ആത്മാവിന് ബോധിപ്പിക്കാനുള്ളത് എന്തെന്നാല്‍.....
ഓഫീസില്‍ നിന്ന് വന്നതും വിയര്‍പ്പ് നാറുന്ന വസ്ത്രങ്ങള്‍ ഒന്നാകെ കട്ടിലിലേക്ക് എറിഞ്ഞ് ഒരു ലുങ്കി വാരിച്ചുറ്റി അയാള്‍ പതിവ് പോലെ ടീവിക്ക് മുന്നില്‍ ചടഞ്ഞിരുന്നു.”ഒരു ചായയെടുക്ക്” അടുക്കളയിലേക്ക് നോക്കി അയാള്‍ വിളിച്ചു പറഞ്ഞു .ടീവിയുടെ നീലക്കണ്ണുകള്‍ ചിമ്മിത്തുറന്നു.ചിരിക്കുന്ന ഒരു പുരുഷമുഖം പ്രത്യക്ഷപ്പെട്ടു :
“നമസ്കാരം .ഇന്നത്തെ ഹൃദയത്തോദ് ഹൃദയം പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.ഇവിടെ സന്നിഹിതരായവര്‍ നിങ്ങള്‍ക്കേവര്‍ക്കും പരിചിതരായ പൊതുപ്രവര്‍ത്തകരും എഴുത്തുകാരുമാണ്.കുടാതെ ദിവ്യാസംഭവത്തിനു ദൃക്സാക്ഷികള്‍ ആയവരും ഇവിടെ എത്തിയിട്ടുണ്ട്.ഈ സംഭവത്തോട് ഈ പ്രമുഖര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാം,നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ പരിപാടിയിലേക്ക് നിങ്ങള്‍ക്ക് വിളിച്ചറിയിക്കുകയും ആവാം.ആദ്യം സാക്ഷിയെ വിസ്തരിക്കാം:
“സര്‍ താങ്കളുടെ പേര് ജോലി എല്ലാം നമ്മുടെ പ്രേക്ഷകര്‍ക്കായി പറയുക’
ഞാന്‍ ദേവസ്യ തിരുവനന്തപുരത്ത് ഒരു ഫുഡ്‌ഫാക്ടറിയില്‍ മാനേജരാണ്.
താങ്ക്യു സര്‍.മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.നിസ്സംഗത പാലിച്ച സാക്ഷിയെയാണ് ആദ്യം കൊല്ലേണ്ടത് എന്നും മറ്റും.
“കണ്ടു.ഈ സംഭവത്തില്‍ ഞാനും വേദനിക്കുന്നു.ചെയിന്‍ വലിക്കാനോരുങ്ങിയപ്പോള്‍ കുടെയുള്ള ആളാണ് പറഞ്ഞത് ആവശ്യമില്ലാത്ത സോല്ലക്കൊന്നും പോവണ്ടാന്ന്‍.”
ഒരു വിദ്യാസമ്പന്നനെന്ന നിലയില്‍ ഈ നിസ്സംഗത പാടുണ്ടോ?ഒരു പെണ്‍കുട്ടി പുറത്തേക്ക് വീഴുന്നത് കണ്ടിട്ടും നിലവിളി കേട്ടിട്ടും...ദേവസ്യയുടെ മറുപടിക്ക് മുമ്പായി ഒരു ഷോര്‍ട്ട്ബ്രെയ്ക്ക്;
(തൂവെള്ളവസ്ത്രത്തില്‍ ഒരു ഡോക്ടര്‍ ഫോണില്‍ സംസാരിക്കുന്നു.)
“എന്താ സൌമ്യെ പറയണേ മുന്ന് മാസോ..ഇനി അബോര്‍ഷന്‍ ഒക്കെ എത്ര റിസ്ക്കാ.ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ ഇത്ര അറിവില്ലാത്തവര്‍ ആകുമോ..(സ്ക്രീനില്‍ മറ്റൊരു ഭാഗത്ത് ഷട്ട്ല്‍ബാറ്റ് കളിക്കുന്ന കുമാരിമാര്‍.കുറെ പേര്‍ ചൂയിങ്ങം ചവച്ചും ചോക്ലേറ്റ് നുണഞ്ഞും..തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും..)
ഡോക്ടറുടെ മുഖം വീണ്ടും ക്ലോസപ്പില്‍:
“ഇനി ആധികള്‍ വേണ്ട.ഐ പില്‍സ് ഉള്ളിടത്തോളം കാലം നിങ്ങള്‍ അനാവശ്യ ഭീതികളില്‍ നിന്ന് സുരക്ഷിതരാകു.ആഴ്ചയില്‍ ഒരു ഗുളിക മാത്രം.ലഭിക്കുന്നതോ പറവകളുടെ സ്വാതന്ത്ര്യം.
(പൊടിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന അനേകം കുട്ടികള്‍.വ്യാകുലതയോടെ അമ്മ)
“ഒരു ദിവസം എത്ര രോഗാണുക്കളാ നമ്മുടെ കൈകളില്‍.അവന്‍റെ കാര്യം പറയേം വേണ്ട.ഒരു ശ്രദ്ധയുമില്ല .(അമ്മയുടെ അടുത്തേക്ക് ഓടി വരുന്ന കുട്ടി.അവനെ അണച്ചു പിടിച്ചുകൊണ്ട് )
“എന്നാലും എനിക്ക് പേടിയില്ല എല്ലാ അണുക്കളെയും നശിപ്പിക്കുന്ന ഹാന്‍ഡ്‌ഫ്രഷ് സോപ്പ് എന്‍റെ ചങ്ങാതിയായി ഉള്ളിടത്തോളം ‘
ഓക്കേ സര്‍ തുടര്‍ന്ന് പറയൂ ;
‘അപ്പഴത്തെ ഒരവസ്ഥ! മുമ്പ് സ്വന്തം കുഞ്ഞിനെ ക്രുരമായി മര്‍ദിച്ച ഒരു നാടോടിയെ മുമ്പൊരു യാത്രയില്‍ കാണുകയുണ്ടായി. അമ്മ ഉറക്കെ കരയുന്നു .എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ അവര്‍ ചിരിച്ചുസംസാരിച്ചു കൊണ്ട് ആള്‍ക്കുട്ടത്തില്‍ മറഞ്ഞു.ഈ കേസിലും ആ നാടോടി ഈ കുട്ടിയുടെ ആരെങ്കിലുമാണോ എന്നെങ്ങനെ അറിയാന്‍ പറ്റും .ഇതിലൊക്കെ ഇടപെട്ടാല്‍ എന്താ കഥ? തല്ല് കൊള്ളാനും സാധ്യതയുണ്ട്.ഈ കേസിലും ആ നാടോടി ഈ കുട്ടിയുടെ ആരെങ്കിലുമാണോ എന്നെങ്ങനെ അറിയാന്‍ പറ്റും.
ഇനി പൊതുപ്രവര്‍ത്തക ദേവികാജോണുമായി സംസാരിക്കാം;
‘മാഡം ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുന്നു’?
“സ്ത്രീകള്‍ വളരെ അരക്ഷിതമായ ഒരു കാലത്തെയാണ് നേരിടുന്നത്,മാനഹാനി വരുത്തുന്നവരെ കഠിനമായി ശിക്ഷിക്കണം എന്നാണ് എന്‍റെ അഭിപ്രായം,’
മലയാളികള്‍ ഏതു കാര്യത്തിനോടും നിസ്സംഗത പുലര്‍ത്തുന്നവരാണ് എന്നതിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?
“യാതൊരു സംശയവുമില്ല, ഒരാള്‍ പരിക്കേറ്റു കിടക്കുന്നത് കണ്ടാലും ഇടപെടാതെ കടന്നു കളയും,അതിനു പിന്നാലെ വരുന്ന നുലാമാലകളേയാണ് അപ്പോള്‍ മലയാളി ഓര്‍ക്കുക,അങ്ങേയറ്റം സെല്‍ഫിഷാ മലയാളി,നോ ഡൌട്ട്.”
ഇനി പ്രമുഖ എഴുത്തുകാരന്‍ മെര്‍ലിന്‍ ജോബുമായി സംസാരിക്കുംമുമ്പ് ഒരു ഷോട്ട് ബ്രേക്ക്.
സ്റ്റാര്‍സിങ്ങറില്‍ ഇനി വേര്‍പാടിന്‍റെ കണ്ണീര്‍മഴ.(സ്ക്രീനില്‍ കണ്ണ് തുടയ്ക്കുന്ന മുഖങ്ങള്‍.വിതുമ്പിക്കൊണ്ട് ഒരാള്‍:ഒരു കുടുംബായിരുന്നു ഞങ്ങളിവിടെ.സന്തോഷത്തിന്‍റെ ഈ കാലം ഒരിക്കലും മറക്കാനാവില്ല.)
സ്റ്റാര്‍ സിങ്ങറില്‍ ഇനി എലിമിനേഷന്‍ റൗണ്ട്.കാണുക സ്റാര്‍ സിങ്ങര്‍ ഫൈവ്.ഒന്നാം സമ്മാനക്കാരനെ കാത്തിരിക്കുന്നത് ഒന്നരക്കോടിയുടെ മനോഹരമായ ഫ്ലാറ്റ്.അല്ലെങ്കില്‍ അനക് ജുവലേരി സമ്മാനിക്കുന്ന തത്തുല്യമായ മനം കവരുന്ന സ്വര്‍ണാഭരണങ്ങള്‍.
നിങ്ങളുടെ കുട്ടികള്‍ പെട്ടെന്ന് വളര്‍ന്നു വലുതാവണ്ടേ?ഇനി മുതല്‍ അധിക പോഷണമുള്ള വിവ എയ്റ്റ് അവര്‍ക്ക് നല്‍കു.ഇനി ഒന്നും നിങ്ങള്‍ ഉയരത്തില്‍ സുക്ഷിച്ചിട്ട് കാര്യമില്ല.കാരണം വിവ നിങ്ങളുടെ കുഞ്ഞിനെ ഉയരമുള്ളതാക്കുന്നു.പലഹാരങ്ങള്‍ ഒളിപ്പിക്കാന്‍ മറ്റൊരു ഇടം തിരഞ്ഞെടുത്തോളൂ.(ഷെല്‍ഫില്‍ നിന്ന് പലഹാരങ്ങള്‍ എടുത്തോടുന്ന പൊട്ടിച്ചിരിക്കുന്ന കുട്ടികള്‍)
“ഓക്കേ ഇനി ബഹുമാന്യനായ മെര്‍ലിന്‍ ജോബ് സംസാരിക്കുന്നു:
സര്‍ താങ്കള്‍ ഈ വിഷയത്തെ എങ്ങനെ കാണുന്നു?”
“വല്ലാതെ ക്രിമിനല്‍ ആയ ഒരാള്‍ക്ക് മാത്രമേ ശവമായിത്തുടങ്ങിയ ഒരു ശരീരത്തോട് ഇത്രേം ക്രുരത സാധിക്കു.അവളുടെ ദേഹത്തെ അത്യനവധി മുറിവുകള്‍,അനുഭവിച്ച കൊടിയ വേദന ..ഹൊ! ക്രുവല്‍ വെരി ക്രുവല്‍.മനുഷ്യന്‍ മൃഗത്തെക്കള്‍ അധമനാണ് ഷുവര്‍.”
സാറിന്‍റെ ആത്മരോഷം മനസ്സിലാവുന്നു.നമുക്ക് സാക്ഷിയിലേക്ക് തന്നെ തിരിച്ചു വരാം.
“മിസ്റ്റര്‍ ദേവസ്യ ആ സമയത്തെ നിങ്ങളുടെ ഒരു മനോനില എന്തായിരുന്നു?നിലവിളി കേള്‍ക്കയും പെട്ടെന്നൊരു പെണ്‍കുട്ടി പുറത്തേക്ക് വീഴലും..ഇറ്റ് വാസ് റിയലി എ ക്രിട്ടിക്കല്‍ ടൈം അല്ലെ?
“റിയലി അത് വല്ലാത്ത ഒരവസ്ഥ ആയിരുന്നു.ഒരു നിമിഷം അറിയാതെ മകളെ ഓര്‍മിച്ചു.ഇതൊക്കെ ഇടയ്ക്കിടെ ട്രെയിനില്‍ നടക്കുന്ന കലാപരിപാടികള്‍.ചെവി കൊടുക്കേണ്ടെന്ന് സഹയാത്രികനും പറഞ്ഞു.”
ഓക്കേ ഇന്നത്തെ സമയം കഴിഞ്ഞു.അടുത്ത ആഴ്ച്ച മറ്റൊരു പുതുമയുള്ള വിഷയം നമ്മുടെ ചര്‍ച്ചാമേശയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം.ഓക്കേ ബൈ.(ചിരിക്കുന്ന പുരുഷമുഖം അപ്രത്യക്ഷമാകുന്നു)
ഒരു ആത്മാവ് കഥ പറയുന്നു
(ഈ ഭാഗം സ്ക്രീനില്‍ പലരും കാണുന്നില്ല.തടസ്സം എന്ന് കാണിക്കുന്ന ചില അടയാളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചില്ല് പ്രതലം മുഖത്ത് വരഞ്ഞിരിക്കുന്നത്.എന്നിട്ടും അത്ഭുതം ചുരുക്കം ചിലര്‍ ഇങ്ങനെയൊരു കഥ പറച്ചിലും കാണുകയുണ്ടായി.ആത്മാവിന്‍റെ പരമ്പരാഗത തൂവെള്ള വസ്ത്രത്തിന് പകരം ഇക്കഥയില്‍ അത് മിക്കവാറും നഗ്നവും വ്രണങ്ങള്‍ പഴുത്തളിഞ്ഞതാണെന്ന വ്യത്യാസവുമുണ്ട്.മുഖം കരുവാളിച്ച് കല്ലിച്ചിരിക്കുന്നു.)
“ഇത്ര നേരം ഇവിടെ കാത്തു നിന്നത് ആ മൈക്ക് എന്‍റെ കയ്യില്‍ തരുമെന്നു പ്രതീക്ഷിച്ചായിരുന്നു.എന്നെ മാത്രം ആരും കണ്ടില്ല.പോസ്റ്റുമാര്‍ട്ടം ടേബിളില്‍ ചതഞ്ഞ വൈക്കോല്‍ കൂന പോലെ ഞാന്‍ കിടന്നു.എന്‍റെ ദേഹത്തെ മുറിവുകള്‍ മൊത്തം അവര്‍ എണ്ണിത്തിട്ടപ്പെടുത്തി.മരണകാരണം സ്ഥിരീകരിച്ചു.മാനഹാനി വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തി.
ചതഞ്ഞരഞ്ഞ മനസ്സിന്‍റെ മുറിവുകള്‍ അവര്‍ക്ക് എണ്ണാന്‍ ആയില്ലെന്നു തോന്നുന്നു.അച്ഛനോളം പ്രായമുളള ഒരു മനുഷ്യന്‍!ഒരു കണ്ണിന്‍റെ സ്ഥാനത്ത് പേടിപ്പെടുത്തുന്ന ചുവന്ന ഇറച്ചിത്തുണ്ട് മാത്രം.പണ്ടൊരിക്കല്‍ വായിച്ച ഒരു പേപ്പര്‍ വാര്‍ത്ത ഒരു കാര്യവുമില്ലാതെ എന്‍റെ ഓര്‍മയുടെ ഇറയത്ത് പാറി വീണു.അക്രമിയോദ് എതിരിട്ട് ട്രെയിനില്‍ നിന്ന് വീണ് ജീവിത കാലം മുഴുവന്‍ വീല്‍ ചെയറില്‍ കഴിയേണ്ടി വന്ന ഒരധ്യാപികയുടെ കഥ.ഒരു സ്ത്രീയായിപ്പോയതിന്‍റെ നോവത്രയും അന്നേരം ഞാനനുഭവിച്ചു.ദാരിദ്ര്യത്തിന്‍റെ കല്ലുവഴികള്‍ താണ്ടിയപ്പോഴും പഠനം പാതി വഴി നിര്‍ത്തേണ്ടി വന്നപ്പോഴും കുടുംബത്തിനു വേണ്ടി ചെറുപ്പത്തിലേ അദ്വാനിക്കേണ്ടി വന്നപ്പോഴും ഒരു സ്ത്രീയായിപ്പോയത്തിന് ഞാനിത്രയും വ്യസനിച്ചിരുന്നില്ല.മരണത്തിലേക്കും ഇഴഞ്ഞു കയറുന്ന നിന്ദയുടെ അഴുക്ക് പിടിച്ച കയര്‍ അവസാനനിമിഷം വരെയും എന്‍റെ കഴുത്തില്‍ മുറുകികൊണ്ടിരുന്നു.മരീക്കുന്നത് എത്രയോ പേര്‍ക്ക് മുന്നില്‍ വിവസ്ത്രയായി..ദൈവമേ!മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ശവങ്ങളുടെ അവസാനിക്കാത്ത അപമാനബോധം എന്നെയും ചുറ്റി വരിഞ്ഞു.
ആദ്യം ആ കമ്പാര്‍ട്ട്മെന്‍റില്‍ നിറയെ ബഹളമായിരുന്നു.തമിഴിലും മലയാളത്തിലും മറ്റേതൊക്കെയോ ഭാഷയിലും സംസാരപ്പെരുമഴ.പിന്നെപ്പിന്നെ എപ്പോഴാണാ മുറി ഒഴിയാന്‍ തുടങ്ങിയത്?ഒന്നും അറിഞ്ഞിരുന്നില്ല..ഫോണിലെ സ്തംഭിപ്പിക്കുന്ന വാക്കുകളില്‍ അടിപതറി കിടക്കയായിരുന്നു മനസ്സ്.അവന്‍ തീരുമാനം മാറ്റിയിരിക്കുന്നു.അമ്മയെ കാണാന്‍ നാളെ അവന്‍ എത്തില്ലെന്ന്‍.”ബന്ധം സ്ഥാപിക്കാന്‍ നിനക്കീ ചേമ്പിന്‍ കൂട്ടമേ കിട്ടിയൊള്ളു?”അവന്‍റെ മമ്മി ചോദിച്ചത്രെ.എത്രയോ തവണ വിളിച്ചതാണവന്‍.”ഊട്ടി കൊടൈക്കനാല്‍...അടിച്ചു പോളിക്കാടോ ഈ സിറ്റിയില്‍ നിന്നെപ്പോലൊരു കണ്‍ട്രിയെ കാണാന്‍ കിട്ടില്ല.”
“ഒരു താലിച്ചരട് എന്‍റെ കഴുത്തിലിട് എന്നിട്ടെവിടെ വേണേലും കൊണ്ട് പൊയ്ക്കോ.”തലമുറകളായി പറഞ്ഞു പഴകിയ ആ വാചകം ഞാനും ആവര്‍ത്തിച്ചു.
“ശ്ശെ എന്തൊരു ബോറ് എടൊ അതൊക്കെ ഒരു ചടങ്ങ് മാത്രല്ലേ?സമയാവുമ്പോ അതൊക്കെ നടത്താം.ഇപ്പം നല്ല കുട്ട്യായി ഞാന്‍ പറയണത് കേള്‍ക്ക്.”
ഓ ദൈവമേ! ആ മധുരം പുരട്ടിയ വാക്കുകളിലോന്നും തല കുത്തി വീഴുകയുണ്ടായില്ല സങ്കടം ഒരിരുള്‍കട്ടയായി എന്‍റെ തലച്ചോറിനെ പ്രഹരിച്ചു.കടുത്ത തലവേദനയായി മുഖം കുനിച്ചിരിക്കുന്ന ഏതോ നിമിഷത്തിലാണ് അയാള്‍...അതൊരു ഉരുക്കുദേഹമായിരുന്നു.അയാളെന്നെ ഞെരിച്ഛപ്പോള്‍ എല്ലുകള്‍ നുറുങ്ങുന്ന ദയനീയസ്വരം ഞാന്‍ കേട്ടു.കുതറിച്ചാടി എങ്ങനെയോ...പ്രാണന്‍ ആശരണമായ നിലവിളിയോടെ മറ്റൊരു ദേശത്തെത്തി നിസ്സഹായമായി കിതച്ചു.മറ്റൊരു കമ്പാര്‍ട്ട്മെന്‍റ്...അവിടെ;പലരും ഉറങ്ങുന്നു,ചിലര്‍ മോബെല്‍ ഫോണിന്‍റെ ഇയര്‍ പീസുകള്‍ ചെവിയില്‍ തിരുകി തലയാട്ടുന്നു.മറ്റു ചിലര്‍ മൊബെല്‍ സ്ക്രീനിലേക്ക് കണ്ണ് നട്ട് ഒരേ ഇരിപ്പിരിക്കുന്നു.നിലവിളി ആ ഇരുമ്പ് മുറിയെ കീറി മുറിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല.വാതില്‍ കമ്പിയില്‍ പിടിച്ച് ഒന്ന് ബാലന്‍സ് ചെയ്യുന്നതിന് മുമ്പേ ശക്തമായ ഒരു തള്ളലില്‍ ഞാന്‍ പുറത്തേക്ക് പറന്നു.എവിടെയോ ചെന്നിടിച്ച കഠിന വേദന എന്നെ ഒരു നിമിഷം നുറുക്കി നുറുക്കി ഉപ്പിലിട്ടു.പിന്നെ...ബോധശുന്യതയുടെ വെളുത്ത പിഞ്ഞാണത്തട്ടിലെക്ക് ഞാന്‍ പതുക്കെ ഊര്‍ന്നുവീണു.
അത് വല്ലാത്തൊരു യാത്രയായിരുന്നു.വെളുത്ത ആ പ്രതലത്തിലൂടെ ഞാനെന്‍റെ ബാല്യത്തിലേക്ക് ഇറങ്ങിയോടി.നിറങ്ങളായ നിറങ്ങളെല്ലാം കൂട്ടിയിണക്കിയ മഴവില്‍കാന്തിയുള്ള കുപ്പിവളകള്‍!എഴാകാശവും കാണാവുന്ന തിളങ്ങുന്ന മുത്തുമാലകള്‍.ഓടിക്കളിച്ചിരുന്ന നാട്ടുവഴികള്‍.തെളിഞ്ഞു ചില്ലുകളായ കൈത്തോടുകള്‍.ശൈശവത്തിന്‍ ശോഭ –അത് നമ്മുടെ ഓര്‍മ്മകള്‍ ചാലിച്ചുണ്ടാക്കുന്നത് മാത്രമോ?ആര്‍ക്കറിയാം?ഏതായാലും അത് ബാല്യത്തിലേക്കുള്ള ഒരു മടക്കമായിരുന്നു.പിന്നീടെപ്പോഴോ വേദനയുടെ ചില്ലുചീളുകള്‍ അപമാനത്തിന്‍റെ ആ തിരിച്ചറിവോന്നാകെ കഷായമായി തൊണ്ടയിലേക്ക് കുത്തിയിറക്കി ശ്വാസം മുട്ടിച്ച് എന്നെ കൊന്നു കളഞ്ഞു.അത് കൊണ്ട് തന്നെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു തിരുത്ത് വേണ്ടി വന്നേക്കും.
“ദിവ്യ മരിച്ചത് തലക്കേറ്റ ക്ഷതത്താല്‍ മാത്രമായിരുന്നില്ല.അതികഠിനമായ അപമാനബോധാത്താലുള്ള ഹൃദയസ്തംഭനം കൊണ്ട് കൂടിയായിരുന്നു.മൂക്കിലൂടെ രക്തം ഒഴുകി കാണപ്പെട്ടത് അത് കൊണ്ടാവാം.”
അലറിക്കരയുന്ന അമ്മയും അനിയനും ഒരു പെണ്ണ് കാണല്‍ ചടങ്ങിനെക്കുറിച്ച് പിന്നെയും പറയുന്നുണ്ടല്ലേ?അത് വക വക്കേണ്ട.എതു അമ്മമാര്‍ക്കും അങ്ങനെ കുറെ സ്വപ്‌നങ്ങള്‍ കാണും.ഇവിടെ എത്തുമ്പോഴേ എല്ലാം എന്തു വലിയ വിഡ്ഢിത്തങ്ങളെന്നു ബോധ്യം വരൂ.മറ്റൊരു കൊമേഴ്‌സ്യല്‍ ബ്രേക്കിനായി നിങ്ങള്‍ ദാഹിക്കുന്നുണ്ടാവും. എന്തൊരു അറുബോറന്‍ കഥ അല്ലെ? അശുഭവാര്‍ത്തകളും ഞെട്ടിക്കുന്ന ചിത്രങ്ങളും കാണിച്ച് മാധ്യമങ്ങള്‍ നിങ്ങളുടെ സ്വസ്ഥത തകര്‍ക്കയാണെന്നു അല്ലെങ്കിലേ നിങ്ങള്‍ കയര്‍ക്കുന്നതല്ലേ?കളികളും രസങ്ങളും നിറഞ്ഞ പരസ്യങ്ങള്‍ തന്നെ അതിലേറെ നല്ലത്.നിങ്ങള്‍ പരസ്യങ്ങള്‍ ചവച്ചോണ്ടിരിക്കൂ.ഞാനൊന്ന് ഇരുന്നോട്ടെ.ഈ മുറിവുകള്‍ ഇനി ഒരിക്കലും ഉണങ്ങില്ലെന്നു തോന്നുന്നു.
“ഇതാ അവതരിപ്പിക്കുന്നു.പുത്തന്‍ ടെക്നോളജി.ഈ കണ്ണട ധരിക്കൂ.കാണേണ്ടത് മാത്രം കാണൂ.ഇനി അനാവശ്യകാഴ്ചകള്‍ നിങ്ങളുടെ സമയവും സ്വൈരവും നശിപ്പിക്കുന്നില്ല.ഈ കണ്ണടകളിലൂടെ നിങ്ങള്‍ക്ക് കാഴ്ചകളെ തിരഞ്ഞെടുത്ത് കാണാം.ഇനി മുതല്‍ ആഹ്ലാദിപ്പിക്കുന്നത് മാത്രം കാണൂ.ജീവിതം
ആനന്ദനിര്‍ഭരമാക്കൂ.ഇതിനകം രണ്ടായിരത്തോളം ബുക്കിങ്ങുകള്‍.ഇനി പറയുന്ന നമ്പരിലേക്ക് എത്രയും പെട്ടെന്ന് ബുക്ക് ചെയ്യൂ.വേഗമാകട്ടെ നിങ്ങളുടെ ഫോണുകള്‍ക്കിനി വിശ്രമമില്ല!
വാല്‍ക്കഷ്ണം
തടസ്സം സിഗ്നല്‍ കണ്ടത് മുതല്‍ അയാള്‍ ചാനല്‍ മാറ്റാന്‍ തുടങ്ങിയതാണ്.ദേവീമാഹാത്മ്യം സീരിയലില്‍ നിന്ന് ഒരു യുറോപ്യന്‍ ചാനലിലേക്ക് അയാള്‍ ചിറകു വിരിച്ചു.
“ചോറ് ഉണ്ണുന്നില്ലേ ?”
അയാളുടെ ഭാര്യ ഈണത്തില്‍ വിളിച്ചു.വിഭവസമൃദ്ധമായ മേശയിലേക്ക് പാളി നോക്കി അയാള്‍ പുഞ്ചിരിച്ചു.
“ആ ന്യുസ് കണ്ട് സമയം പോയതറിഞ്ഞില്ല.പേപ്പറുകള്‍ക്ക് ഇനിയോരാഴ്ച ചാകര തന്നെ.മറ്റൊരു പീഡനകേസ്.”
അങ്ങനെ പറയല്ലേ വേണുവേട്ടാ.നമ്മുടേതും ഒരു പെണ്‍കുട്ടിയാ.മറക്കണ്ട .”
“ആയാലെന്താ?ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ വേറെയും പെണ്ണുങ്ങള്‍ ഇല്ലാരുന്നോ? ഇവള്‍ മാത്രം എങ്ങനെ ഒറ്റക്കായി?ഇതൊക്കെ ഇനം വേറെയാ.മക്കളെ നേരെ ചൊവ്വെ വളര്‍ത്തണം.അല്ലെങ്കില്‍ ഇങ്ങനെ ഇരിക്കും.
ഏമ്പക്കം വിട്ട് ടിവിക്കു മുന്നില്‍ ഇരിക്കവേ ഭാര്യ ഉറങ്ങിയോ എന്നയാള്‍ ഏറുകണ്ണിട്ട് നോക്കി.പതുക്കെ വാതില്‍ കുറ്റിയിട്ട് റിമോട്ടില്‍ വിരലമര്‍ത്തി.ഒരു നീലത്തിരശ്ശീല ഇമ്പത്തോടെ അയാളെ നോക്കി ചിരിച്ചു.അതില്‍ വിരിയുന്ന മംസപ്പൂക്കളെ നോക്കി ഒരു ചോക്ലേറ്റ് നുണയുംപോലെ അയാള്‍ നാവ് നനച്ചു കൊണ്ടിരുന്നു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ