ശരിയാണ് , ഞാന്‍ മനസ്സില്‍ പറഞ്ഞു ,,പണ്ടത്തെ
മനുഷ്യര്‍ അനുഭവിച്ച കഷ്ടതകള്‍
ഇന്നുള്ളവര്‍ക്ക് വെറും കഥകളാണ്..
“ഞാന്‍ ഇന്റെ ഇപ്പാക്ക് ഒറ്റകുട്ട്യാ, ഇന്റെ
ഇമ്മ മരിച്ചപ്പോ വാപ്പ വേറൊന്ന് കെട്ടി , ഇന്നെ നോക്കാന്‍.. അയ്ല് ഒരാങ്കുട്ടീം
ഇണ്ടായ്നി ,ഓല് ഇന്നെ നോക്കൂലേയ്നി , കട്പ്പം കാട്ടേം ചെയ്യും, അപ്പളാ ഇന്റെ ഇപ്പ
ഒരൂട്ടം തുണീം കുപ്പായോം കൊടുത്ത് ഓലെ കാര്യം തീര്‍ത്ത് പറഞ്ഞയച്ചത്..”ഇന്റെ
കുട്ടീനെ നോക്കാത്തോലെ ഇന്ക്കും മാണ്ട –“ ഇന്റെ വാപ്പ അന്ന് പറഞ്ഞതാ..പിന്നെ ഞാന്‍
ഇന്റെ വാപ്പാക്കും വാപ്പ ഇന്ക്കും ഒരേയൊരു തൊണ ആയിര്ന്ന്..”
അവര്‍ ദീര്‍ഘമായി ശ്വസിച്ചു ,ഓര്‍മകളെ അവര്‍
ഊതിപ്പറത്തുകയാണോ?
“വയനാട്ട്ള്ള ഇന്നെ ഈ കുന്നത്ത് വീരാന്കാക്ക
ഇന്നാട്ട്ക്ക് കെട്ടിക്കൊണ്ടു വന്ന അന്ന് മൊതല് തൊടങ്ങി ഇന്റെ കട്ടക്കാലം..ചെര്‍പ്പം
മൊതല്ക്ക് പണിക്ക് പോണ ഞാന്‍ ഇബടെ ബന്നിട്ടും നയിച്ചന്ന്യാ കയ്ഞ്ഞത്..”കാലണേന്റെ
ഒപകാരം അന്റെ മാപ്ലനെക്കൊണ്ട് ഇന്ക്ക്ണ്ടായിട്ടില്ല –“ വെറ്റിലച്ചാറ് ഊക്കോടെ ചീറ്റിത്തുപ്പിക്കൊണ്ട്
അമ്മായിയമ്മ എപ്പളും പറയും.. “അന്ക്കും ഓനെക്കൊണ്ട് കാലണേന്റെ ഫായിദ ഉണ്ടാവൂന്ന്
ഞാന്‍ കര്ത്ണില്ല..” ആ തള്ള കരിനാക്ക്കൊണ്ട് ഏതു നേരോം
പറഞ്ഞോണ്ടിരുന്നു..ചീട്ടുകളിയും പെണ്ണ്പിടിയും ആയിര്ന്ന് മൂപ്പരെ മെയിന്‍
ജോലികള്‍..സ്നേഹത്തിന്റെ കാലണ പോലും മൂപ്പരേയ്ന്നു ഇന്ക്ക് കിട്ടീട്ടില്ല..ഇന്റെ
ഇപ്പ ഇന്ക്ക് നയിച്ച് ഇണ്ടാക്കിത്തന്ന അഞ്ചു പവന് മൂപ്പര് വിറ്റ് തിന്നു..അവസാനകാലം
ഇപ്പാക്ക് കണ്ണ് കാണൂലെയ്നി . വടി കൊണ്ട് വഴീലൊക്കെ തട്ടി തട്ടിയാ ഇന്നെ കാണാന്‍
വരാ..ഒരൂസം ഇന്നോട് പറഞ്ഞു –“ഇന്ക്ക് ഇഞ്ഞ് അന്നെ കാണാന്‍ വരാന്‍ കയ്യൂല..ഇജ്
ഇഞ്ഞ് ഇന്നെ കാണാന്‍ വാ എടക്ക്..” അലക്കൊയിഞ്ഞിട്ടു മണ്ണാത്തിക്ക് നേരംല്ലാന്നു
പറഞ്ഞ പോലെ ഇന്ക്ക് പോകാനൊന്നും കൂടീല..ഇന്റെ പേരിലായിരുന്ന ഇന്റെ പെരേം പത്ത്
സെന്റും വാപ്പ മരിച്ചതോടെ അയാള്‍ വിറ്റ്..ഇപ്പോ കിടക്കാന്‍ ഒരെടം ഇല്ലാതെ ഞാന്‍
തെണ്ട്ണ്..”
എന്തേണ്ടായത്? ഞാന്‍ പതുക്കെ ചോദിച്ചു..
“എന്ത്ണ്ടാകാന്.. ഇന്റെ മക്കക്കൊന്നും ഇപ്പോ
ഇന്നെ മാണ്ട..മൂപ്പര് അതിനു വേണ്ട്യ എന്തോ പണി മുസ്ല്യാരെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്..
അത്ന്ക്ക് ഒറപ്പാ. ഞാന്‍ സ്കൂളിലൊന്നും പോയിട്ടില്ല. മണലില്‍ തറ പറ പന..അതന്നെ
പഠിപ്പ്.” അത് പറഞ്ഞപ്പോ അവര്‍ വിതുമ്പി –“ഈമാന്‍
കിട്ടി മരിച്ചാ മതി , മാലൂം മൊതലൊന്നും അല്ല മളേ വല്യത്..കെടപ്പിലാകാതെ കലിമ
ചൊല്ലി മരിച്ചാ മതി..ഇന്റെ അമ്മായീന്റെ പെരേ കെടന്നാ ഇന്റെ ഇപ്പ
മരിച്ചത്..ജീവന് പോയിട്ടാ ഞാന്‍ ഇന്റെ ഇപ്പാനെ പിന്നെ കണ്ടത്..അവസാനനേരം രണ്ടു
തുള്ളി സംസം വെള്ളം ഇറ്റിച്ചു കൊടുക്കാന്‍ ,കലിമ ചൊല്ലിക്കൊടുക്കാന്‍ ഇന്ക്ക്
പറ്റീല..” അത് പറഞ്ഞ് ആലംബമില്ലാത്ത പോലെ അവര്‍ തേങ്ങിക്കരഞ്ഞു..
“കാട്ടുകോഴീനെ കണ്ട്ക്ക്ണോ ഇജ്ജ്?” കണ്ണ് തുടച്ചു
കൊണ്ട് അവര്‍ ചോദിച്ചു..സങ്കടം എന്റെ തൊണ്ടയിലും ഉരുളുന്നുണ്ടായിരുന്നു..
“കുളക്കോഴിയാണോ?”
“അല്ല , കാട്ടുകോഴി , ഞമ്മളെ സാദാ കൊഴീന്റെ
ചേലന്നെ..പക്ഷേങ്കില് പിടിക്കാനൊന്നും കിട്ടൂല ..എത്രയെളുപ്പാ ഒളിക്കാന്നറിയോ?ഓല്
ആണും പെണ്ണും ഒപ്പേ നടക്കൂ..മുട്ടയിടാന്‍ കാലായാ നിലത്ത് കുഴി മാന്തിയാ
മുട്ടയിടാ..പെണ്ണ് പുറത്തു പോവുമ്പോ ആണ് അടയിരിക്കും , ആണ് പോവുമ്പോ പെണ്ണും
..അതാണ് മളേ ആണും പെണ്ണും തമ്മില്ള്ള മൊഹബ്ബത്ത്..പെണ്ണിന് ചാരി നില്ക്കാന്
എപ്പളും ഒറപ്പ്ള്ള ചൊമര് വേണം.പൊതിര്‍ന്ന മണ് ചൊമരായിട്ടു
കാര്യംല്ല..കൊള്ളരുതാത്ത ആണുങ്ങളെ ഒപ്പം ജീവിക്കണത് ജഹന്നമില് വേവ്ണേയ്ന് സമാ..”
ആ വാക്കുകള്‍ എന്റെ ഉള്ളില്‍ കിടുങ്ങി വിറച്ചു
കൊണ്ടു വീണു. ഊഷരമായ മനസ്സിന്റെ മരുവിലൂടെ രണ്ടു കാട്ടുകൊഴികള്‍ പ്രണയപൂര്‍വം കൊക്കുരുമ്മി,
കുസൃതിയോടെ പരസ്പരം നോക്കി, കുറു കുറു ശബ്ദത്തോടെ ചിക്കിപ്പെറുക്കി..”ഇന്നിനി
എവട്യാ കിടക്കാ? “ പോകാനായി എഴുന്നേറ്റ അവരോട് ഞാന്‍ ചോദിച്ചു .”എവടേലും , മോള്ള്
ആകാശോം താഴെ ഭൂമീം..അയ്നപ്പുറം ഒന്നും ആര്‍ക്കും ഇല്ല മാളെ..കിട്ടിയ പൈസ കോന്തലയില്‍
തിരുകിക്കൊണ്ട് അവര്‍ നടന്നു..വാതം പിടിച്ചു വളഞ്ഞു തുടങ്ങിയ കാലുകള്‍ പ്രാരബ്ധം
നിറഞ്ഞ ഒരു ജീവിതത്തിന്റെ പരുക്കന്‍ ചിത്രം നിശിതമായി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു...
അദാബ് -ശിക്ഷ ഫായിദ-പ്രയോജനം
ജഹന്നം -നരകം
മാല്-ധനം
സൈനാത്തയുടെ കഥ പറച്ചിൽ കൊള്ളാം ..എഴുത്ത് നന്നായി ആശംസകൾ
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂആർക്കും വേണ്ട. കഥ നന്നായി.
നന്ദി വായിച്ചവർക്കെല്ലാം
മറുപടിഇല്ലാതാക്കൂഒരോരോ ജന്മങ്ങൾ!!!ഹോ..
മറുപടിഇല്ലാതാക്കൂ