Pages

2016, മേയ് 29, ഞായറാഴ്‌ച

ചിറകൊടിഞ്ഞവര്‍...[കഥ] _ശരീഫ മണ്ണിശ്ശേരി

 .
സ്റ്റാഫ് മീറ്റിംഗാണ്, അനുശ്രീ തന്നെ വിഷയം. ഇതിപ്പോ മൂന്നാം തവണയാണ് അവള്‍ ആണ്‍കുട്ടികളെ കടിച്ചും മാന്തിയും ഉപദ്രവിക്കുന്നത്. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒന്നും മറന്നിട്ടില്ല അവള്‍. 
“കുട്ടീടെ പാരന്റിനെ നമ്മളിപ്പോ പലതവണ വിളിപ്പിച്ചു.” _ഹെഡ് മിസ്ട്രെസ് പറയാന്‍ തുടങ്ങി. നമ്മളവരുടെ കാര്യം എപ്പോഴും അനുഭാവത്തോടെ തന്നെയാണ് കാണുന്നത്. പക്ഷെ കണ്ണിനു താഴെ പരിക്കേറ്റ കുട്ടിയുടെ പാരന്റ്സ് നമുക്കെതിരാന്. നമ്മള്‍ അനുശ്രീയെ ടി സി കൊടുത്തു വിടേണ്ടി വരും..”

ഞെട്ടിപ്പോയി, ടി സി കൊടുത്തു വിടുകയോ? നന്നായി പഠിച്ചിരുന്ന നിലാക്കഷ്ണമായിരുന്ന ഒരു പെണ്‍കുട്ടി..ഇതെല്ലാം  സംഭവിച്ചത് ഞങ്ങളുടെ കൂടി കുറ്റം കൊണ്ടാണെന്ന് കുറെയായി മനസ്സ് ശകാരിക്കുന്നു. വെറുതെയെങ്കിലും കുട്ടികളെ ഓര്‍മിപ്പിക്കാമായിരുന്നു _കെട്ട കാലത്തെക്കുറിച്ച്..ഒന്നും തിരിയുന്ന പ്രായമല്ല ,എന്നാലും ..എപ്പോഴും സൂക്ഷിക്കണമെന്ന് പറയാമായിരുന്നു ..

“പക്ഷെ ടീച്ചര്‍”_ ഞാനിടയ്ക്കു കയറി_ “എനിക്കറിയാം സൌമ്യ എന്താ പറയാന്‍ പോണതെന്ന്, ഈ വന്നതൊന്നും നമ്മുടെ കുറ്റല്ലല്ലോ, ഈ ലോകം മുഴുവന്‍ നന്നാക്കാന്‍ നമ്മള്‍ കുറച്ചു അധ്യാപകരെക്കൊണ്ട് കഴിയുമോ? അത് കൊണ്ട് നാളെ പി ടി എ എക്സിക്യൂട്ടീവ് കൂടും..”ടീച്ചര്‍ വളരെ വേഗം വാക്കുകളെ ഉപസംഹരിച്ചു..പ്രതിമകളായി ഇരിക്കുന്ന സഹാധ്യാപകരെ ഞാനൊട്ടത്ഭുതത്തോടെ നോക്കി..ഇവരാരും ഒന്നും മിണ്ടാത്തതെന്ത്? എല്ലാ സങ്കടത്തിരകളും എന്തിനാണ് എന്‍റെ ഹൃദയത്തിലേക്ക് അടിച്ചു കയറുന്നത്?

ക്ലാസില്‍ കയറിയപ്പോഴേ അനുവിനെ ശ്രദ്ധിച്ചു, ഡെസ്കില്‍ തല താഴ്ത്തി കിടയ്ക്കുന്നു..കുട്ടികള്‍ കലപില തുടങ്ങി _”ടീച്ചര്‍, ഇന്ന് അനു ആരോടും മിണ്ടുന്നില്ല..” അവര്‍ക്കൊക്കെ അനു ഒരു വിഷയമായി. “നിങ്ങളെന്തിനാ എപ്പോഴും അവളെ നോക്കിയിരിക്കണത്? നല്ലത് പറഞ്ഞ് അവളെ കളിക്കാനൊക്കെ കൊണ്ടു പൊയ്ക്കൂടെ?”_ ഞാനറിയാതെ ഒച്ച പൊങ്ങി. നിദ എഴുന്നേറ്റു – “ ഞങ്ങള്‍ കുറെ വിളിച്ചതാ ടീച്ചര്‍, അവള്‍ വന്നില്ല..ദേഷ്യം പിടിച്ച് ഒരു നോട്ടം. ഞങ്ങള്‍ പേടിച്ചു..മിനിഞ്ഞാന്നത്തെപ്പോലെ അടിയും കുത്തും കിട്ടിയാലോ..” എന്‍റെ ദൈവമേ! വേദന ഉരുളന്‍ കല്ലുകളായി നെഞ്ചിനെ ഇടിച്ചു..നീ തന്നെ ഇതൊക്കെ ഒന്നു നേരാക്കിത്താ..

“അനൂ, അനൂ” –ഞാനവളെ പതുക്കെ തട്ടി വിളിച്ചു. കണ്ണില്‍ അഗ്നിയുമായി അവള്‍ പതുക്കെ തലയുയര്‍ത്തി..ഭയം എന്നെയും ഉലച്ചു. എത്ര സൈലന്റായ ഒരു കുട്ടിയായിരുന്നു..സര്‍വംസഹയായവള്‍ ഗതി കെട്ടാല്‍ ഇങ്ങനെയാവണം – എപ്പോഴും തീ തുപ്പി ..”എന്താ നീ മിണ്ടാതെ ഇരിക്കണത്?കുട്ടികളോടൊപ്പം കളിച്ചാലെന്താ?” ഏറ്റവും സൌമ്യമായ് എന്‍റെ വാക്കുകള്‍ അവളെ തൊട്ടു.. അവളെന്നെ തുറിച്ചു നോക്കി.. “എല്ലാടത്തുണ്ട് അവര്, ന്‍റെ പാവാട പൊക്കാന്‍ നോക്കി..അയാളുടെ വിരലുകള്‍ കടിച്ചു മുറിച്ചതോണ്ടാ നിക്ക് ഓട്ടോന്ന്‍ ചാടാന്‍ പറ്റീത്..അല്ലെങ്കില്‍ അവരെന്നെ കൊന്നേനെ..” അവള്‍ വെറുപ്പോടെ ചീറിക്കൊണ്ടിരുന്നു..മൂന്നാലു കൌണ്‍സി ലിംഗ് കഴിഞ്ഞിട്ടും ഈ കുട്ടിയെ പേടി വരിഞ്ഞു കെട്ടിയിരിക്കാണ്..മുഖമാകെ കരുവാളിച്ചു..ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടിയാണവള്‍. പളപളാന്നുള്ള ചെടിയുടെ വളര്‍ച്ച..ഒരൂസം എല്‍സിട്ടീച്ചര്‍ കുശുകുശുത്തു –“ഇത്രേം വല്യ കുട്ടിയെ എന്തിനാ അതിന്റമ്മ ഹാഫ്സ്കര്‍ട്ട് ഇടീക്കണേ?” അരിശത്തോടെ ഓര്‍ത്തു – ശരിയാണ് ,സ്ത്രീ മുട്ടയില്‍ നിന്ന് വിരിയുമ്പോഴേ ചുറ്റുമുള്ള പരുന്തുകളെയും കാക്കകളെയും തിരിച്ചറിയണം..

അന്ന് –ഹോസ്പിറ്റലീന്ന് കൊണ്ടു വന്നെന്നറിഞ്ഞു ചെന്നതായിരുന്നു. കയറു കൊണ്ട് കട്ടിലില്‍ ചേര്‍ത്തു കെട്ടിയിരിക്കുന്നു അവളെ, -“ഇനിയും മാറിയില്ലേ?”-ഉത്‌ക്കണ്ഠയോടെ അവളുടെ അമ്മയോട് ചോദിച്ചു..”നല്ല സമാധാനാര്‍ന്നു ടീച്ചറേ, വീടിന്‍റെ മുന്നിലെ ഈ റോഡ്‌ കണ്ടപ്പം തൊടങ്ങി ഓക്ക് പിന്നേം എളക്കം..ഏട്ടന്‍ വണ്ടി വിളിക്കാന്‍ പോയതാ..ഞ്ഞൂം കൊണ്ടോവന്നെ.ഒരു സൂക്കേടും ണ്ടാര്‍ന്നില്ലല്ലോ ന്‍റെ കുട്ടിക്ക് ..” ചോരയിറ്റുന്ന വാക്കുകളാല്‍ അവരുടെ മുഖം നനഞ്ഞു..ശരി തന്നെ, ഒരു കേടും ഉണ്ടായിരുന്നില്ല..നിലാവിനെ ഇരുള്‍ വിഴുങ്ങുന്നത് മുന്നറിയിപ്പ് കൊടുത്തിട്ടാണോ?
..........................   ....................................  ...........................................
അവളുടെ അച്ഛന്‍ വല്ലാതെ വൃദ്ധനായിക്കഴിഞ്ഞെന്നു തോന്നി..ഒരൊറ്റക്കൊല്ലം കൊണ്ട് അയാളിലേക്ക് അനവധി വര്‍ഷങ്ങള്‍ ഇരച്ചു കയറിയതുപോലെ..കാര്യം അവതരിപ്പിച്ചപ്പോഴേക്കും അയാളിലേക്ക് മ്ലാനത ഉരുണ്ടിറങ്ങി.- “ടീച്ചര്‍, സ്കൂളില്‍ ശല്യാന്നറിയാഞ്ഞല്ല, ഞാനൊരു കൂലിപ്പണിക്കാരനല്ലേ, ഇവളെ ചികിത്സിച്ചു മുടിഞ്ഞു. ഇതിനൊക്കെ കാരണക്കാരായ ചെകുത്താന്മാരെയൊക്കെ വെറുതെ വിടേം ചെയ്തു, പീഡനമൊന്നും നടന്നിട്ടില്ലത്രെ..ഇതിലും വലുതായി ഇനിയെന്താ വേണ്ടത്? വാക്കുകളുടെ അപാരമായ നോവിനാല്‍ അയാള്‍ അടിമുടി വിറച്ചു..
സിബ്ബ് വിട്ടു തുടങ്ങിയ ബേഗ് അലക്ഷ്യമായി തോളിലേക്കേറിഞ്ഞു അവള്‍ പിതാവിനെ അനുഗമിച്ചു. അവളൊന്നു തിരിഞ്ഞു നോക്കിയത് പോലുമില്ല. ദൂരേന്ന് ഒരു ഓട്ടോ വാലില്‍ പുകയുമായി കിതച്ചെത്തി..ഭയത്തോടെ അവള്‍ അച്ഛനെ കെട്ടിപ്പിടിച്ചു. ഭീതി നിറഞ്ഞ കണ്ണുകള്‍ റോഡിലേക്ക് പേര്‍ത്തും പേര്‍ത്തും പാറി വീണു..”അനൂ “- ഉറക്കെ വിളിച്ചുകൊണ്ട് ഞാന്‍ പിറകെ ഓടിയെത്തി..വായില്‍ നിന്നൊലിക്കുന്ന നുരയും പതയുമായി ഉറയ്ക്കാത്ത ദൃഷ്ടികളോടെ അവളെന്നെ അളന്നു..കയ്ക്കുന്ന ചിരി മുഖത്തണിഞ്ഞ് ഞാനവളെ ചേര്‍ത്തു പിടിച്ചു, -“പേടിക്കേണ്ട ,ഇനിയാരും നിന്നെ കട്ടോണ്ട് പോവില്ല..ഞങ്ങളൊക്കെ ഇല്ലേ ഇവിടെ?” അവിശ്വാസത്തോടെ അവള്‍ എന്നെ നോക്കി- “കൊല്ലും നമ്മളെ അവര് കൊല്ലും..” അവളുടെ പിടുത്തം മുറുകി..”ഇല്ല മോളേ”, എന്നെത്തന്നെ വിശ്വാസമില്ലാതെ ഞാന്‍ വെറുതെ വാക്കുകളെ ചവച്ചു തുപ്പി..”ഇനിയാരും മോളെ കട്ടോണ്ട് പോവില്ല, മോള്‍ ഒറ്റയ്ക്ക് വരേം വേണ്ട..ഡോക്ടറെ കണ്ട് മരുന്നൊക്കെ കുടിച്ച് കുറച്ചൂസം കഴിഞ്ഞ് ക്ലാസില്‍ വരാട്ടോ..”

അവള്‍ പതിയെ അടര്‍ന്നു മാറി നിസ്സഹായതയുടെ പരുപരുത്ത വിരലുകളെ തൊട്ടു –“പോവാം അച്ഛാ..”അവര്‍ നടന്നകന്നു. ഒരു വര്‍ഷം മുമ്പ് ക്ലാസിലവള്‍ ഏറെ വൈകിയെത്തിയതും എവിടാരുന്നൂന്ന്‍ ചോദിച്ചതിന് വിതുമ്പിക്കൊണ്ട് ഓടി സീറ്റില്‍ ഇരുന്നതും ഒരു പാട് നേരം ആരെന്തു ചോദിച്ചിട്ടും മിണ്ടാതിരുന്നതും പിന്നെ ഫിറ്റ്സ് വന്നതുമായ ദൃശ്യങ്ങള്‍ ഒരു ചലച്ചിത്രമായി മനസ്സിലൂടെ ഒഴുകി.വിണ്ടുപൊളിഞ്ഞ മുറിവുകള്‍ അവളുടെ കൈകാലുകളില്‍ നീണ്ടു കിടന്നിരുന്നു..വിജനമായ റോഡില്‍ ആരും ഒന്നും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിലും എല്ലാം ഒരു പേടിസ്വപ്നമായിരുന്നോ എന്നാ വിവശതയിലുമാണ് അവള്‍ ക്ലാസില്‍ ഓടിത്തളര്‍ന്നെത്തിയത്..
.......................................  ......................................  .......................................
ഇരുട്ട് പെയ്യുന്നു, നാട്ടില്‍ പോയതായിരുന്നു. അനുവിന്‍റെ അവസ്ഥ എന്താവോ? ഹോസ്റ്റലിലേക്ക് നടന്നെത്തുമ്പോഴേക്കും ഇരുളാകെ മൂടിപ്പൊതിയും.. കുലുങ്ങിപ്പായുന്ന ഓട്ടോകളെ ഞാനൊട്ടു ഭയത്തോടെ നോക്കി..പരുന്തുകള്‍ പൊട്ടുകളായി ആകാശത്ത് വട്ടമിടുന്നുണ്ടോ? ഒറ്റയ്ക്ക് ചിക്കിച്ചിനയ്ക്കുന്ന തള്ളക്കോഴിയെപ്പോലും ചിലപ്പോഴവ റാഞ്ചിയേക്കും..തമസ്സിന്‍റെ കൈകാലുകള്‍ക്ക് ദിനംപ്രതിയല്ലേ നഖങ്ങള്‍ പെരുക്കുന്നത്, കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍...................

ശരീഫ മണ്ണിശ്ശേരി.................   

6 അഭിപ്രായങ്ങൾ:

 1. വായിക്കുന്നവർക്ക്, അഭിപ്രായങ്ങൾ കുറിക്കുന്നവർക്ക് എല്ലാം നന്ദി😊😊😊

  മറുപടിഇല്ലാതാക്കൂ
 2. ഇന്നത്തെ സാഹചര്യത്തിൽ എന്നും നടക്കുന്ന കാര്യമാണു.

  നല്ല വിഷമം.

  ഒരു കുട്ടിയ്ക്കും ഈ ഗതിയുണ്ടാകാതെ ഇരിക്കട്ടെ.

  നല്ല ആശംസകൾ ചേച്ചീ!!!!

  മറുപടിഇല്ലാതാക്കൂ
 3. ചെകുത്താന്മാര്‍ വിഹരിക്കുന്ന കാലവും,ലോകവും.....
  നന്നായി എഴുതി.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ