Pages

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

ഇനി ആരുടെ കൂടെകോടതിയുടെ
ചവിട്ടുകല്ലുകള്‍ക്ക് ഓരോ തവണയും എണ്ണം കൂടുന്നുണ്ടെന്നുതോന്നി അവള്‍ക്ക്.അന്ന്
ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ,പോലീസുകാരുടെ കാക്കിച്ചിറകുകള്‍ക്കിടയിലൂടെ ജീവിതം
ഒരു സമസ്യാപൂരണത്തിന്‍റെ പ്രയാസങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ട് മുന്നില്‍ നെടുങ്കനായ
ഒരു ചോദ്യചിഹ്നമായി വിസ്മയിപ്പിക്കെ വലിയ ക്യാമറയും തൂക്കി പത്രറിപ്പോര്‍ട്ടര്‍മാര്‍
ചുറ്റും തിക്കിത്തിരക്കി.ചോദ്യങ്ങള്‍ വെള്ളച്ചാട്ടമായി കാതുകളെ ബാധിരമാക്കി.”മോള്‍
ശരിക്കും കണ്ടോ അച്ഛന്‍ കൊല്ലുന്നത്?വെട്ടുകത്തിയായിരുന്നോ അതോ
കറിക്കത്തിയോ?അമ്മയും അച്ഛനും വഴക്ക് കൂടാറുണ്ടായിരുന്നോ?അമ്മക്ക് വല്ല ഇഷ്ട്ടക്കാരായ
ചേട്ടന്മാരും ഉണ്ടായിരുന്നോ?”വലിയ വട്ടക്കണ്ണ് ചുഴറ്റി അവള്‍ തലയാട്ടുന്നത് കണ്ട്
അവര്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.
പിറ്റേന്ന്
പത്രത്തിലെ എപ്പിസോഡുകള്‍ വായിച്ച് അമ്മായിമാരും മുത്തശ്ശിയും
പല്ലിറുമ്മി.”കുരുത്തം കെട്ടവളെ,കൊന്നാലും അവന്‍ നിന്‍റ അച്ഛനല്ലാതാവോ?കുടുമ്മത്ത്
കേറ്റാന്‍ കൊള്ളാത്ത നിന്‍റെ തള്ളേക്കുറിച്ച് എന്തേ ഒന്നും
പറയാതിരുന്നത്?”സാക്ഷിക്കൂട്ടില്‍ നില്‍ക്കവെ ബന്ധുക്കളുടെ മുഖങ്ങള്‍
കത്തിപ്പഴുത്ത കലംകണക്കെ ഉള്ളം പൊള്ളിച്ചു.എന്താണ് പറയുക?താനൊന്നും
കണ്ടില്ലെന്നോ.എന്ത് പറഞ്ഞാലാണ് വേദനകളുടെ ഈ അലക്കില്‍ നിന്നൊന്നു
രക്ഷപ്പെടുക?മുറ്റത്തെത്തിയപ്പോഴേക്കും പത്രക്കാര്‍ വീണ്ടും പൊതിഞ്ഞു.”അച്ഛന്‍
ഒളിവിലും അമ്മ മരണപ്പെടുകയും ചെയ്ത സ്ഥിതിക്ക് മോളിനി ആരുടെ കൂടെ താമസിക്കും?വളര്‍ന്നാല്‍
ആരാകാനാ മോഹം?”
ചോദ്യങ്ങളെല്ലാം
വര്‍ണശബളമായ വാഹനങ്ങളായി തോന്നി അവള്‍ക്ക്.അവ ഒഴുകിക്കൊണ്ടേയിരിക്കുന്നു.ഒടുക്കം
ഒന്നുമുരിയാടാതെ വിതുമ്പുന്ന അവളെ ആരൊക്കെയോ ബന്ധുക്കളുടെ അടുത്തെത്തിച്ചു.അവര്‍
അവളെ കണ്ട ഭാവമില്ലാതെ നടന്നകന്നു.
ഓര്‍മകളെ
ചിക്കിപ്പെറുക്കുമ്പോഴെല്ലാം അവളതിശയിക്കും-അതെല്ലാം കഴിഞ്ഞ് ഇത്രയധികം കൊല്ലങ്ങള്‍
കടന്നുപോയോ?ചാളയുടെ ഓലവാതില്‍പ്പഴുതിലൂടെ, ദൂരേന്ന് കെട്ടിയവന്‍ ആടിയാടി
വരുന്നുണ്ടോ എന്ന് നോക്കയാണവള്‍.ഒരു കറിക്കത്തി കട്ടിലിനടിയില്‍ അവളും
സൂക്ഷിക്കുന്നുണ്ട്.പണ്ട് അച്ഛന്‍ അമ്മയെ ഏതു കത്തികൊണ്ടാണ് അരിഞ്ഞതെന്നതിന്‍റെ
മങ്ങിയ ചിത്രംപോലും മനസ്സിലില്ല.ഒഴുകി,കട്ടപിടിച്ച ചോര മാത്രം ചുവന്ന
പട്ടുപാവാടപോലെ മനസ്സിന്‍റെ അയയില്‍ ഉണക്കാനിട്ടിരിക്കുന്നു.അമ്മയുടെ കറുത്ത
ചട്ടയുള്ള ഡയറിയിലെ കുനുകുനാ അക്ഷരങ്ങളൊന്നും അവള്‍ വായിച്ചിട്ടില്ല.അമ്മയുടെ
സ്മരണയുടെ ഒരു നൂല്‍ക്കഷ്ണം പോലും അവശേഷിപ്പിച്ചില്ല ആരും.ആരുടെ കൂടെ
താമസിക്കും?പത്രക്കാരന്‍റെ ആ ചോദ്യം മാത്രം വല്ലാത്തൊരു തെളിവോടെ ചളി പിടിച്ച
തൂവാലയായി ഉളളിലിളകുന്നു.നാലാംക്ലാസ് മുതല്‍ അത് തന്നെയായിരുന്നു പ്രശ്നം.ആരുടെ
കൂടെ താമസിക്കും?പുതിയ അമ്മയുടെ ശകാരം കേള്‍ക്കുമ്പോള്‍,അച്ഛനില്‍ നിന്ന് അടി
കൊള്ളുമ്പോള്‍ ഒക്കെ ആലോചിക്കും;ഒളിച്ചോടിപ്പോയാല്‍ എവിടെ പാര്‍ക്കും?ജീവിതത്തിന്‍റെ
ആട്ടിന്‍കാഷ്ഠം വിതറിയ,ഞാഞ്ഞൂല്‍ പുറ്റ് കൂട്ടിയ.അറപ്പിക്കുന്ന മണ്ണിലേക്ക് കയറി
വന്ന ഈ മനുഷ്യനും ഉള്ളിലേക്ക് അതേ ചോദ്യം പെരുക്കിയിടുന്നു;ഇവിടന്നും ഇറങ്ങിയാല്‍
എവിടെ താമസിക്കും?
ചൂട്
പിടിച്ച തല അവളൊന്നു കുടഞ്ഞു.സമൃദ്ധമായ മുടി കെട്ടഴിഞ്ഞു വീണു.താന്‍ ആളുകളെ
വശീകരിക്കുന്നത് ഈ മുടി കാട്ടിയെന്നാണ് കെട്ടിയവന്‍ പുലമ്പുക.മീന്‍
മുറിക്കാനുണ്ട്.അവള്‍ ചെറ്റയുടെ ഉള്ളിലേക്ക് നൂണ്ടു കയറി.കത്തി അണക്കുമ്പോള്‍ മൂര്‍ച്ചയുടെ
പാകം നോക്കി.മീന്‍ തൊട്ടതും കത്തി ആഴ്ന്നിറങ്ങി.ഇത് തന്നെ പാകം.അവള്‍ പുഞ്ചിരിച്ചു.സ്വന്തം
കഴുത്തിന്‍റെ വണ്ണം അവള്‍ കണ്ണാടി നോക്കി തിട്ടപ്പെടുത്തി.രോമം കുനുകുനാ പൊടിച്ച ആ
വണ്ണന്‍കഴുത്തും ഒരു നിമിഷം മനസ്സില്‍ തങ്ങി.കത്തീ ഏതു വേണം
ആദ്യം?ആലോചിക്കട്ടെ,ആലോചിക്കട്ടെ.കത്തി പുഞ്ചിരിയോടെ തലയിളക്കി,മൂലയിലേക്ക്
മാറിയിരുന്ന് അവളുടെ കഴുത്തിന്‍റെ സൌന്ദര്യം നോക്കിയിരിപ്പായി.

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

അഭയാര്‍ഥികള്‍


ചില്ലുകാഴ്ചയുടെ
പളപളപ്പിലാണ് അയാള്‍ ദിനങ്ങളെ കെട്ടിയിട്ടത്.പ്രായം ശരീരത്തിനേകുന്ന വേദനകള്‍
മറക്കാന്‍ അതാണ്‌ എളുപ്പവഴി .അവശനായി കട്ടിലില്‍ കിടക്കാന്‍ സമയവുമില്ല.വലിയൊരു
ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് സ്വയം പിരിഞ്ഞു
പോരുമ്പോള്‍ സ്വസ്ഥവിശ്രമമാണ് ആശിച്ചത്.അധികൃതര്‍ക്ക്‌ അയാളെ പിരിച്ചയക്കുന്നതിനു
ഒട്ടും താല്പര്യമുണ്ടായിരുന്നില്ല .അത്രയ്ക്ക് ഫെയിം നേടിയിരുന്നു സ്കൂള്‍
.അയാളുടെ മകനും പ്ലസ്‌ടു വരെ അവിടെത്തന്നെയാണ് പഠിച്ചത്.ഇപ്പൊ ലക്ഷങ്ങള്‍
സമ്പാദിക്കുന്ന ഐ ടി പ്രൊഫഷണല്‍.ഭാര്യ മരിച്ചതിനു ശേഷമാണ് അയാള്‍ രാജി
വെച്ചത്.അതോടെ തന്‍റെ വലതു ഭാഗം ശൂന്യമായതു പോലെ അയാള്‍ക്ക്‌ തോന്നി .എപ്പോഴും
തരിപ്പും കടച്ചിലും...ഒരു ഭാഗം തളര്‍ന്നു പോകുമോ ദൈവമേ!”അച്ഛന് വെറുതെയിരുന്നിട്ടാ
ഈ കുഴപ്പങ്ങളൊക്കെ.ഇവിടെത്തന്നെ എന്തെല്ലാം പണിയുണ്ട് “.മകനും മരുമകളും ഒരുമിച്ച്
പറഞ്ഞു.അന്ന് തമാശയായി തോന്നിച്ച ആ സംഭാഷണം പിന്നെപ്പിന്നെ പരിഹാസത്തിലേക്കും
പുച്ഛത്തിലേക്കും വഴുതിയിറങ്ങി.കൂലിയില്ലാത്ത അനവധി ജോലികള്‍.മുറ്റമടിക്കുക,അലക്കുക,തറ
തുടക്കുക,പണിക്കാരികളെ മരുമകള്‍ കരുതിക്കൂട്ടി പറഞ്ഞയക്കുകയാണോ?
ചില്ലുകാഴ്ച അയാള്‍ക്ക്‌
പലതരം ഭക്ഷണങ്ങളാണ് നല്‍കിയത്‌.മധുരിക്കുന്നത്,അതികഠിനമായ ചവര്‍പ്പുള്ളത്,അതുമല്ലെങ്കില്‍
നാവത്രയും പോള്ളിക്കുന്നത്.ഏതുസമയവും ചിരിച്ചു സംസാരിക്കുന്ന ,ഇഷ്ടപ്പെട്ട
പാട്ടുകളെല്ലാം വെച്ചുതരുന്ന ആങ്കറിനു
അയാള്‍ സമയം കിട്ടുമ്പോഴെല്ലാം വിളിച്ചു നോക്കി .മൊബൈല്‍ ഇല്ലാഞ്ഞല്ല.അത് റീചാര്‍ജു
ചെയ്യാനും വേണം കവല വരെ നടക്കുക.കുറച്ചു നടക്കുമ്പോഴേക്കും കാല്‍ നീരുവന്നു
കല്ലിക്കും.വീട്ടുപണികള്‍ ചെയ്യുന്നതിന്‍റെ ദുരിതം തന്നെയുണ്ട് കൈകാലുകള്‍ക്ക്
എമ്പാടും.അതാ ബെല്ലടിക്കുന്നു !ചിരിച്ചു ചിരിച്ച് ആങ്കര്‍ ചോദിച്ചു.”ശ്രീധരന്‍
നായരെന്നാണല്ലേ പേര്?എന്താ ചേട്ടന്‍റെ ജോലി?”
“ഇപ്പൊ ഒന്നൂല്ല
കുഞ്ഞേ ,മുമ്പ്‌ ഒരു സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയിരുന്നു.”
“ആണോ?അപ്പൊ
നമ്മളെപ്പോലെ അടിപൊളികളെയൊന്നും സഹിക്കാന്‍ പറ്റില്ലായിരിക്കും.”
“ഏയ്‌,അങ്ങനൊന്നൂല്ല
.ഒരു പാട്ട് വേണാര്‍ന്നു”
“ആണോ,ഏതു പാട്ടാ
വേണ്ടത്‌.പഴയ വല്ല വിഷാദഗാനവുമാകും.ഓള്‍ഡ്‌ ജനറേഷന് ദുഃഖത്തോട്
വല്ലാതൊരിഷ്ടണ്ട്.ആട്ടെ,പാട്ടേതെന്നു പറയൂ.”
പഴയ പാട്ട്
തന്നെ.”എന്‍റെ ജന്മം നീയെടുത്തു”.
“ഹൊ,വല്ല ലൈനിനും
ടെഡിക്കേറ്റു ചെയ്യാനാവും.”
ഏയ് ഈ പ്രായത്തില്‍
എന്തു ലൈന്‍.എന്‍റെ ഭാര്യക്ക് ടെഡിക്കേറ്റു ചെയ്യാനാ.
“ആണോ?വയസ്സായിട്ടും
ഭാര്യയോട്‌ ഇത്ര സ്നേഹോ?ആട്ടെ,അവരെന്തു ചെയ്യുന്നു?സുന്ദരിയാണോ?’
ങാ,ആയിരുന്നു,മരിച്ചു
പോയി.ആറുകൊല്ലമായി.
“ആഹാ,ആറു കൊല്ലം
കഴിഞ്ഞിട്ടും ചേട്ടന്‍ അവരെ ഇത്ര സീരിയസായി ഓര്‍ത്തിരിക്കുന്നോ?വണ്ടര്‍ഫുള്‍.എന്തിനാ
ചേട്ടാ ഈ കള്ളത്തരം?ഇത് ചേട്ടന്‍റെ ഏതോ ലൈനിന് ടെഡിക്കേറ്റു ചെയ്യാനല്ലേ?സത്യം
പറ.”വായിലേക്ക് ഇരച്ചു വന്ന ചവര്‍പ്പ്‌ തുപ്പിക്കളയാനായി അയാള്‍ റിസീവര്‍ തിരികെ
വെച്ചു.ആങ്കര്‍ തുടര്‍ന്നു;”അയ്യോ,ആ ചേട്ടന്‍ പിണങ്ങിയെന്നു തോന്നുന്നു.ഇതാ ഈ ഓള്‍ഡ്‌
ജനറേഷന്‍റെ കുഴപ്പം.ഭയങ്കര സീരിയസ്സായിരിക്കും.ഏതായാലും ശ്രീധരന്‍ ചേട്ടന്‍
മധുരമായി സ്നേഹിക്കുന്ന സുന്ദരിക്ക് വേണ്ടി ആ പാട്ട് വെക്കാം.അവരിത് കേട്ട് നാളെയോ
മറ്റന്നാളോ വിളിക്കുമെന്ന് പ്രതീക്ഷിക്കാം.”അയാള്‍ അപ്രത്യക്ഷനാവുകയും പാട്ടിന്‍റെ
സീനിലേക്ക് ചില്ലുപ്രതലം ഉണരുകയും ചെയ്തു.ന്യൂസ്‌ ചാനലിലെല്ലാം രാഷ്ട്രീയക്കാരെ
ചോദ്യം ചെയ്ത് വെള്ളം കുടിപ്പിക്കയാണ്.പ്രസിദ്ധ സാഹിത്യകാരി സ്വര്‍ണലത നിര്യാതയായി
എന്നൊരു ഫ്ലാഷ് ന്യൂസ്‌ പെട്ടെന്ന് ചില്ലുപായയുടെ അരികിലൂടെ യാത്ര ചെയ്യാന്‍
തുടങ്ങി.നിമിഷങ്ങള്‍ക്കകം ചാനലുകള്‍ മരണാഘോഷത്തിലേക്ക് ക്യാമറയും മൈക്കും
ഘടിപ്പിച്ചു.കരയുന്ന ഓരോ ബന്ധുവിനെയും തട്ടിവിളിച്ച് അവര്‍
ചോദിച്ചുകൊണ്ടിരുന്നു.”ഈ മരണം നിങ്ങളെ എങ്ങനെയാണ് ഫീല്‍ ചെയ്യുന്നത്.വിഷം
കഴിച്ചതാണെന്നു കേള്‍ക്കുന്നത് ശരിയാണോ?അവര്‍ കുറെ കാലം കേരളം വിട്ടുനില്‍ക്കാന്‍
എന്താണ് കാരണം?”ചോദ്യസൂചികള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ബന്ധുക്കളെ
ക്യാമറ ഒപ്പിയെടുത്തു.കരച്ചിലിന്‍റെ വൈരൂപ്യങ്ങളാല്‍ സ്ക്രീന്‍ നിറഞ്ഞു.ചിരി പോലെ
ഭംഗിയുള്ളതല്ല കരച്ചില്‍ .പ്രത്യേകിച്ചും വയസ്സായാല്‍.
മുറ്റത്ത് കാര്‍
വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.അയാള്‍ ധൃതിയില്‍ ടി വി ഓഫ് ചെയ്തു.തന്‍റേതായ
സാധനങ്ങളെല്ലാം അയാള്‍ പഴയൊരു ബാഗില്‍ പാക്ക് ചെയ്തു.ഒറ്റപ്പൈസ ബാലന്‍സില്ലാത്ത
മൊബൈലും കയ്യിലെടുത്തു.ബാലന്‍സ്ഷീറ്റില്‍ എപ്പോഴും വട്ടപ്പൂജ്യമാണ്.വ്യര്‍ത്ഥത അയാള്‍ക്ക്
മുമ്പില്‍ നരച്ച മേഘങ്ങളുമായി പരന്നു കിടന്നു.അയാളെ ഗൌനിക്കാതെ മകന്‍ മുകളിലേക്ക്
കയറിപ്പോയി.ഇനീപ്പോ ചോറ് വിളമ്പാന്‍ പറയും.കൊല്ലങ്ങളോളം മറ്റുള്ളവരെ
അനുസരിപ്പിച്ചയാള്‍ക്ക് കിട്ടേണ്ടുന്ന ശിക്ഷ തന്നെ.കുതറാന്‍ ആവണം
ഒരിക്കലെങ്കിലും.അയാള്‍ പതുക്കെ വാതില്‍ തുറന്നു.റോഡിലെത്തിയപ്പോള്‍ പെന്‍ഷന്‍ പണം
പേഴ്സിലില്ലേയെന്നു ഉറപ്പുവരുത്തി.”ശരണാലയം”-അയാള്‍ പറഞ്ഞ വിചിത്രനാമം കേട്ട്
ഓട്ടോക്കാരന്‍ പകച്ചു നോക്കി.എവിടെയാ അത്?മുഖം ചുളിച്ച് അയാള്‍ ചോദിച്ചു.നേരെ
വിട്ടോളൂ.”ഒട്ടും ശങ്കയില്ലാതെ ശ്രീധരന്‍ നായര്‍ പറഞ്ഞു.എവിടേലും ഒരു തണലില്‍ ഒരു
ശരണാലയം ഉണ്ടാവാതിരിക്കില്ല.പത്രത്തിന്‍റെ ചരമപേജില്‍ മൂലയിലെവിടെ യെങ്കിലും
വന്നേക്കാവുന്ന ഒരറിയിപ്പ്(ഫോട്ടോസഹിതം)അയാള്‍ മനസ്സിന്‍റെ മുഷിഞ്ഞ പേജില്‍ കാണാന്‍
തുടങ്ങി.
“കാണ്മാനില്ല.ശ്രീധരന്‍ നായര്‍,66വയസ്സ്,വെളുത്ത നിറം 168cmഉയരം,നെറ്റിയില്‍ ഒരു മറുകുണ്ട്.പഴയൊരു
ലുങ്കിയും വെളുത്ത ഷര്‍ട്ടും വേഷം.കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ്‌സ്റ്റേഷനില്‍
അറിയിക്കാനപേക്ഷ.”

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ആന്‍ടില

ഇരുപത്താറാംനിലയില്‍ നിന്ന് അയാള്‍ ദൂരേക്ക്‌ നോക്കി.ചേരികളുടെ വൃത്തികെട്ട ചേലത്തുമ്പ് കാറ്റില്‍ പാറുന്നു.ദുര്‍ഗന്ധം ഇത്ര ഉയരത്തിലേക്കും ഇഴഞ്ഞെത്തുന്നു.പോലീസിനെക്കൊണ്ട് തൊട്ടരികിലുള്ള ചേരികളെല്ലാം ഒഴിപ്പിച്ചതായിരുന്നു .ഒരു ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ കടലിന്‍റെ മനോഹാരിത മാത്രം.മറുഭാഗത്ത്‌ മൊബൈല്‍ ടവറുകള്‍ അനുസ്യൂതമായ ചങ്ങലയായി നിലകൊള്ളുന്നു.മൊബൈല്‍ടവറുകളെ വെല്ലുന്ന ഉയരം തന്‍റെ വീടിനുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി കയറിവന്നു.വീടിന്‍റെ പിന്‍വശത്താണ് നശിച്ച ആ കാഴ്ച-ദൂരെയെവിടെയോ ചേരിവീടുകളുടെ അളിഞ്ഞ നിര.ഇത്ര ഉയരത്തിലായിട്ടും ഈച്ചകളുടെ ഹുങ്കാരം കേള്‍ക്കാം.വൃത്തികെട്ട തെണ്ടിക്കുട്ടികളുടെ തൊള്ളപ്പാട്ടുകള്‍.എന്തൊരു ഏനക്കേട്!ഇന്ന് തന്നെ പോലീസിനെക്കൊണ്ട് ആ ചേരി ഒഴിപ്പിക്കണം.പണം കുറെ പൊടിച്ചാലുംവേണ്ടില്ല.

മുകളിലെ ഹെലിപ്പാടില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്നതിന്‍റെ മുരള്‍ച്ച.ഓ!ഇന്ന് കേന്ദ്രമന്ത്രി വരുമല്ലോ.വാര്‍ത്താവിനിമയരംഗത്ത് വിദേശകമ്പനികളുടെ സഹകരണത്തോടെ പുതിയൊരു പ്രോജെക്റ്റ്‌.അതേക്കുറിച്ചാണ് ചര്‍ച്ച.ഇരുപത്തിമൂന്നാംനിലയില്‍ കിച്ചന്‍ മാത്രമാണ്.മുപ്പത്തിരണ്ട് പരിചാരകര്‍.അഥിതി ഉണ്ടെന്നു അറിയിച്ചാല്‍ മതി.വേണ്ടതവരോരുക്കിക്കൊള്ളും.ഭക്ഷണം കഴിഞ്ഞു ഗസ്റ്റ്‌ മറ്റെന്തെങ്കിലും ആഗ്രഹിച്ചാലും കുഴപ്പമില്ല.ഇരുപത്തിനാലാംനില അന്തപുരമാണ്.വിവിധപ്രായത്തിലുള്ള സുന്ദരികള്‍.വികസിച്ചുകൊണ്ടിരിക്കുന്ന തന്‍റെ ബിസിനസ്സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ മറക്കാനാവാത്ത ഏടുകളാണവരെല്ലാം.ഇരുപത്തഞ്ചാംനില മുഴുവന്‍ എന്‍ടെര്‍ടെയിന്‍മെന്റിന്.അഥിതി ദേവോഭവ!ആരും മുഖം കറുപ്പിച്ച് ആന്‍റിലയുടെ പടിയിറങ്ങരുത്.ഗ്രൌണ്ട്ഫ്ലോര്‍ കാര്‍പാര്‍ക്കിങ്ങിനു മാത്രമാണ്.അവിടെ കൂട്ടിയ കാറുകള്‍ കണ്ടാല്‍ മഹാനഗരത്തില്‍ ഒരിക്കലും അത്ര കാറുകളില്ല എന്ന് ഒരാള്‍ ആണയിട്ടുപോകും.ഇരുപതാംനില അഥിതികള്‍ക്കുള്ള റിസോര്‍ട്ടാണ്.വീട്ടിലാകെ മൂന്നുപേരാണ്.അയാള്‍,ഭാര്യ,മകള്‍..തിരക്ക് കാരണം അവരെ എപ്പോഴും കാണാറുമില്ല.ഇരുപത്തൊന്നാംനില അവര്‍രണ്ടുപേരും സ്വന്തം ഇഷ്ട്ടത്തിനു തിരഞ്ഞെടുക്കുകയായിരുന്നു.സ്വന്തം ദേശമായ ഇരുപത്തെട്ടാംനിലയില്‍ നിന്ന് അവിടേക്ക് ഇറങ്ങുന്നത് വല്ലപ്പോഴും മാത്രം.എങ്കിലും അവരുടെ കാര്യങ്ങളൊന്നും അവതാളത്തിലാവില്ല.ഓരോ നിലയിലും ഇഷ്ടം പോലെ പരിചാരകര്‍.വെറും പീറവേലക്കാരല്ല.ഹോട്ടല്‍മാനേജ്മെന്‍റില്‍ പീജി എടുത്തവര്‍.ഓരോ നിലയിലും വിശാലമായ പത്തോളം ബെഡ്റൂമുകളുണ്ട്.ആന്റില താജ്മഹല്‍ പോലെ ചരിത്രത്തില്‍ എഴുതപ്പെടും.അയാള്‍ പുഞ്ചിരിച്ചു.ഗെയ്‌റ്റില്‍ നിന്ന് പാറാവുകാര്‍ ഒരു വൃദ്ധയെ അടിച്ചോടിക്കുന്നു.എന്തൊരു മുഷിഞ്ഞ വേഷം.പ്രായം മനുഷ്യനെ ഇത്ര വിരൂപമാക്കുമോ?തീയില്‍ ഉണക്കിയെടുത്തത് പോലൊരു കോലം!അപ്പോള്‍ അമ്മ വെറുതെ ഓര്‍മയിലേക്ക് കയറിവന്നു.അയാള്‍ സ്കോട്ട്‌ലന്‍ടില്‍ പഠിച്ചോണ്ടിരിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം.അച്ഛന്‍ ഫോണില്‍ അറിയിച്ചു:നീ വരേണ്ടതില്ല.മരണവും ജനനവും-ദാറ്റീസ് യൂഷല്‍.പഠനം ഉഴപ്പരുത്.നമ്മുടെ ബിസിനസ് നോക്കിനടത്തേണ്ടവനാണ് നീ.അത് മറക്കരുത്.എന്റര്‍ടെയിന്‍മെന്‍റ് ഒക്കെ ആയിക്കോ.പക്ഷേ സ്റ്റഡി-അതോര്‍മവേണം.ബോര്‍ഡിങ്ങില്‍ പഠിക്കുമ്പോഴേ അച്ഛന്‍ പഠിത്തത്തെക്കുറിച്ച് മാത്രമാണ് പറയുക.എത്രയോ പ്രമുഖര്‍ നിത്യവും കാണാന്‍ വരുന്ന ആളാണ്‌.ഭാര്യ,മകന്‍ ഇവരോടൊക്കെ സംസാരിക്കുന്നത് തന്നെ അപൂര്‍വം.വായിക്കുന്നതിനെക്കുറിച്ചും അച്ഛന് വ്യക്തമായ തിയറികള്‍ ഉണ്ട്."കണ്ട കണ്ട്രിസാഹിത്യങ്ങള്‍ വായിച്ചു നശിക്കരുത്.സാഹിത്യം ഇത്തിരിയുള്ളതാ നിന്‍റെ അമ്മേടെ കുഴപ്പം."വിജയിക്കാന്‍ നൂറു വിദ്യകള്‍,ജീവിതമെന്ന വെല്ലുവിളി,അങ്ങനെ കുറെ പുസ്തകങ്ങള്‍.ജയം ഒരു യുദ്ധം പോലെ ഉദ്വേഗഭരിതമാകുന്ന വീഡിയോ ഗയിംസ്.അനിയത്തി എട്ടാംവയസ്സില്‍ മരിച്ചിട്ടും അമ്മ അവള്‍ ഉള്ളത് പോലെ ജീവിച്ചു.ഇടയ്ക്കിടെ അവളുടെ റൂമില്‍ ചെന്ന് സാധനങ്ങളെല്ലാം അടുക്കി വെക്കും.അവളുടെ ഫോട്ടോയോട് സംസാരിക്കും.അത് കണ്ടാവണം അച്ഛന്‍ അമ്മയെ മെന്‍റല്‍ഹോസ്പിറ്റലില്‍ ആക്കിയത്.ഒരവധിക്ക് വന്നപ്പോള്‍ വേലക്കാര്‍ മാത്രം.

അമ്മയെവിടെ?"പേടിയോടെ ചോദിച്ചു.

കരണ്ടടിപ്പിക്കാ.വല്യ ആശുപത്രീല്."നാണു പറഞ്ഞു.അച്ഛന്‍റെ പുറകെ നടന്നു കെഞ്ചി."അച്ഛാ ഒന്ന് പൊയ്ക്കോട്ടെ?"

അച്ഛന്‍ നിര്‍വികാരതയുടെ കട്ടിക്കണ്ണടയിലൂടെ നോക്കി."ഇത്തവണ ഓക്കെ.ഇത്തരം സില്ലികാര്യങ്ങള്‍ ആലോചിച്ച് മനസ്സിന്‍റെ കോണ്‍സന്‍ട്രേഷന്‍ കളയരുത്.അത്രേം നല്ലൊരു സ്കൂളില്‍ അത്രേം പണം കൊടുത്ത്..."ആ പ്രഭാഷണം അധികം നീളുന്നതിന് മുമ്പ് വേഗം തലയിളക്കി.

നഗരത്തിനപ്പുറത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന കൂറ്റന്‍കെട്ടിടം.അമ്മയുടെ കാലുകള്‍ കട്ടിലില്‍ ബന്ധിച്ചിരിക്കുന്നു."അമ്മേടെ അടുത്തൊന്നു പൊയ്ക്കോട്ടെ?"ഡ്രൈവറോട്‌ കേണു.വേണ്ട കുട്ട്യേ,മൂപ്പരറിഞ്ഞാ എന്‍റെ പണീം പോകും.ആയമ്മക്കെപ്പളാ എളകാന്നു പറയാനോക്കൂല.'അതിനിടെ അമ്മ കണ്ണ് തുറന്നു.ആലസ്യത്തിന്‍റെ കലക്കന്‍വെള്ളമായി കണ്ണുകള്‍ അപരിചിതരെയെന്നോണം ഞങ്ങളെ നോക്കി.പിന്നെ എന്നത്തെയുംപോലെ പാടിപ്പതിഞ്ഞ ആ താരാട്ട് മൂളാന്‍ തുടങ്ങി.

"ഇതൊന്നും കാര്യാക്കണ്ട.കേട്ടിയില്ലേല്‍ പാടണേന്‍റെ എടേല് കൊടുവാളെടുക്കും.ഒരീസം മൂപ്പരെ വെട്ടേണ്ടതാര്‍ന്നു.എന്‍റെ ഈശ്വരന്മാരേ!ഞങ്ങള്‍ കണ്ടില്ലായിരുന്നേല്‍ ആയമ്മക്കിപ്പോ ജയിലിലും കിടക്കേണ്ടി വന്നേനെ.എന്തുണ്ടായിട്ടെന്താ കുട്ട്യേ സമാധാനം ഇല്ലാതെ".

ഡ്രൈവര്‍ കാറിനരികിലെക്ക് നടന്നു.'അമ്മയെ ഇവിടന്ന് കൊണ്ടോണില്ലേ?"താനയാളുടെ കൈ പിടിച്ചു വലിച്ചു."ആര് കൊണ്ടോവാന്‍?മൂപ്പരോ?കണക്കായിപ്പോയി.നീ വലുതായിട്ട് വേണേല്‍ നോക്കാം."ദാരിദ്ര്യം താനൊരിക്കലും അനുഭവിച്ചിട്ടില്ല.സമാധാനക്കേടിന്‍റെ ഒരു നീരാളി വീടിനെ എപ്പോഴും ചുറ്റിപ്പിടിച്ചിരുന്നു.തന്നെയതൊന്നും ബാധിച്ചിരുന്നില്ല.ഇഷ്ടം പോലെ പണം,കൂട്ടുകാര്‍,മദ്യം,പെണ്‍കുട്ടികള്‍..മുടിഞ്ഞ ബുദ്ധിയായതോണ്ട് വിജയം എന്നും കാല്‍ച്ചുവട്ടിലെത്തി..ഇപ്പോള്‍ താന്‍ സംതൃപ്തനാണോ?ഓ!എന്തസംതൃപ്തി?താന്‍ വിജയങ്ങളുടെ വെന്നിക്കൊടി പാറിക്കേണ്ടവന്‍.മദ്യഗ്ലാസ്‌ ചുഴറ്റിക്കൊണ്ട് അയാള്‍ പൊട്ടിച്ചിരിച്ചു.ഗേറ്റില്‍ പിന്നെയും തെണ്ടികള്‍ മുട്ടിവിളിച്ചു.ചെമ്പിച്ച മുടിയും എന്നോ വെള്ളം കണ്ട ദേഹവും.നൂയിസന്‍സ്‌!ചേരികളെല്ലാം ബോംബിട്ടുതകര്‍ക്കണം.ഭൂമിയില്‍ ഭാഗ്യമുള്ളവര്‍ മാത്രമേ ജനിക്കേണ്ടതുള്ളൂ.ഈ അളിഞ്ഞ ജന്മം കൊണ്ട് ഈ ആശ്രീകരങ്ങള്‍ക്കെല്ലാം എന്തു കിട്ടുന്നു?അഞ്ചില്‍ ആയിരിക്കെ അച്ഛന്‍ ഒരു യന്ത്രപ്പാവയെ സമ്മാനിച്ചു.ക്ലാസ്സില്‍ ഒന്നാംറാങ്കുകാരനായതിന്.സമ്മാനം തരുമ്പോഴും അച്ഛന്‍ ഒരു പോലീസുകാരന്‍റെ ഗൌരവം നിലനിര്‍ത്തി.ബാല്യത്തിന്‍റെ ഓരങ്ങളിലെല്ലാം പരിചാരകരുടെ സ്പര്‍ശം മാത്രം.അച്ഛന്‍,അമ്മ ആരും തന്നെ ലാളിച്ചിരുന്നില്ല."യു ഹാവ്‌ എ ലോട്ട് ടു ലേന്‍ ഫ്രം ഇറ്റ്‌.ഇറ്റ്‌ വില്‍ ടോക് ടു യു ആള്‍സോ."അന്ന് മുതല്‍ തുടങ്ങിയ ചങ്ങാത്തമാണ് യന്ത്രപ്പാവയുമായി.മടിയില്‍ വെക്കാനാഞ്ഞപ്പോള്‍ അത് ചുണ്ട് കൂര്‍പ്പിച്ചു."സീറ്റ്‌ മി ഓണ്‍ എ ചെയര്‍.നോട്ട് ഓണ്‍ യുവര്‍ ലാപ്‌."അനുസരിച്ചു വെറുതെ ഒരു കൌതുകത്തിന് ഒരുമ്മ കൊടുക്കാനാഞ്ഞപ്പോ സ്വര്‍ണമുടി ഇളക്കി അത് മന്ത്രിച്ചു:"ഡോണ്ട് കിസ്സ്‌ മി ഐ ആം യുവര്‍ മാസ്റ്റര്‍,"ആ ഗുരുശിഷ്യ ബന്ധം കൊണ്ട് താനൊരു വിജയമായി.അനാവശ്യമായ സെണ്ടിമെന്‍റ്സ് ഇല്ല ആരോടും.അത്തരം പീറമനുഷ്യനായിട്ട് എന്തു കാര്യം?

സുനാമിത്തിരകള്‍ ഭീമന്‍കൈകളാല്‍ എല്ലാം അടിച്ചുടക്കുന്നതിനെക്കുറിച്ച് അയാള്‍ ശ്രവിച്ചത് ലണ്ടനില്‍ വെച്ചായിരുന്നു.ആദ്യമായി ഭീതി അയാളുടെ ഇരുമ്പ്ഹൃദയത്തിലേക്ക്‌ ഒരു പിടി മണ്ണ് വാരിയിട്ടു.വെള്ളത്തിന്‍റെ കൂര്‍ത്ത തേറ്റകള്‍ ആന്‍ടിലയുടെ ഉരുക്കുചുമരുകളെ അടിച്ചുടച്ചു.പരാജയത്തിന്‍റെ രാക്ഷസന്‍തിര ചീറിയടിക്കുന്നത് കണ്ട് അയാള്‍ നിലവിളിച്ചു.അയാളുടെ ഹൃദയം ഒരുമാത്ര മൃദുലമായി.അതിന്‍റെ മൂലയിലെവിടെയോ താരള്യത്തിന്‍റെ കുമിളകളുയര്‍ന്നു.ഒരു നിമിഷം മാത്രം.അടുത്ത സെക്കന്‍ടില്‍ അത് വീണ്ടും ദൃഡമായി.വിജയത്തിന്‍റെ പുതുമന്ത്രങ്ങള്‍ അയാള്‍ ഒരു സൂത്രവാക്യമെന്നോണം ആവര്‍ത്തിച്ചു ചൊല്ലാന്‍ തുടങ്ങി.

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി..മനസ്സാണ് എല്ലാം.അതെപ്പോള്‍ അതിജയിക്കുന്നുവോ അപ്പോള്‍ നിങ്ങളും വിജയത്തിന്‍റെ കൂടെയാണ്...അയാള്‍ മറ്റൊരു ആന്‍ടിലയുടെ നിര്‍മാണത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി.മറ്റൊരു ഭാര്യ,മറ്റൊരു മകള്‍,വേറെ പരിചാരകര്‍,വേറെ അഥിതികള്‍...അതൊരിക്കലും കടലിനടുത്താവരുത്.അയാള്‍ മനസ്സിലുറപ്പിച്ചു.