Pages

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വൈറസ്(കഥ)

 പന്തിന് ചുറ്റും ആണിയടിച്ചപോലുള്ള അതിന്റെ രൂപം ഒട്ടും ഭംഗിയുള്ളതായിരുന്നില്ല.എന്നിട്ടും ആരെയും വശീകരിക്കുന്ന ഒരു പ്രശാന്തത അതിനു ചുറ്റും ഒരു വലയമായി തിളങ്ങി.

"സാധാരണ ആർക്കും എന്നെ കാണാൻ കഴിയാത്തതാണ്.നല്ല ശക്തിയുള്ള ലെൻസൊക്കെ വേണം. പിന്നെ നിന്റെ മുന്നിൽ എന്റെ വിശ്വരൂപം ഒന്നു കാണിക്കാമെന്നു വച്ചു. എന്നിട്ടും ഇത്രേ ഉള്ളൂ.നീ എഴുത്തുകാരനല്ലേ? കുറെയായി മനസ്സ് മുരടിച്ചിരിപ്പല്ലേ?" 

ആ രൂപം അയാളെ നോക്കി വശ്യമായി ചിരിച്ചു.

അയാൾ ഭയത്തോടെ മൂന്നടുക്കുള്ള തന്റെ മാസ്ക്ക് ഒന്നൂടെ മേലേക്ക് കേറ്റി വച്ചു. മൂക്കും വായയും ആവരണത്തിനുള്ളിൽ പതുങ്ങിയിരുന്നു. അല്ലെങ്കിലേ ക്വാറന്റൈനിലാണ്.നാശം പിടിച്ച ഈ ജന്തു ഇപ്പോൾ എന്തിനാണ് തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നത്? മനുഷ്യരെ യാതൊരു ദയയുമില്ലാതെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്ന ഈ ജീവി എന്തിനാണിപ്പോൾ ചാടിക്കേറി വന്നിരിക്കുന്നത്? ഭീതി അയാളുടെ ഉള്ളിൽ അട്ടയായി അള്ളിപിടിച്ചു. 


"ഹേയ്, ഭയപ്പെടാതിരിക്കൂ, ലോകമൊട്ടാകെ മരണം ലക്ഷങ്ങൾ കടന്നു അല്ലേ? എന്നിട്ടും ഞാൻ പറയാൻ ആഗ്രഹിച്ചതോന്നും ആർക്കും മനസ്സിലായിട്ടില്ല. നീ എഴുത്തുകാരനല്ലേ? നീ വേണം എന്റെ നാക്കാവൻ."


"എന്താ നിനക്ക് പറയാനുള്ളത്?"

വിറയ്ക്കുന്ന വാക്കുകൾ മാസ്കിനുള്ളിൽ നിന്നു തെറിച്ചു.


"പറയാം, നിങ്ങളുടെ ആരാധനാലായങ്ങളൊക്കെ അടച്ചു പൂട്ടി അല്ലേ? എന്തായിരുന്നു വഴക്കുകൾ, ചോരപ്പെയ്ത്തുകൾ..എന്തേ നിങ്ങളുടെ ദൈവങ്ങളൊന്നും ഇപ്പൊ നിങ്ങളെ രക്ഷിക്കുന്നില്ലേ? പൊങ്ങച്ചവും അപരദ്വേഷവുമല്ലാതെ മറ്റെന്താണ് നിങ്ങളുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വാഴുന്നത്? ദൈവം നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന ലളിതസത്യം മറന്നില്ലായിരുന്നെങ്കിൽ എത്രയെത്ര കലാപങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു"


തന്റെ മുള്ളുകളെ ഒന്നു വിറപ്പിച്ചുകൊണ്ട് വൈറസ് തുടർന്നു- " എത്രയായിരുന്നു നിങ്ങളുടെ ആർഭാടം.ഓരോ കല്യാണമാമാങ്കത്തിനും എത്രയെത്ര വിഭവങ്ങളാണ് കുഴിച്ചു മൂടിയിരുന്നത്. അതും എത്രയോ ആളുകൾ വിശന്നു മരിക്കുമ്പോൾ. ലോക് ഡൗണ് കാരണം റേഷൻ ആശ്രയിച്ചായില്ലേ ഇപ്പോൾ ജീവിതം? വീട്ടിൽ സ്വന്തം കുഞ്ഞിനോട് പോലും മിണ്ടാൻ സമയമില്ലാതെ കാറ്റുപോലെ പാഞ്ഞിരുന്നവൻ ഇപ്പോൾ എങ്ങും പോകാനില്ലാതെ , വീട്ടിലിരുന്ന് മടുത്ത് മടുത്ത്.."


"ഇങ്ങനെ ക്രൂരമായി സംസാരിക്കാതിരിക്കൂ." അയാൾ വെറുപ്പോടെ മുരണ്ടു. "ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്ന്  കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയതാണ് ഞാൻ. എനിക്കൊരല്പം സ്വസ്ഥത വേണം." 


"നോക്ക്, നിങ്ങൾ കുറച്ചു കാലം വീട്ടിൽ ഒതുങ്ങിയപ്പോഴേക്ക് ഈ ഭൂമിക്ക് വന്ന മാറ്റം.കിളികളുടെ കലപില കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നില്ലേ? പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറുന്നത് കണ്ടോ? പുകമേഘങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ആകാശം തെളിഞ്ഞു ചിരിക്കുന്നു. എന്തായിരുന്നു മനുഷ്യരുടെ അഹങ്കാരം

 ആയുധങ്ങൾ തരാതരം നിർമിച്ച് ചുട്ടു ചാമ്പലാക്കുകയായിരുന്നില്ലേ നാനാദിക്കും? ഇപ്പോൾ വീടിന്റെ അറകളിൽ ഒരുങ്ങിയപ്പോൾ നിങ്ങൾക്ക് നഷ്ടമായ കാഴ്ച്ച തിരിച്ചു കിട്ടിയോ?"


"നിർത്ത്"- ക്രോധത്തോടെ അയാൾ അലറി. "മതി നിന്റെ പ്രസംഗം. എവിടെയാണ് നിന്നിൽ നീതി? വാഴുന്നോരുടെ എല്ലാ അക്രമങ്ങൾക്കും ഇരകൾ ഞങ്ങൾ സാധാരണക്കാരാണ്. നീയോ? നീയും അത് തന്നെയല്ലേ ചെയ്യുന്നത്? ഞങ്ങളുടെ സ്വപ്നങ്ങളെയല്ലേ നീ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത്? തൊടാനായോ അക്രമിയായ ഒരു രാജാവിനെയെങ്കിലും? "


ദേഷ്യത്താൽ അയാളുടെ കണ്ണുകൽ ചുവന്നു. ആ മുള്ളുള്ള ജീവിയെ കുത്തിച്ചതച്ചാലോ എന്നയാൾ ചിന്തിച്ചു.


"ശരിയാണ്, വൈറസ് മന്ത്രിച്ചു."ആഗ്രഹമില്ലാഞ്ഞിട്ടാണോ? അരമനകളിലേക്ക് കയറാൻ ഒരു പഴുതും ഇല്ല."


"എങ്കിൽ ഇനി മിണ്ടിപ്പോകരുത്.എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല.പോ എന്റെ മുന്നിൽ നിന്ന്.." 


ഒരു അലമുറയോടെ ഞെട്ടിയുണർന്ന അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. ഹോ, അതൊരു സ്വപ്നമായിരുന്നോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാളുടെ ചലനങ്ങളെ ഉറ്റു നോക്കുന്ന മഞ്ഞച്ചുമരുകൾ പതിയെ ചിരിച്ചു.മൂലയിലിരുന്ന പല്ലി   ഉറക്കെ ചിലച്ചു.ഏകാന്തവാസം ഏതാനും നാൾ പിന്നിട്ടപ്പോഴേക്കും തന്റെ മനസ്സിനെന്താണ് സംഭവിക്കുന്നത്? ജയിലുകളിൽ ഏകാന്തതടവിൽ കഴിയുന്നവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും.


കതകിനപ്പുറത്തു നിന്നും "മോനെ" എന്ന ക്ഷീണിച്ച സ്വരമുയർന്നു. 

"ഞാനെടുത്തോളാ ഉമ്മാ, അവിടെ നിൽക്കേണ്ട".


വാതിൽ തുറന്നപ്പോൾ ഉമ്മ ദൂരെ മാറി നിന്ന് സങ്കടത്തോടെ നോക്കുകയാണ്.അയാൾ പണിപ്പെട്ടു ചിരിച്ചുകൊണ്ട് പറഞ്ഞു-  "ബേജാറാകല്ലേ ഉമ്മാ, ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളൂ." 


ഫോണ് വൈബ്രെറ്റ് ചെയ്തുകൊണ്ട് ഉണർന്നു. ഭാര്യയാണ്.  "ഹലോ"- അയാൾ മടുപ്പോടെ അക്ഷരങ്ങളെ ചവച്ചു.


"ഇക്കാ, ഭക്ഷണം കഴിച്ചോ? "

അകലെ നിന്ന് കൊഞ്ചലോടെ അവൾ ചോദിച്ചു. 


"ഇല്ല, മോളെവിടെ?"

"ദാ, ഇവിടെണ്ട്. വാപ്പച്ചിയെ കാണണമെന്ന് ഒരേ വാശിയാ. ഒരു മാസം കഴിയട്ടെ എന്ന് പറഞ്ഞാൽ കേൾക്കേണ്ട? അവൾക്ക് കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വാപ്പച്ചി ആർക്കേലും കൊടുക്കും എന്നും പറഞ്ഞാ കരച്ചിൽ". 

"ഉം, നീ ഫോണ് വച്ചോ.എന്തോ നല്ല ക്ഷീണം".


അടുക്കളയിലേക്ക്, വേദനിക്കുന്ന കാലുകളെ വലിച്ചു വലിച്ചു നടക്കുന്ന ഉമ്മയെ അയാൾ വേദനയോടെ നോക്കി. താൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് ഓടിയൊളിച്ചു. അല്ലെങ്കിൽ തന്റെ വരവിനായി കാത്തിരിപ്പാണെന്ന് സദാ പറഞ്ഞിരുന്നവളാണ്. 


ഗൾഫ്പെട്ടി പൊളിക്കുമ്പോൾ ഭൂരിഭാഗം സാധനങ്ങളും അവളാണ് കൈവശപ്പെടുത്തിയിരുന്നത്. എല്ലാം തീർന്നു തുടങ്ങുമ്പോഴാണ് ഉമ്മാന്റെ ചടച്ച മുഖം ഓർമയിലെത്തുക, ഒരു ഷാളോ മറ്റോ മാറ്റി വയ്ക്കുക.

ഒരു വിപത്ത് വന്നപ്പോൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ ആ പ്രാഞ്ചിനടത്തം മാത്രമാണ് ബാക്കി. ഒട്ടിയ മുഖത്ത് വേവലാതിയാൽ കുഴിഞ്ഞ കണ്ണുകൾ സങ്കടത്തോടെ തന്നെ നോക്കുന്നു. "റബ്ബേ, റബ്ബേ" എന്ന് നിലവിളിച്ച് ഉണക്കച്ചുള്ളി പോലുള്ള കൈകൾ മേലോട്ടുയരുന്നു.


"ബന്ധങ്ങൾക്കും വൈറസ് ബാധിക്കും.അണുബാധയാൽ അവയും ജീർണിക്കും."

അയാൾ ഡയറിയിൽ എഴുതാൻ തുടങ്ങി.


"എല്ലാ തടവറകളുടെയും ഏകാന്തതയാണോ എന്നെയിങ്ങനെ പൊരിച്ചുകൊണ്ടിരിക്കുന്നത് ? എന്റെ പണം മാത്രം ആവശ്യമായിരുന്ന സൗഹൃദങ്ങൾ, ബന്ധുക്കൾ..അവരോടൊത്തുള്ള ടൂറുകൾ, പാർട്ടികൾ..ഈ വരവിന് ഒരാൾ പോലും എയർപോർട്ടിൽ വരാനുണ്ടായിരുന്നില്ല. ആരുമില്ലാത്തവനെപ്പോലെ ടാക്സിയിൽ വന്നിറങ്ങുമ്പോൾ ഉമ്മ മാത്രമുണ്ട് വരാന്തയിൽ, ആധിയാൽ കരുവാളിച്ച്..പടച്ചവനേ, കൂട്ടിൽ പെട്ട ഓരോ കിളിയുടെയും വേദന, വീൽചെയറിൽ കുടുങ്ങിപ്പോയ ഓരോ ഹതഭാഗ്യന്റെയും സങ്കടം, തടവറകളിൽ ശ്വാസം മുട്ടുന്ന ഓരോ ആത്മാവിനെയും നൊമ്പരം, എല്ലാം ഞാനിന്നറിയുന്നു.."


ഡയറി അടച്ച് അയാൾ ബെഡിലേക്ക് ചാഞ്ഞു. അപ്പോൾ ഒരു കുത്തുന്ന ചുമ അനേകം മുള്ളുകളാൽ അയാളുടെ തൊണ്ടയെ കുത്തിക്കീറാൻ തുടങ്ങി. "ഉമ്മാ, ഉമ്മാ.." ശബ്ദം പുറത്തു വരാതെ അയാൾ കണ്ണു തുറിച്ചു. നെഞ്ചിൽ ഒരു പെരുംകല്ല് അമർന്ന പോലെ. ഖബറിലെന്നോണം നാലു ഭാഗത്തു നിന്നും ചുമരുകൾ ഞെരിക്കാൻ വരുമ്പോലെ.. തന്നെ ആരെങ്കിലും ഒന്നു ചേർത്തു പിടിച്ചെങ്കിലെന്ന് അയാൾ അതിയായി ആഗ്രഹിച്ചു.അനാദിയായ ദാഹത്തോടെ  അയാളുടെ ചുണ്ടുകൾ "വെള്ളം" എന്ന രണ്ടക്ഷരത്തെ പുറത്തെറിയാൻ കഠിനമായി യത്നിച്ചു.


എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടതിനാൽ ഉമ്മ ക്ലേശിച്ചു ക്ലേശിച്ച് കോണി കയറാൻ തുടങ്ങി. "ഈ വീടിന് എന്തിനാണിത്ര വലിപ്പം പടച്ചോനേ" എന്ന അവരുടെ പതിവുപരാതി വീണ്ടും ഒരു പിറുപിറുപ്പായി പുറത്തു ചാടി.


അപ്പോൾ റോഡിൽ നിന്ന് ഒരറിയിപ്പ് മൈക്കിലൂടെ നിലവിളിച്ചു-  "മാന്യമഹാജനങ്ങളേ, കോവിഡ് മഹാമാരി ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈ പഞ്ചായത്തും തൊട്ടടുത്ത കല്ലുവേട് പഞ്ചായത്തും കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കയാണ്. ലോക് ഡൗണ് ശക്തമാക്കിയതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്..മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉണ്ടാവുന്നതാണ്..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ