Pages

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

മൃഗാധിപത്യം [കഥ]
പണ്ട് ബാലമാസികയില്‍ രസിച്ചു വായിക്കാറുണ്ടായിരുന്ന “മൃഗാധിപത്യം വന്നാല്‍” എന്ന പംക്തി ഇവ്വിധം സത്യമായ് പുലരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല..കടിച്ചു കുടഞ്ഞ നായയെ അടിച്ചോടിച്ചതിന് നാലായിരം രൂപയാണ് സര്‍ക്കാര്‍ പിഴയിട്ടത് , പേ പിടിച്ച മൃഗങ്ങളാണ് നാട് ഭരിക്കുന്നത് , മനുഷ്യന്‍ എന്നൊരു ജീവി ദുര്‍ലഭമായി എന്നും പറയാം.

മാംസം കഴിച്ചു എന്നതിന്‍റെ പേരിലാണ് അവന്‍ കൊല്ലപ്പെട്ടത് , മുണ്ടന്‍ വടികളാല്‍ ഒരു പാമ്പിനെ തല്ലി കൊല്ലുമ്പോലെയാണ് അവന്‍ മരണത്തിലേക്ക് ചതയ്ക്കപ്പെട്ടത് ..കുഴിയിലേക്ക് ഇറക്കി നിര്‍ത്തി കല്ലെറിഞ്ഞു കൊല്ലുന്നത് പോലെ ..ചിതറിത്തെറിച്ച അവന്‍റെ മൃദദേഹം പോലീസിന് ഒരു പുതുമയും ഉണ്ടാക്കിയില്ല , നിലത്തു വീണു കിടക്കുന്ന മാംസപ്പൊതി അവര്‍ ജാഗ്രതയോടെ പരിശോധനയ്ക്ക് അയച്ചു .അത് കുലീനതയുള്ള മൃഗങ്ങളുടേത്  ഒന്നുമല്ലെന്നും വെറും പെരുച്ചാഴി മാംസം മാത്രമാണെന്നും ലാബ് റിപ്പോര്‍ട്ട് കിട്ടിയതില്‍ പിന്നെയാണ് അവര്‍ക്ക് സമാധാനമായത് ..ദുര്‍ഗന്ധം പരത്താന്‍ തുടങ്ങിയ ജഡം അപ്പോള്‍ മാത്രമാണ് അവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചത് ..ഗ്രാമത്തില്‍ പട്ടിണി പെരുകിപ്പെരുകി പൂച്ചയും പെരുച്ചാഴിയുമൊക്കെ ഞങ്ങളുടെ ഭക്ഷണമായിത്തുടങ്ങിയിരുന്നു..വിളനഷ്ടം ഞങ്ങളെ പിച്ചക്കാരെപ്പോലെയാക്കി ..രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഞങ്ങള്‍ ഉണ്ടാക്കിയതെല്ലാം ഇരുന്നുണ്ണുന്ന കണക്കറ്റ മുതലാളിമാര്‍ ഉണ്ടെന്നും അവരെല്ലാം കാറില്‍ മാത്രമാണ് സഞ്ചാരമെന്നും അവന്‍ അദ്ഭുതത്തോടെ പറയാറുണ്ടായിരുന്നു..ഞങ്ങളുടെ ഗ്രാമങ്ങളിലാകട്ടെ ദാരിദ്ര്യം ആര്‍ത്തു ചിരിച്ചു , ആളുകളെ ഞെരിച്ചു കൊന്നു ...

പിഴയൊടുക്കാനുള്ള പണം  ബ്ലേഡുകാരില്‍ നിന്ന് പലിശക്ക് കടമെടുത്തു ,അല്ലാതെ എവിടുന്നാണ് അത്രേം പണം ..മൃഗങ്ങള്‍ ഇത്ര ഭീകരമായി പകരം വീട്ടുമെന്ന്‍ ആരാണ് കരുതുക? പാടം ഉഴുതു മറിക്കുന്ന തന്‍റെ പ്രിയകാളകള്‍ , കാരണമില്ലാതെ താനവയെ നോവിക്കാറില്ല, എന്നിട്ടും ഇപ്പോള്‍  അവയും തന്നെ ക്രുന്ദരായി നോക്കുന്നുണ്ട് , ദേഷ്യത്തോടെ അമറുന്നുണ്ട് ..അവസരം കിട്ടിയാല്‍ അവ തന്നെ മറിച്ചിട്ട് കുത്തിക്കീറാനും ഇടയുണ്ട് ..

തെരുവുകളെല്ലാം പേനായകള്‍ കയ്യടക്കിയിരിക്കുന്നു . കാല്‍നടക്കാരായ സാധാരണക്കാരാണ് അവയുടെ ഇരകള്‍ ..സൂപ്പര്‍ മാളുകളിലും പാര്‍ക്കുകളിലും സമയം കൊല്ലുന്ന പണക്കാരെ നായകളും ഒട്ടൊരു ആദരവോടെയാണ് നോക്കുന്നത് .അവരുടെ ഒഴുകി നീങ്ങുന്ന കാറുകള്‍ കാണുമ്പോള്‍ അവ വാല്‍ കാലുകള്‍ക്കിടയില്‍ തിരുകി വിനീതവിധേയരായി മോങ്ങുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും..കല്ലെറിഞ്ഞാല്‍ നാലായിരം പരിക്കേല്‍പ്പിച്ചാല്‍ ആറായിരം , കൊന്നാല്‍ പതിനായിരം ഇങ്ങനെ പോകുന്നു പിഴയുടെ നിരക്കുകള്‍ ..

സര്‍ക്കാര്‍ സഹായ ആതുരാലയത്തില്‍ കുത്തിവെപ്പിനു വേണ്ടിയാണ് ഗ്രാമത്തില്‍ നിന്ന് പുലര്‍ച്ചക്ക് തന്നെ പുറപ്പെട്ടത് .പത്ത് കൊല്ലം മുമ്പ് പേ പിടിച്ചു നുരയൊലിപ്പിച്ച് എല്ലാവരെയും കടിക്കാന്‍ പാഞ്ഞടുക്കുന്ന മോന്‍റെ ഓര്‍മ ഉള്ളില്‍ കെടാതെ കത്തുന്നത് കൊണ്ടാവും സൂചി വെക്കാന്‍ ഇത്രേം ജാഗ്രത തോന്നിയത് ..കുത്തി വെക്കാനുള്ളവരുടെ നീണ്ട നിര കണ്ട് അമ്പരന്നു പോയി , മുഖം പൊളിഞ്ഞവര്‍ കൈകാലുകളിലെ ഇറച്ചി അടര്‍ന്നവര്‍..

തിരിച്ചു വരുമ്പോള്‍ വിജനമായിരുന്നു വഴികള്‍ ..ചീറിപ്പായുന്ന വാഹനങ്ങള്‍ ..പൊന്തകളില്‍ , കെട്ടിടങ്ങളുടെ മറവുകളില്‍ ഒക്കെ ആ പക മുറ്റിയ ജീവികള്‍ പതുങ്ങി ഇരിപ്പുണ്ടാവാം ..റോഡ്‌ ഒന്നു മുറിച്ചു കടക്കാന്‍ ദൈവമേ കുറച്ചു കഷ്ടപ്പെടേണ്ടി വരും ..
...............................................................  ...............................................................
മൂന്നു നായകള്‍ അപ്പോള്‍ നിശ്ശബ്ദരായി അയാളുടെ പുറകില്‍ നിന്ന് അയാളുടെ കാലില്‍ പിടുത്തമിട്ടു , പിന്നെ പൊന്തയിലേക്ക് വലിച്ചു കൊണ്ടു പോയി ..മെലിഞ്ഞുണങ്ങിയതെങ്കിലും അയാളുടെ മാംസം അവ രുചിയോടെ ഭക്ഷിച്ചു ..പിന്നെ ആനന്ദത്തോടെ ഓരിയിട്ടു കൊണ്ട് ചാടി മറിഞ്ഞു കളിക്കാന്‍ തുടങ്ങി ..
റോഡിലൂടെ ഒരു വാഹനജാഥ നീങ്ങിക്കൊണ്ടിരുന്നു ..മൃഗങ്ങളെ ദ്രോഹിക്കുന്നവരെ ഏകാന്ത തടവിന് ശിക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി  ആളുകള്‍ വണ്ടികളില്‍ ഒഴുകിക്കൊണ്ടിരുന്നു ..
“ദരിദ്രരുടെ മാംസം വില്‍പ്പനയ്ക്ക്-“ എന്നൊരു ബോര്‍ഡ് തെരുവില്‍ ഒരു മൃതദേഹമായി തൂങ്ങിക്കിടന്നു ........................................
ശരീഫ മണ്ണിശ്ശേരി .................  

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

ഭാവികാലം [കഥ]എന്തു ചെയ്യുമ്പോഴും അതിന്‍റെ പരിണതി ഒരു സിനിമ പോലെ മുന്നില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എത്രയോ അബദ്ധങ്ങളില്‍ നിന്ന് , ദുഃഖങ്ങളില്‍ നിന്ന് മനുഷ്യന് രക്ഷപ്പെടാമായിരുന്നു ..ഹിള്റ് നബിയുടെ കഴിവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍! അയാള്‍ വ്യസനത്തോടെ ഓര്‍ത്തു.പണ്ട് മദ്രസയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കഥയായിരുന്നു അത്. കപ്പല്‍ ഓട്ടയാക്കിയപ്പോഴും യാതൊരു കാരണവുമില്ലാതെ ഒരു ബാലനെ കൊന്നു കളഞ്ഞപ്പോഴും ആതിഥ്യമര്യാദ ഏതുമില്ലാത്തവരുടെ നാട്ടിലെ പൊളിഞ്ഞു വീഴാറായ മതില്‍ നന്നാക്കിക്കൊടുത്തപ്പോഴും അദ്ദേഹത്തില്‍ നിന്ന് ജ്ഞാനസമ്പാദനത്തിനു പോയ മൂസാ നബിക്ക് ഒട്ടും ക്ഷമിക്കാനായില്ല. എന്ത് കണ്ടാലും ചോദ്യം ചെയ്യില്ല എന്ന വാഗ്ദാനം മറന്ന് മൂസാ അപ്പോഴെല്ലാം ഒച്ചയെടുത്തു , ചൊടിച്ചു..ഒടുക്കം ഓരോന്നിന്‍റെയും പൊരുളറിഞ്ഞപ്പോഴാണ് മൂസാ ശാന്തനായത് , വീണ്ടും അനുഗമിക്കാന്‍ അനുമതി ചോദിച്ച് നിരാശനായത്..ഭാവിജ്ഞാനം- അത് തന്നെയാണ് പാണ്ഡിത്യത്തിന്‍റെ ഉത്തുംഗപദവി..അതറിയുന്ന ഒരാള്‍ ചിരകാലവാസിയായി ഈ ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍! റബ്ബേ! എന്തെല്ലാം ആപത്തുകള്‍ ഒഴിഞ്ഞു പോയേനെ ..ലോകം എത്ര മേല്‍ സത്യം നിറഞ്ഞതായേനെ..

പത്മനാഭന്‍ നായരുടെ ഒരു ഇ മെയിലാണ് നിസാര്‍ മാഷെ ഓര്‍മകളുടെ കടലിലേക്ക് പിന്നെയും വലിച്ചെറിഞ്ഞത്..തിരകളില്‍ ആടിയും ഉലഞ്ഞും പൊങ്ങിയും താണും അയാള്‍ക്ക് ശ്വാസം മുട്ടി..ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് –അത് മറ്റൊരു കാലമായിരുന്നു ..ചിലര്‍ ഒരൊറ്റ ജന്മത്തില്‍  അനവധി ജന്മങ്ങള്‍ അനുഭവിച്ചു തീര്‍ക്കും ..ഇരുപത്തഞ്ചാം വയസ്സില്‍ നേടിയെടുത്ത വാധ്യാര്‍ ജോലി ഒട്ടൊന്നുമല്ല ആനന്ദമേകിയത്..പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഓരോന്നായി അഴിച്ചു കുടഞ്ഞു പരിഹരിക്കുമ്പോള്‍ ആശ്വാസത്തോടെ ഓര്‍ത്തു , കുട്ടികള്‍ക്ക് താനെന്നും നല്ലൊരു അധ്യാപകനായിരിക്കും. അവരെ അങ്ങേയറ്റം സ്നേഹിക്കുന്ന , വേണ്ടാത്തത് കാണുമ്പോള്‍ ശാസിക്കുന്ന ..അഞ്ചു മാസങ്ങളെന്നോണം അഞ്ചു വര്‍ഷങ്ങള്‍ പൊഴിഞ്ഞത് അറിഞ്ഞത് തന്നെയില്ല ..അതിനിടെ കല്യാണം , മകള്‍ ..അവള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ആ പത്രവാര്‍ത്ത –എന്നും കാണുന്ന അനേകം വാര്‍ത്തകളില്‍ ഒന്ന്-വെറും പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടുകാരന്‍ ചതിച്ച് പലര്‍ക്കായി കാഴ്ച വച്ച കഥ ..കളിച്ചു നടക്കുന്ന മകളെ ആശങ്കയോടെ നോക്കി ..തനിക്കായിരുന്നു ഈ അനുഭവമെങ്കില്‍! പടച്ചോനേ!

അന്ന് ഒമ്പതിലും പത്തിലും ക്ലാസ്സെടുത്തില്ല , ഉപദേശപ്പെരുമഴയായിരുന്നു..നമ്മള്‍ ചുറ്റും കാണുന്ന പെണ്‍കുട്ടികള്‍ , സ്ത്രീകള്‍ എല്ലാവരോടും മാന്യമായ് പെരുമാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു പ്രസംഗം തന്നെ നടത്തി..പലപ്പോഴും വാക്കുകള്‍ ഇടറി , സങ്കടം അവയെ ചിതറിച്ചു ..ശാസനകള്‍ വെറുക്കുന്ന തെറിച്ച കൌമാരങ്ങള്‍ കളിയാക്കല്‍ കമന്‍റുകള്‍ പതുക്കെ എറിയുന്നത് അവഗണിച്ചു –അമ്പതു കുട്ടികളില്‍ അഞ്ചു പേര്‍ തന്‍റെ വാക്കുകള്‍ ഉള്‍ക്കൊണ്ടാല്‍ അത്രയും ഭാഗ്യം ..
വര്‍ഷം ഒന്ന്‍ പിന്നെയും പിടഞ്ഞു വീണപ്പോഴാണ് മറ്റൊരു ജന്മത്തിലേക്ക് ഇടിച്ചു തെറിപ്പിച്ച ആ സംഭവം ഉണ്ടായത്..ദൃശ്യ അന്ന് എട്ടിലായിരുന്നു. അത്യാവശ്യം പഠിക്കുന്ന കുട്ടി , നല്ല ഫാമിലി സെറ്റ് അപ്പ്, ഒരേയൊരു മകള്‍ , അമിതമായി ലാളിക്കപ്പെടുന്നതിന്‍റെ കുറുമ്പും വാശിയും..അവളെ കുറ്റപ്പെടുത്തുന്നതില്‍ സഹപാഠികള്‍ തന്നെ മത്സരിച്ചു..എല്ലാവരെയും പോലെ അവളെയും സോപ്പില്‍ പതപ്പിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്..ഒരു വരാല്‍ മത്സ്യത്തെ പോലെ അവളെപ്പോഴും തെന്നി മാറി..ഉള്ളു തുറന്ന് ഒരിക്കലും ആ കുട്ടി സംസാരിച്ചില്ല..അവജ്ഞയായിരുന്നു ആ കണ്ണുകളുടെ സ്ഥായീഭാവം..ഇത്രയേറെ സ്നേഹിക്കപ്പെട്ടിട്ടും ആ കുട്ടിയെന്താണ്‌ വല്ലാത്ത വെറുപ്പോടെ ചുറ്റും നോക്കുന്നത് എന്നു മാത്രം താന്‍ അതിശയിച്ചു..

ഒരു ദിവസം – രഹന പിന്നാലെ വന്ന് സാര്‍ എന്നു വിളിച്ചു, ക്ലാസ്സിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു,
“സാര്‍ എനിക്കൊരു കാര്യം പറയാനുണ്ട് ..”
“വേഗം പറ രഹനാ എനിക്ക് ക്ലാസ് ഉണ്ട് ..”
സാര്‍ , ഇന്നലെ ഞാനും ദൃശ്യയും കൂടി വീട്ടിലേക്ക് പോവുമ്പോ ഇടവഴിയില്‍ വെച്ച് ഒരാള്‍ അവളോട്‌ വഴക്ക് കൂടി , അവളുടെ മുടി പിടിച്ചു വലിക്കേം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയേം ചെയ്തു..ഞാന്‍ പറഞ്ഞെന്നു സാര്‍ അവളോട്‌ പറയല്ലേ , അവളെന്നെ കൊല്ലും ..

ഉച്ചക്ക് ദൃശ്യയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു , ലെഷര്‍ ആണ് , എല്ലാവരുടെ ഇടയില്‍ വച്ചു ചോദിച്ചാല്‍ ആ കുട്ടി ചിലപ്പോള്‍ കൊപിച്ചേക്കും..പക്ഷെ –തന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അവളുടെ ഹൃദയവാതിലുകള്‍ കൊട്ടിയടഞ്ഞു തന്നെ കിടന്നു..അവസാന അടവായി താന്‍ പറഞ്ഞു –

“നോക്ക് ദൃശ്യാ നീ സത്യം പറയുന്നില്ലെങ്കില്‍ എനിക്ക് തന്‍റെ വീട്ടില്‍ അറിയിക്കേണ്ടി വരും “

അവള്‍ തീ പാറുന്ന കണ്ണുകളോടെ ചീറി – “രഹനയല്ലേ ഇതിനൊക്കെ കാരണം , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം , നല്ല എട്ടിന്‍റെ പണി ..”
അന്ന് ദൃശ്യ കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ഉപദേശഭാണ്ഡം വീണ്ടും തുറന്നത് . വീട്ടുകാര്‍ നിങ്ങളെ എത്ര സ്നേഹിക്കുന്നുണ്ടെന്നും, എത്ര കഷ്ടപ്പെട്ടാണ്‌ അവര്‍ നിങ്ങളെ വളര്‍ത്തുന്നതെന്നും  നിങ്ങളുടെ ആദ്യ ഡ്യൂട്ടി പഠിക്കയാണെന്നും അല്ലാതെ കണ്ട പയ്യന്മാരെ പ്രേമിച്ചു വിലസലല്ലെന്നും ..ഭീകരമായ വഞ്ചനകളുടെ പത്രകട്ടിംഗുകള്‍ അവര്‍ക്ക് മുന്നില്‍ നിരത്തി ..പക്ഷെ – ആ ദിനം എല്ലാറ്റിന്‍റെയും അവസാനബെല്‍ ആയിരുന്നു..പിന്നെ ചിതറിത്തെറിച്ചത് ദുരിതമയമായ മറ്റൊരു കാലത്തിലേക്കാണ്..ജയില്‍ , കോടതി , വക്കീല്‍ ...ഞരമ്പ് മുറിച്ച് അവശയായ ദൃശ്യയെക്കുറിച്ച് രാത്രി സഹദേവന്‍ സാറാണ് ഫോണ്‍ ചെയ്തത്..അപ്പോള്‍ തന്നെ പുറപ്പെടാന്‍ ഒരുങ്ങിയ തന്നെ തടഞ്ഞത് ,
ഇപ്പോ വരണ്ട മാഷെ , ഞങ്ങളെത്തന്നെ അവളുടെ കൂട്ടക്കാര്‍ കൊന്നില്ല എന്നേയുള്ളൂ , നിങ്ങള്‍ക്കും രഹനക്കും എതിരെയാ മരണമൊഴി ..
ഞെട്ടിപ്പോയി , താനെന്തു തെറ്റ് ചെയ്തു? ആ കുട്ടി നന്നാവണമെന്ന് കരുതി ശാസിച്ചതോ? കുട്ടികളുടെ കാലമാണ് , അവരാണ് വീടുകളില്‍ ഭരണം , വയസ്സായവര്‍ പോലും അവര്‍ക്ക് താഴെയേ വരൂ , അടിച്ചാല്‍ ശാരീരിക പീഡനമാണ്, ശകാരിച്ചാല്‍ മാനസിക പീഡനമാണ്..

ഏകാന്തതയുടെ അഞ്ചു വര്‍ഷങ്ങള്‍ ..ഭാര്യ ഇടയ്ക്കിടെ കരഞ്ഞു നിലവിളിച്ചു കാണാന്‍ വന്നു , നിസ്സംഗതയോടെ അവളെ തുറിച്ചു നോക്കി , ഉപ്പച്ചീ എന്ന് വിളിച്ച്  മകള്‍ അഴികള്‍ക്കിടയിലൂടെ കുഞ്ഞുവിരലുകള്‍ കടത്താന്‍ ശ്രമിക്കും ..ശിക്ഷാകാലാവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അടച്ചിട്ട വീട് മാത്രം തന്നെ സ്വീകരിക്കാന്‍ കാത്തിരുന്നു ..”ജയിലില്‍ പോയ ഒരുത്തനെ നിക്ക് മരോനായി വാണ്ട..” അവളുടെ ഉപ്പ കാര്യം ഒഴിവാക്കിത്തരാന്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച ദൂതന്‍റെ അടുത്ത് പറഞ്ഞയച്ചിരുന്നു ..പാവം രഹന , കേസും കൂട്ടവും ആ കുട്ടിയുടെ സമനില തെറ്റിച്ചു. ഒന്നു പോയി അന്വേഷിക്കണം എന്നുണ്ടായിരുന്നു , ധൈര്യമുണ്ടായില്ല . അവളുടെ വീട്ടുകാരും ഒരു പക്ഷെ തന്നെ മറ്റൊരു ജയില്‍ ജീവിതത്തിലേക്ക് തള്ളിയിട്ടേക്കും . പേടിയായിരുന്നു , എല്ലാറ്റിനെയും ..മനുഷ്യന്‍ എന്ന വാക്ക് പോലും എന്തു മാത്രം ഭയാനകമാണെന്ന് , നീതി എന്ന ഒന്ന് ഇല്ലെന്ന്, സത്യം എന്നേ തൂങ്ങി ചത്തു പോയെന്ന്‍ മനസ്സ് ഉരുവിട്ടു കൊണ്ടിരുന്നു..ആരോടും മിണ്ടാത്ത ഒന്നു ചിരിക്ക പോലും ചെയ്യാത്ത നിസാര്‍ മാഷ്‌ അങ്ങനെയാണ് ജനിച്ചത്. നഷ്ടപ്പെട്ട ജോലി തിരിച്ചു പിടിക്കാന്‍ പോലും ശ്രമിക്കാതെ കൃഷിയും കൂലിപ്പണിയുമായി നാളുകള്‍ പൊടിഞ്ഞു തീരുന്നു .ഭാഗ്യം! ആ കുട്ടി പീഡിപ്പിച്ചു എന്നൊന്നും മൊഴി കൊടുത്തില്ലല്ലോ ..അങ്ങനെയും കുറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ ..മിഥ്യാരോപണങ്ങളാല്‍ കൂട്ടില്‍ അടയ്ക്കപ്പെടുന്നവര്‍ ..
പത്മനാഭന്‍ നായര്‍ എഴുതിയിരുന്നു –“പ്രിയനിസാര്‍ മാഷ്‌ ,നിങ്ങള്‍ ഇവിടെ വരെ ഒന്നു വരണം , ഒന്നിനുമല്ല , എന്‍റെ ഭാര്യക്ക് നിങ്ങളെയൊന്നു കാണണം , ആ കയ്യില്‍ പിടിച്ച് അവള്‍ക്ക് മാപ്പ് ചോദിക്കണം ..പ്രായമായി ,നിങ്ങളെ തേടി കണ്ടുപിടിക്കാനൊന്നും ത്രാണിയില്ല..മോളുടെ സ്കൂള്‍ ഡയറിയില്‍ നിന്നാണ് ഈ ഇ മെയില്‍ ഐ ഡി കിട്ടിയത്. ഇത് ആക്ടീവ് ആവും എന്ന് കരുതുന്നു ,മാഷെ , ഇത് വായിച്ച് നിങ്ങളെന്നെ ശപിക്കരുത്, വെറുക്കരുത്..കുറെ മുമ്പ് , അടച്ചിട്ട എന്‍റെ മോളുടെ മുറിയില്‍ നിന്ന് ഓരോന്ന് പരതുന്നതിനിടെ അവളുടെ ഒരു ഡയറി കിട്ടി .അതില്‍ നിന്നാണ് കാര്യങ്ങള്‍  എനിക്ക് മനസ്സിലായത്..അന്ന് പക മൂടിയ മനസ്സിന് സത്യം അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല ..അവളുടെ കുറിപ്പുകളില്‍ നിന്ന് അവള്‍ പ്രണവ് എന്നൊരു പയ്യനുമായി സ്നേഹത്തില്‍ ആയിരുന്നുവെന്ന്, അവന്‍ അവളെ മയക്കുമരുന്നിന് അടിമയാക്കിക്കൊണ്ടിരിക്കയാണെന്ന്, അവനോടൊത്ത് പല സ്ഥലങ്ങള്‍ അവള്‍ കറങ്ങിയിട്ടുണ്ടെന്ന്, അവള്‍ക്ക് സ്വന്തമായി ഒരു മൊബൈല്‍ ഉണ്ടെന്ന്...ഞങ്ങള്‍ അറിയാത്ത ഒരു പാട് രഹസ്യങ്ങള്‍ ഞങ്ങളുടെ കൊച്ചിനുണ്ടായിരുന്നു..നിങ്ങളെക്കുറിച്ച് അവള്‍ എഴുതിയത് ഞാന്‍ അതേപടി അയക്കുകയാണ് ,നിങ്ങളെ വിഷമിപ്പിക്കാനല്ല , വൈകിയാണെങ്കിലും ഞാനെന്‍റെ മകളെ മനസ്സിലാക്കി എന്നറിയിക്കാന്‍ ..

“ഓഗസ്റ്റ് –നാല് –ഈവനിംഗ് ..
ഇന്ന് – നിസാര്‍ മാഷിന്‍റെ വക ഒരു ഫയറിംഗ് ഉണ്ടായിരുന്നു. ഐ ഹെയ്റ്റ് ദാറ്റ് ഫെല്ലോ..വല്യൊരു ഉപദേശി! ലോകം മുഴുവന്‍ ഉപദേശിച്ചു നേരാക്കാം എന്നു കരുതുന്ന ഒരു വിഡ്ഢിയാണയാള്‍..എല്ലാറ്റിനും കാരണം രഹനയാണ് , അവള്‍ക്ക് ഞാന്‍ കൊടുത്തോളാം . അയാളുടെ പ്രഭാഷണം മുഴുവന്‍ എനിക്കിട്ടായിരുന്നു. പ്രണവിന്‍റെ കാര്യം വീട്ടില്‍ പറയുമെന്നാണ് അയാളുടെ ഭീഷണി. അതെങ്ങാനും സംഭവിച്ചാല്‍ പിന്നെ അയാള്‍ക്ക് ജീവിക്കേണ്ടി വരില്ല .അതിനുള്ള പണിയൊക്കെ എനിക്കറിയാം ..
രാത്രി –
പ്രണവിനെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല .അവന്‍ ഭീഷണിപ്പെടുത്തിയ പോലെ പ്രവര്‍ത്തിക്കുമോ? ഈശ്വരാ! അവനെ വിശ്വസിച്ചു കൂടെ പോയതിന്, ഒരു ദിവസം ആസ്വദിച്ചതിന്, അവന്‍ എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്..പ്രണവ് , ആര്‍ യു എ ചീറ്റ്?
രാത്രി –
ഒരു മണിയായി , ഉറക്കം വരുന്നില്ല , പേടി വയറിലൂടെ കത്തിക്കൊണ്ടിരിക്കുന്നു ..ഹൊ എനിക്കിനി സഹിക്കാനാവില്ല ..ഞാന്‍ ഒരു ചീത്ത കുട്ടിയായി ..പപ്പാ , മമ്മീ എന്നോട് ക്ഷമിക്കൂ ........................”
മാഷെ , അന്ന് പോലീസ് തിരച്ചിലില്‍ ഈ ഡയറി കണ്ടു കിട്ടാതിരുന്നത് നിങ്ങളുടെ ഭാഗ്യദോഷം കൊണ്ടു മാത്രമായിരിക്കാം ..ഗുരുശാപം തലയില്‍ ഏറ്റാനാണോ എന്‍റെ മകള്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുത്തത് ..ഇപ്പഴത്തെ കുട്ടികള്‍ പക കൂടിയവരാണോ മാഷെ , അവരെ നമുക്ക് ഒരിക്കലും മനസ്സിലാവില്ലേ? മാപ്പ് , നിങ്ങള്‍ അനുഭവിച്ച വേദനകള്‍ക്ക് ആ വാക്ക് ഒരു പരിഹാരമല്ല എന്നറിയാം. എന്‍റെ മോളെ വെറുക്കരുത് ..
സ്നേഹത്തോടെ –പത്മനാഭന്‍ നായര്‍ ..

ഹിള്റ് ഇന്നുണ്ടായിരുന്നെങ്കില്‍ ഭൂമിയില്‍ ആരൊക്കെ ബാക്കി കാണുമായിരുന്നു? ഭാവിയില്‍ അധര്‍മിയാകാന്‍ പോകുന്ന ബാലനെ മുളയിലേ നുള്ളിക്കളഞ്ഞ പോലെ അനേകം പെണ്‍കുട്ടികളെ നശിപ്പിച്ച പ്രണവിനെപ്പോലുള്ളവരെ അദ്ദേഹം പിറന്നതും കഴുത്തു ഞെരിച്ചു കൊല്ലുമായിരുന്നില്ലേ?

പോകണോ ,പത്മനാഭന്‍ നായരെ കാണാന്‍? വേണ്ട , ഇനിയിപ്പോ അയാളെ കണ്ടിട്ട് എന്താണ് വിശേഷം? നഷ്ടമായതെല്ലാം തിരിച്ചു കിട്ടുമോ? നിസാര്‍ മാഷ്‌ എന്ന ഒരാള്‍ ഉണ്ടായിരുന്നില്ല ..അതെല്ലാം ഏതോ സിനിമയിലെ ഫ്ലാഷ് ബാക്കുകള്‍ മാത്രമായിരുന്നു .അയാള്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌന്‍ ചെയ്തു .പിന്നെ പത്രത്താളിലേക്ക് കണ്ണ് പൂഴ്ത്തി ..ഏകാന്തത അതിന്‍റെ ഭീമന്‍ കൈകളാല്‍ അയാളെ ഞെരിച്ചു ..ദുഃഖങ്ങള്‍ അനുഭവിക്കുന്നത് കൊണ്ട് ഒരാള്‍ക്ക് എന്തെങ്കിലും ശ്രേഷ്ടത ലഭിക്കുന്നുണ്ടോ? സന്തോഷങ്ങളാല്‍ അനുഗ്രഹിക്കപ്പെടുന്നവന് മഹത്വം കൂടുന്നുണ്ടോ? എന്താണ് ഇതിന്‍റെയെല്ലാം പൊരുള്‍? വളഞ്ഞു കുത്തിയ ഒരു ചോദ്യത്തെ അയാളുടെ ഉള്ളില്‍ മേയാന്‍ വിട്ട് ഏകാന്തത പതിവുപോലെ അയാളുടെ ചുമലില്‍ തല കീഴായി കിടന്ന് നിസ്സംഗം പുഞ്ചിരിച്ചു ...

ശരീഫ മണ്ണിശ്ശേരി ...........

*ഹിള്റ് –ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ജ്ഞാനി


2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

സലിന്‍ [കഥ] - ശരീഫ മണ്ണിശ്ശേരി ...repost
പള്ളിയില്‍നിന്നു വരുമ്പോള്‍ വാര്‍ഡന്‍റെ  കണ്ണു വെട്ടിച്ച് സലിന്‍ പറഞ്ഞു: 'മലേഷ്യന്ന് എത്ര പഴങ്ങളാന്നോ ഉപ്പ കൊണ്ടരാ.തുടുത്ത ആപ്പിളുകള്‍,ഓറഞ്ചുടുപ്പിട്ട നാരങ്ങകള്‍..ഞാന്‍ ചെറുതായിരുന്നപ്പോ ഒരു പാട് കളിപ്പാട്ടങ്ങള്‍ കൊണ്ടു വന്നിരുന്നൂന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.ഇക്കാക്ക കുശുമ്പ് മൂത്ത് ഒക്കെ തല്ലിപ്പൊട്ടിക്കും.ഉപ്പാക്കെന്നെ ആയിര്‍ന്ന് തോനെ ഇഷ്ടം.ഇപ്പളും ചെറ്യേ കുട്ട്യാളെപ്പോലെ ചോറ് വായില് വച്ചു തരും.'

അവളുടെ കണ്ണുകളില്‍ അനുഭവിച്ച വാത്സല്യത്തിന്‍റെ തിളക്കം നിലാവുപോലെ പരക്കാന്‍ തുടങ്ങി.ആ വെളിച്ചക്കഷ്ണങ്ങള്‍ ഹൃദയത്തിലേക്ക് നൂണ്ടു കയറി അവിടെ സ്ഥിരവാസമുറപ്പിച്ച വിഷാദത്തിന്‍റെ തമോഗര്‍ത്തങ്ങളെ കണ്ടുപിടിക്കുമോയെന്നു ഭയന്നു.എന്‍റെ വ്യസനം, എന്‍റെ മാത്രം രഹസ്യം.. ഒരിക്കലും ആര്‍ക്കും വിട്ടു കൊടുക്കാതെ ഇരുണ്ട ആ നിക്ഷേപങ്ങളെ അനേകം താഴുകളിട്ടു പൂട്ടിയിരിക്കുകയാണല്ലോ, മനസ്സ് ..ഇതൊക്കെ സത്യം തന്നെയോ?ഇത്രയധികം ലാളിക്കുന്ന അച്ഛന്‍,അമ്മ ,സഹോദരങ്ങള്‍..എന്തോ! സ്മൃതികളിലെപ്പോഴും വഴക്ക് കൂടുന്ന നായ്ക്കൂട്ടങ്ങളാണ്,കുരച്ചും കടിച്ചു കീറിയും..അതിനിടെ മൃദുവായി താഴുകുന്നതിന്‍റെ സുഖം ഒരിക്കലും അറിഞ്ഞിട്ടില്ല..ഓര്‍മകളില്‍ തരിശുനിലങ്ങള്‍ വരണ്ടുണങ്ങിക്കിടക്കുന്നു.ഉറവകളെപ്പോലും സ്വപ്നം കാണാന്‍ വിധിയില്ലാത്തവ..

വാര്‍ഡന്‍ കഴുകന്‍കണ്ണുകളാല്‍ പരതുന്നുണ്ട്‌ വല്ല കുട്ടിയും ഉറക്കം തൂങ്ങുന്നുണ്ടോ എന്ന്. ഇനി ഭക്ഷണബെല്ലടിക്കും വരെ നീണ്ട രണ്ടു മണിക്കൂര്‍ പഠിത്തമാണ്.സീറ്റില്‍ നിന്നെണീക്കുന്നുണ്ടോ,വര്‍ത്താനം പറയുന്നുണ്ടോ എന്നൊക്കെ പാളി നോക്കി വാര്‍ഡന്‍ എവിടേലും ഒളിഞ്ഞു നില്‍പ്പുണ്ടാവും.പഠിക്കാന്‍ ഒരു ഇന്ററസ്റ്റ് തോന്നുന്നില്ല.ഡയറിയെടുത്ത് എഴുതാനിരുന്നു.വല്ല പാഠവും എഴുതുകയാണെന്ന് കരുതിക്കോളും മൂപ്പത്തി. 'ഓറഞ്ചിന്‍റെ മഞ്ഞയും ആപ്പിളിന്‍റെ ചുകപ്പും കൂടിക്കുഴഞ്ഞ് ജലച്ചായാചിത്രമെന്നോണം മുന്നില്‍ പരക്കുന്നു.കണ്ണീര്‍ തൂവിയാണോ വര്‍ണങ്ങള്‍ പരസ്പരം മേളിക്കുന്നത്?സ്‌നേഹത്തിന്റെ മൃദുസ്പര്‍ശം ചിലര്‍ക്ക് മാത്രമുള്ളതോ?വാത്സല്യത്തിന്റെ കരുത്താര്‍ന്ന,ഇളംചൂടുള്ള ചിറകിന്‍ചുവടുകള്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ലഭിക്കുന്നില്ല?ചിലര്‍ മാത്രം എല്ലാം കൂടുതല്‍ അര്‍ഹിക്കുന്നത് എന്തുകൊണ്ട്?വിധീ,നീയിങ്ങനെ പുച്ഛത്തോടെ കണ്ണു ചുളുക്കി ചിരിക്കാതെ...'
പേന താഴെ വക്കുമ്പോള്‍ ഓര്‍ത്തുഒരിക്കല്‍ തികച്ചും അനാവശ്യമായി ഒരു പെരുങ്കല്ലിടുംപോലെ താന്‍ സഹപാഠിനിയോട് ചോദിച്ചു:'ബന്ധങ്ങളിലൊന്നും ഒരര്‍ഥവുമില്ല അല്ലേ?എല്ലാം ക്രൂരമാണ്'ഇടയ്ക്കിടെ വരാറുള്ള അവളുടെ ഉപ്പയോട് അവള്‍ കാണിക്കാറുണ്ടായിരുന്ന അകല്‍ച്ചയിലേക്ക് ഒരു ചൂണ്ടലിടുകയായിരുന്നു ഉദ്ദേശ്യം.ചൂണ്ടക്കൊളുത്തില്‍ ഒരു പുതിയ കഥ എന്‍റെ ഡയറിക്ക് ഭക്ഷണമായി കിട്ടിയാലോ..അവള്‍ ക്ഷോഭത്തോടെ ഒച്ചയെടുത്തു: 'എങ്ങനെ പറയാന്‍ കഴിയുന്നു ഇങ്ങനെയെല്ലാം? ആരുമില്ലാതാവുമ്പോ അറിയാം...'
സാന്നിധ്യവും അസാന്നിധ്യവും..എപ്പോഴാണൊരാള്‍ നമ്മുടെ മനസ്സില്‍ സന്നിഹിതനാവുക?വെറുക്കുന്നു,സര്‍വം വെറുക്കുന്നു..വീടെന്ന മഹാഗുഹയെ, സതീര്‍ഥ്യരുടെ സ്‌നേഹശൂന്യമായ മിഴികളെ..ഉഗ്രനിയമത്താല്‍ തടവറ തീര്‍ക്കുന്ന കലാലയത്തെ..എപ്പഴേലും വീണു കിട്ടുന്ന മിക്‌സഡ് ക്ലാസ്സുകളില്‍ കൂടെയുള്ളവര്‍ സ്‌ക്രീനിനപ്പുറമുള്ള ആണ്‍കുട്ടികളോട് സല്ലപിക്കാന്‍ തക്കം പാര്‍ക്കുമ്പോള്‍ മരവിച്ച ഹൃദയത്തോടെ ദാര്‍ശനികചിന്തകളില്‍ മുഴുകി.ചിലര്‍ സന്തോഷിക്കുന്നു,ചിലര്‍ ദുഃഖിക്കുന്നു,അര്‍ഥം തേടിയലഞ്ഞ സിദ്ധാര്‍ഥന് ഉത്തരം ലഭിച്ചുവോ?
ഹോസ്റ്റലിന്‍റെ കന്മതിലുകള്‍ ഭേദിച്ച് ചില സാമര്‍ത്ഥ്യപ്രണയങ്ങള്‍ പൂത്തുലഞ്ഞു, താടിക്കാരായ മൌലവിമാരുടെ കണ്ണു വെട്ടിച്ച്, വാര്‍ഡന്റെ തീക്ഷ്ണനയനങ്ങളെ കബളിപ്പിച്ച്..ഒരു രഹസ്യവും ആരും തന്നോട് പങ്കു വച്ചില്ല. 'ആ രസംകൊല്ലിയെ എന്തിനു കൊള്ളാം?ഏതു നേരവും ഓരോ ഫിലോസഫിയും പറഞ്ഞ്..'എന്നിട്ടും നിഗൂഡതയുടെ കളഞ്ഞു പോയ പൊട്ടുകള്‍ മണലില്‍ നിന്നും മണ്ണില്‍ നിന്നും പെറുക്കിയെടുത്ത് ഡയറിക്ക് കവിതകളായി നിവേദിച്ചു.വൃക്ഷങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ചാഞ്ഞു വീഴാറായ ചെറുമരം..അതിന്‍റെ ഭീതികളും വ്യസനങ്ങളും ആരറിയുന്നു...രതിസ്വപ്നങ്ങളുടെ ചെറുശകലങ്ങള്‍ അവരങ്ങോട്ടുമിങ്ങോട്ടും വാക്കുകളാല്‍ എറിഞ്ഞുകളിച്ചപ്പോഴും ഒന്നും മനസ്സിലായില്ല..ആരും ഒന്നും വിശദമാക്കാത്തതെന്ത്?സൂചനകളാല്‍ ഗര്‍ഭിണികളായ വാക്കുകള്‍..പിന്നീട്കാലം യാഗാശ്വമായി പാഞ്ഞ് മരവിച്ച തന്‍റെ  ജീവിതത്തെ താഴെയിട്ട് നിര്‍ദാക്ഷീണ്യം തട്ടിക്കളിച്ചപ്പോള്‍ ആ തമാശകളുടെയൊക്കെ രസമില്ലാത്ത അര്‍ഥങ്ങള്‍ പിടികിട്ടി.കുട്ടികളാവുമ്പോള്‍ മനസ്സിലാവാത്ത മുതിര്‍ന്നവരുടെ സ്വകാര്യങ്ങള്‍..എന്തേലും സംശയം ചോദിച്ചുപോയാല്‍ കുരച്ചു ചാടുന്ന അവരുടെ ഭീകരമുഖങ്ങള്‍..മുറുമുറുത്തു എപ്പോഴുംഒന്നുമില്ല,ഒരു സീക്രറ്റും..ലൈഫ് ഈസ് എ ബിഗ് സീറോ...

ഡയറിയില്‍ അവസാനവരികളെഴുതുമ്പോള്‍ കുട്ടികള്‍ പള്ളിയില്‍ പോവാന്‍ തുടങ്ങിയിരുന്നു.ഇന്നിനി ഭക്ഷണം കിട്ടില്ല,സമയം കഴിഞ്ഞുപോയല്ലോ..മണിനാദങ്ങളില്‍ തൂങ്ങിക്കിടക്കുന്ന സമയമൃദദേഹം.ഹോസ്റ്റല്‍ ഈസ് എ ക്രുവല്‍ ബെല്‍.. അടുത്ത ജന്മത്തില്‍ ദൈവമേ നീയെന്നെ സ്‌നേഹത്തിന്റെ മാലാഖയാക്കുക.സ്‌നിഗ്ധമായ കൈകളാല്‍ ഞാനെല്ലാ വ്യഥിതരെയും സ്പര്‍ശിക്കും.വരണ്ട ചുണ്ടുകളില്‍ ചുംബിക്കും.പ്രകാശകണികകള്‍ അവരുടെ ഉള്ളില്‍ ഉല്ലസിച്ചോടും.എല്ലാവരും സന്തോഷത്തിമര്‍പ്പില്‍ പുളകിതരായി....
ഒരു ദിവസംസലിന്‍ വീട്ടില്‍ പോയിരുന്നു.അവളുടെ റിലേഷനായ കുട്ടിയോട് സോഫിയ ചോദിച്ചു:'ഇനിയെന്നാ സലിന്‍റെ ഉപ്പ വരിക? ഉപ്പ കൊണ്ടു വരണ സാധനങ്ങളെക്കുറിച്ചൊക്കെ അവളെപ്പഴും പറയും.' ആ കുട്ടി അന്തം വിട്ട് കുറെ നേരം സോഫിയയെ തുറിച്ചു നോക്കി:' അതിന് സലിത്താക്ക് ഉപ്പയില്ലല്ലോ.എന്നോ നാടു വിട്ടതാ.മരിച്ചോ ജീവിക്കുന്നോ ആര്‍ക്കറിയാം..ഇതൊന്നും ഇതു വരെ ഇത്ത പറഞ്ഞിട്ടില്ലേ?'

സ്തബ്ധരായ കണ്ണുകളിലേക്ക് ഭയത്തോടെ നോക്കി അവള്‍ വിക്കി:എന്നാ ഇനി ഞാന്‍ പറഞ്ഞൂന്ന് അറിയണ്ട.വീട്ടിച്ചെന്നാ എനിക്കാവും ചീത്ത കേള്‍ക്കുക.യാചനയോടെ അവള്‍ സോഫിയയുടെ കൈ കൂട്ടിപ്പിടിച്ചു.

വിഡ്ഢീ,മനസ്സ് പരിഹാസത്തോടെ പിറുപിറുത്തുഇല്ലാത്തതെല്ലാം ഇങ്ങനെ കിനാക്കളിലൂടെ നേടാന്‍ കഴിയണം.നിരാശപ്പെടാനല്ലാതെ നിന്നെയെന്തിനു കൊള്ളാം? ഡയറിയെടുത്തപ്പോള്‍ കയ്യിലേക്ക് മരണത്തണുപ്പ് ഉറുമ്പുകളായി അരിച്ചു കയറി.നരച്ച പേജിലേക്ക് വെറുപ്പോടെ കറുത്ത മഷി തൂവിത്തെറിപ്പിച്ചു.അപ്പുറമുള്ള കടലാസുകളെക്കൂടി വിരൂപമാക്കിക്കൊണ്ട് അതു പതുക്കെ പരക്കാന്‍ തുടങ്ങി.............