Pages

2014, ഏപ്രിൽ 20, ഞായറാഴ്‌ച

ച്യൂയിംഗജീവിതം(കഥ)


മുമ്പെന്നോ വായിച്ച ഒരു കഥ പിന്നീടെപ്പോഴോ കസേരയിട്ട് ജീവിതത്തിലേക്ക് കടന്നിരിക്കുക! അങ്ങനൊരു അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്തോ? കോളേജില്‍ പഠിച്ചിരുന്ന കാലത്താണെന്നു തോന്നുന്നു 'വഴിയോരം എന്ന ആ കഥ വായിച്ചത്. കഥയുടെ പ്രേതം ഒരാമ പോലെ തന്റെ പിന്നാലെ ഇഴയുന്നുണ്ടെന്നു ചോരച്ച ഈ ആമക്കാലുകള്‍ കാണുമ്പോള്‍ മാത്രമാണറിയുന്നത്..വിണ്ടു കീറിയ പുറന്തോട് കോക്രി കാട്ടി ചിരിക്കുന്നു..അവസാനം തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരു പെങ്ങളുടെ കഥയായിരുന്നു അത്. അച്ഛനും അമ്മയും മരിച്ചതോടെ ച്യൂയിംഗം പോലെ ചവച്ചെറിയപ്പെട്ട ആ ജീവിതം തെരുവിന്റെ മുള്‍ക്കാട്ടിലേക്കിറങ്ങേണ്ടി വന്നു.

കരയുന്ന ചിലങ്ക പോലെയായിരുന്നു  അവരുടെ മനസ്സ്..കിലും കിലും എന്നു കാണികള്‍ക്കത് ഹര്‍ഷാരവം നല്‍കിയപ്പോഴും ഓട്ടുമണികള്‍ക്കുള്ളില്‍ കണ്ണീര്‍ കിനിഞ്ഞു. മുഷിഞ്ഞ വസ്ത്രം അവരെ നോക്കി വാടിയ ചിരി ചിരിച്ചു. ജോലി ഉണ്ടായിരുന്ന അന്ന് ഇങ്ങനെയൊന്നും നടന്നതല്ല. പരസഹായം വേണ്ടി വന്നപ്പോഴാണ് ഈ അണ്ണാച്ചിക്കോലം കെട്ടേണ്ടി വന്നത്. പെന്‍ഷന്‍ പോലും ആങ്ങള കൈക്കലാക്കും. ഒരു ഒപ്പിനു വേണ്ടിയായിരുന്നു ഇത്ര നാളും നീണ്ട ശണ്ഠ..തന്റെ പേരില്‍ ഇത്തിരി മണ്ണുള്ളത് കൈക്കലാക്കാനാണ് ഈ ആര്‍ത്തി..

വഴിയോരത്തു ചടഞ്ഞിരിക്കുമ്പോള്‍, ഒരാള്‍ പതുക്കെ നടന്നു പോകുന്നു..ഭൂതകാലത്തില്‍ നിന്നൊരു ചരട് മുന്നിലൂടെ അനങ്ങുന്നതായി തോന്നി.

'ഏയ്'

പതിഞ്ഞ ശബ്ദത്തില്‍ അവര്‍ വിളിച്ചു. ചിതറിയ തേങ്ങല്‍ പോലെ അതയാളെ സ്പര്‍ശിച്ചു.

'ഓര്‍മയുണ്ടോ?'

തീക്ഷ്ണത വറ്റിത്തീരാത്ത കണ്ണുകളിലേക്ക് ഉറ്റു നോക്കി അവര്‍..അങ്ങനെ നോക്കാനാഗ്രഹിച്ച കാലത്ത് അവര്‍ക്കതിനു അനുവാദമുണ്ടായിരുന്നില്ല..കോളേജിന്റെ നെടുങ്കന്‍ നിയമങ്ങളും ജയില്‍ ഭിത്തികളും പ്രേമത്തെ ഒരിക്കലും തളിര്‍പ്പിച്ചിരുന്നില്ല. ചാടിക്കേറി ചുറ്റിപ്പിണഞ്ഞു വളരാനുള്ള വിരുത് വള്ളിക്കൊട്ട് ഉണ്ടായതുമില്ല. നാണം കുണുങ്ങി ഇല കൂമ്പി ആര്‍ക്കും വേണ്ടാതെ അതൊട്ടുകാലം വഴിയോരത്ത് കിടന്നു. കടന്നു പോകുന്നവരുടെ തുപ്പും ചവിട്ടും കൊണ്ട്..എങ്ങനെ സഹിച്ചാവോ ആത്മാവതെല്ലാം.. ഭര്‍ത്താവെന്ന എകാധിപതി പിന്‍കാലാല്‍ തോഴിച്ചെറിഞ്ഞപ്പോഴും അതിശയിച്ചു  എങ്ങനെ സഹിക്കുന്നു ആത്മാവ് ഈ നിരാസമത്രയും....

'മനസ്സിലായോ എന്നെ? പണ്ട് കോളേജ് മാഗസിനിലെ എന്റെ കഥയെക്കുറിച്ച് താങ്കള്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു.'

'ആണോ? ഏതു കോളേജീന്ന്?'

മറവിയുടെ ആ ചവര്‍പ്പ് അവരെ ഉള്ളാലെ കരയിച്ചു. എന്നാലും സായാഹ്നത്തില്‍ കിട്ടിയ ഈ ഒരേയൊരവസരം കളഞ്ഞുകൂടാ..

'ഓര്‍മയില്ലേ? കുട്ടികള്‍ ജയില്‍ കോളേജെന്നാണു വിളിച്ചിരുന്നത്. ഇനിയും എഴുതണം എന്നൊരു മധുരവാക്ക് ആ കഥയുടെ അടിയില്‍ കമന്റെഴുതിയിരുന്നു.'

നീണ്ട കോട്ടുവായിലൂടെ അയാള്‍ പ്രതികരിച്ചു. വായില്‍ അവിടവിടെയേ പല്ലുള്ളൂ. കണ്ട്മുട്ടാന്‍ പറ്റിയ പ്രായം തന്നെ! പുച്ഛം അവരുടെയുള്ളില്‍ തുപ്പല്‍ തെറിപ്പിച്ചു.

'സാര്‍ മലയാളം തന്നെയല്ലേ സ്‌കൂളിലും പഠിപ്പിച്ചിരുന്നത്? ഭാര്യക്കൊക്കെ സുഖമല്ലേ?'

മലവെള്ളം കണക്കെ വരുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ ആടിയുലഞ്ഞു.മറവിയുടെ മഞ്ഞുകൊട്ടാരത്തിലേക്ക് നൂണ്ടിരുന്ന് അയാള്‍ മന്ത്രിച്ചു.

'വേറെ ആരോന്ന് കര്തീട്ടാ ഇങ്ങള് വര്‍ത്താനം പറയണ്..'

ഓര്‍മയുടെ പൊടി പിടിച്ച ചില്ലുകള്‍ പൊട്ടിയും തകര്‍ന്നും അയാളുടെ ഭാണ്ഡത്തില്‍ നിന്നുതിര്‍ന്നു..കല്യാണഫോട്ടോ, കുറച്ചു പുസ്തകങ്ങള്‍, മക്കളുടെ മങ്ങിത്തുടങ്ങിയ കളര്‍ഫോട്ടോ,,

'അവര്‍ വലുതായതിന്റെ ഫോട്ടോകളൊന്നുമില്ലേ?'

ചിരപരിചിതയായി തന്റെ ജീവിതത്തിലേക്കൊരു കിളിവാതിലും തുറന്നിരിക്കുന്ന ആ അപരിചിതയെ അയാള്‍ പകപ്പോടെ നോക്കി.

'എത്ര ചിത്രം ഉണ്ടായിട്ടെന്താ? നിറം മങ്ങി വാര്‍ന്നു പോവാ മനസ്സീന്നെല്ലാരും..ഒരു വര പോലുല്ലാതെ ഒരു വെളുത്ത കര്‍ട്ടന്‍ മനസ്സിലങ്ങനെ ഇളകാ..'

ഒരു ചില്ലുതരിയെങ്കിലും തന്നെ ഓര്‍മിപ്പിക്കുന്നതായി അയാളുടെ ഉള്ളില്‍ ഉണ്ടായെങ്കിലെന്നു അവര്‍ തീവ്രമായി ആഗ്രഹിച്ചു. ഒരിക്കലും അടയാളപ്പെടാതെ പോയ ജീവിതത്തിന് ഒരിക്കലേലും സന്തോഷിക്കാന്‍.'ഈ ഭൂമിയിലാരുടെയും ഓര്‍മയില്‍ താനെന്നൊരു പെന്‍സില്‍രേഖ ബാക്കിയാവാഞ്ഞതെന്തേ?' അവരുടെ കവിളിലെ കണ്ണീര്‍കണങ്ങള്‍ മുട്ടിയുരുമ്മി ചോദിച്ചു..

അപ്പോഴതാ അവരെ അതിശയിപ്പിച്ചുകൊണ്ട് മറ്റൊരു തുണിസഞ്ചിയില്‍ ആ കോളേജ് മാഗസിന്‍. പോകാനായി എഴുന്നേറ്റ അയാളെ തടഞ്ഞു കൊണ്ട് അവളാ പുസ്തകം വലിച്ചെടുത്തു. 'ഹോ' സന്തോഷം കൊണ്ടവര്‍ക്ക് കൂകി വിളിക്കണമെന്നു തോന്നി. ആ പേജ് ചുവന്ന മഷിയാല്‍ അടയാളപ്പെട്ടിരുന്നു..'പ്രതിഭയുടെ കനലാട്ടമുണ്ട്, ശ്രമിച്ചാല്‍ ഉയരാം' എന്നൊരു കുറിപ്പ് തന്റെ കഥയുടെ താഴെ അയാള്‍ എഴുതിയിരുന്നു..മൂര്‍ച്ച വറ്റിത്തുടങ്ങിയ കണ്ണുകള്‍ പിന്നെയും പരതി. ഉണ്ടോ സ്‌നേഹിച്ചിരുന്നു എന്നൊരു നേര്‍ത്ത വാക്ക്..ഇല്ല ഒരിടത്തുമില്ല..വെറുമൊരു ഉള്ളിത്തോല്‍, കീറിപ്പോളിഞ്ഞു മുള്ളില്‍ കുരുങ്ങിയ വെറും പട്ടം..കാട്ടുമുള്ളല്ലാതെ മറ്റെന്തു ലഭിക്കാന്‍ സഹവാസത്തിന്..അവരാ പേജ് അയാളുടെ നേര്‍ക്ക് നീട്ടി ..

'ഓ ഇതോ? '

ശുഷ്‌കിച്ച കണ്ണുകളാല്‍ അയാള്‍ പരതി. കഥകളും കവിതകളും കുറുകിയിരുന്ന കണ്ണുകള്‍.

'പണ്ടു പഠിപ്പിച്ചിരുന്ന ഒരു കോളേജിലെ കുട്ടിയാ..ഇഷ്ടായിരുന്നു..ഒരിക്കലും നിറവേറാത്ത ഇഷ്ടങ്ങളുടെ പ്രേതാലയാ മനസ്സ്..'

ഉറക്കെ കരയണമെന്നും അയാളെ ഉമ്മ വെക്കണമെന്നും അവര്‍ക്കു തോന്നി..ചുളുങ്ങിയ തൊലി..ഇളകിയ നുരുമ്പിച്ച പല്ലുകള്‍..ആളുകള്‍ക്ക് ഇത്രേം നല്ലൊരു തമാശക്കാഴ്ച വേറെയുണ്ടാവില്ല..ഒരു പാട് വൈകിക്കിട്ടിയ ആ മധുരം എന്തു ചെയ്യേണ്ടൂ എന്നറിയാതെ അവര്‍ വിതുമ്പി..എത്ര മേല്‍ മാറുമായിരുന്നു ജീവിതം, അന്നാ തരു ആ ലതയെ ചുറ്റിപ്പിടിച്ചിരുന്നെങ്കില്‍..മനസ്സിലെ തല്ലിക്കെടുത്തിയ നാളങ്ങളൊക്കെ പ്രകാശം വിതറിയേനെ..നിശ്ശബ്ദമാക്കപ്പെട്ട വാക്കുകളുടെ ഉറവകള്‍ നിലവിളിച്ചും ചിരിച്ചും പേജിലേക്ക് ഒഴുകിയെത്തിയേനെ..ഓര്‍മകളുടെ അമ്മിക്കല്ല് അവരെ പ്രഹരിച്ചു..

'മതി' അയാളെഴുന്നേല്‍ക്കവേ അവര്‍ പറഞ്ഞു.

 'പുഴുവരിക്കുവോളം ഈ വഴിയോരത്തിരുന്നാലും എനിക്കിനി പരാതിയില്ല..എത്ര നുണഞ്ഞാലും തീരാത്തൊരു മധുരക്കട്ട ഒടുക്കം ജീവിതമെനിക്കു തന്നല്ലോ..പോവാതിരുന്നൂടെ ഇനിയെങ്കിലും? നമുക്കീ വഴിയോരക്കാഴ്ചകള്‍ കണ്ടിരിക്കാം..'

കോര്‍ക്കപ്പെട്ട അവരുടെ വിരലുകള്‍ പതുക്കെ അഴിച്ചു മാറ്റിക്കൊണ്ട് അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.

 'വാടിക്കൊഴിയും മുമ്പ് ഒരിക്കലേലും അവളെ കാണണമെന്നുണ്ട്. ചിലപ്പോ വല്യ വീട്ടിലാവും..വെള്ളം കുടിക്കാനോ മറ്റോ ചെല്ലുമ്പോള്‍ കണ്ടാലോ ജനലിലൂടെ..'

അവര്‍ക്ക് ആര്‍ത്തുകരയണമെന്നു തോന്നി.

'അതു ഞാനാ'

നിലവിളിച്ചുകൊണ്ട് വാക്കുകള്‍ ഇടറി ..ചടച്ച ആ പേക്കോലത്തെ  ഒട്ടിട നോക്കി പിറുപിറുത്തുകൊണ്ട് അയാള്‍  പോകാനെഴുന്നേറ്റു.

'ഛെ, ഇതെങ്ങനെ അവളാകും? ഇതേതോ കറുത്ത അണ്ണാച്ചി. വെളുത്തിട്ടായിരുന്നില്ലേ അവള്‍? വെളുത്ത് റോസ് നിറത്തില്‍!          

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

മുന്ന(കഥ)


മുന്നയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ഒരു റബറും പെന്‍സിലുമാണ് മനസ്സിലണയുക. തേഞ്ഞു തീരുന്ന റബര്‍ പോലെ ജീവിതം വക്കിടിഞ്ഞു വക്കിടിഞ്ഞു ആകൃതിയില്ലാതായ ഒരു മൊട്ടപ്പറമ്പു പോലെയായി.ശുഭ്രമായ പേപ്പറിലെ നെടുകെയും കുറുകെയുമുള്ള പെന്‍സില്‍ വരകളെ മായ്ച്ചു കളയുന്ന റബ്ബറുകള്‍..ഒടുക്കം ഓരോരുത്തരുടെ ജീവിതത്തിലേക്കും കടന്നു വരുന്ന എല്ലാം മായ്ച്ചു കളയുന്ന സൂത്രശാലിയായ മറ്റൊരു റബ്ബര്‍..ഈ ഭൂമി അങ്ങനെ എത്രയെത്ര മായ്ക്കലുകള്‍ക്ക് സാക്ഷിയായി..

മുന്ന അന്ന് എട്ടിലായിരുന്നു. മറ്റു കുട്ടികളേക്കാള്‍ വളര്‍ച്ചയുള്ള വികൃതിക്കുട്ടി. ക്ലാസ്സെടുക്കുമ്പോള്‍ അതേതും ശ്രദ്ധിക്കാതെ ചിത്രം വരച്ചുകൊണ്ടിരിക്കും. തീറ്റസാധനങ്ങള്‍ ഒളിപ്പിച്ചു വെച്ച് കറുമുറെ ചവക്കും. ചൂരല്‍ കയ്യില്‍ പതിയുമ്പോള്‍ നിസ്സംഗയായി ടീച്ചറുടെ മുഖത്തേക്ക് നോക്കും. പുറത്താക്കിയാലും രക്ഷയില്ല, കൂസലില്ലാതെ പുറത്തെ കാഴ്ചകള്‍ കാണും. മറ്റു കുട്ടികള്‍ക്ക് ചിരിക്കാനതു മതി.

'കുട്ടികളെ വല്ലാതെ തലയില്‍ വച്ചാലേ, അവര്‍ നമ്മളെ തള്ളി വീഴ്ത്തി പുറത്തു ചവിട്ടി നടന്നു പോകും. തെറിച്ച പിള്ളാരാ..'

ഒരിക്കല്‍ രാധാ മിസ്സ് പറഞ്ഞു. മഞ്ഞു മാസങ്ങളില്‍ പുല്‍ക്കൊടിത്തുമ്പില്‍ ചാഞ്ചാടുന്ന നീര്‍കണങ്ങള്‍ പോലെ നിര്‍മലരാണു കുട്ടികള്‍ എന്നായിരുന്നു തന്റെ ധാരണ. അവരുടെ സംസാരം മനസ്സിലെ കൂര്‍ത്ത കല്ലുകളെ വലിച്ചെറിയും. സന്തോഷത്തിന്റെ മുല്ലമൊട്ടുകള്‍ സൌരഭ്യമായി വാനില്‍ നിന്നുതിരും. തന്നെ നിരന്തരം പരിഹസിച്ചിരുന്ന ഒരു കുട്ടിയെ മുന്ന കോമ്പസ്‌കൊണ്ട് കുത്തി മുറിവാക്കിയപ്പോഴും എല്ലാവരും മുറുമുറുത്തു.

'അനിതാ മിസ്സിന്റെ ഫേവറിറ്റ് കുട്ടിയല്ലേ? ഇതൊക്കെ ചുട്ടെടുത്താലും കരിയാത്ത സൈസാ.'

അവള്‍ അന്ന് ഒരു ഭ്രാന്തിയെപ്പോലെ പുസ്തകങ്ങള്‍ വലിച്ചു പറിച്ച് എറിയാന്‍ തുടങ്ങി. കുട്ടികള്‍ കൊണ്ടു വന്ന അവളുടെ കെമിസ്ട്രി നോട്ട് ബുക്കില്‍ ഒരു പാട് ചിത്രങ്ങളുണ്ടായിരുന്നു. കൂടെയൊരു കുറിപ്പും 'കമ്പ്യുട്ടര്‍ ഗെയിമിലേതു പോലെ അത്ര ഈസിയല്ല ഒരാളെ കൊല്ലുന്നത്. സിനിമേലെ വില്ലന്മാര്‍ കൂട്ടായിരുന്നേല്‍ എനിക്കും ചിലരെയൊക്കെ കൊല്ലാനുണ്ടായിരുന്നു..'

മുന്നയുടെ ചിത്രങ്ങള്‍ പലതും വിചിത്രമായിരുന്നു. ഭയപ്പെടുത്തുന്ന കപ്പടാമീശകള്‍, അശ്രുവുതിരുന്ന വലിയ കണ്ണുകള്‍, ചങ്ങലയില്‍ കുരുങ്ങിയ ചോര കല്ലിച്ച ചെളിക്കാലുകള്‍..ദ്വാരങ്ങളില്ലാത്ത വലിയൊരു മതിലിനരികെ മോങ്ങിക്കൊണ്ടിരിക്കുന്ന നായ്ക്കുഞ്ഞുങ്ങള്‍..

ചൂളം വിളിക്കുന്ന കാറ്റ് പോലെ ആ ചിത്രങ്ങള്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി..ആ കുട്ടി മനസ്സില്‍ എന്തൊക്കെയോ കൊണ്ടു നടക്കുന്നുണ്ട്, ഒരു നല്ല കൌണ്‍സിലിംഗ് അവള്‍ക്ക് കിട്ടിയേ തീരൂ. അതിനും അവളുടെ മമ്മിയെ കാണണം. ഒരു പാരന്റ്‌സ് മീറ്റിങ്ങിലും അവളുടെ വീട്ടില്‍ നിന്നും എത്തിയിട്ടില്ല ആരും. അതിന്റെ പേരില്‍ കിട്ടുന്ന അടിയും അവള്‍ ഒന്നും പറയാതെ കൂളായി സ്വീകരിക്കും..

ഒരു വൈകുന്നേരം സൂര്യന്‍ ചെമ്പട്ട് വിരിച്ച് ശയിക്കാന്‍ പുറപ്പെടുന്നേരം അവളുടെ പുറത്തു തലോടി താന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു." ഇന്ന് മോളുടെ വീട്ടിലേക്ക് ഞാനും വരുന്നു. എനിക്ക് മോള്‍ടെ  മമ്മിയെ ഒന്നു കാണണം".

മൌനിയായി അവള്‍ ഭീതിയോടെ എന്നെ നോക്കി. സമ്മതം ആവശ്യമില്ലാത്ത മട്ടില്‍ ഞാന്‍ പിന്നാലെ നടന്നു. വിശാലമായ പറമ്പുകള്‍ പിന്നിട്ട് നടന്നെത്തിയത് ഒരു കൂറ്റന്‍ മതിലിനരികെയാണ്. ദ്വാരങ്ങളില്ലാത്ത മതിലുകളുടെ പെന്‍സില്‍ വരകള്‍ മനസ്സിലേക്ക് പാറി വീണു. സംശയിച്ചു സംശയിച്ച് അവള്‍ ഗേറ്റ് തുറന്നു. കുരച്ചു കൊണ്ടോടി വന്ന കൂറ്റന്‍ നായ്ക്കള്‍ അവളെക്കണ്ട് നിന്നെങ്കിലും എന്നെ നോക്കി വേഗം സ്ഥലം വിട്ടോളൂ എന്ന് ഉഗ്രമായി കുരച്ചു കൊണ്ടിരുന്നു. നിസ്സഹായയായി പിറകിലേക്ക് ഇടയ്ക്കിടെ നോക്കി വിസ്തൃതമായ തൊടിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ജനലുകള്‍ കുറഞ്ഞ ആ വലിയ വീട്ടിലേക്ക് അവള്‍ പതുക്കെ നടന്നു. ഇരുള്‍ അതിനെ പുതച്ചു തുടങ്ങിയിട്ടും എവിടെയും ഒരു പ്രകാശ നാളവും കാണാനുണ്ടായിരുന്നില്ല.

ക്ലേശം നിറഞ്ഞ മനസ്സോടെ ഹോസ്റ്റലില്‍ എത്തി. പിന്നെ കുറെ ദിവസം കൊമ്പന്‍ മീശയുള്ള മൂന്നു പേര്‍ എന്റെ പിന്നാലെ നായ്ക്കളെ അഴിച്ചു വിടുന്നതായിരുന്നു സ്വപ്നം..

ദിനങ്ങളും വര്‍ഷങ്ങളും അതില്‍ പിന്നെ എത്ര കടന്നു പോയി. കാലം ഇല പൊഴിച്ചു, വീണ്ടും തളിര്‍ത്തു..ഋതുഭേദങ്ങളുടെ പുത്തന്‍ നാമ്പുകള്‍ കണ്ണ്  തുറന്നു. താനാ ഇംഗ്ലീഷുമീഡിയം വിട്ടു മറ്റൊരു സ്‌കൂളിലെത്തി. ഓര്‍മകളിലേക്ക് തൂവലായി മുന്ന പാറി വീണത് ഒരു വാര്‍ത്ത വായിച്ചപ്പോഴാണ് സ്വന്തം മകളെ പിതാവ് തന്നെ കൊലപ്പെടുത്തിയത്രെ. ജയില്‍ഭിത്തി പോലുള്ള മതിലുകളാണ് വീടിന്..അയല്‍ക്കാര്‍ക്ക് പോലും ആ വീട്ടില്‍ എന്തു നടക്കുന്നു എന്നറിഞ്ഞുകൂടാ. അഞ്ചു ഭീമന്‍ നായ്ക്കളാണ് വീടിനു കാവല്‍..അവളുടെ പേരും മുന്നയെന്നാവണം..ഭക്ഷണം കഴിക്കേ സൈന്യത്തിന്റെ വെടിയേറ്റ് വീണ ഒരു  കുഞ്ഞിന്റെ ചിത്രവും കണ്ടു. അവന്റെ വായിലെ അപ്പം ചോരയില്‍ കുതിര്‍ന്നു കിടക്കുന്നു..അവന്റെ /അവളുടെ പേരും മുന്നയെന്നല്ലാതെ മറ്റെന്താണ്?      

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

ദിസ് പ്രോഗ്രാം സ്‌പോണ്‍സേര്‍ഡ് ബൈ..(കഥ)


തുടക്കുന്നതിനിടെ വസു ഇടയ്ക്കിടെ ടീ വിയിലേക്ക് ചൂണ്ടലിട്ടു. കണ്ണില്‍ കോര്‍ക്കുന്ന രാജകീയവിവാഹത്തിന്റെ വരാല്‍മീനുകള്‍ അവനെ ശ്വാസം മുട്ടിച്ചു. ഒരു നേരം പോലും തിന്നാനില്ലാത്ത തന്റെ വീട്..ഇവിടെ ഈ പെട്ടിക്കാഴ്ചയില്‍ എന്തെല്ലാം തരം ഭക്ഷണങ്ങളാണ്..താരസുന്ദരിയുടെ വിവാഹവസ്ത്രത്തിന്റെ പൊലിപ്പിച്ച വിവരണം മുതലാണ് പെട്ടിക്കാഴ്ച്ചയുടെ ആര്‍ഭാടം തുടങ്ങിയത്.

'എന്താടാ മാക്രീ കണ്ണ്! തുറിച്ചു നിക്കണ്? പണിയെടുക്കുമ്പോ വേഗതങ്ങ് തീര്‍ക്കണന്ന് പറഞ്ഞിട്ടില്ലേ?'

കൊച്ചമ്മ ദേഷ്യത്തോടെ മുതുകില്‍ പിടിച്ചു തള്ളിയപ്പോള്‍ നനഞ്ഞ തറയിലൂടെ അവനൊരു പന്തു പോലെ  ഉരുണ്ടു. ചുമരിലിടിച്ചു ചുണ്ടില്‍ ചെറിയൊരു ഗോലി ഉരുണ്ടു വരികയും ചെയ്തു.കണ്ണില്‍ നിന്നും വീഴുന്ന കലക്കുവെള്ളം ഗൌനിക്കാതെ അവന്‍ വേഗം തുടയ്ക്കാന്‍ തുടങ്ങി. പോത്തിന്‍തോലു പോലെ കറുത്തു രോമം നിറഞ്ഞ തന്റെ ശരീരത്തെ അവന്‍ വെറുപ്പോടെ നോക്കി. നശിച്ച ജീവിതം...

പഴകിയ ചോറ് വലിച്ചു  വാരിത്തിന്നുമ്പോഴും അവന്റെ കണ്ണുകള്‍ ടീവിയിലേക്ക് പാറി വീണു. പൊന്നിലും വജ്രത്തിലും മൂടിയ നടിയിപ്പോള്‍ മണ്ഡപം വിട്ടിറങ്ങുകയാണ്. പോന്നു പോലെ തിളങ്ങുന്ന പട്ടുപുടവ..അതേ ഷോട്ടിന്റെ അങ്ങേപ്പകുതിയില്‍ ആളുകള്‍ നിരയായി ഭക്ഷണക്കൂനകളില്‍ നിന്നും തിന്നു മദിക്കുന്നു..കുടിച്ചു കൂത്താടുന്നു, വേറെ ചിലര്‍.

പൊളിച്ചു വച്ച അവന്റെ വായക്കരികിലൂടെ ഒരു ഈച്ച പാറിക്കൊണ്ടിരുന്നു.

പിന്നെ രംഗത്തിലേക്ക് വണ്ടികളുടെ നീളന്‍ വാലുകള്‍ വര്‍ണക്കടലാസു പോലെ മന്ദം മന്ദം ഇളകി. ഏറ്റവും വില കൂടിയ കാറുകള്‍ ഏറ്റവും മുന്തിയ അലങ്കാരങ്ങളോടെ..വണ്ടികള്‍ കാണാനുള്ള ആര്‍ത്തിയോടെ അവന്‍ കതകില്‍ ചാരി പതുങ്ങി നിന്നു..ഹോ ..എന്തെല്ലാം നിറങ്ങള്‍..എന്തൊരു ഭംഗി എന്റെ ഈശ്വരാ..

'നാശം! പിന്നേം നീ ടീ വി കാണാന്‍ തൊടങ്ങ്യോ? തീറ്റ കഴിഞ്ഞെങ്കി ആ തോട്ടത്തിലെ ചെടികളൊക്കെ ഒന്നു നനച്ചോ. മണ്ണിളക്കി വളവും ഇടണം.   ഒരു പണിയും ഇല്ലാത്ത പോലല്ലേ അവന്റെ വായും പോളിച്ചുള്ള നില്‍പ്പ്..'

അവന്റെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ട് കൊച്ചമ്മ ആക്രോശിച്ചു.

വേനലില്‍ വരണ്ടു വിണ്ട മണ്ണിനോട് തൂമ്പ കലമ്പല്‍ കൂട്ടി. വൈകുന്നേരമായപ്പോഴേക്ക് ക്ഷീണം അവനെ ചപ്പാത്തിമാവു പോലെ കുഴച്ചു. മയക്കത്തില്‍ അവന്‍ ആഹാരക്കൂമ്പാരത്തിനിടയില്‍ ഒരു രാജാവിനെപ്പോലെ ഇരുന്നു. വയര്‍ നിറയുന്നതിന്റെ സുഖം..ഹാ..വിശപ്പിന്റെ കൊല്ലുന്ന വേദനയില്ലാത്ത ഒരു ലോകം ദൈവമേ വന്നു ചേര്‍ന്നെങ്കില്‍..

കാലില്‍ കഠിനമായതെന്തോ പതിച്ച ഞെട്ടലില്‍ അവന്‍ ചാടിയെഴുന്നേറ്റു. വലിയൊരു ചൂരലുമായി കൊച്ചമ്മ..മുഷിഞ്ഞ ട്രൌസറിന് താഴെ വരമ്പു പോലെ ചുവന്ന തിണര്‍പ്പുകള്‍..ട്രൌസറിലെ നനവ് കണ്ടപ്പോള്‍ അവനു ജാള്യത്താല്‍ കണ്ണു നിറഞ്ഞു. മങ്ങുന്ന നിഴലു പോലെ മാഞ്ഞു പോകുന്ന ഭക്ഷണക്കൂമ്പാരങ്ങള്‍..മുമ്പൊരിക്കല്‍ ടീവിയില്‍ കണ്ട ഒരു അഭിമുഖസംഭാഷണം ഒരു കാര്യവുമില്ലാതെ അവനപ്പോള്‍ ഓര്‍മ വന്നു!

അവതാരകന്‍: കേരളം മുഴുവന്‍ ആദരിക്കുന്ന ഒരു എഴുത്തുകാരനാണല്ലോ അങ്ങ്. താങ്കളുടെ ഒരു ദിവസത്തെക്കുറിച്ചു പ്രേക്ഷകരോട് പറയാമോ?

സാഹിത്യകാരന്‍: രാവിലെ എട്ടു മണിക്കേ എഴുന്നേല്‍ക്കൂ.(ചിരിക്കുന്നു). ഉറക്കം എന്റൊരു വീക്ക്‌നെസ്സാ. വല്ല പാര്‍ട്ടിയും കഴിഞാണെങ്കി ഒന്നു കൂടിയതിന്റെ ക്ഷീണവും കാണും. നെയ്യോഴിച്ച കഞ്ഞിയാ പ്രാതല്‍ എന്നും. പണ്ടേ ഉള്ളൊരു ദുശ്ശീലം. പിന്നെ ഇറച്ചി മീന്..ഒക്കെ കണ്ടു കണ്ട് മടുത്തു..

കൊച്ചമ്മയുടെ പിന്നാലെ വേച്ചു വേച്ചു നടക്കുമ്പോള്‍ ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായി തോന്നി അവന്..

രാത്രി- ജോലികളുടെ ചവറുകൂനയിലേക്ക് ഞെട്ടറ്റു വീഴാനുള്ള തന്റെ ദിനങ്ങളെ പ്രാകിക്കൊണ്ട് അവന്‍ കണ്ണടച്ചു. കോടിക്കണക്കിനു വിലകിട്ടുന്ന താരവിവാഹങ്ങള്‍ ചാനലുകള്‍ ആഘോഷിച്ചു തിമിര്‍ക്കുന്നു..നീചമായ തങ്ങളുടെയൊന്നും ജീവിതത്തിലേക്ക് ഒരു കപ്പക്കഷ്ണം നീട്ടാന്‍ പോലും ഒരു സ്‌പോന്‍സറും ഇല്ല..മറ്റൊരു ഇരുണ്ട മുള്ളു നിറഞ്ഞ ദിവസത്തിലേക്ക് അവന്‍ വ്യഥയോടെ ചുരുണ്ടു..     

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

പ്രഷര്‍കുക്കര്‍(കഥ)


കുക്കര്‍ അടുപ്പത്ത് വയ്ക്കുമ്പോഴൊക്കെ അവളാലോചിക്കും, എത്ര വേവും ചൂടുമാണീ കുക്കറിന്റെ ഉള്ളില്‍ ഏതു നേരവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ കൊഴുക്കുന്നത്. ഈ അഡ്ജസ്റ്റുമെന്റുകള്‍, സേഫ്റ്റി വാല്‍വും വെയ്റ്റും ജീവിതത്തിനും വേണ്ടതായിരുന്നു. അവള്‍ ദീര്‍ഘമായി നിശ്വസിച്ചു, കുക്കറിന്റെ ഉഗ്രന്‍ വിസിലില്‍ അതാരും കേട്ടില്ല.

കൃത്യം  530 ന് അവളും കുക്കറും മാരത്തോണ്‍ ഓട്ടം തുടങ്ങും. എട്ടു മണിയാവുമ്പോഴേക്കും മക്കളെ സ്‌കൂളിലേക്കും അവരുടെ അപ്പനെ പണിസ്ഥലത്തേക്കും വിടണം. എന്നിട്ടു വേണം ലൈന്‍ പൈപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍. അവളെപ്പോലെത്തന്നെ പഴകിപ്പോയി വീടും. എത്ര തൂത്തു തുടച്ചാലും കാണാനൊരു ചേലുമില്ല. പതിനൊന്നു മണിയാവുമ്പോഴേക്കും പണിയൊക്കെ ഒരു വിധം ഒതുക്കി അടുത്ത വീട്ടിലെ കാരണവരെ പരിചരിക്കാന്‍ പോണം. മാസാമാസം മുവായിരം രൂപ കിട്ടുന്നത് വെറുതെ കളയണ്ടല്ലോ.

കൂടിയ പ്രശ്‌നങ്ങളെ (കടലയും ഇറച്ചിയും) കുക്കര്‍ മൂന്നാലു വിസിലിലൂടെയാണ് പരിഹരിക്കുക. തന്റെ ഉള്ളിലെപ്പോഴും ചൂളം കുത്തുന്ന കൊടുങ്കാറ്റുകളെ പുറന്തള്ളുന്നതിന് തനിക്കും മൂര്‍ദ്ധാവില്‍ ഒരു ദ്വാരം ഇടേണ്ടതുണ്ടെന്നും ഇടയ്ക്കിടെ ചുടുതാപത്തെ ശൂ എന്നു പുറത്തേക്കു ചീറ്റാന്‍ കഴിയണമെന്നും അവള്‍ എപ്പോഴും ആഗ്രഹിച്ചു.

വൈകീട്ട് ആറു മണിക്ക് വീട്ടിലേക്കു തിരിക്കുമ്പോള്‍ സ്വന്തം പ്രശ്‌നങ്ങള്‍ പോരാഞ്ഞാണോ ആ കാരണവരുടെ ദീര്‍ഘശ്വാസങ്ങളെക്കൂടി താന്‍ നെഞ്ചിലേറ്റുന്നതെന്ന് അവള്‍ സ്വയം ശപിക്കും. മിക്കവാറും ദിവസങ്ങളില്‍ വരാന്ത കെട്ടിയവന്റെ കള്ള് നാറുന്ന ഛര്‍ദിയില്‍ പൊതിര്‍ന്നിട്ടുണ്ടാവും. മകനും മകളും തങ്ങളെ അനുകരിച്ച് അടി കൂടുകയാവും, അല്ലെങ്കില്‍ അയാളില്‍ നിന്ന് പൊതിരെ തല്ലു കിട്ടി ഏങ്ങലടിച്ചു കരയുകയാവും. ഒറ്റക്കായിരുന്നു യാത്രയെങ്കില്‍ ഇത്രേം പങ്കപ്പാട് സഹിക്കേണ്ടിയിരുന്നില്ല. വയസ്സായാല്‍ പക്ഷെ ആരാണ് തനിക്കൊക്കെ കൂലിക്ക് ആളെ വച്ച് പരിചരിക്കാന്‍....

എത്ര നിസ്സഹായനാണ് മനുഷ്യന്‍! കാരണവരെ ചെരിക്കുമ്പോഴും മലര്‍ത്തുമ്പോഴുമൊക്കെ ഒരു ശവത്തെ തൊടുമ്പോലെയാണ് തോന്നുക. സംസാരത്തിനു മാത്രം ഒരൂ തളര്‍ച്ചയുമില്ല.

'വായില്‍ക്ക് മണ്ണ് വീഴ്ണതും നോക്കിയിരിപ്പാ ആ ദ്രോഹി, എന്റെ മഹന്‍..ടെറസീന്ന്  വീണതാന്നല്ലേ അവന്‍ പറഞ്ഞോണ്ടു നടക്കണ്. തള്ളിയിട്ടതാ ചെകുത്താന്‍..ഇനീപ്പോ സ്വത്ത് തട്ടാന്‍ എളുപ്പാണല്ലോ..എന്നെ നിന്റെ വീട്ടിലേക്ക് കൊണ്ടു പൊയ്‌ക്കോ മോളേ, വയസ്സുകാലത്ത് എനിക്കൊരു മോളാവൂലോ. മോളൊക്കെ ഉണ്ടാവേര്‍ന്ന്!..ഈ നശിച്ച കാല്‍ കൊണ്ടാ അന്ന് അവളുടെ അടിവയറ്റില്‍ തൊഴിച്ചത്..കമിഴ്ന്നു വീണപ്പോ ദൈവമേ എത്രയായിരുന്നു ചോര...ശിക്ഷയാണ് മോളേ, ഈ ദുഷ്ടന് കിട്ടിയ ശിക്ഷ..'

പറഞ്ഞോണ്ടിരിക്കെത്തന്നെ അയാള്‍ വിവശതയോടെ കണ്ണടച്ചു. അവളുടെ ചുണ്ടില്‍ വരണ്ട ചിരി ഒരു ചുളിവായി പ്രത്യക്ഷപ്പെട്ടു, തന്റെ വീട്ടിലേക്ക് ഇനിയെങ്ങനെ  മറ്റൊരു  പ്രശ്‌നത്തെ വേവിക്കാനിടും?

വീട്ടിലെത്തിയപ്പോ ആകെ ഇരുട്ട്..ചിതറി വീഴുന്നൊരു കരച്ചില്‍..ചതഞ്ഞ മനസ്സോടെ അവള്‍ ഉള്ളിലേക്ക് പാഞ്ഞു കയറി. അടുക്കളമൂലയില്‍ പേടിച്ചരണ്ട്, കീറിയ കുപ്പായത്തോടെ മകള്‍..അവള്‍  ഒന്നും പറയാതെ അമ്മയുടെ നെഞ്ചിലേക്ക് വീണു, പിന്നെ  തോരാതെ പെയ്തു..

'ആരാ നിന്നെ...'
കടിച്ചു പൊട്ടിച്ച ചോര കല്ലിച്ച ചുണ്ടിലേക്ക് തീക്കണ്ണ്  പാറ്റി അമ്മയവളെ അടിമുടി കുലുക്കി..

'അപ്പന്‍...'

മകള്‍ ആര്‍ത്തു കരഞ്ഞു.

'തടുക്കാന്‍ വന്ന മോനൂനെ അപ്പന്റെ ഒപ്പം വന്നോര്‍..'

അവള്‍ തുറിച്ച കണ്ണോടെ വിറയ്ക്കുന്ന വിരലാല്‍ റബ്ബര്‍ക്കാട്ടിലേക്ക് ചൂണ്ടി..

പ്രഷര്‍ കുക്കര്‍ വിസില്‍ വിളിക്കാന്‍ മറന്നു. ഉള്ളിലെ വേവും ചൂടും കുറച്ചു നേരം കൂടി ഉള്‍ക്ഷോഭത്തോടെ പതഞ്ഞു. പിന്നെ സേഫ്റ്റി വാല്‍വ് ദൂരേക്ക് തെറിച്ചു. ഉള്ളിലുള്ളതെല്ലാം പുറത്തേക്കു ചിതറി.

അനന്തരം ........................

വാക്കത്തിയുമായി ആര്‍ത്തട്ടഹസിച്ചോടുന്ന അവളെ പലരും കണ്ടു,  പേനായയെപ്പോലെ നാവ് പുറത്തിട്ട്..കേലയൊലിപ്പിച്ച്....കാണുന്നവരോടെല്ലാം കുരച്ചു ചാടി..

'കൊല്ലും, ആ ചെകുത്താനെ ഞാന്‍ കൊല്ലും..'അവള്‍ അലറി..

'എന്റെ മോളേ..' നീണ്ട വിലാപം പൊടുന്നനെ ചിരിയിലേക്ക് വഴി മാറി ..ഹ ഹ ഹാ...കൂയ് ..ഹ ഹ ഹാ ...

ആളുകള്‍ക്ക് ഒരു ഹൊറര്‍ സിനിമ കാണുന്ന രസവും ഭയവുമുണ്ടായി..

വീടിന്റെ ഇരുട്ടില്‍, ചുരുട്ടിക്കൂട്ടിയ ശീലക്കഷ്ണമായി മകള്‍ ചുരുണ്ടു കിടന്നു.......................