പ്രഷര്‍കുക്കര്‍. കഥ
പ്രഷര്‍കുക്കര്‍ അടുപ്പത്ത് വക്കുമ്പോഴൊക്കെ
അവളാലോചിക്കും.എന്നാലുമീ കുക്കറിനെ സമ്മതിക്കണം:എത്ര വേവും ചൂടുമാണു ഉള്ളില്‍ ഏതു
നേരവും പൊട്ടിത്തെറിക്കാന്‍പാകത്തില്‍......ഈ അഡ്ജസ്റ്റ്മെന്റുകള്‍:സേഫ്ടിവാല്‍വും
വെയ്റ്റും ജീവിതത്തിലും വേണ്ടതായിരുന്നു.അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.കുക്കറിന്‍റെ
വിസിലില്‍ അതാരും കേട്ടില്ല.അകത്ത് മക്കളും അപ്പനും കൂര്‍ക്കംവലിയാണ്.കൃത്യം5.30.നാണ് അവളും കുക്കറും മാരത്തോണ്‍ഓട്ടം
ആരംഭിക്കുക.എട്ടു മണിയാവുമ്പോഴേക്കു മക്കളെ സ്കൂളിലേക്കും അവരുടെ അപ്പനെ
പണിസ്ഥലത്തേക്കും അയക്കണം.എന്നിട്ട് വേണം ലൈന്‍പൈപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍.അവളെപ്പോലെത്തന്നെ
പഴകിയതാണ് വീടും.എത്ര തൂത്തു തുടച്ചാലും കാണാനത്ര ചേലൊന്നുമില്ല.പതിനൊന്നു
മണിയാവുമ്പോഴേക്കു പണിയെല്ലാം ഒരു വിധം ഒരുക്കിയാണ് അവള്‍ അടുത്ത വീട്ടിലെ കാരണവരെ
പരിചരിക്കാന്‍ പോകുന്നത്.ഒരു ഹോംനഴ്സായുള്ള ഈ വേഷപ്പകര്‍ച്ചകൊണ്ട് 1000 രൂപ മാസാമാസം കയ്യില്‍
കിട്ടും.പണം കിട്ടിയപ്പോള്‍ അവളാദ്യം വാങ്ങിയത് ഒരു കുക്കറാണ്.പാചകം
എളുപ്പമാക്കുന്നു എന്നത് മാത്രമല്ല,പെണ്ണിന്‍റെ മുതുക് നിവര്‍ത്തുന്ന ഈ
അടുക്കളസുഹൃത്തുക്കളെയെല്ലാം അവളേറെ സ്നേഹിക്കുന്നു എന്നതാണ് കാര്യം.കൂടിയ
പ്രശ്നങ്ങളെ(കടലയും ഇറച്ചിയും)കുക്കര്‍ മൂന്നാലു വിസിലിലൂടെയാണ്
പുറന്തള്ളുക.ചെറുപയര്‍,ഉരുളക്കിഴങ്ങ് തുടങ്ങിയ ചിന്നപ്രശ്നങ്ങള്‍ക്ക് രണ്ടു വിസില്‍
മതിയാവും.ഉള്ളിലെപ്പോഴും ചൂളംകുത്തുന്ന കൊടുങ്കാറ്റുകളെ പുറന്തള്ളാന്‍ തനിക്കും
മൂര്‍ധാവില്‍ ഒരു ദ്വാരമിടേണ്ടതുണ്ടെന്നും ഇടയ്ക്കിടെ കൊടുങ്കാറ്റിനെ ശൂ എന്ന്
പുറന്തള്ളണമെന്നും അവളെപ്പോഴും ആഗ്രഹിക്കും.ആറു മണിക്ക് വീട്ടിലേക്കു മടങ്ങുമ്പോള്‍
സ്വന്തം പ്രശ്നങ്ങള്‍ പോരാഞ്ഞിട്ടാണോ താന്‍ ആ കാരണവരുടെ ദീര്‍ഘശ്വാസങ്ങളെക്കൂടി നെഞ്ചിലേക്ക് എറിയുന്നതെന്ന് അവള്‍ സ്വയം
ശപിക്കും.വരാന്ത, കെട്ടിയവന്‍ ചര്‍ദിയില്‍ മുക്കിയിരിക്കും.മകനും മകളും തങ്ങളെ
അനുകരിച്ചു അടി കൂടുകയാവും.ഒറ്റക്കൊരു യാത്രയാണേല്‍ ഈ പങ്കപ്പാടൊന്നും
സഹിക്കേണ്ടിയിരുന്നില്ല.വയസ്സാവലാണ് പ്രശ്നം,ആരാണ് തനിക്കൊക്കെ കൂലി കൊടുത്ത്
ഹോംനഴ്സിനെ നിര്‍ത്താന്‍.എത്ര നിസ്സഹായനാണ് മനുഷ്യന്‍!കാരണവരെ മലര്‍ത്തുമ്പോഴും
ചെരിക്കുമ്പോഴും ഒരു ശവത്തെ തൊടുംപോലെയാണ് തോന്നുക.നാക്ക് മാത്രം തളര്‍ന്നു
പോകാത്ത അയാള്‍ തന്നെ ഉറ്റു നോക്കുന്നതാണ് തീരെ സഹിക്കാത്തത്.
“വായില്‍ക്ക് മണ്ണ് വീഴ്ണതും കാത്തിരിപ്പാ ആ
ദ്രോഹി.ടെറസീന്നു വീണതാന്നല്ലേ അവന്‍ പറഞ്ഞത്?തള്ളിയിട്ടതാ,ദുഷ്ടന്‍..ഇനീപ്പോ
സ്വത്തൊക്കെ എന്തും ചെയ്യാലോ.എന്നെയും നിന്‍റെ വീട്ടിലേക്ക് കൊണ്ട്പോ
മോളെ..വയസ്സ്കാലത്ത് എനിക്കൊരു തണിയാവൂലോ.മോളൊക്കെ ഉണ്ടാവേര്‍ന്നു.ചോരത്തിളപ്പിന്‍റെ
കാലത്ത് ഈ നശിച്ച കാല് തന്നെയാ എല്ലാം മുടിച്ചത്.അടിവയര്‍ പൊത്തിപ്പിടിച്ചോണ്ട്
അവള്‍ കമഴ്ന്നു വീണു.മുറിയാകെ ചോര..ഭാര്യയെ കൊന്നതിനു കൊറെകാലം കേസും
കൂട്ടവും..പണം എല്ലാ കറയും വെടിപ്പാക്കും..എല്ലാ സുഖങ്ങളും നമ്മിലേക്ക് ഒഴുക്കി
വിടും.യൗവനത്തില്‍ ഒരു പണക്കാരന് ഭാര്യ ഒരത്യാവശ്യമേയല്ല..ഇപ്പോഴാണ് വിറകുപോലെ
ഇങ്ങനെ കിടക്കുമ്പോഴാണ് സാന്ത്വനത്തിന്‍റെ ഒരു കൈ കൂടെ വേണ്ടത്..”അയാളുടെ കണ്ണുകള്‍
പെയ്തുകൊണ്ടിരുന്നു.അവള്‍ വരണ്ടൊരു ചിരി ചിരിച്ചു.തന്‍റെ വീട്ടുചൂളയില്‍ ഇനി
എവിടെയാണ് മറ്റൊരു പ്രശ്നത്തിന് ഇടം..
വീട്ടിലെത്തിയപ്പോള്‍ ആകെ ഇരുട്ട്.ഇരുളില്‍
നിന്ന് നേര്‍ത്തൊരു കരച്ചിലും ചിതറുന്നുണ്ട്.ഉരലിട്ടടിക്കുന്ന നെഞ്ചോടെ അവള്‍
ഉള്ളിലേക്ക് പാഞ്ഞു കയറി.മൂലയില്‍ പേടിച്ചരണ്ട് കീറിപ്പറിഞ്ഞ വേഷത്തില്‍ മകള്‍..അവള്‍
ഒന്നും പറയാതെ അമ്മയുടെ നെഞ്ചിലേക്ക് വീണ് തോരാതെ പെയ്തു.
“ആരാ നിന്നെ”-കടിച്ചു പൊട്ടിച്ച ചോരയിറ്റുന്ന
ചുണ്ടിലേക്കും മാറിലേക്കും തീക്കണ്ണ്‍ പാറ്റി അമ്മ അവളെ അടിമുടി കുലുക്കി.
“അപ്പന്‍”-മകള്‍ ആര്‍ത്തുകരഞ്ഞു..”തടുക്കാന്‍
വന്ന മോനൂനെ അപ്പനും കൂട്ടുകാരും..”അവള്‍ തുറിച്ച കണ്ണുകളോടെ ദൂരെ റബ്ബര്‍കാട്ടിലേക്ക്
വിറയ്ക്കുന്ന വിരല്‍ ചൂണ്ടി........
കുക്കര്‍ വിസില്‍ വിളിക്കാന്‍ മറന്നു.ഉള്ളിലെ
വേവും ചൂടും കുറച്ചു സമയം കൂടി പിടിച്ചു നിന്നു.പിന്നെ സേഫ്ടിവാല്‍വ് ദൂരേക്ക്
തെറിച്ച് ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് ചീറ്റി..
വാക്കത്തിയുമായി ആര്‍ത്തട്ടഹസിച്ചു
ഓടുന്നതായാണ്പിന്നെ അവളെ കാണുന്നത്.പേനായയെപ്പോലെ നാവു
പുറത്തിട്ട്,കേലയോലിപ്പിച്ച്,പരക്കം പാഞ്ഞ്,കണ്ടവരുടെ നേരെയെല്ലാം കുരച്ചു
ചാടി..അവളുടെ അലര്‍ച്ച എവിടെയും പ്രകമ്പനം കൊണ്ടു.”കൊല്ലും,ആ നായയെ ഞാന്‍
കൊല്ലും..”ആളുകള്‍ക്ക് ഒരു സിനിമ കാണുന്ന രസവും സുഖവും..”എന്‍റെ മോളേ...”നീണ്ട
വിലാപം പെട്ടെന്നാണ് ചിരിയിലേക്ക് വട്ടം ചാടുക..വീടിന്‍റെ ഇരുട്ടിലാകട്ടെ മകള്‍
ചുരുട്ടിക്കൂട്ടിയ ശീലക്കഷ്ണമായി തണുത്തു മരവിച്ചു
കിടന്നു................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ