മുസാഫിര്‍ കേരളത്തിലെത്തിയിട്ടു ഒരു കൊല്ലം
കഴിഞ്ഞത്രെ. ഭീകരമായ കൊല്ലും കൊലയും അവനെ ഇങ്ങോട്ടെറിയുകയായിരുന്നു. ഒരു കിണര്‍
കുഴിക്കാനുള്ള കുറെ നാളായുള്ള തീരുമാനം ഈ വേനലവധിയില്‍ ആണ് ഞങ്ങള്‍ നടപ്പിലാക്കാന്‍
തീരുമാനിച്ചത്. പൊരിവെയിലത്ത് ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന നീരുറവ ഒരു
കാലത്തും വറ്റില്ലെന്നൊരു ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. തീവെയിലില്‍
വരണ്ട മണ്ണിനോട് പട വെട്ടല്‍ അത്ര എളുപ്പമായിരുന്നില്ല. ഹിന്ദിക്കാരായ നാല് പണിക്കാരില്‍
ഒരാളായിരുന്നു മുസാഫിര്‍. മുസാഫിറിനു കിണറില്‍ ഇറങ്ങാനൊന്നും അറിയില്ല. കപ്പിയില്‍
ഉരുണ്ടു കയറുന്ന മണ്ണുകൊട്ടകള്‍ ദുര്‍ബലമായ കൈകളാല്‍ അവന്‍ ചുമലിലേറ്റി.
“പാവം ചെറുക്കന്‍, പത്തിരുപത് വയസ്സേ കാണൂ..” ഭാമ
പിറുപിറുത്തു. ബാന്ഗ്ലൂരില്‍ പഠിക്കുന്ന ഞങ്ങളുടെ അഖിലിനെ അപ്പോള്‍ ഓര്‍ത്തുപോയി.
അവന് എന്നെങ്കിലും ഇത്തരം കഠിനജോലികള്‍ ചെയ്യേണ്ടി വരുന്നത് ഞങ്ങള്‍ക്ക്
ചിന്തിക്കാന്‍ പോലും വയ്യ.. മത്സ്യവും പപ്പടവുമൊക്കെയായി ഭാമ അവരെ
ഊട്ടിക്കൊണ്ടിരുന്നു. “ആ പയ്യനൊന്നു തിന്നു നന്നാവട്ടെ..” ഭാമ ചിരിച്ചു കൊണ്ടു
പറഞ്ഞു. പക്ഷെ മുസാഫിര്‍ വളരെ കുറച്ചാണ് ഭക്ഷിച്ചത്. “ബേടാ, ഇങ്ങനെ തിന്നാല്‍
എങ്ങനെ മസില്‍ വരും?” ഞാന്‍ ചോദിച്ചു.അവന്‍ പതുക്കെ ചിരിച്ചു. നേര്‍ത്ത
ചിരിക്കപ്പുറം വിഷാദത്തിന്‍റെ ഒരു കൂറ്റന്‍ മേഘം അവന്‍റെ മുഖത്തെ മൂടി. “എന്തോ
അലട്ടുന്നുണ്ട് ആ ചെറുക്കനെ..”ഭാമ പറഞ്ഞു കൊണ്ടിരുന്നു. “ഓ എന്തോ ആവട്ടെ, വല്ലാതെ
പുന്നാരിക്കണ്ട, ആരെയും വിശ്വസിക്കാന്‍ കൊള്ളാത്ത കാലമാ..”ഞാന്‍ അവള്‍ക്ക്
മുന്നറിയിപ്പ് നല്‍കി. ആളുകളെ വളരെ വേഗം വിശ്വസിക്കുന്ന ഒരു ദുശ്ശീലം അവള്‍ക്കുണ്ട്..കല്യാണം
പറയാനെന്നും പറഞ്ഞു വന്ന ഒരു ചെറുക്കന്‍ അങ്ങനെയാണ് അവളുടെ മാലയും പൊട്ടിച്ചു
കടന്നു കളഞ്ഞത്. എന്നിട്ടും അവള്‍ പഠിച്ചിട്ടില്ല. മൂന്നാലു മാസം മുമ്പായിരുന്നു ,മാഷിന്‍റെ
ശിഷ്യനാണെന്നും പറഞ്ഞു വന്നു ഒരുത്തന്‍ രാവിലെത്തന്നെ. താന്‍ പുറത്തു
പോയതായിരുന്നു. “കല്യാണം പറയാന്‍ വന്നതാ , സാര്‍ എപ്പഴാ വരാ?” അവന്‍ ചോദിച്ചു. “കേറി
ഇരുന്നോളൂ ,മാഷ് ഇപ്പോ വരും.”
“കുറച്ചു വെള്ളം തരൂ അമ്മെ , വല്ലാത്ത ദാഹം..”
“ഓ അതിനെന്താ, ഇരിക്കൂ ഇപ്പോ കൊണ്ടു വരാം..”
അടുക്കളയില്‍ വെള്ളം എടുക്കുമ്പഴാ ആ
ബലിഷ്ഠകരങ്ങള്‍ വായ പോത്തിയതും മാല പൊട്ടിച്ച് ഓടിയതും. ഒന്നു അലറി വിളിക്കാനുള്ള
ബുദ്ധി പോലും ബേജാറ് കൊണ്ട് അവള്‍ക്ക് കിട്ടിയില്ല. താന്‍ തിരിച്ചെത്തിയപ്പോള്‍
അയലത്തെ രണ്ടുമൂന്നു പെണ്ണുങ്ങള്‍ അവളെ സമാധാനിപ്പിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.
എല്ലാം കേട്ട് നടുങ്ങിപ്പോയ തനിക്ക് വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. മാല പോയത്
പോകട്ടെ , എന്തെല്ലാം വാര്‍ത്തകളാണ്, പിഞ്ചുകുഞ്ഞ് മുതല്‍ പടുകിഴവി വരെ പുരുഷന്
രുചി നോക്കാനുള്ള പായസമായി മാറിയ കലികാലം..
വെള്ളം കണ്ട അന്ന് പണിക്കാര്‍ക്ക് നല്ലൊരു ഭക്ഷണം
കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നെയ്ച്ചോറും പരിപ്പുകറിയും ബീഫ്
ഫ്രൈയുമായിരുന്നു അവളുടെ മെനു. അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍ പന്ത്രണ്ടു കോലിന്‍റെ
താഴ്ചയില്‍ തെളിഞ്ഞ തണുപ്പ് എന്നെ നോക്കി പുഞ്ചിരിച്ചു. മേലെയുള്ള നീലാകാശവും
ഇലച്ചാര്‍ത്തും ജലക്കണ്ണാടിയില്‍ ഇളകിക്കളിച്ചു. “മുസാഫിര്‍ കുച്ച് നഹീ ഖാതെ
സാബ്..”പണിക്കാരില്‍ ഒരാള്‍ എന്നെ തോണ്ടി വിളിച്ചു. “എന്തു പറ്റി?” ഞാന്‍
മുസാഫിറിന്‍റെ അടുത്തെത്തി. നിറഞ്ഞ കണ്ണുകളോടെ അവന്‍ തലയാട്ടി, “നഹീ സാബ് ,നഹീ ..”മറ്റുള്ളവര്‍
കഴിച്ചു കഴിഞ്ഞിട്ടും അവന്‍ മൌനിയായി മാറിയിരുന്നു. ഇടയ്ക്കിടെ കണ്ണുകള്‍ തുടച്ചു.
ഞാന്‍ അവന്‍റെ ചുമലില്‍ സ്പര്‍ശിച്ചു .എത്രയോ കുറുമ്പന്‍ കുട്ടികളോട് ഇടപഴകിയ
എന്നിലെ അദ്ധ്യാപകന്‍ അവനെ സ്നേഹത്തോടെ അലിവോടെ നോക്കി. നിറഞ്ഞ മിഴികളോടെ അവന്‍
ഒരു കഥയുടെ ചോരച്ചിത്രം എന്‍റെ മുന്നില്‍ നിവര്‍ത്തി വിരിച്ചു.
“ഒന്നര വര്‍ഷം മുമ്പായിരുന്നു , നിങ്ങള്‍ക്കെല്ലാം പത്രങ്ങളിലെ
വെറും കഥകള്‍, പക്ഷെ ഞങ്ങള്‍ക്ക് ജീവിതമാണ് സാബ്, ചോരയിറ്റുന്ന ജീവിതം. പരമ്പരയായി
കൃഷിക്കാരാ ഞങ്ങള്‍. എല്ലാ വീട്ടിലും കാണും പശുക്കളും കാളകളും. ഞങ്ങളുടെ വിളവുകള്‍
ഞങ്ങളുടെ കാലികളുടെ സമ്മാനമായിരുന്നു. പാല്‍ വിറ്റ് കിട്ടുന്ന പണമായിരുന്നു
ഞങ്ങളുടെ അന്നം. കറവ വറ്റിയാല്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും ,പുതിയത്
വാങ്ങും.ഇതെല്ലാം എത്രയോ കാലങ്ങളായുള്ള നടപ്പായിരുന്നു. പക്ഷെ ഒരു നട്ടുച്ചയ്ക്ക്
ഇരുമ്പുവടികളുമായി കണ്ണില്‍ തീയും നാവില്‍ തെറിയും നിറഞ്ഞ ഒരു ഭ്രാന്തന്‍കൂട്ടം
ഞങ്ങളുടെ ഒരു ബന്ധുവിനെ വീട്ടിലിട്ട് അടിച്ചു കൊന്നു. വീട്ടില്‍ മാംസം
വേവിച്ചതായിരുന്നു കുറ്റം. ഒരു നായ ചത്ത നടുക്കം പോലും ഉണ്ടാക്കാതെ ആ സംഭവം
മറവിയിലേക്ക് വഴുതിപ്പോയി. പിന്നെയും രണ്ടു മാസം കഴിഞ്ഞാണ്, അവന്‍ വിതുമ്പി – ബാബാ
ചന്തയില്‍ നിന്ന് രണ്ടു പശുക്കളുമായി വരായിരുന്നു. “പശുക്കളെ അറുക്കാന്‍ പോകയാണല്ലേ
ചെകുത്താനെ” എന്നട്ടഹസിച്ചു കൊണ്ട് അവര്‍ എന്‍റെ ബാബയെ.. കേട്ടറിഞ്ഞു ഞാന്‍
ഓടിയെത്തിയപ്പോള്‍, ചോരയും ഇറച്ചിയും നാനാഭാഗത്തെക്ക് തെറിച്ച്, കൈകാലുകള്‍ ചതഞ്ഞ്,
മുഖം വികൃതമായി എന്‍റെ ബാബ തെരുവ്പട്ടിയെപ്പോലെ വഴിയരികില്‍ കിടക്കായിരുന്നു..ഇരുമ്പു
വടികളുമായി അവര്‍ ഇപ്പോഴും ഞങ്ങളുടെ തെരുവുകളില്‍ റോന്തു ചുറ്റുന്നു,
നിസ്സാരകാരണങ്ങള്‍ക്ക് ആളുകളെ അടിച്ചു കൊല്ലുന്നു..ഓടിപ്പോന്നതാ ഞാന്‍..ആ കാഴ്ച
എന്‍റെ ഉള്ളില്‍ ഭീകരമായ ചിത്രങ്ങള്‍ വരച്ചു..ആരെ കണ്ടാലും ഒട്ടകപ്പക്ഷിയെപ്പോലെ
ഞാന്‍ തല എവിടെയെങ്കിലും ഒളിപ്പിച്ചു ..കൊല്ലും ..അവര്‍ നമ്മളെ കൊല്ലും, ശൂന്യതയിലേക്ക്
നോക്കി ഞാന്‍ നിലവിളിച്ചു..മന്ത്രവും വൈദ്യവും എന്തൊക്കെയോ എന്നെ
സുഖപ്പെടുത്തി..ഇവിടെ എത്തിയപ്പോഴാണ് ശാന്തി കിട്ടിയത്, ഉറങ്ങാന്‍
പറ്റുന്നത്..പക്ഷെ ഇറച്ചി കാണുമ്പോള്‍ പിന്നെയും മനസ്സില്‍ ഇടി വെട്ടും, മിന്നല്‍പിണരുകള്‍
ഭ്രാന്ത വേഗത്തില്‍ എന്നെത്തന്നെ വേവിച്ചുകൊണ്ട് അതിഭയങ്കരശബ്ദത്തോടെ
പോട്ടിചിതറും..”
വല്ലാത്ത കുറ്റബോധത്തോടെ ഞാനവനെ ചേര്‍ത്തു
പിടിച്ചു. “സോറി-“ വാക്കുകള്‍ എന്‍റെ തൊണ്ടയെ ഞെരിച്ചുകൊണ്ട് പുറത്തു ചാടി.
നിസ്സംഗതയുടെ മോടിയേറിയ മേല്‍ക്കുപ്പായമിട്ട നമ്മള്‍ തന്നെയാണ് അവന്‍റെ ബാബയെ
അടിച്ചു കൊന്നതെന്ന് ആരോ ഉള്ളില്‍ നിന്ന് തീ തുപ്പിക്കൊണ്ടിരുന്നു..”ഭാമേ
,അവനിത്തിരി കഞ്ഞി കൊടുക്ക്, പാവം ആകെ ക്ഷീണിച്ചിരിക്കുന്നു..”
കൂലി വാങ്ങി എല്ലാവരും മടങ്ങുമ്പോള്‍ ഞാന്‍ മുസാഫിറിനെ
പിറകില്‍ നിന്ന് തൊട്ടു. “ഇടയ്ക്കോരോ ജോലിയൊക്കെ കാണും, വിളിക്കുമ്പോ വരണം കേട്ടോ,
നമ്പര്‍ താ..”അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. “ശരി ബാബ..”മേഘക്കീറില്‍ നിന്ന്
ഒരു നിലാക്കഷ്ണം പുറത്തു ചാടി..ഞാനവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു.............................
സമൂഹത്തിലെ തിന്മകൾക്കെതിരെ പേനയെടുക്കുമ്പോൾ ശരീഫ മറ്റൊരാളായി മാറുന്നത് നോക്കി നിന്നിട്ടുണ്ട് ഞാൻ പലവട്ടം.ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.എങ്കിലും സാധാരണപോലുള്ള മൂർച്ഛ കണ്ടില്ല ഇത്തവണ. വിഷയം വിവാദപരമായതിനാൽ ഒന്നു സുല്ലിട്ടോ.തിന്മകൾക്കെതിരെ ഒത്തു തീർപ്പുകൾക്കിടമില്ല എന്നാണെൻറെ പക്ഷം. (വിദ്യാനന്ദൻ മറ്റപ്പിള്ളി)
മറുപടിഇല്ലാതാക്കൂGood.. Not at all a fiction..a political reality Of our time..ofcourse hearty narration..congrats..AP
മറുപടിഇല്ലാതാക്കൂഅഭിപ്രായം കുറിക്കുന്നവർക്കെല്ലാം നന്ദി
മറുപടിഇല്ലാതാക്കൂആശ൦സകൾ
മറുപടിഇല്ലാതാക്കൂ