Pages

2012 ഏപ്രിൽ 24, ചൊവ്വാഴ്ച


സൈറ

“ഞാനൊരുപ്രവാചകിയായിരുന്നേല്‍പ്രണയത്തെക്കുറിച്ചാവുംഏറെപറയുക.വിലക്കുകളില്ലാത്ത പ്രണയമാവും എന്‍റെ മതം.മതിലുകളില്ലാത്ത സ്നേഹം അപ്പൂപ്പന്‍താടികളായി നിര്‍ഭയം പറന്നു നടക്കും .ഇഷ്ടമുള്ളവരിലേക്ക് ലയിക്കാനായി..ഇരുളില്‍ ഏകാന്തതയുടെ മടിയിലിരുന്ന് ദൈവത്തെ പ്രാര്‍ഥിക്കാനാവും ഞാന്‍ കല്പിക്കുക,ദൈവത്തിന്‍റെ മുന്നില്‍ ഒരാളെന്നും നഗ്നനാണല്ലോ..............”

“ഓ,സൈരാ,ഒന്ന്പതുക്കെപറ,വല്ലോരുംകേട്ടാഅത് മതി മറ്റൊരുപ്രശ്നത്തിന്.അല്ലെങ്കിത്തന്നെനിന്‍റെപുസ്തകമുണ്ടാക്കിയപുകില്തന്നെകെട്ടിട്ടില്ല.നിനക്കൊരുപെടിയുമില്ലേ?ഇപ്പത്തന്നെനിയന്ത്രണങ്ങള്‍ഇല്ലാതെയല്ലേനമ്മുടെക്യാമ്പസ്സുകള്‍പ്രണയംആഘോഷിക്കുന്നത്.തികച്ചും അപ്പൂപ്പന്‍താടികളായി ഇഷ്ടമുള്ളവരെ പ്രാപിച്ച്,മടുക്കുമ്പോള്‍ ഉപേക്ഷിച്ച്..നിന്‍റെ കാര്യം തന്നെ മറന്നോ?”

“അതല്ല”-ക്ഷോഭത്താല്‍ വാക്കുകള്‍ അവളുടെ തൊണ്ടക്കുരുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി.വാക്കുകള്‍ മൂര്‍ച്ചയുള്ള വായ്ത്തലകളായി മിന്നി.”ആത്മാവില്‍ തൊടുന്ന പ്രണയം ,അങ്ങനൊരാള്‍ ഓരോരുത്തര്‍ക്കും പലതുണ്ടാവില്ല.കണ്ടെത്തുക-അതാണ്‌ പ്രയാസം.തേടിത്തേടി ആ വൃക്ഷത്തെ തൊട്ടുകഴിഞ്ഞാല്‍ സ്നേഹവള്ളി അതില്‍ പറ്റിപ്പിടിക്കും,തഴച്ചുവളരും........”അവള്‍ തന്‍റെ ചലനരഹിതമായ വലം കൈ ഒരു വടിയെന്നോണം മേശയിലേക്ക് നീക്കി വെച്ചു.വിശ്രമമില്ലാതെ എഴുതിക്കൊണ്ടിരുന്ന ആ നേര്‍ത്ത വിരലുകള്‍..ക്യാന്‍വാസില്‍ വിടര്‍ന്നിരുന്ന  ദുരൂഹമായ ചിത്രങ്ങള്‍..

“നല്ലതാ,ആ ബലാലിന്‍റെ മേല് തളര്‍ന്നത്‌.നമ്മളെ മുത്തുനബീനേം പടച്ചോനിം കുറ്റം പറയാനല്ലേ ഓളെ എയ്ത്ത്.ഇദ്ധേം ത്വലാക്കും പരിഷ്കരിക്കണന്ന്..പടച്ചോനും ഞമ്മളും വെറ്തെ വിടോ?”മതനേതാക്കള്‍ ചാനലുകളിലും പത്രങ്ങളിലും ക്ഷോഭം ചീറ്റിത്തെറിപ്പിച്ചു.

അജിത്തിനെ സൈറ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവുമോ?പണ്ട്-അല്ലിയാമ്പല്‍ എന്ന പാട്ട് കേള്‍ക്കുമ്പോഴേക്കും കണ്ണ് നിറച്ചിരുന്നു അവള്‍.ഒരുപാട് ചോദിച്ചിട്ടാണ് മുളയിലേ കൂമ്പടഞ്ഞു പോയ ആ പ്രണയകഥ അവള്‍ പുറത്തെടുത്തത്.”മതവും ജാതിയുമൊന്നും സൈരാ നിനക്ക് പ്രശ്നമാവില്ല,നീ റെബലല്ലേ.എനിക്ക് എന്‍റെ വീട് റിലേഷന്‍സ്‌ ഒക്കെ നോക്കണം.അവരെയൊക്കെ വേദനിപ്പിച്ച് ഒരു ബന്ധം,അത് ശരിയാവില്ല സൈരാ...”

“ഒരിക്കല്‍ പോലും ഒന്ന് ഉമ്മ വെക്കാത്ത മോളെയെന്നു വെറുതെയെങ്കിലും ഒന്ന് വിളിക്കാത്ത കണിശക്കാരിയും തിരക്കുള്ളവളുമായ ഒരു മമ്മി തന്നെയാവില്ലേ  അവന്‍റെതും.ഈ സിനിമയില്‍ കാണുന്ന മിണ്ടിയാല്‍ കരയുന്ന എണ്ണയൊലിപ്പ്പോലെ സ്നേഹിക്കുന്ന അച്ഛനും അമ്മേം ഭര്‍ത്താവുമൊക്കെ നടപ്പുള്ളതാണോ?ചവിട്ടിയരച്ചതാ അവന്‍ കരുതിക്കൂട്ടി.മുഷിഞ്ഞു നാറിയ വെറും പേപ്പറാണോ എന്‍റെ സ്നേഹം ഇങ്ങനെ പിച്ചിച്ചീന്തി എറിയാന്‍?വിമ്മിക്കരയുന്ന അവളെ അന്ന് ആശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു.”ടീച്ചര്‍ ശരിക്കും എന്‍റെ ആരോ ആണ്.മുജ്ജന്മത്തിലെന്നോ കണ്ടുമുട്ടിയവരാ നമ്മള്.അതല്ലേ നമ്മള്‍ ഇത്രേം അടുപ്പം.ഇതിനെയും നമ്മുടെ ക്യാമ്പസ്സില്‍ വളച്ചൊടിച്ചു പറയുന്നുണ്ട്””പറയട്ടെ സൈരാ,മനുഷ്യര്‍ക്ക്‌ പുഴുക്കുത്ത് കാണാനാ ഏറെ ഇഷ്ടം.വിരിഞ്ഞു നില്‍ക്കുന്ന മൃദുവായ ഇതളുകളിലും അവര്‍ കറുത്ത പുള്ളികള്‍ തിരഞ്ഞു കൊണ്ടിരിക്കും.”സൈറയുടെ  തൊണ്ടയിലും കവിളിലും വീര്‍ത്തുന്തി നില്‍ക്കുന്ന മാംസക്കൂനയിലേക്ക് നോക്കുമ്പോഴെല്ലാം കണ്ണ് കടയുന്നു.ശബ്ദം നേര്‍ത്തുതുടങ്ങി.ക്രമേണ അതില്ലാതാവും.അവള്‍ ഇതളില്ലാതെ വാടിയ ചിരി ചിരിച്ചു.വ്രണം പഴുത്ത് ചിലര്‍ക്ക് പുഴു വരുമത്രെ.ഇരുപതോളം റേഡിയേഷന്‍,അടുപ്പില്‍ ചുട്ടു വെന്ത പോലെ കരിക്കട്ടയായകഴുത്ത്.”എന്നാലുംസൈരാഫോണ്‍ചെയ്യുമ്പോഴൊന്നുംഅസുഖകാര്യങ്ങളൊന്നും നീ പറഞ്ഞില്ലല്ലോ.നിന്‍റെ വീട് കുറെ ഗുണ്ടകള്‍ ആക്രമിച്ചെന്നും തകര്‍ത്തെന്നുമൊക്കെ ടി വിയില്‍ ന്യുസുണ്ടായിരുന്നു.അന്ന് തുടങ്ങിയ പുറപ്പാടാ നിന്‍റെ അടുത്തേക്ക്‌..എന്തിനാ കുട്ടീഈചുവന്നകലാപവഴിതിരഞ്ഞെടുത്തത്‌?എല്ലാവരെയുംപോലെകുടുംബായി,കുട്ടികളായി സുഖമായി താമസിക്കായിരുന്നില്ലേ?പണത്തിനു പണ്ടും മുട്ടുള്ളവളല്ലല്ലോ.”

അവള്‍ ചിരിച്ചു.ചിരി ഏങ്കോണിച്ച് വീര്‍ത്ത കവിളില്‍ ഒരു ചുളിവായി ബാക്കി കിടന്നു.പുച്ഛം-എല്ലാറ്റിനെയും കരിച്ചു കളയുന്ന കൂര്‍ത്ത പരിഹാസം..ഈ ചെറുപ്രായത്തില്‍ തന്നെ എന്തിനാ ഈ കുട്ടീടെ തലയിലേക്ക് നീയൊരു നേരിപ്പോടിട്ടത് ഈശ്വരാ?

“അത് കള ടീച്ചറേ,കുടുംബം ,ബന്ധം –ഹിപ്പോക്രസിയാ,ഫുള്‍ കാപട്യം.ഈ കണ്ട കാലമൊക്കെ ഞാനന്വേഷിച്ചത് അത് തന്നെയാ,കറ കളഞ്ഞ സ്നേഹം.കുറച്ചെന്‍റെ ടീച്ചര്‍ തന്നു.പിന്നെ ആരും ഈ പാത്രത്തിലേക്ക് ആ തെളിഞ്ഞ വെള്ളമൊഴിച്ചിട്ടില്ല.സൈരയെ വേണമായിരുന്നു പലര്‍ക്കും,സാഹിത്യകാരന്മാര്‍,സമുദായനേതാക്കള്‍ അങ്ങനെ പലരും ഏങ്കോണിച്ച ചിരിയുമായി പിന്നാലെ വന്നതാ..ചിരിക്ക് പിന്നിലെ കറുപ്പ് കാണാന്‍ സൈരക്ക് പണ്ടേ മിടുക്കാ.മമ്മീടെ ചരി,ഡാഡീടെ ചിരി ,മാമന്‍റെ ചിരി,ആ വീടാകെ കറുത്ത ചിരികളായിരുന്നു.കറുത്ത ചിരി!ഹ ഹ ഹ............”ശബ്ദം നൂലുകളായി ഒരു തേങ്ങല്‍ മാത്രമായി.”മതി സൈരാ നിര്‍ത്ത്.ജോലീം പാടുമൊക്കെ ഒരരുക്കാക്കി നിന്‍റെ കൂടെ കുറച്ചു കാലം നില്‍ക്കാനാ ഞാന്‍ വന്നത്.കൈ മുടങ്ങിയത് മുതല്‍ നീ എഴുതാതെ വച്ചതെല്ലാംനമുക്ക്എരിച്ചെടുക്കണം.അതില്‍വെന്തെരിയുംപലരുംപലതും..ഇളകിത്തുള്ളി വരും,എന്നാലും വേണ്ടില്ല,എന്‍റെ തീവിഴുങ്ങിപ്പക്ഷീ ആ കനലിലേ നിനക്ക് ജീവനുള്ളൂ.”മയക്കുഗുളികയുടെ മാന്ത്രികക്കൈകള്‍ സൈറയുടെ കണ്ണുകളെ പതുക്കെ അടച്ചു.മെലിഞ്ഞു വരുന്ന ആ ശ്വാസത്തിലേക്ക് ഉറ്റു നോക്കെ ടീച്ചറുടെ തൊണ്ടയില്‍ നിന്ന് സങ്കടം തീച്ചിറകുകളായ് ഉയര്‍ന്നു-“സൈരാ കണ്ണ് തുറക്ക് സൈരാ “

2012 ഏപ്രിൽ 14, ശനിയാഴ്‌ച

കഫേയില്‍അന്ന്



കഫേയില്‍
ഞങ്ങള്‍ പതിവുപോലെ അപരിചിതരായി,
ഞങ്ങളുടെ
കമ്പ്യുട്ടര്‍ദേശത്ത് ചാറ്റ് ചെയ്തും
വാര്‍ഗെയിമുകള്‍
കളിച്ചും ആസ്വദിക്കെ..................
ക്യാബിനുകള്‍ക്കുള്ളില്‍
ഓരോരുത്തരും തനിച്ച്
ലോകത്തിന്‍റെ
നാനാഭാഗത്തുള്ളവരുമായി മെയിലയച്ചും
ചാറ്റ്ചെയ്തും
സ്വന്തം
അയല്‍ക്കാര്‍ ആരെന്ന് ആര്‍ക്കുമറിയില്ല,
അതെന്തിനറിയണം?അതിഥികള്‍
ആള്‍ക്കൂട്ടങ്ങള്‍,എല്ലാം ന്യുയിസന്‍സുകള്‍
ഒരാളെ
മുഖാമുഖം ശരിക്കൊന്നു കണ്ടിട്ട്തന്നെ കാലമെത്രയായി
മോണിറ്ററാണ്
ഞങ്ങളുടെ ദേശം,അവിടെയാണ് സ്വന്തക്കാര്‍,അയല്‍ക്കാര്‍..
തൊട്ടടുത്തിരിക്കുന്നത്
ആരാണോ എന്തോ?എന്നും വരുന്നവനാവും
പ്രിയപ്പെട്ട
യുദ്ധക്കളികള്‍ കളിക്കാറുണ്ടാവും..
പന്ത്രണ്ടുമണിക്കൂര്‍
നീളുന്ന ഗെയിമുകള്‍
ഞങ്ങളുടെ
കമ്പ്യൂട്ടര്‍ദേശത്തിന് സ്വന്തം
ഇത്ര
വയസ്സായിട്ടും ഞങ്ങള്‍ കുട്ടികളെപ്പോലെ കളിച്ചുകൊണ്ടിരിക്കുന്നു
അവധിദിനങ്ങളെ
അങ്ങനെ ഞെരിച്ചു കൊല്ലുന്നു..
എന്നാലും
എന്തതിശയം!തൊട്ടപ്പുറം ഹാഫ്‌സ്ക്രീനാല്‍ മറഞ്ഞ്
കീബോര്‍ഡില്‍
കൈവെച്ച്,തലയൊരല്പം ചെരിഞ്ഞ്,
അയാളെപ്പോഴാണു
ശവമായത്?
മോണിട്ടറില്‍
ബോംബ്‌ വര്‍ഷിക്കുന്ന പോര്‍വിമാനങ്ങള്‍..
ഇതിനിടെ
അയാളെങ്ങോട്ടാണ് പോയത്?
ഒരു
ശവത്തിനടുത്തായിരുന്നു ഇത്ര നേരവും
ഇരുന്നതെന്ന
ചിന്ത മാത്രമാണ് മനസ്സിലൊരു മുള്ളായി..
അയാളുടെ
മുഖം ശ്രദ്ധിച്ചിരുന്നില്ല
ശവം
നീക്കുന്നത് കഫേയുടെ ഉടമസ്ഥര്‍ നോക്കിക്കൊള്ളും
സന്ധ്യയുടെ
മഞ്ഞവെളിച്ചം ഓര്‍മിക്കുപ്പിന്നത് ഇത്രമാത്രം
ഫ്ലാറ്റിലേക്ക്
തിരിച്ചെത്തണം,ഹോട്ടലീന്ന് ഫുഡ്‌പാര്‍സലുകള്‍ വാങ്ങണം
പതുപതുത്ത
ബെഡില്‍ എല്ലാ വിശപ്പും കെടുത്തി കൂര്‍ക്കംവലിക്കണം
മറ്റു
ചിന്തകളെല്ലാം എന്തിനാണ് വെറുതെ...
എന്നാലുമാ
ശവം!നാശം വല്ലാത്തൊരു ശല്യം തന്നെ!

2012 ഏപ്രിൽ 7, ശനിയാഴ്‌ച

ലേബര്‍ റൂം



നിലവിളികള്‍ക്കിടയില്‍ വേദന പ്രതീക്ഷിച്ച്
കിടക്കവേ നിന്ദയുടെ ആയിരമായിരം മുള്ളുകള്‍ തറച്ച മറ്റൊരു പ്രസവക്കട്ടില്‍ ഓര്‍മയിലേക്ക്
ചരിഞ്ഞുവീണു,ഞെളുങ്ങിയും ചതഞ്ഞും സ്മരണകള്‍ നെടുവീര്‍പ്പുതിര്‍ത്തു.ഒരേ സംഗതി
തന്നെ സാഹചര്യത്തിന്‍റെ മാറ്റത്താല്‍ മാത്രം ഭീകരമാകും.അല്ലെങ്കില്‍ സന്തോഷനിര്‍ഭരമാകും.അയല്‍ക്കാര്‍
വന്നപ്പോഴെല്ലാം ഭയന്നു;കൊളുത്തികൊടുക്കുമോ പഴങ്കഥകള്‍?ഇപ്പോള്‍ കിട്ടിയ ഈ
കച്ചിത്തുരുമ്പിനേയും ഇടിച്ചു പൊടിച്ച് ദൂരെ കളയുമോ?ഉമ്മയുടെ കല്ലിച്ച മുഖത്തിന്
അന്നത്തേതില്‍ നിന്ന് എത്ര അയവുവന്നിരിക്കുന്നു.അമ്മായിയമ്മയേക്കാള്‍ പോരടിക്കുന്ന
സ്വന്തം ഉമ്മ.സ്വന്തം!എന്താണ് സ്വന്തം?ഈ വഴിയായ വഴിയെല്ലാം സ്വന്തമായവര്‍
ആരായിരുന്നു?”കാലകത്തിവെക്ക്’-നഴ്സ് മുരണ്ടു.ഭൂമിയിലെ ഏറ്റവും നിസ്സഹായമായ
കിടപ്പ്-എത്ര നേരമായിതു നീളുന്നു.ഇന്‍ജക്ഷനെടുത്തിട്ടും വേദന അവിടവിടെ കൊളുത്തി
വലിക്കമാത്രമാണ് .സ്ക്രീനിനപ്പുറം അലറിക്കരയുന്ന പെണ്‍കുട്ടികള്‍.ലേബര്‍റൂം ചിരി
നിറയുന്ന കാലം വരുമോ.അമ്മയും കുഞ്ഞും കരയുന്നു.കുഞ്ഞിനെ കാണുമ്പോള്‍ മാത്രം
അതുവരെയുള്ള വേദനകളത്രയും ധൂളിയായ്‌ മാഞ്ഞുപോകുന്നു.എത്ര കൊല്ലങ്ങളാണു അതിനു ശേഷം
ട്രെയിനുപോലെ പാഞ്ഞുപോയത്‌.പത്താം വയസ്സില്‍
തുടങ്ങിയ ഭാരിച്ച ജോലികള്‍.കാസര്‍ക്കോട്ടൊരു വീട്ടിലായിരുന്നു.അമ്മിയിലേക്കെത്താഞ്ഞിട്ടു
പലകയില്‍ കയറിനിന്നാണ് അരച്ചിരുന്നത്.മൂന്ന് കുഞ്ഞുകുട്ടികളെ നോക്കലാണ്
പ്രധാനപണി.പത്തു കുട്ടികളാണ് ആ ഉമ്മയ്ക്ക്.മുഖം കറുപ്പിക്കാതെത്തന്നെ അന്നം
തരുമായിരുന്നു.അലക്കിയും അടിച്ചുതുടച്ചും അഞ്ചാംക്ലാസ്സുകാരി മുതിര്‍ന്നൊരു
വീട്ടമ്മയായി.പതിനഞ്ചാം വയസ്സില്‍ അവിടന്ന് പിരിഞ്ഞുപോരുമ്പോള്‍ കൂട്ടാന്‍ വന്ന
ഉമ്മാന്‍റെ പക്കല്‍ അവര്‍ ആറുപവന്‍ ഏല്‍പ്പിച്ചു.”ഇത് ഓള് ഇത്രകാലം ഇവിടെ
നയിച്ചെയ്‌ന്‍റെ കൂല്യാ.ഇന്‍ക്ക് ഓളെ ബിടാന്‍ ഇഷ്ടംണ്ടായിട്ടല്ല.ബാല്യക്കാര്
ചെക്കന്മാരാ ഇന്‍റെ.പടച്ചോന്‍ ഹറാമാക്കിയതിനൊന്നും ഞമ്മള് വയി വച്ചു
കൊടുക്കണ്ടല്ലോ.”
പക്ഷെ...വിധി അതായിരുന്നു.ഹറാമിന്‍റെ ആ
പൊള്ളുംവഴി.പിന്നൊരു കൊല്ലത്തോളം പുറംപണിക്കു പോകുന്ന ഉമ്മയുടെ കൂടെ..കാട്
വെട്ടാനും മലയില്‍ കൃഷിപ്പണിക്കും..ചുടുവെയില്‍ സ്വതവെ കറുത്ത തന്നെ ഒന്നൂടെ
കറുപ്പിച്ചു.എന്നിട്ടും വെളുത്ത് ചൊങ്കനായ അയാളെന്തിനാണ് പുഞ്ചിരിയുടെ കൊടിലിനാല്‍
തന്നെ നിരന്തരം കൊളുത്തിവലിച്ചത്”.ആ...” അറിയാതെ നിലവിളിച്ചുപോയി.അടിവയറാകെ
ഭൂകമ്പം നടക്കുന്നു.വേദന...കടുകടുത്ത തീരാവേദന..അന്നും അതിത്ര ഭീകരമായിരുന്നോ?ഓര്‍മയില്ല..ആ
കുഞ്ഞിന്‍റെ മുഖം..ഓ!ഒന്നും ഓര്‍മയില്ല..”സൂണ്‍ ടു തിയേറ്റര്‍”വെപ്രാളത്തോടെ
ഡോക്ടര്‍ ധൃതിപ്പെടുന്നത് മറയുന്ന ബോധത്തിനിടെ കേട്ടു.ഇപ്പോള്‍!ഒരുപാട് യുഗങ്ങള്‍
കഴിഞ്ഞ് ഒരു കുഞ്ഞിതാ തന്‍റെ അരികെ..അന്നത്തെപ്പോലെത്തന്നെ വെളുത്ത്‌
ചെമന്ന്..മുഖം ഇത് തന്നെയായിരുന്നോ?അവന്‍
വീണ്ടും തന്‍റെ വയറ്റിലേക്ക്തന്നെ തിരിച്ചെത്തിയോ?അവനെ വേണ്ടാതെ വലിച്ചെറിഞ്ഞ അവന്‍റെ
ഉമ്മയുടെ പള്ളയിലേക്ക്.ജീവിച്ചിരിപ്പുണ്ടോ?ആര്‍ക്കാണറിയുക?ആരോടാണ്
ചോദിക്കുക?ഒന്നുപോയി കാണാനുള്ള ത്രാണിയെങ്കിലും ഈ വെറുംപെണ്ണിന് എന്നുണ്ടാകും?സമൂഹത്തിന്‍റെ
പുറംചിരിക്കു പിന്നില്‍ ഒളിപ്പിച്ച കറുത്ത യക്ഷിപ്പല്ലുകള്‍ കാണണമെങ്കില്‍
തന്നെപ്പോലെ ചേറുജന്മം കിട്ടണം.ചളിയില്‍ പൂന്തിപ്പോയ കരിങ്കല്ലാകണം.
അയല്‍വാസി ഉമ്മയോട് ആര്‍ത്തിയോടെ
ആരാഞ്ഞു;”അറിഞ്ഞിട്ടില്ലല്ലോ അവനൊന്നും?”എപ്പഴും കനല്‍ ചൊരിയാറുള്ള ഉമ്മ ഏറ്റം
നിസ്സഹായയായി കണ്ണ് നിറച്ചു.”പടച്ചോനെക്കര്തി മിണ്ടല്ലേ.ഓന്‍ ഇള്ളപ്പളൊക്കെ ബേജാറ്
അതെന്നെയ്നി.ആരേലും കൊളത്തോന്ന്.ഇന്‍റെ റബ്ബേ ഇജ്‌ തന്നെ തൊണ.”ചോദിച്ചയാള്‍ ഒരു
നാടകം കാണുന്ന രസത്തോടെ ഇരുന്നു.മറ്റുള്ളവരുടെ നിസ്സഹായതയിലെക്ക് പുളിച്ചു തൂവുന്ന
ആ വെടക്ക്ചിരിയുമായി..കറ എപ്പഴും സ്ത്രീക്ക്‌ മാത്രമാണ്.ഉത്തരവാദിയായ പുരുഷനെ
നോക്കി ആരും പിന്നീട് മന്ത്രിക്കുന്നില്ല;”ഇതാണവന്‍,അപ്പെങ്കുട്ടീനെ പെഴപ്പിച്ചവന്‍.”ഒരു
വഴിത്തിരിവിലും അയാളെ പിടിച്ചു നിര്‍ത്തി ആരും ചോദിച്ചില്ല;ആ കുഞ്ഞിനെ നീയെന്തു
ചെയ്തു?” കല്യാണവീരന്മാര്‍ക്കും വേണ്ട കുഞ്ഞിന്‍റെ അവകാശം.നിസ്സഹായതയുടെ അത്തരം
തുരുത്തുകളില്‍ മാത്രമാണ് കുഞ്ഞ് സ്ത്രീയുടെ മാത്രം ബാധ്യതയും വേദനയുമാകുന്നത്.
കുട്ടി നിര്‍ത്താതെ കരഞ്ഞു.പാലൂട്ടുമ്പോള്‍.
ഒരിക്കല്‍പോലും അതിനു വിധിയില്ലാതിരുന്ന മകന്‍,ഓര്‍മയുടെ കരിങ്കല്‍പടിയില്‍ വീണ്ടും
കാല്‍ നീട്ടിയിരുന്നു.എത്രയാവും ഇപ്പോള്‍ പ്രായം?കട്ടിമീശയും ചുരുണ്ട മുടിയും
ഉണ്ടായിരിക്കും.ഉപ്പാനെപ്പോലെ ചൂണ്ടല്‍ക്കണ്ണുകള്‍ തന്നെയാവുമോ അവനും?ഒരു
ചതിയനായിട്ടുണ്ടാവോ?മധുരവാക്കുകളാല്‍ മയക്കുന്ന ഒരു വെറും വഞ്ചകന്‍.ഓര്‍മകളുടെ
അലക്കില്‍ നിന്ന് തെന്നിത്തെറിച്ചപ്പോള്‍, അരികെ കെട്ടിയവന്‍.ഇതിനി എത്ര
കാലമാവോ?വിസത്തട്ടിപ്പില്‍ മുങ്ങി മറഞ്ഞ ആദ്യപുതിയാപ്പിള അപ്പോള്‍ സ്മരണയെ
തൊട്ടു.മൂന്നു പുരുഷന്മാര്‍!ജീവിതത്തെ ചവിട്ടിമെതിച്ചു കടന്നു പോയ രണ്ടു പേര്‍.എന്നെങ്കിലും
ഈ കൈ വിടുവിച്ചു അകന്നു പോയേക്കാവുന്ന മറ്റൊരാള്‍.അനേകം അനിശ്ചിതത്വങ്ങളുടെ
ഏച്ചുകെട്ടാണീ ജീവിതം.”ആങ്കുട്ട്യായതോണ്ട് ഓക്കൊരു തൊണായി.”ഉമ്മ പെയ്യല്‍ നിര്‍ത്തിയിട്ടില്ല.എന്തിനാണീ
മുടിഞ്ഞ സഹതാപം?ആണ്‍കുട്ടി തന്നെയായിരുന്നില്ലേ ആദ്യവും.അന്ന് സമൂഹത്തെ ഭയന്ന്
വലിച്ചെറിയാതിരുന്നെങ്കില്‍,അനാഥാലയത്തിന്‍റെ ചായമടര്‍ന്ന ചുമരുകള്‍ അവനെ എതിരേല്‍ക്കില്ലായിരുന്നു.വീട്ടിലായിട്ടെന്ത്?ഇക്കാലമത്രയും
സഹിച്ച പരിഹാസക്കല്ലേറി ല്‍ നിന്ന് അവനും രക്ഷ കിട്ടില്ല/ഒരിക്കലും അവന് തന്നെ
സ്നേഹിക്കാനുമാവില്ല.പോങ്ങുതടിയുടെ വിധി ഭയാനകം തന്നെ.കാറ്റിലും ചുഴിയിലും പെട്ട്
അത് ആര്‍ത്തലച്ച് ഒഴുകും.തകര്‍ക്കാനായി മുഷ്ടിചുരുട്ടുന്ന പാറക്കെട്ടുകളെ സദാ
കണ്ണില്‍ കാണും.
കുഞ്ഞ് ഉറക്കത്തില്‍ പതുക്കെ
ചിരിച്ചു.മാലാഖമാര്‍ അവനോട് സംസാരിക്കുന്നുണ്ടാവും.വെളുത്ത പൂക്കള്‍ അവന്‍റെ നേരെ
വീശുന്നുണ്ടാവും.കുട്ടികളെല്ലാം മാലാഖമാരാണ്.വലുതാകുമ്പോള്‍ ചിലര്‍ ആര്‍ക്കും
വേണ്ടാത്തവരാകുന്നു.അവള്‍ താരാട്ടിന്‍റെ പൊട്ടും പൊടിയും ചുണ്ടിലേക്ക് ചേര്‍ത്തു.തൊട്ടില്‍ക്കയര്‍
തൊട്ടപ്പോള്‍ പരിഭവത്തോടെ ആദ്യകുരുന്ന് ചുണ്ട് കൂര്‍പ്പിച്ച് തന്നെ നോക്കുന്നതായി
അവള്‍ക്കു തോന്നി.അവള്‍ക്കു നെഞ്ച് കഠിനമായി വേദനിച്ചു.

2012 ഏപ്രിൽ 2, തിങ്കളാഴ്‌ച

സ്പോണ്‍സേര്‍ഡ്‌ ബൈ



തുടക്കുന്നതിനിടെ ഇടയ്ക്കിടെ
വാസു ടീവിയിലേക്ക് ചൂണ്ടയിട്ടു.കണ്ണില്‍ കോര്‍ക്കുന്ന രാജകീയ വിവാഹത്തിന്‍റെ വരാല്‍മീനുകള്‍
അവനെ ശ്വാസം മുട്ടിച്ചു.ഒരു നേരം തിന്നാനില്ലാത്ത തന്‍റെ വീട്,ഇവിടെ ഈ
പെട്ടിക്കാഴ്ചയില്‍ എന്തെല്ലാം ഭക്ഷണങ്ങളാണ്!താരസുന്ദരിയുടെ വിവാഹവസ്ത്രത്തിന്‍റെ
പൊലിപ്പിച്ച വിവരണം മുതലാണ്‌ പെട്ടിക്കാഴ്ച്ചയുടെ ആര്‍ഭാടം തുടങ്ങിയത്.”എന്താടാ
മാക്രീ,കണ്ണ് തുറുപ്പിച്ചു നിക്കണ്?പണി വേഗം തീര്‍ക്കണന്നു എത്ര പറഞ്ഞു.ഇനീപ്പോ
ടിവി കാണണ്ട കൊറവേ ഒള്ളൂ.”കൊച്ചമ്മ ദേഷ്യത്തോടെ മുതുകില്‍ പിടിച്ചു തള്ളിയപ്പോള്‍
നനഞ്ഞ തറയിലൂടെ അവനൊരു പന്ത് പോലെ ഉരുണ്ടു.തറയിലടിച്ചു ചുണ്ടില്‍ ചെറിയൊരു ഗോലി
ഉരുണ്ടു വരികയും ചെയ്തു.അവന്‍ കണ്ണില്‍ നിന്ന് വീഴുന്ന കലക്കുവെള്ളം ഗൌനിക്കാതെ
വേഗം തുടക്കാന്‍ തുടങ്ങി.പോത്തിന്‍തോല് പോലെ ,ചെമ്പിച്ച രോമം നിറഞ്ഞ കറുത്ത
ശരീരത്തെ അവന്‍ വെറുപ്പോടെ നോക്കി.പഴയ ചോറ് വലിച്ചു വാരി തിന്നുമ്പോഴും അവന്‍റെ
കണ്ണുകള്‍ അറിയാതെ ടിവിയിലേക്ക് പാറി വീണു.പൊന്നിലും വജ്രത്തിലും മൂടിയ
നടിയിപ്പോള്‍ മണ്ഡപം വിട്ടിറങ്ങുകയാണ്.പൊന്ന്പോലെ തിളങ്ങുന്ന പട്ടുപുടവ.അതേ
ഷോട്ടിന്‍റെ അങ്ങേ പാതിയില്‍ ആളുകള്‍ നിരയായി കൂട്ടിയ ഭക്ഷണക്കൂമ്പാരങ്ങളില്‍
നിന്ന് വേണ്ടത് എടുത്തു കഴിക്കുന്നു.കുടിച്ചു കൂത്താടുന്നവര്‍ വേറെയും.അവന്‍ വായും
പൊളിച്ച് ഭക്ഷണസമൃദ്ധിയിലേക്ക് നോക്കിയിരുന്നു.
പിന്നെ രംഗത്തിലേക്ക്
വണ്ടികളുടെ നീണ്ട നിരകള്‍ മന്ദം മന്ദം വര്‍ണക്കടലാസു പോലെ ഇളകി.ഏറ്റവും വില കൂടിയ
കാറുകള്‍ മുന്തിയ അലങ്കാരങ്ങളോടെ..വണ്ടികള്‍ കാണാനുള്ള ആര്‍ത്തിയോടെ അവന്‍ കതകില്‍
ചാരി പതുങ്ങി നിന്നു.എന്തെല്ലാം നിറങ്ങള്‍,എന്തൊരു ഭംഗി..
“നശീകരം!പിന്നേം ടിവി
കാണാണോ?തീറ്റ കഴിഞ്ഞെങ്കി ആ ചെടികളൊക്കെ ഒന്ന് നനക്ക്.ഒരുപണിയുംഇല്ലാത്തപോലല്ലേഅവന്‍റെഇരുത്തം.ആതെങ്ങുകളൊക്കെഒന്ന്
തടം തുറന്ന് വളമയിടണം.” കൊച്ചമ്മ അവനെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട്
ആക്രോശിച്ചു.വേനലില്‍ വരണ്ടു വിണ്ട മണ്ണുമായി തൂമ്പ കലമ്പല്‍
കൂട്ടി.വൈകുന്നേരമായപ്പോഴേക്കും ക്ഷീണം അവനെ ചപ്പാത്തിമാവ് പോലെ
കുഴച്ചു.മയക്കത്തില്‍ അവന്‍ ഭക്ഷണക്കൂമ്പാരത്തിനിടയില്‍ രാജാവിനെ പ്പോലെ
ഇരിക്കുന്നത് സ്വപ്നം കണ്ടു.വിശപ്പിന്‍റെ കൊല്ലുന്ന വേദനയില്ലാതെ..പെട്ടെന്ന്
കാലില്‍ നീറുന്ന വേദനയോടെ അവന്‍ ചാടിയെഴുന്നേറ്റു;കൊച്ചമ്മയതാ വലിയൊരു
ചൂരലുമായി,ട്രൌസറിന് താഴെ വരമ്പ് പോലെ തിണര്‍പ്പുകള്‍..മങ്ങുന്ന നിഴലായി മായുന്ന
ഭക്ഷണക്കൂമ്പാരത്തിലേക്ക് അവന്‍ ആര്‍ത്തിയോടെ നോക്കി.പണ്ടൊരിക്കല്‍ ടിവിയില്‍ കണ്ട
ഒരഭിമുഖം അവനപ്പോള്‍ വെറുതെ ഓര്‍ത്തു.
അവതാരകന്‍;കേരളം
മുഴുവന്‍ ആദരിക്കുന്ന കവിയാണല്ലോഅങ്ങ്,അങ്ങയുടെ ഒരു ദിവസത്തെക്കുറിച്ച് പറയാമോ?
കവി;രാവിലെ എട്ടു
മണിയാവും എഴുന്നേല്‍ക്കാന്‍.ഉറക്കം ഒരു വീക്ക്‌നസ്സാ എനിക്ക്.വല്ല പാര്‍ട്ടിയും
കഴിഞ്ഞാണെങ്കി അതിന്‍റെ ക്ഷീണവും കാണും.നെയ്യൊഴിച്ച കഞ്ഞിയാ രാവിലെ
ഇഷ്ടം.ഇറച്ചിയും മീനും,കണ്ടു കണ്ട് മടുത്തു..
കൊച്ചമ്മയുടെ
പിന്നാലെ വേച്ചു വേച്ച് നടക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നെന്നു തോന്നി
അവന്.രാത്രി-ജോലികളുടെ ചപ്പുകൂനയിലേക്ക് വലിച്ചെറിയാനുള്ള തന്‍റെ ദിവസങ്ങളെ
പ്രാകിക്കൊണ്ട് അവന്‍ കണ്ണടച്ചു.കോടിക്കണക്കിനു വില കിട്ടുന്ന താരവിവാഹങ്ങള്‍
ചാനലുകള്‍ എത്ര സന്തോഷത്തോടെയാണ് ആഘോഷിക്കുന്നത്.നീചമായ ഈ ജീവിതത്തിലേക്ക് ഒരു കപ്പക്കഷ്ണം
നീട്ടാന്‍ പോലും ഒരു സ്പോണ്‍സറും വരില്ലല്ലോ എന്നവന്‍ വ്യസനത്തോടെ ഓര്‍ത്തു...

2012 മാർച്ച് 25, ഞായറാഴ്‌ച

മുത്ത്



എന്‍റെ ആഹ്ലാദത്തിന്‍റെ ചെപ്പുകള്‍ നീയായിരുന്നു
എത്ര കാലമായ്‌ ഞാനത് തിരയുന്നു.
ഇപ്പോള്‍-എപ്പഴേലും നിന്‍റെ സ്വരം
ചിലമ്പുമണികളായ്‌
ഉള്ളിലേക്കുതിരുമ്പോള്‍,എത്രയാണാഹ്ലാദം
ഒന്നും ഒരിക്കലും സ്വന്തമല്ലാത്തവള്‍ക്ക്
ഈ ചപലതകള്‍ മാത്രം സ്വന്തം...
വ്യര്‍ത്ഥയുടെ ഈ പൊയ് വേരുകള്‍
എന്നിട്ടും ...എന്നിട്ടും ...
ഓര്‍ത്തുപോകുന്നു ,എന്തേ ഈ ആത്മാവിനെ
ജ്ഞാനസ്നാനം ചെയ്യിക്കാന്‍ നിന്നെപ്പോലൊരു
പ്രകാശിക്കുന്ന ആത്മാവ്
ഈ ചെപ്പിലേക്ക് വന്നില്ല?വേദനാജനകമായ മുത്തിന്‍റെ
രൂപപ്പെടലില്‍ പങ്കാളിയായില്ല?
പാവം മുത്ത്!മണല്‍ത്തരികളുടെ അസ്വാരസ്യത്തില്‍
അന്യജീവികളുടെ കടന്നുകയറ്റത്തില്‍
നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ ഒന്നാകെ ഉരുട്ടിയുരുട്ടി
ഉണ്ടാക്കിയെടുത്തത്..ഒറിജിനലല്ലപോലും!
ഹോ!തീയെരിക്കും വേദനകള്‍ മാത്രം സത്യം
ആര്‍ക്കും വേണ്ടയീ കീറിപ്പറിഞ്ഞ കുപ്പായം.
ചുരുട്ടിയെറിഞ്ഞു വീണ്ടും കുപ്പക്കുഴിയിലേക്ക്..
കുപ്പക്കുഴിയിലും തിളങ്ങുന്നു,അനേകനാള്‍
ധ്യാനിച്ചെടുത്ത മുത്ത്..
അമൂല്യമാണത്,എനിക്കെന്നും ,മറ്റാര്‍ക്കും
വേണ്ടെങ്കിലും
ആത്മാവേ!ഈ പഞ്ജരവും ഉടയും, ഈ ലോകവും മായും
വീണ്ടും നിന്‍റെ യാത്രകള്‍ എവിടേക്ക്,എന്തിന്,ആര്‍ക്കറിയാം?
എത്ര നാളാണീ അലച്ചിലിന്‍റെ നീളം,ആര്‍ക്കറിയാം ആര്‍ക്കറിയാം!

2012 മാർച്ച് 17, ശനിയാഴ്‌ച

എന്തിനായ്‌



തീ
കത്തിച്ചത്തവള്‍ നരകകിങ്കരന്‍മാരുടെ കറുകറുത്ത നിഴലുകളിലെക്ക് നോക്കി വേച്ചും
ഇടറിയും നടന്നു.എന്നിട്ടും അവളുടെ മനസ്സ്‌ തളര്‍ന്നില്ല.ദണ്ഡന മുറകളാല്‍ ശരീരം
പിഞ്ഞിത്തുടങ്ങിയിരുന്നു.ദൈവത്തോട്‌ ചോദിക്കാനുള്ളതെല്ലാം അവളോരോന്നായി അടുക്കി വെച്ചു.ഒന്നൊന്നായി..ക്രമം
തെറ്റരുത്,ആദ്യം അവസാനമാകരുത്‌.ആ മഹാവേളിച്ഛത്തിനു മുമ്പില്‍ കണ്ണഞ്ചി അവള്‍ കൈ
കൂപ്പി.അശരീരികള്‍ അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു.
“ഞാന്‍
തന്ന പ്രാണന്‍ സ്വയം ഹനിച്ചു കളയുന്നത് കടുത്ത പാപം.നീ നരകാഗ്നിയില്‍ കാലാകാലം
അതിന്‍റെ ശിക്ഷ അനുഭവിക്കും.”
അവള്‍
കണ്ണുകള്‍ പണിപ്പെട്ടു തുറന്നു.വെളിച്ചത്താല്‍ കണ്ണുകള്‍ അന്ധമായേക്കും.അവള്‍
പിറുപിറുത്തു:
ഞാന്‍
മനുഷ്യജന്മത്തിന് യോഗ്യയായിരുന്നില്ല.എന്നിട്ടും നീ എന്തിനാണെന്നെ അജ്ഞതയുടെ ദീര്‍ഘസുഷുപ്തിയില്‍
നിന്ന് തട്ടി വിളിച്ചത്‌?എന്‍റെ കിളിത്തൂവലുകള്‍ കരിച്ചു കളഞ്ഞത്?എന്‍റെ
ശലഭച്ചിറകുകള്‍ വലിച്ചു പറിച്ചത്?എന്‍റെ സ്വപ്നങ്ങളൊന്നാകെ അരച്ചു കലക്കിയത്?”
ദൈവം
ചോദ്യം ചെയ്യപ്പെടാനുള്ളതല്ല.അനുസരിക്കപ്പെടാനുള്ളത് മാത്രം.എന്‍റെ ഇച്ഛകള്‍
നിറവേറും.അതിന് കാര്യകാരണങ്ങളില്ല.ഉണ്ടാക് എന്ന് ഞാന്‍ കല്പിക്കുകയെ വേണ്ടൂ ഒരു
ജീവന്‍ ബലികുടീരത്തിലേക്ക് ഞെട്ടറ്റു വീഴുന്നു.”
എന്‍റെ
ബാല്യം-അനാഥത്വത്തിന്‍റെ ആ കാലമത്രയും ഞാന്‍ നിന്നെ വിളിച്ചു കരഞ്ഞു.വേറെ കല്യാണം
കഴിച്ചു പോയ ഉമ്മ ഇടക്ക് അല്‍പം മധുരവുമായി വരുമ്പോഴെല്ലാം അവരുടെ
ഒക്കത്തിരിക്കുന്ന എളാപ്പയുടെ കുഞ്ഞിനെ ഞാന്‍ പകയോടെ നോക്കി.എന്‍റെ അവകാശങ്ങള്‍..എനിക്ക്
കിട്ടേണ്ട സ്നേഹം.തൊപ്പി തട്ടിപ്പറിച്ച കുരങ്ങനെപ്പോലെ എല്ലാം അപഹരിച്ച് അവന്‍
ഞെളിഞ്ഞിരിക്കുന്നു!ഉമ്മ കാണാത്തപ്പോഴെല്ലാം ഞാനാ കുഞ്ഞിനെ നന്നായി
നോവിച്ചു.അതാവും ഉമ്മ പിന്നെ വരാതായത്.ആര്‍ക്കും
വേണ്ടാതെ
വളരുന്ന പടുമുള ഒരുപാട് തിക്തമായ കാലങ്ങളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞും വളരെ
പതുക്കെ വളര്‍ന്നു.ഓരോരുത്തരുടെ വക അടിയും ശകാരവും കിട്ടുമ്പോള്‍ ഞാന്‍ മുകള്‍നിലയിലെ
ചുമരില്‍നിന്ന് മണ്ണ്‌ അടര്‍ത്തിത്തിന്നു.ഒരു ഭക്ഷണവും അത്ര രുചികരമായില്ല.എത്ര
അടി കിട്ടിയിട്ടും ആ ശീലം എന്നെ വിട്ടുപോയതുമില്ല.”
ദൈവസന്നിധിയില്‍
നിന്‍റെ പീറക്കഥകള്‍ക്ക്‌ യാതൊരു വിലയുമില്ല.ഇവിടെ എല്ലാം ത്രാസുകള്‍
തീരുമാനിക്കുന്നു.നന്മതിന്മയുടെ ത്രാസുകള്‍..നീയെത്ര നന്നായിട്ടെന്ത്?ആത്മഹത്യ
എന്ന ഒരൊറ്റക്കാരണത്താല്‍ നീ നരകാവകാശിയായിരിക്കുന്നു.’
നിന്‍റെ
അഭീഷ്ടങ്ങളെ ആര്‍ക്ക് വെല്ലാനവും?നീറിപ്പുകയുന്ന ഓര്‍മകളില്‍നിന്ന് നിന്‍റെ
പീഡനമുറകള്‍ എന്നെ രക്ഷിക്കുന്നില്ല.കോളേജില്‍ പഠിക്കുന്ന കാലത്താ അവനെ കണ്ടത്.ഒരു
ജന്മം കരുതിവെച്ച പ്രണയമത്രയും വാരിക്കോരി കൊടുത്തു.അവനോ..ഒരു ചേമ്പില!എത്ര മഴ
കൊണ്ടിട്ടെന്ത്?വീടുകാര്‍ എന്നോ ഉറപ്പിച്ച പെണ്ണിന്‍റെ കൂടെ ഒരു നാള്‍ ഗള്‍ഫിലേക്ക്‌
പറന്നു.ആ കിളി ഒന്ന് തിരിഞ്ഞു നോക്കുമെന്നും നീയില്ലാതെ ഞാനെങ്ങുമില്ല എന്ന്
പറയുമെന്നും വെറുതെ ആശിച്ചു.അന്നായിരുന്നു ആദ്യമായി ഞാന്‍ മരണത്തെ ഉറക്കഗുളികയിലെക്ക്
വിളിച്ചു വരുത്തിയത്.എന്നിട്ടെന്ത്?രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍
നീയെന്‍റെ കണ്ണുകളെ തുറന്നു.ജന്മത്തിന്‍ കഠിന പാശത്താല്‍ വീണ്ടുമെന്നെ മുറുകെ
കെട്ടിയിട്ടു.ഞാനോ-കഥയിലും കവിതയിലും എല്ലാ വ്യസനങ്ങളെയും മുക്കിക്കൊന്നിരുന്നവള്‍.പ്രായോഗികതയുടെ
നീളന്‍കോണിയിലൂടെയുള്ള കയറ്റം ഒട്ടും വശപ്പെടാത്തവള്‍.ന്യുസുകള്‍ പലതും ഇക്കാക്ക
അറിഞ്ഞിരുന്നു.അവന്‍റെ ചിറകിന്‍ചോട്ടിലാണല്ലോ കുറെ കാലമായി.കുത്തുവാക്കുകളുടെ
അമ്പുകള്‍ എന്നെ മുറിപ്പെടുത്തി.വിഷാദത്തിന്‍റെ നിശ്ശബ്ദവീഥിയിലേക്ക്‌
ഒട്ടകപ്പക്ഷിയായി ഞാന്‍ മുഖം പുഴ്ത്തി.
“നീ
പഠിക്കാന്‍ പോണ്ട.ഈ വീട്ടീന്ന് ഇനി ഇറങ്ങ്.കാണിച്ചു തരാം.”
അവന്‍റെ
ഉഗ്രശാസനം എനിക്ക്ചുറ്റും കല്ല്‌മഴ തീര്‍ത്തു.അമ്മാവന്‍ മൂത്താപ്പ..ആരൊക്കെയോ
ഇടപെട്ട് അനവധി സത്യപ്രതിജ്ഞകള്‍ക്ക്‌ ശേഷംവ വീണ്ടും കോളേജിന്‍റെ പടിവാതില്‍ക്കല്‍
അഭയാര്‍ഥിയായി ഞാന്‍ നിന്നു.എന്നും ആ ഹോസ്റ്റല്‍ ആയിരുന്നു എന്‍റെ വീട്.എന്‍റെയത്ര
വീട്ടില്‍ പോവാത്തവര്‍ ആരുമുണ്ടായിരുന്നില്ല.”
‘പറഞ്ഞില്ലേ
നിന്‍റെ കഥപറച്ചില്‍ ഇവിടെ വേണ്ടെന്ന്.എല്ലാ നരകാവകാശികളെയും ആണ്ടിലൊരിക്കല്‍ നാം
കാണും.അത്കൊണ്ട് മാത്രമാണ് നീയും വിളിക്കപ്പെട്ടത്‌.അറിയാമല്ലോ?ഭുമിയിലെ ആയിരം
സംവത്സരങ്ങളാ ഇവിടെ ഒരു ദിവസം.ഓര്‍ത്തു നോക്ക് നിന്‍റെ ശിക്ഷയുടെ കാഠിന്യം.അതോര്‍മിച്ചാല്‍
നീയിത്ര വാചാലയാവില്ല.”
അവളത്
കേട്ടില്ലെന്നു തോന്നി.ധ്യാനത്തിലെന്നപോലെ പിറുപിറുത്തു:
‘ക്യാമ്പിനു
രണ്ടു തവണയാ കോളെജീന്നു പോയത്.എഴുത്ത് സൂക്കെട് പണ്ടേ ഉള്ളതാണല്ലോ.കവിത
ചൊല്ലിയപ്പോള്‍,ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ഒക്കെ അവനെന്നെ ശ്രദ്ധിച്ചു.അവന്‍റെ
കണ്ണുകളെന്നെ തൊട്ടു വിളിച്ചു.ആരുമറിയാതെ പതുക്കെ ഒഴുകിയ അനുരാഗനദി..അതിലേക്ക്
പെരുങ്കല്ലുകള്‍ വീഴാതിരിക്കാന്‍ ഒന്നേയുള്ളൂ മാര്‍ഗം-വിവാഹം.എല്ലാ സ്നേഹത്തിന്‍റെയും
കൊലക്കത്തിയായ കല്യാണം.അവനെതായാലും എന്നെ തോഴിച്ചെറിഞ്ഞില്ല.പകരം ആങ്ങളയുടെ
അടുത്തെത്തി.
‘കൈ
നിറച്ചുതരാന്‍ എന്‍റെ അടുത്തില്ല.തള്ളക്കും തന്തക്കും വേണ്ടാത്തവരെ പിന്നാര്‍ക്ക്
വേണം?പഠിപ്പിച്ചു.അത് തന്നെ കഴിഞ്ഞിട്ടല്ല,സ്വര്‍ണത്തിനും പണത്തിനും
വേണ്ടീട്ടാണെങ്കി നിര്‍ത്തിക്കോളൂ ഇപ്പത്തന്നെ.”
അവന്‍
തിരിഞ്ഞു നടന്നില്ല.അവനീ വിജനവഴിയില്‍ ഒറ്റപ്പെട്ടുപോയ ആട്ടിന്‍കുഞ്ഞിനെ
കൈപിടിക്കാന്‍ ശ്രമിച്ച നല്ല സമരിയക്കാരന്‍.ആ നല്ല മനസ്സ് പിന്നെയവന് വിനയായോ
എന്തോ?വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടതോണ്ട് എനിക്കെന്നും അവനെ സംശയമായിരുന്നു.എന്‍റെ
പ്രണയം എന്നുമവനെ പൊറുതികെടുത്തി.സ്ത്രീധനമില്ലാത്ത കല്യാണം,നല്ല തറവാടല്ലാത്ത
കുഴപ്പം.വീട്ടുകാര്‍ക്ക്‌ നോവിക്കാന്‍ അങ്ങനെ ഏറെയുണ്ടായിരുന്നു.വെന്തുവെന്ത്
കണ്ണീരത്രയും കവിതകളായി ഡയറിയില്‍ ഒളിച്ചു.ഒരു ജീവന്‍ ഉള്ളില്‍ വേര് പിടിക്കാനും
തുടങ്ങി.കോളേജില്‍ വിടാനുമില്ല ആര്‍ക്കും താല്പര്യം.സ്നേഹരഹിതമായ ആ മുള്‍വീട്
വരണ്ട ഇടമായി എന്നെ ശ്വാസം മുട്ടിച്ചു.അനുനിമിഷം തൊണ്ട വരണ്ടുണങ്ങി.വീട്ടുകാരെ
കുറ്റപ്പെടുത്തിയാല്‍ അവന് കലി തുടങ്ങും.
“അഡ്ജസ്റ്റ്‌
ചെയ്യേണ്ടി വരും ഒരുപാട്.നിന്‍റെ അവസ്ഥ നിനക്ക് തന്നെ അറിയാലോ.പറയുന്ന അവര്‍
മാത്രമാണോ കുറ്റക്കാര്‍?”അവന്‍ ക്രോധത്താല്‍ ചുവന്നു.ഓരോ പ്രഭാതവുംഎന്‍റെ
മരണത്തെയാണ് ഉണര്‍ത്തുകയെന്നു ഞാനാശിച്ചു.ഈ അനാഥജന്മം പോലൊന്ന് ഇനിയും എന്തിന്
പിറക്കണം?ബ്ലേഡ്‌ വരഞ്ഞെടുത്ത നീലഞരമ്പ് നിലത്ത് മുരിക്കിന്‍പൂക്കള്‍ തീര്‍ത്തു.ആരോ
ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം കിടന്ന ചേമ്പിന്‍തണ്ടിനെ ആരൊക്കെയോ ചേര്‍ന്ന്
ആശുപത്രിയിലെത്തിച്ചു.കുഞ്ഞ് ഭുമിയിലേക്ക്‌ വരാന്‍ തന്നെ തീര്‍ച്ചപ്പെടുത്തിയിരുന്നു.
“ഇവളേ
നമ്മളെ പോലീസില്‍ കേറ്റീട്ടേ അടങ്ങൂ.മുസീബത്ത് പിടിച്ച ഇതിനെയല്ലാതെ ഇന്‍റെ നവാസേ
അന്‍ക്ക് വേറൊന്ന് കിട്ടീലേ?”ബാപ്പയും ഉമ്മയും ശബ്ദമുയര്‍ത്തി.മകന്‍ കൈകള്‍
കൂട്ടിത്തിരുമ്മി.വിയര്‍ക്കുന്ന നെറ്റി അമര്‍ത്തിത്തുടച്ചു.അകത്തേക്ക്‌
കുതിച്ചുവന്ന് അവന്‍ ഗര്‍ജിച്ചു.
“കവിത
കേട്ട് കല്യാണം ആലോയ്ച്ച ഞാനാ പൊട്ടന്‍.നീ ഇവിടെ കിടന്ന് ചത്താ ആരാ കോടതി കേറണ്ടേ?എല്ലാം
പഠിച്ച വല്യ അറിവാളത്തിയല്ലേ?നീ കോളെജില്‍ പോവാ ഇതിലും ഭേദം.പുലിവാല് പിടിക്കാന്‍
എന്നെക്കൊണ്ട് വയ്യ.’ആണ്‍കുഞ്ഞ് ആയതോണ്ടാവും വീട്ടുകാര്‍ ഒന്ന്
മയത്തിലായി.എന്നിട്ടും ഇടയ്ക്കിടെ കുത്തുന്ന ചില വാക്കുകള്‍.ഈര്‍ന്നു മുറിക്കുന്ന
ചില വരികള്‍.ഡയറിയുടെ താളുകളില്‍ നിന്നോടുള്ള ചോദ്യങ്ങള്‍ നിറഞ്ഞു.എന്നെ പടച്ചതെന്തിനായിരുന്നു?എന്‍റെ
അറിവോ അപേക്ഷയോ ഇല്ലാതെ ഒരു പരീക്ഷ എഴുതാന്‍ എന്നെ വിട്ടതെന്തിനായിരുന്നു?വേണ്ട
വിഭവങ്ങളൊന്നുമില്ലാതെ എന്നെ അത്രയും സുദീര്‍ഘമായ ഒരു യാത്രക്ക് പറഞ്ഞയച്ചത്
എന്തിനായിരുന്നു?ഞാനെന്‍റെ ശലഭച്ചിറകുകള്‍ അനക്കാതെ സമാധിയിലായിരുന്നില്ലേ?കിളിപ്പേച്ചുകളുമായി
എന്‍റെ സ്വപ്നങ്ങളില്‍ മാത്രം കൊക്കുരുമ്മുകയായിരുന്നില്ലേ?സ്നേഹവൃക്ഷങ്ങളില്‍
പാറിക്കളിപ്പായിരുന്നില്ലേ?അവിടുന്നെല്ലാം ആട്ടിയകറ്റി എന്തിനെന്നെ ഈ മരുവിന്‍റെ
തീക്കാറ്റിലേക്ക് യാതൊരു ദയയുമില്ലാതെ എറിഞ്ഞു കളഞ്ഞു?”
പിന്നെയും
അവള്‍ പറയുകയായിരുന്നു.തന്നെപ്പോലെത്തന്നെ അനാഥനായി വളരുന്ന തന്‍റെ
കുഞ്ഞിനെപ്പറ്റി,അവനിലേക്ക്‌ യാതൊരു വാത്സല്യവും ചോരിയാത്ത അവന്‍റെ
ഇളയമ്മയെപ്പറ്റി,ദൈവം ചെറുവിരലനക്കി.കിങ്കരന്മാര്‍ അവളുടെ ചങ്ങലകള്‍ ഒന്നൂടെ
മുറുക്കി,വലിച്ച് നരകച്ചൂടിലെക്ക് എറിയാനായി കൊണ്ട്പോയി.അവള്‍ വലിയ വായില്‍ നിലവിളിച്ചു.”എനിക്കൊരു
പേനയെങ്കിലും താ.നരകത്തിലെ കല്‍ഭിത്തികളില്‍ ഞാനീ കഠിനകാലം കോറിയിടട്ടെ.മനുഷ്യന്‍റെ
നിസ്സാരദുഃഖങ്ങള്‍ ഒരിക്കലും ഏശാത്ത നിന്‍റെ ഹൃദയത്തെ എനിക്കീ തീത്തൂണുകളില്‍
അരണ്ട നിറത്തില്‍ വരയ്ക്കണം.എല്ലാവര്‍ക്കും വായിക്കാനായി എനിക്കീ ദുരിതകാലത്തെ
മായ്ച്ചാലും മായാതെ കോറിയിടണം.”അവള്‍ പറഞ്ഞു തീരുംമുമ്പേ അവളുടെ തല
പൊട്ടിത്തെറിച്ചു.നാവും ചുണ്ടും പല്ലുമെല്ലാം നരകത്തീയില്‍ ലാവയിലെന്നോണം
ഒഴുകി.പിന്നെയവ ഉരുകി ചലമായി.പിന്നെയും അവ പുനര്‍ജനിച്ചു.വേദനയുടെ പാരാവാരം അവള്‍ക്കു
ചുറ്റും തിളച്ചു മറിഞ്ഞു.
അനവധി
സംവത്സരങ്ങള്‍ക്ക് ശേഷം അവള്‍ പാപമുക്തയാക്കപ്പെട്ടു.ആത്മഹത്യ ചെയ്തതിനാല്‍
അവളൊരിക്കലും സ്വര്‍ഗാവകാശി ആയില്ല.നരകസ്വര്‍ഗത്തിനിടയിലെ അഅരാഫ് ഭിത്തിയില്‍ അവള്‍ക്ക്
ഇരിപ്പിടം
ലഭിച്ചു.കൂടെ എന്നുമവള്‍ക്ക് പ്രിയമായിരുന്ന പേനയും പേപ്പറും.അങ്ങനെ പരലോകത്തും
സാക്ഷിയുടെ നിയോഗം അവളുടെ ചുമലില്‍ വേതാളമായി തൂങ്ങിക്കിടന്നു.സന്തോഷസന്താപങ്ങളുടെ
കൂറ്റന്‍ ലോകത്തെ വിളറിയ കണ്ണാല്‍ ആവാഹിച്ചു രേഖപ്പെടുത്തുക.സന്മനസ്സിനാല്‍ ഭൂമിയില്‍ ദുരിതം മാത്രം പേറേണ്ടി വന്നവര്‍
ഏകദൈവവിശ്വാസിയായില്ല എന്ന ഒറ്റക്കാരണത്താല്‍ നരകത്തീയില്‍ വെന്തു വെന്ത് നിലവിളിച്ചു.സത്യമായ
നീതി എവിടെയാണ്?അവള്‍ വിങ്ങലോടെ എഴുതാനായി പേപ്പര്‍ ഉയര്‍ത്തി.സ്വര്‍ഗത്തിന്‍റെ
സുഗന്ധശീതളമായ ഇളംകാറ്റില്‍ അതിന്‍റെ ഒരു വശം തണുത്തു.നരകാഗ്നിയുടെ ചുടുതാപത്താല്‍
മറുപുറം പൊള്ളിത്തിണര്‍ത്തു.ചോരത്തുള്ളികളിറ്റുന്ന പേനയാല്‍ അവള്‍ ആദ്യവരി
കുറിച്ചു-മോക്ഷം-ജനിച്ചാല്‍ പിന്നെയത് അസാധ്യമാണ്.


2012 മാർച്ച് 5, തിങ്കളാഴ്‌ച

മാന്ത്രികന്‍



ദുഃഖത്തിന്‍റെ ഭീമന്‍ തേരുകള്‍ ഉള്ളിലുരുണ്ടു
എപ്പോഴും
അതിന്‍റെ പല്‍ച്ചക്രങ്ങള്‍ ഹൃദയത്തെ ആഴത്തില്‍
മുറിവേല്‍പ്പിച്ചു
വസന്തം കടന്നു പോയി , ശിശിരത്തിന്‍റെ വരണ്ട
കാറ്റ് അടിച്ചു തുടങ്ങി
ശാഖകളെല്ലാം ഇലപ്പച്ച മരിച്ച് ചുള്ളികള്‍
നീട്ടി വിരൂപമായി
എന്നിട്ടും ..............
ഒരിളംകാറ്റിനെ പ്രതീക്ഷിച്ചു എപ്പോഴും,
തഴുകിക്കടന്നു പോകുന്നത്
കാതില്‍ കിന്നാരമോതുന്നത്
ചുണ്ടില്‍ അരുമയായ്‌ മുത്തുന്നത്
എന്നാല്‍ ,കൊടുങ്കാറ്റുകള്‍ മാത്രം തരുവിന്
കൂട്ട്
അടിപതറാതെ ഒരായിരം തവണ പിടിച്ചു നിന്നു,
ഇപ്പോള്‍ തോന്നും,എന്തായിരുന്നു കാര്യം
ഈ നിര്‍ത്തത്തിന്,കാത്തിരിപ്പിന്....
ശൂന്യതയുടെ പെരുംകൊട്ടയായി
അടി കീറിക്കിടക്കുന്ന മനസ്സ്,മടങ്ങണ്ടേ?
മടുപ്പിന്‍റെ ഈ മഹാശൈലത്തില്‍
നിന്നിറങ്ങണ്ടേ?
എന്തിനായിരുന്നീ യാത്ര?ഇത്രേം സന്നാഹം?
വൃഥാവിലായ മോഹങ്ങളുടെ ശവക്കച്ച പേറി
കാത്തിരിപ്പാണാ അതിഥിയെ..
എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന്പോലും
പറയാത്ത ആ മഹാമാന്ത്രികനെ...................