Pages

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

മൃഗാധിപത്യം [കഥ]




പണ്ട് ബാലമാസികയില്‍ രസിച്ചു വായിക്കാറുണ്ടായിരുന്ന “മൃഗാധിപത്യം വന്നാല്‍” എന്ന പംക്തി ഇവ്വിധം സത്യമായ് പുലരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല..കടിച്ചു കുടഞ്ഞ നായയെ അടിച്ചോടിച്ചതിന് നാലായിരം രൂപയാണ് സര്‍ക്കാര്‍ പിഴയിട്ടത് , പേ പിടിച്ച മൃഗങ്ങളാണ് നാട് ഭരിക്കുന്നത് , മനുഷ്യന്‍ എന്നൊരു ജീവി ദുര്‍ലഭമായി എന്നും പറയാം.

മാംസം കഴിച്ചു എന്നതിന്‍റെ പേരിലാണ് അവന്‍ കൊല്ലപ്പെട്ടത് , മുണ്ടന്‍ വടികളാല്‍ ഒരു പാമ്പിനെ തല്ലി കൊല്ലുമ്പോലെയാണ് അവന്‍ മരണത്തിലേക്ക് ചതയ്ക്കപ്പെട്ടത് ..കുഴിയിലേക്ക് ഇറക്കി നിര്‍ത്തി കല്ലെറിഞ്ഞു കൊല്ലുന്നത് പോലെ ..ചിതറിത്തെറിച്ച അവന്‍റെ മൃദദേഹം പോലീസിന് ഒരു പുതുമയും ഉണ്ടാക്കിയില്ല , നിലത്തു വീണു കിടക്കുന്ന മാംസപ്പൊതി അവര്‍ ജാഗ്രതയോടെ പരിശോധനയ്ക്ക് അയച്ചു .അത് കുലീനതയുള്ള മൃഗങ്ങളുടേത്  ഒന്നുമല്ലെന്നും വെറും പെരുച്ചാഴി മാംസം മാത്രമാണെന്നും ലാബ് റിപ്പോര്‍ട്ട് കിട്ടിയതില്‍ പിന്നെയാണ് അവര്‍ക്ക് സമാധാനമായത് ..ദുര്‍ഗന്ധം പരത്താന്‍ തുടങ്ങിയ ജഡം അപ്പോള്‍ മാത്രമാണ് അവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചത് ..ഗ്രാമത്തില്‍ പട്ടിണി പെരുകിപ്പെരുകി പൂച്ചയും പെരുച്ചാഴിയുമൊക്കെ ഞങ്ങളുടെ ഭക്ഷണമായിത്തുടങ്ങിയിരുന്നു..വിളനഷ്ടം ഞങ്ങളെ പിച്ചക്കാരെപ്പോലെയാക്കി ..രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഞങ്ങള്‍ ഉണ്ടാക്കിയതെല്ലാം ഇരുന്നുണ്ണുന്ന കണക്കറ്റ മുതലാളിമാര്‍ ഉണ്ടെന്നും അവരെല്ലാം കാറില്‍ മാത്രമാണ് സഞ്ചാരമെന്നും അവന്‍ അദ്ഭുതത്തോടെ പറയാറുണ്ടായിരുന്നു..ഞങ്ങളുടെ ഗ്രാമങ്ങളിലാകട്ടെ ദാരിദ്ര്യം ആര്‍ത്തു ചിരിച്ചു , ആളുകളെ ഞെരിച്ചു കൊന്നു ...

പിഴയൊടുക്കാനുള്ള പണം  ബ്ലേഡുകാരില്‍ നിന്ന് പലിശക്ക് കടമെടുത്തു ,അല്ലാതെ എവിടുന്നാണ് അത്രേം പണം ..മൃഗങ്ങള്‍ ഇത്ര ഭീകരമായി പകരം വീട്ടുമെന്ന്‍ ആരാണ് കരുതുക? പാടം ഉഴുതു മറിക്കുന്ന തന്‍റെ പ്രിയകാളകള്‍ , കാരണമില്ലാതെ താനവയെ നോവിക്കാറില്ല, എന്നിട്ടും ഇപ്പോള്‍  അവയും തന്നെ ക്രുന്ദരായി നോക്കുന്നുണ്ട് , ദേഷ്യത്തോടെ അമറുന്നുണ്ട് ..അവസരം കിട്ടിയാല്‍ അവ തന്നെ മറിച്ചിട്ട് കുത്തിക്കീറാനും ഇടയുണ്ട് ..

തെരുവുകളെല്ലാം പേനായകള്‍ കയ്യടക്കിയിരിക്കുന്നു . കാല്‍നടക്കാരായ സാധാരണക്കാരാണ് അവയുടെ ഇരകള്‍ ..സൂപ്പര്‍ മാളുകളിലും പാര്‍ക്കുകളിലും സമയം കൊല്ലുന്ന പണക്കാരെ നായകളും ഒട്ടൊരു ആദരവോടെയാണ് നോക്കുന്നത് .അവരുടെ ഒഴുകി നീങ്ങുന്ന കാറുകള്‍ കാണുമ്പോള്‍ അവ വാല്‍ കാലുകള്‍ക്കിടയില്‍ തിരുകി വിനീതവിധേയരായി മോങ്ങുന്ന കാഴ്ച ആരെയും അതിശയിപ്പിക്കും..കല്ലെറിഞ്ഞാല്‍ നാലായിരം പരിക്കേല്‍പ്പിച്ചാല്‍ ആറായിരം , കൊന്നാല്‍ പതിനായിരം ഇങ്ങനെ പോകുന്നു പിഴയുടെ നിരക്കുകള്‍ ..

സര്‍ക്കാര്‍ സഹായ ആതുരാലയത്തില്‍ കുത്തിവെപ്പിനു വേണ്ടിയാണ് ഗ്രാമത്തില്‍ നിന്ന് പുലര്‍ച്ചക്ക് തന്നെ പുറപ്പെട്ടത് .പത്ത് കൊല്ലം മുമ്പ് പേ പിടിച്ചു നുരയൊലിപ്പിച്ച് എല്ലാവരെയും കടിക്കാന്‍ പാഞ്ഞടുക്കുന്ന മോന്‍റെ ഓര്‍മ ഉള്ളില്‍ കെടാതെ കത്തുന്നത് കൊണ്ടാവും സൂചി വെക്കാന്‍ ഇത്രേം ജാഗ്രത തോന്നിയത് ..കുത്തി വെക്കാനുള്ളവരുടെ നീണ്ട നിര കണ്ട് അമ്പരന്നു പോയി , മുഖം പൊളിഞ്ഞവര്‍ കൈകാലുകളിലെ ഇറച്ചി അടര്‍ന്നവര്‍..

തിരിച്ചു വരുമ്പോള്‍ വിജനമായിരുന്നു വഴികള്‍ ..ചീറിപ്പായുന്ന വാഹനങ്ങള്‍ ..പൊന്തകളില്‍ , കെട്ടിടങ്ങളുടെ മറവുകളില്‍ ഒക്കെ ആ പക മുറ്റിയ ജീവികള്‍ പതുങ്ങി ഇരിപ്പുണ്ടാവാം ..റോഡ്‌ ഒന്നു മുറിച്ചു കടക്കാന്‍ ദൈവമേ കുറച്ചു കഷ്ടപ്പെടേണ്ടി വരും ..
...............................................................  ...............................................................
മൂന്നു നായകള്‍ അപ്പോള്‍ നിശ്ശബ്ദരായി അയാളുടെ പുറകില്‍ നിന്ന് അയാളുടെ കാലില്‍ പിടുത്തമിട്ടു , പിന്നെ പൊന്തയിലേക്ക് വലിച്ചു കൊണ്ടു പോയി ..മെലിഞ്ഞുണങ്ങിയതെങ്കിലും അയാളുടെ മാംസം അവ രുചിയോടെ ഭക്ഷിച്ചു ..പിന്നെ ആനന്ദത്തോടെ ഓരിയിട്ടു കൊണ്ട് ചാടി മറിഞ്ഞു കളിക്കാന്‍ തുടങ്ങി ..
റോഡിലൂടെ ഒരു വാഹനജാഥ നീങ്ങിക്കൊണ്ടിരുന്നു ..മൃഗങ്ങളെ ദ്രോഹിക്കുന്നവരെ ഏകാന്ത തടവിന് ശിക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി  ആളുകള്‍ വണ്ടികളില്‍ ഒഴുകിക്കൊണ്ടിരുന്നു ..
“ദരിദ്രരുടെ മാംസം വില്‍പ്പനയ്ക്ക്-“ എന്നൊരു ബോര്‍ഡ് തെരുവില്‍ ഒരു മൃതദേഹമായി തൂങ്ങിക്കിടന്നു ........................................
ശരീഫ മണ്ണിശ്ശേരി .................  

5 അഭിപ്രായങ്ങൾ: