Pages

2015, മാർച്ച് 17, ചൊവ്വാഴ്ച

നിഴല്‍ചിത്രങ്ങള്‍(കഥ)


'മുത്തശ്ശീ ,ദാ ഇപ്പം തുടങ്ങും , റേഡിയോയില്‍ അച്ഛന്റെയും കൂട്ടുകാരുടേം പരിപാടി ,കേക്ക്ണില്ലേ?'

കൊച്ചുമോള്‍ റേഡിയോ മുത്തശ്ശിയുടെ മുന്നിലേക്ക് നീക്കി വെച്ചു. ഓര്‍മകളുടെ കയത്തില്‍ നിന്ന് ഒരു പിടുത്തം കിട്ടിയപോലെ അവര്‍ തലയുയര്‍ത്തി.

'ങാ ,ഇപ്പഴാണോ? തൊറന്നു വെക്ക് കൊച്ചേ..'

'ദാ ,തൊറന്നു ,അമ്മയെ കൊറേ വിളിച്ച്..കരയാ ..'

'ങാ ,നീ മിണ്ടാതെ ഇരി ..മുത്തച്ഛനറിഞ്ഞോ?'

'പറയാനൊക്കെ പറഞ്ഞു .വെറുതെ തലയാട്ടി..എന്താ മുത്തശ്ശീ മുത്തച്ഛന്‍ ബെഡ്ഡില്‍ നിന്ന് എണീക്കാത്തെ?'

'വിധിയാ കുട്ട്യേ ,അതിന്റെ കയറ് മുറുക്യാ പിന്നെ അതാ യോഗം ,കിടപ്പ് ..'

കൊച്ചുമോള്‍ വല്ലാത്തൊരു സങ്കടത്തോടെ മുത്തശ്ശിയെ നോക്കി..അവള്‍ക്ക് ഓര്‍മ വെച്ച മുതല് ഈ വീട്ടില് വിഷമങ്ങളേയുള്ളൂ..കൂട്ടുകാരികള്‍ക്കൊക്കെ സന്തോഷക്കഥകളേ പറയാനുള്ളൂ..തന്റെ വീട് മാത്രം എന്താണാവോ ഇങ്ങനെ ..

'ആകാശവാണി –ഈ ഓണക്കാലത്ത് നിങ്ങള്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു തിരുമുല്‍ക്കാഴ്ച..തടവുകാര്‍ അവതരിപ്പിക്കുന്ന പ്രത്യേക ഓണപ്പരിപാടി..പങ്കെടുക്കുന്നവര്‍
സാമുവല്‍ മുനിയറ ,രാജേഷ് അത്തോളി ,ദുല്‍ഖര്‍ കൊല്ലം ,വേണുഗോപന്‍ പാണാളി ,മുഹമ്മദ് അസ്ലം കോട്ടയം ...

പ്രിയ ശ്രോതാക്കളെ ,ഞങ്ങള്‍ തടവുകാര്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ടു മാത്രം നിങ്ങളീ പരിപാടി ശ്രദ്ധിക്കാതിരിക്കരുത്..ഒരു നിമിഷത്തെ കൈപ്പിഴ ,ക്രോധം അതല്ലെങ്കില്‍ ക്രൂരമായ നിയോഗം , അതാണ് ഈ ഇരുട്ടില്‍ ഞങ്ങളെ തളച്ചത്..ആദ്യമായി കവിതാലാപനം –സാമുവല്‍ മുനിയറ ..കവിതഒ എന്‍ വിയുടെ ഗോതമ്പുമണികള്‍ ..'

മുത്തശ്ശിക്ക് വ്യസനം തൊണ്ടയില്‍ പെരുങ്കല്ലായി തങ്ങിനില്‍ക്കയാണെന്നു തോന്നി..പറയുന്നത് അവനാണ് –വേണുഗോപന്‍ ..ഒരു നിമിഷത്തെ കൈപ്പിഴ അവന്റെ എത്ര കൊല്ലങ്ങളെയാണ് കട്ടുകൊണ്ടു പോയത്..ഓര്‍മകള്‍ അതിന്റെ പരുക്കന്‍കൈകളാല്‍ അവരെ പിറകോട്ടു വലിച്ചു..

അഷിഖ ജനിച്ചതോടെയാണ് അപശ്രുതികള്‍ ആരംഭിച്ചത്..വൈകല്യമുള്ള കുട്ടി വീടിന്റെ ദോഷംകൊണ്ടാണെന്നായിരുന്നു ജോത്സ്യന്റെ കണ്ടുപിടുത്തം..പരിഹാരമായി പല പൂജകള്‍ ,കര്‍മങ്ങള്‍ ..എന്നിട്ടും കുട്ടി ഒന്നും മിണ്ടിയില്ല ,എഴുന്നേറ്റു നടന്നില്ല ..അത്രയും കാലം തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചിരുന്ന വേണു മൂകനായി..ഏകനായിരുന്ന് ചിന്തിച്ചു കൂട്ടാന്‍ തുടങ്ങി ..നിര്‍ബന്ധമായും പങ്കെടുക്കേണ്ട കല്യാണമായത് കൊണ്ടു മാത്രമാണ് ,തൊട്ടയല്പക്കമല്ലേ എന്ന സമാധാനത്തിലാണ് അവള്‍ ഉറങ്ങുമ്പോള്‍  താനും പോയത്.. ഒരു കരച്ചില്‍ പോലും കേട്ടിരുന്നില്ല..എന്തുള്‍വിളിയാലാണ് വേണു അവിടെ എത്തിയതാവോ?ചുണ്ട് തുടച്ച് ഒരു കാടന്‍പൂച്ചയെപ്പോലെ അവന്‍- അടുത്ത വീട്ടിലെ പത്താംക്ലാസ്സുകാരന്‍ പുറത്തിറങ്ങുകയായിരുന്നു..
അവനെ കോളറിനു പിടിച്ചു വലിച്ചുകൊണ്ട് വേണു ഉള്‍മുറിയിലേക്ക് പാഞ്ഞു കയറി..ഒരു നിലവിളി പാതിയിലെവിടെയോ ഞെരിച്ചമര്‍ത്തപ്പെട്ട് അഷിഖ വാ പൊളിച്ചു കിടപ്പായിരുന്നു..ചുണ്ടുകള്‍ നീലിച്ചു കല്ലിച്ചിരുന്നു ..

പിന്നെ വേണുവിന് ബോധമുണ്ടായിരുന്നില്ല..അവന്റെ കൈകളുടെ മരണക്കുരുക്കില്‍ നിന്ന് ശ്വാസം നിലക്കും വരെ ആ ചെറുക്കന് മോചനമുണ്ടായതുമില്ല..

'മുത്തശ്ശിയെന്തിനാ കരയണ്?'

കൊച്ചുമോള്‍ അവരെ തോണ്ടി വിളിച്ചു..

'ഒന്നൂല്ല ,അഷിച്ചേച്ചിയെ ഓര്‍ക്കണുണ്ടോ നീയ്?'

'ഉം ,കഴിഞ്ഞ കൊല്ലല്ലേ മരിച്ചത്? അതെന്താ ചേച്ചി മുത്തച്ഛനെപ്പോലെ എപ്പോഴും ബെഡ്ഡില്‍ ,എണീക്കാതെ..'

'മോള് അച്ഛന് വേണ്ടി എപ്പഴും പ്രാര്‍ഥിക്കണം..വേഗം തിരിച്ചു വരാന്‍..' 

'ഞാനെന്താ എന്നും പ്രാര്‍ഥിക്കണേന്നു മുത്തശ്ശിക്കറിയോ?'

'ഉം ,എന്താ?'

'അച്ഛന്‍ ഒരാളെ കൊന്ന കഥ എത്രയാളാ ചോദിക്കണ്..നമ്മളെ അറിയാത്ത ഒരു നാട്ടിലേക്ക് നമ്മള്‍ക്ക് പോണം ..അതിന് അച്ഛന്‍ വേഗം വരണം ...'

'പ്രിയശ്രോതാക്കളെ, ഈ ഓണക്കാലത്ത് ഇങ്ങനൊരു സന്തോഷം ഞങ്ങള്‍ക്ക് തന്നതിന് ,വാക്കുകളിലൂടെയെങ്കിലും ഞങ്ങളുടെ ഉറ്റവരുമായി വിദൂരബന്ധം പുലര്‍ത്താന്‍ സഹായിച്ചതിന്,എ ഡി ജി പിക്കും മറ്റു ജയില്‍ അധികാരികള്‍ക്കും ഞങ്ങള്‍ തടവുകാരുടെ ഒരായിരം നന്ദി ..ഞങ്ങള്‍ക്കിടയിലും കലാകാരന്മാരുണ്ടെന്ന് നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ടാകും..കലാകാരനും കൊലപാതകിക്കും ഇടയിലെ ദൂരം ഒരു കോമ മാത്രമാണ് ..ഒരു നിമിഷത്തെ കല്ലുവിധി ആ കോമയെ ഒരു പെരുംറബ്ബറായി മായ്ച്ചുകളയും..അഗാധമായ ഒരു ഗര്‍ത്തത്തില്‍ നമ്മുടെ ജീവിതം ഞെട്ടിയുണരും..എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ...'

വേണുവിന്റെ ശബ്ദം ഏതോ വാതായനങ്ങള്‍ക്കപ്പുറത്ത് നിശ്ശബ്ദമായി..മുത്തശ്ശി നെഞ്ച് തടവിക്കൊണ്ട് പിറുപിറുത്തു'അവനെ കാണാന്‍ പോകണം ..എന്റെ കുട്ടിയെ ഇനിയെത്ര തവണ കാണാനാകും  ഈശ്വരാ .'

കൊച്ചുമോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങിയിരുന്നു ..

'വാ മോളേ ,ചോറുണ്ണാം..'

അവര്‍ അടുക്കളയിലേക്ക് നടന്നു ..അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ഒരു വലിയ നിഴലും ചെറിയ നിഴലും കൈ കോര്‍ത്തു പിടിച്ചു ........................