Pages

2019, സെപ്റ്റംബർ 7, ശനിയാഴ്‌ച

ചിതറുംചിന്തകള്‍




തിരച്ചില്‍ തുടങ്ങിയിട്ട് നാളുകളെത്ര കഴിഞ്ഞു. പ്രളയവും ഉരുള്‍പൊട്ടലും കീഴ്മേല്‍ മറിച്ചിട്ട പ്രദേശങ്ങളില്‍ മയ്യത്തുകളെ തിരഞ്ഞാണ് കുറെ ദിനങ്ങളായി ഞാന്‍ മുരണ്ടുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടു പോയവരെ യഥോചിതം സംസ്കരിക്കണമെന്ന കുടുംബാദികളുടെ ആശങ്കകളാണ് ചുറ്റും കോടയായി മൂടിക്കിടയ്ക്കുന്നത്. ഒരു മാത്രയില്‍ നിശ്ചലരാക്കപ്പെട്ടവര്‍ - മണ്ണിനടിയില്‍ നിന്ന് അവരുടെ ഹൃദയമിടിപ്പുകളാണോ നിലവിളിക്കുന്ന കാറ്റായി ഇപ്പോഴും അലയുന്നത്? വിരുന്നു പോകാനായി കാറിലിരിക്കെ വണ്ടിയോടെ ഭൂമിയിലേക്ക് ആണ്ടു പോയവര്‍ , ടി വി കണ്ടു ചിരിച്ചു കൊണ്ടിരിക്കെ മണ്ണും പാറയും മീതേക്ക് വീണു ശ്വാസം അറ്റ് പോയവര്‍ , മൊബൈലില്‍ കിന്നരിച്ചു കൊണ്ടിരിക്കെ  മലയുടെ അളിഞ്ഞ മുറിവില്‍ നിന്ന് ഒലിച്ചുവന്ന  ചോരയും  പഴുപ്പും കയറിയ ജലത്തില്‍ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോയവര്‍ ..ആരാണ് തങ്ങളെ അഗാധതയിലേക്ക് അമര്‍ത്തിക്കളഞ്ഞത് എന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടും മുമ്പേ ..ഒരു വണ്ടിയുടെ ജീവിതം തന്നെ ഈ മനുഷ്യരുടേതും. ബ്രെയ്ക്ക് ഡൌണ്‍ ആകാന്‍ അധികസമയമൊന്നും വേണ്ട .
ജെ സി ബിക്ക് ചിന്തകള്‍ ഇല്ലെന്നും പുരാണകഥയില്‍ നിന്നെങ്ങോ ഇറങ്ങി വന്ന ഒരു രാക്ഷസനാണ് ഞാനെന്നും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം . എന്തു ചെയ്യാം .ചിന്താശേഷിയുണ്ടെന്നു പറയപ്പെടുന്ന മനുഷ്യര്‍ വെറുമൊരു വിഡ്ഢിയെപ്പോലെ ഇരിക്കുംകൊമ്പ് മുറിക്കുമ്പോള്‍ ഞങ്ങള്‍ യന്ത്രങ്ങളെങ്കിലും പുനരാലോചന നടത്തേണ്ടതല്ലേ? ഒരു ആനയുടെ നിസ്സഹായത ഞങ്ങള്‍ക്ക് ഉണ്ടെങ്കില്‍ പോലും മദമിളകുന്നവരായി ഞങ്ങള്‍ രൂപാന്തരപ്പെടുന്ന കാലം അതിവിദൂരമല്ല എന്നു തോന്നുന്നു .

എത്ര സങ്കടങ്ങളെയാണ് ഞാന്‍ ഉള്ളിലൊതുക്കുന്നത്! കുന്നുകളെയും മലകളെയും കാര്‍ന്നെടുത്ത് ലോറികളില്‍ കയറ്റുമ്പോള്‍ എന്‍റെ മനസ്സെത്ര കരയുന്നെന്നോ..എന്തു ചെയ്യാന്‍? എന്‍റെ സാരഥി കല്‍പ്പിക്കുന്നതേ എനിക്ക് ചെയ്യാനൊക്കൂ . ഞാന്‍ വെറുമൊരു യന്ത്രമായിപ്പോയില്ലേ?
ഒരിക്കലെങ്കിലും നിയമം തെറ്റിക്കണമെന്നും കൊട്ട പോലുള്ള എന്‍റെ മൂര്‍ച്ചയുള്ള കയ്യില്‍ അവനെ തോണ്ടിയെടുത്ത് നിലത്തടിച്ച് എന്‍റെ അരിശമത്രയും തീര്‍ക്കണമെന്നും ഞാനെത്ര മേല്‍ ആഗ്രഹിക്കുന്നു . ആനയ്ക്ക് പാപ്പാനോട് ഉണ്ടാവുന്ന രഹസ്യമായ വൈരം എനിക്കെന്‍റെ സാരഥിയോടും ഉണ്ട്.

ഇത്ര നാളും ഞാന്‍ കോരിയെടുത്തതിന്‍റെ ഇരട്ടി മണ്ണാണ് മലയില്‍ നിന്നും അടിഞ്ഞിരിക്കുന്നത് . എത്ര ദിവസമായി ഞാനിവിടെ ഇളക്കി മറിക്കുന്നു. ഇതെന്‍റെ പശ്ചാത്താപം കൂടിയാണ്. ഞാന്‍ മൂലം മണ്ണിടിയിലായവരെ തിരഞ്ഞു കണ്ടെത്തുന്ന ഈ ദൌത്യം എന്തു മാത്രം വേദനാജനകമാണെന്ന് നിങ്ങള്‍ക്കൂഹിക്കാമോ? മണ്ണിനു മേലെ അനാഥരായിപ്പോയ പിഞ്ചുകുഞ്ഞുങ്ങള്‍ , പ്രായമായവര്‍ ..

കുഞ്ഞിന്‍റെ കയ്യില്‍ നിന്ന് പിടിവിടാത്ത ഒരമ്മയുടെ മണ്ണു തിന്ന മുഖം എന്‍റെ ഉള്ളം പിച്ചിച്ചീന്തുന്നു. ചത്തടിഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ , ആരെയോ തിരയുന്ന പോലെ നിലവിളിച്ചു നടക്കുന്ന ഒരു പൂച്ച ഇതിലെയൊക്കെ ചുറ്റി നടക്കുന്നു ..എന്നെ ഇടയ്ക്കിടെ ഭയത്തോടെ ഉറ്റു നോക്കുന്നു ..

ഒരിക്കല്‍ ഒരു റിസോര്‍ട്ട്നിര്‍മാണത്തിനായി ഒരു കുന്ന് നിരത്തുമ്പോഴാണ് പ്രതിഷേധപരിപാടിക്കാരുടെ ഒരു പ്രസംഗം എന്‍റെ ചെവിയിലേക്ക് ഉരുക്കിയ ഈയമായി വീണത് . “അണുവായുധത്തേക്കാള്‍ ഭീകരമായ കണ്ടുപിടുത്തമാണ് ബുള്‍ഡോസര്‍ . ഭൂമിയെ ആ യന്ത്രം ലോറികളില്‍ കയറ്റാവുന്ന കേവലം മണ്‍ലോഡുകളായി മാറ്റിക്കൊണ്ടിരിക്കുന്നു..” ഹൊ! എത്രയായിരുന്നു ആ വാക്കുകളുടെ ശക്തി. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന പാപത്തിന്‍റെ വലുപ്പം അന്നാണ് എന്‍റെ ഉള്ളില്‍ തൊട്ടത് .എത്ര കുന്നുകളും മലകളും ഞാന്‍ മൂലം വെറും പൊടിമണ്ണായി. എത്ര പുഴകളുടെ കരകളെ ഞാന്‍ സുഖവാസ മന്ദിരങ്ങള്‍ക്കായി കാര്‍ന്നെടുത്തു..

ഈ തെറ്റുകളെല്ലാം തിരുത്തണമെന്നും ഒരു നന്മയെങ്കിലും ചെയ്യണമെന്നും അതിയായ ആഗ്രഹം തോന്നുന്നു . ഞാന്‍ മൂലം ഇനിയും ഈ നാടിനെ പ്രളയം വിഴുങ്ങരുതെന്നും എനിക്കാശയുണ്ട് . എന്‍റെ ആന്തരാവയങ്ങള്‍ എന്നേക്കുമായി പണിമുടക്കിയെങ്കിലെന്ന് ഞാനെത്ര മോഹിക്കുന്നു . എന്ത് പ്രയോജനം? ഞാനല്ലെങ്കില്‍ വേറൊന്ന് ..നാശത്തിന്‍റെ കൈകള്‍ക്ക് വളര്‍ച്ച കൂടുതലാണെന്നും അത് വെട്ടി മാറ്റാന്‍ നന്മയുടെ കൈ ഇനിയും ഒരു പാട് കരുത്ത് നേടണമെന്നും ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട് . പക്ഷെ , എന്‍റെ തോന്നലുകള്‍ക്ക് എന്താണ് പ്രസക്തി? മനുഷ്യന്‍ എന്ന സങ്കീര്‍ണജീവിയുടെ വെറുമൊരു അടിമ മാത്രമല്ലേ ഞാന്‍ .വെറുമൊരു അടിമ ..