Pages

2015 മാർച്ച് 17, ചൊവ്വാഴ്ച

നിഴല്‍ചിത്രങ്ങള്‍(കഥ)


'മുത്തശ്ശീ ,ദാ ഇപ്പം തുടങ്ങും , റേഡിയോയില്‍ അച്ഛന്റെയും കൂട്ടുകാരുടേം പരിപാടി ,കേക്ക്ണില്ലേ?'

കൊച്ചുമോള്‍ റേഡിയോ മുത്തശ്ശിയുടെ മുന്നിലേക്ക് നീക്കി വെച്ചു. ഓര്‍മകളുടെ കയത്തില്‍ നിന്ന് ഒരു പിടുത്തം കിട്ടിയപോലെ അവര്‍ തലയുയര്‍ത്തി.

'ങാ ,ഇപ്പഴാണോ? തൊറന്നു വെക്ക് കൊച്ചേ..'

'ദാ ,തൊറന്നു ,അമ്മയെ കൊറേ വിളിച്ച്..കരയാ ..'

'ങാ ,നീ മിണ്ടാതെ ഇരി ..മുത്തച്ഛനറിഞ്ഞോ?'

'പറയാനൊക്കെ പറഞ്ഞു .വെറുതെ തലയാട്ടി..എന്താ മുത്തശ്ശീ മുത്തച്ഛന്‍ ബെഡ്ഡില്‍ നിന്ന് എണീക്കാത്തെ?'

'വിധിയാ കുട്ട്യേ ,അതിന്റെ കയറ് മുറുക്യാ പിന്നെ അതാ യോഗം ,കിടപ്പ് ..'

കൊച്ചുമോള്‍ വല്ലാത്തൊരു സങ്കടത്തോടെ മുത്തശ്ശിയെ നോക്കി..അവള്‍ക്ക് ഓര്‍മ വെച്ച മുതല് ഈ വീട്ടില് വിഷമങ്ങളേയുള്ളൂ..കൂട്ടുകാരികള്‍ക്കൊക്കെ സന്തോഷക്കഥകളേ പറയാനുള്ളൂ..തന്റെ വീട് മാത്രം എന്താണാവോ ഇങ്ങനെ ..

'ആകാശവാണി –ഈ ഓണക്കാലത്ത് നിങ്ങള്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തിരുമുല്‍ക്കാഴ്ച..തടവുകാര്‍ അവതരിപ്പിക്കുന്ന പ്രത്യേക ഓണപ്പരിപാടി..പങ്കെടുക്കുന്നവര്‍
സാമുവല്‍ മുനിയറ ,രാജേഷ് അത്തോളി ,ദുല്‍ഖര്‍ കൊല്ലം ,വേണുഗോപന്‍ പാണാളി ,മുഹമ്മദ് അസ്ലം കോട്ടയം ...

പ്രിയ ശ്രോതാക്കളെ ,ഞങ്ങള്‍ തടവുകാര്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ടു മാത്രം നിങ്ങളീ പരിപാടി ശ്രദ്ധിക്കാതിരിക്കരുത്..ഒരു നിമിഷത്തെ കൈപ്പിഴ ,ക്രോധം അതല്ലെങ്കില്‍ ക്രൂരമായ നിയോഗം , അതാണ് ഈ ഇരുട്ടില്‍ ഞങ്ങളെ തളച്ചത്..ആദ്യമായി കവിതാലാപനം –സാമുവല്‍ മുനിയറ ..കവിതഒ എന്‍ വിയുടെ ഗോതമ്പുമണികള്‍ ..'

മുത്തശ്ശിക്ക് വ്യസനം തൊണ്ടയില്‍ പെരുങ്കല്ലായി തങ്ങിനില്‍ക്കയാണെന്നു തോന്നി..പറയുന്നത് അവനാണ് –വേണുഗോപന്‍ ..ഒരു നിമിഷത്തെ കൈപ്പിഴ അവന്റെ എത്ര കൊല്ലങ്ങളെയാണ് കട്ടുകൊണ്ടു പോയത്..ഓര്‍മകള്‍ അതിന്റെ പരുക്കന്‍കൈകളാല്‍ അവരെ പിറകോട്ടു വലിച്ചു..

അഷിഖ ജനിച്ചതോടെയാണ് അപശ്രുതികള്‍ ആരംഭിച്ചത്..വൈകല്യമുള്ള കുട്ടി വീടിന്റെ ദോഷംകൊണ്ടാണെന്നായിരുന്നു ജോത്സ്യന്റെ കണ്ടുപിടുത്തം..പരിഹാരമായി പല പൂജകള്‍ ,കര്‍മങ്ങള്‍ ..എന്നിട്ടും കുട്ടി ഒന്നും മിണ്ടിയില്ല ,എഴുന്നേറ്റു നടന്നില്ല ..അത്രയും കാലം തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചിരുന്ന വേണു മൂകനായി..ഏകനായിരുന്ന് ചിന്തിച്ചു കൂട്ടാന്‍ തുടങ്ങി ..നിര്‍ബന്ധമായും പങ്കെടുക്കേണ്ട കല്യാണമായത് കൊണ്ടു മാത്രമാണ് ,തൊട്ടയല്പക്കമല്ലേ എന്ന സമാധാനത്തിലാണ് അവള്‍ ഉറങ്ങുമ്പോള്‍  താനും പോയത്.. ഒരു കരച്ചില്‍ പോലും കേട്ടിരുന്നില്ല..എന്തുള്‍വിളിയാലാണ് വേണു അവിടെ എത്തിയതാവോ?ചുണ്ട് തുടച്ച് ഒരു കാടന്‍പൂച്ചയെപ്പോലെ അവന്‍- അടുത്ത വീട്ടിലെ പത്താംക്ലാസ്സുകാരന്‍ പുറത്തിറങ്ങുകയായിരുന്നു..
അവനെ കോളറിനു പിടിച്ചു വലിച്ചുകൊണ്ട് വേണു ഉള്‍മുറിയിലേക്ക് പാഞ്ഞു കയറി..ഒരു നിലവിളി പാതിയിലെവിടെയോ ഞെരിച്ചമര്‍ത്തപ്പെട്ട് അഷിഖ വാ പൊളിച്ചു കിടപ്പായിരുന്നു..ചുണ്ടുകള്‍ നീലിച്ചു കല്ലിച്ചിരുന്നു ..

പിന്നെ വേണുവിന് ബോധമുണ്ടായിരുന്നില്ല..അവന്റെ കൈകളുടെ മരണക്കുരുക്കില്‍ നിന്ന് ശ്വാസം നിലക്കും വരെ ആ ചെറുക്കന് മോചനമുണ്ടായതുമില്ല..

'മുത്തശ്ശിയെന്തിനാ കരയണ്?'

കൊച്ചുമോള്‍ അവരെ തോണ്ടി വിളിച്ചു..

'ഒന്നൂല്ല ,അഷിച്ചേച്ചിയെ ഓര്‍ക്കണുണ്ടോ നീയ്?'

'ഉം ,കഴിഞ്ഞ കൊല്ലല്ലേ മരിച്ചത്? അതെന്താ ചേച്ചി മുത്തച്ഛനെപ്പോലെ എപ്പോഴും ബെഡ്ഡില്‍ ,എണീക്കാതെ..'

'മോള് അച്ഛന് വേണ്ടി എപ്പഴും പ്രാര്‍ഥിക്കണം..വേഗം തിരിച്ചു വരാന്‍..' 

'ഞാനെന്താ എന്നും പ്രാര്‍ഥിക്കണേന്നു മുത്തശ്ശിക്കറിയോ?'

'ഉം ,എന്താ?'

'അച്ഛന്‍ ഒരാളെ കൊന്ന കഥ എത്രയാളാ ചോദിക്കണ്..നമ്മളെ അറിയാത്ത ഒരു നാട്ടിലേക്ക് നമ്മള്‍ക്ക് പോണം ..അതിന് അച്ഛന്‍ വേഗം വരണം ...'

'പ്രിയശ്രോതാക്കളെ, ഈ ഓണക്കാലത്ത് ഇങ്ങനൊരു സന്തോഷം ഞങ്ങള്‍ക്ക് തന്നതിന് ,വാക്കുകളിലൂടെയെങ്കിലും ഞങ്ങളുടെ ഉറ്റവരുമായി വിദൂരബന്ധം പുലര്‍ത്താന്‍ സഹായിച്ചതിന്,എ ഡി ജി പിക്കും മറ്റു ജയില്‍ അധികാരികള്‍ക്കും ഞങ്ങള്‍ തടവുകാരുടെ ഒരായിരം നന്ദി ..ഞങ്ങള്‍ക്കിടയിലും കലാകാരന്മാരുണ്ടെന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ടാകും..കലാകാരനും കൊലപാതകിക്കും ഇടയിലെ ദൂരം ഒരു കോമ മാത്രമാണ് ..ഒരു നിമിഷത്തെ കല്ലുവിധി ആ കോമയെ ഒരു പെരുംറബ്ബറായി മായ്ച്ചുകളയും..അഗാധമായ ഒരു ഗര്‍ത്തത്തില്‍ നമ്മുടെ ജീവിതം ഞെട്ടിയുണരും..എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ...'

വേണുവിന്റെ ശബ്ദം ഏതോ വാതായനങ്ങള്‍ക്കപ്പുറത്ത് നിശ്ശബ്ദമായി..മുത്തശ്ശി നെഞ്ച് തടവിക്കൊണ്ട് പിറുപിറുത്തു'അവനെ കാണാന്‍ പോകണം ..എന്റെ കുട്ടിയെ ഇനിയെത്ര തവണ കാണാനാകും  ഈശ്വരാ .'

കൊച്ചുമോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങിയിരുന്നു ..

'വാ മോളേ ,ചോറുണ്ണാം..'

അവര്‍ അടുക്കളയിലേക്ക് നടന്നു ..അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ഒരു വലിയ നിഴലും ചെറിയ നിഴലും കൈ കോര്‍ത്തു പിടിച്ചു ........................   
 

2015 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

തണല്‍മരങ്ങള്‍(കഥ)




ബസില്‍ ഉറക്കം തൂങ്ങിയിരുന്ന എന്നെ തട്ടിയുണര്‍ത്തുന്നതായിരുന്നു ആ ചോദ്യം –

'കുട്ട്യേ ,ഈ ഫോണില് ഇപ്പം വിള്‍ച്ചത് ആരാന്ന് ഒന്ന് നോക്കിപ്പറഞ്ഞാ..നോക്കീട്ട് കണ്ണ് പിടിക്കണില്ല.'

യാത്രകളില്‍ അധികമാരുമായും സംസാരിക്കരുതെന്നാണ് ഉമ്മയുടെയും ഉപ്പയുടെയും ഉപദേശം. തനിച്ചുള്ള യാത്രകള്‍ ..നിത്യവും വാര്‍ത്തകളില്‍ ആരും നല്ലതൊന്നുമല്ലല്ലോ കേള്‍ക്കുന്നത്.
നോകിയയുടെ വളരെ പഴയ  ഫോണ്‍..സ്‌ക്രാച്ച് വീണ് സ്‌ക്രീന്‍  മങ്ങിപ്പോയിരിക്കുന്നു.

'സൈനുദ്ധീന്‍ എന്നൊരാളാ വിളിച്ചിരിക്കുന്നത്.'

'ആ , അത്ന്റെ മോനാ..അവ്‌ടെ ഇര്ന്നങ്ങനെ വിള്‍ച്ച്‌ട്ടെന്താ കാര്യം? ഉമ്മ ഹയാത്തില്  ണ്ടോന്ന് അറിയാനാവുംഹിമാറ്.'

ആ ശകാരം എന്നെ അലട്ടി. ഉമ്മ ചെറുതായി ദേഷ്യപ്പെടുമ്പോഴേക്ക് വലിയ സങ്കടമാണ് എനിക്ക്.

'മോള് ഒറ്റയ്ക്കാണോ?എവ്ട്ന്നാ വര്ണ്?'

മറുപടി പറയുംമുമ്പ് മനസ്സ് അവരെ ഒന്നൂടെ വിശകലനം ചെയ്തു. വല്ല തട്ടിപ്പും ആയിരിക്കുമോ?എന്റെ മേലാണെങ്കില്‍ ചെറിയ സ്വര്‍ണാഭരണങ്ങളുണ്ട്..

'ഉം ,കോഴിക്കോട്ട്ന്നാ.'

'അത് ശരി ,അവിടെന്താ പഠിക്കാണോ?'

'ഉം '

'എവിട്ക്കാ മോള് പോണ്?'

'പാലക്കാട്'

'ന്റെ പടച്ചോനേ,അത്രേം ദൂരം ഇജൊരു വാല്യക്കാരത്തി  ഒറ്റയ്ക്കാണോ പോണ്? കാലം ശരിയല്ല മോളേ..അന്റെ ഇമ്മേം  ഇപ്പേം എവ്‌ടെ?'

'ഗള്‍ഫിലാ, ഉപ്പാന്റെ നാട്ടിലേക്കാ പോണത്'

'ഉം ,ഇന്‍ക്ക് കൊട്ടപ്പൊറത്ത് എറങ്ങണം..അവിടെത്തുമ്പോള്‍ക്ക് ഞാന്‍ ഒറങ്ങിപ്പോയാ വിളിക്കണം ട്ടോ.ആശൂത്രീല് നിന്ന് നിന്ന് ചടച്ചു.'

'എന്തായിരുന്നു അസുഖം?'

'അതൊന്നും പറേണ്ടന്റെ കുട്ട്യേ. വയറ്റുവേദന..പുണ്ണ്ണ്ട് ന്നാ  ഡോകടര് പറയണ്..ഇല്ലാണ്ടിരിക്കോ? ദുനിയാവിലെ ഹയാത്ത്ന്റെ ഇടങ്ങേറ് അങ്ങനെ ഓരോന്നായി പൊറത്ത്ക്ക് ചാടും. പുണ്ണ്! , കാന്‍സര്‍ ,പേരങ്ങനെ മാറും ന്നേള്ളൂ..'

ആ തത്വജ്ഞാനം എന്നെ അമ്പരപ്പിച്ചു. വെറും ഒരു നാടത്തി എത്ര സൂക്ഷ്മമായി ജീവിതത്തെ വിലയിരുത്തുന്നു...

'എന്നിട്ട് കുറഞ്ഞോ?'

'എവടെ കൊറയണ്? മാസക്കണക്കിനു ആശൂത്രീപ്പോയി കെടക്കാമ്പറ്റോ? ഡോക്ടര്‍മാര്ക്കാണെങ്കില്‍ ഓലെ മുന്നിലെ വര്യങ്ങനെ നീണ്ടു കെടന്നാ മതി. അസുഖം മാറണേല്‍ റബ്ബ് വേറെ കനിയണം.പാവം മൂപ്പരെ കാല് മരക്കുറ്റിയായി. മടക്കുമ്പളും നീര്ത്തുമ്പളും വേദനീം വെര്‌ത്തോം...'

'ആര് ,ഇങ്ങളെ ഭര്‍ത്താവോ?'

'ആ ,മൂപ്പരന്നെ, ഓലന്നേള്ളൂ ഇന്‌ക്കൊരു തൊണ. മക്കളൊന്നുണ്ടായിറ്റ് ഒരു കാര്യും ഇല്ലന്റെ കുട്ട്യേ..മീശേം താടീം വെച്ച് പെണ്ണ് കെട്ടി കുട്ടി രണ്ടായിട്ടും ഒര്ത്തന് ഇപ്പളും ഞങ്ങള് ചെലവിന് കൊട്ക്കണം. മറ്റോന്‍ പിന്നെ ഞങ്ങളെ നോക്കീല്ലേലും ഓന്റെ പെണ്ണിനേം കുട്ട്യാളേം നോക്ക്യോളും..ഇച്ചെയ്ത്താന്‍ ആ സൈനുദ്ദീന്‍ ഉണ്ടല്ലോ, കള്ള് കുടിക്കാനും ശീട്ട് കളിക്കാനും അല്ലാണ്ട് ഓനെ ഒന്നിനും പറ്റൂല്ല. '

'അവരുടെ ഭാര്യ പറഞ്ഞാലും അയാള്‍ കേള്‍ക്കൂലെ?'

''അതന്നെ ഞങ്ങളും കര്തീത്. കല്യാണം കഴിഞ്ഞാലേലും ഓന്‍ നേരാകൂന്ന്. അപ്പെങ്കുട്ടീന്റെ കണ്ണീര് കാണുമ്പം ഖബറിലും ഞങ്ങക്ക് സമാധാനം കിട്ടൂന്ന് തോന്നണില്ല.'

'എന്നിട്ടിപ്പം എന്തിനാ അയാള്‍ വിളിക്ക്ണ്?'

'വിറ്റ് വിറ്റ് ഞ്ഞാകെ ആ മൂന്നു സെന്റും ഓട്ടുപൊരയും മാത്രേ ബാക്കീള്ളൂ. രണ്ട് ആമ്പെറന്നോരിക്കും ഓലെ ഓരി കിട്ടണം. പെങ്കുട്ട്യാളെ കെട്ടിക്കാന്‍ സ്ഥലം വിറ്റതോണ്ട് ഞ്ഞൊരു വക കൊട്ക്കണ്ടാന്നാ ഓലെ വര്‍ത്താനം. അത് ഓലെ പെരക്കാര് സമ്മയ്‌ക്കോ?അത് മാത്രോ ,പെര വിറ്റാ ഞാനും മൂപ്പരും എങ്ങോട്ട് എറങ്ങും? ഇത് വല്ലതും ആ ഇബ്ലീസീങ്ങള്‍ക്ക് അറിയണോ?അത് കച്ചോടാക്കാനാ ആ ഹംക്കിന്റെ വിളി..'

'ഇങ്ങള് രണ്ടാളും സട്രോങ്ങായിട്ടു നില്‍ക്കണം. വിട്ടു കൊടുക്കരുത്. ഉള്ളത് കൂടി പോയാല്‍ നിങ്ങളെവിടെ പോകും?'

'അതന്നെ മോളേ ഞാനും കര്ത്ണ്.ന്റെ കുട്ടി ഇമ്മാനേം ഇപ്പാനേം നല്ലോണം നോക്കണംട്ടോ. ഉമ്മാന്റെ കാല്‍ച്ചോട്ടിലാ സ്വര്‍ഗംന്നാ മുത്തുനബി പഠിപ്പിച്ചിരിക്ക്ണ്..'

'ബാ.' –വൃദ്ധനായ ഒരാള്‍ സീറ്റിനരികെ വന്ന് അവരെ തോണ്ടി. കൊട്ടപ്പുറം എത്താറായിരിക്കുന്നു. എഴുന്നേറ്റപ്പോള്‍ അവര്‍ക്ക് നില്‍പ്പുറച്ചില്ല..വീഴാന്‍ പോയ അവരെ അയാളുടെ ചുളിഞ്ഞ കൈ ക്ലേശത്തോടെ താങ്ങി.നരച്ച കാലന്‍കുട മറുകയ്യില്‍ തൂങ്ങുന്നു..വീഴാന്‍ പോകുമ്പോഴും അവര്‍ എന്നെ വിളിച്ചു മോളേ ,ഇറങ്ങാട്ടോ..'

ബസ് കുതിപ്പോടെ സഡന്‍ബ്രേക്കിട്ടു. എല്ലാവരും മേല്‍ക്കുമേല്‍ ചാഞ്ഞു. സീറ്റ്കമ്പിയിലടിച്ച കൈ ഉഴിഞ്ഞുകൊണ്ട് അവര്‍ പ്രാകിക്കൊണ്ടിരുന്നു. 'ഈ ഡൈവര്‍ക്ക് കണ്ണ് മോത്തൊന്നല്ലേ?അച്ചാര്‍കുപ്പി പോലല്ലേ ഓന്റെ കുല്‍ക്കല്..' 

ഉറക്കെയുള്ള ആ പ്രസ്ഥാവന എല്ലാവരെയും ചിരിപ്പിച്ചു. അയാള്‍ ദൈന്യത്തോടെ എല്ലാവരെയും നോക്കി അവരെ ഇറങ്ങാന്‍ സഹായിച്ചു. നരച്ച ആ സ്‌നേഹത്തണല്‍ എല്ലാ വെയിലും കൊണ്ട് നിറം കെട്ടു തുള വീണ് ദുര്‍ബലമായി അവര്‍ക്ക് മീതെ ചാഞ്ചാടി.അതെത്ര കാലത്തേക്കാവും? അതിനു കീഴെ ഒരു മങ്ങിയ നിഴലായി നടന്നു നീങ്ങിയ അവരുടെ ഇടറുന്ന കാലടികള്‍ ജീവിതത്തിന്റെ ചുരുക്കെഴുത്ത് എന്താണെന്ന് എന്നെ ഓര്‍മിപ്പിച്ചു...നിലക്കാത്ത ചോദ്യചിഹ്നങ്ങള്‍ ,അര്‍ധവിരാമങ്ങള്‍, ഒടുവില്‍ എത്തിച്ചേരുന്ന പൂര്‍ണവിരാമത്തിന്റെ വെള്ളപ്പുതപ്പ്...

സീറ്റിലേക്ക് ചാരിയിരുന്നപ്പോള്‍ തൊട്ടടുത്തു വന്നിരുന്ന ന്യൂജനറേഷന്‍ ഗേള്‍ ഇയര്‍ഫോണ്‍ ചെവിയിലേക്ക് തിരുകി..മുട്ടോളമെത്തുന്ന ഇറുകിയ പാന്റില്‍ താളമടിച്ചുകൊണ്ട് അവള്‍ ഒരു ഗെയിമിന്റെ തീരാത്ത രസത്തുരുത്തിലേക്ക് ഊളിയിട്ടു.. എന്റെ റബ്ബേ , ഓരോ യാത്രയും എന്തു മാത്രം വ്യത്യസ്തമായ ജീവിതസമസ്യകളെയാണ് മുന്നിലേക്കിടുന്നത്..

ഞാന്‍ സീറ്റിലേക്ക് ചാരി വെറുതെ കണ്ണടച്ചു.......................    

2014 ഡിസംബർ 21, ഞായറാഴ്‌ച

കാലാന്തരം(കഥ)

നഗരത്തിലെ പബ്ലിക് ലൈബ്രറിയില്‍ വിറ്റൊഴിക്കലാണ്. സാര്‍ത്ര് ,കാമു ,നീത്‌ഷെ തുടങ്ങിയവരുടെ മഹത്കൃതികളെല്ലാം അമ്പത് ശതമാനം വിലക്കുറവിലാണ് വില്പന. ലൈബ്രറിയില്‍ ആളുകളുടെ വരവു കുറഞ്ഞതോടെ ഒന്നു രണ്ടു എലികള്‍ വാസമുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. യഥാസമയം ലൈബ്രേറിയന്‍ കണ്ടു പിടിച്ചതു കൊണ്ടാണ് ഈ മഹാന്മാരെല്ലാം രക്ഷപ്പെട്ടത്. അല്ലെങ്കില്‍ പരിപാവനമായ പല ഗ്രന്ഥങ്ങളുടെയും കഷ്ണരൂപങ്ങള്‍ മാത്രം കാണേണ്ടി വന്നേനെ.

ലൈബ്രറിയുടെ താഴെ റോഡ് സൈഡില്‍ തുറന്ന സ്ഥലത്തു വെച്ചായിരുന്നു പുസ്തകവില്പന. ഒരാഴ്ചയായി മേള തുടങ്ങിയിട്ട്. എന്നിട്ടും വല്യ പുരോഗതിയൊന്നുമില്ല. റോഡിനു എതിര്‍വശത്ത് ഒരു ടെക്‌സറ്റയില്‌സിലും വിറ്റൊഴിക്കല്‍ നടക്കുന്നുണ്ട്. അവിടെ തിരക്കു കൊണ്ട് ഇടയ്ക്കിടെ അവര്‍ ഷട്ടര്‍ താഴ്ത്തുന്നു. ആരും കളിയായിപോലും ഈ സൈഡിലേക്കൊന്നു നോക്കുന്നില്ല. നോക്കിയവരുടെ കണ്ണിലാകട്ടെ ആര്‍ക്കാണ് ഇക്കാലത്ത് പുസ്തകങ്ങള്‍ വേണ്ടത് എന്നൊരു ഭാവമാണ്. ഈ ചവറുകളെല്ലാം വായിക്കാന്‍ ആര്‍ക്കാണ് സമയം? അവര്‍ പുച്ഛത്തോടെ ഒരു ഗോഷ്ടി കാണിച്ച് മറ്റു വില്പന കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

ലൈബ്രറി ഏതോ കൊര്‍പറേറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആ ബില്‍ഡിംഗ് കുറെ പുരാതനപുസ്തകങ്ങളുമായി ജീര്‍ണിക്കുന്നതില്‍ അവര്‍ കുറെ കാലമായി ആശങ്കയിലായിരുന്നത്രെ. ഏതൊക്കെയോ മുരട്ടുമനുഷ്യരുടെ സമരവും നിരാഹാരവുമൊക്കെ ഒതുക്കിയാണത്രെ അവരത് സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കിയിരിക്കുന്നത്. ലോകത്തിലെ എതുല്പന്നവും ലഭിക്കുന്ന ഒരു വമ്പന്‍ മാള്‍ പണിയലാണത്രെ അവരുടെ സ്വപ്നം.

ലൈബ്രേറിയന്‍ വിറ്റു പോയ പുസ്തകങ്ങളുടെ കണക്ക് പരിശോധിച്ചു. 'ജീവിതവിജയത്തിന് ഇരുപത്തഞ്ചു മാര്‍ഗങ്ങള്‍',  'എങ്ങനെ മത്സരിച്ചു മുന്നേറാം',  'ഓടുമ്പോള്‍ പിന്നിലുള്ളവരെ ശ്രദ്ധിക്കരുത്',  'ലൈംഗികത്തൊഴില്‍ ഒരു പുനര്‍വിചിന്തനം',  'ഒരു ലൈംഗികത്തൊഴിലാളിയുടെ കുമ്പസാരങ്ങള്‍',  'ഞാന്‍ ലൈംഗികത്തൊഴിലാളി' തുടങ്ങിയ പുസ്തകങ്ങളാണ് വില്പനയില്‍ കുതിക്കുന്നത്.  'സെക്‌സ് എങ്ങനെ ആസ്വദിക്കാം',  'നിങ്ങളുടെ ശരീരങ്ങളാല്‍ പങ്കാളിയുടെ മനസ്സറിയാം', തുടങ്ങിയ പുസ്തകങ്ങള്‍ക്കും നല്ല ഡിമാന്റ് ഉണ്ട്. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫും അഞ്ചാറെണ്ണം അല്ലാത്തതെല്ലാം തീര്‍ന്നിട്ടുണ്ട്. ഹാളിലൂടെ ചുറ്റി നടക്കുമ്പോള്‍ അയാള്‍ ഒരു മൂലയില്‍ അടുക്കി വച്ച പല മഹാന്മാരുടെയും പുസ്തകങ്ങള്‍ ശ്രദ്ധിച്ചു. 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍' മൂന്ന്  അട്ടിയും ഒന്നുപോലും വിറ്റുപോയിട്ടില്ല.

എട്ടാം ക്ലാസ്സുകാരിയായ മകള്‍ ഒരിക്കല്‍ പറഞ്ഞതാണ് അപ്പോള്‍ അയാള്‍ക്ക് ഓര്‍മ വന്നത്. 'അച്ഛാ, ഇന്ന് ഗാന്ധിജിയെക്കുറിച്ച് ഒരു വിവരണം എഴുതിച്ചിരുന്നു ടീച്ചര്‍.'

'എന്നിട്ടു നീയെന്താ എഴുതിയത്?'അയാള്‍ ഉത്സുകനായി ചോദിച്ചു.

'എന്തെഴുതാന്‍? ടീച്ചര്‍ മുമ്പൊരിക്കല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞിരുന്നു. മറ്റുള്ളവരുടെ മാലിന്യങ്ങള്‍ നീക്കാന്‍ പോലും മടിയില്ലാത്ത മഹാനായിരുന്നു അദ്ദേഹമെന്ന്. പിന്നെ ഫ്രീഡം സ്ട്രഗ്ള്‍...'
'എന്നിട്ട് നീയതാണോ എഴുതിയത്?'

'ഏയ്, ഞാനിതാണ് എഴുതിയത് മഹാനൊക്കെയായിരുന്നെങ്കിലും ഗാന്ധി ഒരു വിഡ്ഢിയായിരുന്നു. രാഷ്ട്രീയത്തിലായിട്ടും  കുടുംബത്തിനായി ഒന്നും സമ്പാദിച്ചില്ല. സ്വന്തം സ്റ്റാറ്റസ് നോക്കാതെ ഒറ്റമുണ്ട് ചുറ്റി ചൂടും തണുപ്പും സഹിച്ചും സ്വന്തം ചെരുപ്പ് വരെ തുന്നിക്കൂട്ടിയും ആയുസ്സ് തീര്‍ത്തു. എന്നിട്ടും ഇത്രയൊക്കെ ആളുകള്‍ അദ്ദേഹത്തെ അനുഗമിക്കാനുണ്ടായിരുന്നു എന്നതിലും അദ്ഭുതമില്ല. അക്കാലത്ത് എല്ലാവരും വിഡ്ഢികളായിരുന്നു.'

അയാളാകെ അന്തം വിട്ടു. താന്‍ ദൈവം പോലെ പൂജിക്കുന്ന ഒരു മനുഷ്യന് വന്നു ചേര്‍ന്ന രൂപമാറ്റം അയാളെ കരയിച്ചു.സ്വന്തം പിതാവിനെക്കുറിച്ച് അവള്‍ എന്തു വിവരണമാവും തയ്യാറാക്കുക?
അയാള്‍ സങ്കടത്തോടെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എടുത്തു. മനോഹരമായ ആ വൃദ്ധമുഖത്തിന്റെ ചുളിവുകള്‍ അയാളുടെ കൈകള്‍ അറിഞ്ഞു. കണ്ണുകളുടെ സ്ഥാനത്ത് നനവുണ്ട്. അയാള്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു, ആ നനവ് ചുണ്ടോട് ചേര്‍ത്തു ഉപ്പുരസം! ഗാന്ധിജി! ഗാന്ധി പോലും കരയുന്നു.

'മഹാത്മാവേ, ഇക്കാലത്താണ് അങ്ങ് ജനിച്ചിരുന്നതെങ്കില്‍ എന്തു സമരമുറയായിരുന്നു സ്വീകരിക്കുക?' .അയാള്‍ നിശ്ശബ്ദം ചോദിച്ചു..........     

2014 നവംബർ 28, വെള്ളിയാഴ്‌ച

മൂന്നു ജന്മങ്ങള്‍..(കഥ)



മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു. ഏതോ മുക്കുവന്റെ വലയില്‍ ശ്വാസം മുട്ടി, പ്രാണവായുവിനായി നാക്കു നീട്ടി ,കണ്ണു തുറിച്ചു ഞാന്‍ പിടഞ്ഞു..ഏതോ വീടിന്റെ അടുക്കളയില്‍ ഒരു മൂര്‍ച്ചയുള്ള കത്തി എന്റെ വെള്ളിയുടുപ്പ് വകഞ്ഞുമാറ്റി..അതിന്റെ നിര്‍ദയമായ പല്ല് എന്റെ അകം വരെ മുറിപ്പെടുത്തി..വിരിയാറായി വയറില്‍ ഒട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അതു പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു..തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ രൂപപ്പെട്ടു..

രണ്ടാമത്തെ എന്റെ വേഷം ഒരു പശുവായിട്ടായിരുന്നു..പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു..കുട്ടിക്കു കരുതി വച്ചത് കൂടി സൂത്രത്തില്‍ കറന്നെടുത്ത് അവര്‍ എനിക്കായ് കാടിവെള്ളം നീക്കി വച്ചു..പാലിനു കൊള്ളില്ലെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്പനക്കാരന്‍ ഒരു നാള്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു..മൂന്നാം നാള്‍ എന്റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു..വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും പിടഞ്ഞുകൊണ്ടിരുന്നു..

മൂന്നാംജന്മം ഇതാ ഇതു തന്നെ –മനുഷ്യസ്ത്രീയായി ..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്..എന്റെ ദേഹം നോക്കൂ ..മീന്‍ വരിഞ്ഞ പോലെ, ഒരായിരം മുറിവുകള്‍ ..മല്ലിയും മുളകും പറ്റിപ്പിടിച്ച് മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു...നീറിക്കൊണ്ടിരിക്കുന്നു..ഉള്ളിന്റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല..നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല..മക്കള്‍ക്കും ഭര്‍ത്താവിനും ഒരു പാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു..ഇന്ന് –ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്റെ ആരായിരുന്നു എന്നാണ് അതിശയിക്കുന്നത്..പരിപ്പുപോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു? രുചിയുള്ള കറിയായി, ഉപ്പേരിയായി, ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു? രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല..ഉപേക്ഷിക്കപ്പെട്ടവളായി, ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ കടച്ചിലുമായി ..പെയ്‌തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്..

'മെഡിക്കല്‍കോളേജ് ആണുമ്മാ..സ്ഥിരവാസം പറ്റില്ല..ഇടയ്ക്കിടെ ഡ്രസ്സ് ചെയ്യലല്ലാതെ മുറിവുകള്‍ക്ക് വേറെ മാര്‍ഗമില്ല ..പണം ഒരു പാട് പൊടിക്കാന്‍ വേണം എന്തിനും.. ..അതില്ലല്ലോ ..നാളെ ഡിസ്ചാര്‍ജ് ചെയ്യും ..ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.'

നഴ്‌സിന്റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്റെ പേരില്‍ കൊടുത്ത രണ്ടു നമ്പരിലും അവള്‍ വിളിച്ചത്..രണ്ടും ഔട്ട് ഓഫ് കവറേജ് ഏരിയ ,അല്ലെങ്കില്‍ ബിസി ..അല്ലേല്‍ സ്വിച്ച്ഡ് ഓഫ് ..അവള്‍ക്കറിയില്ല ആരും വരാനില്ലെന്ന്..ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു..കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്..വളത്തിനല്ലാതെ അതെന്തിനു കൊള്ളാം? പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു ..അടിച്ചടിച്ച് ഈ ചണ്ടിയും ആരെങ്കിലും രണ്ടു കഷ്ണം കടലാസാക്കിയെങ്കില്‍..ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ..ഒരക്ഷരത്തിലേക്ക്‌പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന്  ഒന്നു തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞ്, ഒടിഞ്ഞു പോയ ശിരസ്സ് അങ്ങനേലും അതിന്റെ യഥാസ്ഥാനത്ത് ഒരു നിമിഷത്തേക്കെങ്കിലും നിലയുറപ്പിക്കുമല്ലോ...

2014 നവംബർ 10, തിങ്കളാഴ്‌ച

ഓര്‍മപ്പന്തലില്‍ അന്ന് (കഥ )


 ശരണാലയം കൊല്ലന്തോറും സന്ദര്‍ശിക്കല്‍ ഒരു പതിവായത് ഞാന്‍ പോലുമറിയാതെയാണ്.പേപ്പറിനു വേണ്ടി ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ വേണ്ടിയാണ് ആദ്യം അവിടെയെത്തിയത്.അനേകം അഗതികള്‍ മുറുമുറുപ്പില്ലാതെ താമസിക്കുന്ന നരച്ച കെട്ടിടങ്ങള്‍ എന്തോ എന്നില്‍ പേരറിയാത്തൊരു വിഷാദമുണ്ടാക്കി.ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരില്‍ ഒരു പഴയകാല സിനിമാനടിയുമുണ്ടായിരുന്നു.പതിനെട്ടാം വയസ്സില്‍ തന്നെ അമ്പതു വയസ്സുകാരി അമ്മയായി അഭിനയിച്ചു തുടങ്ങിയവര്‍.പത്തുപതിനഞ്ചു കൊല്ലം സിനിമയിലഭിനയിച്ചിട്ടും അവരീ അഗതിമന്ദിരത്തില്‍ എത്തിയതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.അതു ഞാന്‍ ചോദിക്കുകയും ചെയ്തു.ജീവിതം മയമില്ലാതെ വലിച്ചിഴച്ചത് കൊണ്ടാവും അവരുടെ ശബ്ദത്തിന് വല്ലാത്തൊരു ഇടര്‍ച്ചയുണ്ടായിരുന്നു.ശരീരം വല്ലാതെ ആതുരമായിരുന്നു.

'എന്റെ കൊച്ചേ,പഴയ കാലല്ലേ?നാടകത്തീന്നാ ഞങ്ങളൊക്കെ സിനിമയിലെത്തിയത്.പൈസ കണക്ക് പറഞ്ഞൊന്നും വാങ്ങാറുണ്ടായിരുന്നില്ല.പിന്നെ പെണ്ണുങ്ങളായിട്ടും അഭിനയിക്കുന്നതിന്റെ ചീത്തപ്പേര് വേറെയും..വീട്ടിലെ ദാരിദ്ര്യം കൊണ്ടു മാത്രാ പിന്നേം പിടിച്ചു നിന്നത്.പലതിനും വഴങ്ങേണ്ടി വരും.അതങ്ങനൊരു ലോകാണല്ലോ.എന്തായാലും എന്റെ മക്കളൊക്കെ യാതൊരു അല്ലലൂല്ലാതെ വളര്‍ന്നത് സിനിമ തന്ന ചോറു കൊണ്ടു തന്നെയാ.അവരൊക്കെ ഇപ്പോ വല്യ ആള്‍ക്കാരായി.മകള്‍ ഇവിടെ കോഴിക്കോട് തന്നെയാ.അവളുടെ കൂടെത്തന്നായിരുന്നു.പക്ഷെ പ്രായം കൂടുന്തോറും ആളുകള്‍ അവരെത്ര അടുത്തവരായാലും സംസാരത്തിലൊക്കെ ഒരു കാഠിന്യം വരാന്‍ തുടങ്ങും.വലിഞ്ഞുകേറി വന്നതാണെന്ന് ഇടയ്ക്കിടെ നമ്മളെ ഓര്‍മിപ്പിക്കും.വല്ലാതങ്ങ് മടുത്തു കൊച്ചേ.അപ്പഴാ ഒരു ഫ്രണ്ട് ഈ അഗതിമന്ദിരത്തെ ക്കുറിച്ച് പറഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.കെട്ടും മാറാപ്പുമായി പുറപ്പെട്ടു.ഇപ്പഴാച്ചാ നടക്കാനും ബസില്‍ പോകാനുമൊന്നും പ്രയാസല്ല.കുറച്ചു കഴിഞ്ഞാ അതല്ലല്ലോ അവസ്ഥ.'

കണ്ണുകള്‍ തുടച്ചു കൊണ്ട് അവര്‍ പിറുപിറുത്തുകൊണ്ടിരുന്നു.'ഇവിടെപ്പോ എന്താ ഒരു ബുദ്ധിമുട്ട്?ഓണായാലും പെരുന്നാളായാലും ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കും.ഭക്ഷണം തുണി ഒന്നിനുമില്ല ഒരു മുട്ടും.ഓര്‍മകളാ പ്രശ്‌നം.ചമ്മട്ടി പോലെയാ അവ തലയെ അടിച്ചോണ്ടിരിക്കുന്നത്.'

'ഒക്കെ പിന്നേം ഓര്‍മിപ്പിച്ചതിന് അമ്മച്ചി എന്നോട് ക്ഷമിക്ക്.'


'ഏയ്,അതു സാരല്ല.ആരോടേലൊക്കെ മനസ്സു തൊറക്കണത് ഒരു സുഖാ..എനിക്ക് ദൈവാധീനം കൊണ്ട് നടക്കാനും ഇരിക്കാനും ഒരു കൊഴപ്പൂല്ല.ഈ ലേഖേനെ നോക്ക്.ഓര്‍മയെത്തിയ മുതല് അവളീ വീല്‍ചെയറിലാ.ദൈവം ചെലരെ കാണണില്യ കുട്ട്യേ.'

ലേഖ വറ്റിവരണ്ട ഒരു ചിരി ചിരിച്ചു.പിന്നെ പതുക്കെ പറഞ്ഞു.

'പത്രത്തിലൊക്കെ ഞങ്ങടെ കഥ വരൂലോ.അതന്നെ സന്തോഷം.ആ അമ്മേടെ മക്കളെപ്പോലെ നന്ദി കെട്ടവര്‍ക്ക് ഒന്നു മാറിചിന്തിക്കാന്‍ അതുപകരിച്ചാലോ..ഒരു ചേട്ടനും ചേച്ചീം ഉണ്ടെനിക്ക്.പാടത്ത് വെള്ളം തിരിക്കാന്‍ പോയതാ അച്ഛന്‍ ഒരു ദിവസം.പിന്നെ കാണണത് കൊറെ ആളോള്‍ അച്ഛനെ എടുത്തോണ്ട് വരണതാ.ആ കിടപ്പ് രണ്ടു മാസം നീണ്ടു.അമ്മയോട് എപ്പഴും പറയും ലേഖേനെ വേദനിപ്പിക്കരുത്.അച്ഛന്‍ മരിക്കുമ്പോ പന്ത്രണ്ട് വയസ്സാ എനിക്ക്.വായനയുടെ ലോകത്തേക്ക് എന്നെ വഴി കാട്ടിയ വിളക്ക്.ഇന്ന് ഈ പുസ്തകങ്ങള്‍ മാത്രമാണ് എന്റെ ആലംബം..അമ്മയും മരിച്ചതോടെ ഞാനിവിടെയെത്തി.ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.എല്ലാവര്‍ക്കും അവരവരുടെ ജീവിതം തന്നെ പ്രധാനം.നമ്മളെപ്പോലെ ചില പടുമുളകള്‍ക്കല്ലേ അതില്ലാത്തതുള്ളു.'

'സന്തോഷല്ലേ ചേച്ചീ ഇവിടെ.'

'പിന്നേ,എത്ര അമ്മമാരാ എനിക്കിവിടെ.ചേച്ചിമാര്‍,അനിയത്തിമാര്‍..എന്നാലും ഇടയ്ക്ക് അറിയാതെ കണ്ണു നിറയും.അറിഞ്ഞൂടാ എന്താ കാരണംന്ന്..'

ആ ആര്‍ട്ടിക്ക്ള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്ക് ഞാന്‍ അവിടെ ഒരു മെമ്പര്‍ തന്നെയായി.ഇപ്പോ മോഹനനെ കൂട്ടി വരണത് തന്നെ എല്ലാവര്‍ക്കും മധുരം കൊടുക്കാന്‍ മാത്രല്ല,ലേഖച്ചേച്ചീനെ പരിചയപ്പെടുത്താനും കൂട്യാ.അവളെഴുതിയ കുറെ കവിതകള്‍ അന്നെന്നെ കാണിച്ചിരുന്നു.അതൊരു പുസ്തകമാക്കണം.

യശോദാമ്മ വല്ലാണ്ടങ്ങ് വയസ്സായ പോലെ, കൂനിപ്പിടിച്ചു നടക്കുന്നു.ലേഖച്ചേച്ചിയെ ചോദിച്ചപ്പോ അവര് വല്ലാതെ സങ്കടപ്പെട്ടു,പിന്നെ ഇരുട്ട് പതിയിരിക്കുന്ന ഒരു റൂമിലേക്ക് കൊണ്ടു പോയി.വീല്‍ ചെയര്‍ കുറെ പുസ്തകങ്ങളെ താങ്ങി ഇരിക്കുന്നു.

'നാലു ദിവസേ ആയുള്ളൂ.വീല്‍ ചെയര്‍ അവര് മാറ്റാനൊരുങ്ങിയപ്പോ ഞാനാ പറഞ്ഞത് അവളുടെ ഓര്‍മയ്ക്ക് ഒരാഴ്‌ചേലും അതവിടെ കിടക്കട്ടേന്ന്.പിന്നെ കൊച്ചിനോടൊരു കാര്യം ഏല്പിച്ചിരുന്നു.'യശോദാമ്മ ഏറ്റവും അടിയില്‍ നിന്ന് രണ്ടു നോട്ടുബുക്കുകള്‍ വലിച്ചെടുത്തു.
'എന്നേലും സൌകര്യപ്പെട്ടാ ഇതൊരു പുസ്തകാക്കാന്‍ പറഞ്ഞു അവള് '

താളുകള്‍ മറിക്കുമ്പോള്‍ കൈ വിറച്ചു.ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു

'മറ്റുള്ളവരുടെ വരമ്പുകള്‍ക്കുള്ളില്‍ പെട്ടു പോയവര്‍ക്കു വേണ്ടി
ചരിത്രത്തില്‍ ഒരു കാല്പാടു പോലും ശേഷിപ്പിക്കാനാവാത്ത വ്രണിതജന്മങ്ങള്‍ക്കു വേണ്ടി
പ്രസവിച്ചു പോയി എന്ന കുറ്റം കൊണ്ടു മാത്രം വേദന തിന്നുന്ന അനേകം അമ്മമാര്‍ക്കു വേണ്ടി  ഈ കവിതകള്‍ സമര്‍പ്പിക്കുന്നു
മഴ നിലാവ്
ലേഖ'    
…………………………………………………………………………………………………………………………………………….. 

2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ഇരകള്‍(കഥ)



മകനേ ,ആത്മഹത്യയായിരുന്നു നിനക്ക് ഇതിലും ഭേദം. പേപ്പട്ടിയെന്നോണം കുറെ പോലീസുകാര്‍ തല്ലിക്കൊല്ലുമ്പോള്‍ എന്തിനവരങ്ങനെ ചെയ്യുന്നു എന്നു പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന നീ ..ഒരു ഭ്രാന്തന്റെ ചിത്രം എപ്പോഴും ഒരു പേനായയുടേതാണ്..ആര്‍ക്കും കല്ലെറിയാം, തല്ലിക്കൊല്ലാം ..നീ സര്‍ഗാത്മകതയാല്‍ പൂത്ത പൂമരമായിരുന്നു എന്ന് ആര്‍ക്കാണറിയുന്നത്..തീപൂക്കള്‍ നിന്റെ ശിഖരങ്ങളില്‍ നൃത്തം ചെയ്തിരുന്നു..നിന്റെ സമീപത്തെത്തിയവരെല്ലാം ആ  പൊള്ളലറിഞ്ഞു..ആ തീയാണ് നിന്നെ ഏതു നേരവും ഒരു അടുപ്പിലിട്ട് കത്തിച്ചുകൊണ്ടിരുന്നത്..ഗുളികകളുടെ വീര്യത്തിനു പോലും നിന്നിലെ അഗ്‌നിയെ അണക്കാനായില്ല..എന്തു മാത്രം കവിതകളാണ് നീയെഴുതി ചുരുട്ടിയെറിഞ്ഞിരുന്നത്.

ആരുമറിയാതെ വീട് വിട്ടപ്പോഴൊക്കെ നീയോരോ ആശ്രമങ്ങളിലാണ് ഒഴുകിയെത്തിയത്.ജീവിതമെന്ന പദപ്രശ്‌നത്തിന്റെ വലത്തോട്ടും താഴോട്ടുമുള്ള ചോദ്യങ്ങളെ നീയങ്ങനെയാണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്..ആശ്രമാധികാരികളുമായി നീ സംവാദങ്ങള്‍ നടത്തിയിരുന്നു..നിന്റെ പാറിപ്പറന്ന താടിയും മുടിയും ഒരു തീവ്രവാദിയുടെ പാസ് വേഡായി ഗണിക്കപ്പെട്ടിരുന്നില്ല..പ്രവാചകന്മാര്‍ കുറ്റിയറ്റു പോയതും ഭാഗ്യം..ഇന്നത്തെക്കാലം തീര്‍ച്ചയായും അവര്‍ ഭീകരവാദികളെന്ന് ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെടുമായിരുന്നു..അവര്‍ ധ്യാനിക്കുന്ന ഗുഹകള്‍ സ്‌ഫോടകവസ്തുക്കളുടെ കേന്ദ്രമായി ചാനലുകള്‍ ആഘോഷിക്കുമായിരുന്നു..
മാതാശ്രീയെ ദര്‍ശിച്ച മാത്രയില്‍ നിനക്കെന്താണ് സംഭവിച്ചത്?ഒരന്യമത പ്രാര്‍ത്ഥന ചൊല്ലിയതായിരുന്നു നിന്റെ പേരിലുള്ള കുറ്റം..ഒരു പക്ഷെ നിനക്ക് നിന്റെ അമ്മയെ ഓര്‍മ വന്നിരിക്കാം..മകന്‍ ഭ്രാന്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയാണെന്ന് അറിഞ്ഞത് മുതല്‍ നിനക്കു വേണ്ടി ഉരുകാന്‍ തുടങ്ങിയ നിന്റെ അമ്മ..പഠനം ഉപേക്ഷിച്ച് നീയെങ്ങോ തീര്‍ഥാടനത്തിനു പോയതറിഞ്ഞത് മുതല്‍ രോഗം അവരെ കരളാന്‍ തുടങ്ങി.ക്യാന്‍സറിന്റെ രാക്ഷസക്കൈകള്‍ അവരെ പിച്ചിത്തിന്ന് അസ്ഥികൂടമാക്കിയപ്പോഴാണ് നീയെവിടുന്നോ തിരിച്ചെത്തിയത്..അന്നു മുതല്‍ നീ അമ്മയ്ക്ക് കാവലിരുന്നു..മരണത്തിന്റെ മഞ്ഞപ്പുതപ്പ് അവരെ ആകെ മൂടിയപ്പോള്‍ നീ വാവിട്ടു കരഞ്ഞു..ഒടുക്കം നിന്നെ ഒരു മുറിയില്‍ അടച്ചു പൂട്ടേണ്ടി വന്നു..അല്ലാതെ ആ മൃദദേഹം ആര്‍ക്കും തൊടാന്‍ കഴിയുമായിരുന്നില്ല ..

പിന്നീട് നീയധികം സംസാരിച്ചിരുന്നില്ല..ആരെയും ഉപദ്രവിച്ചിരുന്നില്ല..മരുന്നിന്റെ വിഷക്കൈകളില്‍ നീ വാടിക്കിടപ്പായിരുന്നു..കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ഏതെങ്കിലും ആശ്രമങ്ങളില്‍ പോയി വേണ്ടത്ര വെളിച്ചം നുകര്‍ന്ന് , പിന്നെയും വീട്ടില്‍ സ്വയം ചിറ കെട്ടി നിര്‍ത്തി ..അതായിരുന്നു നിന്റെ പതിവ് ..മാതാശ്രീയുടെ ആശ്രമത്തിലും നീയങ്ങനെ എത്തിയതായിരുന്നു..സ്വന്തം അമ്മയെ കണ്ട സന്തോഷത്തോടെ അവരുടെ നേരെ കുതിച്ചതായിരുന്നു..എന്തെല്ലാം ആരോപണങ്ങള്‍ ..നീയവരെ കൊല്ലാന്‍ ശ്രമിച്ചു..തീവ്രവാദിയെന്നു സംശയം ..

മകനേ , നീയറിയുന്നില്ല ഭയം വെടിയണമെന്ന് സദാ  ഉപദേശിക്കുന്നവരില്‍ ഉള്ളത്ര ഭയം മറ്റാരിലുമില്ല..അവരുടെയത്ര ജീവിതകാമന മറ്റാര്‍ക്കുണ്ട്? നീയന്വേഷിച്ചതാകട്ടെ എന്നോ വേരറ്റു പോയ തേജസ്വികളായ സന്യാസിമാരെയായിരുന്നു..നീയെത്തിയതാകട്ടെ ചളിയും ചോരക്കറയും ഉളിനഖങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച രാക്ഷസക്കൈകളിലാണ്..ഹാ..എന്റെ കുട്ടീ ,ഒരു മുഴം കയറായിരുന്നു നിനക്കിതിലും ഭേദം..എങ്കില്‍ ഇത്രയേറെ കറുത്ത അധികാര മുഷ്ടികള്‍ നിന്നെ ചതക്കുമായിരുന്നില്ല..എന്തു ചെയ്യാന്‍? നമ്മള്‍ വെറും മണ്‍പുരകള്‍..ബുള്‍ഡോസറിന്റെ ഇരുമ്പുകൈകള്‍ക്ക് നമ്മെ ഇടിച്ചു നിരത്താന്‍ വല്ല പ്രയാസവുമുണ്ടോ? നമ്മള്‍ വെറും ഇയ്യാംപാറ്റകള്‍..ആളുന്ന അഗ്‌നിയിലേക്ക് പാഞ്ഞടുത്ത് കടുക് പോലെ കിരുകിരാ പൊട്ടി ജീവന്‍ വെടിയുന്നവര്‍..എന്റെ കുഞ്ഞേ..അടുത്ത ജന്മമെങ്കിലും അനാവശ്യചിന്തകള്‍ നിന്നെ പൊറുതി കെടുത്താതിരിക്കട്ടെ..

ഈ ഭൂമിയിലിനി അന്ധനും ബധിരനും മൂകനും മാത്രമേ വാഴേണ്ടതുള്ളൂ..........................    

2014 സെപ്റ്റംബർ 27, ശനിയാഴ്‌ച

അമ്മ.........(കഥ)



'good bye, I said the other woman, good bye mother..she stood there on the busy platform, a pale sweet woman in white and I watched her until she was lost in the milling crowd......."


കഥയുടെ കനകപ്പടികളിലൂടെ വര്‍ഷങ്ങളനവധി ഇറവെള്ളം പോലെ ഒഴുകിപ്പോയി..പാതയോരങ്ങളിലെല്ലാം അവന്റെ കണ്ണുകള്‍ ഉഴറി..എവിടെയെങ്കിലും വിളറി മെലിഞ്ഞ ആ സ്ത്രീ തനിച്ച് വരികയും പോകയും ചെയ്യുന്ന തന്നെ കാത്തിരിപ്പുണ്ടോ? മൊബൈല്‍ ചെവിയില്‍ നിന്നെടുത്ത ഒരു നേരമില്ല മമ്മിക്ക്..ഡാഡിയും മമ്മിയും എപ്പോഴും രണ്ടു കാറുകളിലായി ഒഴുകി നീങ്ങി..ഒരേയൊരു മകനോട് സംസാരിക്കാന്‍ അവര്‍ക്കെവിടെ സമയം..താന്‍ ശരിക്കും ആ സ്ത്രീയുടെ മകനായിരുന്നെങ്കില്‍ ഇത്രേം വരള്‍ച്ചയുണ്ടാകുമായിരുന്നോ? മാംസമുരുക്കുന്ന ഇത്രേം ഉഷ്ണം? പുകയാളി ഇങ്ങനെ കരി പിടിക്കുമായിരുന്നോ ജീവിതം?

ഗൌരവക്കാരനായ ഡാഡി ..സ്ട്രിക്റ്റ് മാത്രമായ മമ്മി..വെക്കേഷനുകള്‍ വേഗം തീര്‍ന്നു കിട്ടാനായിരുന്നു ആഗ്രഹം..ബോര്‍ഡിങ്ങില്‍ ഇതിലേറെ പ്രകാശമുണ്ട്..വര്‍ണശബളമായ ബലൂണുകളായി മാനം നിറയുന്ന സ്‌നേഹക്കഥകളും ചിരികളുമുണ്ട്..മമ്മിയും ഡാഡിയും വഴക്ക് തുപ്പുമ്പോഴും ചിന്തിച്ചു..ഇവരെന്താ ചെറ്യേ കുട്ട്യോളെപ്പോലെ?

പ്രഭ ഫണമുയര്‍ത്തി ചീറ്റുമ്പോഴും ആഗ്രഹിച്ചു ആ അമ്മയെ ഒന്നു കണ്ടെങ്കില്‍..ഉള്ളില്‍ മറ്റൊരാളെ പരിണയിച്ച് നാടകമാടേണ്ടുന്ന അവളുടെ ഗതികേടിനെക്കുറിച്ച് പറയാമായിരുന്നു..വിവാഹമോചനം മാത്രമോ ഒരേയൊരു വഴിയെന്ന്  അവരോട് ചോദിക്കാമായിരുന്നു..
................................................    ........................................................    .......................................

ഓഫീസില്‍ നിന്നെത്തിയ തന്നെ നോക്കി ടീപ്പോയിമേല്‍ ഒരു പേപ്പര്‍ തലയിളക്കി. 'അരുണ്‍' .. ഒരു സംബോധന മാത്രം..കടലാസിന്റെ ശൂന്യമായ വെളുപ്പില്‍ ചുരുണ്ടു മയങ്ങിക്കിടക്കുന്ന താലിമാല..വീട് ഒരു അസ്ഥികൂടമായി പല്ലിളിച്ചു..മൌനം, കുടിച്ചു പൂസായി നാലു കാലിലിഴഞ്ഞു..ബെഡ് റൂമിലേക്ക് കേറുമ്പോഴേ അറിയാം കെട്ടൊരു മണം..
മണവും രുചിയുമില്ലാത്ത എന്തോ ഒരു വഴുവഴുപ്പന്‍ ദ്രാവകം തൊണ്ടയില്‍ കെട്ടിക്കിടക്കുമ്പോലെ..എന്നിട്ടും ഛര്‍ദിക്കുവോളം കുടിച്ചു..പുറമേക്ക് വിജയം മാത്രമായ ഒരു ജീവിതത്തിന്റെ അടിയൊഴുക്കെന്തേ ഇത്ര ശക്തമായ പരാജയമായത്?

ട്രെയിനിനു മുന്നിലേക്ക് അന്നാ ഏഴാം ക്ലാസ്സുകാരന്‍ വീഴാന്‍ പോയപ്പോള്‍ അവര്‍ അനുഭവിച്ച വേവലാതി..പുറംകയ്യിലിപ്പോഴും അവരുടെ പേടിനഖങ്ങള്‍ ആഴ്ന്ന പാടുണ്ട്..അയാളാ സ്‌നേഹക്കലയെ തലോടി..ആ മുഖം വേദനയാല്‍ വിളറിയത്..കണ്ണുകള്‍ ഭയത്താല്‍ പിടഞ്ഞത്..എല്ലാം ഇന്നലെയായിരുന്നോ? മുജ്ജന്മത്തില്‍ താനവരുടെ മകനായിരുന്നോ?

'എന്താ മോനേ, നീ തനിച്ചാണോ?'

മൂടല്‍മഞ്ഞിലൂടെ നടക്കുന്ന അയാളോട് അവര്‍ ചോദിച്ചു..അന്നത്തെ അതേ ചോദ്യം..

'അതെ, തനിച്ച് ..ഞാനൊരു യാത്രയിലാ..ട്രെയിന്‍ പക്ഷെ എവിടേക്കെന്നു എനിക്കറിയില്ല അമ്മേ...'

അയാള്‍ അവരുടെ ഇളംനീലപൂക്കളുള്ള വെള്ളസാരിയില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ മുഖമമര്‍ത്തി..

'സാരമില്ല ,ട്രെയിന്‍ വരാന്‍ ഇനിയുമുണ്ടല്ലോ സമയം..അന്നത്തെപ്പോലെ അല്പം മധുരം കഴിക്കാം..'

'മധുരം തൊടാന്‍ പറ്റില്ലമ്മേ..രോഗങ്ങള്‍ മധുരങ്ങളെയെല്ലാം ഉപേക്ഷിക്കാനാണ് പറയുന്നത്..'
അവര്‍ ചിരിച്ചു. അതിന്റെ വശ്യതയില്‍ അയാള്‍ മയങ്ങി നിന്നു..

'അപ്പോള്‍ കയ്പാണ് മൊത്തം അല്ലേ?'

'അതെ, മധുരത്തിനടിയിലും ഊറിക്കൂടുന്ന ചമര്‍ക്കുന്ന കയ്പ്..'

'സാരമില്ല, ഇന്നല്‍പ്പം മധുരമാകാം..രോഗങ്ങളോട് മിണ്ടാതിരിക്കാന്‍ പറ..'

അയാള്‍ അന്നത്തെപ്പോലെ ജിലേബികള്‍ ആസ്വദിച്ചു കഴിച്ചു..ഒരു പാട് സംസാരിച്ചു..ഉണര്‍ന്നപ്പോള്‍ അയാള്‍ക്ക് നിരാശ തോന്നി, പ്രഭയുടെ കാര്യം അവരോട് പറയാന്‍ മറന്നു പോയല്ലോ..

ചായം മങ്ങിയ ചുവരുകളെ അയാള്‍ വിഷണ്ണനായി നോക്കി..വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍,,പിണങ്ങിയും കെറുവിച്ചും കിടക്കുന്ന ഫര്‍ണീച്ചറുകള്‍..ആ പഴയ അമ്പാലാ സ്‌റ്റേഷനിലേക്ക് ഒന്നൂടെ പോയാലോ..ആ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം ഇപ്പോഴും മാറാതെ കാത്തിരിപ്പുണ്ടെങ്കിലോ? ആ പഴയ ഏഴാം ക്ലാസ്സുകാരന്‍ അവിടെ എവിടേലും ചുറ്റിത്തിരിയുന്നുണ്ടെങ്കിലോ..

സതീഷിന്റെ ഡിന്നര്‍ പാര്‍ട്ടിയുണ്ട്. വിവാഹവാര്‍ഷികം..പോയാല്‍ കമ്പനിയായി കുടിക്കാം, കുറെ സംസാരിക്കാം, തിന്നാന്‍ വരുന്ന ഏകാന്തതയുടെ കോമ്പല്ലില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാം..
............................................ .......................................  ...........................................................

'ഹായ്, അരുണ്‍ ..എന്തേ ഇത്ര വൈകി? വാ റൂമിലിരിക്കാം..'

വാതില്‍ ചാരി ഷെല്‍ഫില്‍ നിന്ന് സ്വര്‍ണം ഉരുക്കിയൊഴിച്ച കുപ്പികള്‍ അവന്‍ പുറത്തെടുത്തു..

'വിദേശിയാ, പുറത്ത് ഇത്രേം നല്ലതില്ല..'

കണ്ണഞ്ചിക്കുന്ന ദീപാലങ്കാരങ്ങളോടെ പൊങ്ങച്ചം നൃത്തമാടുന്നത് അയാളില്‍ വിരസത നിറച്ചു..ഗ്ലാസ്സിലേക്കൊഴുകുന്ന ഉരുകുന്ന തീക്കനലുകളെ അയാള്‍ കണ്ണിമയ്ക്കാതെ നോക്കി..ഈ ജാഡകളുടെയെല്ലാം അടിയില്‍ ഇവനുമുണ്ടാകുമോ ഊറിക്കൂടുന്ന കയ്പ്?

'നോക്ക് അരുണ്‍, നമ്മുടെ മൂര്‍ത്തി പുതിയൊരു ചരക്കിനെക്കുറിച്ച് പറയുന്നുണ്ട്, പോയാലോ?'

'നീ പോ, ഞാന്‍ നല്ല മൂഡിലല്ല..'

'അയ്യേ, നീ ഇപ്പോഴും പ്രഭയെ ഓര്‍ത്തിരിപ്പാണോ? എടാ നമ്മളെ വേണ്ടാത്തവരെ ഒറ്റ ഏറിനു കളയാന്‍ പഠിക്കണം..വല്യ കമ്പ്യുട്ടര്‍ എന്‍ജിനീയറായിട്ട്..ശ്ശെ..യു ആര്‍ സോ സില്ലി അരുണ്‍..'ഞാനാണെങ്കി എന്നേ വേറെ കെട്ടിയേനെ..'

'അടുത്ത വീട്ടില്‍ പിന്നേം താമസക്കാരെത്തിയോ?'

'നമ്മുടെ കഷ്ടക്കാലം..സ്റ്റാറ്റസിനൊത്ത ഒരു നൈബറിനെ കിട്ടില്ല..ഇതിനു മുമ്പ് ഒരു ചെറുക്കനും അതിന്റെ അമ്മയുമായിരുന്നു..സുന്ദരി..ഞാന്‍ കുറെ ശ്രമിച്ചു നോക്കി..വരുതിക്കു കിട്ടിയില്ല..പിന്നെയൊരു വാശിയാരുന്നു, അവരെ ഇവിടുന്ന്  കേട്ടു കെട്ടിക്കാന്‍..'

'എന്നിട്ടിപ്പോ ആരാ..'

'ഒരു തള്ളയാ..കണ്ണില്‍ നോക്കിയാ നമ്മള്‍ ചൂളിപ്പോകും..തീ കത്തുമ്പോലെ..സഹായത്തിനൊരു പീസുണ്ട്..അവളെയൊന്ന് ചൂണ്ടയിടാന്നു കരുതിയാ പോയത്..എവിടുന്നോ വന്നു കൂടിയതാ..കെട്ട്യോന്‍ ചത്തോ, ഇട്ടിട്ടു പോയോ ..ആര്‍ക്കറിയാം..'

അയാളില്‍ വല്ലാത്ത ജിജ്ഞാസയുണ്ടായി..സ്വപ്നം വെറുതെയായിരുന്നില്ല..അടുത്തെവിടെയോ നിന്ന്  അവര്‍ വിളിക്കുന്നു..
.................................... ................................. .................................................
കോളിംഗ് ബെല്‍ പെന്‍ഡുലനാദമുയര്‍ത്തി..ഇരുളിലെക്കും വെളിച്ചത്തിലേക്കും ചാഞ്ഞുകൊണ്ടിരിക്കുന്ന പെന്‍ഡുലം..വിളറി മെലിഞ്ഞ്, വെള്ള സാരിയില്‍ അവര്‍..സ്‌നേഹക്കണ്ണുകള്‍ അയാളെ ഉഴിഞ്ഞു..ഓര്‍മകളില്‍ കറങ്ങിത്തിരിഞ്ഞ് ഒരു നിമിഷം കൊണ്ട് അവരാ പേര് ഓര്‍ത്തെടുത്തു..

'അരുണ്‍ ..'

അയാള്‍ ആഹ്ലാദത്തോടെ ഊഷ്മളമായ ആ കരങ്ങള്‍ സ്പര്‍ശിച്ചു..

'അമ്മേ, എനിക്കൊരു പാട് പറയാനുണ്ടമ്മേ..ഒരാശ്വാസവാക്ക് കേള്‍ക്കാന്‍ എത്രയായി ഞാന്‍ അമ്മയെ തിരയുന്നു..'

അവര്‍ പുഞ്ചിരിച്ചു

'അതിനല്ലേ ദൈവമെന്നെ രോഗക്കിടക്കയില്‍ നിന്ന്  ആര്‍ക്കും വേണ്ടാഞ്ഞിട്ടും എഴുന്നെല്പ്പിച്ചത്..മക്കള്‍ രണ്ടും ആരുമറിയാതെ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ടും..ആരുമില്ലാത്ത ഇവളാ ഇപ്പോ എനിക്ക് കൂട്ട്..ഹോസ്പിറ്റലില്‍ ആയിരുന്നപ്പോ എന്തോ ആ പഴയ ഏഴാം ക്ലാസ്സുകാരന്റെ ഓര്‍മ എന്നെ പൊതിഞ്ഞു..മാംസക്കഷ്ണങ്ങളായി വണ്ടിക്കടിയില്‍ ചിതറിപ്പോയ എന്റെ ഇളയ മകനെ പല നിലക്കും ഓര്‍മിപ്പിക്കുന്ന ആ കുട്ടി..ഉറപ്പായിരുന്നു..എന്നേലും എവിടേലും വെച്ച് കാണൂന്ന്..ഐക്യപ്പെട്ട മനസ്സുകള്‍ അങ്ങനെയാണെന്റെ മകനേ..'

നിറഞ്ഞു തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കി അയാള്‍ തരിച്ചിരുന്നു..ഭൂമിയില്‍ തനിക്കു വേണ്ടിയും കരയാന്‍ ഒരാള്‍ ഉണ്ടായിരുന്നു..അയാളാ മാറില്‍ ഇമ്പത്തോടെ തല ചായ്ച്ചു..കാലങ്ങളായി തന്നെ വലയം ചെയ്ത എകാകിതയുടെ ഇരുളിമ ധൂമവലയങ്ങളായി അകന്നു പോകുന്നു..നനുത്തൊരു മഴ താളഭംഗിയോടെ പെയ്യുന്നു..അയാള്‍ക്ക് താന്‍ ചെറുതാവുന്നതായി തോന്നി..ഗര്‍ഭപാത്രത്തിന്റെ ഇളംചൂട് ഒരു പുതപ്പായി അയാളെ പൊതിഞ്ഞു.................... 
.......................................... .......................................... .....................................................

കുറിപ്പ്: റസ്‌കിന്‍ ബോണ്ടിന്റെ 'The woman on platform 8' എന്ന കഥയ്ക്ക് ഒരു രണ്ടാം ഭാഗമായി എഴുതിയതാണീ കഥ. ആദ്യഭാഗത്തെ ഇംഗ്ലീഷ് വാചകങ്ങള്‍  ആ കഥയുടെ അവസാനവരികളാണ്..