Pages

2017, മേയ് 16, ചൊവ്വാഴ്ച

ബ്ലൂവെയില്‍ [കഥ]
സൂയിസൈഡ് കമ്മ്യൂണിറ്റിയിലേക്ക് ആവേശത്തോടെ ചാടിയിറങ്ങുമ്പോള്‍ ആദര്‍ശിന് അത് വരെ  കളിച്ചു മടുത്ത കമ്പ്യൂട്ടര്‍ഗെയിം പോലെയാവുമോ ഇതും എന്ന് ആശങ്കയുണ്ടായിരുന്നു. യുദ്ധം ചെയ്തും പ്രധിരോധിച്ചും കാര്‍റെയിസിങ്ങുകളില്‍ പങ്കെടുത്തും...ഗെയിമുകള്‍ അവന്‍റെ മുന്നില്‍ തുറക്കാത്ത വാതിലുകളില്ല..അതെല്ലാം മടുത്ത് വെറുത്ത് ഇരിക്കുമ്പോഴാണ് ലൂയിസ് ഇങ്ങനൊരു ഗെയിമിനെക്കുറിച്ച് പറഞ്ഞത്. “ആദീ, ഇത് സാദാ ഗെയിമല്ല. ഫുള്‍ ചലഞ്ചസ് ആണ്.ഏറ്റവും ഒടുവിലത്തെ ടാസ്ക്കും പൂര്‍ത്തിയാക്കിയാല്‍ വി ആര്‍ ദ ഫിറ്റസ്റ്റ് ടു ലിവ് ഹിയര്‍..”അങ്ങനെയാ അഡ്മിന്‍ പറയുന്നത്. എന്ത് രസമാണെന്നോ അദ്ദേഹത്തോട് സംസാരിക്കാന്‍. ഹി ഈസ് സോ ലവബ്ള്‍..ഗിവ്സ് അസ് സോ മച് അഫക്ഷന്‍ ആന്‍ഡ് കോണ്‍ഫിഡന്‍സ്..”വീട്ടിലിരുന്ന് ബോറടിക്കുമ്പോ ദിസ് ചാറ്റിംഗ് ഈസ് സോ വണ്ടര്‍ഫുള്‍..”
ബോറടി –അത് തന്നെയാണ് വലിയൊരു പ്രശ്നം. പാഠങ്ങളെല്ലാം പഠിച്ചു കഴിഞ്ഞാലും സമയം ബാക്കിയാണ്. അച്ഛനോടും അമ്മയോടും വല്യ ക്ലോസല്ലാത്തതോണ്ട് കൂടുതലൊന്നും സംസാരിക്കാനുണ്ടാവില്ല. അവര്‍ക്കുമതെ. ദേ ആര്‍ ഓള്‍വേസ് ബിസി..

“വെല്‍ക്കം ടു അവര്‍ കമ്മ്യൂണിറ്റി മൈ ഡിയര്‍ ബോയ്‌..” അഡ്മിന്‍റെ വോയ്സ് മെസ്സേജ് അവന്‍റെ കാതില്‍ വീണു ചിലമ്പി. “ടു വിന്‍ യു ഹാവ് ടു ഗോ ത്രൂ ഫിഫ്ടി ടാസ്ക്സ്. ഇഫ്‌ യു ആര്‍ ദ വിന്നര്‍ ദേര്‍ ഈസ് എ വണ്ടര്‍ഫുള്‍ പ്രൈസ് വെയ്ടിംഗ് ഫോര്‍ യു..ആദ്യത്തെ ടാസ്ക് ഇതാണ് –നിന്‍റെ കയ്യില്‍ എവിടെയെങ്കിലും ഒരു ചങ്ങലയുടെ ചിത്രം ബ്ലെയിഡ് കൊണ്ട് ചുരണ്ടിയെടുക്കണം. ചെറുതായി ബ്ലീഡ് ചെയ്യും അത് കാര്യമാക്കേണ്ട. മുറിവിന്‍റെ ചോരയുണങ്ങാത്ത ചിത്രം ഉടന്‍ പോസ്റ്റ്‌ ചെയ്യുകയും വേണം. ഓര്‍ക്കുക ,ഞാന്‍ നിന്നെ ധൈര്യവാനായ ഒരു കുട്ടിയായി മാറ്റുകയാണ്. ധീരര്‍ രക്തത്തെ ഭയക്കുകയില്ല..”
ആദ്യത്തെ ടാസ്ക് തന്നെ അവനു വേദനാജനകമായിരുന്നു. ചെറിയൊരു മുറിവ് വന്നാല്‍ പോലും വിങ്ങിക്കരയുന്നവനാണവന്‍. എന്നിട്ടും വേദന സഹിച്ച് സഹിച്ച് അവനാ കൃത്യം പൂര്‍ത്തീകരിച്ചു..
“കണ്ഗ്രാട്സ്, യു ആര്‍ വെരി ബോള്‍ഡ്. പക്ഷെ ഇനിയുമുണ്ട് നാല്പത്തൊമ്പത് വെല്ലുവിളികള്‍. അടുത്തത് ഇതാണ് –ഇന്ന് രാത്രി കൃത്യം ഒരു മണിക്ക് എഴുന്നേല്‍ക്കണം, ഞാനയക്കുന്ന ഈ രണ്ടു ഹൊറര്‍ വീഡിയോകള്‍ നാലേ അന്‍പത് ആകുമ്പോഴേക്കും കണ്ടു തീര്‍ക്കണം. ഓക്കേ?”

ഒരു മണിക്ക് അലാറം വച്ച് ഉണരുമ്പോള്‍ പരീക്ഷക്ക് പോലും രാത്രിയുടെ ഈ യാമങ്ങളൊന്നും താന്‍ കണ്ടിട്ടില്ലല്ലോയെന്ന്‍ അവനോര്‍ത്തു..വാതില്‍ ചേര്‍ത്തടച്ച് അവന്‍ വീഡിയോ ഓണ്‍ ചെയ്തു. അനേകം കൊലപാതകദൃശ്യങ്ങള്‍ ,പല രീതിയിലുള്ള കൊല്ലലുകള്‍..നിലവിളിക്കാനുള്ള അതിയായ ആഗ്രഹത്തെ അവന്‍ തച്ചു തകര്‍ത്തു.ഭയം അവന്‍റെ ഹൃദയത്തില്‍ കടിച്ചു തൂങ്ങി..ആരെയെങ്കിലും വകവരുത്താനുള്ള ഒരാഗ്രഹം അവനില്‍ നുരഞ്ഞു..
“ഗ്രെയിറ്റ്-“ അഡ്മിനന്‍റെ സ്വരം അവനെ അഭിനന്ദിച്ചു . “രണ്ടു ടാസ്കിലും യു ഹാവ് ഗോട്ട് ദ ഫുള്‍ സ്കോര്‍..ബട്ട് ഇനിയും നാല്പത്തെട്ടു ടാസ്ക്കുകള്‍ നിങ്ങളെ കാത്തിരിക്കുന്നു, ടു മെയ്ക് യു എ ബ്രില്ല്യണ്ട് ആന്‍ഡ്‌ കറേജിയസ് ബോയ്‌..”
“യെസ് സാര്‍ അയാം റെഡി ..”അവന്‍റെ ധീരമായ ശബ്ദം അയാളെ പുണര്‍ന്നു..

“ഇത് കുറച്ച് റിസ്കുള്ളതാണ്..നീ നിന്‍റെ വെയിന്‍ കട്ട് ചെയ്യണം, വല്ലാതെ ആഴത്തിലല്ല, ത്രീ ഓര്‍ ഫോര്‍ കട്ട്സ് .ചോരയൊഴുകും, പേടിക്കരുത്, ധീരനാകാനുള്ള ട്രെയിനിങ്ങില്‍ ഒരു പ്രതിസന്ധിയും നമ്മെ പിന്തിരിപ്പിക്കരുത്. ചുവന്നു തുടുത്ത ആ മൂന്നു മുറിവുകളുടെ പടം പോസ്റ്റ് ചെയ്തിട്ടേ മുറിവില്‍ മരുന്ന്‍ വെക്കാവൂ..ഓക്കേ?”
ചോരയിറ്റുന്ന വ്രണത്തിന്‍റെ ചിത്രം ആഡ്‌മിനെ വല്ലാതെ ആഹ്ലാദിപ്പിച്ചു. അയാള്‍ സന്തോഷത്തോടെ പറഞ്ഞു –“ഗ്രേറ്റ് ,യുവര്‍ നെക്സ്റ്റ് ടാസ്ക് ഈസ് ദിസ് –ഈഫ് യു ആര്‍ റെഡി ടു ബികം എ വെയില്‍ കാര്‍വ്  യെസ് ഓണ്‍ യുവര്‍ ലെഗ് വിത് എ റേസര്‍. അഥവാ തയ്യാറില്ലെങ്കില്‍ മേലാസകലം മുറിവാക്കി നിന്നെ സ്വയം ശിക്ഷിചോളൂ. ധീരനാവാനുള്ള അപൂര്‍വാവസരം നഷ്ടപ്പെടുത്തുന്നതിന് അതാണ്‌ നിനക്കുള്ള ശിക്ഷ..”
അവന്‍ പരാജയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല..യെസ് എന്ന ചോരയെഴുത്ത് അവന്‍റെ കാലില്‍ കറുത്ത് കല്ലിച്ചു.

“കണ്ഗ്രാട്സ് , യു ആര്‍ അവര്‍ ബിലവഡ്‌ നൌ. ഭയക്കുന്നവരെ ഞങ്ങളുടെ കമ്മ്യൂനിറ്റിയില്‍ ആവശ്യമില്ല. ദേ ആര്‍ ഓണ്‍ലി ബയോളജിക്കല്‍ വേസ്റ്റ്. അറിയാമോ ഭയം നമ്മളെ എന്തു മാത്രം തടസ്സപ്പെടുത്തുന്നു എന്ന്. പേടിയില്ലാതാവുമ്പോഴാണ്‌ നമ്മള്‍ നമ്മുടെ പൂര്‍ണതയിലേക്ക് വളരുക. സോ ഫ്രം നൌ എവരിഡേ നൈറ്റ് യു ഷുഡ് വാച്ച് ഹൊറര്‍ വീഡിയോസ് ദാറ്റ് വി സെന്‍റ് യു . ഇന്‍ ദ മോണിംഗ് ഗോ ടു എ ബ്രിഡ്ജ് ആന്‍ഡ്‌ സ്റ്റാന്റ് ഓണ്‍ ഇട്സ് എഡ്ജ് ഫോര്‍ ഫിഫ്ടീന്‍ മിനുട്ട്സ്. ആന്‍ഡ്‌ ദ നെക്സ്റ്റ് ഡേ ഗോ ടു എ റൂഫ് ആന്‍ഡ്‌ സിറ്റ് ഓണ്‍ ഇട്സ് എഡ്ജ് വിത് യുവര്‍ ലെഗ്സ്‌ ഡാന്ഗ്ലിംഗ്. റിമംബര്‍ ,യുവര്‍ അഡ്മിന്‍ കാന്‍ നോ ഈഫ് യു ആര്‍ ട്രസ്റ്റ്‌വേര്‍ത്തി..”
ക്രൂരതയുടെ ഓരോ വീഡിയോയും അവന്‍റെ ഹൃദയത്തെ മരുഭൂമിയാക്കി. ആരെയും എന്തും ചെയ്യാനുള്ള ഒരു ധൈര്യം അവനെ പൊതിഞ്ഞു. അഡ്മിന്‍റെ ഓര്‍ഡര്‍ പ്രകാരം അവന്‍റെ ശരീരഭാഗങ്ങളില്‍ ചോരപ്പൂക്കള്‍ വിരിഞ്ഞുകൊണ്ടിരുന്നു. അവര്‍ അയച്ചു കൊടുത്ത വിഷാദസംഗീതവും രൌദ്രസംഗീതവും മാറി മാറി കേട്ട് അവനില്‍ ഉന്മാദം പൂത്തു.ഓരോ ടാസ്കും നിറവേറ്റുന്ന ഫോട്ടോകള്‍ അഡ്മിനനെ തേടി ധൃതിയില്‍ സഞ്ചരിച്ചു. അവനില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ മറ്റു വെയിലുകളുമായി വീഡിയോകോളുകളും ഉണ്ടായിരുന്നു.പാതിരാക്ക് തീവണ്ടിപ്പാളത്തിലൂടെ നടക്കലായിരുന്നു മറ്റൊരു വെല്ലുവിളി.ചൂളം വിളിച്ചെത്തുന്ന മരണവണ്ടിയെ കണ്‍കുളിര്‍ക്കെ കാണുക , പാമ്പുകളായി ഇഴഞ്ഞു പോകുന്ന റെയിലുകളെ ഏറെ നേരം നോക്കിയിരിക്കുക , വെറുതെയുള്ള ഈ ലൈഫിന്‍റെ വ്യര്‍ത്ഥത തിരിച്ചറിയുക ..അതും പറഞ്ഞ് അഡ്മിന്‍ പൊട്ടിച്ചിരിച്ചു.

എന്നും ശരീരത്തില്‍  ഓരോ മുറിവുണ്ടാക്കുക ,ഭീകരവീഡിയോകള്‍ കാണുക ,ആരോടും മിണ്ടാതിരിക്കുക , എല്ലാ ആജ്ഞകളും അവന്‍ അക്ഷരംപ്രതി അനുസരിച്ചു..
“സോ മൈ ബോയ്‌ യുവര്‍ നെക്സ്റ്റ് ടാസ്ക് ഈസ് ദിസ് –കാര്‍വ് എ ഹാന്‍ഡ്കഫ് വിത് ദ റൈറ്റിംഗ്- അയാം എ വെയില്‍ ഓണ്‍ യുവര്‍ തൈ.”

രൌദ്രസംഗീതം കേട്ടുകേട്ട് തല പെരുത്ത് അവന്‍ തന്‍റെ റൂമിലെ പല സാധനഗലും നിലത്തെറിഞ്ഞുടച്ചു. ശബ്ദം കേട്ടാണ് മമ്മയും ഡാഡിയും വിളിച്ചു ചോദിച്ചത്-“എന്താണ് ആദീ , ഓപ്പണ്‍ ദ ഡോര്‍..”അവന്‍ അതിശയിച്ചു, ഹു ആര്‍ ദീസ് ഫെലോസ്?ഈ മനുഷ്യര്‍ ഇത്ര ദിവസവും ഈ വീട്ടില്‍ ഉണ്ടായിരുന്നുവോ? അവരുടെ ഒരേയൊരു  മകന്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് തരണം ചെയ്യുന്നത് എന്നവരറിയുന്നുണ്ടോ?അവന് അവരെ ആ നിമിഷം തന്നെ തലക്കടിച്ചു കൊലപ്പെടുത്താനുള്ള അതിയായ ആഗ്രഹമുണ്ടായി. പണിപ്പെട്ട് അതടക്കിക്കൊണ്ട് അവന്‍ പറഞ്ഞു –“നതിംഗ് മമ്മാ നതിംഗ്..”
“ഡിസംബര്‍ 25 ദാറ്റീസ് യുവര്‍ ഡേ..”അഡ്മിന്‍റെ മുറിയാത്ത അട്ടഹാസം അവന്‍റെ കാതില്‍ ഇരമ്പി. അന്ന് നീ നിന്‍റെ സിറ്റിയിലെ കിംഗ്‌ ഫിഷര്‍ ബില്‍ഡിംഗിന്‍റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുന്നു. അല്ല ,ഒരു പക്ഷിയെപ്പോലെ നീ താഴ്ന്നിറങ്ങുന്നു..ഇതാണ് നിന്‍റെ ലാസ്റ്റ് ചാലന്‍ജ് .ഇതില്‍ സര്‍വൈവ് ചെയ്‌താല്‍ യു ആര്‍ ദ ഫിറ്റസ്റ്റ് ടു ലിവ് ഹിയര്‍..ആര്‍ യു റെഡി മൈ ഡിയര്‍ ബോയ്‌..”
അവന് ഭയം തോന്നിയില്ല. വിവേചനശക്തി അവന്‍റെ തലച്ചോറില്‍ നിന്ന് ഊര്‍ന്നു പോയിരുന്നു..എന്തും ചെയ്യാനുള്ള സാഹസം അവന്‍റെ രക്തത്തില്‍ തിളച്ചുമറിഞ്ഞു..

അവന്‍റെ തലച്ചോര്‍ ചിതറിയിരുന്നു, എല്ലുകള്‍ പൊടിഞ്ഞിരുന്നു ..പോസ്റ്റ്‌മോര്‍ട്ടത്തിനായി ആംബുലന്‍സില്‍ സഞ്ചരിക്കുമ്പോള്‍  തുടയിലെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ ബ്ലെയിഡ് കൊണ്ട് ചുരണ്ടിയെടുത്ത  വിലങ്ങിന്‍റെ രൂപവും ചോരയെഴുത്തും കറുത്ത് കല്ലിച്ചു കിടന്നു.

അവന്‍റെ അഡ്മിന്‍ തന്‍റെ വലക്കണ്ണികള്‍ ഒന്നൂടെ മുറുക്കി അടുത്ത ഇരക്കായി കാത്തുകാത്തിരുന്നു ...................

 

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

മൃഗജഡങ്ങള്‍ [കഥ]മുസാഫിര്‍ കേരളത്തിലെത്തിയിട്ടു ഒരു കൊല്ലം കഴിഞ്ഞത്രെ. ഭീകരമായ കൊല്ലും കൊലയും അവനെ ഇങ്ങോട്ടെറിയുകയായിരുന്നു. ഒരു കിണര്‍ കുഴിക്കാനുള്ള കുറെ നാളായുള്ള തീരുമാനം ഈ വേനലവധിയില്‍ ആണ് ഞങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പൊരിവെയിലത്ത് ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന നീരുറവ ഒരു കാലത്തും വറ്റില്ലെന്നൊരു ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. തീവെയിലില്‍ വരണ്ട മണ്ണിനോട് പട വെട്ടല്‍ അത്ര എളുപ്പമായിരുന്നില്ല. ഹിന്ദിക്കാരായ നാല് പണിക്കാരില്‍ ഒരാളായിരുന്നു മുസാഫിര്‍. മുസാഫിറിനു കിണറില്‍ ഇറങ്ങാനൊന്നും അറിയില്ല. കപ്പിയില്‍ ഉരുണ്ടു കയറുന്ന മണ്ണുകൊട്ടകള്‍ ദുര്‍ബലമായ കൈകളാല്‍ അവന്‍ ചുമലിലേറ്റി.

“പാവം ചെറുക്കന്‍, പത്തിരുപത് വയസ്സേ കാണൂ..” ഭാമ പിറുപിറുത്തു. ബാന്ഗ്ലൂരില്‍ പഠിക്കുന്ന ഞങ്ങളുടെ അഖിലിനെ അപ്പോള്‍ ഓര്‍ത്തുപോയി. അവന് എന്നെങ്കിലും ഇത്തരം കഠിനജോലികള്‍ ചെയ്യേണ്ടി വരുന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും വയ്യ.. മത്സ്യവും പപ്പടവുമൊക്കെയായി ഭാമ അവരെ ഊട്ടിക്കൊണ്ടിരുന്നു. “ആ പയ്യനൊന്നു തിന്നു നന്നാവട്ടെ..” ഭാമ ചിരിച്ചു കൊണ്ടു പറഞ്ഞു. പക്ഷെ മുസാഫിര്‍ വളരെ കുറച്ചാണ് ഭക്ഷിച്ചത്. “ബേടാ, ഇങ്ങനെ തിന്നാല്‍ എങ്ങനെ മസില്‍ വരും?” ഞാന്‍ ചോദിച്ചു.അവന്‍ പതുക്കെ ചിരിച്ചു. നേര്‍ത്ത ചിരിക്കപ്പുറം വിഷാദത്തിന്‍റെ ഒരു കൂറ്റന്‍ മേഘം അവന്‍റെ മുഖത്തെ മൂടി. “എന്തോ അലട്ടുന്നുണ്ട് ആ ചെറുക്കനെ..”ഭാമ പറഞ്ഞു കൊണ്ടിരുന്നു. “ഓ എന്തോ ആവട്ടെ, വല്ലാതെ പുന്നാരിക്കണ്ട, ആരെയും വിശ്വസിക്കാന്‍ കൊള്ളാത്ത കാലമാ..”ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആളുകളെ വളരെ വേഗം വിശ്വസിക്കുന്ന ഒരു ദുശ്ശീലം അവള്‍ക്കുണ്ട്..കല്യാണം പറയാനെന്നും പറഞ്ഞു വന്ന ഒരു ചെറുക്കന്‍ അങ്ങനെയാണ് അവളുടെ മാലയും പൊട്ടിച്ചു കടന്നു കളഞ്ഞത്. എന്നിട്ടും അവള്‍ പഠിച്ചിട്ടില്ല. മൂന്നാലു മാസം മുമ്പായിരുന്നു ,മാഷിന്‍റെ ശിഷ്യനാണെന്നും പറഞ്ഞു വന്നു ഒരുത്തന്‍ രാവിലെത്തന്നെ. താന്‍ പുറത്തു പോയതായിരുന്നു. “കല്യാണം പറയാന്‍ വന്നതാ , സാര്‍ എപ്പഴാ വരാ?” അവന്‍ ചോദിച്ചു. “കേറി ഇരുന്നോളൂ ,മാഷ്‌ ഇപ്പോ വരും.”
“കുറച്ചു വെള്ളം തരൂ അമ്മെ , വല്ലാത്ത ദാഹം..”

“ഓ അതിനെന്താ, ഇരിക്കൂ ഇപ്പോ കൊണ്ടു വരാം..”

അടുക്കളയില്‍ വെള്ളം എടുക്കുമ്പഴാ ആ ബലിഷ്ഠകരങ്ങള്‍ വായ പോത്തിയതും മാല പൊട്ടിച്ച് ഓടിയതും. ഒന്നു അലറി വിളിക്കാനുള്ള ബുദ്ധി പോലും ബേജാറ് കൊണ്ട് അവള്‍ക്ക് കിട്ടിയില്ല. താന്‍ തിരിച്ചെത്തിയപ്പോള്‍ അയലത്തെ രണ്ടുമൂന്നു പെണ്ണുങ്ങള്‍ അവളെ സമാധാനിപ്പിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. എല്ലാം കേട്ട് നടുങ്ങിപ്പോയ തനിക്ക് വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. മാല പോയത് പോകട്ടെ , എന്തെല്ലാം വാര്‍ത്തകളാണ്, പിഞ്ചുകുഞ്ഞ് മുതല്‍ പടുകിഴവി വരെ പുരുഷന് രുചി നോക്കാനുള്ള പായസമായി മാറിയ കലികാലം..
വെള്ളം കണ്ട അന്ന് പണിക്കാര്‍ക്ക് നല്ലൊരു ഭക്ഷണം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നെയ്ച്ചോറും പരിപ്പുകറിയും ബീഫ് ഫ്രൈയുമായിരുന്നു അവളുടെ മെനു. അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍ പന്ത്രണ്ടു കോലിന്‍റെ താഴ്ചയില്‍ തെളിഞ്ഞ തണുപ്പ് എന്നെ നോക്കി പുഞ്ചിരിച്ചു. മേലെയുള്ള നീലാകാശവും ഇലച്ചാര്‍ത്തും ജലക്കണ്ണാടിയില്‍ ഇളകിക്കളിച്ചു. “മുസാഫിര്‍ കുച്ച് നഹീ ഖാതെ സാബ്..”പണിക്കാരില്‍ ഒരാള്‍ എന്നെ തോണ്ടി വിളിച്ചു. “എന്തു പറ്റി?” ഞാന്‍ മുസാഫിറിന്‍റെ അടുത്തെത്തി. നിറഞ്ഞ കണ്ണുകളോടെ അവന്‍ തലയാട്ടി, “നഹീ സാബ് ,നഹീ ..”മറ്റുള്ളവര്‍ കഴിച്ചു കഴിഞ്ഞിട്ടും അവന്‍ മൌനിയായി മാറിയിരുന്നു. ഇടയ്ക്കിടെ കണ്ണുകള്‍ തുടച്ചു. ഞാന്‍ അവന്‍റെ ചുമലില്‍ സ്പര്‍ശിച്ചു .എത്രയോ കുറുമ്പന്‍ കുട്ടികളോട് ഇടപഴകിയ എന്നിലെ അദ്ധ്യാപകന്‍ അവനെ സ്നേഹത്തോടെ അലിവോടെ നോക്കി. നിറഞ്ഞ മിഴികളോടെ അവന്‍ ഒരു കഥയുടെ ചോരച്ചിത്രം എന്‍റെ മുന്നില്‍ നിവര്‍ത്തി വിരിച്ചു.

“ഒന്നര വര്‍ഷം  മുമ്പായിരുന്നു , നിങ്ങള്‍ക്കെല്ലാം പത്രങ്ങളിലെ വെറും കഥകള്‍, പക്ഷെ ഞങ്ങള്‍ക്ക് ജീവിതമാണ് സാബ്, ചോരയിറ്റുന്ന ജീവിതം. പരമ്പരയായി കൃഷിക്കാരാ ഞങ്ങള്‍. എല്ലാ വീട്ടിലും കാണും പശുക്കളും കാളകളും. ഞങ്ങളുടെ വിളവുകള്‍ ഞങ്ങളുടെ കാലികളുടെ സമ്മാനമായിരുന്നു. പാല്‍ വിറ്റ് കിട്ടുന്ന പണമായിരുന്നു ഞങ്ങളുടെ അന്നം. കറവ വറ്റിയാല്‍ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും ,പുതിയത് വാങ്ങും.ഇതെല്ലാം എത്രയോ കാലങ്ങളായുള്ള നടപ്പായിരുന്നു. പക്ഷെ ഒരു നട്ടുച്ചയ്ക്ക് ഇരുമ്പുവടികളുമായി കണ്ണില്‍ തീയും നാവില്‍ തെറിയും നിറഞ്ഞ ഒരു ഭ്രാന്തന്‍കൂട്ടം ഞങ്ങളുടെ ഒരു ബന്ധുവിനെ വീട്ടിലിട്ട് അടിച്ചു കൊന്നു. വീട്ടില്‍ മാംസം വേവിച്ചതായിരുന്നു കുറ്റം. ഒരു നായ ചത്ത നടുക്കം പോലും ഉണ്ടാക്കാതെ ആ സംഭവം മറവിയിലേക്ക് വഴുതിപ്പോയി. പിന്നെയും രണ്ടു മാസം കഴിഞ്ഞാണ്, അവന്‍ വിതുമ്പി – ബാബാ ചന്തയില്‍ നിന്ന് രണ്ടു പശുക്കളുമായി വരായിരുന്നു. “പശുക്കളെ അറുക്കാന്‍ പോകയാണല്ലേ ചെകുത്താനെ” എന്നട്ടഹസിച്ചു കൊണ്ട് അവര്‍ എന്‍റെ ബാബയെ.. കേട്ടറിഞ്ഞു ഞാന്‍ ഓടിയെത്തിയപ്പോള്‍, ചോരയും ഇറച്ചിയും നാനാഭാഗത്തെക്ക് തെറിച്ച്, കൈകാലുകള്‍ ചതഞ്ഞ്, മുഖം വികൃതമായി എന്‍റെ ബാബ തെരുവ്പട്ടിയെപ്പോലെ വഴിയരികില്‍ കിടക്കായിരുന്നു..ഇരുമ്പു വടികളുമായി അവര്‍ ഇപ്പോഴും ഞങ്ങളുടെ തെരുവുകളില്‍ റോന്തു ചുറ്റുന്നു, നിസ്സാരകാരണങ്ങള്‍ക്ക് ആളുകളെ അടിച്ചു കൊല്ലുന്നു..ഓടിപ്പോന്നതാ ഞാന്‍..ആ കാഴ്ച എന്‍റെ ഉള്ളില്‍ ഭീകരമായ ചിത്രങ്ങള്‍ വരച്ചു..ആരെ കണ്ടാലും ഒട്ടകപ്പക്ഷിയെപ്പോലെ ഞാന്‍ തല എവിടെയെങ്കിലും ഒളിപ്പിച്ചു ..കൊല്ലും ..അവര്‍ നമ്മളെ കൊല്ലും, ശൂന്യതയിലേക്ക് നോക്കി ഞാന്‍ നിലവിളിച്ചു..മന്ത്രവും വൈദ്യവും എന്തൊക്കെയോ എന്നെ സുഖപ്പെടുത്തി..ഇവിടെ എത്തിയപ്പോഴാണ് ശാന്തി കിട്ടിയത്, ഉറങ്ങാന്‍ പറ്റുന്നത്..പക്ഷെ ഇറച്ചി കാണുമ്പോള്‍ പിന്നെയും മനസ്സില്‍ ഇടി വെട്ടും, മിന്നല്‍പിണരുകള്‍ ഭ്രാന്ത വേഗത്തില്‍ എന്നെത്തന്നെ വേവിച്ചുകൊണ്ട് അതിഭയങ്കരശബ്ദത്തോടെ പോട്ടിചിതറും..”
വല്ലാത്ത കുറ്റബോധത്തോടെ ഞാനവനെ ചേര്‍ത്തു പിടിച്ചു. “സോറി-“ വാക്കുകള്‍ എന്‍റെ തൊണ്ടയെ ഞെരിച്ചുകൊണ്ട് പുറത്തു ചാടി. നിസ്സംഗതയുടെ മോടിയേറിയ മേല്‍ക്കുപ്പായമിട്ട നമ്മള്‍ തന്നെയാണ് അവന്‍റെ ബാബയെ അടിച്ചു കൊന്നതെന്ന് ആരോ ഉള്ളില്‍ നിന്ന് തീ തുപ്പിക്കൊണ്ടിരുന്നു..”ഭാമേ ,അവനിത്തിരി കഞ്ഞി കൊടുക്ക്, പാവം ആകെ ക്ഷീണിച്ചിരിക്കുന്നു..”

കൂലി വാങ്ങി എല്ലാവരും മടങ്ങുമ്പോള്‍ ഞാന്‍ മുസാഫിറിനെ പിറകില്‍ നിന്ന് തൊട്ടു. “ഇടയ്ക്കോരോ ജോലിയൊക്കെ കാണും, വിളിക്കുമ്പോ വരണം കേട്ടോ, നമ്പര്‍ താ..”അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. “ശരി ബാബ..”മേഘക്കീറില്‍ നിന്ന് ഒരു നിലാക്കഷ്ണം പുറത്തു ചാടി..ഞാനവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു.............................  

2017, മാർച്ച് 31, വെള്ളിയാഴ്‌ച

നാട്ടുവാര്‍ത്തകള്‍ [കഥ]ചരമപേജ് പോലെ ഒരു പീഡനപേജും അടുത്തിടെയായി പത്രങ്ങള്‍ ആരംഭിച്ചു..നാട്ടില്‍ നിന്ന് അനുദിനം കാണാതാവുന്ന പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, കുരുന്നുകള്‍, വയസ്സര്‍ തുടങ്ങി എല്ലാവരും പീഡനപേജില്‍ സ്ഥാനം പിടിച്ചു. മൂന്നു വയസ്സ് മുതല്‍ പത്ത് വരെ, പതിനൊന്നു മുതല്‍ ഇരുപത് വരെ, ഇരുപത്തൊന്നു മുതല്‍ നാല്‍പ്പത് വരെ, നാല്പത്തൊന്നു മുതല്‍ എഴുപത് വരെ എന്നിങ്ങനെ പത്രങ്ങളില്‍ കോളം തരം തിരിച്ചത് കൊണ്ട് നോക്കാനും എളുപ്പമായിരുന്നു. കിട്ടുന്ന വാര്‍ത്തകളെല്ലാം അതില്‍ ചേര്‍ത്തുകൊണ്ട് പത്രക്കാരും അവരുടെ ധര്‍മം നിറവേറ്റി..

അയല്‍പക്കത്തെ സിനിമോളെ കാണാതായിട്ട് ഇപ്പോള്‍ അഞ്ചു ദിവസമായി.ദിവസവും ആ കുട്ടീടെ വല്ല വിവരവും ഉണ്ടോ എന്നു നോക്കലാണ് ഞങ്ങളുടെ ജോലി. “ഇനീപ്പോ കിട്ടീട്ടെന്താ? ക്ലിപ്പിങ്ങുകള്‍ നെറ്റില്‍ പറന്നു നടക്കാവും..” ഹരിയേട്ടന്‍ പിറുപിറുത്തു..ഞങ്ങളുടെ ഒരേയൊരു സന്തതി കമ്പ്യൂട്ടര്‍ ഗെയിമിന്‍റെ യുദ്ധഭൂമിയില്‍ പട വെട്ടിക്കൊണ്ടിരിക്കുന്നു..

സ്വന്തമല്ലാത്തതൊന്നും അലട്ടാത്ത സ്വഭാവത്തില്‍ ഞങ്ങള്‍ പത്തില്‍ പത്താണു പൊരുത്തം..സീരിയലുകളെ വെല്ലുന്ന പത്രവാര്‍ത്തകള്‍ വളരെ രസത്തോടെയാണ് ഞങ്ങള്‍ കട്ടന്‍ചായയോടൊപ്പം ചവച്ചിറക്കുന്നത്..”ദേ, ഇത് നോക്കിയേ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നെന്ന്..” ഹരിയേട്ടന്‍ പേജിന്‍റെ ഒന്നാംകോളത്തിലേക്ക്  ചൂണ്ടിക്കൊണ്ട് പറഞ്ഞു. “ഓ, അതിപ്പം ഇത്ര പുതുമയാണോ, ഞാന്‍ നിസ്സംഗം ചുണ്ട് കോട്ടി..ഈ പീഡനപേജുകളാണ് ഇപ്പോള്‍ എല്ലാ പത്രത്തിന്‍റെയും സര്‍ക്കുലേഷന്‍ കൂട്ടുന്നത്..”

ഞാന്‍ പത്രം വാങ്ങി ഓരോ വാര്‍ത്തയും സൂക്ഷ്മം നോക്കാന്‍ തുടങ്ങി.സിനിമോള്‍ ഞങ്ങള്‍ കാണാതെ പേപ്പറിന്‍റെ വല്ല മൂലയിലും ഒളിച്ചിരിപ്പുണ്ടെങ്കിലോ ഏതായാലും ഒരു ദുഃഖം വന്നപ്പോഴെങ്കിലും ആ കെട്ടിലമ്മയുടെ അഹന്തയൊന്നു കുറഞ്ഞു. കാണാന്‍ ചെന്നപ്പോ എന്തായിരുന്നു കെട്ടിപ്പിടുത്തോം കരച്ചിലും..കഴിഞ്ഞ ആഴ്ചയാണ് ഞങ്ങളുടെ മാവിന്‍കൊമ്പ് വീണ് അവരുടെ സണ്‍ഷെയ്ഡ്‌ പൊട്ടിയതിന് മൂപ്പത്തി യുദ്ധമുണ്ടാക്കിയത്..സിനിമോള്‍ അകത്തിരുന്നു രസം പിടിച്ച് കാഴ്ച കാണുകയായിരുന്നു.. താനും വിട്ടുകൊടുത്തില്ല, “പോയി കേസ് കൊടുക്ക്, വെറുപ്പോടെ ഞാന്‍ ചീറി..”

“ഇത് നോക്ക് ഹരിയേട്ടാ, നാലാം കോളത്തിലെക്ക് ഞാന്‍ ചൂണ്ടി..എഴുപത് വയസ്സുകാരിയെ ക്ഷേത്രത്തിനടുത്ത് വച്ചു പീഡിപ്പിച്ചു, അവശയായ സ്ത്രീ ആശുപത്രിയിലാണ്. ശാന്തി വൃദ്ധസദനത്തിലെ അന്തേവാസിനിയാണിവര്‍”

“നിങ്ങളുടെ അമ്മ ആ വൃദ്ധസദനത്തില്‍ അല്ലേ? ഒന്നു വിളിച്ച് അന്വേഷിച്ചേക്ക്..”കുറച്ചു കഴിഞ്ഞപ്പോള്‍ ഹരിയെട്ടന്‍ ഫോണ്‍ ചെയ്യുന്നത്   കേട്ടു, “സൂര്യ ആ ക്ലിപ്പിങ്ങുകള്‍ നീ എന്നയക്കും? ആ പെണ്ണ് ഇതിലൂടെ കിണുങ്ങി നടക്കുമ്പഴെ ആശിച്ചതാ വിശദമായൊന്നു കാണാന്‍..”
അരിശം ഉള്ളില്‍ പതഞ്ഞെങ്കിലും മൂപ്പരെ മൂപ്പരുടെ വഴിക്ക് വിട്ട് ഞാന്‍ മോഹനന് ഒരു മെസ്സേജ് അയച്ച. “ഇന്ന് നീ വരുമെന്ന് പറഞ്ഞില്ലേ.ഇങ്ങോട്ടു വേണ്ട. ഇവിടെ ആകെ ബഹളം..ഞാന്‍ നിന്‍റെ വീട്ടില്‍ വരാം. പിന്നെ – ക്യാമറ കൊണ്ടൊന്നും പണി തന്നേക്കല്ലേ ഞാനതിലും വലുത് നിനക്കിട്ടു തരും..ങ്ഹാ..”അവന്‍റെ മറുപടി കുറെ സ്മൈലികളായിരുന്നു..അപ്പോള്‍ ഹരിയേട്ടന്‍റെ പതറിയ ശബ്ദം ദൂരെ നിന്നെന്നപോലെ കേട്ടു –“അതെ സാര്‍, എന്‍റെ അമ്മ തന്നെ, വൃദ്ധസദനത്തില്‍ ആയിരുന്നു..ഇപ്പോ വരാം സാര്‍, കേസൊന്നും ആക്കല്ലേ സാര്‍...”

അപ്പൊ അത് കണ്‍ഫേം ആയി.പാവം തള്ളയ്ക്ക് ഒടുക്കം അങ്ങനെ അന്ത്യശ്വാസം വലിക്കാനായിരുന്നു യോഗം..നാണക്കേട്!ഇന്നൊന്നും ആ തള്ളയെ ഇങ്ങോട്ടു കെട്ടിയെടുക്കാതിരിക്കട്ടെ, എല്ലാ പ്ലാനും തെറ്റും..അല്ലെങ്കില്‍ തന്നെ കുടുമ്പത്തിനു കുറച്ചിലല്ലേ ഇതെല്ലാം ..മോഹനന് ഇഷ്ടമുള്ള മഞ്ഞസാരി ചുറ്റി ഞാന്‍ ഹരിയേട്ടനെ ഡയല്‍ ചെയ്തു..ചിലമ്പിച്ച സ്വരം ദൂരേന്ന് ചിതറി വീണു –“നിമ്മീ, അമ്മ ...അയാള്‍ ഒരു കരച്ചിലിലേക്ക് മറിഞ്ഞു വീഴും മുമ്പേ ഞാന്‍ കര്‍ക്കശയായി –“ഇനി സെന്റിയടിച്ച് തള്ളയെ ഇങ്ങോട്ടു എഴുന്നള്ളിക്കേണ്ട , എല്ലാരും അറിഞ്ഞാ പിന്നെ തല ഉയര്‍ത്താന്‍ പറ്റോ? വല്ല പബ്ലിക് ക്രീമറ്റോറിയത്തിലേക്കും അയച്ചേക്ക്..അല്ലെങ്കില്‍ മെഡിക്കല്‍കോളേജിനു കൊടുത്തേക്ക്, കുട്ടികള്‍ കീറി പഠിക്കട്ടെ, അല്ല പിന്നെ..”

അപ്പുറത്ത് നിന്ന് മൌനം സമ്മതമായി ചിലമ്പി..വാനിറ്റിബാഗ് വീശിക്കൊണ്ട് ഞാന്‍ കാറില്‍ കയറി. സ്വര്‍ണത്തിലും പണത്തിലും മൂടി പപ്പാ തന്നെ കൊടുത്ത അന്ന് പറിച്ചെടുത്തതാണ് ഞാന്‍ ഹരിയേട്ടന്‍റെ  നാവ്..പാവം! സ്റ്റിയറിംഗിലേക്ക് നോക്കി ഞാന്‍ വെറുതെ പൊട്ടിച്ചിരിച്ചു.....................

2017, മാർച്ച് 19, ഞായറാഴ്‌ച

നെറ്റ് മാനിയ [കഥ]കാര്യങ്ങളൊന്നും ചൊവ്വായല്ല നടക്കുന്നതെന്ന് കദീസുമ്മാക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആകെ വീട്ടിലുള്ളത് മകനും മരുമകളും അവരുടെ ഒരേയൊരു സന്തതിയുമാണ്. മകന്‍ ജോലി കഴിഞ്ഞു വന്നാല്‍ സോഫയിലൊരു ഇരുത്തമാണ്, പിന്നെ കയ്യിലെ മൊബെലില്‍ കുത്തിക്കുത്തി നേരം എത്രയാണാകുന്നതെന്ന് ഒരന്തവുമില്ലാതെ ഇരിക്കുന്നത് കാണാം..ഒമ്പതാം ക്ലാസ്സുകാരനായ അവന്‍റെ മകന് സ്കൂള്‍ വിട്ടാല്‍ പിന്നെ പാഞ്ഞു കയറി വന്ന് ടാബ് എടുക്കാനും ഗെയിം കളിക്കാനും മാത്രേ സമയം ള്ളൂ. വല്ലതും വായിച്ചു പഠിക്കാന്‍ ഉപ്പേം ഉമ്മേം പിന്നാലെ കൂടണം. എല്ലാര്ക്കുംണ്ട് സ്വന്തമായൊരു ദുനിയാവ്. അവരവരുടെ ശുഗല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാരും അവിടെയാണ്..തൊട്ടടുത്തുള്ളവരോട് ഒരക്ഷരം മിണ്ടാത്തവരാണു ദൂരെയുള്ള ആരോടൊക്കെയോ ഈ തീരാത്ത വര്‍ത്തമാനം. പണ്ടൊക്കെ മോന്തി ആയാ എല്ലാ പൊരേന്നും ഖുറാന്‍ ഓതുന്നത് കേള്‍ക്കേയ്നി, ഇന്നിപ്പോ സീരിയലിന്‍റെ ചിരിയും കരച്ചിലും മാത്രേള്ളൂ ഏതു സമയൂം..അല്ലെങ്കില്‍ മോബെലിന്‍റെ പലതരം കിണുങ്ങിക്കരച്ചിലുകള്‍..

നെറ്റ് അടിമകളൊക്കെ പൊതുസ്വഭാവികളാണ്..അതിലെ പൈസ തീര്‍ന്നാ പിന്നെ ആകൊരു അങ്കലാപ്പാണ്..അതിനു തിന്നാന്‍ കൊടുത്തിട്ടേ ബാക്കി എന്തു കാര്യോംള്ളൂ..അതില്‍ കുത്തിക്കുത്തി ഇരിക്കുമ്പഴാ ഇവരുടെയൊക്കെ കല്ലിച്ച മുഖത്തൊരു അയവ് വരുന്നത്..എന്തേലും ആവശ്യത്തിന് ആരെ വിളിച്ചാലും നാല് ചാട്ടമാണ് മറുപടി..വയസ്സായ ഒരുമ്മ മയ്യത്താവാന്‍ നാളെണ്ണിക്കഴിയാന്നു വല്ല വിചാരോം ഈ ജന്തുക്കള്‍ക്കുണ്ടോ..
‘’മുനീറാ, ന്‍റെ കാല് കടഞ്ഞിട്ട്‌ വയ്യ ഈ തൈലം കൊണ്ടൊന്നു ഉഴിഞ്ഞു താ’, അവര്‍ ഉറക്കെ വിളിച്ചു , മരുമകള്‍ ഗൂഡസ്മിതവുമായി മൊബെലില്‍ കുത്തിക്കൊണ്ടിരിക്കയാണ്..എണീറ്റ് ചെന്നു ആ മൊബെല്‍ വലിച്ച് ഒരേറു കൊടുക്കാന്‍ അവര്‍ക്ക് തോന്നി..പക്ഷെ കാലുകള്‍ സമ്മതിക്കില്ല..

‘മുക്താറെ, മുക്താറെ, അവര്‍ പേരമകനെ നീട്ടി വിളിച്ചു..അവന്‍ കണ്ണൊന്നുയര്‍ത്തി അവരെ നോക്കി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു..”കബീറെ, കബീറെ, “ അവര്‍ അരിശത്തോടെ അലറി..’എന്താ ഉമ്മാ, കബീര്‍ അമ്പരപ്പോടെ ചോദിച്ചു. “അന്‍റെ അണ്ണാക്കിലെന്താ, കൊഴുക്കട്ടേ? കൊറെ നേരായി ഞാന്‍ വിളിക്കണ്..ഇത്തോതില്‍ വെള്ളം കിട്ടാതെ ഞാന്‍ മവ്ത്താവല്ലോ പടച്ചോനെ..’’കബീര്‍ അടുത്തേക്ക് വന്നപ്പോള്‍ അവര്‍ പറഞ്ഞു..’’ദാ, ന്‍റെ വള, വിറ്റ് അന്‍റെ മായിരിക്കത്തെ ഒരു ഫോണ്‍ കൊണ്ടര്..ഇന്ക്കും മാണല്ലോ മുണ്ടീം പറഞ്ഞും ഇരിക്കാന്‍ ആരെങ്കിലും..’’

‘’വവ്, പേരമകന്‍ ചാടിയെഴുന്നേറ്റ് ആഹ്ലാദത്തോടെ തുള്ളിച്ചാടി..’’അങ്ങനെ ന്യൂ ജന്‍ ആക് വല്ലിമ്മാ..ഉപ്പാ നല്ലൊരു ഫോണ്‍ വാങ്ങിക്കൊടുക്ക്, വാട്ട്സ് ആപ്പില്‍ ഓള്‍ഡ്‌ മെന്‍ ഗ്രൂപ്പുണ്ടാക്കും വല്ലിമ്മ..പിന്നെ നല്ല നല്ല കമ്പനികള്‍ ആയില്ലേ, ഒക്കെ ഞാന്‍ പഠിപ്പിച്ചു തരാം കേട്ടോ..’’
‘’ഉം, ഒന്നിരുത്തി മൂളി വല്ലിമ്മ കല്ലിച്ച മുഖത്തോടെ സോഫയില്‍ ചാരി ഇരുന്നു..മുപ്പത്തഞ്ചു വര്‍ഷം മുമ്പ് പഴയ ഓടുവീട്ടില്‍ താമസിച്ചിരുന്നതും അയല്‍വീട്ടുകാരുമായി വര്‍ത്താനം പറഞ്ഞിരുന്നതും എന്തുണ്ടാക്കിയാലും ഒരോരി എല്ലാര്‍ക്കും കൊടുത്തിരുന്നതും ഒക്കെയായ ഓര്‍മകള്‍ അവര്‍ക്ക് ചുറ്റും തുള്ളിക്കളിച്ചു..മങ്ങിയ കൃഷ്ണമണികള്‍ തുളുമ്പാന്‍ വെമ്പുന്ന കണ്ണീരാല്‍ തിളങ്ങി.................