Pages

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

അമ്മ.........(കഥ)'good bye, I said the other woman, good bye mother..she stood there on the busy platform, a pale sweet woman in white and I watched her until she was lost in the milling crowd......."


കഥയുടെ കനകപ്പടികളിലൂടെ വര്‍ഷങ്ങളനവധി ഇറവെള്ളം പോലെ ഒഴുകിപ്പോയി..പാതയോരങ്ങളിലെല്ലാം അവന്റെ കണ്ണുകള്‍ ഉഴറി..എവിടെയെങ്കിലും വിളറി മെലിഞ്ഞ ആ സ്ത്രീ തനിച്ച് വരികയും പോകയും ചെയ്യുന്ന തന്നെ കാത്തിരിപ്പുണ്ടോ? മൊബൈല്‍ ചെവിയില്‍ നിന്നെടുത്ത ഒരു നേരമില്ല മമ്മിക്ക്..ഡാഡിയും മമ്മിയും എപ്പോഴും രണ്ടു കാറുകളിലായി ഒഴുകി നീങ്ങി..ഒരേയൊരു മകനോട് സംസാരിക്കാന്‍ അവര്‍ക്കെവിടെ സമയം..താന്‍ ശരിക്കും ആ സ്ത്രീയുടെ മകനായിരുന്നെങ്കില്‍ ഇത്രേം വരള്‍ച്ചയുണ്ടാകുമായിരുന്നോ? മാംസമുരുക്കുന്ന ഇത്രേം ഉഷ്ണം? പുകയാളി ഇങ്ങനെ കരി പിടിക്കുമായിരുന്നോ ജീവിതം?

ഗൌരവക്കാരനായ ഡാഡി ..സ്ട്രിക്റ്റ് മാത്രമായ മമ്മി..വെക്കേഷനുകള്‍ വേഗം തീര്‍ന്നു കിട്ടാനായിരുന്നു ആഗ്രഹം..ബോര്‍ഡിങ്ങില്‍ ഇതിലേറെ പ്രകാശമുണ്ട്..വര്‍ണശബളമായ ബലൂണുകളായി മാനം നിറയുന്ന സ്‌നേഹക്കഥകളും ചിരികളുമുണ്ട്..മമ്മിയും ഡാഡിയും വഴക്ക് തുപ്പുമ്പോഴും ചിന്തിച്ചു..ഇവരെന്താ ചെറ്യേ കുട്ട്യോളെപ്പോലെ?

പ്രഭ ഫണമുയര്‍ത്തി ചീറ്റുമ്പോഴും ആഗ്രഹിച്ചു ആ അമ്മയെ ഒന്നു കണ്ടെങ്കില്‍..ഉള്ളില്‍ മറ്റൊരാളെ പരിണയിച്ച് നാടകമാടേണ്ടുന്ന അവളുടെ ഗതികേടിനെക്കുറിച്ച് പറയാമായിരുന്നു..വിവാഹമോചനം മാത്രമോ ഒരേയൊരു വഴിയെന്ന്  അവരോട് ചോദിക്കാമായിരുന്നു..
................................................    ........................................................    .......................................

ഓഫീസില്‍ നിന്നെത്തിയ തന്നെ നോക്കി ടീപ്പോയിമേല്‍ ഒരു പേപ്പര്‍ തലയിളക്കി. 'അരുണ്‍' .. ഒരു സംബോധന മാത്രം..കടലാസിന്റെ ശൂന്യമായ വെളുപ്പില്‍ ചുരുണ്ടു മയങ്ങിക്കിടക്കുന്ന താലിമാല..വീട് ഒരു അസ്ഥികൂടമായി പല്ലിളിച്ചു..മൌനം, കുടിച്ചു പൂസായി നാലു കാലിലിഴഞ്ഞു..ബെഡ് റൂമിലേക്ക് കേറുമ്പോഴേ അറിയാം കെട്ടൊരു മണം..
മണവും രുചിയുമില്ലാത്ത എന്തോ ഒരു വഴുവഴുപ്പന്‍ ദ്രാവകം തൊണ്ടയില്‍ കെട്ടിക്കിടക്കുമ്പോലെ..എന്നിട്ടും ഛര്‍ദിക്കുവോളം കുടിച്ചു..പുറമേക്ക് വിജയം മാത്രമായ ഒരു ജീവിതത്തിന്റെ അടിയൊഴുക്കെന്തേ ഇത്ര ശക്തമായ പരാജയമായത്?

ട്രെയിനിനു മുന്നിലേക്ക് അന്നാ ഏഴാം ക്ലാസ്സുകാരന്‍ വീഴാന്‍ പോയപ്പോള്‍ അവര്‍ അനുഭവിച്ച വേവലാതി..പുറംകയ്യിലിപ്പോഴും അവരുടെ പേടിനഖങ്ങള്‍ ആഴ്ന്ന പാടുണ്ട്..അയാളാ സ്‌നേഹക്കലയെ തലോടി..ആ മുഖം വേദനയാല്‍ വിളറിയത്..കണ്ണുകള്‍ ഭയത്താല്‍ പിടഞ്ഞത്..എല്ലാം ഇന്നലെയായിരുന്നോ? മുജ്ജന്മത്തില്‍ താനവരുടെ മകനായിരുന്നോ?

'എന്താ മോനേ, നീ തനിച്ചാണോ?'

മൂടല്‍മഞ്ഞിലൂടെ നടക്കുന്ന അയാളോട് അവര്‍ ചോദിച്ചു..അന്നത്തെ അതേ ചോദ്യം..

'അതെ, തനിച്ച് ..ഞാനൊരു യാത്രയിലാ..ട്രെയിന്‍ പക്ഷെ എവിടേക്കെന്നു എനിക്കറിയില്ല അമ്മേ...'

അയാള്‍ അവരുടെ ഇളംനീലപൂക്കളുള്ള വെള്ളസാരിയില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ മുഖമമര്‍ത്തി..

'സാരമില്ല ,ട്രെയിന്‍ വരാന്‍ ഇനിയുമുണ്ടല്ലോ സമയം..അന്നത്തെപ്പോലെ അല്പം മധുരം കഴിക്കാം..'

'മധുരം തൊടാന്‍ പറ്റില്ലമ്മേ..രോഗങ്ങള്‍ മധുരങ്ങളെയെല്ലാം ഉപേക്ഷിക്കാനാണ് പറയുന്നത്..'
അവര്‍ ചിരിച്ചു. അതിന്റെ വശ്യതയില്‍ അയാള്‍ മയങ്ങി നിന്നു..

'അപ്പോള്‍ കയ്പാണ് മൊത്തം അല്ലേ?'

'അതെ, മധുരത്തിനടിയിലും ഊറിക്കൂടുന്ന ചമര്‍ക്കുന്ന കയ്പ്..'

'സാരമില്ല, ഇന്നല്‍പ്പം മധുരമാകാം..രോഗങ്ങളോട് മിണ്ടാതിരിക്കാന്‍ പറ..'

അയാള്‍ അന്നത്തെപ്പോലെ ജിലേബികള്‍ ആസ്വദിച്ചു കഴിച്ചു..ഒരു പാട് സംസാരിച്ചു..ഉണര്‍ന്നപ്പോള്‍ അയാള്‍ക്ക് നിരാശ തോന്നി, പ്രഭയുടെ കാര്യം അവരോട് പറയാന്‍ മറന്നു പോയല്ലോ..

ചായം മങ്ങിയ ചുവരുകളെ അയാള്‍ വിഷണ്ണനായി നോക്കി..വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍,,പിണങ്ങിയും കെറുവിച്ചും കിടക്കുന്ന ഫര്‍ണീച്ചറുകള്‍..ആ പഴയ അമ്പാലാ സ്‌റ്റേഷനിലേക്ക് ഒന്നൂടെ പോയാലോ..ആ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം ഇപ്പോഴും മാറാതെ കാത്തിരിപ്പുണ്ടെങ്കിലോ? ആ പഴയ ഏഴാം ക്ലാസ്സുകാരന്‍ അവിടെ എവിടേലും ചുറ്റിത്തിരിയുന്നുണ്ടെങ്കിലോ..

സതീഷിന്റെ ഡിന്നര്‍ പാര്‍ട്ടിയുണ്ട്. വിവാഹവാര്‍ഷികം..പോയാല്‍ കമ്പനിയായി കുടിക്കാം, കുറെ സംസാരിക്കാം, തിന്നാന്‍ വരുന്ന ഏകാന്തതയുടെ കോമ്പല്ലില്‍ നിന്നും കുറച്ചു നേരത്തേക്കെങ്കിലും രക്ഷപ്പെടാം..
............................................ .......................................  ...........................................................

'ഹായ്, അരുണ്‍ ..എന്തേ ഇത്ര വൈകി? വാ റൂമിലിരിക്കാം..'

വാതില്‍ ചാരി ഷെല്‍ഫില്‍ നിന്ന് സ്വര്‍ണം ഉരുക്കിയൊഴിച്ച കുപ്പികള്‍ അവന്‍ പുറത്തെടുത്തു..

'വിദേശിയാ, പുറത്ത് ഇത്രേം നല്ലതില്ല..'

കണ്ണഞ്ചിക്കുന്ന ദീപാലങ്കാരങ്ങളോടെ പൊങ്ങച്ചം നൃത്തമാടുന്നത് അയാളില്‍ വിരസത നിറച്ചു..ഗ്ലാസ്സിലേക്കൊഴുകുന്ന ഉരുകുന്ന തീക്കനലുകളെ അയാള്‍ കണ്ണിമയ്ക്കാതെ നോക്കി..ഈ ജാഡകളുടെയെല്ലാം അടിയില്‍ ഇവനുമുണ്ടാകുമോ ഊറിക്കൂടുന്ന കയ്പ്?

'നോക്ക് അരുണ്‍, നമ്മുടെ മൂര്‍ത്തി പുതിയൊരു ചരക്കിനെക്കുറിച്ച് പറയുന്നുണ്ട്, പോയാലോ?'

'നീ പോ, ഞാന്‍ നല്ല മൂഡിലല്ല..'

'അയ്യേ, നീ ഇപ്പോഴും പ്രഭയെ ഓര്‍ത്തിരിപ്പാണോ? എടാ നമ്മളെ വേണ്ടാത്തവരെ ഒറ്റ ഏറിനു കളയാന്‍ പഠിക്കണം..വല്യ കമ്പ്യുട്ടര്‍ എന്‍ജിനീയറായിട്ട്..ശ്ശെ..യു ആര്‍ സോ സില്ലി അരുണ്‍..'ഞാനാണെങ്കി എന്നേ വേറെ കെട്ടിയേനെ..'

'അടുത്ത വീട്ടില്‍ പിന്നേം താമസക്കാരെത്തിയോ?'

'നമ്മുടെ കഷ്ടക്കാലം..സ്റ്റാറ്റസിനൊത്ത ഒരു നൈബറിനെ കിട്ടില്ല..ഇതിനു മുമ്പ് ഒരു ചെറുക്കനും അതിന്റെ അമ്മയുമായിരുന്നു..സുന്ദരി..ഞാന്‍ കുറെ ശ്രമിച്ചു നോക്കി..വരുതിക്കു കിട്ടിയില്ല..പിന്നെയൊരു വാശിയാരുന്നു, അവരെ ഇവിടുന്ന്  കേട്ടു കെട്ടിക്കാന്‍..'

'എന്നിട്ടിപ്പോ ആരാ..'

'ഒരു തള്ളയാ..കണ്ണില്‍ നോക്കിയാ നമ്മള്‍ ചൂളിപ്പോകും..തീ കത്തുമ്പോലെ..സഹായത്തിനൊരു പീസുണ്ട്..അവളെയൊന്ന് ചൂണ്ടയിടാന്നു കരുതിയാ പോയത്..എവിടുന്നോ വന്നു കൂടിയതാ..കെട്ട്യോന്‍ ചത്തോ, ഇട്ടിട്ടു പോയോ ..ആര്‍ക്കറിയാം..'

അയാളില്‍ വല്ലാത്ത ജിജ്ഞാസയുണ്ടായി..സ്വപ്നം വെറുതെയായിരുന്നില്ല..അടുത്തെവിടെയോ നിന്ന്  അവര്‍ വിളിക്കുന്നു..
.................................... ................................. .................................................
കോളിംഗ് ബെല്‍ പെന്‍ഡുലനാദമുയര്‍ത്തി..ഇരുളിലെക്കും വെളിച്ചത്തിലേക്കും ചാഞ്ഞുകൊണ്ടിരിക്കുന്ന പെന്‍ഡുലം..വിളറി മെലിഞ്ഞ്, വെള്ള സാരിയില്‍ അവര്‍..സ്‌നേഹക്കണ്ണുകള്‍ അയാളെ ഉഴിഞ്ഞു..ഓര്‍മകളില്‍ കറങ്ങിത്തിരിഞ്ഞ് ഒരു നിമിഷം കൊണ്ട് അവരാ പേര് ഓര്‍ത്തെടുത്തു..

'അരുണ്‍ ..'

അയാള്‍ ആഹ്ലാദത്തോടെ ഊഷ്മളമായ ആ കരങ്ങള്‍ സ്പര്‍ശിച്ചു..

'അമ്മേ, എനിക്കൊരു പാട് പറയാനുണ്ടമ്മേ..ഒരാശ്വാസവാക്ക് കേള്‍ക്കാന്‍ എത്രയായി ഞാന്‍ അമ്മയെ തിരയുന്നു..'

അവര്‍ പുഞ്ചിരിച്ചു

'അതിനല്ലേ ദൈവമെന്നെ രോഗക്കിടക്കയില്‍ നിന്ന്  ആര്‍ക്കും വേണ്ടാഞ്ഞിട്ടും എഴുന്നെല്പ്പിച്ചത്..മക്കള്‍ രണ്ടും ആരുമറിയാതെ ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ടും..ആരുമില്ലാത്ത ഇവളാ ഇപ്പോ എനിക്ക് കൂട്ട്..ഹോസ്പിറ്റലില്‍ ആയിരുന്നപ്പോ എന്തോ ആ പഴയ ഏഴാം ക്ലാസ്സുകാരന്റെ ഓര്‍മ എന്നെ പൊതിഞ്ഞു..മാംസക്കഷ്ണങ്ങളായി വണ്ടിക്കടിയില്‍ ചിതറിപ്പോയ എന്റെ ഇളയ മകനെ പല നിലക്കും ഓര്‍മിപ്പിക്കുന്ന ആ കുട്ടി..ഉറപ്പായിരുന്നു..എന്നേലും എവിടേലും വെച്ച് കാണൂന്ന്..ഐക്യപ്പെട്ട മനസ്സുകള്‍ അങ്ങനെയാണെന്റെ മകനേ..'

നിറഞ്ഞു തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കി അയാള്‍ തരിച്ചിരുന്നു..ഭൂമിയില്‍ തനിക്കു വേണ്ടിയും കരയാന്‍ ഒരാള്‍ ഉണ്ടായിരുന്നു..അയാളാ മാറില്‍ ഇമ്പത്തോടെ തല ചായ്ച്ചു..കാലങ്ങളായി തന്നെ വലയം ചെയ്ത എകാകിതയുടെ ഇരുളിമ ധൂമവലയങ്ങളായി അകന്നു പോകുന്നു..നനുത്തൊരു മഴ താളഭംഗിയോടെ പെയ്യുന്നു..അയാള്‍ക്ക് താന്‍ ചെറുതാവുന്നതായി തോന്നി..ഗര്‍ഭപാത്രത്തിന്റെ ഇളംചൂട് ഒരു പുതപ്പായി അയാളെ പൊതിഞ്ഞു.................... 
.......................................... .......................................... .....................................................

കുറിപ്പ്: റസ്‌കിന്‍ ബോണ്ടിന്റെ 'The woman on platform 8' എന്ന കഥയ്ക്ക് ഒരു രണ്ടാം ഭാഗമായി എഴുതിയതാണീ കഥ. ആദ്യഭാഗത്തെ ഇംഗ്ലീഷ് വാചകങ്ങള്‍  ആ കഥയുടെ അവസാനവരികളാണ്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ