ചിതലുകൾ.(കഥ)
Shareefa mannisseri
അമ്പത് വയസ്സിന്റെ പടി ക്ലേശിച്ചു കയറിയത് മുതൽ അവരുടെ ശരീരത്തിൽ നേർത്ത ചിതലുകൾ പ്രത്യക്ഷപ്പെട്ടു. ഉള്ളിൽ നിന്നും ഒരു ചീയൽഗന്ധം സദാ ഉയർന്നു.സുതാര്യമായ, കുഞ്ഞുശരീരമുള്ള ആ ജീവികൾ ഉറുമ്പുകളെപ്പോലെ അവരുടെ മേൽ കടിച്ചു തൂങ്ങി. ചുവന്ന തിണർപ്പുകൾ ദേഹത്ത് എപ്പോഴും തടിച്ചു വീർത്തു. ചൊറിഞ്ഞു ചൊറിഞ്ഞു അവർക്ക് വശം കെട്ടു. മേലാകെ അരിച്ചു നടക്കുന്ന ആ ജീവികൾ അവരുടെ പൊറുതികേടുകളെ ഒന്നൂടെ വർധിപ്പിച്ചു. ചൊറിയുന്ന, വേദനിപ്പിക്കുന്ന ഓർമകൾ അവരുടെ ഉള്ളിൽ ചുവന്നു വീർത്തു.
വാതരോഗത്താൽ വൈകല്യത്തിലേക്ക് കോടിപ്പോയ കൈവിരലുകൾ കൊടിയ വേദനയോടെ അവരെ നോക്കി. സ്നേഹത്തിന്റെ ഒരു സ്പർശം അവ എന്നും ആഗ്രഹിച്ചിരുന്നില്ലേ? യൗവനകാലങ്ങളിൽ സദാ മൈലാഞ്ചിയണിഞ്ഞു സുന്ദരികളായിരുന്ന ,ചിത്രം വരച്ചിരുന്ന, നീണ്ട വെളുത്ത വിരലുകൾ..സ്നേഹത്തിന്റെ നേർത്തൊരു സ്പർശം അവയെ വൈകല്യത്തിലേക്ക് വളയാതെ കാക്കുമായിരുന്നില്ലേ..പക്ഷേ മുൾക്കാടുകൾ വിതറി എപ്പോഴും തന്നെ ചകിതയാക്കിയിരുന്ന ജീവിതത്തിന് അതിനുള്ള കനിവുണ്ടായിരുന്നില്ല. ഓരോരുത്തരോട് അതിന് ഓരോ സമീപനമാണ്. ചിലരെ താലോലിക്കുമ്പോൾ ചിലരെ ഞെരിച്ചു ശ്വാസം മുട്ടിച്ചു കളയും..
കടുത്ത വേദന നിമിത്തം നടത്തം വളരെ പതുക്കെയാക്കിയ നീര് നിറഞ്ഞ കാലുകൾ അവരോട് ആവലാതിപ്പെട്ടു. "എന്നെങ്കിലും നിന്റെ ഹൃദയം സന്തോഷത്തിൽ കുതിരുന്ന ഒരു മുഹൂർത്തത്തിലേക്ക് നീ ഞങ്ങളെ നയിച്ചിട്ടുണ്ടോ? നിന്റെ വ്യഥകളത്രയും നീർക്കെട്ടായാണ് ഞങ്ങളുടെ സന്ധികളെ പൂട്ടിയത്. ഇപ്പോൾ നേർത്ത ചലനം പോലും കൈകാലുകളിൽ
വേദനയായി പെരുകുന്നു. ഉള്ള് പൂതലിച്ചിട്ടും നീയെന്തിനാണ് തല പോയ തെങ്ങ് പോലെ മാനം നോക്കി നിൽക്കുന്നത്? ഉപേക്ഷിക്കാറായില്ലേ ഈ ജീർണവസ്ത്രം?
ചിതലുകൾ അത് ശരി വച്ച് ഒന്നൂടെ ആഞ്ഞു കടിച്ചു. ക്രമേണ അവ തന്റെ ചുറ്റും ഒരു മണ്പുറ്റ് നിർമിക്കും. ഒരു പഴകിയ തടിക്കഷ്ണം പോലെ താൻ പൊടിഞ്ഞു തീരും. ഈ യാത്രയിൽ ഏതായിരുന്നു കൂടുതൽ? ദുഃഖത്തിന്റെ കയ്പ്പോ,അതോ സന്തോഷത്തിന്റെ മധുരമോ? എല്ലാവരുടെ ഓർമകളിലും കല്ലിൽ കൊത്തിയ പോലെ കിടക്കുന്നത് വ്യസനങ്ങളാണ്. ആനന്ദം അതനുഭവിച്ച നിമിഷം തന്നെ പട്ടം പോലെ പറന്നകലുന്നു..
ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ രോഗങ്ങളുടെ ചിതല്പുറ്റുകൾ അവരെ പൊതിഞ്ഞിരുന്നു. സ്നേഹരഹിതമായ ജീവിതം തന്നെയല്ലേ ഓരോരുത്തർക്കും രോഗങ്ങളുടെ ചതുപ്പുകൾ നൽകുന്നത്? ഉള്ളുലച്ച ഓരോ സങ്കടവും ശരീരവേദനയായി അവരെ ഞെരിച്ചു. ഈ മണ്പുറ്റ് ഭേദിച്ച് ഉള്ളിലെ ചൈതന്യം എന്നാണ് പുറത്തു പോവുക?
അബോധത്തിന്റെ തണുപ്പിലേക്ക് അവരുടെ ശരീരം കൂപ്പ് കുത്തിയിട്ട് ഒരാഴ്ചയായി.മടുപ്പിന്റെ ആവലാതികൾ അവർക്ക് ചുറ്റും കറങ്ങിത്തിരിഞ്ഞു.ചത്തു പോയാൽ കിട്ടാൻ പോകുന്ന സ്വത്തിനെക്കുറിച്ച് ഓർത്ത് മാത്രമാണ് അത്രയും ദിവസമെങ്കിലും ബന്ധുക്കൾ സഹിച്ചത്. എല്ലാവരും പോകാനായി ഭാണ്ഡം മുറുക്കുന്നത് കണ്ട് സിസ്റ്റർ അത്ഭുതത്തോടെ ചോദിച്ചു- ബൈസ്റ്റാന്ഡേഴ്‌സ് ആരും നിൽക്കുന്നില്ലേ? ഇവരെ ഈ അവസ്ഥയിൽ ഇട്ടു പോവുകയാണോ?
പുച്ഛത്തിന്റെ തുപ്പൽ എങ്ങും തെറിപ്പിച്ചു കൊണ്ട് അവർ കടന്നു പോയി.
മരണചൈതന്യം തന്റെ കൈകാലുകളിലെ അദൃശ്യമായ ചങ്ങലകൾ വലിച്ചു പൊട്ടിക്കുന്നതിന്റെ സ്വരം അവരുടെ നേർത്ത ശ്വാസത്തിലും കിലുങ്ങി. പൊടുന്നനെ അവരുടെ മുഖം പ്രകാശിച്ചു. ശ്വാസഗതി വേഗത്തിലായി. ആരെയോ ആലിംഗനം ചെയ്യുമ്പോലെ അവർ കൈകൾ ചുറ്റിപ്പിടിച്ച് തേങ്ങിക്കരഞ്ഞു.
പിന്നെ, തണുപ്പ് ഒച്ചിനെപ്പോലെ അവരിലേക്ക് അരിച്ചു കയറി. ബേജാറോടെ അത്ര നേരവും അവരുടെ ദേഹമാകെ അരിച്ചു നടന്നിരുന്ന ചിതലുകൾ പൊടുന്നനെ ചലനം മതിയാക്കി, ആ തണുപ്പിൽ തല ചേർത്തു കിടന്നു, പൂതലിച്ച ആ ശരീരത്തിന് അവസാനകൂട്ടായി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ