Pages

2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

പുറത്തുള്ളവര്‍ [കഥ ]

 


“എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍” വായിച്ചായിരുന്നു രാത്രി കിടന്നത്. ഒന്നോ രണ്ടോ പേജ് കഴിഞ്ഞപ്പോഴേക്കും ക്ഷീണം കണ്‍പോളകളെ ഞെരിക്കാന്‍ തുടങ്ങി. വൈകുന്നേരം വരെ കുട്ടികളോട് വായിട്ടലച്ച് വീട്ടിലെത്തി അവിടുത്തെ വിഴുപ്പും ചുമന്ന് ഒന്നു നടു ചായ്ക്കണമെങ്കില്‍ പത്തു മണി എങ്ങനെയും ആവും. കുട്ടികളും കിടന്നു കഴിഞ്ഞാണ് വല്ലതും വായിക്കുന്നത്. മൂത്തവന്‍ റൂമില്‍ ഉറങ്ങുകയല്ല , മൊബൈലില്‍ ചാറ്റുകയാവുമെന്നു അറിയാഞ്ഞല്ല , ന്യൂ ജനറേഷനല്ലേ , എത്ര പിടിച്ചു കെട്ടാനാവും? മടുപ്പ് കൊണ്ട് മാത്രം തന്നെ ഉപേക്ഷിച്ച്  മറ്റൊരുത്തിയുടെ കൂടെ പൊറുതി തുടങ്ങിയ ഭര്‍ത്താവിനെക്കുറിച്ചോര്‍ത്ത് ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. ജീവിതമെന്നാല്‍ ചിലര്‍ക്ക് തീയിലെ നടത്തമാണെന്ന് എത്ര അനുഭവങ്ങളാണ് പഠിപ്പിച്ചു തന്നത് . വെണ്ണക്കട്ടിയായ മനസ്സിനെപ്പോലും അത് കാരിരുമ്പാക്കിക്കളയും ,

രാവിലെ പാചകപ്പണിയില്‍ ഉരുളുമ്പോഴും ആ സ്വപ്നം തന്നെയായിരുന്നു മനസ്സില്‍. നേരില്‍ അല്ലെങ്കിലും കിനാവിലെങ്കിലും ആ മഹാപുരുഷനെ കാണാനായല്ലോ. തന്നോട് മനസ്സ് തുറന്നു സംസാരിച്ചല്ലോ. നാടെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന വംശഹത്യകളെക്കുറിച്ചുള്ള ഒരു വാട്ട്സ്ആപ്പ് സന്ദേശം സ്റ്റാഫ് റൂമില്‍ വച്ച് കുടഞ്ഞിട്ടതായിരുന്നു . എന്നെ പറഞ്ഞു മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ രാജിറ്റീച്ചര്‍ പറഞ്ഞു –“വല്യ വല്യ വിഷയങ്ങളൊന്നും ഇവിടെ ചര്‍ച്ച വേണ്ട . മേരിട്ടീച്ചറെ , ഇന്നലെ ലുലുമാളില്‍ പോയ വിശേഷം പറ..”

ഇന്റര്‍വെല്ലിനു ബാത്ത് റൂമിലേക്ക് നടക്കവെ രാജിറ്റീച്ചര്‍ ഒപ്പമെത്തി സ്വകാര്യം പോലെ പറഞ്ഞു – “ശ്രീജ എന്തിനാ ഇതിലൊക്കെ ഇത്ര താല്പര്യം എടുക്കുന്നത്? നമ്മള്‍ക്ക് ഒരു പ്രശ്നവും ഇല്ലാന്ന് നിയമത്തില്‍ തന്നെ പറയുന്നുണ്ടല്ലോ . പിന്നെ പുറത്തു നിന്നു വന്നവര്‍ , അവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവര്‍ തന്നെയല്ലേ? നമ്മുടെ നാടിനെ വെട്ടി മുറിച്ച് പിന്നെയും ഇവിടെത്തന്നെ കടിച്ചു തൂങ്ങിയവരല്ലേ?”

ഞെട്ടലോടെ ഞാനാ ചരിത്രാധ്യാപികയെ തുറിച്ചുനോക്കി . ആരാണ് അകത്ത്? ആരാണ് പുറത്ത്? കറുത്തവരായ ആദിവംശങ്ങളെയെല്ലാം കൊന്നു തള്ളി സാമ്രാജ്യങ്ങള്‍ പണിത കഥകളല്ലേ ഓരോ നാടിനും പറയാനുള്ളത്? പിന്നെ ആരാണ് അകത്ത്? ആരാണ് പുറത്ത്? അവര്‍ പിന്നെയും അരിശത്തോടെ പിറുപിറുത്തു –“ചേട്ടന്‍ ഇന്നലേം പറഞ്ഞു , നമ്മള് ഉണരാത്തതാ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന്!”

എന്തൊരു ക്ഷീണവും മടുപ്പുമായിരുന്നു ആ മഹാദയാലുവിന്‍റെ മുഖത്ത് . നെഞ്ചിലെ തുളയില്‍ നിന്ന് അപ്പോഴും ചോര ഇറ്റുന്നുണ്ടായിരുന്നു . ഏതോ ഒരു വലിയ നഗരത്തില്‍ പ്രതിഷേധറാലികളും മുദ്രാവാക്യങ്ങളും നിറഞ്ഞ ഒരു തെരുവില്‍ ഞാന്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു . ഭയം കാലുകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരുന്നു . റോന്തു ചുറ്റുന്ന , ഇടയ്ക്കിടെ വെടിയുതിര്‍ക്കുന്ന പോലീസുകാര്‍. ദൂരെ നിന്നേ കാണാവുന്ന തിളങ്ങുന്ന ആ പ്രതിമയുടെ കയ്യില്‍ നിരന്തരം ചില്ലുചീളുകള്‍ പ്രവഹിക്കുന്ന ഒരു തോക്കുണ്ടായിരുന്നു. തോക്കിന്‍റെ എതിര്‍ദിശയില്‍ ചോരയിറ്റുന്ന നെഞ്ചുമായി മഹാത്മാവിന്‍റെ പൊടി നിറഞ്ഞ പ്രതിമ കണ്ട് ഞാന്‍ ഉറക്കെ നിലവിളിച്ചു . ഇത് പ്രതിമകളാണോ അതോ ശരിക്കും മജ്ജയും മാംസവും ഉള്ളതാണോ? വെടി വെക്കുന്ന കാരുണ്യം ഒളിപ്പിച്ച ആ മുഖം ചരിത്രമറിയുന്ന ആര്‍ക്കാണ് അറിയാതിരിക്കുക? ഈശ്വരാ! മഹാത്മാവിനേക്കാള്‍ എത്ര വലുപ്പത്തിലും വെണ്‍മയിലുമാണ് ആ ഘാതകിയുടെ പ്രതിമ നിലകൊള്ളുന്നത്. ഇടയ്ക്കിടെ ഒരു ജലധാര അതിനെ കഴുകിക്കൊണ്ടേയിരിക്കുന്നു . കലികാലം! സത്യം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കെട്ട കാലം .

ആ ഭീകരദൃശ്യത്തില്‍ നിന്ന് ഞാന്‍ എങ്ങനെയോ ഓടി രക്ഷപ്പെടുകയായിരുന്നു. കിതച്ചും തളര്‍ന്നും ഒരു സിമന്‍റ്ബെഞ്ചില്‍ ഇരിക്കുമ്പോള്‍ എന്തൊരദ്ഭുതം അതാ അറ്റത്ത് മഹാത്മാവും. ആ പ്രതിമ ഇറങ്ങി വന്നതാണോ? മായക്കാഴ്ചകളുടെ വിഭ്രമത്തില്‍ ഞാന്‍ ചകിതയായി . നെഞ്ചില്‍ തുളയില്‍ കൈപ്പത്തി ചേര്‍ത്തു വച്ചുകൊണ്ട് മടുപ്പ് ചിതറുന്ന ഒച്ചയില്‍ അദ്ദേഹം പിറുപിറുത്തു _ “വെറുതെയായിരുന്നു എല്ലാം . കുടുംബം കളഞ്ഞ് കുഞ്ഞുങ്ങളുടെ സ്നഹം കളഞ്ഞ് അലഞ്ഞതും പോലീസിന്‍റെ അടി കൊണ്ടതും എല്ലാം വെറുതെയായിരുന്നു. ഒരക്ഷരം മറുത്തു പറയാന്‍ കെല്‍പ്പില്ലാത്ത ഈ ജനത്തിനു വേണ്ടിയോ ഞാനെന്‍റെ യൌവനം ചൂളയ്ക്ക് വച്ചത്? ഒരേ തരം മുള്ളുമരങ്ങള്‍നിറഞ്ഞ കൊടുംകാടാക്കുകയാണോ നിങ്ങളീ രാജ്യത്തെ? അതിനായിരുന്നോ ഞാനന്ന്‍ അത്രയും കഷ്ടപ്പെട്ടത്?”

“ഒരു പാട് പ്രധിഷേധങ്ങള്‍ നടക്കുന്നുണ്ട് മഹാത്മാ. അതിന്‍റെ പേരില്‍ വീടുകള്‍ കത്തുന്നു , ആളുകള്‍ കൊല്ലപ്പെടുന്നു .” ഞാന്‍ അധീരയായി പ്രതിവചിച്ചു.

“ഹും ,കൂരിരുളിലെ നക്ഷത്രങ്ങള്‍ . സൂര്യനായി വാഴുന്നോരുടെ തലയില്‍ കത്തിജ്വലിക്കാന്‍ ഇതൊന്നും പോര . എന്‍റെ പിന്മുറക്കാര്‍ ..ഇവര്‍ക്ക് വേണ്ടിയാണല്ലോ ഞാന്‍ ഇപ്പോഴും നെഞ്ചില്‍ ചില്ലുചീളുകള്‍ ഏറ്റുകൊണ്ടിരിക്കുന്നത് .എന്‍റെ ആത്മാവ് അനുഭവിക്കുന്ന വേദന! വലിയൊരു ഇരുമ്പുച്ചുറ്റികക്കടിയില്‍ സദാ ചതഞ്ഞ്കൊണ്ടിരിക്കുന്നു അത് ..”

“മഹാത്മാവേ , സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അങ്ങെന്തിനു വേണ്ടി ഉപവസിച്ചുവോ അതേ അവസ്ഥയാണ് ഇന്നും . വാഴുന്നോര്‍ ഞങ്ങളെ തരംതിരിക്കാന്‍ പോകുന്നു .ഇഷ്ടമില്ലാത്തവരെ വലിച്ചെറിയാന്‍ പോകുന്നു , ചീഞ്ഞ പച്ചക്കറികളെന്നോണം . ഇവിടെ ജനിച്ചു എന്നതിന് തെളിവ് വേണം പോലും .” എന്‍റെ ശബ്ദം ഇടറി . കണ്ണുകള്‍ നിറഞ്ഞു .

“തോറ്റ് കൊടുക്കരുത് “-മുഴങ്ങുന്ന ശബ്ദം അദ്ദേഹത്തില്‍ നിന്ന് കുതിച്ചു .”ചരിത്രം എന്നും വാഴുന്നോരും പ്രജകളും തമ്മിലുള്ള യുദ്ധങ്ങള്‍ തന്നെയായിരുന്നു . ഇന്ന് മുഷ്ടി ചുരുട്ടാന്‍ മറന്നാല്‍ പിന്നീട് ചുരുട്ടാന്‍ കൈപ്പത്തി പോലും ബാക്കി കാണില്ല ,ഓര്‍ത്തോളൂ..” ആ ശബ്ദവീചികള്‍ വായുവില്‍ മാഞ്ഞില്ലാതായപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത് . എതിര്‍ത്തതിന്‍റെ പേരില്‍ ഇല്ലാതാക്കപ്പെട്ട എഴുത്തുകാര്‍ , ഇറച്ചി വേവിച്ചതിന്‍റെ പേരില്‍ അടിച്ചുകൊല്ലപ്പെട്ടവര്‍ , നിമിഷാര്‍ധംകൊണ്ട് കടലാസുവില പോലും ഇല്ലാതായ നോട്ടുകളെ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്ന് കുഴഞ്ഞു വീണു മരിച്ചവര്‍ ..യക്ഷികളെപ്പോലെ ഓരോ പത്രവാര്‍ത്തയും എന്‍റെ മുന്നില്‍ പല്ലിളിച്ചു .

“കഴുത്തില്‍ തുപ്പാന്‍ പാത്രവും പോണ വഴിയെല്ലാം വൃത്തിയാക്കാന്‍ പിറകില്‍ ഒരു ചൂലും കെട്ടി നടക്കേണ്ടിയിരുന്ന ഒരു സമുദായത്തിന്‍റെ ദുഃഖം അതനുഭവിക്കാത്തവര്‍ക്ക് മനസ്സിലാവില്ല . ഭീം അവരില്‍ നിന്നാണ് ഉയര്‍ന്നു വന്നത് . എല്ലാ അനീതിയേയും ചവിട്ടിയരയ്ക്കാനാണ് അദ്ദേഹം ആ ഭരണഘടന വാര്‍ത്തെടുത്തത് . ഇന്ന് നിങ്ങള്‍ അതിന്‍റെ ഓരോ പേജും കീറി കാറ്റത്ത് പറത്തിക്കളിക്കുന്നു . കയ്യില്‍ നിന്ന് ചോര്‍ന്നു പോകുന്നതെന്തെന്നു നിങ്ങള്‍ അറിയുന്നുണ്ടോ?” സ്വപ്നത്തിന്‍റെ മറ്റൊരു കഷ്ണം ഒരു പെരുങ്കല്ലായി വീണ്ടും മനസ്സിലേക്ക് പതിച്ചു .

പുറത്ത് വെയില്‍ തിളയ്ക്കുയാണ് .പ്രധിഷേധാഗ്നി ടി വിയില്‍ കത്തിക്കൊണ്ടി രിക്കുന്നു . “വരൂ”- കത്തുന്ന വെയില്‍ കനല്‍കൈകളാല്‍ ക്ഷണിച്ചു . “ഒരു കുട പോലുമില്ലാതെ ശരീരം കരുവാളിക്കില്ലേ? മാറാത്ത ജലദോഷം പിടിക്കില്ലേ? എഴുത്ത് പോലെയല്ല പ്രവൃത്തി , കൂടുതല്‍ പ്രയാസമല്ലേ?”- ഞാന്‍ തീജ്വാലകളോട് വഴക്കിട്ടു . അപ്പോള്‍ തീക്കൈകള്‍ വാശിയോടെ എന്നെ പിടിച്ചു വലിച്ചു പുറത്തിട്ടു .രാജവീഥിയില്‍ കറുത്തുകരുവാളിച്ച അനേകരോടൊപ്പം അക്രമരഹിതരായി സമരം ചെയ്യുന്നവര്‍ക്കൊപ്പം ഞാന്‍ എന്നെത്തന്നെ കണ്ടു . എന്തോ ഒരു അര്‍ഥം ജീവിതത്തിനു ഉണ്ടെന്ന് ആദ്യമായി എനിക്ക് തോന്നിത്തുടങ്ങി ..

Shareefa mannisseri

 

    

മറവുകള്‍ [കഥ ]

 


ചേരിയിലെ കുടിലുകളെയെല്ലാം പൊളിക്കുകയാണ് ബുള്‍ഡോസര്‍ . അതതിന്‍റെ കൂറ്റന്‍ശരീരവുമായി അവയെ നോക്കി മുരണ്ടു . ഭീമന്‍ കൈ നിമിഷംകൊണ്ട് അവയെ വലിച്ചുപറിക്കാന്‍ തുടങ്ങി . ആളുകള്‍ ചുറ്റും നിന്ന് ആര്‍ത്തു കരയുന്നത് ആ യന്ത്രമോ യന്ത്രത്തിന്‍റെ ഡ്രൈവറോ തരിമ്പും വക വച്ചില്ല .അഴുക്ക് പുരണ്ട അസ്ഥിസമാനമായ ആ മനുഷ്യരുടെ നിലവിളി കാറ്റ് മാത്രം ഏറ്റുപിടിച്ചു . അധികാരികളുടെ കല്‍പന വന്നപ്പോള്‍ ഓടിയിറങ്ങിയത് നിമിത്തം ആര്‍ക്കും ഒന്നും എടുക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല . വിലപിടിച്ചതൊന്നും ഉണ്ടായിട്ടല്ല , കഞ്ഞിയും കറിയും വെക്കുന്ന ഞളുങ്ങിയ പാത്രങ്ങള്‍ , ആകെയുള്ള ഒന്നുരണ്ടു വസ്ത്രങ്ങള്‍ , എല്ലാം യന്ത്രം മണ്ണിലേക്ക് ചവച്ചു തുപ്പി .അപ്പോഴാണ്‌ ഒരു കാഴ്ച എല്ലാവരെയും നടുക്കിക്കളഞ്ഞത് . അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യക്കൈ .  “മുത്തശ്ശാ..” അലമുറയിട്ടുകൊണ്ട് കുനുദീദി മുന്നോട്ടു ചാടിയപ്പോഴാണ് എല്ലാവരും മുത്തശ്ശനെ ഓര്‍ക്കുന്നത്  . ഭീതിയും ദുഃഖവും ഞങ്ങളുടെ സുബോധത്തെ ഏതാണ്ട് നശിപ്പിച്ചിരുന്നു .യന്ത്രം യാതൊരു ഭാവഭേധവുമില്ലാതെ ആ കൈകള്‍ക്ക് മേലേക്ക് വീണ്ടും മണ്ണും കല്ലും കോരിയിട്ടുകൊണ്ടിരുന്നു . തെറിവിളികളോടെ ചുറ്റും കൂടിയവര്‍ യന്ത്രത്തെ എതിരിടാന്‍ ശ്രമിച്ചു . അപ്പോള്‍ ആ കൂറ്റന്‍ കൈ ഒരാളെ വാനിലേക്കുയര്‍ത്തി . ആളുകള്‍ നിലവിളിച്ചിട്ടും കുറെ സമയം കഴിഞ്ഞാണ് അയാളെ താഴെയിറക്കിയത് .അപ്പോഴേക്കും അയാള്‍ ബോധം കെട്ടിരുന്നു .

അറ്റമില്ലാത്ത ചേരികള്‍ ..ദാരിദ്ര്യരോഗത്താല്‍ മൃതപ്രായരായ മനുഷ്യര്‍ ..യന്ത്രം കണ്ണും മൂക്കുമില്ലാത്ത പോലെ എല്ലാം ചവച്ചു തുപ്പിക്കൊണ്ടിരുന്നു . ചുറ്റും ആരോ വിരുന്നു വരുന്നതിന്‍റെ പ്രതീതിയായിരുന്നു . അത്ര ധൃതി പിടിച്ചാണ് വൃത്തിയാക്കലുകള്‍  വൃത്തികെട്ട ഈ കറുത്ത മനുഷ്യരെയും പൊളിഞ്ഞ കുടിലുകളെയും തൂത്തു തുടച്ചു കളഞ്ഞാല്‍ തന്നെ നാടിന്‍റെ ഭംഗി കൂടും .ദരിദ്രര്‍ ഓരോ നാടിന്‍റെയും നാണക്കേട് തന്നെയാണല്ലോ .

വെറും നാല് ദിവസം കൊണ്ടാണ് .ആ കൂറ്റന്‍മതില്‍ ഞങ്ങളുടെ ചേരികളെ മറച്ചുകൊണ്ട് ആകാശത്തേക്ക് തലയുയര്‍ത്തിയത് . രാപ്പകലെന്നില്ലാതെയായിരുന്നു പണിക്കാരുടെ വിയര്‍ത്തു കുളിച്ച പരിശ്രമം . ഇത്രയും കാലം ദൂരെ ആകാശത്തേക്ക് സദാ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയിരുന്നു . ഇപ്പോഴാകട്ടെ ആ ഭീമന്‍ മതില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വെളിച്ചം കൂടി നഷ്ടപ്പെടുത്തി . എത്രയാണതിന്‍റെ ഉയരം . എന്താ അതിന്‍റെയൊരു പ്രൌഡി . ഫ്ലാറ്റുകാര്‍ക്കും സന്തോഷമായിക്കാണും . എത്രയായി അവര്‍ ശ്രമിക്കുന്നു ഞങ്ങളെ തുരത്താന്‍ . ഞങ്ങള്‍ ഞാഞ്ഞൂലുകളെപ്പോലെയാണെന്നു അവര്‍ക്കറിയില്ലല്ലോ . നനവ് ഉണ്ടായാല്‍ മതി , അവിടെ ഞങ്ങളൊരു മണ്‍വീട് കെട്ടാന്‍ .

സുനുലാലാണ് എല്ലാറ്റിന്‍റെയും രഹസ്യം വെളിപ്പെടുത്തിയത് . ഞങ്ങളുടെ കൂട്ടത്തില്‍  കുറച്ചു വിവരമുള്ളവന്‍ അവനാണ് . സ്കൂളില്‍ അടിച്ചു വാരാന്‍ പോകുന്നത് കൊണ്ട് അവന് വിവരമുള്ള ആളുകളുടെ കൂട്ടുമുണ്ട് . “നീ പറഞ്ഞ പോലെ വിരുന്നു വരുന്നുണ്ട് , പക്ഷെ സാധാരണ  വിരുന്നുകാരോന്നുമല്ല . പുറത്തെ ഏതോ നാട്ടിലെ പ്രധാന മന്ത്രിയാ . ഇവിടുത്തെ ദാരിദ്ര്യം കാണാതിരിക്കാനാ ഈ കൂറ്റന്‍ മതില്‍ പണിഞ്ഞിരിക്കുന്നത് . കോടിക്കണക്കിനു രൂപയാണത്രെ ചിലവ് . ആ പണം കൊണ്ട് ഒരു വലിയ വീട് കെട്ടിയിരുന്നെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതില്‍ പാര്‍ക്കാമായിരുന്നു , അല്ലേ?”- അവന്‍ നിരാശയോടെ എന്നെ നോക്കി . ഒരിക്കലും സഫലമാവാത്ത എത്രയെത്ര മോഹങ്ങളുടെ കൂടാരങ്ങളാണ് ഞങ്ങള്‍ . എത്ര ആഴമുള്ള ചേറിലാണ് കാലങ്ങളായി ഞങ്ങള്‍ പൂണ്ടു കിടക്കുന്നത് . മുമ്പ് ഇത്പോലെ കോടിക്കണക്കിനു രൂപ ചെലവാക്കി ഏതോ ഒരു നേതാവിന്‍റെ പ്രതിമ നഗരമധ്യത്തില്‍ പണിതിരുന്നു . അന്നും സുനു ഇത് തന്നെ പറഞ്ഞു . വ്യര്‍ഥമാണല്ലോ ഞങ്ങളുടെ പേച്ചുകള്‍ .

വിരുന്നുകാരെല്ലാം പോയപ്പോള്‍ , ബഹളങ്ങലെല്ലാം ഒഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകളും കീറിയ ചാക്കുകളുമായി ഞങ്ങള്‍ വീണ്ടും കുടിലുകള്‍ കെട്ടാന്‍ തുടങ്ങി . ഒരു ഭാഗം കൂറ്റന്‍ മതിലുള്ളത് കൊണ്ട് ബാക്കി മൂന്നു ചുമരുകളുടെ കാര്യം നോക്കിയാല്‍ മതിയല്ലോ  . അതിനു ഈ കീറിയ ചാക്കുകള്‍ ധാരാളം . മഴയും വെയിലും മഞ്ഞുമൊക്കെ എന്നോ ഞങ്ങളോട് തോറ്റ് കഴിഞ്ഞതല്ലേ ..

ഇനിയും കല്ലെറിഞ്ഞോടിക്കാന്‍ അധികാരികള്‍ വരും . തൂത്തു വൃത്തിയാക്കാന്‍ യന്ത്രക്കൈകള്‍ പാഞ്ഞു വരും . അതു വരേയ്ക്കും ഒരു ഭാഗത്തെ ചുമരിന്‍റെ ഉറപ്പില്‍ ഞങ്ങള്‍ക്ക് സുഖമായി ഉറങ്ങാം . ഉറക്കിലും അലട്ടുന്ന ഒരൊറ്റ ചോദ്യമേയുള്ളൂ –ദാരിദ്ര്യം പാപമാണോ? ദരിദ്രരായത് ഞങ്ങളുടെ കുറ്റമാണോ?