Pages

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ആത്മരോഷം (കഥ)മയ്യത്ത്കട്ടില്‍ തോളില്‍ വച്ചവരുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയായിരുന്നു അയാളുടെ സ്ഥാനം.മക്കളില്ലാത്ത ആമിനുമ്മാനെ ബന്ധുക്കളാണല്ലോ തോളിലേറ്റി   പള്ളിപ്പറമ്പിലേക്ക് കൊണ്ടു പോകേണ്ടത്.ഒരു പിടി മണ്ണ് ഓരോരുത്തരായി മുഖത്തേക്കിട്ട് മടങ്ങിപ്പോരേണ്ടത്.പറഞ്ഞു വരുമ്പോള്‍ അയാളുടെ മൂന്നാം  ഭാര്യയുടെ അമ്മായിയാണ് ആമിനുമ്മ.ഭാര്യമാര്‍ അയാള്‍ക്ക് മൂന്നാലെണ്ണമുണ്ട്.ഓരോ സാമ്പത്തികപ്രതിസന്ധിയുംഅയാള്‍ നീന്തിക്കടന്നത് വിവാഹങ്ങളിലൂടെയാണ്.രണ്ടു ലക്ഷവും മുപ്പതു പവനുംഅതില്‍ കുറച്ച് എവിടെ നിന്നും സ്ത്രീധനം വാങ്ങിയിട്ടില്ല.എല്ലാം കൂടെ ബാങ്കിലിട്ടിരുന്നെങ്കില്‍ ശിഷ്ടായുസ്സിനു ആ പണം മതിയായേനെ.പറഞ്ഞിട്ടെന്ത്?കര്‍ക്കിടകമഴയില്‍ മണ്ണ്! ഒലിച്ചുപോകും പോലെയാണ് അയാളുടെ കയ്യീന്ന് പണം ചോര്‍ന്നു പോകുക .എല്ലാ ആര്‍ഭാടങ്ങളും ഉള്ളതാണല്ലോ; കുടിയായാലും മയക്കു മരുന്നായാലും.
ചിറ്റ് നിറഞ്ഞ ചോരയില്‍ കുളിച്ച ഇരുനിറത്തിലുള്ള അമ്മായിയുടെ ചെവി അയാളുടെ ഉള്ളില്‍ മിന്നിമാഞ്ഞു.മറ്റേ ചെവി കൂടി അറുക്കാനൊരുങ്ങുമ്പോഴാണ് എന്തോ ശബ്ദം കേട്ടത്.ഇരുട്ടില്‍ തപ്പിത്തടഞ്ഞ് കിട്ടിയതുമായി ഓടി രക്ഷപ്പെടുകയായിരുന്നു.മാലയുടെയും വളയുടെയും .കൂടെ ചോരച്ച ആ ചിറ്റുകളും..മാംസത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു.എന്നിട്ടും വിചാരിച്ച സംഖ്യ ഒത്തില്ല.മൂന്നാം ഭാര്യക്ക് ഫോണ്‍ ചെയ്തപ്പോഴൊക്കെ സൂത്രത്തില്‍ ചോദിച്ചുകൊണ്ടിരുന്നുഎപ്പഴാ മരിച്ചതു കണ്ടത്?അവിടെ വേറെ ആരും ഉണ്ടായിരുന്നില്ലേ?അവള്‍ കരഞ്ഞു കൊണ്ടിരുന്നു.വല്ലാതെ പേടിച്ചിരിക്കുന്നു പാവം
'ഇങ്ങള് വെക്കം വെരീ.സ്വര്‍ണം കിട്ടാനാണേലോ ആ നശിച്ചോന്‍ ഇതു ചെയ്തത്.ഇബനൊന്നും ഇമ്മേം ബാപ്പേം ഇല്ലേ?'
'എന്നിട്ട് പോലീസ് വല്ലോരേം പിടിച്ചോ?'അയാള്‍ ബേജാറായി.
'ഇല്ല ,നാടൊട്ടുക്ക് പോലീസ് വണ്ടി പരക്കം പായാ..' 
സംശയം അയാളിലേക്ക് നീളുന്നില്ലെന്ന് നൂറു തവണ ഉറപ്പു വരുത്തിയാണ് അയാള്‍  ഒളിയിടത്തില്‍ നിന്ന് പുറത്തിറങ്ങിയത്.ചോരച്ച ചിറ്റുകളാണ് മനസ്സിലെപ്പോഴും ..ആദ്യത്തെ മോഷണശ്രമം തന്നെ ഇങ്ങനെ കൊലപാതകത്തില്‍ കലാശിക്കുമെന്ന് ഓര്‍ത്തതല്ല.വാതിലു പോലും നേരെ അടക്കാറില്ല അമ്മായി.ഒരാഴ്ചത്തെ നിരീക്ഷണം കൊണ്ടാണ് എല്ലാം മനസ്സിലാക്കിയെടുത്തത്.രാത്രി എട്ടു മണി കഴിഞ്ഞിരുന്നു തൊഴുത്തിലെ പണിയൊക്കെ കഴിഞ്ഞ് മൂപ്പത്തി അകത്തു കയറിയപ്പോള്‍.പിന്നാലെ ചെല്ലുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ മറന്നില്ല.അമ്മായി പിരാകിക്കൊണ്ടിരുന്നു;'ഈ ബലാലീങ്ങക്ക് കായി എണ്ണി മാങ്ങാനെ അറിയൂ,മന്‌സന് കത്തിച്ചണ നേരത്തല്ലേ വെള്ച്ചം മാണ്ട്യത്..'
ടോര്‍ച്ച് ലൈറ്റില്‍ മൂപ്പത്തി ചോറ് തിന്നുമ്പോഴാണ് കയ്യില്‍ കിട്ടിയ നിസ്‌കാരക്കുപ്പായം കൊണ്ട് മുഖം പൊത്തിപ്പിടിച്ചത്.ബോധം കെട്ടാല്‍ സംഗതി എളുപ്പാവൂലോ.പക്ഷെ കിളവിയായിട്ടും എന്താ കരുത്ത്?നിസ്‌കാരക്കുപ്പായം വലിച്ചു പറിച്ച് അലറി വിളിക്കാന്‍ തുടങ്ങി.പിന്നെ ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല.അഞ്ചു നിമിഷം കൊണ്ടു ബോധമറ്റു.ചിറ്റുള്ള മറ്റേ കാതും കൂടി ആറുത്തെടുക്കാന്‍ പറ്റാത്തതായിരുന്നു വല്യ സങ്കടം.
രണ്ടാഴ്ച കഴിഞ്ഞ് പേപ്പറിന്റെ മുന്‍പേജില്‍ തന്നെ വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന ആള്‍ പിടിയില്‍ എന്ന വാര്‍ത്ത കണ്ട് അയാള്‍ ഞെട്ടിപ്പോയി.ഏതോ ഒരു തമിഴനാണ്.ആള്‍ മുമ്പും പല മോഷണക്കേസിലെയും പ്രതിയാണ്.ആശ്വാസത്തിന്റെ ഒരു കുളിര്‍കാറ്റ് അയാളെ പൊതിഞ്ഞു.നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു എന്ന അവസാന വരിയില്‍ കണ്ണുടക്കിയപ്പോള്‍ അയാള്‍ക്കും കൈ തരിച്ചു.തമിഴന്റെ മൂക്കുപാലം തല്ലിത്തകര്‍ക്കാനുള്ള ദേഷ്യത്തോടെ. ഈ നാട്ടില്‍ വയസ്സാവര്‍ക്കും പെണ്ണുങ്ങള്‍ക്കും കള്ളന്മാരെ പേടിക്കാതെ ജീവിക്കാന്‍ പറ്റില്ലേ എന്നൊരു ധര്‍മരോഷത്തോടെ അയാളും പ്രതിയെ കാണാന്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി വച്ചു പിടിച്ചു.... 

1 അഭിപ്രായം: