Pages

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

സമരം(കഥ)

 സമരം.(കഥ)

Shareefa mannisseri


ടിവിയിൽ കർഷകരെ അടിച്ചോടിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് മകൻ കൊഞ്ചിക്കൊണ്ട് അടുത്തു വന്നത്.

"എന്തിനാ പോലീസ് ഓൾഡ് മെന്നിനെ അടിക്കുന്നേ?"

ആഹാരം കഴിക്കുന്നേടത്തു നിന്ന് ഓടി വരികയാണ്.ചുണ്ടിൽ  പറ്റിപ്പിടിച്ചിരിക്കുന്ന ചോറും തൈരും.

"ഓൾഡ് മെന്നല്ല. ദേ ആർ ഫാർമേഴ്‌സ്". 

വാർത്ത മര്യാദക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സംശയപ്പെട്ടി തുറന്നു കഴിഞ്ഞു. 

"ആരാ ഫാർമേഴ്‌സ്?"

പ്രതീക്ഷിച്ച ചോദ്യം ഏഴു വയസ്സുകാരനിൽ നിന്ന് കിലുങ്ങി വീണു. 

"നീയിപ്പം ഉണ്ട ചൊറില്ലേ? അതൊക്കെ ഉണ്ടാക്കുന്നത് അവരാ.ചോറ് മാത്രമല്ല, ഗോതമ്പും പച്ചക്കറികളും പഴങ്ങളും ഒക്കെ മണ്ണിൽ കൃഷി ചെയ്തുണ്ടാക്കുന്നത് ഇവരാ. വി ഷുഡ് റെസ്പെക്ട് ദെം."

"ഓ". എല്ലാം മനസ്സിലായെന്ന മട്ടിൽ അവൻ അകത്തേക്കോടി. വിണ്ടു കീറിയ പാദങ്ങൾ മണ്ണിൽ ഉറപ്പിച്ച്, തലപ്പാവണിഞ്ഞ ഒരു കർഷകൻ ഉച്ചത്തിൽ ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കാനും പതിനായിരങ്ങൾ ഏറ്റു ചൊല്ലാനും തുടങ്ങി. ദേശീയ പതാകയേന്തിയ ട്രാക്ടറുകൾ തലങ്ങും വിലങ്ങും ചീറിക്കൊണ്ടിരുന്നു. 

"അഞ്ചു ഡിഗ്രി തണുപ്പാണിവിടെ". ചാനൽ പ്രതിനിധി പറയാൻ തുടങ്ങി. "ഈ കഠിനശീതം സഹിച്ചുകൊണ്ടാണ് പ്രായമായവരും അല്ലാത്തവരുമായ മണ്ണിന്റെ മക്കൾ ഇവിടെ സമരം ചെയ്യുന്നത്. എസി റൂമിലിരുന്ന് ഇതെല്ലാം തമാശയോടെ വീക്ഷിക്കുന്ന മേലാളന്മാർക്ക് ഇവരനുഭവിക്കുന്ന ദുരിതം അശേഷം മനസ്സിലാവില്ല. ഇരമ്പുന്ന പ്രതിഷേധക്കാരെ തടയാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നുണ്ട്. പോലീസിനും പട്ടാളത്തിനും അറിയില്ല, ഇവർ എത്ര വലിയ കണ്ണീർക്കടലുകൾ കടന്നാണ് ഇവിടെ എത്തിയതെന്ന്.."

അയാളുടെ അവതരണം ആരെയും പിടിച്ചുലയ്ക്കും. 

ഓഫീസ് വർക്കുകൾ തീർക്കുന്നതിന് ഞാൻ ലാപ്പിന്റെ മുന്നിലിരുന്നു. കോവിഡ് തുടങ്ങിയത് മുതൽ വർക് അറ്റ് ഹോം ആയതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചിരിപ്പുകാലം കഴിഞ്ഞു പോകുന്നുണ്ട്. ഓരോ കർഷകനും വിട്ടു പോന്ന വീടിന്റെ ചിത്രം മനസ്സിലൂടെ ചിതറി നീങ്ങി. എല്ലാ പണികളും വീട്ടുകാരിയെ ഏൽപ്പിച്ച്, ട്രാക്ടറുമായി പൊരുതാനിറങ്ങിയവർ. അനിശ്ചിതമായി നീണ്ടു പോകുന്ന സമരം. അവന്റെ വീട്ടിൽ വല്ലതും തിന്നാനുണ്ടാകുമോ? അവന്റെ കുട്ടികൾ വിശന്ന് നിലവിളിക്കുകയാവുമോ?.

ഓരോന്നാലോചിച്ചു കണ്ണുകൾ പുകഞ്ഞു. തെരുവിൽ മൂന്നു ദിവസം മുമ്പ് കേട്ട ഒരു പ്രസംഗം പെട്ടെന്ന് ഓർമയിലേക്ക് ഓടി വന്നു. "രാജ്യത്തിന്റെ മൊത്തം വിളകളും കൊമ്പൻ സ്രാവുകൾക്ക് കൈമാറാനുള്ള തന്ത്രമാണ് പുതിയ കാർഷിക ബില്ലുകൾ.അന്നദാതാവിന് അവർ ചില്ലറകൾ എറിഞ്ഞു കൊടുക്കും. വിഡ്ഢികളായ നമ്മൾ ഈ മുതലാളിമാരുടെ സൂപ്പർ മാർക്കറ്റുകൾക്ക് മുമ്പിൽ .തീ വിലയുള്ള ഓരോ പാക്കറ്റ് ധാന്യത്തിനായി ക്യൂ നിൽക്കും. പണമുള്ളവന് മാത്രം ജീവിക്കാനാവുന്ന ഒരു കെട്ട കാലമാണ് ഇനി വരാൻ പോകുന്നത്. റേഷൻ മുതൽ എല്ലാ സൗജന്യങ്ങളും നിരോധിക്കപ്പെടുന്ന കാലം. ഇനി വരുന്ന യുദ്ധങ്ങൾ, ഓർത്തോളൂ, ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ളതായിരിക്കും."

നെല്ലും വിതയും ഉണ്ടായിരുന്നു പണ്ട് തറവാട്ടിൽ. അച്ഛൻ മണ്ണിന്റെ ഹൃദയം തൊട്ടവനായിരുന്നു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ആ സമരത്തിന്റെ മുമ്പിൽ തന്നെ ഇരുന്നേനെ.ഹിന്ദി അറിയില്ല എന്നതൊന്നും മൂപ്പർക്ക് പ്രശ്നം ആവുമായിരുന്നില്ല. 


ഊണുമേശയിൽ എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം. ചോറുപാത്രം മറിഞ്ഞു കിടക്കുന്നു. "ഈ ചെക്കന്റെ ഒരു കാര്യം". ഭാര്യ മകനെ നോക്കി ചിരിച്ചു കൊണ്ട് വേസ്റ്റ് പാത്രത്തിലേക്ക് വറ്റുകൾ വാരിയിടുകയാണ്.

എവിടുന്നാണ് കോപം ചാടി വീണതെന്നറിയില്ല.അഞ്ചു വിരലുകൾ അവന്റെ തുടയിൽ പതിഞ്ഞു കിടക്കുന്നത് കണ്ടത് തന്നെ അവന്റെ അലറിക്കരച്ചിൽ കേട്ടപ്പോഴാണ്.


"നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ? അവൻ കുഞ്ഞല്ലേ?" 

ഭാര്യ അരിശത്തോടെ തുറിച്ചു നോക്കി.


"അന്നം നിലത്ത് കളഞ്ഞാണോ കളി? നീയൊക്കെ പട്ടിണി അറിഞ്ഞിട്ടുണ്ടോ? അന്നത്തിന്റെ അവകാശം സ്വന്തം കയ്യിൽ നിന്ന് നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഓരോരുത്തർ ചോര ചിന്തി സമരം ചെയ്യുന്നത് കണ്ടിട്ടുണ്ടോ?". 


ക്രോധത്താൽ ഞാനാകെ മുറിപ്പെട്ടു.വാക്കുകൾ അവിടവിടെ വിറച്ചു.

"ഓ, ഇന്നത്തെ വാർത്തകാണലിന്റെ സൈഡ് ഇഫക്റ്റാ അല്ലേ? "

കരയുന്ന മകനെ അടുക്കളയിലേക്ക് ഉന്തി നടത്തിക്കൊണ്ട് ഭാര്യ പുച്ഛത്തോടെ ചീറി."എത്ര സീരിയലുണ്ട്. അതൊക്കെ കണ്ടൂടെ? പീഡന വാർത്ത കാരണം എനിക്കിപ്പോ ഇഷ്ടത്തിന് ഒരു ഡ്രസ് ഇടാൻ പറ്റുന്നില്ല.നിങ്ങളെപ്പോലെ വാർത്ത കണ്ട് ഭ്രാന്താകുന്നവർ എന്തിനാ അത് കാണാൻ നിൽക്കുന്നത്? ഇത് നല്ല പാട്.."


അവളെ അടിച്ചു താഴെയിടാനുള്ള അരിശം വന്നെങ്കിലും ഒന്നും മിണ്ടാതെ ലാപ്പിന് മുന്നിലിരുന്നു. ടി വിയിൽ നിന്ന് അപ്പോഴും ലൈവ് മുഴങ്ങിക്കൊണ്ടിരുന്നു, "റാം, ഇപ്പോൾ ഇവിടെ സംഘർഷം കൂടുകയാണ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു കർഷകർ മരണമടഞ്ഞിരിക്കുന്നു. ജഡങ്ങൾ റോഡിൽ കിടത്തി അവർ മുദ്രാവാക്യം മുഴക്കുകയാണ്. 

"വിവാദ ബില്ലുകൾ പിൻവലിക്കുക, കർഷകർക്ക് നീതി ലഭ്യമാക്കുക"..മലയാളത്തിലുള്ള സമരവാക്യങ്ങൾ കേട്ട് ഞാൻ തരിച്ചിരുന്നു. ടിവിയിൽ അച്ഛൻ തലപ്പാവുകാരുടെ കൂടെ ഇരുന്ന് മുഷ്ടി ചുരുട്ടി അലറി വിളിക്കുന്നു. ഞാൻ സ്തബ്ധനായി വായും പൊളിച്ചിരിക്കെ ഭാര്യ റിമോട്ടിനാൽ ആ സമരഭൂമിയെ എന്നിൽ നിന്നും മറച്ചു. വാൾത്തലപ്പുകളായി വാക്കുകൾ അവളിൽ നിന്ന് തെറിച്ചു.

" ഇനിയിവിടെ വാർത്ത വെക്ക്, കാണിച്ചു തരാം. എന്റെ ഒരു ഫോണ് മതി പോലീസ് നിങ്ങളെ തൂക്കിയെടുത്തു കൊണ്ടു പോകാൻ. ഗാർഹികപീഢനം ചില്ലറ കേസല്ല.."

ഭരിക്കുന്നവരുടെ പുച്ഛഭാവത്തോടെ എന്നെ ആകെയൊന്നു നോക്കി അവൾ മകനെ ഉറക്കാൻ കൊണ്ടു പോയി. അവനിഷ്ടപ്പെട്ട ടോം ആൻഡ് ജെറി പോര് മൊബൈലിൽ നിന്ന് കേൾക്കാൻ തുടങ്ങി.

"നിങ്ങൾ അപ്പുറത്തെ റൂമിൽ പൊയ്ക്കോ.എനിക്ക് സീരിയൽ ഇടണം." അവൾ ധിക്കാരത്തോടെ പറഞ്ഞു. ഇനിയും ഒരു വഴക്ക് വയ്യ. ഒന്നും മിണ്ടാതെ അപ്പുറത്തെ മുറിയിലേക്ക് പോകുമ്പോൾ "വിധേയരെല്ലാം മുഷ്ടി ചുരുട്ടുന്ന അന്ന് തകർന്നു വീഴും എല്ലാ ഏകാധിപത്യവും."  എന്ന് അച്ഛൻ ഉള്ളിലിരുന്നു മന്ത്രിച്ചു. പരിഹാസത്തിന്റെ മുള്ളുകൾ കോർത്ത ഒരു ചിരി അച്ഛന്റെ ചുണ്ടുകളെ നീലനിറമാക്കി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ