Pages

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

തണല്‍മരങ്ങള്‍(കഥ)
ബസില്‍ ഉറക്കം തൂങ്ങിയിരുന്ന എന്നെ തട്ടിയുണര്‍ത്തുന്നതായിരുന്നു ആ ചോദ്യം –

'കുട്ട്യേ ,ഈ ഫോണില് ഇപ്പം വിള്‍ച്ചത് ആരാന്ന് ഒന്ന് നോക്കിപ്പറഞ്ഞാ..നോക്കീട്ട് കണ്ണ് പിടിക്കണില്ല.'

യാത്രകളില്‍ അധികമാരുമായും സംസാരിക്കരുതെന്നാണ് ഉമ്മയുടെയും ഉപ്പയുടെയും ഉപദേശം. തനിച്ചുള്ള യാത്രകള്‍ ..നിത്യവും വാര്‍ത്തകളില്‍ ആരും നല്ലതൊന്നുമല്ലല്ലോ കേള്‍ക്കുന്നത്.
നോകിയയുടെ വളരെ പഴയ  ഫോണ്‍..സ്‌ക്രാച്ച് വീണ് സ്‌ക്രീന്‍  മങ്ങിപ്പോയിരിക്കുന്നു.

'സൈനുദ്ധീന്‍ എന്നൊരാളാ വിളിച്ചിരിക്കുന്നത്.'

'ആ , അത്ന്റെ മോനാ..അവ്‌ടെ ഇര്ന്നങ്ങനെ വിള്‍ച്ച്‌ട്ടെന്താ കാര്യം? ഉമ്മ ഹയാത്തില്  ണ്ടോന്ന് അറിയാനാവുംഹിമാറ്.'

ആ ശകാരം എന്നെ അലട്ടി. ഉമ്മ ചെറുതായി ദേഷ്യപ്പെടുമ്പോഴേക്ക് വലിയ സങ്കടമാണ് എനിക്ക്.

'മോള് ഒറ്റയ്ക്കാണോ?എവ്ട്ന്നാ വര്ണ്?'

മറുപടി പറയുംമുമ്പ് മനസ്സ് അവരെ ഒന്നൂടെ വിശകലനം ചെയ്തു. വല്ല തട്ടിപ്പും ആയിരിക്കുമോ?എന്റെ മേലാണെങ്കില്‍ ചെറിയ സ്വര്‍ണാഭരണങ്ങളുണ്ട്..

'ഉം ,കോഴിക്കോട്ട്ന്നാ.'

'അത് ശരി ,അവിടെന്താ പഠിക്കാണോ?'

'ഉം '

'എവിട്ക്കാ മോള് പോണ്?'

'പാലക്കാട്'

'ന്റെ പടച്ചോനേ,അത്രേം ദൂരം ഇജൊരു വാല്യക്കാരത്തി  ഒറ്റയ്ക്കാണോ പോണ്? കാലം ശരിയല്ല മോളേ..അന്റെ ഇമ്മേം  ഇപ്പേം എവ്‌ടെ?'

'ഗള്‍ഫിലാ, ഉപ്പാന്റെ നാട്ടിലേക്കാ പോണത്'

'ഉം ,ഇന്‍ക്ക് കൊട്ടപ്പൊറത്ത് എറങ്ങണം..അവിടെത്തുമ്പോള്‍ക്ക് ഞാന്‍ ഒറങ്ങിപ്പോയാ വിളിക്കണം ട്ടോ.ആശൂത്രീല് നിന്ന് നിന്ന് ചടച്ചു.'

'എന്തായിരുന്നു അസുഖം?'

'അതൊന്നും പറേണ്ടന്റെ കുട്ട്യേ. വയറ്റുവേദന..പുണ്ണ്ണ്ട് ന്നാ  ഡോകടര് പറയണ്..ഇല്ലാണ്ടിരിക്കോ? ദുനിയാവിലെ ഹയാത്ത്ന്റെ ഇടങ്ങേറ് അങ്ങനെ ഓരോന്നായി പൊറത്ത്ക്ക് ചാടും. പുണ്ണ്! , കാന്‍സര്‍ ,പേരങ്ങനെ മാറും ന്നേള്ളൂ..'

ആ തത്വജ്ഞാനം എന്നെ അമ്പരപ്പിച്ചു. വെറും ഒരു നാടത്തി എത്ര സൂക്ഷ്മമായി ജീവിതത്തെ വിലയിരുത്തുന്നു...

'എന്നിട്ട് കുറഞ്ഞോ?'

'എവടെ കൊറയണ്? മാസക്കണക്കിനു ആശൂത്രീപ്പോയി കെടക്കാമ്പറ്റോ? ഡോക്ടര്‍മാര്ക്കാണെങ്കില്‍ ഓലെ മുന്നിലെ വര്യങ്ങനെ നീണ്ടു കെടന്നാ മതി. അസുഖം മാറണേല്‍ റബ്ബ് വേറെ കനിയണം.പാവം മൂപ്പരെ കാല് മരക്കുറ്റിയായി. മടക്കുമ്പളും നീര്ത്തുമ്പളും വേദനീം വെര്‌ത്തോം...'

'ആര് ,ഇങ്ങളെ ഭര്‍ത്താവോ?'

'ആ ,മൂപ്പരന്നെ, ഓലന്നേള്ളൂ ഇന്‌ക്കൊരു തൊണ. മക്കളൊന്നുണ്ടായിറ്റ് ഒരു കാര്യും ഇല്ലന്റെ കുട്ട്യേ..മീശേം താടീം വെച്ച് പെണ്ണ് കെട്ടി കുട്ടി രണ്ടായിട്ടും ഒര്ത്തന് ഇപ്പളും ഞങ്ങള് ചെലവിന് കൊട്ക്കണം. മറ്റോന്‍ പിന്നെ ഞങ്ങളെ നോക്കീല്ലേലും ഓന്റെ പെണ്ണിനേം കുട്ട്യാളേം നോക്ക്യോളും..ഇച്ചെയ്ത്താന്‍ ആ സൈനുദ്ദീന്‍ ഉണ്ടല്ലോ, കള്ള് കുടിക്കാനും ശീട്ട് കളിക്കാനും അല്ലാണ്ട് ഓനെ ഒന്നിനും പറ്റൂല്ല. '

'അവരുടെ ഭാര്യ പറഞ്ഞാലും അയാള്‍ കേള്‍ക്കൂലെ?'

''അതന്നെ ഞങ്ങളും കര്തീത്. കല്യാണം കഴിഞ്ഞാലേലും ഓന്‍ നേരാകൂന്ന്. അപ്പെങ്കുട്ടീന്റെ കണ്ണീര് കാണുമ്പം ഖബറിലും ഞങ്ങക്ക് സമാധാനം കിട്ടൂന്ന് തോന്നണില്ല.'

'എന്നിട്ടിപ്പം എന്തിനാ അയാള്‍ വിളിക്ക്ണ്?'

'വിറ്റ് വിറ്റ് ഞ്ഞാകെ ആ മൂന്നു സെന്റും ഓട്ടുപൊരയും മാത്രേ ബാക്കീള്ളൂ. രണ്ട് ആമ്പെറന്നോരിക്കും ഓലെ ഓരി കിട്ടണം. പെങ്കുട്ട്യാളെ കെട്ടിക്കാന്‍ സ്ഥലം വിറ്റതോണ്ട് ഞ്ഞൊരു വക കൊട്ക്കണ്ടാന്നാ ഓലെ വര്‍ത്താനം. അത് ഓലെ പെരക്കാര് സമ്മയ്‌ക്കോ?അത് മാത്രോ ,പെര വിറ്റാ ഞാനും മൂപ്പരും എങ്ങോട്ട് എറങ്ങും? ഇത് വല്ലതും ആ ഇബ്ലീസീങ്ങള്‍ക്ക് അറിയണോ?അത് കച്ചോടാക്കാനാ ആ ഹംക്കിന്റെ വിളി..'

'ഇങ്ങള് രണ്ടാളും സട്രോങ്ങായിട്ടു നില്‍ക്കണം. വിട്ടു കൊടുക്കരുത്. ഉള്ളത് കൂടി പോയാല്‍ നിങ്ങളെവിടെ പോകും?'

'അതന്നെ മോളേ ഞാനും കര്ത്ണ്.ന്റെ കുട്ടി ഇമ്മാനേം ഇപ്പാനേം നല്ലോണം നോക്കണംട്ടോ. ഉമ്മാന്റെ കാല്‍ച്ചോട്ടിലാ സ്വര്‍ഗംന്നാ മുത്തുനബി പഠിപ്പിച്ചിരിക്ക്ണ്..'

'ബാ.' –വൃദ്ധനായ ഒരാള്‍ സീറ്റിനരികെ വന്ന് അവരെ തോണ്ടി. കൊട്ടപ്പുറം എത്താറായിരിക്കുന്നു. എഴുന്നേറ്റപ്പോള്‍ അവര്‍ക്ക് നില്‍പ്പുറച്ചില്ല..വീഴാന്‍ പോയ അവരെ അയാളുടെ ചുളിഞ്ഞ കൈ ക്ലേശത്തോടെ താങ്ങി.നരച്ച കാലന്‍കുട മറുകയ്യില്‍ തൂങ്ങുന്നു..വീഴാന്‍ പോകുമ്പോഴും അവര്‍ എന്നെ വിളിച്ചു മോളേ ,ഇറങ്ങാട്ടോ..'

ബസ് കുതിപ്പോടെ സഡന്‍ബ്രേക്കിട്ടു. എല്ലാവരും മേല്‍ക്കുമേല്‍ ചാഞ്ഞു. സീറ്റ്കമ്പിയിലടിച്ച കൈ ഉഴിഞ്ഞുകൊണ്ട് അവര്‍ പ്രാകിക്കൊണ്ടിരുന്നു. 'ഈ ഡൈവര്‍ക്ക് കണ്ണ് മോത്തൊന്നല്ലേ?അച്ചാര്‍കുപ്പി പോലല്ലേ ഓന്റെ കുല്‍ക്കല്..' 

ഉറക്കെയുള്ള ആ പ്രസ്ഥാവന എല്ലാവരെയും ചിരിപ്പിച്ചു. അയാള്‍ ദൈന്യത്തോടെ എല്ലാവരെയും നോക്കി അവരെ ഇറങ്ങാന്‍ സഹായിച്ചു. നരച്ച ആ സ്‌നേഹത്തണല്‍ എല്ലാ വെയിലും കൊണ്ട് നിറം കെട്ടു തുള വീണ് ദുര്‍ബലമായി അവര്‍ക്ക് മീതെ ചാഞ്ചാടി.അതെത്ര കാലത്തേക്കാവും? അതിനു കീഴെ ഒരു മങ്ങിയ നിഴലായി നടന്നു നീങ്ങിയ അവരുടെ ഇടറുന്ന കാലടികള്‍ ജീവിതത്തിന്റെ ചുരുക്കെഴുത്ത് എന്താണെന്ന് എന്നെ ഓര്‍മിപ്പിച്ചു...നിലക്കാത്ത ചോദ്യചിഹ്നങ്ങള്‍ ,അര്‍ധവിരാമങ്ങള്‍, ഒടുവില്‍ എത്തിച്ചേരുന്ന പൂര്‍ണവിരാമത്തിന്റെ വെള്ളപ്പുതപ്പ്...

സീറ്റിലേക്ക് ചാരിയിരുന്നപ്പോള്‍ തൊട്ടടുത്തു വന്നിരുന്ന ന്യൂജനറേഷന്‍ ഗേള്‍ ഇയര്‍ഫോണ്‍ ചെവിയിലേക്ക് തിരുകി..മുട്ടോളമെത്തുന്ന ഇറുകിയ പാന്റില്‍ താളമടിച്ചുകൊണ്ട് അവള്‍ ഒരു ഗെയിമിന്റെ തീരാത്ത രസത്തുരുത്തിലേക്ക് ഊളിയിട്ടു.. എന്റെ റബ്ബേ , ഓരോ യാത്രയും എന്തു മാത്രം വ്യത്യസ്തമായ ജീവിതസമസ്യകളെയാണ് മുന്നിലേക്കിടുന്നത്..

ഞാന്‍ സീറ്റിലേക്ക് ചാരി വെറുതെ കണ്ണടച്ചു.......................