Pages

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

മൂന്നു ഇരകള്‍ [കഥ ]



അവര്‍ മൂന്നു ഇരകള്‍ ഒരേ വേദി പങ്കിട്ടതായിരുന്നു .”ഗുഡ് ബൈ ടു അട്ട്രോസിറ്റീസ്” എന്ന ക്യാമ്പയിന്‍റെ ഭാഗമായി സംസാരിക്കാനെത്തിയവരാണ് അവര്‍. സ്വന്തം അനുഭവങ്ങള്‍ ശ്രോതാക്കള്‍ക്ക് പകര്‍ന്നു കൊടുക്കുക ,അവരുടെ മനസ്സുകളില്‍ നന്മയുടെയും സഹാനുഭൂതിയുടെയും വിത്തുകള്‍ മുളപ്പിക്കുക, ഇതൊക്കെയായിരുന്നു ക്യാമ്പയിന്‍റെ ലക്ഷ്യം.
ചേതന എഴുന്നേറ്റപ്പോള്‍ കാണികള്‍ അവരെ ഭയത്തോടെ നോക്കി. ഉരുകിപ്പോയ മുഖപാതി , ഏത് മെയ്ക്കപ്പിനെയും അതിജീവിക്കുന്ന കറുത്ത പൊള്ളല്‍പാടുകള്‍. ദ്രവിച്ചു പോയ കണ്‍കുഴി ,  കോടിപ്പരന്ന മൂക്ക് , കുണ്ടും കുഴിയും നിറഞ്ഞ കവിള്‍ , കരിക്കട്ടപോലുള്ള കഴുത്ത് ..ഇതൊക്കെ കണ്ടാല്‍ ആരാണ് പേടിക്കാതിരിക്കുക? രാവും പകലും പോലെ അവരുടെ മുഖം വിരുദ്ധഭാവമണിഞ്ഞു നില്‍ക്കയാണെന്നു തോന്നും .ഒറ്റ നോട്ടം ..ആളുകള്‍ ഭീതിയോടെ  കണ്ണുകള്‍ താഴ്ത്തി കയ്യിലെ മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചു.

അവര്‍ സംസാരിക്കാന്‍ തുടങ്ങി – “പ്രിയപ്പെട്ടവരേ , എന്നെ കണ്ടതും നിങ്ങളുടെ ദൃഷ്ടികള്‍ താഴുന്നത് ഞാന്‍ ശ്രദ്ധിച്ചു .നോക്കൂ ഇതായിരുന്നു ഞാന്‍” , സ്റ്റേജില്‍ സ്ഥാപിച്ച വലിയൊരു ഫോട്ടോയിലേക്ക് അവര്‍ ചൂണ്ടി . അത്ഭുതത്തോടെ എല്ലാവരും നോക്കി , “ഇത്ര സുന്ദരിയായിരുന്നു ഇവരെന്നോ , അതിശയം തന്നെ” ..അവര്‍ പരസ്പരം പറഞ്ഞു .
ചേതന തുടര്‍ന്നു – “പേടിക്കേണ്ട , ഈയവസ്ഥ ആര്‍ക്കും ഏതു സമയത്തും വന്നു ചേരാം . വെറുപ്പിന്‍റെ ആസിഡ് ആണല്ലോ ഏവരുടെ ഉള്ളിലും തിളച്ചു പൊങ്ങുന്നത് . ഒരാളെ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ഒരു കുപ്പി ആസിഡ് മതി , അതാകട്ടെ സുലഭമായി കിട്ടാനുമുണ്ട് . തേനേ പാലേ എന്ന് അരുമയോടെ വിളിച്ചവന്‍ തന്നെയാണ് എന്നെ ഇങ്ങനെ വിരൂപയാക്കിയത് . അവന്‍ ഒരു ഫ്രോഡ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഞാനവനെ അവഗണിക്കാന്‍ തുടങ്ങിയതാണ് എല്ലാറ്റിനും കാരണമായത്.
സംഭവശേഷം ആറു മണിക്കൂറോളം മുഖം ഉരുകി പൊള്ളി വീര്‍ത്ത് ഞാന്‍ റോഡില്‍ കിടന്നു .ചുറ്റും കൂടിയ ആളുകള്‍ മൊബൈലില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്ന തിരക്കിലായിരുന്നു . എന്നെ ഹോസ്പിറ്റലില്‍ എത്തിക്കൂ എന്നു ഞാന്‍ അലറി വിളിച്ചു .ചുറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നിസ്സംഗ തയാല്‍ കല്ലിച്ച ഭീകരമുഖങ്ങള്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ ചിരിയും വര്‍ത്തമാനവും തുടര്‍ന്നു .മാംസം ആസിഡില്‍ അലിഞ്ഞു തീരാറായപ്പോഴാണ് , ബോധം മറഞ്ഞു തുടങ്ങുമ്പോഴാണ് ഒരു വെളുത്ത കാര്‍ അരികെ നിര്‍ത്തിയത് .

ആശുപത്രിറൂമില്‍ കണ്ണ് തുറക്കുമ്പോള്‍ വിതുമ്പിക്കരയുന്ന അമ്മയും ചേച്ചിയും ആണ് അയാളെ കാണിച്ചു തന്നത് . ആകുലതയോടെ എന്നെ ഉറ്റുനോക്കുന്ന ഒരു മദ്ധ്യവയസ്കന്‍ , എന്നെ ഹോസ്പിറ്റലില്‍ എത്തിച്ച മഹാമനസ്കന്‍..കരുണ കണ്ണീര്‍കണമായി അയാളുടെ കണ്‍കോണുകളില്‍ പറ്റിക്കിടക്കുന്നു . വേദനയാല്‍ ഞാന്‍ വീണ്ടും വീണ്ടും നിലവിളിച്ചു . എന്‍റെ മനസ്സാണോ ശരീരമാണോ വേദനിക്കുന്നതെന്ന് എനിക്ക് വേര്‍തിരിക്കാനായില്ല .
അക്രമികളെയല്ല ഇരകളെയാണ് സമൂഹം ഒറ്റപ്പെടുത്തുക . മാസങ്ങള്‍ നീണ്ട ചികിത്സ ഞങ്ങളുടെ കിടപ്പാടം പോലും പണയപ്പെടുത്തി . ഭീകരരൂപം പ്രതിഫലിപ്പിച്ച കണ്ണാടികള്‍ ഞാന്‍ എറിഞ്ഞുടച്ചു .ഒന്നു പോലും എന്‍റെ പഴയ മനോഹരരൂപം കാണിക്കുന്നില്ല . കണ്ണാടികള്‍ക്ക് സ്മരണകള്‍ ഉണ്ടായിരുന്നെങ്കില്‍! വൃദ്ധര്‍ക്ക് യൌവനരൂപം കാണിക്കുന്ന ഒരു കണ്ണാടി , വിരൂപരായിത്തീര്‍ന്നവരെ പൂര്‍വകാലം ഓര്‍മിപ്പിക്കുന്ന ഒരു കണ്ണാടി .. ഈ വികൃതരൂപം ആരാണിനി ഇഷ്ടപ്പെടുക? വീട്ടിലും നാട്ടിലും ഞാനൊരു വിചിത്രജീവിയായി മാറില്ലേ? അങ്ങനെ നിരാശയുടെ പടുകുഴിയില്‍ ആണ്ടുകിടക്കുമ്പോഴാണ് ഫേസ്‌ബുക്കിലൂടെ ഞാന്‍ റിയ ദീദിയെ പരിചയപ്പെടുന്നത് .അവരാണ് എന്നെ പീസ്‌ എന്ന സംഘടനയില്‍ അംഗമാക്കിയത് .അവരാണെനിക്ക് പല ബ്യൂട്ടി ടിപ്സുകളും പറഞ്ഞു തന്നത് .ഉരുകിയൊലിച്ചത് പോലും സുന്ദരമാക്കാം എന്നു പഠിപ്പിച്ചത് . ആത്മവിശ്വാസത്തിന്‍റെ ഉന്നതപീഠത്തിലേക്ക് ദീദിയാണ് എന്നെ കൈ പിടിച്ചുയര്‍ത്തിയത് . പല തവണ ആത്മഹത്യക്ക് ശ്രമിച്ചതെല്ലാം വെറുതെയായിരുന്നെന്ന് അവരാണെന്നെ ബോധ്യപ്പെടുത്തിയത് . വിരൂപര്‍ക്കും മോഡലാവാമെന്ന അത്ഭുതസത്യം അവരാണ് എന്‍റെ ഉള്ളിലേക്കെറിഞ്ഞത് .

ഇന്ന് ഞാന്‍ ആശയറ്റവളല്ല . ഞാനല്ല ഒട്ടകപ്പക്ഷിയെപ്പോലെ മുഖം ഒളിപ്പിക്കേണ്ടത്, അക്രമികളാണ് . അവരാണ് കുറ്റബോധത്തില്‍ നീറി നീറി ഒടുങ്ങേണ്ടത്. നിങ്ങളോട് ഇത്ര നേരം സംസാരിക്കാന്‍ അവസരം തന്ന സംഘാടകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം ഞാന്‍ നിങ്ങളെ ഒന്നൂടെ ഓര്‍മിപ്പിക്കുന്നു – വീഴുന്നതല്ല പരാജയം , മറിച്ച് ഓരോ തവണയും എഴുന്നേല്‍ക്കാതിരിക്കുന്നതാണ് “

അവര്‍ ഇരുന്നതും മറ്റൊരു സ്ത്രീ എഴുന്നേറ്റു. “പ്രിയപ്പെട്ടവരേ,”-അവര്‍ പറയാനാരംഭിച്ചു . ഞാന്‍ സീന , നിങ്ങള്‍ നിത്യേന വായിച്ചു തള്ളുന്ന ഓരോ വാര്‍ത്തയ്ക്ക് ശേഷവും നിങ്ങളാല്‍ പരിഹസിക്കപ്പെടുന്ന അനേകരുടെ പ്രതിനിധി. നിങ്ങളുടെ അമ്മയോ പെങ്ങളോ അല്ലാത്ത ഏതൊരു സ്ത്രീയും നിങ്ങള്‍ക്ക് കഴിച്ചു  തീര്‍ക്കാനുള്ള മാംസം മാത്രമാണെന്നാണ് നിങ്ങളുടെ ധാരണ . ഓരോരുത്തരുടെ ഉള്ളിലുമുണ്ട് തക്കം പാര്‍ക്കുന്ന ഒരു ചീറ്റപ്പുലി . ഒരു പാടു കാലം ഞാന്‍ പത്രങ്ങള്‍ക്ക് ചവച്ചിറക്കാനുള്ള ഒരു വാര്‍ത്ത മാത്രമായിരുന്നു . പേര് പോലും ഇല്ലാത്തവള്‍ , ഇര എന്ന് ലേബല്‍ ചെയ്യപ്പെട്ടവള്‍ .എന്നെ തടവിലിട്ടു നെടുനാള്‍ പീഡിപ്പിച്ച ഇരുപത്തഞ്ചു പേരെയും തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു .അല്ലെങ്കിലും എല്ലാവരുടെ കണ്ണിലും ഞാനായിരുന്നു കുറ്റക്കാരി . എനിക്കായിരുന്നു നീതി നിഷേധിക്കപ്പെട്ടത് . ചേതനയെപ്പോലെ ഒരു വിജയകഥ പറയാനായിരുന്നു എനിക്കും ഇഷ്ടം . പക്ഷേ എത്ര പൊരുതിയിട്ടും മാനക്കെടിന്‍റെ ചേറില്‍ പൂണ്ടു കിടക്കുകയാണ് എന്‍റെ കാലുകള്‍ . വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും സമൂഹം ഒന്നും മറക്കാതെ ചരല്‍വര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു . അമ്പുകളായ വാക്കുകളാല്‍ മുറിപ്പെടുത്തുന്നു . വഷളന്‍മുഖങ്ങള്‍ കാണേണ്ടി വരുന്നു , അശ്ലീലഭാഷണങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു . ചേതന ശരീരത്തിലാണ് ഉരുകിയൊലിച്ചതെങ്കില്‍ ഞാന്‍ ആത്മാവിലാണ് നുരുമ്പിച്ചത് . ദിനേനയാണ് ഒരു പൊങ്ങുതടിയായി മാറുന്നത് .

ഈ സംഘടന തരുന്ന ധൈര്യത്തിലാണ് ഞാന്‍ ഈ ചെളിയില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നത് . അവരണിയിച്ച പടച്ചട്ടയാലാണ്  വഷളന്‍മുഖങ്ങളെ അവഗണിക്കുന്നത് .അസഭ്യഭാഷണങ്ങള്‍ കേട്ടില്ലെന്നു നടിക്കുന്നത് . ചേതനയുടെ ആത്മകഥയുടെ പ്രകാശനം ഉണ്ടെന്നറിഞ്ഞു . കാല്‍ക്കീഴില്‍ അറപ്പിക്കുന്ന വേസ്റ്റ് ആണെങ്കിലും ഞാനും മുതുക് നിവര്‍ത്തുകയാണ് .പണ്ടെന്‍റെ കൂട്ടായിരുന്ന നൃത്തത്തെയും സംഗീതത്തെയും തിരിച്ചു പിടിക്കയാണ് . അഭിസാരികയുടെ കൂത്ത് എന്നു നിങ്ങള്‍ കളിയാക്കിയേക്കാം . വേദനിപ്പിക്കുന്നവരെ അവഗണിക്കലാണ് ജയിക്കാനുള്ള മാര്‍ഗം എന്നു അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ചു കഴിഞ്ഞു . ഏവര്‍ക്കും നന്മകള്‍ നേരുന്നു . നന്ദി നമസ്കാരം.”-അവസാനമായപ്പോഴേക്കും വിറയ്ക്കുകയും ചിലമ്പിക്കുകയും ചെയ്തു അവരുടെ വാക്കുകള്‍ .

അടുത്തത് ഒരു പുരുഷനായിരുന്നു . താടിയും മുടിയും നീണ്ട , അലക്ഷ്യമായി വസ്ത്രം ധരിച്ച ഒരാള്‍ . അയാളുടെ കണ്ണുകള്‍ക്ക് എന്തൊരു ആഴം! –“സ്നേഹിതരെ’ , മുഴക്കമുള്ള ശബ്ദം പ്രകമ്പനം കൊണ്ടു . “മൂന്നു ഇരകള്‍ സംസാരിക്കുന്നു എന്ന ക്യാപ്ഷന്‍ കണ്ടത് കൊണ്ടാവും ഇവിടെ ഇത്ര ആള്‍ക്കൂട്ടം . മൃഗീയതയേക്കാള്‍ ഭീകരമായ എന്തോ ഒന്ന്‍ മനുഷ്യരുടെ ഉള്ളിലുണ്ട് .ഇരയെ കാണുക , അവസരം കിട്ടിയാല്‍ പതിയിരുന്നാക്രമിക്കുക ഇതെല്ലാം എന്തിഷ്ടമാണ് മനുഷ്യര്‍ക്ക് . നായാടിയായിരുന്ന ആദിമമനുഷ്യന്‍ തന്നെയാവാം എന്നെയും നിങ്ങളെയും ഇപ്പോഴും നിയന്ത്രിക്കുന്നത് .

ആരും ഏതു നിമിഷവും തടവ് രുചിക്കാം . സ്വാതന്ത്ര്യത്തിനും പാരതന്ത്ര്യത്തിനും ഇടയിലെ നേര്‍രേഖ ഒരു മുടിനാരിന്‍റെ കനം പോലും ഉള്ളതല്ല . ജയില്‍ -എന്തൊരു വാക്കാണത് . മിന്നല്‍പ്പിണറാണത് . ഭീതിയേയും അനാഥത്വത്തേയും നിസ്സഹായതയേയുമാണ് ആ വാക്ക് ചങ്കിലേക്കെറിയുന്നത്. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല .ആര്‍ക്കെതിരെയും ഒളിയമ്പെയ്യുന്ന പ്രസംഗങ്ങള്‍ നടത്തിയിരുന്നില്ല. അധികാരത്തിന്‍റെ ഗൂഡതന്ത്രങ്ങളുടെ ഇരയാവുന്നത് നിര്‍ഭാഗ്യവും അപമാനവുമാണ്. എന്തെന്നാല്‍ മഹത്തായ ഒരു കാരണത്തിന്‍റെ പേരിലുമല്ല നമ്മള്‍ കാരാഗൃഹം അനുഭവിക്കുന്നത്. നമ്മുടെ നഷ്ടമായ യൌവനം ഒരു ചരിത്രത്തിലും രേഖപ്പെടുകയില്ല. ആയുസ്സില്‍ നിന്ന് പൊഴിഞ്ഞു പോകുന്ന ചതയ്ക്കപ്പെട്ട ചോര പുരണ്ട ഇതളുകള്‍ മാത്രമാണ് തടവ്‌ദിനങ്ങള്‍...

ലോകം പ്രേമത്തെക്കുറിച്ച് പ്രബന്ധങ്ങളെഴുതുന്ന ഒരു ഫെബ്രുവരി പതിനാലിനാണ് മുടി  ട്രിം ചെയ്ത ഒരാള്‍ കടയിലെത്തിയത് .”വരൂ “ എന്നു പറഞ്ഞുകൊണ്ട് എന്‍റെ കൈ പിടിച്ചു ഞെരിച്ചത് .”നിങ്ങളാരാ” എന്ന എന്‍റെ ചോദ്യം അയാളുടെ കത്തുന്ന കണ്ണുകളില്‍ വീണ് ചാരമായി .അത് ഇരുട്ടിലേക്കുള്ള യാത്രയായിരുന്നു. ഇരുട്ടറയില്‍ അവര്‍ എന്നെ തല്ലിച്ചതച്ചത് ഒരേ ചോദ്യം ചോദിച്ചാണ് –“ആ ഭീകരസംഘടനയുമായി നിനക്കുള്ള ബന്ധമെന്താണ്? നിന്നെ കണ്ടാലേ അറിയാം ഒരു ഭീകരനാണെന്ന്..”എന്താണ് ഭീകരന്‍റെ ലക്ഷണങ്ങള്‍? എനിക്കറിയില്ല .ക്രമേണ ഞാന്‍ ചോരയും ചലവും മാംസവും കലങ്ങിയ ഒരു വിചിത്രജീവിയായി മാറി. ഞരമ്പിലും എല്ലിലും വേദന കുത്തിപ്പറിച്ചു .അല്ലെങ്കിലേ വെറും നിലത്ത് പറ്റിക്കിടന്നിരുന്ന ഒരു ഉറുമ്പ് മാത്രമായിരുന്നു ഞാന്‍ .കയ്പ്പിന്‍റെ കല്‍ക്കഷ്ണങ്ങളാലാണ് അവരെന്നെ ചതച്ചരച്ചത് .മുജ്ജന്മത്തിലേ ഞാനിതെല്ലാം അര്‍ഹിച്ചിരുന്നു എന്ന മട്ടിലാണ് അവരെന്നോട് പെരുമാറിയത് .

പത്രങ്ങളില്‍ പല തവണ നിങ്ങളെന്‍റെ പടം  കണ്ടാസ്വദിച്ചു. ഇര എന്ന ബ്രാന്‍ഡ്നെയിമിന് കീഴില്‍ ഇഴയുന്ന എത്ര വ്യഥിതര്‍ , എത്ര പീഡിതര്‍.. ..ജയിലുകളുടെ നിഗൂഡമായ അറകള്‍ക്കുള്ളില്‍ എത്രയെത്ര നിരപരാധികളുടെ ചോരയും ചലവും കണ്ണീരുമാണ് ഉണങ്ങിപ്പിടിച്ചിരിക്കുന്നത് . അനീതിയുടെ എടുപ്പുകളാണെങ്ങും ..അസത്യത്തിന്‍റെ ആഹ്ലാദച്ചിരി നിങ്ങള്‍ക്ക് കേള്‍ക്കാനാവുന്നില്ലേ? ഒരു ഭീകരനാവുക എന്നത് ആര്‍ക്കും എപ്പോഴും വന്നു ചേരാവുന്ന ഒരു പദവിയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഞാനെന്‍റെ വാക്കുകള്‍ അവസാനിപ്പിക്കട്ടെ . നന്ദി ..”

അടുത്തത് പുസ്തകപ്രകാശനമായിരുന്നു . പന്തലിന്‍റെ അറ്റത്ത് പുസ്തകങ്ങള്‍ ആദായ വില്‍പ്പനക്ക് എന്നൊരു ബോര്‍ഡ് കണ്ടു . ആര്‍ക്കാണ് പുസ്തകം വായിക്കാന്‍ സമയം എന്നോര്‍ത്തുകൊണ്ട് ഞാന്‍ അങ്ങോട്ട്‌ നടന്നു .ചിന്തയെ പ്രകമ്പനം കൊള്ളിച്ച മഹാന്മാരുടെ ഗ്രന്ഥങ്ങള്‍ മനുഷ്യസ്പര്‍ശം കൊതിച്ച് പൊടിയില്‍ പുതഞ്ഞു കിടക്കുന്നു .ഒരാളും തിരിഞ്ഞു നോക്കുന്നില്ല .ആളുകളെല്ലാം മറ്റൊരു കോണില്‍ തിക്കും തിരക്കുമാണ് .അടുത്ത് ചെന്നു നോക്കി .വെറുതെയല്ല , വസ്ത്രങ്ങള്‍ വിറ്റൊഴിക്കലാണ് .ശരീരത്തെ അണിയിച്ചൊരുക്കുന്ന തിരക്കില്‍ ഉള്ളിലൊരു ആത്മാവുണ്ടെന്നും അതിനും ഇത്തിരി ഭക്ഷണവും സുഗന്ധവും വേണമെന്നും ആരാണ് ഓര്‍ക്കുന്നത് . വരണ്ട ചുണ്ടും തിളക്കം കെട്ട കണ്ണുകളുമുള്ള പേക്കോലങ്ങളായ ആത്മാവുകള്‍ ഹീനശരീരങ്ങളെ വിട്ട് ഇടറി നടക്കുന്നില്ലെന്നാര് കണ്ടു ..
ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരിക്കുമ്പോള്‍ വീണ്ടുമാ പ്രസംഗങ്ങള്‍ ഉള്ളിലേക്ക് ചാടിക്കയറി .എന്തെലാം അനുഭവങ്ങളാണ് ഓരോരുത്തരും പേറുന്നത് ..അകലെയുള്ള വീട് ലക്ഷ്യമാക്കി കാര്‍ കുതിച്ചു . വെറുതെ കണ്ണുകള്‍ പുകഞ്ഞു . ഒരു കാര്യവുമില്ലാതെ കണ്ണീര്‍ ഷര്‍ട്ടിനെ ഉമ്മവച്ചു ...