Pages

2014, നവംബർ 28, വെള്ളിയാഴ്‌ച

മൂന്നു ജന്മങ്ങള്‍..(കഥ)



മുജ്ജന്മത്തിലെ രണ്ടു വേഷങ്ങള്‍ ഞാനിന്നുമോര്‍ക്കുന്നു ആദ്യം ഞാനൊരു മുഴുത്ത മീനായിരുന്നു. ഏതോ മുക്കുവന്റെ വലയില്‍ ശ്വാസം മുട്ടി, പ്രാണവായുവിനായി നാക്കു നീട്ടി ,കണ്ണു തുറിച്ചു ഞാന്‍ പിടഞ്ഞു..ഏതോ വീടിന്റെ അടുക്കളയില്‍ ഒരു മൂര്‍ച്ചയുള്ള കത്തി എന്റെ വെള്ളിയുടുപ്പ് വകഞ്ഞുമാറ്റി..അതിന്റെ നിര്‍ദയമായ പല്ല് എന്റെ അകം വരെ മുറിപ്പെടുത്തി..വിരിയാറായി വയറില്‍ ഒട്ടിപ്പിടിച്ചു കിടന്ന മുട്ടകളെ അതു പാത്രത്തിലേക്ക് ചുരണ്ടിയെറിഞ്ഞു..തലങ്ങും വിലങ്ങും എന്നില്‍ ആഴമുള്ള മുറിവുകള്‍ രൂപപ്പെട്ടു..

രണ്ടാമത്തെ എന്റെ വേഷം ഒരു പശുവായിട്ടായിരുന്നു..പാല്‍ കൊടുത്ത കാലമെല്ലാം എല്ലാവരും എന്നെ നോക്കി ഇമ്പത്തോടെ ചിരിച്ചു..കുട്ടിക്കു കരുതി വച്ചത് കൂടി സൂത്രത്തില്‍ കറന്നെടുത്ത് അവര്‍ എനിക്കായ് കാടിവെള്ളം നീക്കി വച്ചു..പാലിനു കൊള്ളില്ലെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ ഇറച്ചിവില്പനക്കാരന്‍ ഒരു നാള്‍ എന്നെ അടിച്ചും തൊഴിച്ചും ചന്തയിലേക്ക് നടത്തിച്ചു..മൂന്നാം നാള്‍ എന്റെ തോല്‍ ലോറിയിലും അസ്ഥികള്‍ തൊടിയിലും ഇറച്ചി ചട്ടികളിലുമായി വിഭജിക്കപ്പെട്ടു..വിഷാദം ഒരിക്കലും വറ്റിത്തീരാത്ത എന്റെ കണ്ണുകള്‍ അറുത്തെടുത്ത തലയിലും പിടഞ്ഞുകൊണ്ടിരുന്നു..

മൂന്നാംജന്മം ഇതാ ഇതു തന്നെ –മനുഷ്യസ്ത്രീയായി ..കഴിഞ്ഞ രണ്ടു ജന്മങ്ങളുടെയും വിരസമായ ആവര്‍ത്തനം മാത്രമാണിത്..എന്റെ ദേഹം നോക്കൂ ..മീന്‍ വരിഞ്ഞ പോലെ, ഒരായിരം മുറിവുകള്‍ ..മല്ലിയും മുളകും പറ്റിപ്പിടിച്ച് മാംസച്ചുണ്ടുകള്‍ തുറന്ന് അവ പല്ലിളിക്കുന്നു...നീറിക്കൊണ്ടിരിക്കുന്നു..ഉള്ളിന്റെ ഉള്ളിലെ മനസ്സിലാകട്ടെ മുറിവുകളുടെ എണ്ണം നിങ്ങള്‍ക്കൊരിക്കലും തിട്ടപ്പെടുത്താനാവില്ല..നീറ്റല്‍ മരിച്ചാല്‍ പോലും അവസാനിക്കില്ല..മക്കള്‍ക്കും ഭര്‍ത്താവിനും ഒരു പാടു നാള്‍ ഞാന്‍ പ്രയോജനമുള്ള പശു തന്നെയായിരുന്നു..ഇന്ന് –ഇരുണ്ട ആശുപത്രിമുറിയില്‍ അഴുകിയ കറകളും ഓര്‍മകളുടെ അളിഞ്ഞ മുദ്രകളും നോക്കിക്കിടക്കുമ്പോള്‍ അവരെല്ലാം എന്റെ ആരായിരുന്നു എന്നാണ് അതിശയിക്കുന്നത്..പരിപ്പുപോലെ ഈ ജന്മം വെന്തലിഞ്ഞത് എന്തിനായിരുന്നു? രുചിയുള്ള കറിയായി, ഉപ്പേരിയായി, ചോറായി അവരുടെ നാവുകളില്‍ ഒരിക്കലും കെടാത്ത സ്വാദായി ജീവിച്ചത് എന്തിനായിരുന്നു? രുചികളെല്ലാം ദിനേന മാറുകയാണെന്ന് തിരിച്ചറിഞ്ഞതുമില്ല..ഉപേക്ഷിക്കപ്പെട്ടവളായി, ഇരുമ്പുകട്ടിലില്‍ തുടരെത്തുടരെ പഴുക്കുന്ന വ്രണങ്ങളുടെ കടച്ചിലുമായി ..പെയ്‌തൊഴിയാത്ത ഓര്‍മകളുടെ പേമാരിയില്‍ വല്ലാതെ സ്വൈര്യം കെട്ട്..

'മെഡിക്കല്‍കോളേജ് ആണുമ്മാ..സ്ഥിരവാസം പറ്റില്ല..ഇടയ്ക്കിടെ ഡ്രസ്സ് ചെയ്യലല്ലാതെ മുറിവുകള്‍ക്ക് വേറെ മാര്‍ഗമില്ല ..പണം ഒരു പാട് പൊടിക്കാന്‍ വേണം എന്തിനും.. ..അതില്ലല്ലോ ..നാളെ ഡിസ്ചാര്‍ജ് ചെയ്യും ..ആരോടെങ്കിലും വന്നോളാന്‍ പറഞ്ഞോളൂ.'

നഴ്‌സിന്റെ പാതി പരാതിയും പാതി മുന്നറിയിപ്പുമായ വാക്കുകള്‍..ദയ കൊണ്ടാവും തന്റെ പേരില്‍ കൊടുത്ത രണ്ടു നമ്പരിലും അവള്‍ വിളിച്ചത്..രണ്ടും ഔട്ട് ഓഫ് കവറേജ് ഏരിയ ,അല്ലെങ്കില്‍ ബിസി ..അല്ലേല്‍ സ്വിച്ച്ഡ് ഓഫ് ..അവള്‍ക്കറിയില്ല ആരും വരാനില്ലെന്ന്..ഈ ജീവിതത്തില്‍ നിന്ന് പ്രയോജനം നേടിയവരെല്ലാം പിരിഞ്ഞിരിക്കുന്നു..കരിമ്പിന്‍ചണ്ടി മാത്രമാണ് ബാക്കിയുള്ളത്..വളത്തിനല്ലാതെ അതെന്തിനു കൊള്ളാം? പേപ്പറാക്കാനും പറ്റുമെന്ന് കേള്‍ക്കുന്നു ..അടിച്ചടിച്ച് ഈ ചണ്ടിയും ആരെങ്കിലും രണ്ടു കഷ്ണം കടലാസാക്കിയെങ്കില്‍..ആര്‍ക്കെങ്കിലും രണ്ടക്ഷരം എഴുതാലോ..ഒരക്ഷരത്തിലേക്ക്‌പോലും കയറിക്കൂടാതെ പാഴായിപ്പോയ ജീവിതത്തിന്  ഒന്നു തലയുയര്‍ത്താലോ..എന്നോ കുനിഞ്ഞ്, ഒടിഞ്ഞു പോയ ശിരസ്സ് അങ്ങനേലും അതിന്റെ യഥാസ്ഥാനത്ത് ഒരു നിമിഷത്തേക്കെങ്കിലും നിലയുറപ്പിക്കുമല്ലോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ