Pages

2017, മേയ് 16, ചൊവ്വാഴ്ച

ബ്ലൂവെയില്‍ [കഥ]
സൂയിസൈഡ് കമ്മ്യൂണിറ്റിയിലേക്ക് ആവേശത്തോടെ ചാടിയിറങ്ങുമ്പോള്‍ ആദര്‍ശിന് അത് വരെ  കളിച്ചു മടുത്ത കമ്പ്യൂട്ടര്‍ഗെയിം പോലെയാവുമോ ഇതും എന്ന് ആശങ്കയുണ്ടായിരുന്നു. യുദ്ധം ചെയ്തും പ്രധിരോധിച്ചും കാര്‍റെയിസിങ്ങുകളില്‍ പങ്കെടുത്തും...ഗെയിമുകള്‍ അവന്‍റെ മുന്നില്‍ തുറക്കാത്ത വാതിലുകളില്ല..അതെല്ലാം മടുത്ത് വെറുത്ത് ഇരിക്കുമ്പോഴാണ് ലൂയിസ് ഇങ്ങനൊരു ഗെയിമിനെക്കുറിച്ച് പറഞ്ഞത്. “ആദീ, ഇത് സാദാ ഗെയിമല്ല. ഫുള്‍ ചലഞ്ചസ് ആണ്.ഏറ്റവും ഒടുവിലത്തെ ടാസ്ക്കും പൂര്‍ത്തിയാക്കിയാല്‍ വി ആര്‍ ദ ഫിറ്റസ്റ്റ് ടു ലിവ് ഹിയര്‍..”അങ്ങനെയാ അഡ്മിന്‍ പറയുന്നത്. എന്ത് രസമാണെന്നോ അദ്ദേഹത്തോട് സംസാരിക്കാന്‍. ഹി ഈസ് സോ ലവബ്ള്‍..ഗിവ്സ് അസ് സോ മച് അഫക്ഷന്‍ ആന്‍ഡ് കോണ്‍ഫിഡന്‍സ്..”വീട്ടിലിരുന്ന് ബോറടിക്കുമ്പോ ദിസ് ചാറ്റിംഗ് ഈസ് സോ വണ്ടര്‍ഫുള്‍..”
ബോറടി –അത് തന്നെയാണ് വലിയൊരു പ്രശ്നം. പാഠങ്ങളെല്ലാം പഠിച്ചു കഴിഞ്ഞാലും സമയം ബാക്കിയാണ്. അച്ഛനോടും അമ്മയോടും വല്യ ക്ലോസല്ലാത്തതോണ്ട് കൂടുതലൊന്നും സംസാരിക്കാനുണ്ടാവില്ല. അവര്‍ക്കുമതെ. ദേ ആര്‍ ഓള്‍വേസ് ബിസി..

“വെല്‍ക്കം ടു അവര്‍ കമ്മ്യൂണിറ്റി മൈ ഡിയര്‍ ബോയ്‌..” അഡ്മിന്‍റെ വോയ്സ് മെസ്സേജ് അവന്‍റെ കാതില്‍ വീണു ചിലമ്പി. “ടു വിന്‍ യു ഹാവ് ടു ഗോ ത്രൂ ഫിഫ്ടി ടാസ്ക്സ്. ഇഫ്‌ യു ആര്‍ ദ വിന്നര്‍ ദേര്‍ ഈസ് എ വണ്ടര്‍ഫുള്‍ പ്രൈസ് വെയ്ടിംഗ് ഫോര്‍ യു..ആദ്യത്തെ ടാസ്ക് ഇതാണ് –നിന്‍റെ കയ്യില്‍ എവിടെയെങ്കിലും ഒരു ചങ്ങലയുടെ ചിത്രം ബ്ലെയിഡ് കൊണ്ട് ചുരണ്ടിയെടുക്കണം. ചെറുതായി ബ്ലീഡ് ചെയ്യും അത് കാര്യമാക്കേണ്ട. മുറിവിന്‍റെ ചോരയുണങ്ങാത്ത ചിത്രം ഉടന്‍ പോസ്റ്റ്‌ ചെയ്യുകയും വേണം. ഓര്‍ക്കുക ,ഞാന്‍ നിന്നെ ധൈര്യവാനായ ഒരു കുട്ടിയായി മാറ്റുകയാണ്. ധീരര്‍ രക്തത്തെ ഭയക്കുകയില്ല..”
ആദ്യത്തെ ടാസ്ക് തന്നെ അവനു വേദനാജനകമായിരുന്നു. ചെറിയൊരു മുറിവ് വന്നാല്‍ പോലും വിങ്ങിക്കരയുന്നവനാണവന്‍. എന്നിട്ടും വേദന സഹിച്ച് സഹിച്ച് അവനാ കൃത്യം പൂര്‍ത്തീകരിച്ചു..
“കണ്ഗ്രാട്സ്, യു ആര്‍ വെരി ബോള്‍ഡ്. പക്ഷെ ഇനിയുമുണ്ട് നാല്പത്തൊമ്പത് വെല്ലുവിളികള്‍. അടുത്തത് ഇതാണ് –ഇന്ന് രാത്രി കൃത്യം ഒരു മണിക്ക് എഴുന്നേല്‍ക്കണം, ഞാനയക്കുന്ന ഈ രണ്ടു ഹൊറര്‍ വീഡിയോകള്‍ നാലേ അന്‍പത് ആകുമ്പോഴേക്കും കണ്ടു തീര്‍ക്കണം. ഓക്കേ?”

ഒരു മണിക്ക് അലാറം വച്ച് ഉണരുമ്പോള്‍ പരീക്ഷക്ക് പോലും രാത്രിയുടെ ഈ യാമങ്ങളൊന്നും താന്‍ കണ്ടിട്ടില്ലല്ലോയെന്ന്‍ അവനോര്‍ത്തു..വാതില്‍ ചേര്‍ത്തടച്ച് അവന്‍ വീഡിയോ ഓണ്‍ ചെയ്തു. അനേകം കൊലപാതകദൃശ്യങ്ങള്‍ ,പല രീതിയിലുള്ള കൊല്ലലുകള്‍..നിലവിളിക്കാനുള്ള അതിയായ ആഗ്രഹത്തെ അവന്‍ തച്ചു തകര്‍ത്തു.ഭയം അവന്‍റെ ഹൃദയത്തില്‍ കടിച്ചു തൂങ്ങി..ആരെയെങ്കിലും വകവരുത്താനുള്ള ഒരാഗ്രഹം അവനില്‍ നുരഞ്ഞു..
“ഗ്രെയിറ്റ്-“ അഡ്മിനന്‍റെ സ്വരം അവനെ അഭിനന്ദിച്ചു . “രണ്ടു ടാസ്കിലും യു ഹാവ് ഗോട്ട് ദ ഫുള്‍ സ്കോര്‍..ബട്ട് ഇനിയും നാല്പത്തെട്ടു ടാസ്ക്കുകള്‍ നിങ്ങളെ കാത്തിരിക്കുന്നു, ടു മെയ്ക് യു എ ബ്രില്ല്യണ്ട് ആന്‍ഡ്‌ കറേജിയസ് ബോയ്‌..”
“യെസ് സാര്‍ അയാം റെഡി ..”അവന്‍റെ ധീരമായ ശബ്ദം അയാളെ പുണര്‍ന്നു..

“ഇത് കുറച്ച് റിസ്കുള്ളതാണ്..നീ നിന്‍റെ വെയിന്‍ കട്ട് ചെയ്യണം, വല്ലാതെ ആഴത്തിലല്ല, ത്രീ ഓര്‍ ഫോര്‍ കട്ട്സ് .ചോരയൊഴുകും, പേടിക്കരുത്, ധീരനാകാനുള്ള ട്രെയിനിങ്ങില്‍ ഒരു പ്രതിസന്ധിയും നമ്മെ പിന്തിരിപ്പിക്കരുത്. ചുവന്നു തുടുത്ത ആ മൂന്നു മുറിവുകളുടെ പടം പോസ്റ്റ് ചെയ്തിട്ടേ മുറിവില്‍ മരുന്ന്‍ വെക്കാവൂ..ഓക്കേ?”
ചോരയിറ്റുന്ന വ്രണത്തിന്‍റെ ചിത്രം ആഡ്‌മിനെ വല്ലാതെ ആഹ്ലാദിപ്പിച്ചു. അയാള്‍ സന്തോഷത്തോടെ പറഞ്ഞു –“ഗ്രേറ്റ് ,യുവര്‍ നെക്സ്റ്റ് ടാസ്ക് ഈസ് ദിസ് –ഈഫ് യു ആര്‍ റെഡി ടു ബികം എ വെയില്‍ കാര്‍വ്  യെസ് ഓണ്‍ യുവര്‍ ലെഗ് വിത് എ റേസര്‍. അഥവാ തയ്യാറില്ലെങ്കില്‍ മേലാസകലം മുറിവാക്കി നിന്നെ സ്വയം ശിക്ഷിചോളൂ. ധീരനാവാനുള്ള അപൂര്‍വാവസരം നഷ്ടപ്പെടുത്തുന്നതിന് അതാണ്‌ നിനക്കുള്ള ശിക്ഷ..”
അവന്‍ പരാജയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല..യെസ് എന്ന ചോരയെഴുത്ത് അവന്‍റെ കാലില്‍ കറുത്ത് കല്ലിച്ചു.

“കണ്ഗ്രാട്സ് , യു ആര്‍ അവര്‍ ബിലവഡ്‌ നൌ. ഭയക്കുന്നവരെ ഞങ്ങളുടെ കമ്മ്യൂനിറ്റിയില്‍ ആവശ്യമില്ല. ദേ ആര്‍ ഓണ്‍ലി ബയോളജിക്കല്‍ വേസ്റ്റ്. അറിയാമോ ഭയം നമ്മളെ എന്തു മാത്രം തടസ്സപ്പെടുത്തുന്നു എന്ന്. പേടിയില്ലാതാവുമ്പോഴാണ്‌ നമ്മള്‍ നമ്മുടെ പൂര്‍ണതയിലേക്ക് വളരുക. സോ ഫ്രം നൌ എവരിഡേ നൈറ്റ് യു ഷുഡ് വാച്ച് ഹൊറര്‍ വീഡിയോസ് ദാറ്റ് വി സെന്‍റ് യു . ഇന്‍ ദ മോണിംഗ് ഗോ ടു എ ബ്രിഡ്ജ് ആന്‍ഡ്‌ സ്റ്റാന്റ് ഓണ്‍ ഇട്സ് എഡ്ജ് ഫോര്‍ ഫിഫ്ടീന്‍ മിനുട്ട്സ്. ആന്‍ഡ്‌ ദ നെക്സ്റ്റ് ഡേ ഗോ ടു എ റൂഫ് ആന്‍ഡ്‌ സിറ്റ് ഓണ്‍ ഇട്സ് എഡ്ജ് വിത് യുവര്‍ ലെഗ്സ്‌ ഡാന്ഗ്ലിംഗ്. റിമംബര്‍ ,യുവര്‍ അഡ്മിന്‍ കാന്‍ നോ ഈഫ് യു ആര്‍ ട്രസ്റ്റ്‌വേര്‍ത്തി..”
ക്രൂരതയുടെ ഓരോ വീഡിയോയും അവന്‍റെ ഹൃദയത്തെ മരുഭൂമിയാക്കി. ആരെയും എന്തും ചെയ്യാനുള്ള ഒരു ധൈര്യം അവനെ പൊതിഞ്ഞു. അഡ്മിന്‍റെ ഓര്‍ഡര്‍ പ്രകാരം അവന്‍റെ ശരീരഭാഗങ്ങളില്‍ ചോരപ്പൂക്കള്‍ വിരിഞ്ഞുകൊണ്ടിരുന്നു. അവര്‍ അയച്ചു കൊടുത്ത വിഷാദസംഗീതവും രൌദ്രസംഗീതവും മാറി മാറി കേട്ട് അവനില്‍ ഉന്മാദം പൂത്തു.ഓരോ ടാസ്കും നിറവേറ്റുന്ന ഫോട്ടോകള്‍ അഡ്മിനനെ തേടി ധൃതിയില്‍ സഞ്ചരിച്ചു. അവനില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ മറ്റു വെയിലുകളുമായി വീഡിയോകോളുകളും ഉണ്ടായിരുന്നു.പാതിരാക്ക് തീവണ്ടിപ്പാളത്തിലൂടെ നടക്കലായിരുന്നു മറ്റൊരു വെല്ലുവിളി.ചൂളം വിളിച്ചെത്തുന്ന മരണവണ്ടിയെ കണ്‍കുളിര്‍ക്കെ കാണുക , പാമ്പുകളായി ഇഴഞ്ഞു പോകുന്ന റെയിലുകളെ ഏറെ നേരം നോക്കിയിരിക്കുക , വെറുതെയുള്ള ഈ ലൈഫിന്‍റെ വ്യര്‍ത്ഥത തിരിച്ചറിയുക ..അതും പറഞ്ഞ് അഡ്മിന്‍ പൊട്ടിച്ചിരിച്ചു.

എന്നും ശരീരത്തില്‍  ഓരോ മുറിവുണ്ടാക്കുക ,ഭീകരവീഡിയോകള്‍ കാണുക ,ആരോടും മിണ്ടാതിരിക്കുക , എല്ലാ ആജ്ഞകളും അവന്‍ അക്ഷരംപ്രതി അനുസരിച്ചു..
“സോ മൈ ബോയ്‌ യുവര്‍ നെക്സ്റ്റ് ടാസ്ക് ഈസ് ദിസ് –കാര്‍വ് എ ഹാന്‍ഡ്കഫ് വിത് ദ റൈറ്റിംഗ്- അയാം എ വെയില്‍ ഓണ്‍ യുവര്‍ തൈ.”

രൌദ്രസംഗീതം കേട്ടുകേട്ട് തല പെരുത്ത് അവന്‍ തന്‍റെ റൂമിലെ പല സാധനഗലും നിലത്തെറിഞ്ഞുടച്ചു. ശബ്ദം കേട്ടാണ് മമ്മയും ഡാഡിയും വിളിച്ചു ചോദിച്ചത്-“എന്താണ് ആദീ , ഓപ്പണ്‍ ദ ഡോര്‍..”അവന്‍ അതിശയിച്ചു, ഹു ആര്‍ ദീസ് ഫെലോസ്?ഈ മനുഷ്യര്‍ ഇത്ര ദിവസവും ഈ വീട്ടില്‍ ഉണ്ടായിരുന്നുവോ? അവരുടെ ഒരേയൊരു  മകന്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് തരണം ചെയ്യുന്നത് എന്നവരറിയുന്നുണ്ടോ?അവന് അവരെ ആ നിമിഷം തന്നെ തലക്കടിച്ചു കൊലപ്പെടുത്താനുള്ള അതിയായ ആഗ്രഹമുണ്ടായി. പണിപ്പെട്ട് അതടക്കിക്കൊണ്ട് അവന്‍ പറഞ്ഞു –“നതിംഗ് മമ്മാ നതിംഗ്..”
“ഡിസംബര്‍ 25 ദാറ്റീസ് യുവര്‍ ഡേ..”അഡ്മിന്‍റെ മുറിയാത്ത അട്ടഹാസം അവന്‍റെ കാതില്‍ ഇരമ്പി. അന്ന് നീ നിന്‍റെ സിറ്റിയിലെ കിംഗ്‌ ഫിഷര്‍ ബില്‍ഡിംഗിന്‍റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടുന്നു. അല്ല ,ഒരു പക്ഷിയെപ്പോലെ നീ താഴ്ന്നിറങ്ങുന്നു..ഇതാണ് നിന്‍റെ ലാസ്റ്റ് ചാലന്‍ജ് .ഇതില്‍ സര്‍വൈവ് ചെയ്‌താല്‍ യു ആര്‍ ദ ഫിറ്റസ്റ്റ് ടു ലിവ് ഹിയര്‍..ആര്‍ യു റെഡി മൈ ഡിയര്‍ ബോയ്‌..”
അവന് ഭയം തോന്നിയില്ല. വിവേചനശക്തി അവന്‍റെ തലച്ചോറില്‍ നിന്ന് ഊര്‍ന്നു പോയിരുന്നു..എന്തും ചെയ്യാനുള്ള സാഹസം അവന്‍റെ രക്തത്തില്‍ തിളച്ചുമറിഞ്ഞു..

അവന്‍റെ തലച്ചോര്‍ ചിതറിയിരുന്നു, എല്ലുകള്‍ പൊടിഞ്ഞിരുന്നു ..പോസ്റ്റ്‌മോര്‍ട്ടത്തിനായി ആംബുലന്‍സില്‍ സഞ്ചരിക്കുമ്പോള്‍  തുടയിലെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ ബ്ലെയിഡ് കൊണ്ട് ചുരണ്ടിയെടുത്ത  വിലങ്ങിന്‍റെ രൂപവും ചോരയെഴുത്തും കറുത്ത് കല്ലിച്ചു കിടന്നു.

അവന്‍റെ അഡ്മിന്‍ തന്‍റെ വലക്കണ്ണികള്‍ ഒന്നൂടെ മുറുക്കി അടുത്ത ഇരക്കായി കാത്തുകാത്തിരുന്നു ...................

 

2 അഭിപ്രായങ്ങൾ:

  1. 'നീലത്തിമിംഗലം' കളിയിലൂടെ ആത്‍മഹത്യയിലേക്ക് റഷ്യയിലെ നൂറിലേറെ കുട്ടികളാണ് എത്തിച്ചേർന്നത്. കളിയിലെ ഭീകരതയെ തുറന്നു കാട്ടുന്നതിൽ ശരീഫക്ക് വിജയിക്കാനായി. പുതുമയുള്ള വിഷയം കണ്ടെത്തിയ കഥാകാരിക്ക് അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  2. എന്തായാലും കുട്ടികളില്‍ മാതാപിതാക്കളുടെ സ്നേഹലാളനകളും ശ്രദ്ധയും പതിഞ്ഞിരിക്കണം...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ