നടനം................. കഥ
ജില്ലാകലോത്സവത്തിന്‍റെ വേദിയിലേക്ക് ആ തെരുവുപെണ്‍കുട്ടി
കയറിപ്പറ്റിയത് ഏവരിലും ആശ്ചര്യം നിറച്ചു.ഒരു ചെസ്റ്റ്‌നമ്പരും എങ്ങനെയോ അവള്‍
സംഘടിപ്പിച്ചിരുന്നു.ചിലങ്കകളോ ആടയാഭരണങ്ങളോ മേക്കപ്പോ ഇല്ലാതെ മുഷിഞ്ഞു നാറുന്ന
വസ്ത്രങ്ങളില്‍ അവള്‍ കയറി വന്നു.പിന്നണിഗാനമോ ഉപകരണസംഗീതമോ ഒന്നും കൂട്ടില്ലാതെ
തൊണ്ട കീറുന്ന വിലാപധ്വനിയോടെ അവളൊരു ഗാനം ആലപിക്കുകയും അതിനനുസരിച്ച് ചുവടു
വെക്കുകയും ചെയ്തു.സ്റ്റേജില്‍ അവിടവിടെയായി തൂങ്ങിക്കിടന്ന മൈക്കുകള്‍ അവളുടെ
വിലാപത്തെ മുറിച്ചു മുറിച്ച് കാണികളിലെത്തിച്ചുകൊണ്ടിരുന്നു.
അവരോടവള്‍ തെരുവു അറുത്തു മുറിച്ചു കൊണ്ടു പോയ അമ്മയെ
ക്കുറിച്ചു പറഞ്ഞു.സ്കൂളില്‍ പോകാനോ ബാല്യം ആസ്വദിക്കാനോ വിധിയില്ലാത്ത ഒരു
തെരുവുപെണ്‍കുട്ടിയുടെ കഥയായിരുന്നു അത്.പാട്ടിന്‍റെ അവസാനവരി ഇങ്ങനെ
നിലവിളിച്ചു;തെരുവിന്‍റെ ഇരുണ്ട മൂലകളിലേക്ക് വരൂ,അഭിനയത്തികവ് വേണ്ടതില്ലാത്ത ജീവിതത്തിന്‍റെ
മേക്കപ്പില്ലാത്ത മുഖം കാണൂ..........
നൃത്തം കഴിഞ്ഞും ആരും കയ്യടിക്കാതെ ഒരു തീപ്പെട്ടിച്ചിത്രം
കണ്ട കൌതുകത്തോടെ കോട്ടുവായിട്ട് അടുത്ത മത്സരാര്‍ഥി വരുന്നതും
നോക്കിയിരിപ്പായി.സംഘാടകര്‍ അവളെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തു.അവള്‍ വാവിട്ടു
കരഞ്ഞതിനാല്‍ മറ്റൊരു നാടകം ഉണ്ടാക്കേണ്ടെന്നു കരുതി അവളെ ഓടിച്ചു
വിട്ടു.അവളാകട്ടെ ബാക്കി നൃത്തങ്ങള്‍ കൂടി കാണുമെന്ന വാശിയോടെ ആരും ശ്രദ്ധിക്കാത്ത
ഒരു മൂലയില്‍ ചെന്നിരിപ്പായി.കൊട്ടും തുടിയുമായി അനേകരുടെ ദുഃഖങ്ങളും സന്തോഷങ്ങളും
കൃത്രിമമഴയായി സീഡികളിലൂടെ പെയ്തു.വെളുത്തു തുടുത്ത സുന്ദരികള്‍ ദുര്‍മേദസ്സ്
നിറഞ്ഞ ദേഹത്തെ ഓരോ ചുവടിലും കുലുക്കികൊണ്ടിരുന്നു.അതില്‍ മാത്രം ശ്രദ്ധിക്കുന്ന
ചില ആണ്‍കൂട്ടങ്ങള്‍ ഇടയ്ക്കിടെ സീല്‍ക്കാരങ്ങള്‍ പുറപ്പെടുവിച്ചു.തെരുവുപെണ്ണിന്‍റെ
കഥയാടിയ വെളുത്തകുട്ടി എമ്പാടും കരി തേച്ചിട്ടും അവിടവിടെ പാണ്ട് പോലെ വെളുപ്പ്
പുറത്തേക്ക് ഇളിച്ചു.പുതിയ തുണിയില്‍ ഉണ്ടാക്കിയ കീറലുകള്‍ കുടവില്ലു പോലെ
എറിച്ചുനിന്നു.ഒരിക്കലും ഒരു തെരുവുപെണ്ണിനെ കണ്ടിട്ടില്ലാത്ത കുട്ടി ഓവറായ
ഭാവങ്ങളാല്‍ കത്തിക്കയറി.മൂലയിലിരിക്കുന്നവള്‍ അതിശയിച്ചു;ഭൂമിയില്‍ എപ്പോഴും
സത്യവും അസത്യവും തമ്മിലാണ് യുദ്ധം,ഇപ്പോള്‍ തന്നെ യഥാര്‍ത്ഥമായ തന്‍റെ വേഷം
ഒരാളും ശ്രദ്ധിച്ചില്ല.അസത്യമായ വേഷത്തെ എല്ലാവരും കയ്യടിച്ചു അനുമോദിക്കുന്നു.
റിസള്‍ട്ട് വന്നപ്പോള്‍ തെരുവുകുട്ടിയായി ജയിച്ചുകയറിയ മകളെ
അമ്മ ലിപ്സ്റ്റിക്ചുണ്ടുകളാല്‍ ചുംബിച്ചു.എത്ര വേണ്ടാന്നു പറഞ്ഞിട്ടും മകളെ നിര്‍ബന്ധിച്ചു
കോംപ്ലാന്‍ കഴിപ്പിച്ചു,പത്രക്കാര്‍ക്കു മുമ്പിലേക്ക് ഫോട്ടോയെടുപ്പിനു നീക്കി
നിര്‍ത്തി അഭിമാനിച്ചു.
“ഭരതനാട്യത്തിലും എന്‍റെ മോള്‍ തന്നെയാ ഫസ്റ്റ്.”ആവേശത്തോടെ
ആ അമ്മ പ്രസ്താവിച്ചു.”നല്ല ചെലവുണ്ടാവില്ലേ,എല്ലാ ഇനങ്ങളിലും മത്സരിക്കാന്‍?”ചാനലുകാര്‍
ചോദ്യങ്ങളെറിയാന്‍ ആരംഭിച്ചു.
“പിന്നേ,ലക്ഷക്കണക്കിന് രൂപയാ ഇവള്‍ക്കുവേണ്ടി
പൊടിക്കുന്നത്.ഒറ്റ മോളാ,പാട്ട്,ഡാന്‍സ്,അവള്‍ എല്ലാറ്റിലും നമ്പര്‍വണ്ണാ.റിയാലിറ്റി
ഷോയില്‍ പങ്കെടുക്കണമെന്നാ അവളുടെ വല്യ ആശ..ഇപ്രാവശ്യം ലളിതഗാനം എങ്ങനെയോ
മിസ്സായി.ഈ ജഡ്ജസിനെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നേ.”തെരുവുപെണ്‍കുട്ടി ഈ
പളപളപ്പെല്ലാം കണ്ടു അന്തം വിട്ടു കുറെ നേരം നോക്കി നിന്നു.പെട്ടെന്നുണ്ടായ
ബോധോദയത്തില്‍ പുറത്തേക്കു കുതിച്ചു.ഇന്നൊരൊറ്റപ്പൈസ കിട്ടിയിട്ടില്ല,വേലാണ്ടി
എത്തിയാല്‍!കടവുളേ!കുടവയറിന്‍റെയും ഉണ്ടക്കണ്ണിന്‍റെയും സ്മരണ അവളെ
പൊള്ളിച്ചു.കണ്ണുകള്‍ അറിയാതെ കാലുകളിലേക്ക് എത്തി നോക്കി;ഇസ്തിരിപ്പെട്ടി വച്ചു
പൊള്ളിച്ച ഭീകരമായ മുറിവ് ഇപ്പഴും ഉണങ്ങാതെ...എന്നും അവള്‍ പ്രധാനപാതക്കരികെ നൃത്തം
ചെയ്യുന്നതാണ്.അനുകമ്പ കെട്ടിട്ടില്ലാത്ത ആരേലുമൊക്കെ ആ പിച്ചപ്പാത്രത്തിലേക്ക്
കനിയുന്നതാണ്.കണ്ണില്‍ ചൂണ്ടലും വലയും ഒളിപ്പിച്ചവര്‍ ഇടയ്ക്കിടെ അവളെ
ഓടിച്ചുപിടിക്കാന്‍ നോക്കുന്നതാണ്.
ഓര്‍ക്കാന്‍ തുടങ്ങിയാല്‍ ഇങ്ങനെ പെരുമഴയായി പെയ്യാന്‍ ഒരു
പാടുണ്ട്.അതെല്ലാം ഒരരികിലേക്ക് മാറ്റി വെച്ച് വേഗം വേഗം നടക്കുമ്പോഴും
വെളിച്ചത്തില്‍ കുളിച്ചു ഒരു തവണയെങ്കിലും തനിക്കും അനേകരുടെ മുന്നില്‍ ഒരുയര്‍ന്ന
സ്റ്റേജില്‍ ചുവടു വെക്കാനായല്ലോ എന്ന്
അവള്‍ ആഹ്ലാദിച്ചു.എന്തിനെന്നറിയാതെ ഒരു നക്ഷത്രത്തിളക്കം അവളുടെ കണ്ണുകളെ
ചുംബിച്ചു....................
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ