Pages

2020, ഡിസംബർ 1, ചൊവ്വാഴ്ച

മരണാനന്തരം.(കഥ)

അമ്മേ,

റബ്ബർമരത്തിൽ പാലിന് വേണ്ടി ചാല് കീറുമ്പോലെയാണ് അവരെന്റെ ദേഹത്ത് ബ്ലെയ്ഡ് കൊണ്ട് വരഞ്ഞത്. എന്റെ ദീനമായ നിലവിളി അവരെ ഉന്മത്തരാക്കി.മറ്റൊരാളുടെ വേദനയോളം മറ്റൊന്നും അവരെ ആഹ്ലാദിപ്പിക്കാത്തത് പോലെ..


ഒരു കരിമ്പൂച്ചയെ ചപ്പിലേക്ക് വലിച്ചെറിയുന്ന ലാഘവത്തോടെയാണ് അവരെന്നെ വേസ്റ്റ് കൂനയിലേക്ക് എറിഞ്ഞത്. യാതൊരു മടിയുമില്ലാതെ തീ വച്ചത്. മരിച്ചു എന്നവർ ധരിച്ചിരുന്നു. എന്റെ ആത്മാവാകട്ടെ ശരീരത്തിന്റെ ഇടുങ്ങിയ, അവസാനവാതിൽ നൂണ്ടു കടക്കാൻ തത്രപ്പെടുകയായിരുന്നു.ചവറിൽ പുളഞ്ഞിരുന്ന കറുത്ത പുഴുക്കളും എല്ലിൻകൂടുകളായ നായകളും മടക്കമില്ലാത്ത അന്ത്യയാത്രയിൽ എനിക്ക് കൂട്ടായി.


മുത്തശ്ശി പറയാറുണ്ടായിരുന്നില്ലേ,  'രാമായണം ' എഴുതിയ വാല്മീകിയുടെ പിന്മുറക്കാരാണ് നമ്മളെന്ന്.  ആ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളൊക്കെ നമ്മളേക്കാൾ എത്ര ഉയരത്തിലാണ്! എത്രയെത്ര അമ്പലങ്ങളാണ് അവർക്ക് വേണ്ടി പണിയപ്പെടുന്നത്. എത്രയെത്ര പ്രതിമകളാണ് അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്നത്.കഥാപാത്രങ്ങൾ കഥാകാരനെ വെല്ലുക! എന്തൊരു കഠിനവിധി! പാലും നെയ്യും ഭക്ഷണം വേണ്ടാത്ത ആ വിഗ്രഹങ്ങൾക്ക് മേൽ സദാ ഒഴുക്കപ്പെടുന്നു. കറുത്ത, കാണാൻ ഭംഗിയില്ലാത്ത നമ്മൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എത്ര കഷ്ടപ്പെടുന്നു. അമ്മേ, എന്തേ ഭൂമിയിൽ എല്ലാം ഇങ്ങനെ തല തിരിഞ്ഞിരിക്കുന്നത്?


പത്രങ്ങൾ, ചാനലുകൾ, എല്ലാം എന്നെ കത്തിക്കരിച്ചത് ആഘോഷിക്കുകയാണ് അല്ലേ? വാൾതലപ്പിലൂടെയുള്ള നടത്തമാണ് ജീവിതമെന്ന് അവരറിയുന്നുണ്ടോ? മൂന്നാലു മാസം മുമ്പ് ഹരിയെയും കിഷനെയും കുറെ ബാബുമാർ തല്ലിച്ചതച്ചത് അമ്മ ഓർക്കുന്നില്ലേ? ചേരിയിൽ ഏത് കുടിലിനാണ് കക്കൂസുള്ളത്? എല്ലാവരും ചാലിലേക്ക് തന്നെയല്ലേ മറക്കിരിക്കുന്നത്? "വൃത്തിയുടെ പ്രതീകമാണ് ഈ നാട്.അറിയാമോ തെണ്ടികളേ?" ഇതും പറഞ്ഞായിരുന്നു അവർ ഹരിയെയും കിഷനെയും അടിച്ചോടിച്ചത്.അമ്മേ, അമ്മയുടെ ശബ്ദം കേൾക്കാൻ കൊതിയാകുന്നു.'ചിക്കൂ, ചിക്കൂ' എന്ന് അമ്മ വിളിക്കുമ്പോലെ തോന്നുന്നു.


അമ്മേ, ആ ബാബുമാർ എത്രയാണെന്നെ വേദനിപ്പിച്ചത്! പശിമയുള്ള ചോര എന്റെ കറുത്ത തുടകളിൽ തണുത്തു മരവിച്ചു.  ദൂരേക്ക് പിച്ചിയെറിയപ്പെട്ട എന്റെ നിറം കെട്ട ഉടയാടകൾ. മേഘങ്ങളും മരങ്ങളും മാത്രം എല്ലാറ്റിനും സാക്ഷിയായി. അവയ്ക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്തെല്ലാം ഭീകരകഥകൾ നുണകളുടെ ഇരുളുകളിൽ നിന്നു പുറത്തു വരുമായിരുന്നു അല്ലേ? കഠിനവേദനകൾ എന്റെ ബോധത്തെ ചതയ്ക്കുമ്പോഴാണ് അവരെന്റെ വായ് വലിച്ചു തുറന്നത്. ബ്ലെയ്ഡ് കൊണ്ട് നാവിൽ ആഴത്തിൽ മുറിച്ചു രസിച്ചത്. അപകർഷ ത്തിന്റെ ഗുഹകളിൽ ഒളിച്ചിരിക്കുന്ന നമ്മുടെ നാവുകളെ ആർക്കാണമ്മേ ഭയം? ഭ്രാന്തൻ ചിരിയോടെ അതിലൊരാൾ എന്നെ ചൂണ്ടി:

 "കരിമ്പിൻ ചണ്ടി പോലെ അവള് കിടക്കണ കിടപ്പ് കണ്ടില്ലേ ഭായീ? മര്യാദയ്ക്ക് സഹകരിച്ചിരുന്നെങ്കിൽ നമ്മളും എത്ര നല്ലവരായേനെ..നമ്മൾ മുന്തിയ ജാതിക്കാർക്ക് ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ളപ്പോൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്ന ആ സുവർണകാലം എത്ര നല്ലതായിരുന്നു.ഈ നശിച്ച സംവരണം ഒക്കെ വന്നപ്പോഴാ ഈ കറുത്ത കൂട്ടങ്ങൾ ഇത്ര അഹങ്കാരികളായത്. "


"അതെ, എന്തായിരുന്നു അവളുടെ വീറ്. എന്റെ തള്ളവിരൽ കടിച്ചു മുറിച്ചത് കണ്ടോ? ഠാക്കൂർമാരുടെ വിരല് ഒരു ചുഹുറപ്പെണ്ണ്  കടിച്ചു മുറിക്കുക! കലികാലം!" 


രണ്ടാമൻ പരിഹാസത്തോടെ എന്റെ മേൽ കാർക്കിച്ചു തുപ്പി. 


"എടാ, ഇത് ചത്തെന്നാ തോന്നുന്നത്. ഒരു അനക്കാവുമില്ല."

മൂന്നാമൻ ഒട്ടു ഭയത്തോടെ പറഞ്ഞു.


"എന്തിന് പേടിക്കണം? എന്റെ രണ്ടു അങ്കിൾമാർ പൊലീസിലാ. അവർക്ക് കൂടി പങ്ക് കൊടുക്കാത്തത്തിൽ ഒരു പരിഭവം കാണും.അത് നമുക്ക് അടുത്ത തവണ ശരിയാക്കാം.പരുന്തുകൾക്ക് ഇര പിടിക്കാനാണോ പ്രയാസം? ഹാ ഹാ ഹാ. ." 


നാലാമൻ എന്തോ തമാശ പറഞ്ഞ പോലെ ഉറക്കെ ചിരിച്ചു.


കാക്കയുടെ ജന്മമാണല്ലേ അമ്മേ നമ്മുടേത്.എല്ലായിടവും വൃത്തിയാക്കേണ്ട ചുഹ്‌റകൾ. തോട്ടികളായിരുന്നു നമ്മുടെ  പൂർവികർ.ശവം തിന്നുന്നവർ.മലം ചുമക്കൽ സർക്കാർ നിരോധിച്ചെങ്കിലും സെപ്റ്റിക് പൈപ്പിൽ ബ്ലോക്ക് വന്നാൽ ഇപ്പഴും വൃത്തിയാക്കുന്നത് നമ്മൾ തന്നെ. എല്ലാം ശരിയായി വരുമ്പോഴേക്ക് നാറിയിട്ട് ആരും അടുക്കില്ല. പാവം അച്ഛൻ! ഓടയിൽ വീണാണ് മരിച്ചത്.അനേകം പണിക്കാർക്കൊപ്പം വൃത്തിയാക്കുകയായിരുന്നു. ഓടയും ചൂലും സദാ നമ്മുടെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും എത്രയോ പേർ പഠിച്ചു കര കയറുന്നു. ദാരിദ്ര്യം അത്ര മേൽ വിഴുങ്ങിയ നമ്മൾക്ക് അതിനുമില്ല യോഗം.നന്നായി പഠിച്ചിരുന്ന ഞാൻ ഏട്ടനു വേണ്ടി ആറിൽ വച്ചു പഠിത്തം നിർത്തി.  അവൻ സ്‌കൂൾ ഫൈനൽ കടന്നു കിട്ടിയപ്പോൾ നമ്മളെത്ര സന്തോഷിച്ചു. അവനെങ്കിലും ആകാശത്തിലെ താരങ്ങളെ ലക്ഷ്യമാക്കുമെന്ന് നമ്മളെത്ര പ്രതീക്ഷിച്ചു. പക്ഷേ, ദാരിദ്ര്യം അവനെയും ക്ളീനിംഗ് തൊഴിലാളിയാക്കി. 


അമ്മേ, അന്ന്- ആ നാലു ചെന്നായ്ക്കൾ എന്റെ ഷോളിൽ പിടുത്തമിട്ടപ്പോൾ അമ്മ എങ്ങു പോയിരുന്നു? നമ്മൾ രണ്ടു പേരുമല്ലേ പുല്ല് എടുക്കാൻ പോയത്. അവർ അമ്മയെ ശ്വാസം മുട്ടിച്ച് താഴെയിട്ടു കാണും.  ഷോളിൽ പിടി മുറുക്കി അവരെന്നെ അടുത്ത കുറ്റികാട്ടിലേക്ക് വലിച്ചിഴച്ചു. ഷോൾ കഴുത്തിൽ മുറുകുന്തോറും എന്റെ ശ്വാസപ്പക്ഷി നിലവിളിക്കാൻ പോലുമാവാതെ ബോധമറ്റു. കളിമൺ കൂനയെന്നോണം അവരെന്നെ ചവിട്ടിക്കുഴച്ചു. 


പണ്ട്- ബാബുമാരുടെ പശുക്കൾ ചത്താൽ നമ്മളായിരുന്നു കൊണ്ടു പോയിരുന്നത്.നമ്മുടെ ആമാശയങ്ങൾ ഒരു ഉത്സവം പോലെയാണ് ആ ഇറച്ചിയെ സ്വീകരിച്ചിരുന്നത്. ഇന്നാകട്ടെ ഇറച്ചി തിന്നുന്നത് പോലും ഒരാൾ കൊല്ലപ്പെടാനുള്ള ന്യായമായ കാരണമാണ്. നമ്മൾ പണിക്ക് പോയിരുന്ന വീട്ടിൽ ടി വി യിൽ ആൾക്കൂട്ടം ഓരോരുത്തരെ അടിച്ചു കൊല്ലുന്നത് എത്രയാണ് നമ്മൾ കണ്ടത്. ഇവിടെ പിറന്നവർ അവരുടെ വേരുകൾ ഇവിടെത്തന്നെയാണ് എന്നു ശഠിച്ചതിന്റെ പേരിൽ, മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഒക്കെ ജയിലുകളിൽ അടയ്ക്കപ്പെടുന്നു.നമ്മുടെ നാടിനെ എന്തോ ശാപം ബാധിച്ചതാണോ? ഇത്രയേറെ ദുഃഖങ്ങൾ അതിന്റെ തലയിലൂടെ സമുദ്രം പോലെ ഇരമ്പുന്നല്ലോ..


കാലം ഒരു ഭീമൻ സർപ്പം പോലെയാണ് നമ്മെ ചുറ്റിയത്. മൗനമായിരുന്നു വളരെ കാലമായി നമ്മെ പൊതിഞ്ഞിരുന്നത്.ഭയം നമ്മുടെ ചുണ്ടുകളെ തുന്നിക്കെട്ടി. ചുരുട്ടിയ മുഷ്ടികൾ ഭീതിയോടെ നിവർന്ന് സ്വന്തം മടികളിൽ ഒളിച്ചു. ഉയർന്ന ശിരസ്സുകൾ ആശങ്കയോടെ ഇടക്കിടെ ചുറ്റും നോക്കി, പിന്നെ മൊബൈൽ കാഴ്ചകളിൽ ആശ്വാസപ്പെട്ടു. 


അമ്മേ, ഞാൻ പറയുന്നത് വല്ലതും അമ്മ കേൾക്കുന്നുണ്ടോ? എന്തൊരു മഞ്ഞുപുകയാണ് ഇവിടെയാകെ. ഹരിയും കിഷനും ഈ ചേച്ചിയെ ഓർക്കുന്നുണ്ടോ?  അവസാനശ്വാസമെടുക്കുമ്പോൾ പഴുത്തളിഞ്ഞ നാവ് ആ നാലു പേരുടെ പേരുകൾ എങ്ങനെ ഉരുവിട്ടു എന്നു ദൈവത്തിന് മാത്രമേ അറിയൂ. അപ്പോഴും ഭയമായിരുന്നു, ഇതിന്റെ പേരിൽ നമ്മുടെ കുടിൽ ബാബുമാർ തീ വെക്കുമോ എന്ന്..


ഭയം! ഭൂതം പോലെ അതിപ്പോഴും തുറിച്ചു നോക്കുന്നു. എത്ര പുനർജന്മങ്ങളിൽ മുങ്ങി നിവർന്നാലാണമ്മേ നമ്മൾ ആ കോട്ടയിൽ നിന്ന് രക്ഷപ്പെടുക? ഒന്നുറക്കെ സംസാരിക്കുക? ധൈര്യത്തോടെ ഒരാളുടെ കണ്ണിലേക്ക് നോക്കുക? 

അമ്മേ..................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ