Pages

2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

മറവുകള്‍ [കഥ ]

 


ചേരിയിലെ കുടിലുകളെയെല്ലാം പൊളിക്കുകയാണ് ബുള്‍ഡോസര്‍ . അതതിന്‍റെ കൂറ്റന്‍ശരീരവുമായി അവയെ നോക്കി മുരണ്ടു . ഭീമന്‍ കൈ നിമിഷംകൊണ്ട് അവയെ വലിച്ചുപറിക്കാന്‍ തുടങ്ങി . ആളുകള്‍ ചുറ്റും നിന്ന് ആര്‍ത്തു കരയുന്നത് ആ യന്ത്രമോ യന്ത്രത്തിന്‍റെ ഡ്രൈവറോ തരിമ്പും വക വച്ചില്ല .അഴുക്ക് പുരണ്ട അസ്ഥിസമാനമായ ആ മനുഷ്യരുടെ നിലവിളി കാറ്റ് മാത്രം ഏറ്റുപിടിച്ചു . അധികാരികളുടെ കല്‍പന വന്നപ്പോള്‍ ഓടിയിറങ്ങിയത് നിമിത്തം ആര്‍ക്കും ഒന്നും എടുക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല . വിലപിടിച്ചതൊന്നും ഉണ്ടായിട്ടല്ല , കഞ്ഞിയും കറിയും വെക്കുന്ന ഞളുങ്ങിയ പാത്രങ്ങള്‍ , ആകെയുള്ള ഒന്നുരണ്ടു വസ്ത്രങ്ങള്‍ , എല്ലാം യന്ത്രം മണ്ണിലേക്ക് ചവച്ചു തുപ്പി .അപ്പോഴാണ്‌ ഒരു കാഴ്ച എല്ലാവരെയും നടുക്കിക്കളഞ്ഞത് . അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യക്കൈ .  “മുത്തശ്ശാ..” അലമുറയിട്ടുകൊണ്ട് കുനുദീദി മുന്നോട്ടു ചാടിയപ്പോഴാണ് എല്ലാവരും മുത്തശ്ശനെ ഓര്‍ക്കുന്നത്  . ഭീതിയും ദുഃഖവും ഞങ്ങളുടെ സുബോധത്തെ ഏതാണ്ട് നശിപ്പിച്ചിരുന്നു .യന്ത്രം യാതൊരു ഭാവഭേധവുമില്ലാതെ ആ കൈകള്‍ക്ക് മേലേക്ക് വീണ്ടും മണ്ണും കല്ലും കോരിയിട്ടുകൊണ്ടിരുന്നു . തെറിവിളികളോടെ ചുറ്റും കൂടിയവര്‍ യന്ത്രത്തെ എതിരിടാന്‍ ശ്രമിച്ചു . അപ്പോള്‍ ആ കൂറ്റന്‍ കൈ ഒരാളെ വാനിലേക്കുയര്‍ത്തി . ആളുകള്‍ നിലവിളിച്ചിട്ടും കുറെ സമയം കഴിഞ്ഞാണ് അയാളെ താഴെയിറക്കിയത് .അപ്പോഴേക്കും അയാള്‍ ബോധം കെട്ടിരുന്നു .

അറ്റമില്ലാത്ത ചേരികള്‍ ..ദാരിദ്ര്യരോഗത്താല്‍ മൃതപ്രായരായ മനുഷ്യര്‍ ..യന്ത്രം കണ്ണും മൂക്കുമില്ലാത്ത പോലെ എല്ലാം ചവച്ചു തുപ്പിക്കൊണ്ടിരുന്നു . ചുറ്റും ആരോ വിരുന്നു വരുന്നതിന്‍റെ പ്രതീതിയായിരുന്നു . അത്ര ധൃതി പിടിച്ചാണ് വൃത്തിയാക്കലുകള്‍  വൃത്തികെട്ട ഈ കറുത്ത മനുഷ്യരെയും പൊളിഞ്ഞ കുടിലുകളെയും തൂത്തു തുടച്ചു കളഞ്ഞാല്‍ തന്നെ നാടിന്‍റെ ഭംഗി കൂടും .ദരിദ്രര്‍ ഓരോ നാടിന്‍റെയും നാണക്കേട് തന്നെയാണല്ലോ .

വെറും നാല് ദിവസം കൊണ്ടാണ് .ആ കൂറ്റന്‍മതില്‍ ഞങ്ങളുടെ ചേരികളെ മറച്ചുകൊണ്ട് ആകാശത്തേക്ക് തലയുയര്‍ത്തിയത് . രാപ്പകലെന്നില്ലാതെയായിരുന്നു പണിക്കാരുടെ വിയര്‍ത്തു കുളിച്ച പരിശ്രമം . ഇത്രയും കാലം ദൂരെ ആകാശത്തേക്ക് സദാ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയിരുന്നു . ഇപ്പോഴാകട്ടെ ആ ഭീമന്‍ മതില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വെളിച്ചം കൂടി നഷ്ടപ്പെടുത്തി . എത്രയാണതിന്‍റെ ഉയരം . എന്താ അതിന്‍റെയൊരു പ്രൌഡി . ഫ്ലാറ്റുകാര്‍ക്കും സന്തോഷമായിക്കാണും . എത്രയായി അവര്‍ ശ്രമിക്കുന്നു ഞങ്ങളെ തുരത്താന്‍ . ഞങ്ങള്‍ ഞാഞ്ഞൂലുകളെപ്പോലെയാണെന്നു അവര്‍ക്കറിയില്ലല്ലോ . നനവ് ഉണ്ടായാല്‍ മതി , അവിടെ ഞങ്ങളൊരു മണ്‍വീട് കെട്ടാന്‍ .

സുനുലാലാണ് എല്ലാറ്റിന്‍റെയും രഹസ്യം വെളിപ്പെടുത്തിയത് . ഞങ്ങളുടെ കൂട്ടത്തില്‍  കുറച്ചു വിവരമുള്ളവന്‍ അവനാണ് . സ്കൂളില്‍ അടിച്ചു വാരാന്‍ പോകുന്നത് കൊണ്ട് അവന് വിവരമുള്ള ആളുകളുടെ കൂട്ടുമുണ്ട് . “നീ പറഞ്ഞ പോലെ വിരുന്നു വരുന്നുണ്ട് , പക്ഷെ സാധാരണ  വിരുന്നുകാരോന്നുമല്ല . പുറത്തെ ഏതോ നാട്ടിലെ പ്രധാന മന്ത്രിയാ . ഇവിടുത്തെ ദാരിദ്ര്യം കാണാതിരിക്കാനാ ഈ കൂറ്റന്‍ മതില്‍ പണിഞ്ഞിരിക്കുന്നത് . കോടിക്കണക്കിനു രൂപയാണത്രെ ചിലവ് . ആ പണം കൊണ്ട് ഒരു വലിയ വീട് കെട്ടിയിരുന്നെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതില്‍ പാര്‍ക്കാമായിരുന്നു , അല്ലേ?”- അവന്‍ നിരാശയോടെ എന്നെ നോക്കി . ഒരിക്കലും സഫലമാവാത്ത എത്രയെത്ര മോഹങ്ങളുടെ കൂടാരങ്ങളാണ് ഞങ്ങള്‍ . എത്ര ആഴമുള്ള ചേറിലാണ് കാലങ്ങളായി ഞങ്ങള്‍ പൂണ്ടു കിടക്കുന്നത് . മുമ്പ് ഇത്പോലെ കോടിക്കണക്കിനു രൂപ ചെലവാക്കി ഏതോ ഒരു നേതാവിന്‍റെ പ്രതിമ നഗരമധ്യത്തില്‍ പണിതിരുന്നു . അന്നും സുനു ഇത് തന്നെ പറഞ്ഞു . വ്യര്‍ഥമാണല്ലോ ഞങ്ങളുടെ പേച്ചുകള്‍ .

വിരുന്നുകാരെല്ലാം പോയപ്പോള്‍ , ബഹളങ്ങലെല്ലാം ഒഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റുകളും കീറിയ ചാക്കുകളുമായി ഞങ്ങള്‍ വീണ്ടും കുടിലുകള്‍ കെട്ടാന്‍ തുടങ്ങി . ഒരു ഭാഗം കൂറ്റന്‍ മതിലുള്ളത് കൊണ്ട് ബാക്കി മൂന്നു ചുമരുകളുടെ കാര്യം നോക്കിയാല്‍ മതിയല്ലോ  . അതിനു ഈ കീറിയ ചാക്കുകള്‍ ധാരാളം . മഴയും വെയിലും മഞ്ഞുമൊക്കെ എന്നോ ഞങ്ങളോട് തോറ്റ് കഴിഞ്ഞതല്ലേ ..

ഇനിയും കല്ലെറിഞ്ഞോടിക്കാന്‍ അധികാരികള്‍ വരും . തൂത്തു വൃത്തിയാക്കാന്‍ യന്ത്രക്കൈകള്‍ പാഞ്ഞു വരും . അതു വരേയ്ക്കും ഒരു ഭാഗത്തെ ചുമരിന്‍റെ ഉറപ്പില്‍ ഞങ്ങള്‍ക്ക് സുഖമായി ഉറങ്ങാം . ഉറക്കിലും അലട്ടുന്ന ഒരൊറ്റ ചോദ്യമേയുള്ളൂ –ദാരിദ്ര്യം പാപമാണോ? ദരിദ്രരായത് ഞങ്ങളുടെ കുറ്റമാണോ?   

      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ