Pages

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

സലിന്‍ [കഥ] - ശരീഫ മണ്ണിശ്ശേരി ...repost




പള്ളിയില്‍നിന്നു വരുമ്പോള്‍ വാര്‍ഡന്‍റെ  കണ്ണു വെട്ടിച്ച് സലിന്‍ പറഞ്ഞു: 'മലേഷ്യന്ന് എത്ര പഴങ്ങളാന്നോ ഉപ്പ കൊണ്ടരാ.തുടുത്ത ആപ്പിളുകള്‍,ഓറഞ്ചുടുപ്പിട്ട നാരങ്ങകള്‍..ഞാന്‍ ചെറുതായിരുന്നപ്പോ ഒരു പാട് കളിപ്പാട്ടങ്ങള്‍ കൊണ്ടു വന്നിരുന്നൂന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.ഇക്കാക്ക കുശുമ്പ് മൂത്ത് ഒക്കെ തല്ലിപ്പൊട്ടിക്കും.ഉപ്പാക്കെന്നെ ആയിര്‍ന്ന് തോനെ ഇഷ്ടം.ഇപ്പളും ചെറ്യേ കുട്ട്യാളെപ്പോലെ ചോറ് വായില് വച്ചു തരും.'

അവളുടെ കണ്ണുകളില്‍ അനുഭവിച്ച വാത്സല്യത്തിന്‍റെ തിളക്കം നിലാവുപോലെ പരക്കാന്‍ തുടങ്ങി.ആ വെളിച്ചക്കഷ്ണങ്ങള്‍ ഹൃദയത്തിലേക്ക് നൂണ്ടു കയറി അവിടെ സ്ഥിരവാസമുറപ്പിച്ച വിഷാദത്തിന്‍റെ തമോഗര്‍ത്തങ്ങളെ കണ്ടുപിടിക്കുമോയെന്നു ഭയന്നു.എന്‍റെ വ്യസനം, എന്‍റെ മാത്രം രഹസ്യം.. ഒരിക്കലും ആര്‍ക്കും വിട്ടു കൊടുക്കാതെ ഇരുണ്ട ആ നിക്ഷേപങ്ങളെ അനേകം താഴുകളിട്ടു പൂട്ടിയിരിക്കുകയാണല്ലോ, മനസ്സ് ..ഇതൊക്കെ സത്യം തന്നെയോ?ഇത്രയധികം ലാളിക്കുന്ന അച്ഛന്‍,അമ്മ ,സഹോദരങ്ങള്‍..എന്തോ! സ്മൃതികളിലെപ്പോഴും വഴക്ക് കൂടുന്ന നായ്ക്കൂട്ടങ്ങളാണ്,കുരച്ചും കടിച്ചു കീറിയും..അതിനിടെ മൃദുവായി താഴുകുന്നതിന്‍റെ സുഖം ഒരിക്കലും അറിഞ്ഞിട്ടില്ല..ഓര്‍മകളില്‍ തരിശുനിലങ്ങള്‍ വരണ്ടുണങ്ങിക്കിടക്കുന്നു.ഉറവകളെപ്പോലും സ്വപ്നം കാണാന്‍ വിധിയില്ലാത്തവ..

വാര്‍ഡന്‍ കഴുകന്‍കണ്ണുകളാല്‍ പരതുന്നുണ്ട്‌ വല്ല കുട്ടിയും ഉറക്കം തൂങ്ങുന്നുണ്ടോ എന്ന്. ഇനി ഭക്ഷണബെല്ലടിക്കും വരെ നീണ്ട രണ്ടു മണിക്കൂര്‍ പഠിത്തമാണ്.സീറ്റില്‍ നിന്നെണീക്കുന്നുണ്ടോ,വര്‍ത്താനം പറയുന്നുണ്ടോ എന്നൊക്കെ പാളി നോക്കി വാര്‍ഡന്‍ എവിടേലും ഒളിഞ്ഞു നില്‍പ്പുണ്ടാവും.പഠിക്കാന്‍ ഒരു ഇന്ററസ്റ്റ് തോന്നുന്നില്ല.ഡയറിയെടുത്ത് എഴുതാനിരുന്നു.വല്ല പാഠവും എഴുതുകയാണെന്ന് കരുതിക്കോളും മൂപ്പത്തി. 'ഓറഞ്ചിന്‍റെ മഞ്ഞയും ആപ്പിളിന്‍റെ ചുകപ്പും കൂടിക്കുഴഞ്ഞ് ജലച്ചായാചിത്രമെന്നോണം മുന്നില്‍ പരക്കുന്നു.കണ്ണീര്‍ തൂവിയാണോ വര്‍ണങ്ങള്‍ പരസ്പരം മേളിക്കുന്നത്?സ്‌നേഹത്തിന്റെ മൃദുസ്പര്‍ശം ചിലര്‍ക്ക് മാത്രമുള്ളതോ?വാത്സല്യത്തിന്റെ കരുത്താര്‍ന്ന,ഇളംചൂടുള്ള ചിറകിന്‍ചുവടുകള്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ലഭിക്കുന്നില്ല?ചിലര്‍ മാത്രം എല്ലാം കൂടുതല്‍ അര്‍ഹിക്കുന്നത് എന്തുകൊണ്ട്?വിധീ,നീയിങ്ങനെ പുച്ഛത്തോടെ കണ്ണു ചുളുക്കി ചിരിക്കാതെ...'
പേന താഴെ വക്കുമ്പോള്‍ ഓര്‍ത്തുഒരിക്കല്‍ തികച്ചും അനാവശ്യമായി ഒരു പെരുങ്കല്ലിടുംപോലെ താന്‍ സഹപാഠിനിയോട് ചോദിച്ചു:'ബന്ധങ്ങളിലൊന്നും ഒരര്‍ഥവുമില്ല അല്ലേ?എല്ലാം ക്രൂരമാണ്'ഇടയ്ക്കിടെ വരാറുള്ള അവളുടെ ഉപ്പയോട് അവള്‍ കാണിക്കാറുണ്ടായിരുന്ന അകല്‍ച്ചയിലേക്ക് ഒരു ചൂണ്ടലിടുകയായിരുന്നു ഉദ്ദേശ്യം.ചൂണ്ടക്കൊളുത്തില്‍ ഒരു പുതിയ കഥ എന്‍റെ ഡയറിക്ക് ഭക്ഷണമായി കിട്ടിയാലോ..അവള്‍ ക്ഷോഭത്തോടെ ഒച്ചയെടുത്തു: 'എങ്ങനെ പറയാന്‍ കഴിയുന്നു ഇങ്ങനെയെല്ലാം? ആരുമില്ലാതാവുമ്പോ അറിയാം...'
സാന്നിധ്യവും അസാന്നിധ്യവും..എപ്പോഴാണൊരാള്‍ നമ്മുടെ മനസ്സില്‍ സന്നിഹിതനാവുക?വെറുക്കുന്നു,സര്‍വം വെറുക്കുന്നു..വീടെന്ന മഹാഗുഹയെ, സതീര്‍ഥ്യരുടെ സ്‌നേഹശൂന്യമായ മിഴികളെ..ഉഗ്രനിയമത്താല്‍ തടവറ തീര്‍ക്കുന്ന കലാലയത്തെ..എപ്പഴേലും വീണു കിട്ടുന്ന മിക്‌സഡ് ക്ലാസ്സുകളില്‍ കൂടെയുള്ളവര്‍ സ്‌ക്രീനിനപ്പുറമുള്ള ആണ്‍കുട്ടികളോട് സല്ലപിക്കാന്‍ തക്കം പാര്‍ക്കുമ്പോള്‍ മരവിച്ച ഹൃദയത്തോടെ ദാര്‍ശനികചിന്തകളില്‍ മുഴുകി.ചിലര്‍ സന്തോഷിക്കുന്നു,ചിലര്‍ ദുഃഖിക്കുന്നു,അര്‍ഥം തേടിയലഞ്ഞ സിദ്ധാര്‍ഥന് ഉത്തരം ലഭിച്ചുവോ?
ഹോസ്റ്റലിന്‍റെ കന്മതിലുകള്‍ ഭേദിച്ച് ചില സാമര്‍ത്ഥ്യപ്രണയങ്ങള്‍ പൂത്തുലഞ്ഞു, താടിക്കാരായ മൌലവിമാരുടെ കണ്ണു വെട്ടിച്ച്, വാര്‍ഡന്റെ തീക്ഷ്ണനയനങ്ങളെ കബളിപ്പിച്ച്..ഒരു രഹസ്യവും ആരും തന്നോട് പങ്കു വച്ചില്ല. 'ആ രസംകൊല്ലിയെ എന്തിനു കൊള്ളാം?ഏതു നേരവും ഓരോ ഫിലോസഫിയും പറഞ്ഞ്..'എന്നിട്ടും നിഗൂഡതയുടെ കളഞ്ഞു പോയ പൊട്ടുകള്‍ മണലില്‍ നിന്നും മണ്ണില്‍ നിന്നും പെറുക്കിയെടുത്ത് ഡയറിക്ക് കവിതകളായി നിവേദിച്ചു.വൃക്ഷങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ചാഞ്ഞു വീഴാറായ ചെറുമരം..അതിന്‍റെ ഭീതികളും വ്യസനങ്ങളും ആരറിയുന്നു...രതിസ്വപ്നങ്ങളുടെ ചെറുശകലങ്ങള്‍ അവരങ്ങോട്ടുമിങ്ങോട്ടും വാക്കുകളാല്‍ എറിഞ്ഞുകളിച്ചപ്പോഴും ഒന്നും മനസ്സിലായില്ല..ആരും ഒന്നും വിശദമാക്കാത്തതെന്ത്?സൂചനകളാല്‍ ഗര്‍ഭിണികളായ വാക്കുകള്‍..പിന്നീട്കാലം യാഗാശ്വമായി പാഞ്ഞ് മരവിച്ച തന്‍റെ  ജീവിതത്തെ താഴെയിട്ട് നിര്‍ദാക്ഷീണ്യം തട്ടിക്കളിച്ചപ്പോള്‍ ആ തമാശകളുടെയൊക്കെ രസമില്ലാത്ത അര്‍ഥങ്ങള്‍ പിടികിട്ടി.കുട്ടികളാവുമ്പോള്‍ മനസ്സിലാവാത്ത മുതിര്‍ന്നവരുടെ സ്വകാര്യങ്ങള്‍..എന്തേലും സംശയം ചോദിച്ചുപോയാല്‍ കുരച്ചു ചാടുന്ന അവരുടെ ഭീകരമുഖങ്ങള്‍..മുറുമുറുത്തു എപ്പോഴുംഒന്നുമില്ല,ഒരു സീക്രറ്റും..ലൈഫ് ഈസ് എ ബിഗ് സീറോ...

ഡയറിയില്‍ അവസാനവരികളെഴുതുമ്പോള്‍ കുട്ടികള്‍ പള്ളിയില്‍ പോവാന്‍ തുടങ്ങിയിരുന്നു.ഇന്നിനി ഭക്ഷണം കിട്ടില്ല,സമയം കഴിഞ്ഞുപോയല്ലോ..മണിനാദങ്ങളില്‍ തൂങ്ങിക്കിടക്കുന്ന സമയമൃദദേഹം.ഹോസ്റ്റല്‍ ഈസ് എ ക്രുവല്‍ ബെല്‍.. അടുത്ത ജന്മത്തില്‍ ദൈവമേ നീയെന്നെ സ്‌നേഹത്തിന്റെ മാലാഖയാക്കുക.സ്‌നിഗ്ധമായ കൈകളാല്‍ ഞാനെല്ലാ വ്യഥിതരെയും സ്പര്‍ശിക്കും.വരണ്ട ചുണ്ടുകളില്‍ ചുംബിക്കും.പ്രകാശകണികകള്‍ അവരുടെ ഉള്ളില്‍ ഉല്ലസിച്ചോടും.എല്ലാവരും സന്തോഷത്തിമര്‍പ്പില്‍ പുളകിതരായി....
ഒരു ദിവസംസലിന്‍ വീട്ടില്‍ പോയിരുന്നു.അവളുടെ റിലേഷനായ കുട്ടിയോട് സോഫിയ ചോദിച്ചു:'ഇനിയെന്നാ സലിന്‍റെ ഉപ്പ വരിക? ഉപ്പ കൊണ്ടു വരണ സാധനങ്ങളെക്കുറിച്ചൊക്കെ അവളെപ്പഴും പറയും.' ആ കുട്ടി അന്തം വിട്ട് കുറെ നേരം സോഫിയയെ തുറിച്ചു നോക്കി:' അതിന് സലിത്താക്ക് ഉപ്പയില്ലല്ലോ.എന്നോ നാടു വിട്ടതാ.മരിച്ചോ ജീവിക്കുന്നോ ആര്‍ക്കറിയാം..ഇതൊന്നും ഇതു വരെ ഇത്ത പറഞ്ഞിട്ടില്ലേ?'

സ്തബ്ധരായ കണ്ണുകളിലേക്ക് ഭയത്തോടെ നോക്കി അവള്‍ വിക്കി:എന്നാ ഇനി ഞാന്‍ പറഞ്ഞൂന്ന് അറിയണ്ട.വീട്ടിച്ചെന്നാ എനിക്കാവും ചീത്ത കേള്‍ക്കുക.യാചനയോടെ അവള്‍ സോഫിയയുടെ കൈ കൂട്ടിപ്പിടിച്ചു.

വിഡ്ഢീ,മനസ്സ് പരിഹാസത്തോടെ പിറുപിറുത്തുഇല്ലാത്തതെല്ലാം ഇങ്ങനെ കിനാക്കളിലൂടെ നേടാന്‍ കഴിയണം.നിരാശപ്പെടാനല്ലാതെ നിന്നെയെന്തിനു കൊള്ളാം? ഡയറിയെടുത്തപ്പോള്‍ കയ്യിലേക്ക് മരണത്തണുപ്പ് ഉറുമ്പുകളായി അരിച്ചു കയറി.നരച്ച പേജിലേക്ക് വെറുപ്പോടെ കറുത്ത മഷി തൂവിത്തെറിപ്പിച്ചു.അപ്പുറമുള്ള കടലാസുകളെക്കൂടി വിരൂപമാക്കിക്കൊണ്ട് അതു പതുക്കെ പരക്കാന്‍ തുടങ്ങി.............    

4 അഭിപ്രായങ്ങൾ:

  1. വായിക്കുന്നവർക്കെല്ലാം നന്ദി

    മറുപടിഇല്ലാതാക്കൂ
  2. സാങ്കൽപ്പികം ആയിരിക്കുമെന്ന് വായന തുടങ്ങിയപ്പോൾ തോന്നിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. സ്നേഹവാത്സല്യങ്ങള്‍ കൊതിക്കുന്ന ബാല്യകൌമാരങ്ങള്‍.....
    നന്നായി എഴുതി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. നിരാശപ്പെടാനല്ലാതെ കിനാക്കളിലൂടെ നേടാന്‍ കഴിയണം.
    നല്ലൊരു കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ