കോടതിയുടെ
ചവിട്ടുകല്ലുകള്‍ക്ക് ഓരോ തവണയും എണ്ണം കൂടുന്നുണ്ടെന്നുതോന്നി അവള്‍ക്ക്.അന്ന്
ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ,പോലീസുകാരുടെ കാക്കിച്ചിറകുകള്‍ക്കിടയിലൂടെ ജീവിതം
ഒരു സമസ്യാപൂരണത്തിന്‍റെ പ്രയാസങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ട് മുന്നില്‍ നെടുങ്കനായ
ഒരു ചോദ്യചിഹ്നമായി വിസ്മയിപ്പിക്കെ വലിയ ക്യാമറയും തൂക്കി പത്രറിപ്പോര്‍ട്ടര്‍മാര്‍
ചുറ്റും തിക്കിത്തിരക്കി.ചോദ്യങ്ങള്‍ വെള്ളച്ചാട്ടമായി കാതുകളെ ബാധിരമാക്കി.”മോള്‍
ശരിക്കും കണ്ടോ അച്ഛന്‍ കൊല്ലുന്നത്?വെട്ടുകത്തിയായിരുന്നോ അതോ
കറിക്കത്തിയോ?അമ്മയും അച്ഛനും വഴക്ക് കൂടാറുണ്ടായിരുന്നോ?അമ്മക്ക് വല്ല ഇഷ്ട്ടക്കാരായ
ചേട്ടന്മാരും ഉണ്ടായിരുന്നോ?”വലിയ വട്ടക്കണ്ണ് ചുഴറ്റി അവള്‍ തലയാട്ടുന്നത് കണ്ട്
അവര്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.
പിറ്റേന്ന്
പത്രത്തിലെ എപ്പിസോഡുകള്‍ വായിച്ച് അമ്മായിമാരും മുത്തശ്ശിയും
പല്ലിറുമ്മി.”കുരുത്തം കെട്ടവളെ,കൊന്നാലും അവന്‍ നിന്‍റ അച്ഛനല്ലാതാവോ?കുടുമ്മത്ത്
കേറ്റാന്‍ കൊള്ളാത്ത നിന്‍റെ തള്ളേക്കുറിച്ച് എന്തേ ഒന്നും
പറയാതിരുന്നത്?”സാക്ഷിക്കൂട്ടില്‍ നില്‍ക്കവെ ബന്ധുക്കളുടെ മുഖങ്ങള്‍
കത്തിപ്പഴുത്ത കലംകണക്കെ ഉള്ളം പൊള്ളിച്ചു.എന്താണ് പറയുക?താനൊന്നും
കണ്ടില്ലെന്നോ.എന്ത് പറഞ്ഞാലാണ് വേദനകളുടെ ഈ അലക്കില്‍ നിന്നൊന്നു
രക്ഷപ്പെടുക?മുറ്റത്തെത്തിയപ്പോഴേക്കും പത്രക്കാര്‍ വീണ്ടും പൊതിഞ്ഞു.”അച്ഛന്‍
ഒളിവിലും അമ്മ മരണപ്പെടുകയും ചെയ്ത സ്ഥിതിക്ക് മോളിനി ആരുടെ കൂടെ താമസിക്കും?വളര്‍ന്നാല്‍
ആരാകാനാ മോഹം?”
ചോദ്യങ്ങളെല്ലാം
വര്‍ണശബളമായ വാഹനങ്ങളായി തോന്നി അവള്‍ക്ക്.അവ ഒഴുകിക്കൊണ്ടേയിരിക്കുന്നു.ഒടുക്കം
ഒന്നുമുരിയാടാതെ വിതുമ്പുന്ന അവളെ ആരൊക്കെയോ ബന്ധുക്കളുടെ അടുത്തെത്തിച്ചു.അവര്‍
അവളെ കണ്ട ഭാവമില്ലാതെ നടന്നകന്നു.
ഓര്‍മകളെ
ചിക്കിപ്പെറുക്കുമ്പോഴെല്ലാം അവളതിശയിക്കും-അതെല്ലാം കഴിഞ്ഞ് ഇത്രയധികം കൊല്ലങ്ങള്‍
കടന്നുപോയോ?ചാളയുടെ ഓലവാതില്‍പ്പഴുതിലൂടെ, ദൂരേന്ന് കെട്ടിയവന്‍ ആടിയാടി
വരുന്നുണ്ടോ എന്ന് നോക്കയാണവള്‍.ഒരു കറിക്കത്തി കട്ടിലിനടിയില്‍ അവളും
സൂക്ഷിക്കുന്നുണ്ട്.പണ്ട് അച്ഛന്‍ അമ്മയെ ഏതു കത്തികൊണ്ടാണ് അരിഞ്ഞതെന്നതിന്‍റെ
മങ്ങിയ ചിത്രംപോലും മനസ്സിലില്ല.ഒഴുകി,കട്ടപിടിച്ച ചോര മാത്രം ചുവന്ന
പട്ടുപാവാടപോലെ മനസ്സിന്‍റെ അയയില്‍ ഉണക്കാനിട്ടിരിക്കുന്നു.അമ്മയുടെ കറുത്ത
ചട്ടയുള്ള ഡയറിയിലെ കുനുകുനാ അക്ഷരങ്ങളൊന്നും അവള്‍ വായിച്ചിട്ടില്ല.അമ്മയുടെ
സ്മരണയുടെ ഒരു നൂല്‍ക്കഷ്ണം പോലും അവശേഷിപ്പിച്ചില്ല ആരും.ആരുടെ കൂടെ
താമസിക്കും?പത്രക്കാരന്‍റെ ആ ചോദ്യം മാത്രം വല്ലാത്തൊരു തെളിവോടെ ചളി പിടിച്ച
തൂവാലയായി ഉളളിലിളകുന്നു.നാലാംക്ലാസ് മുതല്‍ അത് തന്നെയായിരുന്നു പ്രശ്നം.ആരുടെ
കൂടെ താമസിക്കും?പുതിയ അമ്മയുടെ ശകാരം കേള്‍ക്കുമ്പോള്‍,അച്ഛനില്‍ നിന്ന് അടി
കൊള്ളുമ്പോള്‍ ഒക്കെ ആലോചിക്കും;ഒളിച്ചോടിപ്പോയാല്‍ എവിടെ പാര്‍ക്കും?ജീവിതത്തിന്‍റെ
ആട്ടിന്‍കാഷ്ഠം വിതറിയ,ഞാഞ്ഞൂല്‍ പുറ്റ് കൂട്ടിയ.അറപ്പിക്കുന്ന മണ്ണിലേക്ക് കയറി
വന്ന ഈ മനുഷ്യനും ഉള്ളിലേക്ക് അതേ ചോദ്യം പെരുക്കിയിടുന്നു;ഇവിടന്നും ഇറങ്ങിയാല്‍
എവിടെ താമസിക്കും?
ചൂട്
പിടിച്ച തല അവളൊന്നു കുടഞ്ഞു.സമൃദ്ധമായ മുടി കെട്ടഴിഞ്ഞു വീണു.താന്‍ ആളുകളെ
വശീകരിക്കുന്നത് ഈ മുടി കാട്ടിയെന്നാണ് കെട്ടിയവന്‍ പുലമ്പുക.മീന്‍
മുറിക്കാനുണ്ട്.അവള്‍ ചെറ്റയുടെ ഉള്ളിലേക്ക് നൂണ്ടു കയറി.കത്തി അണക്കുമ്പോള്‍ മൂര്‍ച്ചയുടെ
പാകം നോക്കി.മീന്‍ തൊട്ടതും കത്തി ആഴ്ന്നിറങ്ങി.ഇത് തന്നെ പാകം.അവള്‍ പുഞ്ചിരിച്ചു.സ്വന്തം
കഴുത്തിന്‍റെ വണ്ണം അവള്‍ കണ്ണാടി നോക്കി തിട്ടപ്പെടുത്തി.രോമം കുനുകുനാ പൊടിച്ച ആ
വണ്ണന്‍കഴുത്തും ഒരു നിമിഷം മനസ്സില്‍ തങ്ങി.കത്തീ ഏതു വേണം
ആദ്യം?ആലോചിക്കട്ടെ,ആലോചിക്കട്ടെ.കത്തി പുഞ്ചിരിയോടെ തലയിളക്കി,മൂലയിലേക്ക്
മാറിയിരുന്ന് അവളുടെ കഴുത്തിന്‍റെ സൌന്ദര്യം നോക്കിയിരിപ്പായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ