Pages

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

അഭിനിവേശങ്ങള്‍ [കഥ]



അയാള്‍ക്കിത്രയേറെ പ്രേമത്തോടെ സംസാരിക്കാന്‍ അറിയാമെന്നത് അവളെ അത്ഭുതപ്പെടുത്തി , മിണ്ടുമ്പോഴേക്ക് വഴക്ക് സാധാരണമായപ്പോഴാണ് ഒരു ഫെയ്ക്ക് ഐഡിയായി അവള്‍ അയാളുടെ സ്വകാര്യതയിലേക്ക് ഒരു ചെറു മത്സ്യമായി ഊളിയിട്ടത്.
“സുമലതയെ ഇഷ്ടമാണോ?”

അവളുടെ പ്രൊഫൈല്‍ പിക് കണ്ട് ഒരു ദിവസം അയാള്‍ ഇന്ബോക്സിലേക്ക് ചാടിയിറങ്ങിക്കൊണ്ട് ചോദിച്ചു. അവളാകട്ടെ വലിയൊരു വല വിരിച്ചു കാത്തിരിപ്പായിരുന്നു. അനേകം പൂവാലന്മാര്‍ ഹായ് ഹെലോ  എന്നിങ്ങനെ ചൂണ്ട കാട്ടി കൊത്താനാഞ്ഞെങ്കിലും അതിനെല്ലാം നിശ്ശബ്ദത മാത്രം മറുപടിയേകി അവള്‍ പുഞ്ചിരിച്ചു. അങ്ങനെ ആ ആഴ്ചയുടെ അവസാനം അയാള്‍ ചാടി വീഴും വരെ..ഓണ്‍ ലൈനിന്‍റെ പച്ചക്കണ്ണും തുറന്ന് വച്ച് അയാള്‍ സദാസമയവും എന്തു ചെയ്യുകയാവുമെന്ന് അവള്‍ അതിശയിക്കാറുണ്ടായിരുന്നു..ഇപ്പോള്‍ അവള്‍ക്കതിനു വ്യക്തമായ ഉത്തരം ലഭിച്ചു.
“അതെ , വളരെ ..”-അവള്‍ മറുപടിയേകി..
“ഐ ഓള്‍സോ , ഷി ഹാസ് ബ്യൂട്ടിഫുള്‍ ഐസ് ആന്‍ഡ്‌ എ ക്യൂട്ട് ഫെയ്സ് ..”
ഒരാഴ്ച്ചത്തെ ചാറ്റ് കൊണ്ടു തന്നെ അയാളുടെ തനിനിറം അവള്‍ക്ക് മുന്നില്‍ അനാവൃതമായി .അന്യപെണ്ണാണെങ്കില്‍ അയാള്‍ക്ക് മധുരവാക്കുകള്‍ക്ക് പഞ്ഞമില്ല , അശ്ലീലം പറച്ചിലിനും ..
“ജ്യോതിയെന്താ സ്വന്തം പിക് ഇടാത്തത്?”
“നതിംഗ് ..” അവള്‍ വഴുതി മാറി ..
“നിന്നെ കാണാന്‍ കൊതിയാകുന്നെടാ , പേര് കേട്ടാലറിയാം , യു ആര്‍ സോ ബ്യൂട്ടിഫുള്‍ ..”

അവജ്ഞയുടെ സര്‍പ്പം അവളുടെ ചുണ്ടുകളെ കരിനീലയാക്കി..”ബ്യൂട്ടിഫുള്‍”- എന്നെങ്കിലും എന്തെങ്കിലും പ്രശംസ അയാള്‍ തന്നോട് പറഞ്ഞിട്ടുണ്ടോ ..അയാള്‍ക്കതൊന്നും അറിയാഞ്ഞിട്ടല്ല ..
ഫോട്ടോഷോപ്പിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്ന് രൂപം കൊണ്ട ഒരു സുന്ദരിയുടെ ചിത്രം അവള്‍ അയാളിലേക്ക് പറത്തി..
“വൌ, യു ആര്‍ വെരി വെരി ബ്യൂട്ടിഫുള്‍ , ജ്യോതി ,മൈ ഡിയര്‍, ഐ വാണ്ട് യു ടു ബി വിത്ത് മി ഓള്‍വെയ്സ്..”
പ്രണയം വഴിഞ്ഞൊഴുകുന്ന വരികള്‍ ഒരു പുല്ലാങ്കുഴല്‍ നാദമായി അയാളില്‍ നിന്ന് ഒഴുകുന്നത് കണ്ട് അവള്‍ വാ പൊളിച്ചു ..എന്തായിരുന്നു അയാള്‍ക്ക് തന്നില്‍ ഇല്ലാതിരുന്നത്?അയാളുടെ ഇഷ്ടങ്ങള്‍ക്ക് വിധേയപ്പെട്ടിരുന്ന ഒരു ശരീരം ഇല്ലേ , മാക്സിമം ക്ഷമിച്ച ഒരു മനസ്സും , ഇടയ്ക്ക് പൊറുതി മുട്ടുമ്പോഴല്ലേ താന്‍ രാക്ഷസിയാകുന്നത്? എന്നിട്ടും എന്താവും അയാള്‍ മറ്റു സ്ത്രീകളിലൂടെ നേടാന്‍ ആഗ്രഹിക്കുന്നത് ..
“നിന്‍റെ നമ്പര്‍ താ , എനിക്ക് എപ്പോഴും നിന്നോട് സംസാരിക്കണം ..”
“ആര്‍ യു മാരീഡ്?”- മറയ്ക്കപ്പുറത്തു നിന്നും ഗൂഡസ്മിതത്തോടെ അവള്‍ ഒരു വളഞ്ഞ ചോദ്യമെറിഞ്ഞു..
“ഷുവര്‍ , ബട്ട് ഐ ആം അണ്‍ഹാപ്പി , മൈ വൈഫ് – ഐ ഹെയ്റ്റ് ഹെര്‍..”
“വൈ , വൈ ആര്‍ യു ഹെയ്റ്റിന്ഗ് ഹെര്‍?”
വെറുപ്പും വ്യസനവും കരിച്ച മുഖത്തോടെ അവള്‍ വീണ്ടും ചോദ്യങ്ങളുടെ ചരല്‍കല്ലുകള്‍ വാരി എറിഞ്ഞു..
“ഓ , ആ തിരുമോന്ത കണ്ടാല്‍ മതി ഒരു ദിവസം നശിക്കാന്‍ , എന്തൊരു കോലം ..”
“അതെന്താ പൊന്നെ” , ഒരു ചുംബനസിംബലോടെ അവള്‍ കൊഞ്ചി ..
“എന്‍റെ ജ്യോതി , ഈ പെണ്ണുങ്ങളുടെ വിചാരം കുറെ വെച്ചു വിളമ്പിത്തന്നാ എല്ലാമായെന്നാ , ഐ ഡോണ്ട് വാണ്ട് എ കുക്ക് , ഐ വാണ്ട് എ കമ്പാനിയന്‍ വോക്കിംഗ് വിത്ത്‌ മി ആന്‍ഡ് സപ്പോര്‍ട്ടിംഗ് ഓള്‍ മൈ ആമ്ബീഷന്‍സ് ..”
“അവര്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ലേ?”
“എവിടെ? ഡിഗ്രി കഴിഞ്ഞവളാ ,എന്താ കാര്യം , ഉള്ള നേരം കുറെ ടി വി കാണും , നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കും , എനിക്കത് മാത്രം പോരല്ലോ , എനിക്ക് , എന്‍റെ ഉള്ളം തൊടുന്ന ഒരു പ്രേമം  വേണം , പ്രണയശൂന്യമാണ് ഞങ്ങളുടെ ബന്ധം ജ്യോതീ ..”
“ഉം , ഡു യു ലവ് മി?”
“ഷുവര്‍ , നോ ഡൌട്ട് ..”
ആദ്യമേ തയ്യാറാക്കി വച്ചിരുന്ന സിം നമ്പര്‍ അയാള്‍ക്കയച്ചു കൊടുക്കുമ്പോള്‍ ഈ അവിഹിതത്തില്‍ തനിക്ക് കുറ്റബോധത്തിന്‍റെ ആവശ്യമില്ലല്ലോ എന്ന് അവള്‍ ഉള്ളാലെ ചിരിച്ചു. അയാളില്‍ നിന്ന് വചനങ്ങള്‍ തേനായും പാലായും ഒഴുകി ..അവള്‍ക്ക് ആര്‍ത്തു ചിരിക്കണമെന്നും നിലവിളിച്ചു കരയണമെന്നും ഒരേ സമയം തോന്നി ..തന്നോട് പറയപ്പെടെണ്ട മധുരമുത്തുകള്‍ തനിക്ക് തന്നെയാണ് കിട്ടുന്നതെങ്കിലും അത് തനിക്കുള്ളതല്ലല്ലോ എന്ന ദുഃഖം അവളെ ചതച്ചു ..
“ഡു യു ലവ് എനിവന്‍ എല്‍സ്?”-
ഒരു ദിവസം ഒരു പാട് ശര്‍ക്കരകൈമാറ്റത്തിന് ശേഷം അവള്‍ ചോദിച്ചു .
“നെവര്‍ , ഉണ്ടായിരുന്നു ഒരുത്തി , ബട്ട് നൌ യു ഓണ്‍ലി ഡിയര്‍..”
അവളുടെ മനസ്സ് പൊട്ടിച്ചിരിച്ചു , ഒരു ദിവസം ഉണ്ടായ വഴക്ക് അതിന്‍റെ പേരിലായിരുന്നു , അയാള്‍ക്ക് വരുന്ന പെണ്ഫോണുകളെ ചൊല്ലി .മോനോട് ഒന്നു മിണ്ടാന്‍ പോലും ഇടയില്ലാത്ത അയാളുടെ തിരക്കുകളെ ചൊല്ലി ..അന്ന് ഒരു കൂറ്റന്‍ നായയെപ്പോലെ അയാള്‍ അവളെ കടിച്ചു കുടയാനാഞ്ഞു. പിന്നെ ഒന്നു ചിന്തിച്ച് പിന്മാറിക്കൊണ്ട് അലറി –“എന്‍റെ പേഴ്സണല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരാളെയും ഞാന്‍ അനുവദിക്കില്ല..”
എവിടുന്നോ കയറി വന്ന ധൈര്യം അവളുടെ പേടിക്കുളിരിനെ ആട്ടിയകറ്റി. അതേ സ്വരത്തില്‍ അവളും ഒച്ചയെടുത്തു –എന്‍റെ കാര്യങ്ങളില്‍ ആരും ഇടപെടുന്നത് എനിക്കും ഇഷ്ടമല്ല , നിങ്ങള്‍ക്കാവാമെങ്കില്‍ എനിക്കും ആവാം..”
“ആയിക്കൊടീ , ആര് തടയുന്നു , നിനക്ക് പറ്റിയ വല്ല കിഴ്വന്മാരെയും കിട്ടുമോന്ന് നോക്ക് ..”
ഉടഞ്ഞു കഴിഞ്ഞ അവളുടെ ശരീരവടിവിലേക്ക് പുച്ഛത്തോടെ നോക്കിക്കൊണ്ട് അയാള്‍ വാതില്‍ വലിച്ചടച്ച് പുറത്തിറങ്ങി .അന്നാണ് തങ്ങള്‍ അവസാനമായി സംസാരിച്ചത്..ഇപ്പോള്‍ അയാള്‍ മിണ്ടാതെ ഭക്ഷണം കഴിക്കുന്നു , വേറെ റൂമില്‍ ഉറങ്ങുന്നു ..
രാത്രിയെ മഞ്ഞ് പൊതിയാന്‍ തുടങ്ങിയപ്പോള്‍ അപ്പുറത്തെ റൂമില്‍ കിടക്കുന്ന അയാളിലേക്ക് ഒരു കുസൃതിസ്മൈലിയോടൊപ്പം അവള്‍ ഒരു സന്ദേശം എയ്തു..”തണുക്കുന്നുണ്ടോ..”
പച്ചക്കണ്ണ്‍ തുറന്നു കാത്തിരിപ്പായിരുന്ന അയാള്‍ പ്രേമാതുരനായി –“യെസ് ഡിയര്‍ ഐ വോണ്ട് യു നൌ ,നൌ ഇറ്റ്സെല്‍ഫ് , എനിക്ക് നിന്നെ കാണണം ഇപ്പോ തന്നെ ..”
“ഉം “- അവള്‍ അലസമായി മൂളി. “അറിയാമോ , രണ്ടാഴ്ചയായി ഞാനും വൈഫും ഒരു റിലേഷനുമില്ല , എനിക്ക് നിന്നെ വേണം ജ്യോതീ..”
“ആണോ , എങ്കില്‍ നമുക്ക് കല്യാണം കഴിക്കാം , എന്താ?”
“അതിനും ഈ താടകയെ ഒഴിവാക്കണ്ടേ?  , അതിനൊക്കെ കുറെ സമയം വേണ്ടേ .അതിനു മുമ്പ് എനിക്ക് നിന്നെയൊന്നു കാണണം..വിശദമായി ..ഐ വിഷ് എ ലോങ്ങ്‌ ട്രിപ്പ്‌ വിത്ത് യു ഡിയര്‍..സോനാ പാര്‍ക്കില്‍ രാവിലെ പതിനൊന്നു മണി , ഓക്കേ?
“ഉം “- എന്ന മറുപടി ഒരു പാട് ചുംബനസ്മൈലികളുടെ കൂടെ അയക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. എത്ര ആഗ്രഹിച്ചതാണ്‌ ഇതെല്ലാം...

പിറ്റേന്ന് പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ എത്താനായി അയാള്‍ ധൃതിപ്പെട്ടു ഇറങ്ങുന്നത് കണ്ട് അവള്‍ക്കുള്ളില്‍ പകയും നിരാശയും നുരഞ്ഞു..അരമണിക്കൂര്‍ കഴിഞ്ഞ് നിര്‍ത്താതെ അടിക്കുന്ന ഫോണ്‍ ജീവിയെ ഈര്‍ഷ്യയോടെ നോക്കി അവള്‍ ആലോചിച്ചു ..ശരിക്കും   
എന്താണ് സംഭവിച്ചത്? അതിപരിചിതത്വം അവജ്ഞ വളര്‍ത്തിയതാണോ? പുതുപൂക്കളോടുള്ള വണ്ടിന്‍റെ അഭിനിവേശമാണോ? ഇന്ന് വൈകീട്ട് അയാളുടെ ചാറ്റ് എങ്ങനെയാവും തുടങ്ങുക..വരാത്തതിന് പരിഭവപ്പെയ്ത്തായിരിക്കും..എന്ത് കാരണം പറയും..ജ്യോതിയെ തിരഞ്ഞ് ഇനിയും അനവധി തവണ അയാള്‍ പുറപ്പെടുന്നതും കാണാതെ പരവശനായി തിരിച്ചെത്തുന്നതും കണ്ണില്‍ കണ്ട് അവളില്‍ പരിഹാസം കയ്ച്ചു..അവള്‍ പല്ലുകള്‍ കടിച്ചു ഞെരിച്ചു ,പിന്നെ അറപ്പോടെ പുറത്തേക്ക് നീട്ടിത്തുപ്പി ..................

  

4 അഭിപ്രായങ്ങൾ:

  1. തന്നോട് പറയപ്പെടെണ്ട മധുരമുത്തുകള്‍ തനിക്ക് തന്നെയാണ് കിട്ടുന്നതെങ്കിലും അത് തനിക്കുള്ളതല്ലല്ലോ എന്ന ദുഃഖം അവളെ ചതച്ചു..

    സമകാലിനലോകത്തിന്റെ നേർക്കാഴ്ച തന്നെ ഇക്കഥ.കഥാകാരിയ്ക്കനുമോദനങ്ങൾ!!!!

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചവർക്കും അഭിപ്രായം എഴുതിയവർക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  3. എന്തൊരു ലോകം!!!
    രചന നന്നായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. വർത്തമാനകാലത്തിന്റെ പച്ചയായ ആവിഷ്ക്കരണം... 👍

    മറുപടിഇല്ലാതാക്കൂ