്? അയാള്‍ മുങ്ങി മരിച്ചത് നന്നായി ..അയാളെങ്ങാന്‍ ഞങ്ങളുടെ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതായിരുന്നു അന്ത്യമെങ്കില്‍ ഞങ്ങള്‍ ആ സിനിമ ഓടുന്ന തിയേറ്ററുകളെല്ലാം ചുട്ടു കളയുമായിരുന്നു ..വിശുദ്ധയായ ഹിന്ദു പെണ്‍കുട്ടിയെ വേള്‍ക്കാന്‍ നാട്ടില്‍ ഹിന്ദു ചെറുപ്പക്കാര്‍ തന്നെ ധാരാളമുണ്ട് ..അതിന് കണ്ട നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട മുസ്ലിമിന്‍റെയോ കൃസ്ത്യാനിയുടെയോ  ആവശ്യമില്ല ..”
അയാള്‍ സ്തബ്ധനായി ആ ജനാവലിയെ നോക്കി ..പണ്ട് തന്‍റെ വലംകൈകളായിരുന്ന ചെമ്പട നിശ്ശബ്ദരായി ഒരല്പം തല കുനിച്ച് ആ ജാഥയെ അനുഗമിക്കുന്നു ..അയാള്‍ക്ക് തൊണ്ടയില്‍  പെരുംകല്ല്‌ പോലെ ഒരു നിലവിളി തടഞ്ഞു ..ശരീരത്തില്‍ പിടി മുറുക്കുന്ന പനിക്കൈകളുടെ നീരാളിപ്പിടുത്തത്തില്‍ ബോധം മറഞ്ഞ് അയാള്‍ നിലത്തേക്ക് കുഴഞ്ഞു വീണു ....................

2015 നവംബർ 22, ഞായറാഴ്‌ച

ഉമ്മ {കഥ-രണ്ട്}

{ജീവിതത്തില്‍ നമ്മള്‍ പലതരം അമ്മമാരെ കാണുന്നു. വീക്ഷണത്തിലും അഭിരുചിയിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവര്‍..}

മ്മയ്ക്ക് എഴുപത് വയസ്സായി. എന്നിട്ടും പ്രായത്തെ കൂസാതെ കടന്നുപോകുന്ന കാലത്തെ നോക്കി കുസൃതിച്ചിരി പൊഴിച്ചുകൊണ്ട് ഉമ്മ എപ്പോഴും പ്രണയത്തെക്കുറിച്ച് സംസാരിച്ചു. കുറച്ചു എഴുതുന്ന സൂക്കേട് പണ്ടേ ഉണ്ട്. എന്നു വച്ച് ഇതൊക്കെ എത്ര സഹിക്കും? ഒരു ശ്രോതാവിനെ കിട്ടിയാല്‍ മതി ഉമ്മ പ്രണയത്തെക്കുറിച്ച് വാചാലയാവാന്‍. കേള്‍ക്കുന്നവര്‍ക്ക് അത്തരം വല്ല അനുഭവങ്ങളും ഉണ്ടെങ്കില്‍ അതെല്ലാം വിദഗ്ധമായി തോണ്ടി പുറത്തിടും. ഒരിക്കലും പ്രണയിക്കപ്പെടാത്ത തന്റെ ദുര്യോഗത്തെക്കുറിച്ചോര്‍ത്ത് കണ്ണീരോഴുക്കും..ഉപ്പ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയെങ്കിലും ഉമ്മയുടെ ഓരോ പരാതിയും ഉപ്പയെ കുത്തി നോവിക്കുന്നതായാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ ഉമ്മാക്ക് മരിക്കാറായി എന്ന വല്ല ബോധവുമുണ്ടോ? വരാന്‍ പോകുന്ന ഖബര്‍ ശിക്ഷകള്‍..ഇപ്പോഴും നാണമില്ലാതെ പ്രേമത്തെക്കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുന്നു..മതഗ്രന്ഥങ്ങള്‍ അരികിലേക്ക് നീക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു 'ഉമ്മ ഇനി മുതല്‍ ഇതൊക്കെ വായിച്ചാല്‍ മതി.നാളെ പടച്ചോന്റെ മുന്നില്‍ നിക്കാന്ള്ളതല്ലേ ഉമ്മാ?'
ഉമ്മ വെള്ളിപ്പുതപ്പിട്ട മുടിയിഴകളെ പിന്നിലേക്ക് വകഞ്ഞുമാറ്റി എന്നെ ഉറ്റു നോക്കി .ഞാന്‍ ഉരുകിത്തീരുകയാണെന്ന് എനിക്കു തോന്നി ..പിന്നെ ചങ്ങമ്പുഴയുടെ കവിതകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കാനെടുത്തു..മരണം പരലോകം ഇതൊക്കെ ഓര്‍ത്ത് എന്റെ ചങ്കിടിച്ചു.ദൈവശിക്ഷ തീക്കട്ടകളായി ഉമ്മാന്‍റെ മേല്‍ വീഴില്ലേ? എന്താണ് ഉമ്മാന്‍റെ ഭാവം? കണ്ണില്‍കണ്ട നശിച്ച പുസ്തകങ്ങളൊക്കെ വായിച്ചുകൊണ്ട് മരിച്ചു പോകാനോ? കലിമ ചൊല്ലാതെ , ഈമാന്‍ കിട്ടാതെ ഉമ്മ മരിച്ചുപോകോ റബ്ബേ? പണ്ട് ഉമ്മാന്‍റെ കവിതകളില്‍ ഒരാളുടെ അവ്യക്തരൂപം എപ്പഴും ആവര്‍ത്തിച്ചു വരാറുണ്ടായിരുന്നു. വട്ടത്താടിയുള്ള ചിരിക്കുന്ന കണ്ണുകളുള്ള ഒരാള്‍..'അതാരാ ഉമ്മാ' ഇടയ്ക്കിടെ അന്ന് ചോദിച്ചിരുന്നു.

'ഓ ,അതൊരു സങ്കല്പമനുഷ്യന്‍, ഇതു വരെയും കണ്ടെത്തിയിട്ടില്ലാത്ത ഒരാള്‍ ..'  

'തെറ്റല്ലേ ഉമ്മാ ,വിവാഹിതയായ ഒരു പെണ്ണ് മറ്റൊരാളെ മനസ്സില്‍ കൊണ്ടുനടക്കുന്നത്?' പകച്ച കണ്ണുകളോടെ ഉമ്മ അന്നു ചോദിച്ചു ,'എന്താണ് തെറ്റ്? എന്താണ് ശരി?' വെറുതെയല്ല ഉപ്പ അങ്ങനെയൊക്കെയായത്..ഇത്തരം പെണ്ണുങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമല്ല .പഠിക്കുന്ന കാലത്ത് താനും കുറച്ചൊക്കെ വായിച്ചിരുന്നു, മൂപ്പര്‍ക്ക് അതൊന്നും ഇഷ്ടല്ലാത്തതോണ്ട് കല്യാണത്തോടെ നിര്‍ത്തി. ഇപ്പോ പുസ്തകം കണ്ടാല്‍ ഉറക്കം വരും ..

ആങ്ങളയ്ക്ക് ജോലിയായതില്‍ പിന്നെയാണ് വീട്ടിലേക്ക് പച്ചത്തണല്‍ ചാഞ്ഞു തുടങ്ങിയത്.'ഉപ്പാനെ ഹജ്ജ് ചെയ്യിക്കാന്‍ ഏതായാലും പറ്റിയില്ല .ഉമ്മാനെ കൊണ്ടുപോണം.' ഗള്‍ഫില്‍ നിന്ന് ആങ്ങള വിളിച്ചു പറഞ്ഞു..കാര്യം ഞാനവതരിപ്പിച്ചപ്പഴേ ഉമ്മ അനാദികാലം മുതലുള്ള ഒരു പുഞ്ചിരി മുഖത്തൊട്ടിച്ച് പതുക്കെ ചോദിച്ചു , 'നാലും അഞ്ചും ലക്ഷം കൊടുത്ത് ഞാനെന്തിനാ പടച്ചോനെ കാണാന്‍ അങ്ങോട്ട് പോണ്? ഓന്‍ ന്റെ ഖല്‍ബില്‍ തന്നെണ്ടല്ലോ..ആ പൈസോണ്ട് യത്തീംമക്കള്‍ക്ക് തിന്നാനും ഉടുക്കാനും വാങ്ങിക്കൊടുക്കാന്‍ പറ ഓനോട്.'ഉമ്മ ഏതോ പ്രണയഗാനം ഈണത്തില്‍ മൂളാന്‍ തുടങ്ങി ..

'നൊസ്സാ അന്റെ തള്ളയ്ക്ക്, 'ജാബിറിക്ക പുച്ഛത്തോടെ ചിരിച്ചു. 'എന്താ ഖാലിദിന് ഉമ്മാനെ ഗള്‍ഫിലേക്ക് കൊണ്ടു പോയാല്‍? കൊറെ കാലായല്ലോ ഇവിടെ അടിഞ്ഞിട്ട്..നാട്ടിലാകെ പാട്ടായിട്ടുണ്ട് തള്ളേന്റെ രോഗം..അടക്കോം ഒതുക്കോം ഇല്ല കുഴീല്‍ക്ക് കാല് നീട്ടീട്ടും..'

അവസാനവരി പറഞ്ഞപ്പോള്‍ അയാളുടെ ചുണ്ടില്‍ നിന്ന് അശ്ലീലമായ ഒരാംഗ്യം പുറത്തേക്ക് തെറിച്ചു.അയാളെന്താണ് ഉമ്മാനെപ്പറ്റി കരുതിയിട്ടുണ്ടാവുക? കാമാപ്പിരാന്ത് തീരാത്ത ഒരുത്തിയെന്നോ? നിഷ്‌കളങ്കമായ സ്‌നേഹത്തെക്കുറിച്ചല്ലേ ഉമ്മ പറഞ്ഞോണ്ടിരിക്കുന്നത്? എന്തെന്നില്ലാത്ത പിരിമുറുക്കം തോന്നി എനിക്ക്. ഉമ്മാനെ ഒറ്റയ്‌ക്കൊരു റൂമിലാക്കിയാലോ? ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചാലോ? എഴുപതാം വയസ്സില്‍ ഒരു സ്ത്രീ പ്രണയത്തെക്കുറിച്ച് പറയുന്നത് അത്ര വലിയ കാര്യമാണോ? ഓ അല്ലെങ്കില്‍ എന്താണ് പ്രണയം? പാടിപ്പുകഴ്ത്താന്‍ മാത്രം ആണ്‍പെണ്‍ബന്ധങ്ങളില്‍ എന്തെങ്കിലും ഉണ്ടോ? ആകെ തല പെരുക്കുന്നു .വെറും പ്രീഡിഗ്രിക്കാരിയായ താന്‍ ഈ നഗരത്തില്‍ ഇനി എവിടെ ഒരു സൈക്കോളജിസ്റ്റിനെ തേടിപ്പിടിക്കാനാണ്?അതറിഞ്ഞാല്‍ തന്നെ ജാബിറിക്ക ദേഷ്യം പിടിക്കില്ലേ? മുമ്പ് മൂപ്പര്‍ കലി കേറി മുഖത്ത് ആഞ്ഞടിച്ചതിന്‍റെ  ഓര്‍മ വേദനയായി കവിളില്‍ ഇപ്പഴും കല്ലിച്ചു കിടക്കുന്നു..

ഉമ്മയും ഉപ്പയും ഒരു ചേര്‍ച്ചയുമുണ്ടായിരുന്നില്ല. പാറ പോലെ കഠിനനായിരുന്നു ഉപ്പ. പറഞ്ഞത് അപ്പപ്പോള്‍ നടന്നില്ലെങ്കില്‍ അടിയും ഇടിയും തൊഴിയും..നിവൃത്തി കെടുമ്പോള്‍ നാവുവാള് കൊണ്ടാണ് ഉമ്മ പകരം വീട്ടുക. ബാല്യത്തിന്‍റെ  മുറ്റത്തെപ്പോഴും വഴക്കുകളുടെ പേടിപ്പിക്കുന്ന മുഴക്കമുണ്ട്..തീര്‍ത്താല്‍ തീരാത്ത പണികള്‍ക്കിടയിലും ഉമ്മ ഓരോന്ന് കുത്തിക്കുറിക്കുന്നത് കാണാം..ഒരിക്കലും ആരും അറിയാതിരുന്ന എഴുത്തുകാരി..മൂന്നാലു പുസ്തകങ്ങള്‍ ഇറക്കാന്‍ മാത്രം കടലാസ്‌കെട്ടുകള്‍ ഉമ്മയുടെ പെട്ടിയില്‍ വിശ്രമിക്കുന്നു..കയ്യില്‍ പൈസ കിട്ടുമ്പോഴൊക്കെ കവിതാബുക്കുകള്‍ വാങ്ങിപ്പിക്കുന്നു..തിമിരം മൂടാത്ത കണ്ണുകളാല്‍ ഇപ്പഴും വായിക്കുന്നു, ശോകസ്വരത്തില്‍ പ്രേമഗീതങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു..
അപ്പുറത്തെ ആയിശാത്തയുടെ കണ്ണോപ്പറേഷനെപ്പറ്റി പറഞ്ഞപ്പോള്‍ ഉമ്മ നെടുവീര്‍പ്പോടെ പിറുപിറുത്തു  'ആത്മാവിനെ തിമിരം മൂടുമ്പളാ അത് കണ്ണിലേക്കും വരാ, ന്‍റെ  റൂഹിനു ഞാന്‍ മരിക്കോളം തിമിരം വരുത്തല്ലേ പടച്ചോനെ, ഇന്ക്ക് ബോധത്തോടെ മരിക്കണം, ന്‍റെ  ചുറ്റുപാടും നല്ലോണം കണ്ട്..'

മക്കള്‍ വളര്‍ന്നു തുടങ്ങി. ഉമ്മാന്‍റെ  ജല്പനങ്ങള്‍ അവരെ വഴികെടിലേക്കേ വിടൂ..പ്രണയത്തിന്‍റെ  മുമ്പില്‍ ജാതിയോ മതമോ വര്‍ണമോ ഒന്നുമില്ലെന്നാണ് ഉമ്മാന്‍റെ  ആപ്തവാക്യം..അത് മക്കളോട് ഇടയ്ക്കിടെ ഉരുവിട്ടുകൊണ്ടിരിക്കും. എത്ര ചൂടായിട്ടും കാര്യമില്ല. മക്കള്‍ വഴി തെറ്റാന്‍ നെറ്റും മൊബൈലും മാത്രല്ല ഇങ്ങനെ ചില വല്യുമ്മമാരും കാരണാവൂന്ന് ആര്‍ക്കാ മനസ്സിലാവാ?

'ഒരിക്കല്‍ പോലും ന്‍റെ  ആത്മാവിന് പരിശുദ്ധപ്രണയത്തിന്‍റെ   സംസം തന്നില്ലല്ലോ പടച്ചോനേ..'മുകളിലേക്ക് നോക്കി ഉമ്മ പതം പറയും..'പരലോക ചിന്തകള്‍' എന്ന പേടിപ്പിക്കുന്ന പുസ്തകം ഞാന്‍ ഉമ്മാന്‍റെ  കയ്യില്‍ പിടിപ്പിച്ചു..അത് വായിച്ചെങ്കിലും ഉമ്മാക്ക് ഖബര്‍ശിക്ഷയെപ്പറ്റിയും ഖിയാമത്ത്‌നാളിനെപ്പറ്റിയും അന്ത്യവിചാരണയെപ്പറ്റിയും ഒരു ബോധമുണ്ടാകട്ടെ..ഉമ്മയ്ക്ക് ഒന്നും അറിയാഞ്ഞല്ല ..നശിച്ച പ്രണയകവിതകളില്‍ ഉമ്മ മുങ്ങിപ്പോയിരിക്കുന്നു..ഈമാന്‍ കിട്ടാതെ മരിച്ചാല്‍ നിത്യനരകത്തില്‍ വെന്തു കിടക്കേണ്ടി വരില്ലേ?

 'ഇനി ഉമ്മ ഇതു വായിച്ചാ മതി ..'എന്‍റെ  മുഖത്ത് കനത്തു കിടന്ന വാശിയിലേക്ക് സാകൂതം നോക്കിക്കൊണ്ട് ഉമ്മ പതുക്കെ പറഞ്ഞു  'ജാബിര്‍ ഇന്നലെ വയസ്സായോരുടെ വീടിനെപ്പറ്റി പറഞ്ഞില്ലേ? ന്നെ അവടെ കൊണ്ടാക്കിക്കോ..അവടെ നമ്മളെ ഇഷ്ടത്തിനു വായിക്കേം എഴുതേം ടി വി കാണേം ഒക്കെ ചെയ്യാന്ന് അപ്പര്‍ത്തെ മാഗി പറഞ്ഞു . ഓള്‍ടെ അമ്മായിയമ്മ അവിടെയാ..ഓള്‍ക്ക് മാത്രാ ഇന്നോട് ഇഷ്ടം , ന്‍റെ  കവിതകള്‍ എത്ര കേട്ടാലും ഓക്ക് മതിയാവൂല ..പൈസല്ലെങ്കി ദാ ന്‍റെ  മാലീം വളേം..'

ഉമ്മയോട് പിണങ്ങി മുറ്റത്തേക്ക് ഇറങ്ങി നില്‍ക്കുന്ന എന്‍റെ  ബാല്യരൂപം  മനസ്സിലേക്ക് വേദനയോടെ കുതിച്ചെത്തി..'ഉമ്മാ ,ന്നോട് ക്ഷമിക്കുമ്മാ, ' ഞാനാ ചുളിയാന്‍ തുടങ്ങിയ കൈകളെ സ്പര്‍ശിച്ചു..കുറുമ്പോടെ കൈ വലിച്ചെടുത്ത് ഉമ്മ പിന്നെയും പറഞ്ഞു 'ന്നെ അവടെ കൊണ്ടാക്കിക്കോ ,ഓര്‍മ എത്ത്യ കാലം മുതല്‍ ഞാന്‍ ന്‍റെ  ഇഷ്ടത്തിനു ജീവിച്ചിട്ടില്ല , ചെര്‍പ്പത്തില് വാപ്പാന്റേം ആങ്ങളാര്‌ടേം മതിലാര്ന്ന്. കല്യാണം കഴിഞ്ഞപ്പോ ഒരു സിംഹത്തിന്റെ നഖങ്ങള്‍ക്ക് ചുവട്ടിലായി  ചോര വാര്‍ന്ന് ന്‍റെ  ജീവിതം.. വയസ്സായപ്പം മക്കളെ ചങ്ങലയാ ന്നെ കെട്ടാന്‍ വരണ്. ഈ അവസാനകാലം നാലീസെങ്കി നാലീസം നിക്ക് ഞാനായിട്ട് ജീവിക്കണം..'

ഉമ്മയെ നോക്കി നില്‍ക്കവേ നിസ്സഹായത എന്റെ ഉള്ളില്‍ അലച്ചാര്‍ത്തു..ജീവിക്കുന്നുണ്ടോ ഞാനും ഞാനായിട്ട്? ഒരു വാള്‍ചോദ്യം എവിടുന്നോ പാഞ്ഞു കയറി എന്നെ കീറിമുറിച്ചു..പേപ്പറുകളെല്ലാം പെട്ടിയിലേക്ക് അടുക്കി വെക്കുന്ന ഉമ്മയെ ഞാന്‍ സ്തബ്ധയായി നോക്കി നിന്നു................................................ 


2015 നവംബർ 6, വെള്ളിയാഴ്‌ച

ഒരു വെര്‍ച്വല്‍ പ്രണയം {കഥ }



അമൃതയെ കാണാന്‍ ഡോക്ടര്‍ സുഹൃത്തിനൊപ്പം പുറപ്പെട്ടപ്പോള്‍ രണ്ടുണ്ടായിരുന്നു ഉദ്ദേശ്യം , വാരികയിലേക്ക് നല്ലൊരു സ്റ്റോറി കളക്റ്റ് ചെയ്യുക , വെറുതെ അവളെയൊന്നു കാണുക ..ബൈജു ഡോക്ടര്‍ അവരുടെ കുടുംബസുഹൃത്തായതു കൊണ്ടു മാത്രമാണ് അങ്ങനൊരു അവസരം ഒത്തു വന്നത് ..പക്ഷെ ചെന്നു കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് പല വട്ടം തോന്നി .അവള്‍ സാറിനെപ്പോലും തിരിച്ചറിയാതെ  തുറിച്ചു നോക്കികൊണ്ടിരുന്നു ..ചെറിയ കുട്ടികളുടെ ചേഷ്ടകള്‍ ..ഒരു മുതിര്‍ന്ന പെണ്ണാണെന്ന ബോധം ആ കുട്ടിക്ക് നഷ്ടപ്പെട്ടതുപോലെ ..

'കുറെയായി അഡ്മിറ്റ് ആയിരുന്നു .ഇന്നലെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത് .അവള്‍ ശുദ്ധവായു ശ്വസിച്ച് നല്ല ഭക്ഷണം കഴിക്കട്ടെ .എല്ലാം ശരിയാകുമായിരിക്കാം ..'ഡോക്ടറുടെ വാക്കുകളില്‍ പോലും ഒരു ഉറപ്പില്ലായ്മ നിലവിളിച്ചു .എങ്ങനെ ജീവിച്ച കുട്ടിയായിരുന്നു ..

ഏറണാകുളത്ത് ഐ ടി പ്രൊഫെഷണല്‍ ആയിരുന്നു അവള്‍ .മര്യാദക്കൊന്നു ഷോപ്പിങ്ങിനു പോകാന്‍ പോലും സമയമില്ലാത്ത തിരക്ക് ..ജോലി എടുക്കുന്ന മണിക്കൂറുകള്‍ക്കാണു ശമ്പളം ..

'ആ കുട്ടി പണക്കാരിയല്ലേ ,എന്തിനിങ്ങനെ മരിച്ചു പണിയെടുക്കണം?'

'ടാര്‍ജറ്റ് തികക്കുന്നവര്‍ക്കേ പ്രൊമോഷനും ജോലിസ്ഥിരതയുമുള്ളൂ .കൊമ്പറ്റീഷനാണ് പിടിച്ചു നില്‍ക്കല്‍.. .

ഫെയിസ് ബുക്കിലൂടെയാണ് അവള്‍ വരുണിനെ പരിചയപ്പെട്ടത് .അമ്മക്കോ അച്ഛനോ ആര്‍ക്കുമറിയില്ലായിരുന്നു ഒന്നും .ചാറ്റിംഗ് ,നിരന്തരവിളികള്‍ , ഓരോ നിമിഷവും അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു .വീട്ടില്‍ വന്ന് അമൃതയെ ആലോചിക്കാമെന്ന് അവന്‍ ഏറ്റതായിരുന്നു..'

ഡോക്ടര്‍ ഒന്നു നിര്‍ത്തി അവളെ നോക്കി .അവള്‍ പേപ്പറുകള്‍ കീറി കളിക്കുകയാണ് .വലിയവര്‍ കുട്ടികളെപ്പോലെ പെരുമാറുന്നത് ഇത്ര അരോചകമാവുന്നത് നമ്മുടെ ശീലങ്ങള്‍ക്ക് എതിരായത് കൊണ്ടാവാം .അവള്‍ സ്വയം സംസാരിക്കുന്നു , ദേഷ്യപ്പെടുന്നു , പൊട്ടിച്ചിരിക്കുന്നു ...

'വയലന്റായിരുന്നോ ' ഞാന്‍ ഒട്ടു മടിയോടെ ചോദിച്ചു .

'ഉം , ആദ്യം അലറി വിളിക്കലും  ഉപദ്രവിക്കലും  ഒക്കെ ഉണ്ടായിരുന്നു .കയ്യും കാലും ബന്ധിച്ചാണ് ക്ലിനിക്കില്‍ എത്തിച്ചത് .മനസ്സിലുള്ളത് മുഴുവന്‍ ഞാന്‍ ചോര്‍ത്തിയതോടെയാണ് ഒന്നടങ്ങിയത് ..'

'എന്നിട്ട്,   ആ ചെറുക്കന്‍ അമൃതയെ കല്യാണം ആലോചിച്ചോ ?'

'ഇല്ല , അതിനു മുമ്പേ അവന്‍ ആക്‌സിഡന്റില്‍ അവസാനിച്ചു ..ഒരാഴ്ച കഴിഞ്ഞാണ് അമൃത അറിയുന്നത് തന്നെ .അത് തന്നെ അവളുടെ കൂട്ടുകാരി ആ പേപ്പര്‍ എവിടുന്നോ തപ്പിപ്പിടിച്ചു കൊണ്ടു വന്നപ്പോള്‍ ..ഇപ്പഴത്തെ പിള്ളാരല്ലേ , എവിടെ   വായിക്കുന്നു  പേപ്പര്‍ . ചരമ പേജ് അവര്‍ കാണുക പോലുമില്ല ..ആ വാര്‍ത്തയാണവളെ  അധികം ഉലച്ചത് .ഒരു ഫ്രോഡിനെയാണല്ലോ താനിത്ര നാളും സ്‌നേഹിച്ചതെന്ന ദുഃഖം ..'

'അതെന്താ ?'

'ആ വാര്‍ത്ത ഇതാ , വായിച്ചു നോക്കൂ '

പാലക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് {28 വയസ് } മരിച്ചു .സൈബര്‍ സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിയിലായിരുന്നു .ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത് .പതിനഞ്ചോളം ഫെയ്ക്ക് ഐഡികളിലൂടെ പല യുവതികളുമായും പ്രണയം നടിച്ച് പണവും സ്വര്‍ണവും അപഹരിക്കുക , പ്രലോഭിപ്പിച്ച് ഹോട്ടലുകളില്‍ കൊണ്ടു പോവുക , അശ്ലീലചിത്രങ്ങളും  വീഡിയോകളും സംഘടിപ്പിച്ച് ബ്ലൂ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുക തുടങ്ങി നിരവധി കേസുകളാണ് ഇയാളുടെ പേരില്‍ ഉണ്ടായിരുന്നത് ..'

'അതയാള്‍ അല്ലെങ്കിലോ?അതേ ച്ഛായയുള്ള മറ്റാരെങ്കിലും ആയിക്കൂടെ?'

'അങ്ങനെ വിശ്വസിക്കുകയാണ് അവള്‍ ഇപ്പോഴും .ഒരാഴ്ച അവന്റെ മെസ്സേജുകള്‍ കാണാതായതോടെ അവള്‍ വല്ലാതെ ഡിപ്രസ്ഡ് ആയിരുന്നത്രെ .രണ്ടു ദിവസം റൂമില്‍ പനിച്ചു വിറച്ചു കിടപ്പായിരുന്നു ..അതുകൊണ്ട് തന്നെ പേടിച്ചു പേടിച്ചാണ് കൂട്ടുകാരി ആ വാര്‍ത്ത അവളെ കാണിച്ചത് ..അത് വായിച്ചപ്പോള്‍ തന്നെ അവള്‍ അലറിവിളിച്ചു.അല്ല അല്ല ഇതെന്റെ വരുണല്ല..നേര്‍ത്ത് പോയ കരച്ചില്‍ പിന്നെയും അലമുറയായി.   പൊടുന്നനെ  അവള്‍ ചാടിയെഴുന്നേറ്റു , റൂമിലെ സാധനങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് അവളിലെ ഭ്രാന്ത് അട്ടഹസിച്ചു ..

നിങ്ങള്‍ പറഞ്ഞ സംശയം എനിക്കും ഉണ്ടായിരുന്നു ..അതവളുടെ വരുണ്‍ ആവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞാന്‍ ആ നമ്പരിലേക്ക് വിളിച്ചു ,ഫോണെടുത്തത് ഒരു മുരടന്‍ , ചോദിക്കുന്നതിനെല്ലാം കടിച്ചു കീറും പോലെയാണ് അയാളുടെ ഉത്തരം .മരിച്ചത് വരുണ്‍ തന്നെയെന്നു ബോധ്യമായി .എന്നിട്ടും ഒരു ഉറപ്പിന് ആ വീടും തേടി ഞാനും അമൃതയുടെ അച്ഛനും യാത്ര തിരിച്ചു ..

വരുണ്‍ പറഞ്ഞ പോലെ അവനൊരു എന്‍ജിനീയര്‍ ആയിരുന്നില്ല , രണ്ടു നില വീടുണ്ടായിരുന്നില്ല , മുറ്റത്ത് കാറുകള്‍ നിര്‍ത്തിയിരുന്നില്ല ,നുണകളുടെ ചുടുകട്ടകളാല്‍ പണിത വെറും  സങ്കല്പകൊട്ടാരം മാത്രമായിരുന്നു എല്ലാം .  അതൊരു ലക്ഷം വീടായിരുന്നു , അമ്മ വളരെ ചടച്ചു പോയൊരു സ്ത്രീ , ചെറിയൊരു കുട്ടിയുണ്ട് .വരുണ്‍ അവരുടെ ആദ്യഭര്‍ത്താവിലെ  മകനാണ് .പോലീസാവുമെന്നു കരുതി അവര്‍ ഞങ്ങളെ കണ്ടു പരിഭ്രമിച്ചു ..

'ഒന്നും പറഞ്ഞിട്ട് കാര്യംല്ല സാറേ , എത്ര നന്നാക്കാന്‍ നോക്കി , പോയില്ലേ , ന്റെ കുട്ടി പോയില്ലേ ,ഇനിയും എന്തിനാ സാറേ അവന്റെ പേരില്‍ കേസും കൂട്ടോം?'

ഞങ്ങള്‍ പോലീസല്ലെന്നു ബോധ്യപ്പെടാന്‍ അവര്‍ക്ക് കുറെ സമയം വേണ്ടി വന്നു. അന്ന് ഫോണ്‍ എടുത്തത് അവരുടെ രണ്ടാം ഭര്‍ത്താവായിരുന്നു ..അയാള്‍ വരുന്നുണ്ടോയെന്ന് ഭയത്തോടെ നോക്കിക്കൊണ്ട് അവര്‍  പതുക്കെ പറഞ്ഞു  .'അയാളുടെ തല്ലും കൊണ്ട് ഞാനിവിടെ കഷ്ടപ്പെട്ട് കഴിയിണത്  അവനൊരു കര പറ്റട്ടെന്നു കരുതിയാ ..അവനു ജോലിയായാ അവന്‍ മത്യാര്ന്നല്ലോ എനിക്ക് .വിധില്ല സാറേ , ന്റെ കുട്ടിക്ക് നന്നാവാനും ജീവിക്കാനും വിധില്ല ..'അവര്‍ തേങ്ങിക്കരഞ്ഞു ..

'അയാള് എത്രയാ പാവത്തിനെ തല്ലീര്‍ന്നത് ..ചെര്‍പ്പത്തിലെ ഓന്റൊരു വാശ്യേര്‍ന്ന് പൈസക്കാരനാവണന്ന്..വല്യ വീട് വെക്കണംന്ന്..ഞാന്‍ പണിക്കു പോയാ ഓനെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചത് , വേഗം ജോലി കിട്ടാന്‍ , ഇവിടെ അടുത്തൊരു കഫേല് ഓന് പണീംണ്ടാര്‍ന്ന് ..പിന്നെന്തിനാ ന്റെ കുട്ടി ഈ കേസിലോക്കെ പോയി ചാടിയത് ...'

മനുഷ്യരുടെ കൂമ്പാരം കൂടിയ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ ഏതു മനോരോഗവിദഗ്ധനും നിസ്സഹായനാണ് ..തിരിച്ചു വരുമ്പോള്‍ ആ അമ്മയുടെ നിലയ്ക്കാത്ത തേങ്ങല്‍ എന്റെ ഉള്ളില്‍ വിങ്ങിക്കൊണ്ടിരുന്നു ..'

'സാര്‍ കുറച്ചു എഴുതുന്ന കൂട്ടത്തിലായതോണ്ടാ , സാധാരണ ഡോക്ടര്‍മാര്‍ പൊതുവെ ശിലാഹൃദയമാ ,ഒരു വിധകണ്ണീരൊന്നും അവരെ ഉലയ്ക്കുകയില്ല..ഈ സ്റ്റോറി കൊടുക്കണോ? അവളെ കാണുമ്പോള്‍ എന്റെ മകളെപ്പോലെ തോന്നുന്നു ..'

'കൊടുക്കണം .അവളുടെ ഐഡന്‍ടിറ്റി വെളിപ്പെടുത്തേണ്ട .ചാറ്റ് ചെയ്യുന്ന ഐഡികളില്‍ റിയല്‍ ഏത് ഫെയ്ക്ക് ഏത് എന്ന് തിരിച്ചറിവുണ്ടാകട്ടെ പെണ്‍കുട്ടികള്‍ക്ക് ..'

'ശരി സാര്‍ ,ഞാനിറങ്ങട്ടെ, അമൃത സ്മാര്‍ട്ട് ആയി അടുത്തുതന്നെ ജോലിക്ക് പോവും , എനിക്കുറപ്പാ ..'

'അതെ, അങ്ങനെ സംഭവിക്കാനാണ് ഞാനും പ്രാര്‍ഥിക്കുന്നത് ..അരവിന്ദും ഞാനും ക്ലാസ്സ്‌മേററ്റ്‌സ് ആയിരുന്നു .അവന്റെ മോള്‍ എന്റെയും മോളാ ..'
ഡോക്ടറുടെ നിറഞ്ഞ കണ്ണുകള്‍ എന്റെ മനസ്സിനെ കോറിവരച്ചു .കാറില്‍ കയറുമ്പോള്‍ എപ്പോഴും മൊബൈല്‍ സ്‌ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്റെ മകളുടെ ചിത്രം വല്ലാത്തൊരു ആധിയോടെ ഞാന്‍ ഓര്‍മിച്ചു ...

2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

തുടര്‍ക്കഥകള്‍ {കഥ }



"ഇരുള്‍കട്ടകള്‍  ഉതിരുന്നത് ആരും അറിയുന്നില്ല .ഇത്ര വലിയ കരിക്കട്ടകള്‍ കാഴ്ചയെ മറച്ചുകൊണ്ട് മുന്നില്‍ കുമിഞ്ഞിട്ടും ആര്‍ക്കും ഒരസ്വസ്ഥതയുമില്ല .എല്ലാവരും അര്‍മാദിക്കുന്നു , തിന്നുന്നു ,കുടിക്കുന്നു , സുഖിക്കുന്നു ..അപരര്‍ ചതുപ്പുകളില്‍ വീണു മുങ്ങുന്നത് കാണുന്നുണ്ടെങ്കിലും , എല്ലാവര്‍ക്കും അറിയാം കണ്ണടക്കലാണ് കൂടുതല്‍ സുഖകരം , മിഴികള്‍ കൂമ്പി ഇരിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം ..തെരുവുകളില്‍ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തുന്നു , സ്ത്രീകള്‍ മാനം നഷ്ടപ്പെട്ട് അലറിക്കരയുന്നു ......."
അയാള്‍ ഡയറിയില്‍ എഴുതിക്കൊണ്ടിരുന്നു , തൊട്ടപ്പുറത്ത് ഒരു വയസ്സനെ കുറെ പേര്‍ തല്ലിക്കൊന്നെന്ന്‍ കേട്ട മുതല്‍ ഭയം അയാളെ ഞെരിക്കുകയാണ് ,കുറെ ഭീകരരൂപികള്‍ തന്‍റെ കതകിലും മുട്ടും , ഒരു കൂറയെയെന്നോണം തന്നെയും തല്ലിക്കൊല്ലും ,എന്തിനാണ് കാരണങ്ങള്‍? തലവേദന അയാളുടെ ചെന്നിയിലേക്ക് ആണികള്‍ അടിച്ചു കയറ്റി ..അല്ലെങ്കിലേ നാട്ടിലിപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ..തെരുവുകളില്‍ ഇറങ്ങി നടക്കാന്‍ പോലും വയ്യ , ഏതു നേരവും ഒരു നായയെപ്പോലെ കൊല്ലപ്പെടാം , ഏതു നിമിഷവും വീട് കൊള്ളയടിക്കപ്പെടാം, ഒരു ഭീകരനായി ആരും എപ്പോഴും അറസ്റ്റ് ചെയ്യപ്പെടാം ..എലാവരും ഭയത്തിന്‍റെ പല നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങളാണ് അണിയുന്നത് , പേടിയുടെ കട്ടിയുള്ള കമ്പിളിക്കുള്ളിലാണ് ഓരോരുത്തരും പതുങ്ങിയിരിക്കുന്നത് ..
 

"ചിന്തകളുടെ നദികള്‍ ഇങ്ങനെ വൃത്തികെട്ട പല വെയിസ്റ്റുകളാല്‍ മലീമാസമാകുന്നത് ആരും കാണുന്നില്ലേ?മറ്റുള്ളവരെയെല്ലാം ശത്രുവായിക്കാണുന്ന ഈ മനുഷ്യര്‍ ഒരു മിത്രത്തെ ആരിലാണ് ദര്‍ശിക്കുക? ആളുകളെ നിഷ്കളങ്കം വിശ്വസിക്കുക എന്നത് ഒരു കെട്ടുകഥ മാത്രമായിത്തീരുമോ? ദൈവമേ! ഇതൊന്നും ആരിലും ഒരു നടുക്കവും ഉണ്ടാക്കാത്തതെന്ത്?"-
അയാളുടെ പേന മൂര്‍ച്ചയുള്ള ഒരു കത്തി പോലെ പേപ്പറില്‍ തലങ്ങും വിലങ്ങും കുത്തിക്കീറി .ചെറുപ്പത്തില്‍ അമര്‍ഷങ്ങളൊതുക്കാന്‍ കാടു പിടിച്ച കുറ്റിച്ചെടികള്‍ തുരുതുരാ  കഷ്ണിച്ചിരുന്നത് ഓര്‍ക്കുന്നു ..ഇപ്പോള്‍ തന്‍റെ രോഷങ്ങളും സങ്കടങ്ങളും എവിടെ ആരുടെ മുന്നിലാണ് നുറുക്കിയിടുക? എല്ലാവരും കണ്ണു കെട്ടിയിരിക്കുമ്പോള്‍ താന്‍ മാത്രം ജാഗ്രതയോടെ ഇരിക്കുന്നത് കൊണ്ട് എന്താണ് വിശേഷം?"
 

അങ്ങേയറ്റം വ്യസനത്തോടെ അയാള്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാളുടെ പിന്നിലെ ഇരുളില്‍ നിന്ന് കറുത്ത കയ്യുറയുള്ള  ഒരു കൈ അയാളുടെ കണ്ണുകളെ അന്ധമാക്കിയത്..നിമിഷങ്ങള്‍ കൊണ്ടാണ് അയാളുടെ പ്രാണന്‍ വായുവിലൂടെ ഒരു പക്ഷിയായി ചിറകടിച്ചു തുടങ്ങിയത് ..കിടിലം കൊള്ളിക്കുന്ന അട്ടഹാസങ്ങളോടെ കൊലയാളി തന്‍റെ കൂട്ടാളികള്‍ക്ക് ഒപ്പം ചേരാനായി ഇരുളിലൂടെ അനായാസം ഓടി ,അയാളുടെ ചങ്ങാതിമാരാകട്ടെ, അപ്പോള്‍ അവര്‍ക്കെതിരെ സംസാരിച്ച ഒരുത്തന്‍റെ നാവ് പിഴുതെടുക്കുകയായിരുന്നു ..
 

അവര്‍ അലറി -"ഞങ്ങള്‍ അനുവദിക്കുന്നത് മാത്രം നിങ്ങള്‍ കാണുക ,കേള്‍ക്കുക ,മണക്കുക ,സംസാരിക്കുക ..എങ്കില്‍ വലിയ കുഴപ്പമില്ലാതെ ഞങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് ജീവിക്കാം .അതല്ല എതിര്‍ക്കാനാണ് പുറപ്പാടെങ്കില്‍ ഓര്‍ത്തോ പിന്നെ സ്വന്തം  ഇണയെപ്പോലും ഈ ജന്മം നിങ്ങള്‍ കാണുകയില്ല ..വിവേകമുള്ളവര്‍ക്കാണ്  ഈ ഇടുങ്ങിയ വഴി ..ഈ വിശാലസ്ഥലികള്‍ വിഡ്ഢികളെ മാത്രമേ വ്യാമോഹിപ്പിക്കുകയുള്ളൂ ...."
പിറ്റേന്ന് നേരം വെളുത്തിട്ടും എല്ലായിടത്തും ഇരുളിന്‍റെ കഷ്ണങ്ങള്‍ വീണു കിടന്നു .സൂര്യനെ മറച്ച് മേഘങ്ങളുടെ കരിങ്കല്‍ഭിത്തികള്‍ ധാര്‍ഷ്ട്യത്തോടെ ചുണ്ട് കൂര്‍പ്പിച്ചു .
 

"എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ട് ,ഏതു സ്വേച്ഛാധിപതിയാണ് ചരിത്രത്തില്‍ അനശ്വരനായിട്ടുള്ളത്? ഏതെങ്കിലും ക്രൂരഭരണാധികാരി എന്നെങ്കിലും സ്നേഹത്തോടെ ഓര്‍മിക്കപ്പെട്ടിട്ടുണ്ടോ? "-അവര്‍ അരിഞ്ഞു കളയാന്‍ വിട്ടു പോയ ഒരെഴുത്തുകാരന്‍ കടയുന്ന നെഞ്ച് തിരുമ്മി  കീ ബോര്‍ഡില്‍ കുത്തിക്കൊണ്ടിരുന്നു ,സോഷ്യല്‍ മീഡിയയില്‍ വാര്‍ന്നു വീണ അയാളുടെ പോസ്റ്റുകള്‍ക്ക് കിട്ടിയ കൂമ്പാരക്കണക്കിന് ലൈക്കുകളും കമന്‍റുകളും ഈര്‍ഷ്യയോടെ പരിശോധിച്ചു കൊണ്ട് മറ്റൊരു മൂര്‍ച്ചയുള്ള വെടിയുണ്ട അയാളുടെ മെലിഞ്ഞ നെഞ്ചിന്‍ കൂട്ടിലേക്ക് നിര്‍വാണം പ്രാപിക്കാനായി കാത്തുകാത്തിരുന്നു .............................

2015 ഒക്‌ടോബർ 4, ഞായറാഴ്‌ച

യാനം {കഥ }

ഒടുക്കം കട്ടിലിലേറി നമ്മള്‍ യാത്രയാകുന്നു .
.മറ്റേതോ തുറന്ന വാതില്‍ തേടി നമ്മുടെ ആത്മാക്കള്‍
മറ്റൊരു  യാനം ആരംഭിക്കുന്നു ......................................................


 അസുഖത്തിന്റെ കത്രികപ്പൂട്ടില്‍ കിടക്കുമ്പോഴെല്ലാം അയാള്‍ ഒരു കാര്യവുമില്ലാതെ തന്റെ ആദ്യഭാര്യയെ ഓര്‍മിച്ചുകൊണ്ടിരുന്നു. ആരോഗ്യമില്ലാതിരുന്ന , അക്ഷരം രോഗമായിരുന്ന ഒരുത്തി .വസന്തകാലത്തെല്ലാം അങ്ങനെ പുച്ഛത്തോടെയാണ് അയാള്‍ അവളെ ഓര്‍മിച്ചിരുന്നത്..രണ്ടാമത് തനിക്ക് എല്ലാ നിലയ്ക്കും യോജിച്ച ഒരുത്തിയെ കിട്ടിയപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു അയാള്‍ . ജീവിതം ഒരു പൊങ്ങുതടി പോലെ നീങ്ങിപ്പോകയായിരുന്നു ., ആഹ്ലാദങ്ങളുടെ കുഞ്ഞോളങ്ങളിലൂടെ, തണുതണുത്ത ജലത്തിലൂടെ ..എന്നിട്ടും അശക്തി അയാളെ കടിച്ചു പറിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ സമയവും പരിചരിച്ചുകൊണ്ട് ഭാര്യ അടുത്തുണ്ടായിട്ടും അയാളുടെ ഹൃദയത്തിലേക്ക് യാതൊരു കാര്യവുമില്ലാതെ മിടുക്ക് കെട്ട ആ സ്ത്രീ പേര്‍ത്തും പേര്‍ത്തും കടന്നു വന്നു , വിളറിയ കണ്ണുകളാല്‍ അയാളെ ഉഴിഞ്ഞു .അവള്‍ നിശ്ശബ്ദം ചോദിച്ചുകൊണ്ടിരുന്നു

'നിലയ്ക്കാത്ത അപമാനത്തിലേക്ക് എന്തിനെന്നെ വലിച്ചെറിഞ്ഞു ?അന്ന് കല്യാണത്തിനു പകരം പഠിക്കാന്‍ പോയിരുന്നെങ്കില്‍ അതെങ്കിലും കിട്ടുമായിരുന്നു..ഇങ്ങനെ കുപ്പയിലേക്ക് വലിച്ചെറിയാനായിരുന്നെങ്കില്‍ എന്തിനായിരുന്നു മംഗല്യവാളിനാല്‍ എന്റെ കഴുത്തില്‍ അത്ര ആഴത്തിലൊരു മുറിവ് തീര്‍ത്തത് ..എന്നും ഏകാന്തതയുടെ മുള്‍മടിയില്‍ കിടന്നവള്‍ക്ക് ഒരു സ്‌നേഹത്തണല്‍ ആകുമെന്നല്ലേ കരുതിയത് .എന്നിട്ട് ,ഇങ്ങനെ നിര്‍ദയം ചവച്ചെറിയാനായിരുന്നോ? '

 അവളുടെ മൌനത്തില്‍ ഊതിക്കാച്ചിയ ചോദ്യങ്ങളാല്‍ അയാളുടെ കവിളുകള്‍ പൊള്ളി , വ്രണങ്ങള്‍ നിറഞ്ഞ വായ ചുട്ടുനീറി... ശരിയല്ലേ ? ഒന്നുമറിയാതിരുന്ന ഒരു പാവം പെണ്‍കുട്ടി , തന്റെ വീടിന്റെ ജയില്‍ നിയമങ്ങളാല്‍ പകച്ച് ,ഭയന്ന്   എന്തു ചെയ്യേണ്ടൂ എന്നറിയാതെ തന്നോട് ,പഠിക്കാന്‍ വിടണമെന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ചത് ...എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു ..മതത്തിന്റെ ഇരുമ്പുകല്ലുകളാല്‍ പണിത വീടിന്, വീട്ടുകാര്‍ക്ക് , അവളെ പുറംവെളിച്ചം കാണിക്കുന്നതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല..കരിയും പുകയുമുണങ്ങാത്ത അടുപ്പില്‍  കണ്ണീര്‍ തുള്ളികളായി അവള്‍ വറ്റിത്തീരുന്നതായിരുന്നു അവര്‍ക്കതിലേറെ സന്തോഷം ..ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല , ഓരോരുത്തരും അവരവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളുടെ മാത്രം സന്തതിയാണ് ..അതിന്റെ ദൌര്‍ബല്യങ്ങള്‍ , ക്രൌര്യങ്ങള്‍ ഒന്നും അവരെ വിട്ടു പോവുകയില്ല .............

എന്നിട്ടും അവള്‍ സ്വയം പിരിഞ്ഞു പോയപ്പോള്‍ വല്ലാത്ത ആശ്വാസമായിരുന്നു . പ്രത്യേകിച്ചും ഇറച്ചിഗുണം മുന്തിയ മറ്റൊരുത്തിയെ രണ്ടാമത് ലഭിച്ചപ്പോള്‍ ..നാലു മക്കളുമൊത്ത് സുഖ സുന്ദരമായി ഇത്ര കാലം ജീവിച്ചതിനിടെ ഒരിക്കല്‍ പോലും അവള്‍ അലട്ടാനെത്തിയിരുന്നില്ല , ഒരു രേഖാചിത്രമായിപ്പോലും താനവളെ ഓര്‍മിച്ചിരുന്നില്ല ..

'സ്വപ്നം കണ്ടു ഞാനിന്നലെ , ' അവള്‍ ചെവിക്കരികെ മന്ത്രിക്കുന്നതായി അയാള്‍ക്ക് തോന്നി .. 'എത്ര  വര്‍ഷങ്ങള്‍ ........ഇരുപത് വര്‍ഷങ്ങളുടെ മലവെള്ളം നിങ്ങളുടെ മുഖം പോലും തട്ടിയെടുത്തു കൊണ്ടു പോയി ..എന്നിട്ടും കിനാവില്‍ നിങ്ങളെന്നോട് സ്‌നേഹത്തോടെ സംസാരിക്കുകയായിരുന്നു , തമാശ പറഞ്ഞു ചിരിക്കുകയായിരുന്നു ..അങ്ങനെ എത്രയെത്ര വിവാഹബന്ധങ്ങള്‍ മുറിഞ്ഞു പോകുന്നു , പരസ്പരം ഇഷ്ടമുണ്ടായിട്ടും പിരിഞ്ഞു പോകുന്നവര്‍, വീട്ടുകാരുടെ അഭീഷ്ടങ്ങള്‍ക്ക് വേണ്ടി , മുറിവുണങ്ങാതെ പടയില്‍ തോറ്റ് തിരിച്ചിറങ്ങുന്നവര്‍ ..ഒരിക്കലും സ്‌നേഹമറിയാത്തവരുടെ വ്യസനം നിങ്ങള്‍ക്കെങ്ങനെ മനസ്സിലാവാന്‍? നിങ്ങള്‍ വലിച്ചെറിഞ്ഞതോടെ രണ്ടാമത്തെ ബലിക്കല്ലിലും ഞാന്‍ തല തകരന്നവളായി..അപമാനം അതിന്റെ കല്‍പാദങ്ങളാല്‍ എന്നെ ചതച്ചരച്ചു ..വിവാഹമോചിതയുടെ നിന്ദ്യമായ വിധി ..സമൂഹത്തിന്റെ പരിഹാസം നിറഞ്ഞ ഇളികള്‍..സ്‌നേഹം മാത്രം ആശിച്ചവളെ വിധി  ഇടിച്ചു തകര്‍ത്തു..ഇപ്പോള്‍ വാര്‍ധക്യത്തിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുമ്പോള്‍ തിരിച്ചറിയുന്നു  സ്‌നേഹം ഒരു അലങ്കാരവാക്ക് മാത്രമാണ് .അതെല്ലാവര്‍ക്കും ലഭിക്കാനുള്ളതല്ല..ഏകാന്തയാത്ര വിധിക്കപ്പെട്ടവര്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല '

അയാള്‍ വിങ്ങി നീറുന്ന  വേദനയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു , എവിടെയാണ് വേദനിക്കുന്നത്? ശരീരമാണോ? ആത്മാവാണോ? താനവളോട് ചെയ്തത് അനീതിയായിരുന്നില്ലേ? നല്ലതു മാത്രം ചെയ്യുന്നവന്‍ എന്ന തന്റെ അഹങ്കാരത്തിന്റെ പത്തിയിലല്ലേ അവള്‍ ആഞ്ഞടിച്ചത്? അയാള്‍ വെറുതെ കൈ നീട്ടി ..തൊട്ടടുത്ത് തന്നെ ഒരു നിഴലായി നില്‍പ്പുണ്ടവള്‍ .

'എന്താ വേണ്ടേ? വെള്ളം വേണോ?'

അയാളുടെ ഉഴയ്ക്കല്‍ കണ്ട് ഭാര്യ ബേജാറോടെ ചോദിച്ചു . വേണം എന്നു പറയാന്‍ അയാള്‍ ആശിച്ചു ..സങ്കടത്തിന്റെ ഒരു പെരുങ്കല്ല് തൊണ്ടയെ അടച്ചു , 'ശബ്ദം നഷ്ടപ്പെടും ചിലപ്പോള്‍ ..'ഡോക്ടറുടെ വാക്കുകള്‍  തീനാളമായി ചെവിയില്‍ പതിച്ചത് അയാള്‍ ഓര്‍ത്തു ..ഭാഷ നഷ്ടപ്പെട്ട് , പകച്ച് ,കണ്ണുകള്‍ ഉരുട്ടി  അയാള്‍ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങി ..ഭാര്യ അയാളെ ശാന്തനാക്കാന്‍ ശ്രമിച്ചു .നാവില്‍ വെള്ളം പതുക്കെ ഇറ്റിച്ചു ,റേഡിയേഷനാല്‍ കറുത്ത് പോയ  തൊണ്ട നീരസത്തോടെ എല്ലാം നിരസിച്ചു ..അയാള്‍ പിന്നെയും കൈകള്‍ നീട്ടി , അകന്നു പോകുന്ന ആ നിഴല്‍ അയാളെ വ്യഥിതനാക്കി ..

'ഒരു കാര്യത്തില്‍ നമുക്ക് ഒരുമയുണ്ട്..'അവള്‍ വിളറിയ ചിരിയോടെ മന്ത്രിച്ചു 'രണ്ടാളും ഏതാണ്ട് ഒരേ സമയമാണ് അസ്രായീലിനെ കാണുന്നത് എന്നതില്‍ ..നിങ്ങള്‍ നാലു മാസമായി ഇങ്ങനെ കിടക്കുന്നു ..ഞാനോ ഈ രാത്രി ...അര മണിക്കൂറിന്റെ  കഠിനവേദന സഹിച്ചാണ് ആത്മാവ് ശരീരത്തിന്റെ ജയില്‍ ഭിത്തി തുരന്നത്..പണ്ടെന്റെ ഡയറി വായിച്ചു ചോദിക്കാറുണ്ടായിരുന്നില്ലേ എന്തു പ്രാന്താ നീ എഴുതിക്കൂട്ടുന്നതെന്ന് , ആ നേരം കൊണ്ട് നിനക്ക് ഹദീസും ഖുറാനും വായിച്ചൂടെ എന്ന്...'
അയാള്‍ അകന്നു പോകുന്ന ആ നിഴലിലേക്ക് കണ്ണു തുറിച്ച് കിടന്നു ..ഭാര്യ കരയാന്‍ തുടങ്ങി 'അവസാനമായേക്കണ്..സകറാത്തിന്റെ നേരായി ..' ആരൊക്കെയോ മന്ത്രിച്ചു ..

അയാള്‍ കൈകള്‍ താഴ്ത്തി കണ്ണടച്ച് അനങ്ങാതെ കിടന്നു ..നീതികേട് ചെയ്തവന് അത്രയെളുപ്പം ജയില്‍ഭിത്തി ഭേദിക്കാനാവില്ല..കണ്ണുകള്‍ നിറഞ്ഞു വരുന്നത് അയാള്‍ അറിഞ്ഞു ..

പിറ്റേന്ന് ഉറങ്ങാതെ അയാള്‍ക്കരികിലിരിക്കുന്ന ഭാര്യ അയാള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു ചോദിച്ചു .. 'എന്തായിരുന്നു ഇന്നലത്തെ പരാക്രമം ..നല്ല വേദനണ്ടാരുന്നോ?' അയാള്‍ ഒന്നും മിണ്ടിയില്ല ..അനുഭവിച്ച ആനന്ദങ്ങളെല്ലാം ഈ നിമിഷങ്ങളുടെ വ്യസനങ്ങളിലേക്ക് ഒളിച്ചുപോയെന്ന്  അയാള്‍ക്ക് തോന്നി ..അയാള്‍ എന്തോ പറയാനായി വിക്കി ..

'മക്കളാണോ? ഇന്നെത്തും ' അയാള്‍ അതാവും ചോദിച്ചതെന്ന ഉറപ്പോടെ ഭാര്യ ഉറക്കെ പറഞ്ഞു ..

ആരെയാണ് ഇപ്പോള്‍ ശരിക്കും കാണാനാശിക്കുന്നത്? ശൂന്യമായ മനസ്സിലേക്ക് അയാള്‍ തുറിച്ചു നോക്കി ..അതിന്റെ ശുഭ്രത അയാളെ വിഷണ്ണനാക്കി ..ഒന്നുമില്ലെന്നോ ?ഇക്കണ്ട കാലമൊക്കെ ജീവിച്ചിട്ട് ഈ അവസാനനിമിഷം ഏറ്റം പ്രിയത്തോടെ കാണാനാഗ്രഹിക്കുന്ന ആരുമില്ലെന്നോ?

അയാള്‍ വീണ്ടും ഭാര്യയെ നോക്കി ..അവള്‍ കണ്ണും മൂക്കുമൊന്നുമില്ലാത്ത കടലാസുമുഖമായതായി അയാള്‍ക്കു തോന്നി ..അയാളുടെ കണ്ണുകള്‍ മേലേക്ക് മറിയാന്‍ തുടങ്ങി ..ചുറ്റും കടലാസുമുഖങ്ങള്‍ നിറയുന്നു ..വെളുത്ത അവസാനിക്കാത്ത മുഖങ്ങള്‍ ..ഒപ്പം നിഷ്‌കളങ്കതയുടെ പൊട്ടത്തരം നിറഞ്ഞ ആ വിളറിയ മുഖവും ...

അയാള്‍ എന്തോ പറയാനാഞ്ഞു ..ഭാഷയടഞ്ഞു പോയ തൊണ്ട ഗ്ലം എന്നൊരു ഭീതിതമായ ശബ്ദം മാത്രം പുറപ്പെടുവിച്ചു ..മടുപ്പിന്റെ മഞ്ഞദ്രാവകം അയാളുടെ ചിറിക്കോണിലൂടെ ഒലിച്ചു ..മങ്ങിയ കണ്ണീര്‍ ചെവിയിലേക്ക് ഒലിച്ചിറങ്ങി ..

ഒരു യാത്രയുടെ വാതായനങ്ങള്‍ അടഞ്ഞു ..മറ്റൊന്ന് എവിടെയോ നിശ്ശബ്ദം  തുറന്നു ..................   


അസ്രായീല്‍ -മരണമാലാഖ
സകറാത്ത് -മരണവേദന

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

കലികാലം {കഥ }


അയാളെക്കണ്ടാല്‍ പണ്ടത്തെ നക്സ്ലൈറ്റ് ആണെന്നൊന്നും തോന്നില്ല ,ദിനേശ് ബീഡി പുകഞ്ഞിരുന്ന അയാളുടെ കറുത്ത ചുണ്ടുകള്‍ക്കിപ്പോള്‍ എന്തൊരു ചുകപ്പാണ്.ശരീരമാകെ മേദസ്സ് കൂടി ,കുടവയറും ഉണ്ട് ആവശ്യത്തിലേറെ ,വെറും കട്ടന്‍ചായയില്‍ ദിവസങ്ങളെ വലിച്ചു കൊണ്ടു പോയിരുന്ന ആ മെലിഞ്ഞ മനുഷ്യനാണ് അയാളെന്ന് ഒരാളും പറയുകയില്ല .രണ്ടു പന്തങ്ങള്‍ അയാളുടെ കണ്ണുകളില്‍ എപ്പോഴും എരിഞ്ഞിരുന്നു.അടിയന്തരാവസ്ഥയും നക്സലിസവുമൊക്കെ വെറും കെട്ടുകഥകളായ ഇക്കാലത്ത് അയാളും അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല .പേരിന് അയാളും ജയിലില്‍ കിടന്നിട്ടുണ്ട് ,പോലീസിന്‍റെ ഇടിയും തൊഴിയും കൊണ്ടിട്ടുണ്ട് ..ആ കാലത്ത് അയാളുടെ നാവ് വിപ്ലവം വിപ്ലവം എന്നു മാത്രം ഉച്ചരിച്ചു .പിന്നെപ്പിന്നെ വീട്ടുകാരുടെ തീവ്രശ്രമം കൊണ്ട് അവര്‍ തെളിക്കുന്ന വഴിയിലേക്ക് അയാള്‍ തിരിച്ചെത്തി .മുന്തിയ വീട്ടില്‍ നിന്നുതന്നെ കല്യാണം കഴിച്ചു .ആസ്തിയായി കിട്ടിയ ധനം കൊണ്ട് ടൌണില്‍ തന്നെ ബിസിനസ് ആരംഭിച്ചു .ഇന്ന് കൃഷ്ണന്‍ മുതലാളീന്നു പറഞ്ഞാല്‍ അറിയാത്തവരില്ല .
ഈ അടുത്ത കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ചെഗുവേര ഫാഷനായത് .ചെക്കന്മാരുടെ ടീ ഷര്‍ട്ടിന്‍റെ മുന്നിലും പിന്നിലും ,ടാറ്റൂവായും ചെഗുവേര നിറഞ്ഞു .അതിനെയും അയാള്‍ കഠിനമായി വിമര്‍ശിച്ചിരുന്നു .തടി കൂടുന്നതനുസരിച്ച് അയാളില്‍ വന്ന ഒരു മാറ്റം വിമര്‍ശനം കുറഞ്ഞു എന്നതാണ് .കണ്ണുകള്‍ ഏതു നേരവും ഉറക്കം തൂങ്ങുന്നതായി .പണ്ട് അയാള്‍ എത്ര കുറച്ചാണ് ഉറങ്ങിയിരുന്നത് .ഏതിരുട്ടിലും തിളങ്ങിയിരുന്നു ആ പൂച്ചക്കണ്ണുകള്‍..

ഞങ്ങള്‍ ഹോട്ടലില്‍ നിന്ന്‍ ഭക്ഷണം കഴിച്ചു ഇറങ്ങുകയായിരുന്നു .ടിഷ്യു പേപ്പര്‍ അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു -" , നേരെ കഴുകിയിട്ടില്ല .താടിയിലും മീശയിലുമൊക്കെ എച്ചില്‍ ഇരിക്കുന്നു ."
അയാള്‍ കൈ കൊണ്ട് വേണ്ടെന്നു ആംഗ്യം കാണിച്ചു ,പിന്നെ പോക്കറ്റില്‍ നിന്ന്‍ വലിയൊരു ടവല്‍ വലിച്ചെടുത്തു ,എച്ചില്‍ അപ്പാടെ തുടച്ചെടുത്തു .ആ ടവലിലേക്ക് ഞാന്‍ അസഹ്യതയോടെ നോക്കി ,അതിന്‍റെ അകവും പുറവും നിറയെ ചെഗുവേരയാണ് ..എന്നാലും എങ്ങനെ കഴിയുന്നു അയാള്‍ക്ക് ..

"നിങ്ങളല്ലേ ഇതിനെയൊക്കെ വിമര്‍ശിച്ചിരുന്നത്, മുമ്പ് ?"-അരിശത്തോടെ ഞാന്‍ ചോദിച്ചു .അയാള്‍ എന്നെ നോക്കി കണ്ണിറുക്കി .പിന്നെ പതുക്കെ പറഞ്ഞു -"വിട്ടു കളയെടാ ,ഇതിന്‍റെയൊക്കെ എക്സ്പയറി കഴിഞ്ഞു ,ഇനിയുള്ള കാലം ആളുകളെ അതേപോലെ ഇളക്കണമെങ്കില്‍ മറ്റെന്തെങ്കിലും കണ്ടുപിടിക്കണം ..ഒരു പക്ഷെ പോണോ സൈറ്റുകള്‍ക്ക് മാത്രമേ ഇന്നത്ര മാത്രം അനുയായികള്‍ ഉണ്ടാവൂ ,ഹ ഹ ഹ .."
ഒരു പ്രേതമാണ്‌ ചിരിക്കുന്നതെന്ന് തോന്നി കുറെ നേരം ..പിന്നെ ഒന്നും മിണ്ടാതെ ഞാന്‍ പതുക്കെ വീട്ടിലേക്ക് നടന്നു ................

2015 സെപ്റ്റംബർ 13, ഞായറാഴ്‌ച

ഉമ്മ{കഥ}


 ജനാസനമസ്കാരം കഴിഞ്ഞു അപ്പാടെ വന്നു കിടന്നതാണ് ഗഫൂര്‍ക്ക, ഇത്രേം പരവശപ്പെട്ടു മൂപ്പരെ കണ്ടിട്ടു തന്നെയില്ല. ഒറ്റ ആണ്‍തരി, താന്‍വരണ വരെ ഉമ്മാന്‍റെ പൊന്നാരക്കുട്ട്യേര്‍ന്നു മൂപ്പര്‍. അതോണ്ടന്നാവും താന്‍വന്ന മുതല്‍ ഉമ്മ  പോരും തുടങ്ങിയത്. പെങ്ങനമാരൊക്കെ കെട്ടിച്ചു പോയതോണ്ട് വരുമ്പള്ള ശല്യം സഹിച്ചാമതി. വളഞ്ഞീമ്മെ ഈച്ച ഒട്ടിയ മായിരിക്കേയ്നി ആങ്ങളീം പെങ്ങന്മാരും. ഒക്കെ ഒന്നു വേര്‍തിരിച്ച്ട്ക്കാന്‍കൊറച്ചൊന്ന്വല്ല നയ്ച്ചത്. ഗള്‍ഫില് ഇണ്ടാക്കണ പൈസ മുയ്മന്‍ ഓല്‍ക്കും മാണ്ടി ചെലവാക്കാന്‍മൂപ്പര്‍ക്ക് ഒരു മടീല്ല.എങ്ങനെ കണ്ണടക്കും, ഇന്ക്കും വളര്‍ന്നു വരണത് ഒരു പെണ്ണല്ലേ?

വീട് മാറാന്‍വേണ്ടി വണ്ടിയിലേക്ക് സാധനങ്ങള്‍എടുത്തു വെക്കുമ്പോള്‍ഉമ്മ കണ്ണില്‍തീയുമായി തുറിച്ചു നോക്കി. മൂപ്പര്‍ കുറെയായി ഉമ്മാനോട് മിണ്ടാറുണ്ടായിരുന്നില്ല .വീട്ടിലെ ഓരോ കുഞ്ഞുപ്രശ്നവും ഓതിയോതിയാണ് ആ പരുവത്തിലേക്ക് മൂപ്പരെ മാറ്റിയെടുത്തത്. നീണ്ട  വര്‍ഷങ്ങളാണ് സര്‍പ്പം പോലുള്ള ആ സ്ത്രീയോടൊപ്പം കഴിഞ്ഞത് .ആരെക്കൊണ്ടു പറ്റും അത്രേം സഹിക്കാന്‍? കത്തുന്ന കണ്ണുകളില്‍ ഉമ്മാന്‍റെ  ഭൂതകാലം ലാവയായി തിളച്ചു. പ്രയാസങ്ങളുടെ ചുടുകല്ലുകളില്‍ കാലു വെന്തു പോയ ഒരു  സ്ത്രീ .ഭര്‍ത്താവുമായി എന്നും കീരിയും പാമ്പുമായിരുന്നു .മൂപ്പത്തിയുമായി ഒത്തു പോകല്‍ ചില്ലറ പണിയല്ല . "നീ ഇതിനൊക്കെ അനുഭവിക്കുമെടീ "- എന്നൊരു കത്തുന്ന താക്കീത് ആ കനല്‍കണ്ണുകള്‍ എന്‍റെ നേരെ എറിഞ്ഞു. ഒരു കൊല്ലമാണ് പുതിയ വീട്ടില്‍ നിന്നത്. വിസ  ശരിയായപ്പോള്‍   ഗഫൂര്‍ക്കാന്‍റെ അടുത്തേക്ക് പറന്നു .മോള്‍ടെ കല്യാണശേഷമാണ് നാട്ടില്‍ സ്ഥിരമായത്. അപ്പോഴേക്കും ഉമ്മ തനിവയസ്സത്തിയായി. തറവാട്ടില്‍ പെണ്മക്കള്‍ മാറി മാറി നിന്ന്‍ ശുശ്രൂഷിക്കയാണ്.

ഉമ്മയെ കണ്ടു ഗഫൂര്‍ക്ക കുറ്റബോധത്തോടെ പറഞ്ഞു , "ഇജേതായാലും നാട്ടിലുണ്ടല്ലോ .കുറച്ചു കാലം ഉമ്മ ഞമ്മളെ വീട്ടീ നിക്കട്ടെ ,പ്രാരാബ്ധക്കാരായ പെങ്ങന്മാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? ഉമ്മാന്‍റെ പൊരുത്തം കിട്ടീട്ടില്ലെങ്കി അയ്ന്‍റെ ആദാബ് നമ്മള് ദുനിയാവ്ന്നന്നെ അനുഭവിക്കേണ്ടി വരും .അനക്കും അറ്യാലോ."

ആ നിര്‍ബന്ധബുദ്ധിക്കു മുമ്പില്‍ മുട്ട് മടക്കേണ്ടി വന്നു .അങ്ങനെയാണ് ഉമ്മ വീട്ടിലെത്തിയത് .മറവി അവരെ മൂടാന്‍ തുടങ്ങിയിരുന്നു .

"ഇജന്നെ ഒക്കേറ്റിനും കാരണം ,ഉമ്മാനെ വേദനിപ്പിച്ചേയ്ന്‍റെ ശിക്ഷ  നോക്കിക്കോ നമ്മള് രണ്ടാളും അറിം ."

"ഞാനെന്തു ചെയ്തു?-ഞാന്‍ ചൊടിച്ചു-"ഇങ്ങളെ പിരാന്തത്തി ഉമ്മാനെ നോക്കാന് ഹോം നഴ്സിനെ നിര്‍ത്തിക്കൂടെയ്ന്യോ?"-കലി പിടിച്ച പരുക്കന്‍ കൈകള്‍ എന്‍റെ കവിളിനെ ചമ്മന്തിയാക്കി .

"ആരാടീ പിരാന്തത്തി ?ഉമ്മയോ അതോ ഇജോ?ഉമ്മ അനുഭവിച്ച ദുഃഖങ്ങളൊക്കെ  ഒരീസം അറിഞ്ഞാ മതി ഇജൊക്കെ ഉട്ത്തത് കയ്ച്ച്ട്ട് ദിലെ മണ്ടാന്‍ ."

വീട്ടില്‍ കൊണ്ടു വന്ന അന്ന് മുതല്‍ ഉമ്മ പഴയ സ്വഭാവങ്ങളെല്ലാം പുറത്തെടുത്തു.-അധികാരം കാണിക്കല്‍ ,  സംശയരോഗം , കല്‍പ്പിക്കല്‍ ,കുറ്റപ്പെടുത്തല്‍ , പിറ്പിറേന ചീത്ത പറയല്‍ ,..അതും എന്‍റെ സ്വര്‍ണം കൂടി മുടക്കിയെടുത്ത വീട്ടില്‍ ..അറ്റമില്ലാത്ത കഠിനവഴക്കുകള്‍ അങ്ങനെ പേമാരിപ്പെയ്ത്ത് തുടങ്ങി. രണ്ടാളും കണ്ടാല്‍ കലിയായി. ഒരു വക താന്‍ തിന്നാന്‍ കൊടുക്കാതായി. മൂപ്പത്തി തന്നെ തീ കത്തിച്ച് കഞ്ഞിയുണ്ടാക്കും ..
ഒരൂസം മകള്‍ വന്നപ്പോള്‍ ഉമ്മ പതിവുപോലെ എന്‍റെ കുറ്റങ്ങള്‍ അവളുടെ മുമ്പില്‍ കൊട്ടിയിടുകയായിരുന്നു .ഉമ്മ മൂന്നാലു തട്ടങ്ങള്‍ നിവര്‍ത്തി പറയാന്‍ തുടങ്ങി -"നോക്ക് സൈനോ ,ആ കുരുത്തം കെട്ടോള്‍ കീറിയത് .ഞാനൊന്ന് കുളിക്കാന്‍ കേറ്യാ മതി ആ ബലാല് ന്‍റെ തുണിയൊക്കെ വല്‍ച്ച് കീറും "

ആ കുറ്റാരോപണം എന്നെ ഒരു പിശാചാക്കി ,വായില്‍ തോന്നിയതൊക്കെ ഞാന്‍ അലറി വിളിച്ചു .യാത്ര പോലും പറയാതെ പെങ്ങള്‍ പടിയിറങ്ങി .പോകുമ്പോള്‍ അവള്‍ അവളുടെ ജ്യേഷ്ഠത്തിയോട് ഫോണില്‍ പറയണത് കേട്ടു,  " ഞമ്മളെ ഇമ്മാനെ ഞ്ഞെന്താ ചെയ്യ സലീ .ഈ ജഗലിന്‍റെ അട്ത്ത് ഇമ്മ എങ്ങനെ കയ്യും .ഉമ്മാക്ക് വയസ്സായി ,മറവിയായി എന്നൊക്കെ വിചാര്‍ച്ച് ഓക്ക് ഒന്ന്‍ ക്ഷമിച്ചൂടെ.പാവം ഞമ്മളെ ഇമ്മ ." അവള്‍ തേങ്ങിക്കൊണ്ട് നടന്നു പോയി ..

അന്ന് രാത്രി -ചാരിയിട്ട വാതില്‍പഴുതിലൂടെ ഞാന്‍ പാളി നോക്കി .മുസീബത്ത് പിടിച്ച ആ തള്ള എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് .ആ കാഴ്ച കണ്ട് അന്തം വിട്ട് ഞാന്‍ വായും പൊളിച്ചു നിന്നു. അവര്‍ ,ആ സ്ത്രീ അലമാരയില്‍ നിന്ന് ഓരോരോ തട്ടങ്ങള്‍ വലിച്ചെടുക്കുന്നു ,അവിടേം ഇവിടേം വലിച്ചു കീറുന്നു ,കലിയോടെ എല്ലാം അലമാരയിലേക്ക് തിരുകുന്നു!

കൊടുങ്കാറ്റായി ഞാന്‍ ഗഫൂര്‍ക്കാനെ ഫോണിലൂടെ ആഞ്ഞടിച്ചു -"ഇങ്ങടെ നാശം പിടിച്ച തള്ളനെ ഇവിടുന്ന്‍ കേട്ടിയെടുക്കണില്ലെങ്കി ഞാന്‍ ഇറങ്ങാ .ഇങ്ങള് വേറെ  പെണ്ണ്‍ കെട്ട്യാലും വേണ്ടീല ,ഇന്‍ക്ക് ഇന്‍റെ സ്വര്‍ണം തിരിച്ചു കിട്ടണം."

ഫോണ്‍വിളിയുടെ ചൂട് കൊണ്ടാവും പിറ്റേന്ന് നാത്തൂന്‍ തറവാട്ടിലേക്ക് ഉമ്മാനെ കൊണ്ടോയി .പോകുമ്പോ അവര് പണ്ടത്തെ  ആ നോട്ടം പിന്നേം നോക്കി ,ദഹിപ്പിച്ചു ചാമ്പലാക്കുന്ന നോട്ടം ..

വല്ലാത്തൊരു സ്ത്രീ ..അവര്‍ക്ക് യുദ്ധം ചെയ്യാന്‍  എന്നും ഒരു ശത്രു വേണം .അവര്‍ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ഇന്നേവരെ?ഉപ്പയും ഉമ്മയും നന്നായി തല്ലുന്നതിനെപ്പറ്റിയൊക്കെ ഗഫൂര്‍ക്ക പറഞ്ഞിട്ടുണ്ട് .സ്നേഹത്തിന്‍റെ ഒരു വാക്ക് ചെറുപ്പത്തില്‍ കേട്ടിട്ടില്ലെന്ന് ..ചുമരില്‍ കോറിയിട്ട ആ മൂന്നാലു വരികളാണ് ഗഫൂര്‍ക്കാനെ അന്തമില്ലാത്ത സങ്കടത്തിലേക്ക് എറിഞ്ഞത്.

"പടച്ചോനെ ,അറ്റംല്ലാത്ത  ആയുസ്സോണ്ട് ഇജ്ന്നെ എടങ്ങേറാക്കാണല്ലോ. ഇന്നെ ആര്ക്കും മാണ്ട ,ഈ ചെയ്യണേയ്ന് ഇന്ക്ക് പൊറ്ത്ത് തരണേ . ഇജ് തന്ന ജീവന്‍ ഇട്ക്കാന്‍ അന്ക്കേ അധികാരംള്ളൂ ..പക്ഷെ ,ആര്‍ക്ക് വേണ്ട്യാ ഞാന്  ഇഞ്ഞും ജീവിക്കണ്?ഇന്നെ മാണ്ടാത്ത ഇന്‍റെ മക്കക്കും മേണ്ട്യോ?ഓലൊക്കെ ചെറക് വെച്ച് പറക്കാനായി ..വയസ്സായ ഇന്നെ ഇഞ്ഞി  ആര്‍ക്ക് മാണം?"

പണ്ടത്തെ ആറാം ക്ലാസ് പാസ്സായ ആളായിരുന്നു ഉമ്മ ,അന്ന്  സ്കൂളില്‍ ജോലി കിട്ടാന്‍ ആ യോഗ്യത മത്യായിരുന്നു . പടച്ചോനോട്‌ കുറ്റം കിട്ടൂന്ന് കര്ത്യാ ഉമ്മ അന്ന് പോകാതിരുന്നത്ന്ന് ഗഫൂര്‍ക്ക എപ്പളും പറയും .ജോലിണ്ടായാ അന്യആണുങ്ങളോട് മിണ്ടണ്ടി വര്വല്ലോ ,അതൊന്നും പടച്ചോന് ഇഷ്ടല്ലല്ലോ ..  

"എത്തറ തഖ്‌വണ്ടായിട്ടെന്താ? ഇങ്ങളെമ്മാക്ക് പെരുമാറാന്‍ അറീല .കൊറെ നിസ്കര്ച്ച്ട്ടൊന്നും കാര്യല്ല ,വേറെള്ളോലെ വെര്‍പ്പിച്ച്ട്ട്.." 

എടുത്തടിച്ച പോലെ ആ മദഹുകളെയെല്ലാം തൂത്തു തുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

"ഇജ് വല്യൊരു നല്ലാള്."- ഗഫൂര്‍ക്ക വീണ്ടും കലമ്പി . "യത്തീംഖാനേല് വളര്‍ന്ന്, മര്‍ദിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ കൂടെ ജീവിച്ച് ,ഒരു മിനിറ്റ് ഒഴിവില്ലാതെ കൂലിയില്ലാവേലകള്‍ ചെയ്ത് , ഈരണ്ടു കൊല്ലം കൂടുമ്പോ പ്രസവിച്ച് ,എട്ടൊമ്പത് മക്കളെ പോറ്റി നോക്ക് ,അപ്പം അറ്യാം അന്‍റെ പട്ടുസ്വഭാവം ..പാവം ഉമ്മ ..മര്യാദക്ക് ഒന്നു പ്രസവിച്ചു കിടന്നിട്ടു കൂടിയില്ല ..ദൂരേന്ന് വെള്ളം കൊണ്ടരല്‍, അരയ്ക്കല്‍, ഇടിക്കല്‍, അകലെയുള്ള കുളത്തില്‍ പോയി അലക്കിക്കുളിക്കല്‍...ഉമ്മാക്ക് ജീവിതം തീരാത്തൊരു യുദ്ധായിരുന്നു , പരിക്കുകള്‍ മാത്രം തിരികെ കിട്ടിയ യുദ്ധം .."

ഉമ്മ എന്തു കഴിച്ചാവും ജീവിതം അവസാനിപ്പിചിരിക്കുക?വല്ലാത്തൊരു ആകാംക്ഷ  എന്നെ പൊതിഞ്ഞു ..അവരുടെ മഹാസങ്കടം കണ്ട് അസ്രായീല്‍ അലിവു തോന്നി കൂട്ടിക്കൊണ്ടുപോയതാവുമോ? മരിച്ചിട്ടുപോലും ആ സ്ത്രീയോടുള്ള വെറുപ്പ് ഉരുകിത്തീരുന്നില്ല ..മറവിരോഗത്താല്‍ ഉമ്മ പഴയ കാലത്തില്‍ കുടുങ്ങിക്കിടക്കായിരുന്നു ..പണ്ടു താമസിച്ച ആ  മണ്‍വീടും ആ കഷ്ടപ്പാടും വീണ്ടും വീണ്ടും ഓര്‍ത്തു പറയുമത്രെ. എന്നിട്ടും ഉമ്മ അക്ഷരങ്ങള്‍ മറക്കാതെ ആ കുറിപ്പ് ചുമരില്‍ എഴുതി വച്ചല്ലോ ..അത്ഭുതം!

കൊല്ലങ്ങളനവധി വിമാനച്ചിറകില്‍ പറന്നു പോയി ..മകളുടെ മകനെയാണ് ഉമ്മ പ്രതികാരത്തിനായി തെരഞ്ഞെടുത്തത് ,അലറി വിളിച്ച് കണ്ണില്‍ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് അവന്‍ ക്ലാസ്സില്‍ നിന്ന്‍ ഇറങ്ങിയോടി .അന്നു മുതല്‍ മാസാമാസം ഈ സൈക്യാട്രിസ്റ്റിന്‍റെ ഹാഫ്ഡോറിനു മുന്നില്‍ നേരം വെള്ച്ചാവുമ്പള്‍ക്കും കാത്തിരിക്കുന്നു ..മരുന്നിന്‍റെ ശക്തി കൊണ്ട് ഏതു നേരവും ഉറക്കം തൂങ്ങുന്ന അവനെ കാണുമ്പോള്‍ ഗഫൂര്‍ക്ക പറഞ്ഞത് ഉളിയായി മനസ്സിനെ കീറി മുറിക്കും -"ഉമ്മാനെ എടങ്ങേറാക്ക്യേയ്ന് ദുനിയാവിന്നന്നെ അദാബ് അറിഞ്ഞിട്ടേ ഞമ്മള് പോകൂ .."

ഉമ്മാന്‍റെ ആ കത്ത്ണ നോട്ടം എപ്പളും പിന്നാലെ ഉള്ളപോലെ ..പേരക്കുട്ടിയുടെ അലര്‍ച്ചയിലെല്ലാം ഉമ്മയാണ് ഈറയോടെ അട്ടഹസിക്കുന്നത് ..മോള് സങ്കടം തിന്ന് തിന്ന് എന്താകുമോ എന്തോ ..ഇന്ക്കും വയസ്സായി ,ആരുല്ലാന്ന തോന്നല്‍ ഇന്നീം അലട്ടാന്‍ തൊടങ്ങി ..ആരും ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത ഉമ്മാന്‍റെ പൊറ്ത്യേട് എന്തായിരുന്നൂന്ന് ഇന്ക്കും തിരിയാന്‍ തൊടങ്ങി ..എന്നിട്ടും അവര് -ആ സ്ത്രീ ആ കത്തുന്ന നോട്ടവുമായി എന്തിനാണ് എന്‍റെ പിന്നാലെത്തന്നെ കൂടിയിരിക്കുന്നത്?

*ജനാസ -മയ്യത്ത്
*അദാബ്-ശിക്ഷ
തഖ്‌വ -ദൈവഭക്തി
മദഹ്-സത്ഗുണം