വിചാരണ(കഥ)
ശരീഫ മണ്ണിശ്ശേരി
ന്യായാധിപൻ രോഗക്കിടക്കയിലേക്ക് ഒട്ടിപ്പോയപ്പോൾ മനസ്സിന്റെ കോടതി അയാളെ വിചാരണ ചെയ്യാൻ തുടങ്ങി.ഒരു ഭീമൻ ചിലന്തി അയാളുടെ ഉള്ളിലിരുന്ന് കണ്ണുരുട്ടുകയും നിരന്തരം ചോദ്യങ്ങളാൽ അയാളെ ചതച്ചുകൊണ്ടിരിക്കുകയും ചെയ്തു. വര പോലുള്ള ഒട്ടുന്ന ചുണ്ടുകളിൽ നിന്ന് ബലമേറിയ നാരുകൾ പുറത്തു വന്ന് അയാളെ ആസകലം കെട്ടിയിട്ടു.
വർഷങ്ങളായി തടവറക്കുള്ളിൽ കഴിയുന്ന ഒരു വയസ്സനെകുറിച്ചായിരുന്നു അതിന്റെ ആദ്യത്തെ ചോദ്യം.
"എന്തായിരുന്നു അയാളെ മോചിപ്പിക്കുന്നതിന് നിനക്കുണ്ടായിരുന്ന തടസ്സം? നിരപരാധിയെന്ന് ബോധ്യപ്പെട്ടിട്ടും അവശനായ ആ മനുഷ്യനോട് ക്രൂരത കാണിക്കാൻ എന്തായിരുന്നു നിന്റെ ന്യായം?"
"നിന്റെ , നിന്റെ"എന്ന അഭിസംബോധനയിൽ അയാൾ ചുളുങ്ങി. "യുവർ ഓണർ, മൈ ലോർഡ്" തുടങ്ങിയ സ്വർണവാക്കുകൾ അയാളുടെ ഉള്ളിൽ പല തവണ മരിച്ചു വീണു.
ചിലന്തി തന്റെ വലക്കണ്ണിയാൽ അയാളുടെ കഴുത്ത് മുറുക്കി. ശ്വാസം മുട്ടുന്ന തോന്നലിൽ അയാൾ വീണ്ടും വീണ്ടും ചുമച്ചു.
"അയാളെ വിട്ടയക്കാൻ സർക്കാരിന് താല്പര്യം ഉണ്ടായിരുന്നില്ല. അയാൾക്ക് അനുയായികൾ വളരെ കൂടുതലായിരുന്നു. "
"ഉം, സ്ഥാനമാനങ്ങളും കൂമ്പാരമായി വരുന്ന പണവും നിന്റെ നാവിനെ കെട്ടിയിട്ടു അല്ലേ? സ്വാഭാവികം. അന്ന് ആ പെൺകുട്ടി തന്നെ പീഡിപ്പിച്ച പ്രമുഖർ ആരൊക്കെയെന്ന് കരഞ്ഞു നിലവിളിച്ചിട്ടും നീ പുച്ഛം നടിച്ചത് എന്തിനായിരുന്നു? പിന്നെയും പിന്നെയും വിധി മാറ്റി വച്ച് വെറും പ്രതീക്ഷ നൽകിയത് എന്തിനായിരുന്നു? ഇന്ന് ഭ്രാന്തിയായി തെരുവിലൂടെ അലയുന്ന ആ പെണ്കുട്ടിയെക്കുറിച്ചുള്ള നിന്റെ യഥാർഥ വിധി എന്തായിരുന്നു? "
അയാളുടെ ചുണ്ടുകൾ വിറച്ചു. ശ്വാസം മുട്ടി വാക്കുകൾ ചിതറി.
"അവൾ...അവൾക്ക് എന്റെ മകളുടെ പ്രായമായിരുന്നു. നിസ്സഹായനായി, അവൾക്കെതിരെ വിധിക്കുമ്പോൾ ശരിക്കും ഞാൻ ഉള്ളിൽ കരഞ്ഞു. പക്ഷേ എന്റെ നാവിൽ എത്രയായിരുന്നു ആണികൾ..മുളക് തേച്ച പുണ്ണ് പോലെ അത് സദാ നീറിക്കൊണ്ടിരുന്നു. ശരിക്കും, ആ വിധി എന്റെ ജീവിതത്തെ മറിച്ചിട്ടു. കൃത്യം ആറു മാസം കഴിഞ്ഞപ്പോൾ എന്റെ മകൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോയി. തിരിച്ചു കൊണ്ടു വരാൻ ആവും വിധം ശ്രമിച്ചു. കൂർത്ത അവളുടെ ചോദ്യചില്ലുകൾക്ക് മുമ്പിൽ ഞാൻ ഭയന്നു നിശ്ശബ്ദനായി. നിലവിളിച്ചു കരയുന്ന രക്ഷിതാക്കളെ പരിഹാസപൂർവം നോക്കിക്കൊണ്ട്, എത്രയോ കാമുകന്മാർക്ക് അനുകൂലമായി ഞാൻ വിധിച്ചിട്ടുണ്ടല്ലോ. അവൾ അതെല്ലാം അറിഞ്ഞിരുന്നല്ലോ.അപ്പോൾ ചോദ്യങ്ങൾ ചില്ലുചീളുകളാവും.
ദൂരെയാണെങ്കിലും അവൾ ജീവിക്കുന്നല്ലോ എന്ന സമാധാനം കുറച്ചു മാസങ്ങൾ കഴിഞ്ഞ്, ചീർത്തു വീർത്ത അവളുടെ ശവം വന്നപ്പോൾ അസ്തമിച്ചു. ഇപ്പോൾ സദാ ഒരു ഭ്രാന്തി എന്റെ ഉള്ളിൽ കുലുങ്ങിച്ചിരിക്കുന്നു.എന്നെ മാന്തിക്കീറുന്നു.."
ചിലന്തി യാതൊരു ദയയുമില്ലാതെ അയാളുടെ കഴുത്തിൽ ഒന്നൂടെ വല മുറുക്കി.
"അത് വേണമല്ലോ.എന്തെങ്കിലുമൊക്കെ പൊറുതികേടുകൾ നിന്നെയും തിന്നു തീർക്കണമല്ലോ. പോലീസ് ഇടിച്ചു കൊന്ന ആ പയ്യന്റെ കാര്യത്തിൽ എന്തായിരുന്നു ന്യായം? പ്രതി രക്ഷപ്പെടുകയും ആ പയ്യന്റെ അച്ഛൻ തൂങ്ങി മരിക്കുകയും ചെയ്തതിന് നീയല്ലേ കാരണം?"
അയാൾ നിസ്സഹായനായി ചുറ്റും തുറിച്ചു നോക്കി. ഒരു നിഴൽ പോലും എങ്ങുമില്ല. ഈ ഭീമൻ ചിലന്തിയുടെ മുന്നിൽ തനിച്ചാക്കി ഹോം നഴ്‌സും കടന്നു കളഞ്ഞോ? ദൈവമേ! നിലവിളികൾ അയാളുടെ തൊണ്ടയിൽ തന്നെ കുഴഞ്ഞു വീണു.
ചിലന്തി അയാളുടെ മുഖം കടിച്ചു മുറിച്ചു. മുറിവായിൽ നിന്ന് രക്തം ഊറ്റികുടിച്ചു.
അയാൾ വേദന കൊണ്ട് പുളഞ്ഞു. തന്നെ ആരോ തിന്നുകൊണ്ടിരിക്കുകയാണെന്ന ഭയം അയാളെ വരിഞ്ഞു മുറുക്കി.വീണ്ടും വീണ്ടും ചുമച്ചുകൊണ്ട് അയാൾ വിലപിച്ചു.
" എല്ലാം എന്റെ തെറ്റാണ്.പക്ഷേ അവരൊക്കെ ശക്തരായിരുന്നു.അവരെ പിണക്കിയാൽ അവരെന്റെ ആയുസ്സ് തീരുമാനിക്കുമായിരുന്നു."
"ഒരു നായയുടെ ജീവിതം ന്യായാധിപന് എന്തിനാണ്? പറയൂ, സത്യം എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് നിങ്ങൾക്കറിയുമോ? എന്താണ് ന്യായം?"
ഒരു അപസ്‌മാരരോഗിയെപ്പോലെ അയാൾ വെട്ടി വിറച്ചു.തല അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി. വായിൽ നിന്ന്അ വെളുത്ത പത ഒലിച്ചിറങ്ങി. അയാൾ വെള്ളം വെള്ളം എന്ന് വിലപിച്ചു.
കാമുകന്റെ ഫോൺകോളിൽ രസം പിടിച്ചിരുന്ന ഹോം നഴ്‌സ് എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ട്, ഡെറ്റോളിന്റെയും മൂത്രത്തിന്റെയും മണം തിങ്ങുന്ന റൂമിലേക്ക് വെറുപ്പോടെ പാളി നോക്കി. അയാളുടെ തല ബെഡിൽ നിന്ന് താഴേക്ക് തൂങ്ങുന്നു. കഞ്ഞിപ്പാത്രം മറിഞ്ഞു കിടക്കുന്നു.അയാൾ എന്തോ പറയാൻ പ്രയാസപ്പെടുന്നത് കണ്ട് അവൾ ചെവി അയാളുടെ ചുണ്ടുകളോടടുപ്പിച്ചു. നാറുന്ന വായിൽ നിന്ന് വിറക്കുന്ന ശബ്ദം തളർച്ചയോടെ മന്ത്രിച്ചു.
"ദയവായി ചോദ്യങ്ങൾ നിർത്തൂ. ഞാൻ അപരാധിയാണ്.എന്നെ തൂക്കിക്കൊല്ലൂ."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ