Pages

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ആന്‍ടില

ഇരുപത്താറാംനിലയില്‍ നിന്ന് അയാള്‍ ദൂരേക്ക്‌ നോക്കി.ചേരികളുടെ വൃത്തികെട്ട ചേലത്തുമ്പ് കാറ്റില്‍ പാറുന്നു.ദുര്‍ഗന്ധം ഇത്ര ഉയരത്തിലേക്കും ഇഴഞ്ഞെത്തുന്നു.പോലീസിനെക്കൊണ്ട് തൊട്ടരികിലുള്ള ചേരികളെല്ലാം ഒഴിപ്പിച്ചതായിരുന്നു .ഒരു ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ കടലിന്‍റെ മനോഹാരിത മാത്രം.മറുഭാഗത്ത്‌ മൊബൈല്‍ ടവറുകള്‍ അനുസ്യൂതമായ ചങ്ങലയായി നിലകൊള്ളുന്നു.മൊബൈല്‍ടവറുകളെ വെല്ലുന്ന ഉയരം തന്‍റെ വീടിനുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി കയറിവന്നു.വീടിന്‍റെ പിന്‍വശത്താണ് നശിച്ച ആ കാഴ്ച-ദൂരെയെവിടെയോ ചേരിവീടുകളുടെ അളിഞ്ഞ നിര.ഇത്ര ഉയരത്തിലായിട്ടും ഈച്ചകളുടെ ഹുങ്കാരം കേള്‍ക്കാം.വൃത്തികെട്ട തെണ്ടിക്കുട്ടികളുടെ തൊള്ളപ്പാട്ടുകള്‍.എന്തൊരു ഏനക്കേട്!ഇന്ന് തന്നെ പോലീസിനെക്കൊണ്ട് ആ ചേരി ഒഴിപ്പിക്കണം.പണം കുറെ പൊടിച്ചാലുംവേണ്ടില്ല.

മുകളിലെ ഹെലിപ്പാടില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്നതിന്‍റെ മുരള്‍ച്ച.ഓ!ഇന്ന് കേന്ദ്രമന്ത്രി വരുമല്ലോ.വാര്‍ത്താവിനിമയരംഗത്ത് വിദേശകമ്പനികളുടെ സഹകരണത്തോടെ പുതിയൊരു പ്രോജെക്റ്റ്‌.അതേക്കുറിച്ചാണ് ചര്‍ച്ച.ഇരുപത്തിമൂന്നാംനിലയില്‍ കിച്ചന്‍ മാത്രമാണ്.മുപ്പത്തിരണ്ട് പരിചാരകര്‍.അഥിതി ഉണ്ടെന്നു അറിയിച്ചാല്‍ മതി.വേണ്ടതവരോരുക്കിക്കൊള്ളും.ഭക്ഷണം കഴിഞ്ഞു ഗസ്റ്റ്‌ മറ്റെന്തെങ്കിലും ആഗ്രഹിച്ചാലും കുഴപ്പമില്ല.ഇരുപത്തിനാലാംനില അന്തപുരമാണ്.വിവിധപ്രായത്തിലുള്ള സുന്ദരികള്‍.വികസിച്ചുകൊണ്ടിരിക്കുന്ന തന്‍റെ ബിസിനസ്സാമ്രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ മറക്കാനാവാത്ത ഏടുകളാണവരെല്ലാം.ഇരുപത്തഞ്ചാംനില മുഴുവന്‍ എന്‍ടെര്‍ടെയിന്‍മെന്റിന്.അഥിതി ദേവോഭവ!ആരും മുഖം കറുപ്പിച്ച് ആന്‍റിലയുടെ പടിയിറങ്ങരുത്.ഗ്രൌണ്ട്ഫ്ലോര്‍ കാര്‍പാര്‍ക്കിങ്ങിനു മാത്രമാണ്.അവിടെ കൂട്ടിയ കാറുകള്‍ കണ്ടാല്‍ മഹാനഗരത്തില്‍ ഒരിക്കലും അത്ര കാറുകളില്ല എന്ന് ഒരാള്‍ ആണയിട്ടുപോകും.ഇരുപതാംനില അഥിതികള്‍ക്കുള്ള റിസോര്‍ട്ടാണ്.വീട്ടിലാകെ മൂന്നുപേരാണ്.അയാള്‍,ഭാര്യ,മകള്‍..തിരക്ക് കാരണം അവരെ എപ്പോഴും കാണാറുമില്ല.ഇരുപത്തൊന്നാംനില അവര്‍രണ്ടുപേരും സ്വന്തം ഇഷ്ട്ടത്തിനു തിരഞ്ഞെടുക്കുകയായിരുന്നു.സ്വന്തം ദേശമായ ഇരുപത്തെട്ടാംനിലയില്‍ നിന്ന് അവിടേക്ക് ഇറങ്ങുന്നത് വല്ലപ്പോഴും മാത്രം.എങ്കിലും അവരുടെ കാര്യങ്ങളൊന്നും അവതാളത്തിലാവില്ല.ഓരോ നിലയിലും ഇഷ്ടം പോലെ പരിചാരകര്‍.വെറും പീറവേലക്കാരല്ല.ഹോട്ടല്‍മാനേജ്മെന്‍റില്‍ പീജി എടുത്തവര്‍.ഓരോ നിലയിലും വിശാലമായ പത്തോളം ബെഡ്റൂമുകളുണ്ട്.ആന്റില താജ്മഹല്‍ പോലെ ചരിത്രത്തില്‍ എഴുതപ്പെടും.അയാള്‍ പുഞ്ചിരിച്ചു.ഗെയ്‌റ്റില്‍ നിന്ന് പാറാവുകാര്‍ ഒരു വൃദ്ധയെ അടിച്ചോടിക്കുന്നു.എന്തൊരു മുഷിഞ്ഞ വേഷം.പ്രായം മനുഷ്യനെ ഇത്ര വിരൂപമാക്കുമോ?തീയില്‍ ഉണക്കിയെടുത്തത് പോലൊരു കോലം!അപ്പോള്‍ അമ്മ വെറുതെ ഓര്‍മയിലേക്ക് കയറിവന്നു.അയാള്‍ സ്കോട്ട്‌ലന്‍ടില്‍ പഠിച്ചോണ്ടിരിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം.അച്ഛന്‍ ഫോണില്‍ അറിയിച്ചു:നീ വരേണ്ടതില്ല.മരണവും ജനനവും-ദാറ്റീസ് യൂഷല്‍.പഠനം ഉഴപ്പരുത്.നമ്മുടെ ബിസിനസ് നോക്കിനടത്തേണ്ടവനാണ് നീ.അത് മറക്കരുത്.എന്റര്‍ടെയിന്‍മെന്‍റ് ഒക്കെ ആയിക്കോ.പക്ഷേ സ്റ്റഡി-അതോര്‍മവേണം.ബോര്‍ഡിങ്ങില്‍ പഠിക്കുമ്പോഴേ അച്ഛന്‍ പഠിത്തത്തെക്കുറിച്ച് മാത്രമാണ് പറയുക.എത്രയോ പ്രമുഖര്‍ നിത്യവും കാണാന്‍ വരുന്ന ആളാണ്‌.ഭാര്യ,മകന്‍ ഇവരോടൊക്കെ സംസാരിക്കുന്നത് തന്നെ അപൂര്‍വം.വായിക്കുന്നതിനെക്കുറിച്ചും അച്ഛന് വ്യക്തമായ തിയറികള്‍ ഉണ്ട്."കണ്ട കണ്ട്രിസാഹിത്യങ്ങള്‍ വായിച്ചു നശിക്കരുത്.സാഹിത്യം ഇത്തിരിയുള്ളതാ നിന്‍റെ അമ്മേടെ കുഴപ്പം."വിജയിക്കാന്‍ നൂറു വിദ്യകള്‍,ജീവിതമെന്ന വെല്ലുവിളി,അങ്ങനെ കുറെ പുസ്തകങ്ങള്‍.ജയം ഒരു യുദ്ധം പോലെ ഉദ്വേഗഭരിതമാകുന്ന വീഡിയോ ഗയിംസ്.അനിയത്തി എട്ടാംവയസ്സില്‍ മരിച്ചിട്ടും അമ്മ അവള്‍ ഉള്ളത് പോലെ ജീവിച്ചു.ഇടയ്ക്കിടെ അവളുടെ റൂമില്‍ ചെന്ന് സാധനങ്ങളെല്ലാം അടുക്കി വെക്കും.അവളുടെ ഫോട്ടോയോട് സംസാരിക്കും.അത് കണ്ടാവണം അച്ഛന്‍ അമ്മയെ മെന്‍റല്‍ഹോസ്പിറ്റലില്‍ ആക്കിയത്.ഒരവധിക്ക് വന്നപ്പോള്‍ വേലക്കാര്‍ മാത്രം.

അമ്മയെവിടെ?"പേടിയോടെ ചോദിച്ചു.

കരണ്ടടിപ്പിക്കാ.വല്യ ആശുപത്രീല്."നാണു പറഞ്ഞു.അച്ഛന്‍റെ പുറകെ നടന്നു കെഞ്ചി."അച്ഛാ ഒന്ന് പൊയ്ക്കോട്ടെ?"

അച്ഛന്‍ നിര്‍വികാരതയുടെ കട്ടിക്കണ്ണടയിലൂടെ നോക്കി."ഇത്തവണ ഓക്കെ.ഇത്തരം സില്ലികാര്യങ്ങള്‍ ആലോചിച്ച് മനസ്സിന്‍റെ കോണ്‍സന്‍ട്രേഷന്‍ കളയരുത്.അത്രേം നല്ലൊരു സ്കൂളില്‍ അത്രേം പണം കൊടുത്ത്..."ആ പ്രഭാഷണം അധികം നീളുന്നതിന് മുമ്പ് വേഗം തലയിളക്കി.

നഗരത്തിനപ്പുറത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന കൂറ്റന്‍കെട്ടിടം.അമ്മയുടെ കാലുകള്‍ കട്ടിലില്‍ ബന്ധിച്ചിരിക്കുന്നു."അമ്മേടെ അടുത്തൊന്നു പൊയ്ക്കോട്ടെ?"ഡ്രൈവറോട്‌ കേണു.വേണ്ട കുട്ട്യേ,മൂപ്പരറിഞ്ഞാ എന്‍റെ പണീം പോകും.ആയമ്മക്കെപ്പളാ എളകാന്നു പറയാനോക്കൂല.'അതിനിടെ അമ്മ കണ്ണ് തുറന്നു.ആലസ്യത്തിന്‍റെ കലക്കന്‍വെള്ളമായി കണ്ണുകള്‍ അപരിചിതരെയെന്നോണം ഞങ്ങളെ നോക്കി.പിന്നെ എന്നത്തെയുംപോലെ പാടിപ്പതിഞ്ഞ ആ താരാട്ട് മൂളാന്‍ തുടങ്ങി.

"ഇതൊന്നും കാര്യാക്കണ്ട.കേട്ടിയില്ലേല്‍ പാടണേന്‍റെ എടേല് കൊടുവാളെടുക്കും.ഒരീസം മൂപ്പരെ വെട്ടേണ്ടതാര്‍ന്നു.എന്‍റെ ഈശ്വരന്മാരേ!ഞങ്ങള്‍ കണ്ടില്ലായിരുന്നേല്‍ ആയമ്മക്കിപ്പോ ജയിലിലും കിടക്കേണ്ടി വന്നേനെ.എന്തുണ്ടായിട്ടെന്താ കുട്ട്യേ സമാധാനം ഇല്ലാതെ".

ഡ്രൈവര്‍ കാറിനരികിലെക്ക് നടന്നു.'അമ്മയെ ഇവിടന്ന് കൊണ്ടോണില്ലേ?"താനയാളുടെ കൈ പിടിച്ചു വലിച്ചു."ആര് കൊണ്ടോവാന്‍?മൂപ്പരോ?കണക്കായിപ്പോയി.നീ വലുതായിട്ട് വേണേല്‍ നോക്കാം."ദാരിദ്ര്യം താനൊരിക്കലും അനുഭവിച്ചിട്ടില്ല.സമാധാനക്കേടിന്‍റെ ഒരു നീരാളി വീടിനെ എപ്പോഴും ചുറ്റിപ്പിടിച്ചിരുന്നു.തന്നെയതൊന്നും ബാധിച്ചിരുന്നില്ല.ഇഷ്ടം പോലെ പണം,കൂട്ടുകാര്‍,മദ്യം,പെണ്‍കുട്ടികള്‍..മുടിഞ്ഞ ബുദ്ധിയായതോണ്ട് വിജയം എന്നും കാല്‍ച്ചുവട്ടിലെത്തി..ഇപ്പോള്‍ താന്‍ സംതൃപ്തനാണോ?ഓ!എന്തസംതൃപ്തി?താന്‍ വിജയങ്ങളുടെ വെന്നിക്കൊടി പാറിക്കേണ്ടവന്‍.മദ്യഗ്ലാസ്‌ ചുഴറ്റിക്കൊണ്ട് അയാള്‍ പൊട്ടിച്ചിരിച്ചു.ഗേറ്റില്‍ പിന്നെയും തെണ്ടികള്‍ മുട്ടിവിളിച്ചു.ചെമ്പിച്ച മുടിയും എന്നോ വെള്ളം കണ്ട ദേഹവും.നൂയിസന്‍സ്‌!ചേരികളെല്ലാം ബോംബിട്ടുതകര്‍ക്കണം.ഭൂമിയില്‍ ഭാഗ്യമുള്ളവര്‍ മാത്രമേ ജനിക്കേണ്ടതുള്ളൂ.ഈ അളിഞ്ഞ ജന്മം കൊണ്ട് ഈ ആശ്രീകരങ്ങള്‍ക്കെല്ലാം എന്തു കിട്ടുന്നു?അഞ്ചില്‍ ആയിരിക്കെ അച്ഛന്‍ ഒരു യന്ത്രപ്പാവയെ സമ്മാനിച്ചു.ക്ലാസ്സില്‍ ഒന്നാംറാങ്കുകാരനായതിന്.സമ്മാനം തരുമ്പോഴും അച്ഛന്‍ ഒരു പോലീസുകാരന്‍റെ ഗൌരവം നിലനിര്‍ത്തി.ബാല്യത്തിന്‍റെ ഓരങ്ങളിലെല്ലാം പരിചാരകരുടെ സ്പര്‍ശം മാത്രം.അച്ഛന്‍,അമ്മ ആരും തന്നെ ലാളിച്ചിരുന്നില്ല."യു ഹാവ്‌ എ ലോട്ട് ടു ലേന്‍ ഫ്രം ഇറ്റ്‌.ഇറ്റ്‌ വില്‍ ടോക് ടു യു ആള്‍സോ."അന്ന് മുതല്‍ തുടങ്ങിയ ചങ്ങാത്തമാണ് യന്ത്രപ്പാവയുമായി.മടിയില്‍ വെക്കാനാഞ്ഞപ്പോള്‍ അത് ചുണ്ട് കൂര്‍പ്പിച്ചു."സീറ്റ്‌ മി ഓണ്‍ എ ചെയര്‍.നോട്ട് ഓണ്‍ യുവര്‍ ലാപ്‌."അനുസരിച്ചു വെറുതെ ഒരു കൌതുകത്തിന് ഒരുമ്മ കൊടുക്കാനാഞ്ഞപ്പോ സ്വര്‍ണമുടി ഇളക്കി അത് മന്ത്രിച്ചു:"ഡോണ്ട് കിസ്സ്‌ മി ഐ ആം യുവര്‍ മാസ്റ്റര്‍,"ആ ഗുരുശിഷ്യ ബന്ധം കൊണ്ട് താനൊരു വിജയമായി.അനാവശ്യമായ സെണ്ടിമെന്‍റ്സ് ഇല്ല ആരോടും.അത്തരം പീറമനുഷ്യനായിട്ട് എന്തു കാര്യം?

സുനാമിത്തിരകള്‍ ഭീമന്‍കൈകളാല്‍ എല്ലാം അടിച്ചുടക്കുന്നതിനെക്കുറിച്ച് അയാള്‍ ശ്രവിച്ചത് ലണ്ടനില്‍ വെച്ചായിരുന്നു.ആദ്യമായി ഭീതി അയാളുടെ ഇരുമ്പ്ഹൃദയത്തിലേക്ക്‌ ഒരു പിടി മണ്ണ് വാരിയിട്ടു.വെള്ളത്തിന്‍റെ കൂര്‍ത്ത തേറ്റകള്‍ ആന്‍ടിലയുടെ ഉരുക്കുചുമരുകളെ അടിച്ചുടച്ചു.പരാജയത്തിന്‍റെ രാക്ഷസന്‍തിര ചീറിയടിക്കുന്നത് കണ്ട് അയാള്‍ നിലവിളിച്ചു.അയാളുടെ ഹൃദയം ഒരുമാത്ര മൃദുലമായി.അതിന്‍റെ മൂലയിലെവിടെയോ താരള്യത്തിന്‍റെ കുമിളകളുയര്‍ന്നു.ഒരു നിമിഷം മാത്രം.അടുത്ത സെക്കന്‍ടില്‍ അത് വീണ്ടും ദൃഡമായി.വിജയത്തിന്‍റെ പുതുമന്ത്രങ്ങള്‍ അയാള്‍ ഒരു സൂത്രവാക്യമെന്നോണം ആവര്‍ത്തിച്ചു ചൊല്ലാന്‍ തുടങ്ങി.

പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി..മനസ്സാണ് എല്ലാം.അതെപ്പോള്‍ അതിജയിക്കുന്നുവോ അപ്പോള്‍ നിങ്ങളും വിജയത്തിന്‍റെ കൂടെയാണ്...അയാള്‍ മറ്റൊരു ആന്‍ടിലയുടെ നിര്‍മാണത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി.മറ്റൊരു ഭാര്യ,മറ്റൊരു മകള്‍,വേറെ പരിചാരകര്‍,വേറെ അഥിതികള്‍...അതൊരിക്കലും കടലിനടുത്താവരുത്.അയാള്‍ മനസ്സിലുറപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ