Pages

2018, ജൂൺ 24, ഞായറാഴ്‌ച

അമ്മ [കഥ]




ദിവസത്തില്‍ ഒരു തവണയെങ്കിലും ബാല്യത്തെ ഒന്നു തൊട്ടു വരാതിരിക്കില്ല. പലതും ചിന്തിക്കുന്ന കൂട്ടത്തിലാവും മിനുസമുള്ള ഓരങ്ങളിലൂടെ ഉരസിയിറങ്ങിപ്പോകുന്നത്- ഏറുപന്ത് , സാറ്റ് , ആരുടെ കയ്യില്‍ മോതിരം ,നാരങ്ങാപ്പാല് കള്ളനും പോലീസും... കളികളുടെ ഓര്‍മമണലിലൂടെ ഒരു നായ്ക്കുട്ടിയെപ്പോലെ പുതഞ്ഞു മറിയും . അമ്മയുടെ കയ്യില്‍ നിന്ന് അടി കിട്ടാത്ത ദിവസങ്ങളില്ല . പലതാണ് കേസ് – വൈകി വീട്ടിലെത്തി , പറയാതെ ചങ്ങാതിയുടെ വീട്ടില്‍ പോയി , കള്ളം പറഞ്ഞു ,ചോദിക്കാതെ കാശെടുത്തു , ചീത്തവാക്ക് പറഞ്ഞു .അങ്ങനെയങ്ങനെ . അമ്മപ്പോലീസ് എപ്പോഴും തന്നെ നല്ല കുട്ടിയാക്കാന്‍ വ്യാകുലപ്പെട്ടു . കൂട്ടുകാരില്‍ നിന്ന് പഠിച്ച വല്ല തെറിവാക്കും അറിയാതെ പറഞ്ഞു പോയാല്‍ മതി , നാവില്‍ നിന്ന് ആ വാക്കിനെ വടിച്ചു കളയുംവരെ കിട്ടും അടി . അച്ഛന്‍ പോലീസും ഒട്ടും മോശമല്ല .ശിക്ഷിക്കുന്ന കാര്യത്തില്‍ മാത്രമാണ് രണ്ടു പെരും ഒരേയൊരു പൊരുത്തം . മറ്റെല്ലാം അടുത്ത വീടുകളിലെ പോലെത്തന്നെ – വഴക്ക് ,കരച്ചില്‍ , നിലവിളി ,പതംപറച്ചില്‍ , അവസാനം അച്ഛന്‍റെ കയ്യൂക്ക്..അന്ന് അതൊക്കെ സാധാരണം . സ്നേഹം കാണിക്കാനാണ് രക്ഷിതാക്കള്‍ക്ക് പിശുക്ക് .കളിവിചാരത്തില്‍ അത്തരം സങ്കടങ്ങളൊന്നും അലട്ടിയിരുന്നില്ല എന്നത് മറ്റൊരു കാര്യം .

അമ്മയെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ടു പോന്നു .ഇനിയവിടെ കിടത്തിയിട്ട് കാര്യമില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം .”സ്നേഹപൂര്‍വ്വം പരിചരിക്കുക , മരണം വരെ സന്തോഷം കൊടുക്കുക അത്രേ ചെയ്യാനുള്ളൂ .എത്ര കാലം ഇങ്ങനെ നീണ്ടു പോകുമെന്ന് പറയാനാവില്ല..”  അത് കേട്ടത് മുതല്‍ തുടങ്ങിയതാണ്‌ വിജയത്തിന്‍റെ കലി .രണ്ടുമൂന്നു കൊല്ലായി അമ്മ ഇവിടെയാണല്ലോ .ഹോം നഴ്സുമാരൊക്കെ അമ്മയുടെ കണ്ണ് പൊട്ടുന്ന ചീത്തയില്‍ ഓടി രക്ഷപ്പെട്ടു. എന്തൊരു സ്ത്രീയാണ് അമ്മ .ഇടയ്ക്ക് അതിശയം എന്നെ പൊതിയും . ഒരു സമുദ്രമായി സദാ ക്ഷോഭിച്ച് , തിരയിലൂടെ അലറി , തീക്കാറ്റായി ജ്വലിച്ച് .. സ്ത്രീകളില്‍ കാണുന്ന മയം ഇവരില്‍ മാത്രം നിക്ഷേപിക്കാന്‍ ദൈവം മറന്നു പോയതാവുമോ?

“ചെറിയൊരു സെഡേഷനുള്ള മരുന്നു കൊടുക്കുന്നുണ്ട് . അടങ്ങി കിടക്കുമല്ലോ .പക്ഷെ അതും അധികം തുടരാന്‍ പറ്റില്ല.”- ഡോക്ടര്‍ വല്ലായ്മയോടെ ചിരിച്ചു.
സ്മൃതിനാശം അമ്മയെ ആക്രമിച്ചു തുടങ്ങിയിട്ട് ആറേഴു കൊല്ലമായി.. എണ്‍പത് വയസ്സായി .ഓര്‍മകള്‍ അപ്പൂപ്പന്‍താടികളായി പറന്നകലുന്നതിനനുസരിച്ച് അമ്മ ഊര്‍ജ്വസ്വലയായി. ദിവസവും പറമ്പിലൂടെ ചുറ്റി നടക്കും . അടുക്കളയില്‍ കയറി എല്ലാവരെയും കുറ്റം പറഞ്ഞ് കൊല്ലും . വിജയം എന്നാണാവോ അമ്മയെ ആക്രമിക്കുക? അവള്‍ ഒട്ടും ക്ഷമയുള്ള കൂട്ടത്തിലല്ല .ഷെല്‍ഫില്‍ മടക്കി വച്ച തുണികള്‍ അലക്കിയില്ലെന്നും പറഞ്ഞ് വെള്ളത്തില്‍ ഇടലാണ് അമ്മയുടെ മറ്റൊരു ഹോബി . ജീവനോടെ എന്നെ മുന്നില്‍ കണ്ടാലും പറഞ്ഞോണ്ടിരിക്കും – “ആ മുടിഞ്ഞ ബാലന്‍ ചത്ത് പോയോ? അവനെയൊക്കെ പെറ്റനേരം നാല് വാഴ വെക്കാമായിരുന്നു..പണ്ടാറക്കാലന്‍ . വേറൊരു അഴിഞ്ഞാട്ടക്കാരിയൊണ്ടല്ലോ – ബീന ,സുന്ദരിക്കൊതയ്ക്ക് പിന്നെ അവടെ കെട്ടിയോന്‍ മതിയല്ലോ .കെട്ടിപ്പിടിച്ചു കെടപ്പാവും അശ്രീകരം .”
അമ്മയുടെ അശ്ലീലം കേട്ടു മടുത്ത് വിജയം കുറെയായി പറയുന്നു –“നമുക്ക് എവിടേലും കൊണ്ടാക്കാം .കുട്ടികള്‍ ഇതൊക്കെ കേട്ടാ വളരണത് .തള്ളയ്ക്ക് ഏത് നേരവും ഒരു ചിന്തയേ ഒള്ളൂ .നാണമില്ലാത്ത ജന്തു . “

ബീന കഴിഞ്ഞ ആഴ്ച വന്നുപോയതാണ്. മൂന്നു വര്‍ഷം അമ്മ അവളുടെ അടുത്തായിരുന്നു. ബെഡ്റൂമിന്‍റെ കീഹോളിലൂടെ പാളി നോക്കുന്ന അമ്മയെ കയ്യോടെ പിടികൂടിയപ്പോള്‍ അവള്‍ക്ക് തന്നെ നാണക്കേട് തോന്നി. “ഇതൊക്കെ വേറെ സൂക്കേടാ”- അവള്‍ വെറുപ്പോടെ പിറുപിറുത്തു.

ഓര്‍ക്കായിരുന്നു  ഞാന്‍ , ഈ ചീത്ത വാക്കുകളും പ്രവൃത്തികളും അമ്മ എവിടെയാണ് ഇത്ര നാലും ഒളിപ്പിച്ചു വച്ചിരുന്നത്? ഇത്രയേറെ അശ്ലീലം ഉള്ളില്‍ വച്ചു കൊണ്ടാണോ അമ്മയെന്നെ തല്ലി നല്ല കുട്ടിയാക്കിക്കൊണ്ടിരുന്നത് . മനസ്സ് ഒരു അത്ഭുതം തന്നെ .അതിന്‍റെ ഉള്ളില്‍ കെട്ടു പിണയുന്ന  ചിന്തകള്‍ .ഊരാകുടുക്കുകള്‍ ആര്‍ക്കും പ്രവചിക്കവയ്യ .

ഫോണ്‍ അടിക്കുന്നു .”ഹലോ സാര്‍ ,ഇത് സ്മൃതിസരണില്‍ നിന്നാണ് .നാളെത്തന്നെ കൊണ്ടു വരൂ അമ്മയെ .വേഗം വന്നോളൂ .ആദ്യമെത്തി ഫീ അടക്കുന്നവര്‍ക്കാണ് പ്രിഫറന്‍സ് .ഒരു ഫ്യൂച്ചര്‍ ബേസ്ഡ് പ്ലാനും ഞങ്ങള്‍ക്കുണ്ട് .ഇപ്പോ അമ്പതിനായിരം കൊടുത്ത് രെജിസ്റ്റര്‍ ചെയ്‌താല്‍ ഭാവിയില്‍ സാറിന് രോഗം വരുമ്പോള്‍ ഇവിടെ പെട്ടെന്ന് അഡ്മിഷന്‍ ശരിയാക്കാം .കുടുംബത്തില്‍ ആര്‍ക്കും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം  .ഓക്കേ സാര്‍ .മെ ഗോഡ് ബ്ലെസ് യു .”

വിറയ്ക്കുന്ന കയ്യില്‍ നിന്ന് ഫോണ്‍ നിലത്തേക്ക് ചാടി ആന്തരാവയവങ്ങള്‍ ചിതറി കിടപ്പായി .അകത്ത് നിന്ന് അമ്മയും വിജയവും മറ്റൊരു അങ്കം കുറിക്കുന്നതും നാവ് വാളുകള്‍ ഊക്കോടെ ഉരസി തീപ്പൊരികള്‍ ചിതറുന്നതും എന്‍റെ ചെവി നിരാശയോടെ പിടിച്ചെടുത്തു .

ഫോണ്‍ ശരിപ്പെടുത്തി ഞാന്‍ മന്ത്രിച്ചു –“ഞങ്ങള്‍ ദാ എത്തി .ആ ഒഴിവ് ആര്‍ക്കും വിട്ടുകൊടുക്കല്ലേ ..”  



2018, ജൂൺ 2, ശനിയാഴ്‌ച

അവിചാരിതം [കഥ]




 ജീവിതം പൊടുന്നനെയാവും ഒരാളെ കൂര്‍ത്ത മുള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിയുക. അവന്‍റെ ചെറുപ്പകാലം ഓര്‍ക്കുമ്പോഴൊക്കെ ഒരു സംഭവമാണ് ഓര്‍മയിലേക്ക് ഓടി വരിക. പടുമുളയായി പടര്‍ന്ന പയര്‍വള്ളിക്ക് കമ്പ് കുത്തിക്കൊടുക്കുകയായിരുന്നു, അപ്പോഴാണവന്‍ ഓടി വന്നത് , വള്ളിത്തുമ്പ് പിടിച്ച് വലിച്ചത് , തളിരിലകള്‍ അവന്‍റെ കയ്യില്‍ കിടന്നു നിലവിളിച്ചത്...പിന്നെ താനവനെ ശാസിച്ചത്, സങ്കടത്തോടെ അവന്‍ സോറി പറഞ്ഞത്...

“എങ്ങനെയായിരുന്നു അവന്‍റെ ബാല്യം? മഹാവികൃതിയായിരുന്നോ?”-
ചാനലുകാരി വലിയ മൈക്ക് അയാളുടെ മുഖത്തേക്ക് നീട്ടി.
“അല്ല , വളരെ ശാന്തനായിരുന്നു. അവനിങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. കണ്ണീരിനാല്‍ അയാള്‍ക്ക് കാഴ്ച മറഞ്ഞു.”
“റിലാക്സ് സാര്‍ , താങ്കളെപ്പോലെ കുഞ്ഞുങ്ങള്‍ക്ക് നന്മയുപദേശിക്കുന്ന ഒരധ്യാപകന്‍റെ മകന്‍ ഇങ്ങനെയൊക്കെ ആവുക , അതിനു പിന്നില്‍ തീര്‍ച്ചയായും ഒരു കഥയുണ്ടാവും. ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി പ്ലീസ്..”
   
അതിനിടെ കരഞ്ഞു തളര്‍ന്നു കിടക്കുന്ന ഭാര്യയുടെ ക്ലോസ് അപ്പ്, അടുക്കള ബെഡ് റൂം എല്ലാം ക്യാമറക്കണ്ണ്‍ ഒപ്പിയെടുത്തു.
“അവനിങ്ങനെ ചെയ്യാന്‍ എന്താവും കാരണം? മയക്കുമരുന്നിന് അഡിക്റ്റ് ആയിരുന്നോ?”

“ഐ ഡോണ്ട് നോ ,പ്ലീസ് ലീവ് മി എലോണ്‍”.
യു ട്യൂബില്‍ അന്ന് തന്നെ അപ്പ്‌ലോഡ് ആയേക്കാവുന്ന ന്യൂസില്‍ എന്തൊക്കെ മസാല കലരുമോ എന്തോ..ദൈവം ഉപേക്ഷിച്ച നാടുകള്‍ ആണെങ്ങും. രക്തക്കുളങ്ങളില്‍ മദിച്ചു നീന്തുന്നവര്‍..രുധിരപാനത്താല്‍ ആഹ്ലാദചിത്തരാകുന്നവര്‍..ഏത് പെണ്ണിന്‍റെ കണ്ണിലും ഇഴയുന്നത് ഭയമാണ്. അത് നിങ്ങളിലേക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നേക്കും..

“നാടോടിപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ച സംഘത്തെ പോലീസ് തിരയുന്നു-“ വാര്‍ത്ത വായിച്ചപ്പോഴും ഓര്‍ത്തില്ല, ഹൃദയം നുറുക്കുന്ന ഒരു മുള്‍ക്കാട് കാത്തിരിപ്പാണെന്ന്..
“നിങ്ങള്‍ അവനെ ശിക്ഷിക്കാറുണ്ടായിരുന്നോ?”- ചാനലുകാരി വീണ്ടും ഉള്ളിലെ പഴുത്ത മുറിവ് മാന്തിപ്പറിച്ചു.

“ഇല്ല ,ചെറുതായിട്ടല്ലാതെ, പിന്നെ ഇന്നത്തെ കാലം എല്ലാം പ്രശ്നമല്ലേ, ശാരീരിക പീഡനം ,മാനസിക പീഡനം , ചൈല്‍ഡ് ലൈന്‍ ..സ്കൂളില്‍ പോലും കുട്ടികളെ തൊടാന്‍ വയ്യ ..”
“അതാണോ കാരണം? ഇന്നത്തെ തലമുറ ഇങ്ങനെ വഷളാകുന്നതിനു അതാണോ റീസന്‍?”

കണ്ണീര്‍തിളക്കം പോലും ക്യാമറയില്‍ ഒപ്പിയെടുത്ത് അവള്‍ കോമ്പല്ലുകള്‍ കാട്ടി ചിരിച്ചു.

“അതും കാരണമാവാം. ഇളംവിത്തുകള്‍ അമിതലാളനയുടെ അഴുക്കില്‍ കിടന്ന് ചീയുന്നത് കണ്ടു നില്‍ക്കേണ്ട നിസ്സഹായതയിലാണ് ഇന്ന് അദ്ധ്യാപകന്‍. കുട്ടി മറ്റൊരാളെ കൊല്ലാന്‍ ശ്രമിച്ചാലും അയാള്‍ക്ക് തടുക്കവയ്യ. കുട്ടി തോക്ക് തിരിച്ചു പിടിച്ചേക്കും ,നിറയൊഴിച്ചേക്കും..”

“ഒരവസാനചോദ്യം കൂടി ,സ്വന്തം മകന് വധശിക്ഷ കിട്ടിയാല്‍ എന്തായിരിക്കും സാറിന്‍റെ പ്രതികരണം?”

ഒരു വേട്ടനായയുടേത് പോലെ അവളുടെ കണ്ണുകള്‍ തിളങ്ങി. വെറും പതിനേഴു വയസ്സുള്ള ചെറുക്കന്‍ ..അവനായിരുന്നു ആ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരത കാണിച്ചത്, മൃതദേഹമായിക്കഴിഞ്ഞിട്ടും ആ കുഞ്ഞിനെ അവന്‍ ചവച്ചു തുപ്പുകയായിരുന്നു..അവന്‍ തന്‍റെ മകന്‍ ആണെന്നോ..ആര് പറഞ്ഞു?

അയാള്‍ ചാനലുകാരിയെ നോക്കി അട്ടഹസിച്ചു –ഹു ടോള്‍ഡ്‌ യു ഇറ്റീസ് മൈ സന്‍? നെവര്‍, ഹി ഈസ് നോട്ട് മൈന്‍, ഗെറ്റ് ലോസ്റ്റ്‌ ഫ്രം ഹിയര്‍ ,യു ബ്ലഡി ഫൂള്‍...”

അയാള്‍ ക്ഷോഭത്തോടെ കിതച്ചു.ചാനലുകാരി മാഞ്ഞുപോയിരിക്കുന്നു .ഇതെല്ലാം ഒരു മായക്കാഴ്ചയാവാം .ജസ്റ്റ് ഹാലൂസിനേഷന്‍..അയാളുടെ ഉള്ളില്‍ നിന്ന് ആരോ പിറുപിറുത്തു. ആളുകളുടെ പരിഹാസത്തില്‍ മുങ്ങിത്താണ് സഹപ്രവര്‍ത്തകരുടെ നിന്ദയില്‍ തേഞ്ഞരഞ്ഞ് ജോലി രാജി വെച്ചു..എന്നിട്ടും വേട്ട തുടരുകയാണ്..ജീവിക്കാന്‍ അനുവദിക്കില്ല ആരും..പൊടുന്നനെ അകത്ത് നിന്ന് പാഞ്ഞെത്തിയ അലര്‍ച്ച അയാളെ ചകിതനാക്കി. അടിവയര്‍ കുത്തിക്കീറി ഭാര്യ നിലവിളിക്കുകയാണ് 

–“”മാഷെ .പുഴു കുത്തിയ ഒരു വിത്ത് മുളച്ചു പൊന്തിയ ഈ ഗര്‍ഭപാത്രം നശിച്ച ഈ മണ്ണ് എനിക്കിനി വേണ്ട..ആസ്പത്രീല് പോവണ്ടാട്ടോ  ,എനിക്കിനി ജീവിക്കേണ്ട മാഷെ...”

തല കറങ്ങി നിലത്തേക്ക് വീഴവെ വല്ലാത്തൊരു കാഴ്ച അയാളുടെ ചുറ്റും നിറഞ്ഞു –ചുവന്ന ഇലകളും കറുത്ത പൂക്കളും നിറഞ്ഞ ഒരു ചെമന്ന താഴ്വര ..അയാള്‍ നടക്കുകയാണ് ..എത്ര നടന്നിട്ടും ലക്ഷ്യം കാണാതെ ..അങ്ങ് ദൂരെ രക്തക്കട്ടയായി സൂര്യന്‍ ...ചുറ്റും ചുവന്നു കലങ്ങുന്നു ...പിന്നെ ചുവന്ന കൂറ്റന്‍ തിരകള്‍ പാഞ്ഞടുക്കുന്നു , എല്ലാം നക്കിത്തുടക്കാന്‍ ... അയാള്‍ നടക്കുക തന്നെയാണ് ....
Shareefa mannisseri