Pages

2017, മാർച്ച് 19, ഞായറാഴ്‌ച

നെറ്റ് മാനിയ [കഥ]കാര്യങ്ങളൊന്നും ചൊവ്വായല്ല നടക്കുന്നതെന്ന് കദീസുമ്മാക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആകെ വീട്ടിലുള്ളത് മകനും മരുമകളും അവരുടെ ഒരേയൊരു സന്തതിയുമാണ്. മകന്‍ ജോലി കഴിഞ്ഞു വന്നാല്‍ സോഫയിലൊരു ഇരുത്തമാണ്, പിന്നെ കയ്യിലെ മൊബെലില്‍ കുത്തിക്കുത്തി നേരം എത്രയാണാകുന്നതെന്ന് ഒരന്തവുമില്ലാതെ ഇരിക്കുന്നത് കാണാം..ഒമ്പതാം ക്ലാസ്സുകാരനായ അവന്‍റെ മകന് സ്കൂള്‍ വിട്ടാല്‍ പിന്നെ പാഞ്ഞു കയറി വന്ന് ടാബ് എടുക്കാനും ഗെയിം കളിക്കാനും മാത്രേ സമയം ള്ളൂ. വല്ലതും വായിച്ചു പഠിക്കാന്‍ ഉപ്പേം ഉമ്മേം പിന്നാലെ കൂടണം. എല്ലാര്ക്കുംണ്ട് സ്വന്തമായൊരു ദുനിയാവ്. അവരവരുടെ ശുഗല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാരും അവിടെയാണ്..തൊട്ടടുത്തുള്ളവരോട് ഒരക്ഷരം മിണ്ടാത്തവരാണു ദൂരെയുള്ള ആരോടൊക്കെയോ ഈ തീരാത്ത വര്‍ത്തമാനം. പണ്ടൊക്കെ മോന്തി ആയാ എല്ലാ പൊരേന്നും ഖുറാന്‍ ഓതുന്നത് കേള്‍ക്കേയ്നി, ഇന്നിപ്പോ സീരിയലിന്‍റെ ചിരിയും കരച്ചിലും മാത്രേള്ളൂ ഏതു സമയൂം..അല്ലെങ്കില്‍ മോബെലിന്‍റെ പലതരം കിണുങ്ങിക്കരച്ചിലുകള്‍..

നെറ്റ് അടിമകളൊക്കെ പൊതുസ്വഭാവികളാണ്..അതിലെ പൈസ തീര്‍ന്നാ പിന്നെ ആകൊരു അങ്കലാപ്പാണ്..അതിനു തിന്നാന്‍ കൊടുത്തിട്ടേ ബാക്കി എന്തു കാര്യോംള്ളൂ..അതില്‍ കുത്തിക്കുത്തി ഇരിക്കുമ്പഴാ ഇവരുടെയൊക്കെ കല്ലിച്ച മുഖത്തൊരു അയവ് വരുന്നത്..എന്തേലും ആവശ്യത്തിന് ആരെ വിളിച്ചാലും നാല് ചാട്ടമാണ് മറുപടി..വയസ്സായ ഒരുമ്മ മയ്യത്താവാന്‍ നാളെണ്ണിക്കഴിയാന്നു വല്ല വിചാരോം ഈ ജന്തുക്കള്‍ക്കുണ്ടോ..
‘’മുനീറാ, ന്‍റെ കാല് കടഞ്ഞിട്ട്‌ വയ്യ ഈ തൈലം കൊണ്ടൊന്നു ഉഴിഞ്ഞു താ’, അവര്‍ ഉറക്കെ വിളിച്ചു , മരുമകള്‍ ഗൂഡസ്മിതവുമായി മൊബെലില്‍ കുത്തിക്കൊണ്ടിരിക്കയാണ്..എണീറ്റ് ചെന്നു ആ മൊബെല്‍ വലിച്ച് ഒരേറു കൊടുക്കാന്‍ അവര്‍ക്ക് തോന്നി..പക്ഷെ കാലുകള്‍ സമ്മതിക്കില്ല..

‘മുക്താറെ, മുക്താറെ, അവര്‍ പേരമകനെ നീട്ടി വിളിച്ചു..അവന്‍ കണ്ണൊന്നുയര്‍ത്തി അവരെ നോക്കി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു..”കബീറെ, കബീറെ, “ അവര്‍ അരിശത്തോടെ അലറി..’എന്താ ഉമ്മാ, കബീര്‍ അമ്പരപ്പോടെ ചോദിച്ചു. “അന്‍റെ അണ്ണാക്കിലെന്താ, കൊഴുക്കട്ടേ? കൊറെ നേരായി ഞാന്‍ വിളിക്കണ്..ഇത്തോതില്‍ വെള്ളം കിട്ടാതെ ഞാന്‍ മവ്ത്താവല്ലോ പടച്ചോനെ..’’കബീര്‍ അടുത്തേക്ക് വന്നപ്പോള്‍ അവര്‍ പറഞ്ഞു..’’ദാ, ന്‍റെ വള, വിറ്റ് അന്‍റെ മായിരിക്കത്തെ ഒരു ഫോണ്‍ കൊണ്ടര്..ഇന്ക്കും മാണല്ലോ മുണ്ടീം പറഞ്ഞും ഇരിക്കാന്‍ ആരെങ്കിലും..’’

‘’വവ്, പേരമകന്‍ ചാടിയെഴുന്നേറ്റ് ആഹ്ലാദത്തോടെ തുള്ളിച്ചാടി..’’അങ്ങനെ ന്യൂ ജന്‍ ആക് വല്ലിമ്മാ..ഉപ്പാ നല്ലൊരു ഫോണ്‍ വാങ്ങിക്കൊടുക്ക്, വാട്ട്സ് ആപ്പില്‍ ഓള്‍ഡ്‌ മെന്‍ ഗ്രൂപ്പുണ്ടാക്കും വല്ലിമ്മ..പിന്നെ നല്ല നല്ല കമ്പനികള്‍ ആയില്ലേ, ഒക്കെ ഞാന്‍ പഠിപ്പിച്ചു തരാം കേട്ടോ..’’
‘’ഉം, ഒന്നിരുത്തി മൂളി വല്ലിമ്മ കല്ലിച്ച മുഖത്തോടെ സോഫയില്‍ ചാരി ഇരുന്നു..മുപ്പത്തഞ്ചു വര്‍ഷം മുമ്പ് പഴയ ഓടുവീട്ടില്‍ താമസിച്ചിരുന്നതും അയല്‍വീട്ടുകാരുമായി വര്‍ത്താനം പറഞ്ഞിരുന്നതും എന്തുണ്ടാക്കിയാലും ഒരോരി എല്ലാര്‍ക്കും കൊടുത്തിരുന്നതും ഒക്കെയായ ഓര്‍മകള്‍ അവര്‍ക്ക് ചുറ്റും തുള്ളിക്കളിച്ചു..മങ്ങിയ കൃഷ്ണമണികള്‍ തുളുമ്പാന്‍ വെമ്പുന്ന കണ്ണീരാല്‍ തിളങ്ങി.................

2017, മാർച്ച് 4, ശനിയാഴ്‌ച

ചിലന്തിവലകള്‍ [കഥ]
സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ മിനിയുടെ കയ്യില്‍ ഒരെട്ടുകാലിയുടെ ചിത്രമുണ്ടായിരുന്നു. പണി പൂര്‍ത്തിയായ സ്നിഗ്ധമായ വലയ്ക്കു നടുവില്‍ അത് കണ്ണ്‍ പാതിയടച്ച് ഇരയെ കാത്തു  കിടന്നു. പശിമയുള്ള വലയില്‍ ഇര ഒട്ടിപ്പിടിക്കുമെന്നും എട്ടുകാലി അതിനെ വിഷം കുത്തി വച്ച് കൊല്ലുമെന്നും മുമ്പ് ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ മെല്ലെ മെല്ലെ വിഷലിപ്തമായ ഉമിനീരില്‍ ഇര അലിഞ്ഞു തീരുകയായി..തള്ളയെട്ടുകാലിയെ കുഞ്ഞുങ്ങള്‍ തിന്നു കളയുമത്രേ, അന്നൊരിക്കല്‍ മാറാല തട്ടുമ്പോള്‍ തൂവല്‍ പോലെ കനമില്ലാതെ ഒരു എട്ടുകാലിയുടെ ജഡം താഴേക്ക് വീണു. ചിത്രത്തില്‍ അതിന്‍റെ കാലുകള്‍ ഒന്നൂടെ കറുപ്പിക്കണം, കണ്ണുകള്‍ക്ക് നല്ല തിളക്കം വരുത്തണം, എന്നാലെ ഒരു സ്റ്റൈല്‍ ഉണ്ടാവൂ. മാഗസിനിലേക്ക് ഒരു കഥയും കവിതയും കൂടി ശരിപ്പെടുത്താനുണ്ട്. ഇന്നലെ വീട്ടിലുണ്ടായ ഭൂകമ്പത്തിന്‍റെ കാരണമെന്തായിരുന്നു ആവോ..എന്നും ആവര്‍ത്തിക്കുന്ന കൊടുങ്കാറ്റുകള്‍..വീശിയടിച്ച വമ്പന്‍തിരയില്‍ അമ്മയുടെ മുഖം നനഞ്ഞു കുതിര്‍ന്നു..ചരല്‍ പോലുള്ള വെള്ളത്തുള്ളികള്‍ മുഖം പൊള്ളിച്ചു, താന്‍ ദൈവമായിരുന്നെങ്കില്‍ ഒരു ജീവിയും ഇങ്ങനെ ദുഖിക്കുമായിരുന്നില്ല. എല്ലാവരും സന്തോഷത്തിന്‍റെ മഞ്ചാടിമണികള്‍ എപ്പോഴും പെറുക്കിക്കൊണ്ടിരുന്നേനെ...

ഇനിയൊരു കുറ്റിക്കാടാണ്, മുമ്പൊക്കെ കൂടെ വരാന്‍ ഒരു പാട് കുട്ടികള്‍ ഉണ്ടായിരുന്നു. പലരും സ്കൂള്‍ മാറി , ചിലരുടെ കല്യാണം കഴിഞ്ഞു, ഇന്നലെയും അമ്മയുടെ കണ്ണുകള്‍ തന്‍റെ ദേഹത്തെ വ്യാകുലതയോടെ അളന്നു, അമ്മയെന്തോക്കെയോ എപ്പോഴും പേടിക്കുന്നുണ്ട്..അപ്പുറത്തെ പാറുവമ്മ ഉണര്‍ത്തുന്നത് കേട്ടു, “പെണ്ണിനെ കെട്ടിച്ചു വിടാറായല്ലോ മാളൂ, മൂക്കില്‍ പല്ല് വരാനാണോ കാത്തിരിക്കുന്നത്? അരിശം കടിച്ചൊതുക്കി, അല്ലെങ്കിലേ തനിക്ക് നാക്കിനു നീളം കൂടുതലാണെന്നാണ് ആ തള്ള പറയുക. താന്‍ മാഗസിന്‍ എഡിറ്റര്‍ ആണെന്ന്, ക്ലാസ്സില്‍ ഒന്നാം റാങ്കുകാരിയാണെന്ന് വല്ലതും ആ തള്ളക്കറിയോ? ആകെ ഒന്നറിയാം, കല്യാണം- പിന്നെ എന്നും തന്‍റെ വീട്ടിലെപ്പോലെ യുദ്ധവും..

മാഗസിനെന്താണ് പേരിടുക? മുഖചിത്രമെന്താണ് വരക്കുക? വിശന്നു നാവ് നീട്ടുന്നൊരു ചെന്നായയുടെ ചിത്രം മുമ്പെന്നോ വെട്ടി പുസ്തകത്തില്‍ വച്ചിരുന്നു, അത് പോലെ വരയ്ക്കാനൊത്താല്‍ ഉഗ്രനായിരിക്കും..ഇന്നലെ സന്ധ്യക്കും മണിയേട്ടന്‍ വന്നിരുന്നു, അസ്തമയസൂര്യന്‍ മുഷിഞ്ഞ ചുമരില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ പണിയുന്നത് നോക്കിയിരിപ്പായിരുന്നു. അയാളുടെ നോട്ടം മേനിയെ കൊളുത്തി വലിക്കയാണെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു. അകത്തേക്ക് പോകാനാഞ്ഞ തന്നെ കടന്നു പിടിച്ചു, വായില്‍ നിന്ന് ചീത്ത മണം, അറവുകാരനായതോണ്ട് ഒരു മനസ്സുഖം കിട്ടാന്‍ ഇത്തിരി മോന്തണമെന്നാണ്‌ അയാള്‍ അമ്മയോട് പറയുക. “ടീ, നിന്‍റെ  തോട്ടത്തീന്ന് ഇന്നലെ ഒരാമയെ കിട്ടി, കുറെ മേടിയിട്ടാ മൂപ്പര് തല പുറത്തേക്കിട്ടത്..എന്‍റെ  കണ്ണൊന്നു തെറ്റിയപ്പോ രക്ഷപ്പെടാനും നോക്കി .പാവം .സ്പീഡുണ്ടായിട്ടു വേണ്ടേ? പണ്ട് ഈ കക്ഷി എങ്ങനെ മുയലിനെ തോല്പ്പിച്ചാവോ? ഒരു പാട് കാലായി ആമയിറച്ചി  തിന്നാന്‍ കൊതി..”കയ്യിലെ ഈ മുറുക്കിപ്പിടിത്തമാണ് തീരെ പിടിക്കാത്തത്. ഒരു പാവം ജീവിയെ കൊന്നു വീരസ്യം പറയുന്നു ദുഷ്ടന്‍..അറവുകാരെല്ലാം ക്രൂരന്മാര്‍ തന്നെ..വിയര്‍ത്തൊട്ടുന്ന കൈ ഊക്കോടെ വിടുവിച്ച് അടുക്കളയിലേക്ക് നടന്നു..തന്‍റെ ചിത്രങ്ങള്‍ കണ്ട് ഒരിക്കലയാള്‍ ചോദിച്ചു-“എന്താ പെണ്ണെ, എന്‍റെ അറവുശാല പോലെ എല്ലാറ്റിനും ഒരു ചോരമണം?”

“മണിയുള്ളതാ ആകെ ഒരാശ്വാസം..”അമ്മയുടെ ആ സംസാരം കൊണ്ടാണ് ഇത്ര ദുസ്വാതന്ത്ര്യം..ഇരകളുടെ വിളറിയ കണ്ണുകള്‍ മനസ്സില്‍ നിറയും ,കാലികളെ കുത്തി നിറച്ച ലോറികള്‍ ,കമ്പിക്കൂടുകളില്‍ അടുക്കിയ കോഴികള്‍..എല്ലാം ഒന്നു തന്നെ ചോദിക്കുന്നു –“എന്‍റെ അവസാനമായല്ലേ?”ഈയിടെയായി അയാളുടെ മുഖം ഒരു മുട്ടനാടിന്‍റെതു പോലെയാണ്..കണ്ണില്‍ കൊളുത്തി വലിക്കുന്നൊരു ചൂണ്ടയും..താനൊരു മത്സ്യമായിരുന്നേല്‍ അതില്‍ കുടുങ്ങി ശ്വാസം മുട്ടിയേനെ..പല ആണുങ്ങളും ഇങ്ങനെയാണ് നോക്കുക, മേലാകെ പഴുതാര അരിക്കയാനെന്നു തോന്നും..ലോകം ആണിനുള്ളതാണെന്നാണ് ശാരദേടത്തി പറയുക..”ചില പെണ്ണുങ്ങള്‍ ബലിക്കല്ലിലെക്കാ പിറന്നു വീഴുക, ഒരു വാളിന്‍റെ തിളക്കം എപ്പോഴും മുകളില്‍ , എന്നാലും മനോഹരസ്വപ്‌നങ്ങള്‍ അവളെ മാടി വിളിക്കും..”വെറുപ്പോടെ അവര്‍ ഒരു  പുല്‍നാമ്പ് ചവച്ചു തുപ്പി..

“അവളോടധികം കൂട്ടു വേണ്ടാ, തെറിച്ച പെണ്ണാ.” അമ്മ കണ്ണുരുട്ടും..കല്യാണം കഴിഞ്ഞ് അധികമാകും മുമ്പ് അവര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി..ആളുകള്‍ക്ക് ഇപ്പോഴും അത്  തന്നെ വര്‍ത്തമാനം..ഇത്തരം കാര്യങ്ങള്‍ ആരും മറക്കില്ല..ആ കണ്ണുകളില്‍ എപ്പഴും സങ്കടത്തിന്‍റെ ഒരു പാടയാ..ചിലപ്പോള്‍ ഒരു തോന്നലുണ്ട്‌, ബസില്‍ എങ്ങോട്ടോ പോകുന്നു. കയ്യില്‍ വെള്ളയും നീലയും ഇടകലര്‍ന്ന കുപ്പിവളകള്‍..ഇടയ്ക്ക് പൊട്ടു വീണ ഒരു ചുവന്നതും..യാത്ര തീരുന്നേയില്ല. ചുറ്റുമുള്ള കാഴ്ചകളൊക്കെ നോക്കി അന്തം വിട്ടാണ് ഇരുത്തം..പെട്ടെന്നാണ് ബസ് ഇരുട്ടിന്‍റെ ഒരു തുരങ്കത്തിലേക്ക് പാഞ്ഞു കയറുന്നത്..അത്യഗാധമായ ഒരു കയത്തിലേക്ക് മൂക്ക് കുത്തുന്നത്..
അവിടെയുമിവിടെയും പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ചാണ് അയല്‍ക്കാര്‍ കുശുകുശുക്കുന്നത്..കഴുത്ത് മുറുക്കിക്കൊന്ന് മാലയും വളയും ഒന്നും എടുക്കാതെ..അടക്കം പറച്ചിലുകളില്‍ നിന്ന് ഒന്നും വ്യക്തമാവില്ല..പത്രങ്ങള്‍ ആവര്‍ത്തിക്കുന്ന കുറെ വാക്കുകള്‍..അത് വല്ലതും ചോദിക്കാന്‍ ചെന്നാല്‍ മുതിര്‍ന്നവര്‍ കടിച്ചു കീറാന്‍ വരും..ഇന്നാളൊരിക്കല്‍ റബ്ബര്‍ കാട്ടില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു..കുട്ടിയുടെ അച്ഛന്‍ തന്നെ കൊലപാതകിയുടെ കഥ കഴിച്ചതായിരുന്നു അതിലും വലിയ വാര്‍ത്ത..ഇതെല്ലാം കേട്ട് ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വെക്കുകയും തന്‍റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുകയും ചെയ്തു..എന്താണാവോ ആളുകളെല്ലാം അങ്കക്കോഴികളെപ്പോലെ ..

കുറ്റിക്കാടിനു നടുവിലെത്തിയപ്പോഴാണ് അവള്‍ വലിയൊരു ചിലന്തിവലയിലേക്ക് മുഖം കുത്തി വീണത്..മുഖത്തും കണ്ണിലും വല ഒട്ടിപ്പിടിച്ചു..നാരുകള്‍ വലിഞ്ഞു മുറുകി..നടുവില്‍ പതിയിരിക്കുന്ന ക്രൂരതയുടെ വായിലേക്ക് ആകാശം കാണാതെ എടുത്തു വച്ചിരുന്ന മയില്‍പ്പീലികള്‍ ചിന്നിച്ചിതറി..ചെന്നായയുടെ നാവില്‍ ചോര കിനിഞ്ഞു..ആ ബലിഷ്ഠകരങ്ങള്‍ കടിച്ചു മുറിച്ചു രക്ഷപ്പെടാന്‍ അവള്‍ വെറുതെ ശ്രമിച്ചു..ശ്വാസം നേര്‍ത്തു തുടങ്ങിയപ്പോള്‍ , പെട്ടിയില്‍ അടുത്ത ഓണത്തിനു ഇടാനായി എടുത്തു വച്ചിരുന്ന നീല പുള്ളി ചുരിദാര്‍ ഒന്നൂടെ കാണാന്‍ അതിന്‍റെ പുതുമണം ഒന്നൂടെ ശ്വസിക്കാന്‍ അവള്‍ക്ക് വല്ലാത്തൊരു കൊതിയുണ്ടായി...ഇരുട്ട് കണ്ണിറുക്കിക്കൊണ്ട് എല്ലാ ക്രൂരതകളെയും പൊതിയുന്ന തന്‍റെ കട്ടിക്കരിമ്പടം എല്ലായിടത്തും വിരിക്കാന്‍ തുടങ്ങി....
ശരീഫ മണ്ണിശ്ശേരി
from  മണല്‍ പറയുന്നത് [കഥകള്‍] 2004 by shareefa mannisseri……………………………………..

2017, ഫെബ്രുവരി 4, ശനിയാഴ്‌ച

മൊഹബ്ബത്ത് [കഥ]
സൈനാത്ത കഥ പറയാന്‍ തുടങ്ങിയിട്ട് കുറെ നേരമായി, ഉച്ചക്ക് വന്നതാണ്, നേരം മൂന്നു മണിയെയും ചാടിക്കടന്നു കഴിഞ്ഞു .അവര്‍ തുടര്‍ന്നു –“ഞാന്ട്ക്കാത്ത പണി ഒന്നൂല്ല മാളെ , കൊയ്യാനും മെതിക്കാനും ചേറാനും  ഒക്കേറ്റിനും ഞാന്‍ പോയ്ക്ക്ണ്..കൂലിയായ് കിട്ടണ നെല്ല് കുത്തീട്ടാ അന്നൊക്കെ ചോറ് വെക്കണത്..ഇന്നിപ്പോ അരക്കാനും പൊടിക്കാനും ഒക്കെ സുച്ച് ഇട്ടാ മത്യല്ലോ..ഇപ്പത്തെ പെണ്ണുങ്ങക്കറിയോ പണ്ടത്തെ അദാബ് വല്ലതും ..”
ശരിയാണ് , ഞാന്‍ മനസ്സില്‍ പറഞ്ഞു ,,പണ്ടത്തെ മനുഷ്യര്‍  അനുഭവിച്ച കഷ്ടതകള്‍ ഇന്നുള്ളവര്‍ക്ക് വെറും കഥകളാണ്..

“ഞാന് ഇന്‍റെ ഇപ്പാക്ക് ഒറ്റകുട്ട്യാ, ഇന്‍റെ ഇമ്മ മരിച്ചപ്പോ വാപ്പ വേറൊന്ന് കെട്ടി , ഇന്നെ നോക്കാന്‍.. അയ്‌ല് ഒരാങ്കുട്ടീം ഇണ്ടായ്നി ,ഓല് ഇന്നെ നോക്കൂലേയ്നി , കട്പ്പം കാട്ടേം ചെയ്യും, അപ്പളാ ഇന്‍റെ ഇപ്പ ഒരൂട്ടം തുണീം കുപ്പായോം കൊടുത്ത് ഓലെ കാര്യം തീര്‍ത്ത് പറഞ്ഞയച്ചത്..”ഇന്‍റെ കുട്ടീനെ നോക്കാത്തോലെ ഇന്ക്കും മാണ്ട –“ ഇന്‍റെ വാപ്പ അന്ന് പറഞ്ഞതാ..പിന്നെ ഞാന് ഇന്‍റെ വാപ്പാക്കും വാപ്പ ഇന്ക്കും ഒരേയൊരു തൊണ ആയിര്‍ന്ന്..”
അവര്‍ ദീര്‍ഘമായി ശ്വസിച്ചു ,ഓര്‍മകളെ അവര്‍ ഊതിപ്പറത്തുകയാണോ?

“വയനാട്ട്ള്ള ഇന്നെ ഈ കുന്നത്ത് വീരാന്‍കാക്ക ഇന്നാട്ട്ക്ക് കെട്ടിക്കൊണ്ടു വന്ന അന്ന് മൊതല് തൊടങ്ങി ഇന്‍റെ കട്ടക്കാലം..ചെര്‍പ്പം മൊതല്‍ക്ക് പണിക്ക് പോണ ഞാന് ഇബടെ ബന്നിട്ടും നയിച്ചന്ന്യാ കയ്ഞ്ഞത്..”കാലണേന്‍റെ ഒപകാരം അന്‍റെ മാപ്ലനെക്കൊണ്ട് ഇന്ക്ക്ണ്ടായിട്ടില്ല –“ വെറ്റിലച്ചാറ് ഊക്കോടെ ചീറ്റിത്തുപ്പിക്കൊണ്ട് അമ്മായിയമ്മ എപ്പളും പറയും.. “അന്ക്കും ഓനെക്കൊണ്ട് കാലണേന്‍റെ ഫായിദ ഉണ്ടാവൂന്ന്‍ ഞാന്‍ കര്ത്ണില്ല..” ആ തള്ള കരിനാക്ക്കൊണ്ട് ഏതു നേരോം പറഞ്ഞോണ്ടിരുന്നു..ചീട്ടുകളിയും പെണ്ണ്പിടിയും ആയിര്‍ന്ന്‍ മൂപ്പരെ മെയിന്‍ ജോലികള്..സ്നേഹത്തിന്‍റെ കാലണ പോലും മൂപ്പരേയ്ന്നു ഇന്ക്ക് കിട്ടീട്ടില്ല..ഇന്‍റെ ഇപ്പ ഇന്ക്ക് നയിച്ച് ഇണ്ടാക്കിത്തന്ന അഞ്ചു പവന്‍ മൂപ്പര് വിറ്റ് തിന്നു..അവസാനകാലം ഇപ്പാക്ക് കണ്ണ്‍ കാണൂലെയ്നി . വടി കൊണ്ട് വഴീലൊക്കെ തട്ടി തട്ടിയാ ഇന്നെ കാണാന്‍ വരാ..ഒരൂസം ഇന്നോട് പറഞ്ഞു –“ഇന്ക്ക് ഇഞ്ഞ് അന്നെ കാണാന്‍ വരാന്‍ കയ്യൂല..ഇജ് ഇഞ്ഞ് ഇന്നെ കാണാന്‍ വാ എടക്ക്..” അലക്കൊയിഞ്ഞിട്ടു മണ്ണാത്തിക്ക് നേരംല്ലാന്നു പറഞ്ഞ പോലെ ഇന്ക്ക് പോകാനൊന്നും കൂടീല..ഇന്‍റെ പേരിലായിരുന്ന ഇന്‍റെ പെരേം പത്ത് സെന്റും വാപ്പ മരിച്ചതോടെ അയാള് വിറ്റ്..ഇപ്പോ കിടക്കാന്‍ ഒരെടം ഇല്ലാതെ ഞാന്‍ തെണ്ട്ണ്..”
എന്തേണ്ടായത്? ഞാന്‍ പതുക്കെ ചോദിച്ചു..

“എന്ത്ണ്ടാകാന്‍.. ഇന്‍റെ മക്കക്കൊന്നും ഇപ്പോ ഇന്നെ മാണ്ട..മൂപ്പര് അതിനു വേണ്ട്യ എന്തോ പണി മുസ്ല്യാരെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്.. അത്ന്ക്ക് ഒറപ്പാ. ഞാന്‍ സ്കൂളിലൊന്നും പോയിട്ടില്ല. മണലില്‍ തറ പറ പന..അതന്നെ പഠിപ്പ്.”  അത് പറഞ്ഞപ്പോ അവര്‍ വിതുമ്പി –“ഈമാന്‍ കിട്ടി മരിച്ചാ മതി , മാലൂം മൊതലൊന്നും അല്ല മളേ വല്യത്..കെടപ്പിലാകാതെ കലിമ ചൊല്ലി മരിച്ചാ മതി..ഇന്‍റെ അമ്മായീന്‍റെ പെരേ കെടന്നാ ഇന്‍റെ ഇപ്പ മരിച്ചത്..ജീവന്‍ പോയിട്ടാ ഞാന് ഇന്‍റെ ഇപ്പാനെ പിന്നെ കണ്ടത്..അവസാനനേരം രണ്ടു തുള്ളി സംസം വെള്ളം ഇറ്റിച്ചു കൊടുക്കാന് ,കലിമ ചൊല്ലിക്കൊടുക്കാന് ഇന്ക്ക് പറ്റീല..” അത് പറഞ്ഞ് ആലംബമില്ലാത്ത പോലെ അവര്‍ തേങ്ങിക്കരഞ്ഞു..

“കാട്ടുകോഴീനെ കണ്ട്ക്ക്ണോ ഇജ്ജ്?” കണ്ണ് തുടച്ചു കൊണ്ട് അവര്‍ ചോദിച്ചു..സങ്കടം എന്‍റെ തൊണ്ടയിലും ഉരുളുന്നുണ്ടായിരുന്നു..
“കുളക്കോഴിയാണോ?”

“അല്ല , കാട്ടുകോഴി , ഞമ്മളെ സാദാ കൊഴീന്‍റെ ചേലന്നെ..പക്ഷേങ്കില് പിടിക്കാനൊന്നും കിട്ടൂല ..എത്രയെളുപ്പാ ഒളിക്കാന്നറിയോ?ഓല് ആണും പെണ്ണും ഒപ്പേ നടക്കൂ..മുട്ടയിടാന്‍ കാലായാ നിലത്ത് കുഴി മാന്തിയാ മുട്ടയിടാ..പെണ്ണ് പുറത്തു പോവുമ്പോ ആണ് അടയിരിക്കും , ആണ് പോവുമ്പോ പെണ്ണും ..അതാണ്‌ മളേ ആണും പെണ്ണും തമ്മില്ള്ള മൊഹബ്ബത്ത്..പെണ്ണിന് ചാരി നില്‍ക്കാന്‍ എപ്പളും ഒറപ്പ്ള്ള ചൊമര് വേണം.പൊതിര്‍ന്ന മണ്‍ ചൊമരായിട്ടു കാര്യംല്ല..കൊള്ളരുതാത്ത ആണുങ്ങളെ ഒപ്പം ജീവിക്കണത് ജഹന്നമില് വേവ്ണേയ്ന് സമാ..”
ആ വാക്കുകള്‍ എന്‍റെ ഉള്ളില്‍ കിടുങ്ങി വിറച്ചു കൊണ്ടു വീണു. ഊഷരമായ മനസ്സിന്‍റെ മരുവിലൂടെ രണ്ടു കാട്ടുകൊഴികള്‍ പ്രണയപൂര്‍വം കൊക്കുരുമ്മി, കുസൃതിയോടെ പരസ്പരം നോക്കി, കുറു കുറു ശബ്ദത്തോടെ ചിക്കിപ്പെറുക്കി..”ഇന്നിനി എവട്യാ കിടക്കാ? “ പോകാനായി എഴുന്നേറ്റ അവരോട് ഞാന്‍ ചോദിച്ചു .”എവടേലും , മോള്‍ള് ആകാശോം താഴെ ഭൂമീം..അയ്‌നപ്പുറം ഒന്നും ആര്‍ക്കും ഇല്ല മാളെ..കിട്ടിയ പൈസ കോന്തലയില്‍ തിരുകിക്കൊണ്ട് അവര്‍ നടന്നു..വാതം പിടിച്ചു വളഞ്ഞു തുടങ്ങിയ കാലുകള്‍ പ്രാരബ്ധം നിറഞ്ഞ ഒരു ജീവിതത്തിന്‍റെ പരുക്കന്‍ ചിത്രം നിശിതമായി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു...  
   അദാബ് -ശിക്ഷ  ഫായിദ-പ്രയോജനം
ജഹന്നം -നരകം 
മാല്-ധനം        

2017, ജനുവരി 21, ശനിയാഴ്‌ച

അറവു കേന്ദ്രം[കഥ]

പിറവിയുടെ നിമിഷം അടുത്തെന്ന് അസഹ്യമായ വേദന അവളെ ഓര്‍മിപ്പിച്ചു. ചുറ്റും ഉയരുന്ന നിലവിളികള്‍ -“ഹമ്മേ ഹാവൂ സഹിക്ക്ണില്ലാലോ..” കര്‍ട്ടനപ്പുറം പേരറിയാത്ത ഏതൊക്കെയോ അപരിചിതകള്‍ , ലേബര്‍ റൂമില്‍ എല്ലാവരും നാണവും മാനവും പണയപ്പെട്ടവര്‍ തന്നെ. നിലവിളിയുടെ രൌദ്രം കൂടിക്കൊണ്ടിരുന്നു .ഭയം ഒരു കടലിരമ്പമായി അവളുടെ തോണ്ടയെ ഞെരിച്ചു.. കണ്ണുകള്‍ ചുവന്നു കലങ്ങി പെയ്യാന്‍ തുടങ്ങി .അപ്പുറത്ത് നിന്ന് നഴ്സിന്‍റെ ആക്രോശം അവളില്‍ ഉണ്ടായിരുന്ന ധൈര്യത്തെ കൂടി വലിച്ചെറിഞ്ഞു- “ഒന്നു അടങ്ങിക്കിടക്കെന്‍റെ ചേച്ചീ ,വേദന ഒരു തരി സഹിക്കാന്‍ വയ്യെങ്കില്‍ ഇപ്പണിക്ക് നിക്കണായിരുന്നോ?”- അശ്ലീലച്ചിരി കിലുങ്ങി വീണത് ആ   സ്ത്രീയുടെ  വിലാപത്തില്‍ മുങ്ങിപ്പൊങ്ങി..പേരറിയാത്ത ഒരു കുറ്റബോധം അവളെയും ചുറ്റിപ്പൊതിഞ്ഞു..നഴ്സ് അവളുടെ കാലുകള്‍ അകത്തി ഗ്ലൌസ് ഇട്ട കൈ അവളുടെ ഉള്ളിലേക്ക് കടത്തി മറ്റൊരു കുട്ട വേദന കൂടി അവളുടെ മേലേക്ക് ചൊരിഞ്ഞു..ലജ്ജ വലിച്ചെറിഞ്ഞു ഇവരുടെ മുന്നില്‍ വേദന സഹിച്ചുള്ള ഈ കിടപ്പിന് മണിക്കൂറുകളുടെ ദൈര്‍ഖ്യമായിത്തുടങ്ങി..അലിവും സ്നേഹവുമുള്ള ആരുടെയെങ്കിലും കരസ്പര്‍ശം സാരമില്ല എന്ന് പറയാനുണ്ടായിരുന്നെങ്കില്‍..ഡോക്ടറുടെ ചിലമ്പിച്ച ശബ്ദം അടുത്തെത്തി..ഓപ്പറേഷന്‍ എന്ന വാക്ക് ഒരു കല്ലായി കാതില്‍ പതിച്ചു ..

“ചെരിഞ്ഞു കിടക്കൂ “- സിറിഞ്ചുമായി അനസ്ത്യേഷിസ്റ്റ് ആവശ്യപ്പെട്ടു..”നീയെന്താ ഫോണ്‍ എടുക്കാതിരുന്നത് ഇന്നലെ?”- അടുത്തുള്ള നഴ്സിനോട് അയാള്‍ പരിഭവിച്ചു ..അവളെ നടു വളച്ച് ചെമ്മീന്‍ പോലെയാക്കി നട്ടെല്ലില്‍ സൂചി കുത്തിക്കയറ്റുമ്പോഴും അയാള്‍ ചൊടിച്ചു കൊണ്ടിരുന്നു –“എത്ര മെസ്സേജ് ഞാനിന്നലെ അയച്ചു , എത്ര വിളിച്ചു ഒന്നിനുമില്ല മറുപടി ..”അര മുതല്‍ താഴോട്ട് മരമാകാന്‍ തുടങ്ങി..അനസ്ത്യേഷ്യ ഡോസ് കൂടി കാലുകള്‍ തളര്‍ന്നു പോയ ഒരു പെണ്ണിനെക്കുറിച്ചുള്ള വാര്‍ത്ത തീനാളമായി ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു..”ഹസുണ്ടായിരുന്നു ചക്കരേ..” നഴ്സ് പതിയെ പറഞ്ഞു..മൂപ്പരുള്ളപ്പോ നീ തന്ന ഫോണ്‍ ഞാന്‍ ഒളിപ്പിച്ചു വെക്കലാ, വലിയ സംശയരോഗമാ..”

പച്ചയില്‍ നിറഞ്ഞ ഡോക്ടറും സഹായിയും ജോലികള്‍ ആരംഭിച്ചു..അവളുടെ വെളുത്ത വയറില്‍ കത്തി ആഴ്ത്തിക്കൊണ്ട് ഡോക്ടര്‍ അസിസ്റ്റന്റിനോട്‌ പറഞ്ഞു –“വെന്‍ ഐ വോസ് കമിംഗ് ഐ സോ ദ ബോര്‍ഡ് കുഴിമന്തി ..ഐ ഹാവിന്റ് ഈറ്റന്‍ ഇറ്റ്‌ , ഈസ്‌ ഇറ്റ്‌ ടേസ്റ്റി? ഹവ് ഈസ് ഇറ്റ്‌ പ്രിപ്പയരിംഗ്? വി മേ ഗോ വന്‍ ഡേയ് ടു എ ഗുഡ് ഹോട്ടല്‍..”

“ഹോട്ടലോന്നും വിശ്വസിക്കാന്‍ കൊള്ളില്ല ഡോക്ടറെ , എന്‍റെ ഉമ്മച്ചിക്ക് അത് നന്നായി ഉണ്ടാക്കാന്‍ അറിയാം. അതിനു ആദ്യം ഒരു കുഴിയടുപ്പ് വേണം..സംഭവാ ..വെരി ഡെലീഷ്യസ്..ഡോക്ടര്‍ ഒരൂസം വീട്ടില്‍ വാ വയറു നിറയെ കുഴിമന്തി തിന്നിട്ടു പോരാലോ..”

നിസ്സഹായതയും ഉത്കണ്ഠയും നിറഞ്ഞ അവളുടെ കണ്ണുകള്‍ ഡോക്ടറെ കൊളുത്തി വലിച്ചു .”.ഹേയ് ദ പേഷ്യന്റ് ഈസ് ലുക്കിംഗ്..”അവര്‍ സഹായിയോടു മന്ത്രിച്ചു .അയാള്‍ നേര്‍ത്തൊരു പരുത്തിത്തുണിയാല്‍ അവളുടെ മുഖം മറച്ചു..”ടെല്‍ മി ഹവ്  ഈസ് ഇറ്റ്‌ മേക്കിംഗ്?ഐ ഓള്‍സോ വാണ്ട് ബിരിയാണി പ്രിപ്പറേഷന്‍ സെര്‍വന്റിനു പറഞ്ഞു കൊടുക്കാനാ..”ഡോക്ടര്‍ അയാളോട് പറഞ്ഞുകൊണ്ടിരുന്നു. “ അത് ശരി അപ്പോള്‍ നളന്‍ ഞാനാണല്ലേ..”സഹായി കുസൃതിയോടെ ചിരിച്ചു..

പ്രാര്‍ഥനകളാല്‍ അവളുടെ മനസ്സ് ചുട്ടു നീറി..തളര്‍ച്ച വരുത്തല്ലേ പടച്ചോനെ, രണ്ടു ചോരകുടിയന്‍ പ്രേതങ്ങളാണ്  തന്നെ കീറി മുറിക്കുന്നതെന്ന് അവള്‍ക്ക് തോന്നി..പടച്ചോനെ പടച്ചോനെ ..നിലവിളി അവളുടെ ഉള്ളില്‍ ചുറ്റിപ്പിണഞ്ഞു..മറയുന്ന ബോധത്തിനിടെ അകലേന്നെവിടുന്നോ അവള്‍ കേട്ടു, “പെണ്‍കുഞ്ഞാണ് കേട്ടോ..”
വേദനയില്‍ പൊതിര്‍ന്ന ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെടുമ്പോള്‍ നാല്പ്പതിനായിരത്തിന്‍റെ ബില്ല് ആരെയും അത്ഭുതപ്പെടുത്തിയില്ല..”പ്രൈവറ്റ് ഹോസ്പിറ്റല്‍ അല്ലേ..”ബന്ധുക്കള്‍ സമാധാനവാക്കുകള്‍ ഉരുവിട്ടു..അസഹ്യമായ വയറുവേദനയുമായാണ് രണ്ടാഴ്ചയ്ക്ക് ശേഷം അതേ ആശുപത്രിയില്‍ അതേ ഡോക്ടറുടെ അടുത്തെത്തിയത്.. തുന്നൊക്കെ ഉണങ്ങുന്നുണ്ടല്ലോ, പിന്നെന്താണ് ..സ്കാനിങ്ങിനു കുറിച്ച്കൊണ്ട് ഡോക്ടര്‍ അസഹ്യതയോടെ ചോദിച്ചു..

റിസള്‍ട്ട് ചോരയില്‍ ചുവന്നു  കിടക്കുന്ന ഒരു ഉണ്ട പഞ്ഞിയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ ഡോക്ടര്‍ പോലും വാ പൊളിച്ചു..വീണ്ടും കീറല്‍ മുറിക്കല്‍ ..ഉണങ്ങിത്തുടങ്ങിയ  മുറിവുകള്‍ വീണ്ടും ചോരയില്‍ ചുവന്നു തുടുത്തു..ഹൊ ഒരു പെണ്ണാവേണ്ടിയിരുന്നില്ല..വേദന അവളെ കശക്കി എറിഞ്ഞുകൊണ്ട് പിറുപിറുത്തു..തലയിണ അവളുടെ കണ്ണുകളാല്‍ കുതിര്‍ന്നു..

മറ്റൊരു ഭീമന്‍ സംഖ്യയുടെ ബില്ല് അവരുടെ കൈകളില്‍ പിറ്റേ ആഴ്ച ഏല്‍പ്പിച്ചുകൊണ്ട് ആശുപത്രി ക്രൂരമായി ചിരിച്ചു..പിന്നെ പതുക്കെ മന്ത്രിച്ചു –“പോയി വരൂ ..”അതേ , ഓരോ പോക്കും ഇങ്ങോട്ടുതന്നെ വരാനുള്ളതാണ്..ബന്ധുക്കളുടെ സഹായത്തോടെ കാറില്‍ കയറുമ്പോള്‍ അവള്‍ വല്ലാതെ ആശ്വാസം കൊണ്ടു..താനിപ്പോഴും നടക്കുന്നുണ്ടല്ലോ , കാലുകള്‍ തളര്‍ന്നിട്ടില്ലല്ലോ..പടച്ചോനെ സ്തുതി ..കുഞ്ഞ് ഒന്നും അറിയാതെ നിദ്രയില്‍ ആരോടോ പുഞ്ചിരിച്ചു ..മാലാഖമാര്‍ ആ കുഞ്ഞുകരങ്ങളെ മൃദുലമായി തഴുകി. ചുണ്ടില്‍ അരുമയായ് ഉമ്മ വച്ചു ......................