Pages

2014, ജനുവരി 18, ശനിയാഴ്‌ച

ചുവന്ന ചെപ്പ്(കഥ)



ജാലകക്കീറിലൂടെ അരിച്ചെത്തുന്ന നേര്‍ത്ത പ്രകാശബിന്ദുക്കളെയെല്ലാം ഈ ചുവന്ന ചെപ്പിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ദിവസവും അവ ഒരുമിച്ചു കൂടി വലിയൊരു തിളങ്ങുന്ന മുത്തായി ക്കൊണ്ടിരിക്കുന്നു.മഴവില്ലിന്റെ വര്‍ണരാജി പ്രസരിപ്പിക്കുന്ന വലിയൊരു മുത്ത്.എത്ര കണ്ടാലാണ് മതി വരുക?പ്രഭാതത്തിന്റെ നേര്‍ത്ത മഞ്ഞവെളിച്ചം മുഖത്ത് പതുക്കെ നുള്ളി എഴുന്നെല്‍ക്കുന്നില്ലേയെന്നു ചോദിക്കും.മദ്ധ്യാഹ്നത്തിന്റെ കൂര്‍ത്ത മുള്ളുകളാകട്ടെ നഗ്‌നമായ കാല്‍പാദങ്ങളെ പൊള്ളിക്കും,കൂരമ്പുകള്‍ മേല്‍ക്കുമേല്‍ വീഴുന്ന എയ്ത്തുസ്ഥാനം മാത്രമാണ് ജീവിതമെന്ന് ഓര്‍മിപ്പിക്കും.സായാഹ്നത്തിന്റെ ചുവന്ന രശ്മികളാകട്ടെ കണ്ണു നിറച്ചങ്ങനെ നില്‍ക്കയേ ഉള്ളൂ,ഒന്നും പറയില്ല.ആലോചനകളെല്ലാം കാറ്റിന്റെ തൊങ്ങലുടുപ്പില്‍ കെട്ടിക്കൊ ടുക്കുകയാണ് പതിവ്.ഏതെങ്കിലും എഴുത്തുകാരന്റെ പേനത്തുമ്പിലേക്കവ മുത്തുമണികളായി ഉതിര്‍ന്നു വീണാലോ..മിണ്ടാനും ഓടിച്ചാടി നടക്കാനും കഴിഞ്ഞിരുന്നെങ്കില്‍ ഒരു വേള ഈ പ്രപഞ്ചത്തെക്കുറിച്ച് വര്‍ണിച്ചു പാടി ഉന്മാദം വന്നേനെ.ഈ സൌന്ദര്യം,ഓരോന്നിലും ത്രസിക്കുന്ന ജീവന്റെ തുടിപ്പ്..ഈശ്വരാ! നീയെത്ര വലിയ കലാകാരന്‍..നിന്റെ ബ്രഷിന്‍തുമ്പ് എന്റെ ജീവനെയും തലോടിയിരുന്നെങ്കില്‍..എങ്കില്‍ പഴന്തുണി പോലെ ചുരുണ്ടു കൂടിപ്പോയ ജീവിതത്തിലേക്ക് വന്നു ചേരുമായിരുന്നില്ലേ പുതിയ നിറക്കൂട്ടുകള്‍, ലാവണ്യത്തിന്റെ വര്‍ണച്ചാര്‍ത്തുകള്‍..

ബെഡ്പാന്‍ പാവാടക്കടിയിലേക്ക് ഈര്‍ഷ്യയോടെയാണ് നാത്തൂന്‍ തിരുകുക.എത്ര പഴകിയ കരുവാളിപ്പാണത്.എന്നിട്ടും ഓരോ തവണയുമത് പാരക്കോല് പോലെ ഹൃദയത്തെ തുണ്ടം തുണ്ടമാക്കും.ചെറുപ്പത്തില്‍ പനി വന്നതും കാലുകള്‍ വള്ളികള്‍ പോലെ നേര്‍ത്തു ശുഷ്‌കിച്ചതും അമ്മ പറഞ്ഞിരുന്നു.പാവം അമ്മ..മരണസമയത്തും അവരുടെ ഹൃദയം ശാന്തമായിക്കാണില്ല ചുഴലിയുടെ ആരവം കാതില്‍ നിലച്ചു കാണില്ല.നിലയില്ലാകയത്തിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്ന തായിരുന്നു എന്നും അമ്മയുടെ സ്വപ്നം. ചിലര്‍ക്ക് ജീവിതം നിലക്കാത്തൊരു കരച്ചിലാവുന്നത് എന്താണാവോ?മൂത്രമണം കോട പോലെയാണ് റൂമിനെ പൊതിഞ്ഞിരിക്കുന്നത്.കരയാന്‍ തോന്നുമ്പോഴെല്ലാം തൊണ്ടയില്‍ കയ്യമര്‍ത്തും.വികൃതമായി പുറത്തു വരുന്ന ആ രാക്ഷസശബ്ദം ഇഷ്ടമല്ല ആര്‍ക്കും..അറിയാതൊരിക്കല്‍ ആ ചരല്‍ചീളുകള്‍ പുറത്തേക്ക് തെറിച്ചപ്പോള്‍ വാള്‍ത്തലപ്പിന്‍മൂര്‍ച്ചയുള്ള ശകാരങ്ങളുമായി നാത്തൂന്‍ ഓടിയെത്തി.ആര്‍ക്കാണ് സഹിക്കാ നാകുക? ഭാരം മാത്രമായ ഒന്നിനെ താങ്ങിത്താങ്ങി ചുമല്‍ കഴക്കില്ലേ?താഴേക്ക് വലിച്ചെറിയില്ലേ നിലത്തു പറ്റിപ്പിടിച്ചു വളരുന്ന വിളര്‍ത്ത ചെടിക്ക് ഇടയ്ക്ക് ഭക്ഷണമേകുന്നത് തന്നെ വലിയ കാര്യം.ചിലപ്പോള്‍ ഒരു കിനാവ് ചുറ്റി വരിയും.കാലുകള്‍ വള്ളികളായി താഴേക്ക് വളരുന്നു.മണ്ണില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നിറയെ ഇലകളുമായി..അപ്പോഴും ദുഃഖമുണ്ടായി .സ്വപ്നത്തില്‍ പോലും ഈ നിശ്ചലതയ്ക്ക് മാറ്റമില്ലെന്നോ?

ആ കണ്ണുകളെ ഇഷ്ടമായിരുന്നില്ല ഒരിക്കലും.കണ്ണു കണ്ടാലറിയാം ഒരാളുടെ ഉള്ളില്‍ എത്ര ഇരുട്ടുണ്ടെന്ന്..വരുന്നവരെല്ലാം സഹതാപത്തിന്റെ മഞ്ഞക്കറ വീണ അഴുക്കു പിടിച്ച കര്‍ചീ ഫുകളാണ് എന്റെ കട്ടില്‍തലക്കല്‍ വെക്കുക.അവയുടെ തലപ്പിലെ നാറുന്ന മങ്ങിയ നൂലുകള്‍ അവര്‍ പോയിക്കഴിഞ്ഞാലും എന്റെ ഉള്ളില്‍ പാറിക്കളിക്കും.മുടക്കാച്ചരക്കെന്ന കരിങ്കല്‍വാക്ക് അവര്‍ അമ്മയുടെ ഹൃദയത്തിലേക്ക് നിര്‍ദാക്ഷീണ്യം തിരുകിക്കയറ്റും.നാത്തൂന്റെ മുഷിഞ്ഞ ചേലത്തുമ്പും തിരഞ്ഞാണ് അയാളുടെ വരവ്.പിന്നെ വഴക്കുകളാണ്.ഭര്‍ത്താവ് വരുമ്പോള്‍ പറഞ്ഞു കൊടുക്കുമെന്ന അവരുടെ ഭീഷണി അയാള്‍ വകവെച്ചതു തന്നെയില്ല.ആരോ മെനഞ്ഞ ചൂളയില്‍ വ്യസനത്തിന്റെ തീകുടുക്കകളാണ് ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്.അവയ്ക്കുള്ളില്‍ വെന്തു പിടയുന്ന ഉറുമ്പിന്‍കൂട്ടങ്ങളായ ജീവിതങ്ങള്‍..ചില്ലറ കച്ചവടവുമായി ഊരു ചുറ്റുന്ന ചേട്ടന്‍ കഥകളറിഞ്ഞാല്‍ ഒരു പക്ഷെ മുറ്റം ചോരക്കളമായേക്കും.എന്റെ നാവ് കുഴഞ്ഞതെത്ര നന്നായെന്ന്! അവര്‍ ആശ്വസിക്കുന്നുണ്ടാവും..

ആ കുഴിഞ്ഞ കണ്ണുകളിലെ ആര്‍ത്തി ഒരു ചെമ്പ് ഭക്ഷണത്തിനും തീര്‍ക്കാവുന്നതായിരുന്നില്ല അഗ്‌നിമുനപോലെ അവയെപ്പോഴും തിളങ്ങി.വാക്കുകളാല്‍ പോരാടി ശൌര്യം കെട്ടു തിരിച്ചു വരുമ്പോഴെല്ലാം അയാളുടെ രോമം നിറഞ്ഞ കറുത്തകൈ ജനല്‍പഴുതിലൂടെ ഇഴഞ്ഞു വരും.വള്ളിക്കാലുകളില്‍ പേടിയുടെ പഴുതാരയായി വിശ്രമിക്കും.ശബ്ദമുണ്ടാക്കാന്‍ ഭയന്ന് വെറുപ്പും നിസ്സഹായതയും കണ്ണീരില്‍ നിറച്ച് ഞാനയാളെ തുറിച്ചു നോക്കും.അതു മാത്രമാണ് എന്റെ ആയുധം.ഷോക്കടിച്ചപോലെ അപ്പോള്‍ പിന്മാറുന്നത് കാണാം.കുറ്റബോധമാണോ, അവജ്ഞയാണോ ആ മുഖത്ത് മഞ്ഞപ്പാടയാകുന്നത്?

അന്ന് –കര്‍ക്കിടകസന്ധ്യപോലെ ഇരുട്ട് നിഴല്‍ വിരിച്ചിരുന്നു. വീടിന്റെ ഉള്ളില്‍ നിന്നും വലിയൊരു തര്‍ക്കത്തിന്റെ സീല്‍ക്കാരം.പിടിവലിയുടെ, എന്തൊക്കെയോ മറിഞ്ഞു വീഴുന്നതിന്റെ ശബ്ദങ്ങള്‍..ശരീരം ഐസുകട്ടയായി.പരുത്ത ശബ്ദം പുറത്തു വരാതിരിക്കാന്‍ കഴുത്തില്‍ കയ്യമര്‍ത്തി പൊടുന്നനെ ഒരു വേട്ടമൃഗത്തിന്റെ വെറിയോടും ക്രൌര്യത്തോടും കൂടി അയാള്‍ വാതില്‍ക്കല്‍ നിന്നു കിതച്ചു.

'കിട്ടും, ഒരു ദിവസം എന്റെ കയ്യിലവളെ കിട്ടും'

അയാള്‍ എന്നെ അടിമുടി വെറുപ്പോടെ നോക്കി.വല്ലാത്ത ഊക്കോടെ ആ ഇരുമ്പുകരങ്ങള്‍ എന്നെ ഒരു കുട്ട മണ്ണെന്നോണം കോരിയെടുത്തു.ചലിപ്പിക്കാവുന്ന വലതുകയ്യാല്‍ അയാളെ മാന്തിപ്പറിച്ചപ്പോഴും എന്റെ ഭീകരശബ്ദം പുറത്തു വരാതിരിക്കാന്‍ ഞാന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു.അയാളെന്നെ ഞെരിച്ചമര്‍ത്തി കുറ്റിക്കാട്ടിലേക്ക് ഓടിയും നടന്നും കിതച്ചു.ശീലക്കഷ്ണം പോലുള്ള എന്റെ കാലുകള്‍ അയാളെ തണുതണുത്ത ജലം പോലെ സ്പര്‍ശിച്ചു.ഈ യാത്ര ഭയം മാത്രമാണ്.മാനം ഇരുണ്ടു കിടക്കുന്നു.അയാള്‍ എങ്ങനെയാവും എന്നെ കൊല്ലുക?

ജീവിതത്തിന്റെ ഭംഗിയത്രയും എന്റെ വര്‍ണച്ചെപ്പില്‍ നിന്നും വാര്‍ന്നു പോയി.എന്റെ മഴവില്‍ മുത്ത് ശോഭയറ്റ് വിരൂപമായി.ക്രമേണഅയാളെന്റെ രക്തം രുചിച്ചു, മാംസം വീതിച്ചു........   

        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ