ജീവിതം പൊടുന്നനെയാവും ഒരാളെ കൂര്‍ത്ത മുള്‍ക്കൂട്ടത്തിലേക്ക്
വലിച്ചെറിയുക. അവന്‍റെ ചെറുപ്പകാലം ഓര്‍ക്കുമ്പോഴൊക്കെ ഒരു സംഭവമാണ് ഓര്‍മയിലേക്ക്
ഓടി വരിക. പടുമുളയായി പടര്‍ന്ന പയര്‍വള്ളിക്ക് കമ്പ് കുത്തിക്കൊടുക്കുകയായിരുന്നു,
അപ്പോഴാണവന്‍ ഓടി വന്നത് , വള്ളിത്തുമ്പ് പിടിച്ച് വലിച്ചത് , തളിരിലകള്‍ അവന്‍റെ
കയ്യില്‍ കിടന്നു നിലവിളിച്ചത്...പിന്നെ താനവനെ ശാസിച്ചത്, സങ്കടത്തോടെ അവന്‍ സോറി
പറഞ്ഞത്...
“എങ്ങനെയായിരുന്നു അവന്‍റെ ബാല്യം?
മഹാവികൃതിയായിരുന്നോ?”-
ചാനലുകാരി വലിയ മൈക്ക് അയാളുടെ മുഖത്തേക്ക്
നീട്ടി.
“അല്ല , വളരെ ശാന്തനായിരുന്നു. അവനിങ്ങനെ
ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. കണ്ണീരിനാല്‍ അയാള്‍ക്ക് കാഴ്ച
മറഞ്ഞു.”
“റിലാക്സ് സാര്‍ , താങ്കളെപ്പോലെ കുഞ്ഞുങ്ങള്‍ക്ക്
നന്മയുപദേശിക്കുന്ന ഒരധ്യാപകന്‍റെ മകന്‍ ഇങ്ങനെയൊക്കെ ആവുക , അതിനു പിന്നില്‍ തീര്‍ച്ചയായും
ഒരു കഥയുണ്ടാവും. ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി പ്ലീസ്..”
അതിനിടെ കരഞ്ഞു തളര്‍ന്നു കിടക്കുന്ന ഭാര്യയുടെ
ക്ലോസ് അപ്പ്, അടുക്കള ബെഡ് റൂം എല്ലാം ക്യാമറക്കണ്ണ്‍ ഒപ്പിയെടുത്തു.
“അവനിങ്ങനെ ചെയ്യാന്‍ എന്താവും കാരണം?
മയക്കുമരുന്നിന് അഡിക്റ്റ് ആയിരുന്നോ?”
“ഐ ഡോണ്ട് നോ ,പ്ലീസ് ലീവ് മി എലോണ്‍”.
യു ട്യൂബില്‍ അന്ന് തന്നെ അപ്പ്‌ലോഡ്
ആയേക്കാവുന്ന ന്യൂസില്‍ എന്തൊക്കെ മസാല കലരുമോ എന്തോ..ദൈവം ഉപേക്ഷിച്ച നാടുകള്‍
ആണെങ്ങും. രക്തക്കുളങ്ങളില്‍ മദിച്ചു നീന്തുന്നവര്‍..രുധിരപാനത്താല്‍
ആഹ്ലാദചിത്തരാകുന്നവര്‍..ഏത് പെണ്ണിന്‍റെ കണ്ണിലും ഇഴയുന്നത് ഭയമാണ്. അത്
നിങ്ങളിലേക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നേക്കും..
“നാടോടിപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് മൃഗീയമായി
പീഡിപ്പിച്ച സംഘത്തെ പോലീസ് തിരയുന്നു-“ വാര്‍ത്ത വായിച്ചപ്പോഴും ഓര്‍ത്തില്ല,
ഹൃദയം നുറുക്കുന്ന ഒരു മുള്‍ക്കാട് കാത്തിരിപ്പാണെന്ന്..
“നിങ്ങള്‍ അവനെ ശിക്ഷിക്കാറുണ്ടായിരുന്നോ?”-
ചാനലുകാരി വീണ്ടും ഉള്ളിലെ പഴുത്ത മുറിവ് മാന്തിപ്പറിച്ചു.
“ഇല്ല ,ചെറുതായിട്ടല്ലാതെ, പിന്നെ ഇന്നത്തെ കാലം എല്ലാം
പ്രശ്നമല്ലേ, ശാരീരിക പീഡനം ,മാനസിക പീഡനം , ചൈല്‍ഡ് ലൈന്‍ ..സ്കൂളില്‍ പോലും
കുട്ടികളെ തൊടാന്‍ വയ്യ ..”
“അതാണോ കാരണം? ഇന്നത്തെ തലമുറ ഇങ്ങനെ
വഷളാകുന്നതിനു അതാണോ റീസന്‍?”
കണ്ണീര്‍തിളക്കം പോലും ക്യാമറയില്‍ ഒപ്പിയെടുത്ത്
അവള്‍ കോമ്പല്ലുകള്‍ കാട്ടി ചിരിച്ചു.
“അതും കാരണമാവാം. ഇളംവിത്തുകള്‍ അമിതലാളനയുടെ
അഴുക്കില്‍ കിടന്ന് ചീയുന്നത് കണ്ടു നില്‍ക്കേണ്ട നിസ്സഹായതയിലാണ് ഇന്ന്
അദ്ധ്യാപകന്‍. കുട്ടി മറ്റൊരാളെ കൊല്ലാന്‍ ശ്രമിച്ചാലും അയാള്‍ക്ക് തടുക്കവയ്യ.
കുട്ടി തോക്ക് തിരിച്ചു പിടിച്ചേക്കും ,നിറയൊഴിച്ചേക്കും..”
“ഒരവസാനചോദ്യം കൂടി ,സ്വന്തം മകന് വധശിക്ഷ
കിട്ടിയാല്‍ എന്തായിരിക്കും സാറിന്‍റെ പ്രതികരണം?”
ഒരു വേട്ടനായയുടേത് പോലെ അവളുടെ കണ്ണുകള്‍
തിളങ്ങി. വെറും പതിനേഴു വയസ്സുള്ള ചെറുക്കന്‍ ..അവനായിരുന്നു ആ പെണ്‍കുട്ടിയോട്
ഏറ്റവും ക്രൂരത കാണിച്ചത്, മൃതദേഹമായിക്കഴിഞ്ഞിട്ടും ആ കുഞ്ഞിനെ അവന്‍ ചവച്ചു
തുപ്പുകയായിരുന്നു..അവന്‍ തന്‍റെ മകന്‍ ആണെന്നോ..ആര് പറഞ്ഞു?
അയാള്‍ ചാനലുകാരിയെ നോക്കി അട്ടഹസിച്ചു –ഹു ടോള്‍ഡ്
യു ഇറ്റീസ് മൈ സന്‍? നെവര്‍, ഹി ഈസ് നോട്ട് മൈന്‍, ഗെറ്റ് ലോസ്റ്റ് ഫ്രം ഹിയര്‍
,യു ബ്ലഡി ഫൂള്‍...”
അയാള്‍ ക്ഷോഭത്തോടെ കിതച്ചു.ചാനലുകാരി
മാഞ്ഞുപോയിരിക്കുന്നു .ഇതെല്ലാം ഒരു മായക്കാഴ്ചയാവാം .ജസ്റ്റ് ഹാലൂസിനേഷന്‍..അയാളുടെ
ഉള്ളില്‍ നിന്ന് ആരോ പിറുപിറുത്തു. ആളുകളുടെ പരിഹാസത്തില്‍ മുങ്ങിത്താണ് സഹപ്രവര്‍ത്തകരുടെ
നിന്ദയില്‍ തേഞ്ഞരഞ്ഞ് ജോലി രാജി വെച്ചു..എന്നിട്ടും വേട്ട തുടരുകയാണ്..ജീവിക്കാന്‍
അനുവദിക്കില്ല ആരും..പൊടുന്നനെ അകത്ത് നിന്ന് പാഞ്ഞെത്തിയ അലര്‍ച്ച അയാളെ
ചകിതനാക്കി. അടിവയര്‍ കുത്തിക്കീറി ഭാര്യ നിലവിളിക്കുകയാണ്
–“”മാഷെ .പുഴു കുത്തിയ
ഒരു വിത്ത് മുളച്ചു പൊന്തിയ ഈ ഗര്‍ഭപാത്രം നശിച്ച ഈ മണ്ണ് എനിക്കിനി
വേണ്ട..ആസ്പത്രീല് പോവണ്ടാട്ടോ ,എനിക്കിനി
ജീവിക്കേണ്ട മാഷെ...”
തല കറങ്ങി നിലത്തേക്ക് വീഴവെ വല്ലാത്തൊരു കാഴ്ച
അയാളുടെ ചുറ്റും നിറഞ്ഞു –ചുവന്ന ഇലകളും കറുത്ത പൂക്കളും നിറഞ്ഞ ഒരു ചെമന്ന താഴ്വര
..അയാള്‍ നടക്കുകയാണ് ..എത്ര നടന്നിട്ടും ലക്ഷ്യം കാണാതെ ..അങ്ങ് ദൂരെ
രക്തക്കട്ടയായി സൂര്യന്‍ ...ചുറ്റും ചുവന്നു കലങ്ങുന്നു ...പിന്നെ ചുവന്ന കൂറ്റന്‍
തിരകള്‍ പാഞ്ഞടുക്കുന്നു , എല്ലാം നക്കിത്തുടക്കാന്‍ ... അയാള്‍ നടക്കുക തന്നെയാണ്
....
Shareefa mannisseri
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ