Pages

2012, ഡിസംബർ 4, ചൊവ്വാഴ്ച


ഇരകള്‍.......................        കഥ

ആത്മഹത്യയായിരുന്നു നിനക്കിതിലും ഭേദം.പേപ്പട്ടിയെപ്പോലെ കുറെ പോലീസുകാര്‍ നിന്നെ തല്ലിക്കൊല്ലുമ്പോള്‍ എന്തിനാണവരീ കടുംകൈ ചെയ്യുന്നതെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ നീ..ഒരു കൊതുകിനെ മാത്രമല്ല ഒരു മനുഷ്യനെയും തല്ലിക്കൊല്ലാം എന്ന ഭീഘരമായ തിരിച്ചറിവ്..വെള്ളം വെള്ളം എന്ന്, ചോരയൊലിക്കുന്ന ചുണ്ടുകളെ  ആര്‍ത്തിയോടെ നക്കിത്തുടച്ച്‌ നീ വിലപിച്ചിട്ടും ആ കരിങ്കല്ലുകള്‍ അലിഞ്ഞില്ല.ഒടുക്കം ജയില്‍ ബാത്തുറൂമിന്‍റെ നിലത്തെ കറുത്ത വെള്ളം ഇഴഞ്ഞു ചെന്ന് നീ നക്കിക്കുടിക്കുന്ന രംഗം ടീവിയില്‍ കണ്ടത് മനസ്സീന്നു എത്ര തുടച്ചിട്ടും മായുന്നില്ല.ഒരു ഭ്രാന്തന്‍ എന്ന് നിന്നെ വിളിക്കാന്‍ ഭയം തോന്നുന്നു.ഒരു മനോരോഗിയുടെ ചിത്രം എപ്പോഴും ഒരു പേപ്പട്ടിയുടേതാണ്.ആര്‍ക്കും കല്ലെറിയാം.തല്ലിക്കൊല്ലാം.നീ സര്‍ഗാത്മകതയാല്‍ പൂത്ത പൂമരമായിരുന്നു.തീപൂക്കള്‍ നിന്‍റെ ശിഖരങ്ങളില്‍ നൃത്തം ചെയ്തിരുന്നു.നിന്‍റെ ചാരത്തെത്തിയവരെല്ലാം ആ ചൂടിന്‍റെ പൊള്ളല്‍ അറിഞ്ഞു.ആ അഗ്നിയാണ് നിന്നെ ഏതു നേരവും ഒരടുപ്പിലിട്ടു കത്തിച്ചു കൊണ്ടിരുന്നത്.സ്വൈര്യം കിട്ടാതെ നീ ഇടയ്ക്കിടെ തല ചുമരില്‍ അടിച്ചു പൊട്ടിക്കും.ഗുളികകള്‍ക്ക് ഒരിക്കലും നിന്‍റെ അഗ്നിയെ കെടുത്താനായില്ല.എന്ത് മാത്രം കവിതകളാണ് നീയെഴുതി മുറിയുടെ മൂലയിലേക്ക് ചുരുട്ടിയെറിഞ്ഞിരുന്നത്.

ആരുമറിയാതെ വീട് വിട്ടപ്പോഴൊക്കെ നീയോരോ ആശ്രമങ്ങളിലാണ്  ഒഴുകിയെത്തിയത്.ജീവിതമെന്ന പദപ്രശ്നത്തിന്‍റെ വലത്തോട്ടും താഴോട്ടുമുള്ള ചോദ്യങ്ങളെല്ലാം നീയങ്ങനെയാണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്.ആശ്രമാധികാരികളുമായി നീ സംവാദങ്ങള്‍ നടത്തിയിരുന്നു.അവരാരും നിന്നെ ഒരു പേപ്പട്ടിയായി ഗണിച്ചിരുന്നില്ല.പാറിപ്പറന്ന താടിയും മുടിയും ഒരു തീവ്രവാദിയുടെ പാസ്‌വേര്‍ഡ് ആയി രേഖപ്പെടുത്തിയിരുന്നില്ല.പ്രവാചകന്മാര്‍ കുറ്റിയറ്റു പോയതും ഭാഗ്യം.ഈ കാലം അവര്‍ തീര്‍ച്ചയായും തീവ്രവാദികളായി ജയിലില്‍ അടക്കപ്പെടുമായിരുന്നു.അവര്‍ ധ്യാനത്തിനു തിരഞ്ഞെടുക്കുന്ന ഗുഹകള്‍ സ്ഫോടക വസ്തുക്കളുടെ കേന്ദ്രമായി ചാനലുകള്‍ ആഘോഷിക്കുമായിരുന്നു.

മാതാശ്രീയെ ദര്‍ശിച്ച മാത്രയില്‍ എന്ത് ഭൂതമാണ് നിന്നെ ആവേശിച്ചത്.ഒരു അന്യമത പ്രാര്‍ത്ഥന ചൊല്ലിയതായിരുന്നു നിന്‍റെ പേരിലുള്ള കുറ്റം.എല്ലാവരുടെയും മനോഗതമറിയാന്‍ കഴിവുണ്ടെന്നല്ലേ അവരെക്കുറിച്ച് പറയാറ്.എന്നിട്ടും നിന്നെ എന്തിനാണവര്‍ ഒരു തീവ്രവാദിയാക്കിയത്?ഒരു സൂചി  പോലും കയ്യിലില്ലാതിരുന്ന നിന്നെ..നീയൊരു പക്ഷെ നിന്‍റെ അമ്മയെ ഓര്‍ത്തിരിക്കാം.മകന്‍ ഭ്രാന്തിന്‍റെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയാണെന്ന് അറിഞ്ഞത് മുതല്‍ നിനക്ക് വേണ്ടി ഉരുകാന്‍ തുടങ്ങിയ നിന്‍റെ അമ്മ..പഠനം ഉപേക്ഷിച്ചു നീയെങ്ങോ പോയ അന്ന് മുതല്‍ ആ മെഴുകുതിരി ഉരുകിത്തുടങ്ങി.ക്യാന്‍സറിന്‍റെ രാക്ഷസന്‍ കൈകള്‍ അവരെ നക്കിത്തുടച്ച്‌ പേക്കോലമാക്കിയപ്പോഴാണ് പിന്നീട് നീ തിരിച്ചെത്തിയത്.അന്ന് തുടങ്ങി രണ്ടു മാസം നീ അമ്മക്ക് കാവലിരുന്നു.മരണത്തിന്‍റെ മഞ്ഞുപുതപ്പ് അവരെ ആകെ മൂടിയപ്പോള്‍ നീ ഒരു കുഞ്ഞിനെപ്പോലെ നിലവിളിച്ചു.അമ്മയെ കൊണ്ടോവരുതെന്നു വാശി പിടിച്ചു.ഒടുക്കം ഒരു റൂമില്‍ അടച്ചിടപ്പെടും വരെ നിന്‍റെ പരാക്രമങ്ങള്‍ നീണ്ടു.പിന്നെയൊന്നും നീയധികം സംസാരിച്ചിരുന്നില്ല.ആരെയും ഉപദ്രവിച്ചിരുന്നില്ല.മരുന്നിന്‍റെ വിഷക്കൈകളില്‍ വാടിവീണ വെറുമൊരു പൂവിതള്‍...കൊല്ലത്തില്‍ രണ്ടു തവണ ഏതെങ്കിലും ആശ്രമങ്ങളില്‍,അവിടുന്ന് വേണ്ടത്ര വെളിച്ചം നുകര്‍ന്ന് പിന്നെയും വീട്ടില്‍ ചിറ കെട്ടി നിര്‍ത്തിയ ജീവിതം.മാതശ്രീയുടെ ആശ്രമത്തിലും നീയങ്ങനെ എത്തിയതാവും,ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ സ്വന്തം അമ്മയുടെ അടുത്തേക്ക് കുതിച്ചതാവും..പക്ഷേ നിനക്ക് തെറ്റി,ദൈവങ്ങളായി ചമയുന്നവരില്‍ ഭയം വെടിയണമെന്ന് സദാ ഉപദേശിക്കുന്നവരില്‍ ഉള്ളത്ര പ്രാണഭയം മറ്റാരിലുമില്ലെന്ന്,അവരുടെയത്ര ജീവിതകാമന മറ്റാര്‍ക്കുമില്ലെന്ന്,അവരുടെയത്ര ധനമോഹം ആരിലുമില്ലെന്ന്.നീയൊരിക്കലും തിരിച്ചറിഞ്ഞില്ല .നീ നിഷ്കളങ്കമായി അന്വേഷിച്ചത് എന്നോ വേരറ്റുപോയ തേജസ്സികളായ  സന്യാസികളെയായിരുന്നു.ജീവിതത്തിന്‍റെ കലക്ക് ഒരിക്കലും സ്പര്‍ശിക്കാത്ത തെജോമയികളായ വെണ്ണക്കല്‍രൂപങ്ങളെ..നീയെത്തിയതാകട്ടെ കറുത്ത രാക്ഷസക്കൈകളിലാണ്.ചളിയും ചോരയും  നിറഞ്ഞ   നഖങ്ങളുള്ള സത്വങ്ങള്‍..എന്‍റെ കുട്ടീ,ഒരു മുഴം കയറായിരുന്നു നിനക്കിതിലും ഭേദം.എങ്കില്‍ ഇത്രയേറെ ചേര്‍ പുരണ്ട ഷൂസുകള്‍ നിന്നെ ഞെരിക്കുമായിരുന്നില്ല.ഇത്ര കുടിലതയുള്ള കൈകള്‍ നിന്നെ തൊട്ടു ആശുദ്ധമാക്കുമായിരുന്നില്ല.നമ്മള്‍ വെറും മണ്‍പുരകള്‍,ബുള്‍ഡോസറിന്‍റെ കൈകള്‍ക്ക് നമ്മളെ ഇടിച്ചു പൊളിച്ച് ഞെരിച്ചമര്‍ത്താന്‍ എന്താണ് പ്രയാസം..നമ്മള്‍ വെറും ഇയ്യാംപാറ്റകള്‍,ആളുന്ന അഗ്നിയിലേക്ക് പാഞ്ഞടുത്ത് കടുക് പോലെ നേര്‍ത്ത ശബ്ദം കേള്‍പ്പിച്ചു പൊലിയുന്നവര്‍..എന്‍റെ കുഞ്ഞേ അടുത്ത ജന്മമെങ്കിലും അനാവശ്യതത്വചിന്തകള്‍ നിന്നെ അലട്ടാതിരിക്കട്ടെ.ഒരു വിഡ്ഢിയായി ജീവിക്കലാണ് കൂടുതല്‍ സുഖകരം.വിദ്യയുടെ വെളിച്ചം നിനക്കെന്താണേകിയത്?പൊറുതി കെട്ട ഒരു മനസ്സല്ലാതെ..അവസാനമില്ലാത്ത വേദനകളല്ലാതെ..ഈ ഭൂമിയിലിനി അന്ധനും ബധിരനും ഊമയും മാത്രമേ വാഴേണ്ടാതുള്ളൂ.......................   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ