Pages

2012, ഡിസംബർ 29, ശനിയാഴ്‌ച


സ്നേഹത്തിന്‍റെ നിലവിളി ...........                           കവിത

നിന്‍റെ ഡിസക്ഷന്‍ ടേബിളിലായിരുന്നു

എന്‍റെ സ്നേഹം കഷ്ണിക്കപ്പെട്ടത്,

അനേകം തുണ്ടുകളായി കീറി മുറിക്കപ്പെട്ടത്‌.

അതിന്‍റെ കൈകാലുകള്‍,മുഖം,ശരീരം,എല്ലാം തുണ്ടം തുണ്ടമായി-

സുന്ദരമായതെല്ലാം വിരൂപമായി ...........

കേവലം ചോരയിറ്റുന്ന ഇറച്ചിത്തുണ്ടുകള്‍!

നീയതെല്ലാം വേസ്റ്റ് ബാസ്കറ്റിലേക്ക് എറിഞ്ഞു  

നിന്‍റെ ഡിസക്ഷന്‍ ടേബിളിലേക്ക് പുതിയ പുതിയ ഇരകള്‍..

ചവറ്റുകൊട്ടയില്‍ കിടന്നും എന്‍റെ പ്രണയം നിലവിളിക്കുന്നു.

2012, ഡിസംബർ 16, ഞായറാഴ്‌ച


നടനം.................                        കഥ

ജില്ലാകലോത്സവത്തിന്‍റെ വേദിയിലേക്ക് ആ തെരുവുപെണ്‍കുട്ടി കയറിപ്പറ്റിയത് ഏവരിലും ആശ്ചര്യം നിറച്ചു.ഒരു ചെസ്റ്റ്‌നമ്പരും എങ്ങനെയോ അവള്‍ സംഘടിപ്പിച്ചിരുന്നു.ചിലങ്കകളോ ആടയാഭരണങ്ങളോ മേക്കപ്പോ ഇല്ലാതെ മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങളില്‍ അവള്‍ കയറി വന്നു.പിന്നണിഗാനമോ ഉപകരണസംഗീതമോ ഒന്നും കൂട്ടില്ലാതെ തൊണ്ട കീറുന്ന വിലാപധ്വനിയോടെ അവളൊരു ഗാനം ആലപിക്കുകയും അതിനനുസരിച്ച് ചുവടു വെക്കുകയും ചെയ്തു.സ്റ്റേജില്‍ അവിടവിടെയായി തൂങ്ങിക്കിടന്ന മൈക്കുകള്‍ അവളുടെ വിലാപത്തെ മുറിച്ചു മുറിച്ച് കാണികളിലെത്തിച്ചുകൊണ്ടിരുന്നു.

അവരോടവള്‍ തെരുവു അറുത്തു മുറിച്ചു കൊണ്ടു പോയ അമ്മയെ ക്കുറിച്ചു പറഞ്ഞു.സ്കൂളില്‍ പോകാനോ ബാല്യം ആസ്വദിക്കാനോ വിധിയില്ലാത്ത ഒരു തെരുവുപെണ്‍കുട്ടിയുടെ കഥയായിരുന്നു അത്.പാട്ടിന്‍റെ അവസാനവരി ഇങ്ങനെ നിലവിളിച്ചു;തെരുവിന്‍റെ ഇരുണ്ട മൂലകളിലേക്ക് വരൂ,അഭിനയത്തികവ് വേണ്ടതില്ലാത്ത ജീവിതത്തിന്‍റെ മേക്കപ്പില്ലാത്ത മുഖം കാണൂ..........

നൃത്തം കഴിഞ്ഞും ആരും കയ്യടിക്കാതെ ഒരു തീപ്പെട്ടിച്ചിത്രം കണ്ട കൌതുകത്തോടെ കോട്ടുവായിട്ട് അടുത്ത മത്സരാര്‍ഥി വരുന്നതും നോക്കിയിരിപ്പായി.സംഘാടകര്‍ അവളെ തലങ്ങും വിലങ്ങും ചോദ്യം ചെയ്തു.അവള്‍ വാവിട്ടു കരഞ്ഞതിനാല്‍ മറ്റൊരു നാടകം ഉണ്ടാക്കേണ്ടെന്നു കരുതി അവളെ ഓടിച്ചു വിട്ടു.അവളാകട്ടെ ബാക്കി നൃത്തങ്ങള്‍ കൂടി കാണുമെന്ന വാശിയോടെ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയില്‍ ചെന്നിരിപ്പായി.കൊട്ടും തുടിയുമായി അനേകരുടെ ദുഃഖങ്ങളും സന്തോഷങ്ങളും കൃത്രിമമഴയായി സീഡികളിലൂടെ പെയ്തു.വെളുത്തു തുടുത്ത സുന്ദരികള്‍ ദുര്‍മേദസ്സ് നിറഞ്ഞ ദേഹത്തെ ഓരോ ചുവടിലും കുലുക്കികൊണ്ടിരുന്നു.അതില്‍ മാത്രം ശ്രദ്ധിക്കുന്ന ചില ആണ്‍കൂട്ടങ്ങള്‍ ഇടയ്ക്കിടെ സീല്‍ക്കാരങ്ങള്‍ പുറപ്പെടുവിച്ചു.തെരുവുപെണ്ണിന്‍റെ കഥയാടിയ വെളുത്തകുട്ടി എമ്പാടും കരി തേച്ചിട്ടും അവിടവിടെ പാണ്ട് പോലെ വെളുപ്പ്‌ പുറത്തേക്ക് ഇളിച്ചു.പുതിയ തുണിയില്‍ ഉണ്ടാക്കിയ കീറലുകള്‍ കുടവില്ലു പോലെ എറിച്ചുനിന്നു.ഒരിക്കലും ഒരു തെരുവുപെണ്ണിനെ കണ്ടിട്ടില്ലാത്ത കുട്ടി ഓവറായ ഭാവങ്ങളാല്‍ കത്തിക്കയറി.മൂലയിലിരിക്കുന്നവള്‍ അതിശയിച്ചു;ഭൂമിയില്‍ എപ്പോഴും സത്യവും അസത്യവും തമ്മിലാണ് യുദ്ധം,ഇപ്പോള്‍ തന്നെ യഥാര്‍ത്ഥമായ തന്‍റെ വേഷം ഒരാളും ശ്രദ്ധിച്ചില്ല.അസത്യമായ വേഷത്തെ എല്ലാവരും കയ്യടിച്ചു അനുമോദിക്കുന്നു.

റിസള്‍ട്ട് വന്നപ്പോള്‍ തെരുവുകുട്ടിയായി ജയിച്ചുകയറിയ മകളെ അമ്മ ലിപ്സ്റ്റിക്ചുണ്ടുകളാല്‍ ചുംബിച്ചു.എത്ര വേണ്ടാന്നു പറഞ്ഞിട്ടും മകളെ നിര്‍ബന്ധിച്ചു കോംപ്ലാന്‍ കഴിപ്പിച്ചു,പത്രക്കാര്‍ക്കു മുമ്പിലേക്ക് ഫോട്ടോയെടുപ്പിനു നീക്കി നിര്‍ത്തി അഭിമാനിച്ചു.

“ഭരതനാട്യത്തിലും എന്‍റെ മോള്‍ തന്നെയാ ഫസ്റ്റ്.”ആവേശത്തോടെ ആ അമ്മ പ്രസ്താവിച്ചു.”നല്ല ചെലവുണ്ടാവില്ലേ,എല്ലാ ഇനങ്ങളിലും മത്സരിക്കാന്‍?”ചാനലുകാര്‍ ചോദ്യങ്ങളെറിയാന്‍ ആരംഭിച്ചു.

“പിന്നേ,ലക്ഷക്കണക്കിന് രൂപയാ ഇവള്‍ക്കുവേണ്ടി പൊടിക്കുന്നത്.ഒറ്റ മോളാ,പാട്ട്,ഡാന്‍സ്‌,അവള്‍ എല്ലാറ്റിലും നമ്പര്‍വണ്ണാ.റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്നാ അവളുടെ വല്യ ആശ..ഇപ്രാവശ്യം ലളിതഗാനം എങ്ങനെയോ മിസ്സായി.ഈ ജഡ്ജസിനെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നേ.”തെരുവുപെണ്‍കുട്ടി ഈ പളപളപ്പെല്ലാം കണ്ടു അന്തം വിട്ടു കുറെ നേരം നോക്കി നിന്നു.പെട്ടെന്നുണ്ടായ ബോധോദയത്തില്‍ പുറത്തേക്കു കുതിച്ചു.ഇന്നൊരൊറ്റപ്പൈസ കിട്ടിയിട്ടില്ല,വേലാണ്ടി എത്തിയാല്‍!കടവുളേ!കുടവയറിന്‍റെയും ഉണ്ടക്കണ്ണിന്‍റെയും സ്മരണ അവളെ പൊള്ളിച്ചു.കണ്ണുകള്‍ അറിയാതെ കാലുകളിലേക്ക് എത്തി നോക്കി;ഇസ്തിരിപ്പെട്ടി വച്ചു പൊള്ളിച്ച ഭീകരമായ മുറിവ് ഇപ്പഴും ഉണങ്ങാതെ...എന്നും അവള്‍ പ്രധാനപാതക്കരികെ നൃത്തം ചെയ്യുന്നതാണ്.അനുകമ്പ കെട്ടിട്ടില്ലാത്ത ആരേലുമൊക്കെ ആ പിച്ചപ്പാത്രത്തിലേക്ക് കനിയുന്നതാണ്.കണ്ണില്‍ ചൂണ്ടലും വലയും ഒളിപ്പിച്ചവര്‍ ഇടയ്ക്കിടെ അവളെ ഓടിച്ചുപിടിക്കാന്‍ നോക്കുന്നതാണ്.

ഓര്‍ക്കാന്‍ തുടങ്ങിയാല്‍ ഇങ്ങനെ പെരുമഴയായി പെയ്യാന്‍ ഒരു പാടുണ്ട്.അതെല്ലാം ഒരരികിലേക്ക് മാറ്റി വെച്ച് വേഗം വേഗം നടക്കുമ്പോഴും വെളിച്ചത്തില്‍ കുളിച്ചു ഒരു തവണയെങ്കിലും തനിക്കും അനേകരുടെ മുന്നില്‍ ഒരുയര്‍ന്ന സ്റ്റേജില്‍  ചുവടു വെക്കാനായല്ലോ എന്ന് അവള്‍ ആഹ്ലാദിച്ചു.എന്തിനെന്നറിയാതെ ഒരു നക്ഷത്രത്തിളക്കം അവളുടെ കണ്ണുകളെ ചുംബിച്ചു....................

2012, ഡിസംബർ 4, ചൊവ്വാഴ്ച


ഇരകള്‍.......................        കഥ

ആത്മഹത്യയായിരുന്നു നിനക്കിതിലും ഭേദം.പേപ്പട്ടിയെപ്പോലെ കുറെ പോലീസുകാര്‍ നിന്നെ തല്ലിക്കൊല്ലുമ്പോള്‍ എന്തിനാണവരീ കടുംകൈ ചെയ്യുന്നതെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ നീ..ഒരു കൊതുകിനെ മാത്രമല്ല ഒരു മനുഷ്യനെയും തല്ലിക്കൊല്ലാം എന്ന ഭീഘരമായ തിരിച്ചറിവ്..വെള്ളം വെള്ളം എന്ന്, ചോരയൊലിക്കുന്ന ചുണ്ടുകളെ  ആര്‍ത്തിയോടെ നക്കിത്തുടച്ച്‌ നീ വിലപിച്ചിട്ടും ആ കരിങ്കല്ലുകള്‍ അലിഞ്ഞില്ല.ഒടുക്കം ജയില്‍ ബാത്തുറൂമിന്‍റെ നിലത്തെ കറുത്ത വെള്ളം ഇഴഞ്ഞു ചെന്ന് നീ നക്കിക്കുടിക്കുന്ന രംഗം ടീവിയില്‍ കണ്ടത് മനസ്സീന്നു എത്ര തുടച്ചിട്ടും മായുന്നില്ല.ഒരു ഭ്രാന്തന്‍ എന്ന് നിന്നെ വിളിക്കാന്‍ ഭയം തോന്നുന്നു.ഒരു മനോരോഗിയുടെ ചിത്രം എപ്പോഴും ഒരു പേപ്പട്ടിയുടേതാണ്.ആര്‍ക്കും കല്ലെറിയാം.തല്ലിക്കൊല്ലാം.നീ സര്‍ഗാത്മകതയാല്‍ പൂത്ത പൂമരമായിരുന്നു.തീപൂക്കള്‍ നിന്‍റെ ശിഖരങ്ങളില്‍ നൃത്തം ചെയ്തിരുന്നു.നിന്‍റെ ചാരത്തെത്തിയവരെല്ലാം ആ ചൂടിന്‍റെ പൊള്ളല്‍ അറിഞ്ഞു.ആ അഗ്നിയാണ് നിന്നെ ഏതു നേരവും ഒരടുപ്പിലിട്ടു കത്തിച്ചു കൊണ്ടിരുന്നത്.സ്വൈര്യം കിട്ടാതെ നീ ഇടയ്ക്കിടെ തല ചുമരില്‍ അടിച്ചു പൊട്ടിക്കും.ഗുളികകള്‍ക്ക് ഒരിക്കലും നിന്‍റെ അഗ്നിയെ കെടുത്താനായില്ല.എന്ത് മാത്രം കവിതകളാണ് നീയെഴുതി മുറിയുടെ മൂലയിലേക്ക് ചുരുട്ടിയെറിഞ്ഞിരുന്നത്.

ആരുമറിയാതെ വീട് വിട്ടപ്പോഴൊക്കെ നീയോരോ ആശ്രമങ്ങളിലാണ്  ഒഴുകിയെത്തിയത്.ജീവിതമെന്ന പദപ്രശ്നത്തിന്‍റെ വലത്തോട്ടും താഴോട്ടുമുള്ള ചോദ്യങ്ങളെല്ലാം നീയങ്ങനെയാണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്.ആശ്രമാധികാരികളുമായി നീ സംവാദങ്ങള്‍ നടത്തിയിരുന്നു.അവരാരും നിന്നെ ഒരു പേപ്പട്ടിയായി ഗണിച്ചിരുന്നില്ല.പാറിപ്പറന്ന താടിയും മുടിയും ഒരു തീവ്രവാദിയുടെ പാസ്‌വേര്‍ഡ് ആയി രേഖപ്പെടുത്തിയിരുന്നില്ല.പ്രവാചകന്മാര്‍ കുറ്റിയറ്റു പോയതും ഭാഗ്യം.ഈ കാലം അവര്‍ തീര്‍ച്ചയായും തീവ്രവാദികളായി ജയിലില്‍ അടക്കപ്പെടുമായിരുന്നു.അവര്‍ ധ്യാനത്തിനു തിരഞ്ഞെടുക്കുന്ന ഗുഹകള്‍ സ്ഫോടക വസ്തുക്കളുടെ കേന്ദ്രമായി ചാനലുകള്‍ ആഘോഷിക്കുമായിരുന്നു.

മാതാശ്രീയെ ദര്‍ശിച്ച മാത്രയില്‍ എന്ത് ഭൂതമാണ് നിന്നെ ആവേശിച്ചത്.ഒരു അന്യമത പ്രാര്‍ത്ഥന ചൊല്ലിയതായിരുന്നു നിന്‍റെ പേരിലുള്ള കുറ്റം.എല്ലാവരുടെയും മനോഗതമറിയാന്‍ കഴിവുണ്ടെന്നല്ലേ അവരെക്കുറിച്ച് പറയാറ്.എന്നിട്ടും നിന്നെ എന്തിനാണവര്‍ ഒരു തീവ്രവാദിയാക്കിയത്?ഒരു സൂചി  പോലും കയ്യിലില്ലാതിരുന്ന നിന്നെ..നീയൊരു പക്ഷെ നിന്‍റെ അമ്മയെ ഓര്‍ത്തിരിക്കാം.മകന്‍ ഭ്രാന്തിന്‍റെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയാണെന്ന് അറിഞ്ഞത് മുതല്‍ നിനക്ക് വേണ്ടി ഉരുകാന്‍ തുടങ്ങിയ നിന്‍റെ അമ്മ..പഠനം ഉപേക്ഷിച്ചു നീയെങ്ങോ പോയ അന്ന് മുതല്‍ ആ മെഴുകുതിരി ഉരുകിത്തുടങ്ങി.ക്യാന്‍സറിന്‍റെ രാക്ഷസന്‍ കൈകള്‍ അവരെ നക്കിത്തുടച്ച്‌ പേക്കോലമാക്കിയപ്പോഴാണ് പിന്നീട് നീ തിരിച്ചെത്തിയത്.അന്ന് തുടങ്ങി രണ്ടു മാസം നീ അമ്മക്ക് കാവലിരുന്നു.മരണത്തിന്‍റെ മഞ്ഞുപുതപ്പ് അവരെ ആകെ മൂടിയപ്പോള്‍ നീ ഒരു കുഞ്ഞിനെപ്പോലെ നിലവിളിച്ചു.അമ്മയെ കൊണ്ടോവരുതെന്നു വാശി പിടിച്ചു.ഒടുക്കം ഒരു റൂമില്‍ അടച്ചിടപ്പെടും വരെ നിന്‍റെ പരാക്രമങ്ങള്‍ നീണ്ടു.പിന്നെയൊന്നും നീയധികം സംസാരിച്ചിരുന്നില്ല.ആരെയും ഉപദ്രവിച്ചിരുന്നില്ല.മരുന്നിന്‍റെ വിഷക്കൈകളില്‍ വാടിവീണ വെറുമൊരു പൂവിതള്‍...കൊല്ലത്തില്‍ രണ്ടു തവണ ഏതെങ്കിലും ആശ്രമങ്ങളില്‍,അവിടുന്ന് വേണ്ടത്ര വെളിച്ചം നുകര്‍ന്ന് പിന്നെയും വീട്ടില്‍ ചിറ കെട്ടി നിര്‍ത്തിയ ജീവിതം.മാതശ്രീയുടെ ആശ്രമത്തിലും നീയങ്ങനെ എത്തിയതാവും,ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ സ്വന്തം അമ്മയുടെ അടുത്തേക്ക് കുതിച്ചതാവും..പക്ഷേ നിനക്ക് തെറ്റി,ദൈവങ്ങളായി ചമയുന്നവരില്‍ ഭയം വെടിയണമെന്ന് സദാ ഉപദേശിക്കുന്നവരില്‍ ഉള്ളത്ര പ്രാണഭയം മറ്റാരിലുമില്ലെന്ന്,അവരുടെയത്ര ജീവിതകാമന മറ്റാര്‍ക്കുമില്ലെന്ന്,അവരുടെയത്ര ധനമോഹം ആരിലുമില്ലെന്ന്.നീയൊരിക്കലും തിരിച്ചറിഞ്ഞില്ല .നീ നിഷ്കളങ്കമായി അന്വേഷിച്ചത് എന്നോ വേരറ്റുപോയ തേജസ്സികളായ  സന്യാസികളെയായിരുന്നു.ജീവിതത്തിന്‍റെ കലക്ക് ഒരിക്കലും സ്പര്‍ശിക്കാത്ത തെജോമയികളായ വെണ്ണക്കല്‍രൂപങ്ങളെ..നീയെത്തിയതാകട്ടെ കറുത്ത രാക്ഷസക്കൈകളിലാണ്.ചളിയും ചോരയും  നിറഞ്ഞ   നഖങ്ങളുള്ള സത്വങ്ങള്‍..എന്‍റെ കുട്ടീ,ഒരു മുഴം കയറായിരുന്നു നിനക്കിതിലും ഭേദം.എങ്കില്‍ ഇത്രയേറെ ചേര്‍ പുരണ്ട ഷൂസുകള്‍ നിന്നെ ഞെരിക്കുമായിരുന്നില്ല.ഇത്ര കുടിലതയുള്ള കൈകള്‍ നിന്നെ തൊട്ടു ആശുദ്ധമാക്കുമായിരുന്നില്ല.നമ്മള്‍ വെറും മണ്‍പുരകള്‍,ബുള്‍ഡോസറിന്‍റെ കൈകള്‍ക്ക് നമ്മളെ ഇടിച്ചു പൊളിച്ച് ഞെരിച്ചമര്‍ത്താന്‍ എന്താണ് പ്രയാസം..നമ്മള്‍ വെറും ഇയ്യാംപാറ്റകള്‍,ആളുന്ന അഗ്നിയിലേക്ക് പാഞ്ഞടുത്ത് കടുക് പോലെ നേര്‍ത്ത ശബ്ദം കേള്‍പ്പിച്ചു പൊലിയുന്നവര്‍..എന്‍റെ കുഞ്ഞേ അടുത്ത ജന്മമെങ്കിലും അനാവശ്യതത്വചിന്തകള്‍ നിന്നെ അലട്ടാതിരിക്കട്ടെ.ഒരു വിഡ്ഢിയായി ജീവിക്കലാണ് കൂടുതല്‍ സുഖകരം.വിദ്യയുടെ വെളിച്ചം നിനക്കെന്താണേകിയത്?പൊറുതി കെട്ട ഒരു മനസ്സല്ലാതെ..അവസാനമില്ലാത്ത വേദനകളല്ലാതെ..ഈ ഭൂമിയിലിനി അന്ധനും ബധിരനും ഊമയും മാത്രമേ വാഴേണ്ടാതുള്ളൂ.......................   

2012, നവംബർ 22, വ്യാഴാഴ്‌ച


പഞ്ഞിമിഠായി .......................................................കഥ

ആങ്ങളയുടെ മകളുമായി ഒരിക്കല്‍ കൂടി ആ പഴയ വഴിയിലൂടെ നടക്കുമ്പോള്‍ പണ്ടത്തെ ഐസ് വില്പനക്കാരനും പഞ്ഞി മിഠായിക്കാരനും മണിയടികളുമായി അവിടെത്തന്നെയുണ്ടോയെന്നു വെറുതെ നോക്കി.എവിടെ!ലേബര്‍ ഇന്ത്യ തോരണം പോലെ തൂക്കിയിട്ട വലിയ കടകള്‍,കൂള്‍ ബാറുകള്‍.ഐസ് ക്രീം കഴിച്ചു കൊച്ചു വര്‍ത്തമാനം പറയുന്ന കൌമാരക്കാര്‍.ഈ ഗ്രാമം എത്രയെളുപ്പമാണ് അതിന്‍റെ ജീര്‍ണവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു പുതുനിറങ്ങളെ വാരിയണിഞ്ഞത്.ഇടതു ഭാഗത്തുള്ള മണ്‍ചുമരുള്ള കൊച്ചുകടയല്ലാതെ അന്നീ കവലയില്‍ മറ്റൊരു കടയുണ്ടായിരുന്നില്ല.എന്നിട്ടും കടകളില്‍ ഇത്ര തിരക്കുണ്ടായിരുന്നില്ല.പത്തു പൈസക്ക് ഐസും അഞ്ചു പൈസക്ക് മിഠായിയും കിട്ടിയിരുന്ന അക്കാലം നാണയങ്ങളുടെ കിലുങ്ങിച്ചിരിയായിരുന്നു കൂടുതല്‍.നിശബ്ദരും ഗൌരവക്കാരുമായ വമ്പന്‍ നോട്ടുകള്‍ ആരുടെ പോക്കറ്റിലും അത്ര സുലഭമായിരുന്നില്ല.നാണയങ്ങള്‍ തന്നെ എത്ര അപൂര്‍വമായാണ് കുട്ടികളുടെ കൈകളിലേക്ക് ബഹളം വെച്ചുകൊണ്ട് ചാടിയിരുന്നത്.പെരുന്നാള്‍ പൈസയോ ജന്മദിനസമ്മാനമോ ഒന്നുമില്ലാതെ ഉണങ്ങിപ്പോയ കാലം..പണം എത്രയെളുപ്പമാണ് ഓരോ നാടിനെയും അതിന്‍റെ ദീനവാര്‍ദ്ധക്യത്തില്‍ നിന്ന് യൌവനത്തിന്‍റെ ശോഭയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.നിറങ്ങളുടെ ഉത്സവമായ കടകളുടെ നെയിം ബോര്‍ഡുകള്‍,ഉയരങ്ങളില്‍ ചിരിച്ചിരിക്കുന്ന സ്വപ്ന സുന്ദരികളുള്ള കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍..മദ്രസയിലേക്ക് അരി കൊണ്ടുപോകാന്‍ വരുന്ന ഹൈദറാക്ക വരാന്തയിലിരുന്നു കഞ്ഞി കുടിക്കുമ്പോള്‍ കണ്ണില്‍ ആര്‍ത്തി തുള്ളിക്കളിക്കും.ആ കഞ്ഞി തന്നെയാണ് ലോകത്തിലെ ഏറ്റവും മുന്തിയ ഭക്ഷണമേന്നോണമാണ് ആസ്വദിച്ചുള്ള കുടി.കൂടെയുള്ള കൂട്ടാന്‍ കഞ്ഞിയിലേക്കിട്ടു ചുട്ട പപ്പടം ടപ് ടപ് പൊട്ടിച്ചു തിന്നുമ്പോള്‍ ചൂടിന്‍റെ  പരവേശം തീര്‍ക്കാന്‍ തോളിലെ മുണ്ട് വീശിക്കൊണ്ട് പറയും;പൊരിച്ച പപ്പടാണേല് ഹൌ എന്താവും രസം!പൊരിച്ച പപ്പടും ചൂടുള്ള ചോറും,എന്നാണതൊക്കെ എന്നും കിട്ടാ ഇന്‍റെ പടച്ചോനേ!

ആ തലമുറയെ ദാരിദ്ര്യം വിശപ്പിന്‍റെ കൊടിലുകളാല്‍ പീഡിപ്പിച്ചു.തേങ്ങയും മറ്റു ഭാരങ്ങളുമായി, ഒരു നേരത്തെ ആഹാരത്തിനായ്‌ അവര്‍ അനവധി ദൂരങ്ങള്‍ കിതച്ചു നടന്നു.കത്തുന്ന വെയിലില്‍ തൂമ്പയുമായി വരണ്ട മണ്ണിനോട് യുദ്ധം ചെയ്തു.എന്നിട്ടും അനേകം ദുര്‍ഘടങ്ങള്‍ അവരുടെ കാളവണ്ടികളെ കാത്തിരുന്നു.വാടകക്കാരായിട്ടും ദുനിയാവിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി അന്ന് ബാല്യം തിരിച്ചറിഞ്ഞിരുന്നില്ല.രാത്രി മദ്രസ വിട്ടു പോകുമ്പോള്‍ അധിക പേരുടെ കയ്യിലും ഓലച്ചൂട്ടുകളായിരിക്കും.അങ്ങോട്ടുമിങ്ങോട്ടും വീശുമ്പോള്‍ അതില്‍ നിന്ന് ഒരു ചെങ്കനല്‍ റ കണ്ണുതുറക്കും.ഓടക്കുഴലുകളില്‍ മണ്ണെണ്ണ നിറച്ച സുറൂംകുറ്റികളും ചിലരുടെ അടുത്തുണ്ടായിരുന്നു.വിശാലമായ സ്കൂള്‍ ഗ്രൌണ്ടിനരികിലൂടെ പോകുമ്പോള്‍ മൂലകളില്‍ നിന്നെല്ലാം പേടിപ്പിക്കുന്ന പല പല ശബ്ദങ്ങള്‍ ഉയരും.പോരാത്തതിന് ഭയപ്പെടുത്തുന്ന സ്വന്തം നിഴലുകളും..ചങ്കിടിച്ച്,ചുണ്ടു വെളുപ്പിച്ച് എങ്ങനെയൊക്കെയോ ആ ദൂരങ്ങള്‍ താണ്ടിക്കടക്കും.

പകലാകട്ടെ,ഗ്രൌണ്ട് ഫുട്ബോള്‍ കളിക്കാരുടെ കയ്യിലായിരിക്കും.വൈകുന്നേരം മദ്രസയിലേക്ക് പോകുമ്പോഴാവും പലര്‍ക്കും പുതഞ്ഞു കിടക്കുന്ന മണ്ണില്‍ നിന്നു ഇരുപത്തഞ്ചിന്‍റെയും അന്‍പതിന്‍റെയുമൊക്കെ നാണയങ്ങള്‍ കിട്ടുക.കിട്ടുന്നവര്‍ക്കൊക്കെ വലിയ സന്തോഷം;മിഠായി വാങ്ങാലോ..കുട്ടികള്‍ക്ക് വേണ്ടി മണ്ണ് നാണയങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നതാവും..എന്നും പരതി നടക്കും,ഒരു പത്തു പൈസ തനിക്കു വേണ്ടിയും മണ്‍വിരലുകള്‍ നീട്ടുമായിരിക്കും.ക്ലേശങ്ങളുടെ ഉരുളന്‍ കല്ലുകള്‍ കൂട്ടിയിട്ട വീട്ടില്‍ നിന്ന് എങ്ങനെയാണ് ഐസ് വാങ്ങാന്‍ പണം കിട്ടുന്നത്?ശകാരവും തല്ലുമല്ലാതെ എന്താണവിടെ സുലഭമായത്?

ദിനങ്ങള്‍ വേച്ചും,ചിരിച്ചും,ചിണുങ്ങിയും കടന്നു പോയി.അവിചാരിതമായി ഒരു ഇരുപതു പൈസ കയ്യില്‍ വന്നു ചേര്‍ന്നു.ഇരുപതിനായിരം കിട്ടിയ ആഹ്ലാദമായിരുന്നു.ചോറ് പോലും നേരെ കഴിക്കാതെ സ്കൂളിലേക്ക് ഓടി.അല്ലെങ്കിലും ഓടിയാലെ ബെല്ലടിക്കും മുമ്പ്‌ എത്തൂ.കിതച്ചു കിതച്ചു ശ്വാസത്തെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന തന്‍റെ മുമ്പില്‍ മുച്ചക്ര വണ്ടിയില്‍ ഭരണികളുമായി നീങ്ങുന്ന ചെറുപ്പക്കാരന്‍.ണിം ണിം ..പശുക്കുട്ടിയെപ്പോലെ അയാളുടെ വണ്ടി ശബ്ദിച്ചു കൊണ്ടിരുന്നു.”ഐസുണ്ടോ”-ഒരു ജന്മത്തിന്‍റെ കൊതി  മുഴുവനും തന്‍റെ ചോദ്യത്തില്‍ പുതഞ്ഞിരിക്കണം.”ഐസല്ല,പഞ്ഞി മിടായി..”

“എത്രയാ”

“പത്തു പൈസക്ക് ദാ ഇത്ര,ഇരുപതു പൈസക്ക് അതിന്‍റെ ഇരട്ടി..”ആറ്റുനോറ്റു കിട്ടിയ പണം ആ കറുത്ത കൈകളിലേക്ക് ഇടുമ്പോള്‍ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട പോലെ തോന്നി.ഒരു തുണ്ടു പേപ്പറില്‍ കിട്ടിയ വെളുത്ത പൊടി ഒന്നാകെ വായിലേക്കിട്ടു.ജന്മം എന്നും ആശിച്ച എല്ലാ മധുരങ്ങള്‍ക്കുമായി നാവു ചലിച്ചു.ഒരൊറ്റ നിമിഷം കൊണ്ട് മധുരം അലിഞ്ഞു തീര്‍ന്നു.നാവിന്‍റെ സ്ഥായിയായ കയ്പ് വീണ്ടും വായില്‍ ചവര്‍പ്പ് നിറച്ചു.ചീകാത്ത കുരുത്തം കെട്ട മുടി കണ്ണിലേക്ക് വീണു അതിനെ കരയിച്ചു.നിരാശയുടെ കൊടുമുടിയില്‍ ഇരുന്ന് ഹിസ്റ്റ്റി ക്ലാസിന്‍റെ അറുബോറന്‍ പിരിയഡിലേക്ക് തുറിച്ചു നോക്കി.”മാമീ,ബബ്ള്‍ഗം മതി എനിക്ക്”-കൂള്‍ ബാറിന്‍റെ അരികിലേക്ക് നീങ്ങിക്കൊണ്ട് റിയ പറഞ്ഞു.”എന്തേ,ഐസ് ക്രീം വേണ്ടേ?”-ഓര്‍മകളുടെ പര്‍വതത്തില്‍ നിന്ന് പൊടുന്നനെ നിപതിച്ചതിന്‍റെ ഞെട്ടല്‍ മാറാതെ താന്‍ ചോദിച്ചു.”വേണ്ട,മടുത്തു.സ്വീറ്റ്സൊന്നും ഇഷ്ട്ടല്ല ഇപ്പം.ച്യുയിന്ഗം കുറെ ചവക്കാലോ.കുമിളകളാക്കി പശയാവുമ്പോ ഒരൊറ്റത്തുപ്പ്..അതൊരു കളി പോലെ രസാണ് മാമീ..”

ശരിയാണ്.ഓരോ കാലവും അതിനു യോജിച്ച കുട്ടികളെയാണ് പ്രസവിക്കുന്നത്.കുമിളകളുടെ നിമിഷഭംഗിയുള്ള വെറും ബന്ധങ്ങള്‍..ച്യുയിന്ഗമായി ഒരൊറ്റത്തുപ്പിനു വലിച്ചെറിയാം.മധുരത്താല്‍ ഇവര്‍ മടുത്തു പോയിരിക്കുന്നു.ഒരുമ്മ പെട്ടെന്ന് മുന്നിലെത്തി,ഉമ്മാന്‍റെ പരിചയക്കാരിയവണം.”അല്ലാ,ജ് സൈനുട്ടിക്കാന്‍റെ മോളല്ലേ?ഒരു പെണ്ണിനെ അവ്ടെ കാര്യം തീര്‍ത്തൂന്നു കേട്ട്,ഇജാണോ അത്?”

ചോദ്യങ്ങള്‍ നടു വളച്ച്,ഉളിപ്പല്ലുകള്‍ കാട്ടി അസ്ഥികൂടങ്ങളായി ചുറ്റും അലറി.ദേഷ്യം പിടിച്ചെന്തേലും പറഞ്ഞാ കേള്‍ക്കാം;”വെറ്തെ ആണോ?അപ്പെണ്ണ്‍ നാവ് നീളള്ള സൈസാ..അജ്ജാതീനെ ഏതേലും മാപ്ല കുടീല് നിര്‍ത്തോ?”

ഒരു ചോദ്യത്തിനും മറുപടി പറയാതെ തിരക്കിട്ടു നടന്നു.റിയ ഒപ്പമെത്താന്‍ ഓടി;”എന്താ മാമീ ആ തള്ള ചോയ്ക്ക്ണ്?എന്താ കാര്യം തീര്‍ക്കാന്നു പറഞ്ഞാ?”

“ഒന്നൂല്ല “-ഒരു ദീര്‍ഘ നിശ്വാസത്തോടെ വേഗം നടന്നു.മനസ്സ് പിറുപിറുത്തു;വഴുക്കും പടവുകള്‍-കുട്ടീ,ജീവിതം നിന്നെ രക്ഷിക്കട്ടെ.പഞ്ഞി മിഠായിയുടെ ഒരു മാത്ര അലിയുന്ന മധുരം പോലും ചിലര്‍ക്ക് ജീവിതം കൊടുക്കില്ല.തീരാത്ത കയ്പും ചമര്‍പ്പുമല്ലാതെ..തുമ്പികളെയും പൂമ്പാറ്റകളെയും ഒന്നു നോക്കുക പോലും ചെയ്യാതെ റിയ യുദ്ധരസം  നിറഞ്ഞ ഒരു കമ്പ്യൂട്ടര്‍ഗെയിമിനെക്കുറിച്ച് വാചാലയായി.”ഈ കൊല്ലലൊന്നും അത്ര വല്യ കാര്യോന്നല്ല.ഗെയിമില്‍ എത്ര പേരെയാ ഞാന്‍ ബോംബിട്ടു കൊന്നതെന്നോ..”

ഗാന്ധിജിയുടെ കഥ ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവള്‍ കോട്ടുവായിട്ടു.”മതി മാമീ,ഈ കഥ പറയലൊക്കെ ഔട്ട്‌ ഓഫ് ഫാഷനാ..സ്മാര്‍ട്ട് ക്ലാസ്സില്‍ സിനിമ പോലെയാ ഞങ്ങള്‍ കഥ കാണുന്നത്.അത് തന്നെ ബോറാ.ഗെയിമാവുമ്പോ എത്ര പേരെ ഇടിച്ചിടാമെന്നോ?എന്നാലും ശത്രുക്കളെ സൂക്ഷിക്കണം,ഒളിഞ്ഞിരുന്നു ഷൂട്ട്‌ ചെയ്യും,അല്ലെങ്കില്‍ ബോംബെറിയും.സ്പീഡില്ലെങ്കി നമ്മള്‍ തോറ്റു തൊപ്പിയിട്ടത് തന്നെ.”ചുറ്റും ശത്രുക്കളെങ്ങാനുമുണ്ടോ എന്ന് ഗൌരവത്തില്‍ നോക്കി നടക്കുന്ന ആ ബാല്യം എന്നില്‍ അതിശയം നിറച്ചു.എന്‍റെ കുട്ടിക്കാലം ദൂരെയിരുന്നു ഒരു മയക്കച്ചിരി ചിരിച്ചു,ഒരല്പം പരിഹാസത്തോടെ .........        

2012, നവംബർ 10, ശനിയാഴ്‌ച


അരഞ്ഞരഞ്ഞ്

രോഗത്തിന്‍റെ ഉരുക്കുമുഷ്ടിക്കുള്ളില്‍ പെട്ടപ്പോഴാണ് സ്വന്തമായ സമയം അവരുടെ മുന്നില്‍ വിഷാദച്ചിരിയുമായി ഒതുങ്ങി നിന്നത്.കഴിഞ്ഞു പോയ ഓട്ടമത്സരങ്ങളിലെല്ലാം ആശിച്ചിരുന്നു,സ്വന്തമായ ഇത്തിരി സമയം.എന്തെങ്കിലും കുത്തിക്കുറിക്കാന്‍..ഇന്നിപ്പോ വിറയ്ക്കുന്ന കൈ ഒന്നിനും വഴങ്ങില്ല.തിരശ്ശീലകള്‍ വീണ കണ്ണുകള്‍ ഒന്നും നേരാംവണ്ണം കാണില്ല.ചവക്കപ്പെട്ടും ചതക്കപ്പെട്ടും ചവറുപരുവമായപ്പോഴാണ് ഒഴിവുസമയം നീണ്ടു പരന്നു കിടക്കുന്നത്.എന്തിനായിരുന്നു ആ ഓട്ടപ്രദക്ഷിണങ്ങളെല്ലാം?നീണ്ടിരുണ്ട നാടപോലെ ഇഴഞ്ഞു നീങ്ങിയ വര്‍ഷങ്ങള്‍..ഭര്‍തൃശുശ്രൂഷ..തളര്‍ന്നു പോയ മകളുടെ പരിചരണം..തന്നെ എപ്പോഴും ഒരു ശത്രുവെപ്പോലെ ബന്ധനത്തിലാക്കുന്ന അടുക്കളയുടെ കെട്ടുകളഴിച്ച്,അടുപ്പിന്‍റെ പൊള്ളുംസ്പര്‍ശങ്ങളില്‍ നിന്ന് വിടുതല്‍ നേടുമ്പോഴേക്കും ക്ലോക്ക്സൂചി ശ്വാസം മുട്ടി പന്ത്രണ്ടുമണിയില്‍ കമഴ്ന്നു കിടപ്പുണ്ടാവും.പുകയുന്ന അടുപ്പുകള്‍,ആളിക്കത്തുന്ന അടുപ്പുകള്‍ എല്ലാം മനസ്സിലങ്ങനെ ലോങ്ങ്‌മാര്‍ച്ച് നടത്തും.ഇഴഞ്ഞു നീങ്ങുന്ന സ്വന്തം ജീവിതം,മറ്റാരും വരില്ല അതനുഭവിച്ചു തീര്‍ക്കാന്‍..കാത്തു കാത്തിരിക്കുന്ന മരണസത്രം-മറ്റാരും വരില്ല കൂടെ അതില്‍ പ്രവേശിക്കാന്‍,ഒറ്റയ്ക്ക് ഒരുപാട് ഒറ്റയ്ക്ക്..അതിനിടെ ഭര്‍ത്താവിന്‍റെ ഈര്‍ഷ്യയും കേള്‍ക്കാം-“മണ്ണ് പോലൊരു പെണ്ണ്,ഭര്‍ത്താവ്‌ വഴി തെറ്റിയാ പറഞ്ഞിട്ട് കാര്യണ്ടോ?നിനക്കാകെ ഉറങ്ങണം.പെണ്ണിന് ആണിനെ കെട്ടിയിടാന്‍ കഴിയണം ശരീരമിടുക്കോണ്ട്.”ശരിയാണ് ക്ഷീണിച്ച കണ്‍പോളകള്‍ പണിപ്പെട്ടുതുറന്ന് അവര്‍ മനസ്സിലുരുവിടും.ഇനീപ്പോ തുള വീണ ഈ മേല്‍പ്പുരയും കൈവിട്ടാല്‍ പേമാരിയില്‍ എന്തുചെയ്യാന്‍..കൊടിയ വേനലില്‍ മേലാകെ പൊള്ളിത്തിണര്‍ക്കില്ലേ..യാതൊരു പരിഭവവുമില്ലാതെ അയാള്‍ക്ക്‌ വേണ്ടിയൊരു ഭക്ഷണപ്പാത്രമാകുമ്പോള്‍ പിന്നെയും ചിന്തിക്കും,ജീവിതമെന്ന പദപ്രശ്നത്തെപ്പറ്റി..ഒരിക്കലും ഉത്തരങ്ങള്‍ ശരിയാവുന്നില്ല..

മകള്‍ മരണപ്പെട്ടത്‌ എത്രനന്നായി.അവര്‍ സങ്കടക്കണ്ണുകള്‍ വലിച്ചടച്ചു.ദിനം തോറും അന്യമായിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യര്‍ക്ക്‌ വേണ്ടിയാണല്ലോ സ്വന്തം ആരോഗ്യം,സ്വപ്‌നങ്ങള്‍ എല്ലാം ഉപ്പേരിക്കെന്നോണം കഷ്ണിച്ചത്.വ്യസനത്തിന്‍റെ തീമരത്തിനു ചുവട്ടിലിരിക്കാനാണല്ലോ ഈ കണ്ട അലച്ചിലെല്ലാം നടത്തിയത്.എന്തിനെക്കുറിച്ചായിരുന്നു സമയം കിട്ടിയിരുന്നെങ്കില്‍ എഴുതുക?വ്യര്‍ത്ഥമായ ഈ യാത്രയെക്കുറിച്ചോ?നഷ്ടമായ ബാല്യത്തെക്കുറിച്ചോ?സ്വപ്നപ്പൂക്കള്‍ വിരിഞ്ഞിരുന്ന,കിളികള്‍ ചിലച്ചുകൊണ്ടിരുന്ന യൌവനത്തെക്കുറിച്ചോ?കിടപ്പില്‍ നിന്നൊരിക്കലും എഴുന്നേല്‍ക്കാതെ ഇരുപതു വയസ്സ് വരെ തോളിലൊരു പെരുംകല്ല്‌ പോലെ തൂങ്ങിക്കിടന്ന മകളെക്കുറിച്ചോ?പരിഗണയോടെ രണ്ടു വാക്കുച്ചരിക്കാന്‍ സമയവും സൌകര്യവുമില്ലാത്ത മറ്റു മക്കളെക്കുറിച്ചോ?നിങ്ങടമ്മയെ നോക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാട്‌ ചെയ്തോ എന്നാക്രോശിക്കുന്ന മരുമക്കളെക്കുറിച്ചോ?എന്തു മാത്രം പഴകിത്തേഞ്ഞുപോയ വിഷയങ്ങള്‍!

“ഏറ്റം കഠിനമായതും ഇതിന് ഈസി..ജീവിതം ആഘോഷിക്കൂ!”മുമ്പൊരിക്കല്‍ കണ്ട ഒരു മിക്സിപ്പരസ്യം പൊടുന്നനെ അവരുടെ ഉള്ളിലേക്ക് ഊര്‍ന്നുവീണു.സുന്ദരിയായൊരു പെണ്ണ് കടുകടുത്ത എന്തൊക്കെയോ ജാറിലിടുന്നതും ഒരു സംഗീതത്തോടെ മിക്സി വളരെവേഗം അരച്ചെടുക്കുന്നതും..തന്‍റെ പഴയ മിക്സി കൊടുത്ത് അത്തരമൊന്ന് സ്വന്തമാക്കണമെന്ന് വളരെ ആശിച്ചു.ഒരു ഫാക്ടറിയുടെ ബഹളമാണ് തന്‍റെ മിക്സിക്ക്.ആരവത്തോടെയല്ലാതെ അതൊന്നും അരച്ചെടുക്കില്ല.മഹാമല ദേഹത്തേക്ക് വീണാലും ചിരിക്കാനാവുക,കടിനയാത്രകളിലെല്ലാം മൂളിപ്പാട്ട് പാടാനാവുക,ആ മിക്സിയില്‍ നിന്ന് അങ്ങനെ പലതും പഠിക്കാനുണ്ട്.എന്നാല്‍ ഭര്‍ത്താവിന് സമ്മതമുണ്ടായില്ല.”എന്‍റെ അമ്മ അമ്മീലാ അരച്ചിരുന്നത്.എന്തായിരുന്നു ആ കറീടെ ഒരു സ്വാദ്‌!നീ ഉദ്യോഗത്തിനൊന്നും പോണില്ലാലോ.എന്താപ്പോ ഇവിടെ ഇത്ര പണി?”

“ഹേയ്,ഒരു പണിയുമില്ല..വാക്കുകളെ ചുരുട്ടിക്കൂട്ടി അയാളിലെക്കേറിഞ്ഞു മകളുടെ അടുത്തെത്തി.ഓ!ദുര്‍ഗന്ധംകൊണ്ട് ആരും അടുക്കില്ല.അപ്പിയിലും മൂത്രത്തിലും അവളൊരു താമരപോലെ വാടിക്കിടന്നു.ഒരു ദിവസമെങ്കിലും ഇവളെ ശുശ്രൂഷിച്ചിരുന്നെങ്കില്‍ അയാളാ വിഷം ചീറ്റുന്ന വാക്കുകള്‍ പറയുമോ?ജോലിക്കുള്ള യോഗ്യതയുണ്ടായിട്ടും ഈയൊരു മകള്‍ക്ക് വേണ്ടിയാണ് എല്ലാം ഉപേക്ഷിച്ചത്.തന്‍റെ ത്യാഗങ്ങള്‍ വെറും വെണ്ണീരും കരിക്കട്ടയുമായി കുപ്പയിലേക്കെറിയാനുള്ളതോ?ഗള്‍ഫില്‍ നിന്ന് ആങ്ങള വന്നപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് സംഗീതം പൊഴിക്കുന്ന ആ മിക്സി വാങ്ങിത്തരാനാണ്.തന്‍റെ ദുര്യോഗങ്ങളിലേക്ക് സഹതാപത്തിന്‍റെ ഒരു നൂല്‍ത്തുണ്ട് നീട്ടി അവന്‍ ചിരിച്ചു-“അന്ന് നിന്‍റെ ഈ കല്യാണം നടത്തേണ്ടിയിരുന്നില്ല.എന്താ ചെയ്യാ,നമ്മുടെ വിധികള്‍ ആര്‍ക്കു തടുക്കാനാകും?”നാലായിരത്തിയഞ്ഞൂറ് രൂപ കൊടുത്ത് ആ അമൂല്യനിധി സ്വന്തമാക്കിയപ്പോള്‍ വല്ലാത്ത ആനന്ദമായിരുന്നു.ഓരോ തവണ അരക്കുമ്പോഴും തന്‍റെ ഉള്ളില്‍ എരിഞ്ഞു പുകയുന്ന കരിങ്കല്ലുകളെയെല്ലാം ജാറിലേക്ക് കുടഞ്ഞിട്ടു.ടാല്‍കംപൌഡര്‍ പോലെ മിനുസപ്പെട്ടു അവയെല്ലാം അവരെ നോക്കി ചിരിച്ചു.പത്തുകൊല്ലത്തോളം ഉറ്റചങ്ങാതിയെപ്പോലെ അവരോടു സംവദിച്ച മിക്സിയാണ് മകളുടെ മരണത്തെ തുടര്‍ന്ന് വീട്ടുഭരണം ആരൊക്കെയോ ഏറ്റെടുത്ത ദിവസങ്ങളിലെന്നോ തകര്‍ന്നുതരിപ്പണമായത്.പൊട്ടിക്കിടക്കുന്ന മഞ്ഞള്‍ പുരണ്ട വൃത്തികെട്ട അതിന്‍റെ അവയവങ്ങളിലേക്ക് നോക്കി അവര്‍ വല്ലാതെ വ്യഥപ്പെട്ടു.തന്‍റെ ജീവിതവും ഒരു സ്ഫടികപാത്രമാണ്.ചില്ലുതരികളായി അതാരോ കുത്തിയുടച്ചിരിക്കുന്നു.

അധികദിവസങ്ങള്‍ അവര്‍ക്ക് അമ്മിയില്‍ അരക്കേണ്ടി വന്നില്ല.മരുമക്കള്‍ എന്നേ തള്ളപ്പക്ഷിയെ ഉപേക്ഷിച്ചിരുന്നു.ഒരിത്തിരി ചമ്മന്തി അരച്ചെടുക്കുമ്പോഴാണ് അവര്‍ക്ക് തലചുറ്റാന്‍ തുടങ്ങിയത്.അതുവരെ കണ്ട കാഴ്ചകളെല്ലാം അവര്‍ക്ക് മുന്നില്‍ കറങ്ങിക്കറങ്ങി കൈ കൊട്ടിച്ചിരിച്ചു.പിന്നെ ഒരു നിമിഷത്തിന്‍റെ ഊര്‍ജമൊന്നാകെ അവരെ നിലത്തേക്ക് മറിച്ചിട്ടു.രോഗക്കിടക്ക അവരെ മുള്ളുകളായ്‌ ആശ്ലേഷിച്ചു.വസന്തം സ്വര്‍ണമത്സ്യങ്ങളായി അവരുടെ ഉള്ളില്‍ പുളച്ചുനീന്തി.ഏതാണ് സത്യം?വിത്തിന്‍റെ മുള പൊട്ടലോ മരത്തിന്‍റെ പൂക്കാലമോ പൂ കൊഴിയലോ?നരച്ച മുടി പരിഹാസത്തോടെ അവരെ നോക്കി,പിന്നെ കണ്ണിലേക്കും മുഖത്തേക്കും പാറിവീണു.പേനുകള്‍ തലയില്‍ ഉല്ലസിച്ചു നടന്നു.ഈ കഠിനതയെ ഇനി ഏതു മിക്സിക്കാണ് അരച്ചു സംഗീതമാക്കാനാകുക?അവര്‍ ചിന്താഭാരത്തോടെ ചരിഞ്ഞുകിടക്കാന്‍ ശ്രമിച്ചു.ശരീരത്തിന്‍റെ ഭാഗമല്ലാത്തപോലെ ഇടതുവശം ഒരു മരക്കഷ്‌ണത്തെ ഓര്‍മിപ്പിച്ചു.എന്തു ചെയ്യാനെന്‍റെ ദൈവമേ!അവര്‍ ഉരുകിത്തിളച്ച് നിലവിളിച്ചു.കണ്ണീരെന്നോ വിടപറഞ്ഞ മിഴികള്‍ ചുട്ടുപൊള്ളി.കുമിയുന്ന ഇരുളിന്‍റെ ഇറച്ചിക്കഷ്ണങ്ങളിലേക്ക് അവ ഹതാശരായി നോക്കിക്കൊണ്ടിരുന്നു...         

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച


ശ്ലഥചിത്രങ്ങള്‍ ................................     കഥ

ഫസീലയെമറവിഒരിക്കലുംവിഴുങ്ങില്ല.നെറ്റിനുള്ളില്‍നഗ്നയായിപോള്ളിയടര്‍ന്നമാംസവുമായി കിടക്കുന്ന അവളുടെ വികൃതരൂപം..”ഇന്‍റെ ഉമ്മാന്‍റെ കബറിടത്തില്‍ ഒരു മയിലാഞ്ചി വെച്ചീനി,ഇപ്പൊ അത് നെറച്ചും ഇലയാ.അതിന്‍റെ അര്‍ഥം ഇന്‍റെ ഉമ്മ സ്വര്‍ഗത്തില്‍ പോകുമെന്നാ..”സ്കൂള്‍ പ്രായത്തില്‍ അവള്‍ തന്ന ആ അറിവിന്‍ശകലം ഇന്നും മനസ്സില്‍ മായാതെ..”അപ്പൊ ഉണങ്ങിയാലോ?”-ചോദിക്കാതിരിക്കാനായില്ല.”എല്ലാരെ മറവുചെയ്യുമ്പോളും ഒരു മയിലാഞ്ചിക്കൊമ്പ് വെക്കും.ഉണങ്ങ്യാ ആള് നരകത്തിലാ..”പേടിച്ചു പോയി.മയിലാഞ്ചിക്കാടായ പള്ളിപ്പറമ്പ് മനസ്സില്‍ മിന്നിമറഞ്ഞു.മദ്രസയില്‍ ദിനേന കേള്‍ക്കുന്ന സ്വര്‍ഗ്ഗനരകങ്ങളുടെ വിവരണങ്ങള്‍ തലച്ചോറില്‍ ആടിയുലഞ്ഞു.”ഉമ്മ ഇല്ലാതെ ആരാ ഇങ്ങളെയൊക്കെ നോക്കാ?”

“എളേമത്തള്ള ഇണ്ടായ്നി,വാപ്പാനോട് തല്ല്ണ്ടാക്കി പോയി.ഇത് രണ്ടാമത്തേതാ..”

“ഓര്‍മണ്ടോ അനക്ക് ഉമ്മാനെ?”

“ഏയ്‌,ഞാന്‍ രണ്ടു വയസ്സായപ്പം മരിച്ചിക്ക്ണ്.സുഖല്ലാത്ത മൂത്ത താത്തയാ ഉമ്മാന്നാ കൊറെ കാലം ഞാന്‍ കര്തീത്.”അവള്‍ ചെമ്പിച്ച മുടി മാടിയൊതുക്കി.സ്കൂള്‍വഴിയായിരുന്നു ഞങ്ങളുടെ സൌഹൃദത്തെ രാകിമിനുക്കിയത്.ഒരുപാട് നടക്കണം സ്കൂളിലെത്താന്‍.എന്നിട്ടും ഒമ്പതാം ക്ലാസ് കഴിഞ്ഞ് സുമംഗലിയായതോടെ അവളെന്നെ മറന്നു.ഇടയ്ക്കു കാണുമ്പോഴുള്ള ചിരിയും മാഞ്ഞ് തീര്‍ത്തും അപരിചിതരായി.

ജീവിതത്തിന്‍റെ തിക്തമായ അനവധി അലക്കുകള്‍ കഴിഞ്ഞ്,ചുളിഞ്ഞുപിഞ്ഞിയ എന്‍റെജീവിതവസ്ത്രത്തെവിഷണ്ണയായിനോക്കിയിരുന്ന്ഓരോന്നാലോചിക്കെ,കേട്ടു ഒരു ദിവസം-ഫസീല തീ കൊളുത്തി,മെഡിക്കല്‍കോളേജിലാണ്..ഒരു തണുപ്പ് ശരീരത്തിലേക്ക് പാഞ്ഞു കയറി.എന്തിനാവും അവളതു ചെയ്തത്?

ഒരു മാസത്തെ വിഫലമായ ചികിത്സകള്‍ക്ക്ശേഷം,വീട്ടില്‍ ഒരു കുടുസ്സുമുറിയില്‍ വസ്ത്രങ്ങളുടെ കാപട്യമില്ലാതെ,അളിഞ്ഞ മുറിവുകളോടെ അവള്‍ കിടന്നു.കാണാന്‍ വന്നവരെയൊന്നും കാണാതെ,ചുമരിലേക്ക് തുറിച്ചുനോക്കി..ഒന്നേ നോക്കിയുള്ളൂ എല്ലാവരും.ആളുകളുടെ വരവ് വീട്ടുകാര്‍ ആഗ്രഹിച്ചതുമില്ല.പിന്നെ-വേദനയിറ്റുന്ന വിശദാംശങ്ങള്‍ അയല്‍ക്കാരി ഒരു ദിവസം ചിക്കിച്ചിനക്കി-“രാത്രിയായാ പെരേല് കെടക്കാന്‍ വയ്യ മളേ.അപ്പെങ്കുട്ടീടെ നെലോളി..ഇന്നെ ഒന്ന് കൊന്നുതരീന്നാ കരയ്ണ്.നടുപ്പൊറത്ത് കൊളം പോലാ ഒരു മുറി പഴുത്ത് ചലം ഒല്‍ച്ച്..മണ്ണെണ്ണ പാര്‍ന്നു കത്തിച്ച്,പൊള്ളല് സഹിക്കാതെ കെണറിലും ചാടി..അതാ ആ മുറി.”ഭീകരമായ ആ കഥ എന്നെ കഷ്ണംകഷ്ണമാക്കി.”എന്തിനായിരുന്നു”ഭീരുവിനെപ്പോലെ എന്‍റെ ശബ്ദം പതുങ്ങിവിറച്ചു.”മൂത്തച്ചന്‍ മാണ്ടാത്തതെന്തോ കാട്ടീന്നാ കേക്ക്ണ്.ഇത്രേം വേദന സഹിച്ചതോണ്ട് പടച്ചോന്‍ ഇന്നോട് പോറുക്കൂലേന്നും നരകത്തില്‍ ഇടൂലല്ലോന്നും ആണ് അപ്പെങ്കുട്ടി എപ്പളും എപ്പളും ചോയ്ക്ക്ണ്”.

ഒരു മാസത്തെ നരകവാസത്തിനുശേഷം മരണത്തിന്‍റെ ഹിമക്കൈകള്‍ അവളെ സ്പര്‍ശിച്ചു.ആദ്യമായി പോലീസുകാരുള്ള ഒരു മരണവീട് കണ്ടു.പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ആംബുലന്‍സ്‌ കരഞ്ഞുവിളിച്ചെത്തിയപ്പോള്‍ മുറ്റത്ത് നിന്ന് അവളുടെ കുഞ്ഞുങ്ങള്‍ അമ്പരന്നുനോക്കി.മൂത്ത കുട്ടി അവള്‍ തന്നെ,അതേ ചെമ്പിച്ച തലമുടി.മയ്യത്ത് പുറത്തേക്കെടുത്തപ്പോള്‍ അവളുടെ സുഖമില്ലാത്ത താത്ത കൂക്കി നിലവിളിക്കാന്‍ തുടങ്ങി-“ഓളെ കൊണ്ടോണ്ടാ..ഓളെ കൊണ്ടോണ്ടാ..”

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങി.ഓരോ പീഡനവും ബാക്കി വെക്കുന്ന ശ്ലഥചിത്രങ്ങള്‍ എത്ര ഭീകരമാണെന്ന് കണ്ണീരോടെ ഓര്‍മിച്ചുകൊണ്ട്..........................   

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച


കല്‍ക്കരി

ചിരപരിചിതമായതിനെക്കുറിച്ചു എഴുതിയാല്‍ മാത്രമേ റിയാലിറ്റി ഉണ്ടാകൂ,അല്ലെങ്കില്‍ വല്ലാത്ത കൃത്രിമത്വം ചുവക്കും.ചിത്രകല ഉള്‍പെടുത്തി ഒരു കഥഎഴുതാനുള്ള അവളുടെ ആഗ്രഹത്തിനു മുമ്പില്‍ ഒരു തടയണ കെട്ടി അവന്‍ പറഞ്ഞു.”വായിച്ചു പഠിച്ചാലോ?”പ്രധിരോധത്തിന്‍റെ മുള്‍വേലി കെട്ടി അവള്‍ ചോദിച്ചു.”ഏയ്‌.ഒരിക്കലും ശരിയാവില്ല.അതൊരു സാധനയല്ലേ കുട്ടീ,എത്രയോ വര്‍ഷങ്ങളുടെ ധ്യാനം.”നിരാശയോടെ അവള്‍ ഒരു പുല്‍ക്കൊടിത്തുമ്പ് ചവച്ചു തുപ്പി.എന്താണ് തനിക്ക് ഏറ്റവും പരിചിതം?നിരന്തരം വേവുന്ന അടുപ്പ്,പാത്രങ്ങള്‍,ഒട്ടും അനുകമ്പയില്ലാതെ ചിരവിക്കൊണ്ടേയിരിക്കുന്ന ചിരവ,ഒരു പാട് വേവും ചൂടും ഉള്ളില്‍ തിളയ്ക്കുന്ന പ്രഷര്‍കുക്കര്‍,എന്നും മാലിന്യം നീക്കി മുക്കിലിരുന്നു മറ്റുള്ളവരുടെ പത്രാസു നോക്കി നെടുവീര്‍പ്പിടുന്ന ചൂല്‍,അരച്ചു മയമാക്കി ജീവിതത്തെത്തന്നെ ഒരു ചമ്മന്തിക്കൂട്ടാക്കിത്തരുന്ന മിക്സി,സോപ്പ്പതയില്‍ മുങ്ങിക്കുളിച്ച് എന്നും വെളുക്കെച്ചിരി സമ്മാനിക്കുന്ന പാത്രങ്ങള്‍,കല്ലില്‍ കയറി എന്നും പീഡനമേറ്റു വാങ്ങുന്ന വസ്ത്രങ്ങള്‍,മാലിന്യമുക്തമാവാന്‍ അവക്ക് പീഡിതരാകാതെ വയ്യ...

ദുര്‍മുഖത്തോടെ അവളവനെ നോക്കി;”ഞാന്‍ നിന്നെപ്പോലെ സഞ്ചാരഭാഗ്യമുള്ളവളല്ല.ഒരു പെണ്ണായതിനാല്‍ ഭാഗ്യമുണ്ടായിട്ടും കാര്യമില്ല.ഒന്നാലോചിച്ചു നോക്ക്,എന്‍റെ ചുറ്റുമുള്ള ഈ മതിലുകള്‍ക്കുള്ളില്‍ എത്ര ചെറിയ പ്രമേയങ്ങളാ,നിന്നെപ്പോലെ സാഹിത്യവും ചര്‍ച്ച ചെയ്തു നടക്കാനും ക്യാമ്പുകള്‍ ആഘോഷിക്കാനും എനിക്കെവിടെ അവസരം?”

“അത് നിന്‍റെ വിധി”,നിര്‍മമനായി അവന്‍ പറഞ്ഞു,”ആരു പറഞ്ഞു,നിന്നോടീ തീക്കനല്‍ വാരിയെടുക്കാന്‍?എഴുത്തെന്നാല്‍ സ്വയം എരിയലാണ്,അതിനു തയ്യാറുള്ള കല്‍ക്കരിക്കേ അതിനു യോഗ്യതയുള്ളൂ.”

“ശരിയാ,ഞാനേതായാലും കല്‍ക്കരിയാവാന്‍ പോവുകയാ”.അവള്‍ കൂസലില്ലാതെ പുറത്തെ ഇരുട്ടിലേക്ക് കാല്‍ വെച്ചു.”എന്താ നീ ചെയ്യണ്?കിറുക്കായോ നിനക്ക്?ഒരു കാര്യം പറയുമ്പോഴേക്കു ദേഷ്യം പിടിച്ചാലോ?മോന്‍ റൂമിലുറങ്ങുന്നു,അവനെയിട്ടു നീയെവിടെ പോകുന്നു?”

“പറഞ്ഞില്ലേ,ഞാന്‍ കല്‍ക്കരിയാവാന്‍ പോകുന്നു.ചുറ്റുമുള്ളതൊന്നും എനിക്കിനി തടസ്സമല്ല.മുന്നില്‍ ഇരുളിന്‍റെ മതിലുകളാണ്.ആശങ്കയില്ലാഞ്ഞല്ല,കനലിന്‍റെ ചൂടില്‍,തിളക്കത്തില്‍ എല്ലാം തിരിച്ചറിയുമെന്ന പ്രതീക്ഷയാണ്.”അവള്‍ പുറത്തിറങ്ങി.അവന്‍ പല്ലുകടിച്ച് എന്തു ചെയ്യണമെന്നറിയാതെ ഒരു പൊട്ടനെപ്പോലെ അവള്‍ ഇരുളില്‍ അവസാനിക്കുന്നത് തുറുകണ്ണുമായി നോക്കി നിന്നു................................. 

2012, സെപ്റ്റംബർ 30, ഞായറാഴ്‌ച


ഉപേക്ഷിക്കല്‍..........                         കവിത

കൈവളകള്‍ ത്യജിച്ചപ്പോള്‍ വല്ലാത്ത സമാധാനം

വിലങ്ങുകളാവാന്‍  മൂന്നാലു കണ്ണികള്‍ കൂടിയല്ലേ വേണ്ടൂ

മാലകള്‍ ഊരിയെറിഞ്ഞപ്പോള്‍

പണ്ട്,കഴുത്തില്‍ ചങ്ങല കിലുക്കി കടന്നു പോയ

അടിമക്കൂട്ടങ്ങളൊന്നാകെ ഓര്‍മയിലൂടെ മാര്‍ച്ച്ഫാസ്റ്റ്‌ നടത്തി

പാദസരങ്ങളുടെ കിലുക്കം വേണ്ടെന്നു വച്ചപ്പോള്‍

തരളിത എന്നവര്‍ വിശേഷിപ്പിച്ചിരുന്ന

സ്ത്രീത്വം കൂടൊഴിഞ്ഞ പോലെ................

മൂക്കുത്തി,കാതിലോലകള്‍ എല്ലാം

നിലത്തു കിടന്ന് എന്നെ നോക്കി നെടുവീര്‍പ്പയച്ചു .

ഈ സ്ത്രീക്കിതെന്തു പറ്റി?അവ പിറുപിറുത്തു

കുറച്ചൂടെ കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രങ്ങളണിഞ്ഞ്,

കാലാകാലം കൊളുത്തിട്ടിരുന്ന മനസ്സിന്‍റെ വാതായനങ്ങള്‍

മലര്‍ക്കെ തുറന്ന് ഞാന്‍ പുറത്തിറങ്ങി................

കള്ളനെന്നെ തുറിച്ചു നോക്കി,ഇവളെന്തേ മഞ്ഞത്തിളക്കം അണിയാത്തൂ

അയാള്‍ ഈര്‍ഷ്യയോടെ തുറിച്ചു നോക്കി

ബലാത്സംഗി എന്നെ ഉറ്റു നോക്കി,ളോഹ പോലുള്ള വസ്ത്രത്തെയും

അതിനുള്ളില്‍ ഭക്ഷണം വല്ലതുമുണ്ടോ?

അവന്‍റെ നോട്ടം പടക്കശാലയിലെ തീപ്പൊരിയായി..

ഞാന്‍ വേഗം നടന്നു,ഈ ഭീഷണിയും അതിജയിക്കണം

അതിനു ഞാനിനി എന്തുപേക്ഷിക്കണം

ഈ ശരീരമാണോ കൊത്തി നുറുക്കി കുപ്പയിലെറിയേണ്ടത്

സദാ വേദനിക്കുന്ന ആത്മാവിനെയോ?

ചിന്തിക്കണം, ചിന്തിക്കണം..............................

 

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച


കുത്തനെയുള്ള വഴി....          കഥ

കൈജൂന്‍റെ അമ്മായ്മ്മാക്ക് തീരെ വയ്യ.ഇജ്‌ വെരണോ?”

അയലത്തെ സൈനാത്ത വിളിച്ചു ചോദിച്ചു.അടുപ്പത്തെ പണിയൊന്നും തീര്‍ന്നിട്ടില്ലെങ്കിലും പെയ്തു തോരാത്ത മഴയത്ത് ഇറങ്ങി.ചെരിപ്പുമായി ഒഴുകുന്ന വെള്ളം കലപില കൂട്ടി.”നല്ലോണം കര്തിക്കോ,അത്തള്ള ഒരു ബീയ്ച്ച ബീണതാ,”

വഴുക്കുന്ന കുത്തനെയുള്ള വഴി ഇറങ്ങവേ സൈനാത്ത ഓര്‍മിപ്പിച്ചു.”കാലത്തിന്ടൊരു പോക്ക്!ഞമ്മളെ ചെറുപ്പത്തിലൊന്നും ഈ സുഗറൂല്ല പ്രെസറൂല്ല.പണ്ടത്തെ കവിളരശാ ഇപ്പത്തെ ക്യാന്‍സറ്.ഹൌ!ബല്ലാത്ത കാലം.അയ്നെങ്ങനെ?വെസല്ലേ ബെയ്ച്ച്ണ്.പണ്ടത്തെ പ്പോലെ നാല് കുരു നന്‍ച്ച്ണ്ടാക്കാന്‍ ഇപ്പത്തെ പെര്‍മാണ്‍ച്ച്യാള്‍ക്ക് എട മാണ്ടേ?”

“ആര്‍ക്കാപ്പോ സൈനാത്താ സമയം?തെരക്കന്നല്ലേ എല്ലാര്‍ക്കും?”

“അന്ക്കത് പറയാ.ഇന്‍റെ ബീട്ടിലിപ്പോ എന്താ ഇത്ര പണി?രാവില്‍ത്തെ വെപ്പ് കൈഞ്ഞാ അപ്പെമ്പറന്നോള്‍ക്ക് മാളികപ്പൊറത്ത് ടി വി കാണല്ലാണ്ട് എന്താ ഒരു സൊഗല്?ഇന്നാലും ഓക്ക് ബടെ നിക്കാന്‍ ബെജ്ജ.വയസ്സ്കാലത്ത് ഇന്ക്കിത്തിരി ചായന്‍റെള്ളം ഇണ്ടാക്കിത്തരാന്‍ ആ പണിക്കാരത്തിക്കുട്ടി ബന്നിട്ടു മാണം.അയ്ന്‍റെടേല് റൂഹ് പോയിക്കിട്ട്യാ ഓക്ക് സന്തോസായി.സുകായല്ലോ.പള്ള്യാളീലൊക്കെ എത്ര കൈപ്പിം വെള്ളരീം കുയ്ച്ചിട്ടതാ ഞാനും അന്ടുമ്മേം.”

കൈജാത്താന്‍റെ വീടെത്തിയിട്ടും സൈനാത്ത നിര്‍ത്തുന്ന മട്ടില്ല.”എന്താപ്പം ഇബളൊരു പത്രാസ്!ഓലപ്പെരേന്നാ വന്നത്ന്ന് വല്ല വിചാരോംണ്ടോ?എപ്പക്കണ്ടാലും ഓളെ പെരേല് ഔത്ത് കുളിമുറിണ്ട് ഫ്രിഡ്ജ്ണ്ട് ഏസിണ്ട്..ഈ ബര്‍ത്താനേള്ളൂ.പണ്ട് കൈഞ്ഞതൊക്കെ മറന്നു ഓള്..”

കൈജാത്ത തന്നെയാണ് വാതില്‍ തുറന്നത്.”ആ,ബന്നോളീ,ഇമ്മ ദാ ഔത്ത്ണ്ട്.”-അവര്‍ വലിയ മൈന്‍ഡില്ലാതെ  അടുക്കളയിലേക്കു പോയി.”കണ്ടോ ഓളെ പത്രാസ്?”സൈനാത്ത വീണ്ടും കുശുകുശുത്തു.”മിണ്ടാണ്ടിരിക്കി “ഞാന്‍ ചുണ്ടില്‍ വിരല്‍ വെച്ചു.ഒരു പൊട്ടു ചളിപോലുമില്ലാത്ത മാര്‍ബിള്‍തറയെ ആര്‍ക്കുമൊന്നു ഉമ്മ വെക്കാന്‍ തോന്നും.അമ്മായിയമ്മ ഒരു ജഡം പോലെ കട്ടിലില്‍.പണ്ടേ നല്ല തടിച്ചിയാണല്ലോ.

“ഒരു ഭാഗം മുയ്മന്‍ കൊയഞ്ഞിക്ക്ണ്.തീട്ടും മൂത്രും ഒക്കെ കെടക്ക്ണോടത്തന്നെ.ഞാനായതോണ്ട് തരക്കേട് ല്ല.ന്‍റെ മരോള് ഇന്നെ ഇങ്ങനെ നോക്കൂന്ന് ഇന്ക്ക് തോന്ന്ണില്ല.”

അവര്‍ കുതിര്‍ത്ത റെസ്ക് അമ്മായിയമ്മയുടെ വായിലേക്ക് തിരുകി.കട്ടന്‍ ചായ വായിലേക്കൊഴിച്ചപ്പോള്‍ അവര്‍ തരിപ്പില്‍ കയറി ചുമക്കാന്‍ തുടങ്ങി.”ഇഞ്ഞിപ്പം കൊറേ നേരത്തിന് കൊരന്നാവും.ചെറ്യേ പൈതങ്ങളേക്കാളും കസ്ട്ടാ..ണീപ്പിച്ചിര്ത്ത്യാ കൌത്തൊറക്കാത്ത കുട്ട്യാളെപ്പോലെ തലേം തൂക്കി ഇരിക്കും.”

മുമ്പൊരിക്കല്‍ അമ്മയിയമ്മ അസുഖമായി കിടന്നപ്പോ മരണമുറപ്പിച്ചു  പഴന്തുണി വാങ്ങാന്‍ വന്നിരുന്നു കൈജാത്ത വീട്ടില്‍.

”ഒരാക്കൊന്നും പൊന്തൂല.ന്താ അയ്ന്ടൊരു തടി!ഞമ്മള് തിന്നു തടിച്ചാ ബേറെള്ളോല്‍ക്കാ അദാബ്.”

മനസ്സില്‍ വേദന ഒരു സര്‍പ്പമായി ഇഴഞ്ഞു.നിസ്സഹാതയുടെ ഈ കൊല്ലും നിമിഷങ്ങളില്‍ ഒരു കളിപ്പാട്ടത്തിന്‍റെ വില പോലുമില്ല പൊന്നായി കൊണ്ടുനടന്ന ദേഹത്തിന്.

“ജീവന്‍ പോക്കാന്‍ ബെജ്ജല്ലോ.വല്ല മര്ന്നും കൊട്ത്താ തീരൂന്ന് എല്ലാരും പറിണ് ണ്ട്.എത്ര കാലാ ഞ്ഞും...”

സൈനാത്ത കൈജാത്തയെ രൂക്ഷമായി നോക്കി.”ബലാലേ,ഇജും ഈ കട്ടില്ക്ക് ഇള്ളതന്നെ.എത്ര കാലം നെല്ല് കുത്തീട്ടാ ആ തള്ള അന്‍റെ  തടിയന്‍ മാപ്പളനെ ചെര്‍പ്പത്തില് പോറ്റ്യത്ന്ന് അന്ക്കറീല.ഇപ്പം വെണ്‍മാടം കിട്ടിയപ്പോ ..ന്നെക്കൊണ്ടൊന്നും പറീക്കണ്ട ഹിമാറെ..വാ പെണ്ണേ,ഓള് അയ്നെ കൊല്ല്ണത് കാണുംമുമ്പ് പോകാ ഞമ്മക്ക്..”

ഞങ്ങള്‍ തിരിഞ്ഞു നടന്നു.വരാന്തയില്‍ എട്ടു മാസം പ്രായമുള്ള പേരമകന്‍ കൈകാലിട്ടടിച്ചു ചിരിച്ചു കളിക്കുന്നു.അരികെ കൊഞ്ചിച്ചു കൊണ്ടു മരുമകളും.നിസ്സഹായതയുടെ വാര്‍ധക്യത്തിന് പക്ഷേ പച്ചപ്പിന്‍റെ സുഗന്ധമില്ല.അത് മാത്രമിങ്ങനെ ഉണങ്ങി വരണ്ടതെന്തെന്‍റെ പടച്ചോനേ..

കുത്തനെയുള്ള വഴി കയറുമ്പോള്‍ കൈജാത്തയെ പ്രാകിക്കൊണ്ട് സൈനാത്ത വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി.മനസ്സ് മുമ്പെന്നോ കണ്ട ഒരാളില്‍ ഉടക്കി നിന്നു.ഒരു ഭാഗം അനേകം മുഴകളാല്‍  വികൃതം,മറുഭാഗം പുഞ്ചിരിയാല്‍ സുന്ദരം..ഒരു വശത്തൂടെ നോക്കുമ്പോള്‍ അയാള്‍ ചിരിക്കുന്നു,മറുഭാഗത്ത് അയാള്‍ കരയുന്നു..

“ഞാന്‍ തന്നെയാ ജീവിതം.” അയാളെന്‍റെ ഉള്ളിലിരുന്ന് ഉറക്കെ നിലവിളിച്ചു...............

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച


പ്രഷര്‍കുക്കര്‍.   കഥ

പ്രഷര്‍കുക്കര്‍ അടുപ്പത്ത് വക്കുമ്പോഴൊക്കെ അവളാലോചിക്കും.എന്നാലുമീ കുക്കറിനെ സമ്മതിക്കണം:എത്ര വേവും ചൂടുമാണു ഉള്ളില്‍ ഏതു നേരവും പൊട്ടിത്തെറിക്കാന്‍പാകത്തില്‍......ഈ അഡ്ജസ്റ്റ്മെന്റുകള്‍:സേഫ്ടിവാല്‍വും വെയ്റ്റും ജീവിതത്തിലും വേണ്ടതായിരുന്നു.അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.കുക്കറിന്‍റെ വിസിലില്‍ അതാരും കേട്ടില്ല.അകത്ത് മക്കളും അപ്പനും കൂര്‍ക്കംവലിയാണ്.കൃത്യം5.30.നാണ് അവളും കുക്കറും മാരത്തോണ്‍ഓട്ടം ആരംഭിക്കുക.എട്ടു മണിയാവുമ്പോഴേക്കു മക്കളെ സ്കൂളിലേക്കും അവരുടെ അപ്പനെ പണിസ്ഥലത്തേക്കും അയക്കണം.എന്നിട്ട് വേണം ലൈന്‍പൈപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍.അവളെപ്പോലെത്തന്നെ പഴകിയതാണ് വീടും.എത്ര തൂത്തു തുടച്ചാലും കാണാനത്ര ചേലൊന്നുമില്ല.പതിനൊന്നു മണിയാവുമ്പോഴേക്കു പണിയെല്ലാം ഒരു വിധം ഒരുക്കിയാണ് അവള്‍ അടുത്ത വീട്ടിലെ കാരണവരെ പരിചരിക്കാന്‍ പോകുന്നത്.ഒരു ഹോംനഴ്സായുള്ള ഈ വേഷപ്പകര്‍ച്ചകൊണ്ട് 1000 രൂപ മാസാമാസം കയ്യില്‍ കിട്ടും.പണം കിട്ടിയപ്പോള്‍ അവളാദ്യം വാങ്ങിയത് ഒരു കുക്കറാണ്.പാചകം എളുപ്പമാക്കുന്നു എന്നത് മാത്രമല്ല,പെണ്ണിന്‍റെ മുതുക് നിവര്‍ത്തുന്ന ഈ അടുക്കളസുഹൃത്തുക്കളെയെല്ലാം അവളേറെ സ്നേഹിക്കുന്നു എന്നതാണ് കാര്യം.കൂടിയ പ്രശ്നങ്ങളെ(കടലയും ഇറച്ചിയും)കുക്കര്‍ മൂന്നാലു വിസിലിലൂടെയാണ് പുറന്തള്ളുക.ചെറുപയര്‍,ഉരുളക്കിഴങ്ങ് തുടങ്ങിയ ചിന്നപ്രശ്നങ്ങള്‍ക്ക് രണ്ടു വിസില്‍ മതിയാവും.ഉള്ളിലെപ്പോഴും ചൂളംകുത്തുന്ന കൊടുങ്കാറ്റുകളെ പുറന്തള്ളാന്‍ തനിക്കും മൂര്‍ധാവില്‍ ഒരു ദ്വാരമിടേണ്ടതുണ്ടെന്നും ഇടയ്ക്കിടെ കൊടുങ്കാറ്റിനെ ശൂ എന്ന് പുറന്തള്ളണമെന്നും അവളെപ്പോഴും ആഗ്രഹിക്കും.ആറു മണിക്ക് വീട്ടിലേക്കു മടങ്ങുമ്പോള്‍ സ്വന്തം പ്രശ്നങ്ങള്‍ പോരാഞ്ഞിട്ടാണോ താന്‍ ആ കാരണവരുടെ ദീര്‍ഘശ്വാസങ്ങളെക്കൂടി  നെഞ്ചിലേക്ക്‌ എറിയുന്നതെന്ന് അവള്‍ സ്വയം ശപിക്കും.വരാന്ത, കെട്ടിയവന്‍ ചര്‍ദിയില്‍ മുക്കിയിരിക്കും.മകനും മകളും തങ്ങളെ അനുകരിച്ചു അടി കൂടുകയാവും.ഒറ്റക്കൊരു യാത്രയാണേല്‍ ഈ പങ്കപ്പാടൊന്നും സഹിക്കേണ്ടിയിരുന്നില്ല.വയസ്സാവലാണ് പ്രശ്നം,ആരാണ് തനിക്കൊക്കെ കൂലി കൊടുത്ത് ഹോംനഴ്സിനെ നിര്‍ത്താന്‍.എത്ര നിസ്സഹായനാണ് മനുഷ്യന്‍!കാരണവരെ മലര്‍ത്തുമ്പോഴും ചെരിക്കുമ്പോഴും ഒരു ശവത്തെ തൊടുംപോലെയാണ് തോന്നുക.നാക്ക് മാത്രം തളര്‍ന്നു പോകാത്ത അയാള്‍ തന്നെ ഉറ്റു നോക്കുന്നതാണ് തീരെ സഹിക്കാത്തത്.

“വായില്‍ക്ക് മണ്ണ് വീഴ്ണതും കാത്തിരിപ്പാ ആ ദ്രോഹി.ടെറസീന്നു വീണതാന്നല്ലേ അവന്‍ പറഞ്ഞത്?തള്ളിയിട്ടതാ,ദുഷ്ടന്‍..ഇനീപ്പോ സ്വത്തൊക്കെ എന്തും ചെയ്യാലോ.എന്നെയും നിന്‍റെ വീട്ടിലേക്ക്‌ കൊണ്ട്പോ മോളെ..വയസ്സ്കാലത്ത് എനിക്കൊരു തണിയാവൂലോ.മോളൊക്കെ ഉണ്ടാവേര്‍ന്നു.ചോരത്തിളപ്പിന്‍റെ കാലത്ത് ഈ നശിച്ച കാല് തന്നെയാ എല്ലാം മുടിച്ചത്.അടിവയര്‍ പൊത്തിപ്പിടിച്ചോണ്ട് അവള്‍ കമഴ്ന്നു വീണു.മുറിയാകെ ചോര..ഭാര്യയെ കൊന്നതിനു കൊറെകാലം കേസും കൂട്ടവും..പണം എല്ലാ കറയും വെടിപ്പാക്കും..എല്ലാ സുഖങ്ങളും നമ്മിലേക്ക് ഒഴുക്കി വിടും.യൗവനത്തില്‍ ഒരു പണക്കാരന് ഭാര്യ ഒരത്യാവശ്യമേയല്ല..ഇപ്പോഴാണ് വിറകുപോലെ ഇങ്ങനെ കിടക്കുമ്പോഴാണ് സാന്ത്വനത്തിന്‍റെ ഒരു കൈ കൂടെ വേണ്ടത്..”അയാളുടെ കണ്ണുകള്‍ പെയ്തുകൊണ്ടിരുന്നു.അവള്‍ വരണ്ടൊരു ചിരി ചിരിച്ചു.തന്‍റെ വീട്ടുചൂളയില്‍ ഇനി എവിടെയാണ് മറ്റൊരു പ്രശ്നത്തിന് ഇടം..

വീട്ടിലെത്തിയപ്പോള്‍ ആകെ ഇരുട്ട്.ഇരുളില്‍ നിന്ന് നേര്‍ത്തൊരു കരച്ചിലും ചിതറുന്നുണ്ട്.ഉരലിട്ടടിക്കുന്ന നെഞ്ചോടെ അവള്‍ ഉള്ളിലേക്ക് പാഞ്ഞു കയറി.മൂലയില്‍ പേടിച്ചരണ്ട് കീറിപ്പറിഞ്ഞ വേഷത്തില്‍ മകള്‍..അവള്‍ ഒന്നും പറയാതെ അമ്മയുടെ നെഞ്ചിലേക്ക് വീണ് തോരാതെ പെയ്തു.

“ആരാ നിന്നെ”-കടിച്ചു പൊട്ടിച്ച ചോരയിറ്റുന്ന ചുണ്ടിലേക്കും മാറിലേക്കും തീക്കണ്ണ്‍ പാറ്റി അമ്മ അവളെ അടിമുടി കുലുക്കി.

“അപ്പന്‍”-മകള്‍ ആര്‍ത്തുകരഞ്ഞു..”തടുക്കാന്‍ വന്ന മോനൂനെ അപ്പനും കൂട്ടുകാരും..”അവള്‍ തുറിച്ച കണ്ണുകളോടെ ദൂരെ റബ്ബര്‍കാട്ടിലേക്ക് വിറയ്ക്കുന്ന വിരല്‍ ചൂണ്ടി........

കുക്കര്‍ വിസില്‍ വിളിക്കാന്‍ മറന്നു.ഉള്ളിലെ വേവും ചൂടും കുറച്ചു സമയം കൂടി പിടിച്ചു നിന്നു.പിന്നെ സേഫ്ടിവാല്‍വ് ദൂരേക്ക്‌ തെറിച്ച് ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് ചീറ്റി..

വാക്കത്തിയുമായി ആര്‍ത്തട്ടഹസിച്ചു ഓടുന്നതായാണ്പിന്നെ അവളെ കാണുന്നത്.പേനായയെപ്പോലെ നാവു പുറത്തിട്ട്,കേലയോലിപ്പിച്ച്,പരക്കം പാഞ്ഞ്,കണ്ടവരുടെ നേരെയെല്ലാം കുരച്ചു ചാടി..അവളുടെ അലര്‍ച്ച എവിടെയും പ്രകമ്പനം കൊണ്ടു.”കൊല്ലും,ആ നായയെ ഞാന്‍ കൊല്ലും..”ആളുകള്‍ക്ക് ഒരു സിനിമ കാണുന്ന രസവും സുഖവും..”എന്‍റെ മോളേ...”നീണ്ട വിലാപം പെട്ടെന്നാണ് ചിരിയിലേക്ക് വട്ടം ചാടുക..വീടിന്‍റെ ഇരുട്ടിലാകട്ടെ മകള്‍ ചുരുട്ടിക്കൂട്ടിയ ശീലക്കഷ്ണമായി തണുത്തു മരവിച്ചു കിടന്നു................................                                       

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച


നിര്‍മമം.                               കഥ

സ്കുട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സീമ അകത്ത് നിന്നും വിളിച്ചു:”വൈകീട്ടേ,മറന്നു പോണ്ട,കുട്ടിക്ക് തീരെ വയ്യ.”

“നിന്നോടെത്ര തവണ പറഞ്ഞു അവളേം കൊണ്ട് ഒരോട്ടോ  പിടിച്ചു ഹോസ്പിറ്റലില്‍ പോകാന്‍.”

“എനിക്ക് വയ്യ,ആശുപത്രീല് തനിച്ചു പോകാന്‍,ഒരു വഴീക്കൂടി കേറ്യാപ്പിന്നെ ചുറ്റിത്തിരിഞ്ഞു  പിന്നാവഴി കാണൂല.”

ഇങ്ങനൊരു ബുദ്ധൂസിനോപ്പം ജീവിക്കാനെടുത്ത തീരുമാനത്തെ അയാള്‍ നൂറാംതവണയും ശപിച്ചു.രണ്ടു ലക്ഷവും നൂറു പവനും..കണ്ണ് തള്ളിപ്പോയി.ചെറിയൊരസ്കിത-അതാണ്‌ കാര്യാക്കാതിരുന്നത്.പഴയ ഓലപ്പൊരയൊക്കെ നന്നാക്കി.പെങ്ങന്മാരെല്ലാം കരക്ക് കേറി.പ്രായമായ അച്ഛനുമമ്മയുമുണ്ട് തനിച്ചു വീട്ടില്‍.ഏതു കാലം തുടങ്ങിയതാണീ മനുഷ്യരുടെ മാറ്റമില്ലാത്ത,മടുപ്പിക്കുന്ന കഥകള്‍..നഗരത്തില്‍ ഏതായാലും വാടക കൊടുക്കല്ലേ,അച്ഛനേം അമ്മയേം ഇവിടെ നിര്‍ത്താന്നു പറഞ്ഞാ അവള്‍ക്കു വയ്യ.സ്ത്രീധനമിത്തിരി കൊണ്ട് വന്നതോണ്ട് പത്തി കുറച്ചു താഴ്ത്താതെ വയ്യ.അപ്പുറത്തെ ഫ്ലാറ്റിലെ വേലക്കാരി മീനാക്ഷിയെക്കുറിച്ച് അയാള്‍ക്ക്‌ ചില രഹസ്യമോഹങ്ങളൊക്കെയുണ്ട്.അതിനും വേണ്ടേ ഈ ബുധൂസൊന്നു പുറത്തിറങ്ങുക.സ്വന്തം വീട്ടില്‍ നാല് ദിവസം പോയി നിന്നോളൂ എന്ന് പഞ്ചാര കുഴച്ചുപറഞ്ഞാലും ഫലം നാസ്തി.

ഓരോന്നോര്‍ത്തു വണ്ടിയോടിക്കവേ ദൂരെ നിന്ന് ഒരു കറുത്ത കാര്‍ വലിയ സ്പീഡില്‍ കുതിച്ചു വരുന്നത് കണ്ടു.ഒരു നിമിഷം താനേതോ ഇരുളിന്‍ഗര്‍ത്തത്തിലേക്ക് വീണെന്നാണ് തോന്നിയത്.കണ്ണ് തുറന്നപ്പോള്‍ വേദനയുടെ ഒരു മുള്‍ക്കാട് ശരീരമാകെ ഞെരിക്കുന്നു.നെറ്റിയില്‍ നിന്ന് ചോരയൊലിച്ച് ചുറ്റും ഇരുണ്ട ചിത്രമാകുന്നു.ആളുകള്‍ തലങ്ങും വിലങ്ങും പോകുന്നത് ഒരു മങ്ങിയ തിരശ്ശീലയിലൂടെ കാണാം.എന്താണാരും തന്നെ മാത്രം കാണാത്തത്.വണ്ടി കുറച്ചു മാറി തല കുത്തനെ കിടപ്പുണ്ട്.കാറിന്‍റെ പൊടി പോലുമില്ല.അയാള്‍ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു കരഞ്ഞു.”നോക്കൂ,ഇങ്ങനെ ചോര പോയാ ഞാന്‍ മരിച്ചുപോകും.ഒന്നെന്നെ ഹോസ്പിറ്റലിലെത്തിക്ക്..”

അയാളുടെ ആക്രന്തനം കേട്ട് പലരും തിരിഞ്ഞു നോക്കി നിസ്സംഗതയുടെ മരവിച്ച ചിരി പൊഴിച്ചു.അയാളുടെ വിലാപത്തിന് മൂര്‍ച്ച കൂടി.”എന്‍റെ കീശയില്‍ നിന്നെടുത്തോളൂ പൈസ,ദയവു ചെയ്തു എന്നെ ആശുപത്രിയിലെത്തിക്കൂ..സഹോദരാ,നിങ്ങളെപ്പോലെ കുടുമ്പോം കുട്ടികളും ഉള്ളവനല്ലേ ഞാനും..ഞാന്‍ മരിച്ചാ അവര്‍ക്കാരാ..”

അയാളുടെ വിലാപം കേട്ട് ഒരാള്‍ ഓടിയെത്തി.അയാള്‍ പ്രതീക്ഷയുടെ കനല്‍കണ്ണുകളോടെ ഞരങ്ങി:”സ്നേഹിതാ,നിങ്ങള്‍ക്കെങ്കിലും നല്ല മനസ്സുണ്ടായല്ലോ.ദൈവം നിങ്ങളെ അനുഗ്രഹിക്കും.”

“ആര്‍ക്കു വേണം മുടിഞ്ഞ ദൈവത്തിന്‍റെ അനുഗ്രഹം”.അയാളെ ഒറ്റത്തട്ടിനു മറിച്ചിട്ട്ആഗതന്‍ അയാളുടെ പോക്കറ്റുകള്‍ പരിശോധിച്ചു.ചോരയില്‍ പൊതിഞ്ഞ അഞ്ചാറു ഗാന്ധിത്തലകള്‍..”മോശമില്ല,ഇന്നത്തെ കളക്ഷന്‍.”.അയാള്‍ ആര്‍ത്തിയോടെ പിന്നെയും പരതി.

അപ്പോഴേക്കും ബോധം നശിച്ചു തുടങ്ങിയ കഥാപാത്രത്തെ ഒന്നൂടെ തിരിഞ്ഞു നോക്കി , ചുണ്ടൊന്നു കോട്ടി,അയാള്‍ ശീഘ്രം നടന്നു മറഞ്ഞു.

നഗരത്തിന്‍റെ മടുപ്പിക്കുന്ന മണം കഥാപാത്രത്തെ ഒരു പുതപ്പായി പൊതിഞ്ഞു.മനുഷ്യരുടെ മാറ്റമില്ലാത്ത ജീര്‍ണിച്ച കഥകളിലേക്ക് മടുപ്പോടെ നോക്കി നഗരം ദീര്‍ഘമായി നിശ്വസിച്ചു...............................