Pages

2025 ഡിസംബർ 29, തിങ്കളാഴ്‌ച

 മറഞ്ഞു നിൽക്കുന്നവർ(കഥ )

Shareefa mannisseri 


മറവിയുടെ പുറ്റ് ചുറ്റും

 വന്നു മൂടാൻ തുടങ്ങിയപ്പോൾ  ഹുസൈൻക്ക വീട് വിട്ട് പോവാൻ തുടങ്ങി. അങ്ങാടിയിലൂടെ ചുറ്റി നടന്ന് അയാൾ എല്ലാവരോടും ചോദിക്കും.


" ന്റെ വീട്ടിൽക്ക്ള്ള വഴി അറിയോ മക്കളേ."


ആരെങ്കിലും തിരിച്ചറിഞ്ഞ്   വീട്ടിലേക്ക് എത്തിച്ചാൽ  ആ നിമിഷം പുറത്ത് ചാടാൻ  ലഹളയായി. ഇതല്ല എന്റെ വീടെന്നുള്ള നിലവിളിയായി. എന്തോ വലിയ വേദന അനുഭവിക്കുന്നതുപോലെ അയാൾ ഇടയ്ക്കിടെ നെഞ്ച് തിരുമ്മി. ഉറക്കെ നിലവിളിച്ചു. 


" ന്റെ പടച്ചോനെ, ഞാനിനി എന്ത് ചെയ്യും? ഇനിക്ക് സഹിക്കാൻ കഴിയ്ണില്ലല്ലോ".

 

ഒരായുസ്സിന്റെ ദുഃഖം മുഴുവൻ എപ്പോഴും അയാളുടെ മുഖത്ത് കല്ലിച്ചു കിടന്നു. എന്താ പറ്റിയത് ഹുസൈനിക്കാ  എന്നാരെങ്കിലും ചോദിച്ചാൽ നെഞ്ചുഴിഞ്ഞു പതുക്കെ പറയും, 


" തകരാറൊന്നൂല്ല മക്കളേ. ഇന്റെ നെഞ്ചിന്റവിടെ എന്തോ കത്ത്ണ്‌ണ്ട്. അതിന്റെ ചൂട് ഇനിക്ക് സഹിക്കാൻ പറ്റ്ണില്ല".


തൊട്ടടുത്ത യത്തീംഖാനയിലേക്ക് ഇടയ്ക്കിടെ ചെല്ലുന്ന ഒരു പതിവും  മറവി ഹുസൈൻകാക്ക് സമ്മാനിച്ചു. ഗൾഫുകാരനായിരുന്ന കാലത്ത്  എല്ലാ ലീവിനും മുഴുവൻ യത്തീം മക്കൾക്കും  ബിരിയാണി കൊടുക്കാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അദ്ദേഹം യത്തീംഖാനയിൽ പോകാറുണ്ടായിരുന്നു. കൊല്ലത്തിൽ ഒരിക്കൽ മാത്രം ഉണ്ടായിരുന്ന പോക്കാണ്  ഇപ്പോൾ നിത്യേന ആയിരിക്കുന്നത്.


വാർഡൻ മയത്തിൽ പറഞ്ഞു പുറത്താക്കിയാലും പിന്നെയും ഓരോന്ന് പറഞ്ഞ് അയാൾ അകത്തേക്ക് നുഴഞ്ഞുകയറും. പണ്ട് സംഭാവനകൾ തന്നിരുന്ന ആളല്ലേയെന്ന് കരുതി അവർ കണ്ണടക്കും. ഉള്ളിൽ കയറിയാൽ  കാന്റീനിൽ ഭക്ഷണം കഴിക്കുന്ന കുട്ടികളെ അയാൾ സൂക്ഷിച്ചു നോക്കും. പിന്നൊരു ചോദ്യമാണ്,


 " ഇന്റെ സൈനു എവ്ടെ? ഓൻ ഇങ്ങട്ട് വന്ന്‌ട്ട് എത്ര ദിവസായി. കാണാൻ കൊതിയാവ്‌ണ്‌  ഇൻക്ക് ഇന്റെ കുട്ടീനെ.."

 

എല്ലാവരും അന്തംവിട്ട് അയാളെ തുറിച്ചു നോക്കും. ആരെങ്കിലും ഉന്തിത്തള്ളി അയാളെ പുറത്തെത്തിക്കും. ഉള്ളിൽ കയറാൻ വേണ്ടി ആകെ ബഹളം തുടങ്ങും പിന്നെ. നാടാകെ പദം പറഞ്ഞു അലഞ്ഞു നടക്കൽ  പതിവാക്കിയപ്പോഴാണ്  വീട്ടുകാർ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. 


"ഇതിനൊന്നും ഇനി പ്രത്യേകം മരുന്നില്ല. വയസ്സായില്ലേ? മസ്തിഷ്ക കോശങ്ങളൊക്കെ നശിക്കാൻ തുടങ്ങിയില്ലേ?" 


ഡോക്ടർ അച്ചടി ഭാഷ ചവച്ചുകൊണ്ട്  മാനസിക വിഭ്രാന്തിക്കുള്ള  ചെറിയ ഡോസ് മരുന്ന് അവരെ ഏൽപ്പിച്ചു.


"കുറച്ചൊക്കെ ഉറങ്ങിക്കോളും. ഉറക്കം കുറവാണല്ലോ. നോക്കുന്നവർക്ക് കുറച്ച് ആശ്വാസം കിട്ടും. അത്രമാത്രം. മൂപ്പരുടെ കൈയെത്തുന്നിടത്ത്  മരുന്ന് വെക്കരുത്." 


ഡോക്ടർ ഓർമിപ്പിച്ചു .

എന്നാൽ മരുന്ന് കൊടുത്തിട്ടും രണ്ടുദിവസം മാത്രമാണ് അയാൾ ഉറങ്ങിയത്. പിന്നെ ഉറക്കത്തെ പിടിച്ചു വച്ച് കണ്ണ് ചുവപ്പിച്ചു കൊണ്ട്  കുട്ടികളെപ്പോലെ ഓരോന്ന് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും വെള്ളം ചിന്തലും സാധനങ്ങൾ വലിച്ചിടലും. കുഞ്ഞുങ്ങളെപ്പോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അയാളെ പരിചരിച്ച് ഭാര്യ വശം കെട്ടു. സൈനൂ സൈനൂന്നുള്ള മൂപ്പരുടെ നിലവിളി  കേൾക്കുമ്പോഴെല്ലാം വേദനയുടെ ഒരു കടലാഴം  അവരുടെ ഉള്ളിൽ തിളച്ചു. അജ്ഞാതമായ ഏതോ ഇടത്തിലിരുന്ന് തന്റെ മകൻ ഇതെല്ലാം കേൾക്കുന്നുണ്ടാകുമോ? പത്തുകൊല്ലം മുമ്പ് കടയിൽ ആയിരുന്ന അവനെ  മൂന്നുപേർ കൂട്ടിക്കൊണ്ടുപോയെന്ന്  അയൽവാസിയായ കൃഷ്ണനാണ് വന്ന് പറഞ്ഞത്. എത്രയെത്ര പരാതികൾ കൊടുത്തു. എത്രയെത്ര സ്റ്റേഷനുകൾ കയറിയിറങ്ങി. 21 വയസ്സായിരുന്ന തങ്ങളുടെ മകനെ ആരാണ് കട്ടുകൊണ്ടു പോയത്? കാണാതാകുന്നവരെല്ലാം ഏതു ഗുഹയിലാണ് മറഞ്ഞിരിക്കുന്നത്? എത്രയെത്ര പെൺകുട്ടികളും ആൺകുട്ടികളുമാണ്  ഏതോ മറയത്തേക്ക് മറഞ്ഞു പോകുന്നത്.  ഹതാശമായ ഒരു നിലവിളി അവരിൽ നിന്നെല്ലാം ഒരു ചുഴലി പോലെ പുറപ്പെട്ട് ഹുസൈൻക്കാനെ കൊളുത്തി വലിക്കുന്നു. അവനെ കാണാതായെന്നറിഞ്ഞ് ഗൾഫ് നിർത്തി പോന്നതാണ് അദ്ദേഹം. പിന്നെ അന്വേഷണം തന്നെയായിരുന്നു.


അവരുടെ കണ്ണുകൾ സങ്കടത്താൽ പുകഞ്ഞു. വേദനയുടെ ഒരു ഉണ്ട ശ്വാസത്തെ ഞ്ഞെരിച്ചു.

എത്രയെത്ര പോലീസുകാർക്ക് മുന്നിലാണ് അദ്ദേഹം നിലവിളിച്ചു കരഞ്ഞത്. ഗൾഫ് നിർത്തിയ ശേഷമാണ് ഈ മടുപ്പും ശൂന്യതയും അദ്ദേഹത്തെ മൂടിയത്. എല്ലാ കഷ്ടതകളും മൂടിവച്ച്  മക്കൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തത് കൊണ്ടാവും   നാട്ടിലെത്തിയതിൽ പിന്നെ ആദിലും നാജിയയും വലിയ പരിഗണനയൊന്നും ഉപ്പാക്ക് കൊടുക്കാതിരുന്നത്. സൈനുവായിരുന്നു ഹക്കീംക്കാന്റെ ജീവൻ. കുറേ മുമ്പ് തന്നെ സ്വന്തമായി ഒരു പലചരക്കുകട തുടങ്ങി അവൻ ഉപ്പാന്റെ ചുമട് പങ്കിട്ടെടുത്തിരുന്നു.


 മരിച്ചു മരവിച്ച ഓർമ്മകളാണ് ഇപ്പോൾ അദ്ദേഹത്തെ കരിച്ചു കൊണ്ടിരിക്കുന്നത്. ഭ്രാന്തെടുക്കും എന്ന് തോന്നിയ നിമിഷമാവണം തലച്ചോർ മറവിയുടെ പുതപ്പെടുത്ത് അദ്ദേഹത്തെ ആസകലം മൂടിക്കളഞ്ഞത്. തണുത്ത് തണുത്ത് മൂർച്ച കൂടിയ ഓർമ്മപ്പരലുകൾ സദാ അദ്ദേഹത്തെ കുത്തിക്കീറിക്കൊണ്ടിരുന്നു. പൊറുതികേടിന്റെ കയത്തിൽ ആണ്ട് മുങ്ങി  പാവം.. ഒരു ദിവസം സുബഹിക്ക് സൈനൂ സൈനൂന്ന്‌ നിലവിളിച്ചുകൊണ്ട്  ഹുസൈൻക്ക ചാടിയെഴുന്നേറ്റു.  


"ഓന്റെ വെള്ളക്കുപ്പായവും  ക്രീം പാന്റും  പോലീസുകാര് ഇന്റെ കയ്യിക്ക്‌ ഇട്ട് തന്ന്. ചോര ആയിരുന്നു അത് നെറയെ, ചോര.. "

 

വാക്കുകൾ കിട്ടാതെ അദ്ദേഹം കിതച്ചു. സ്വപ്നമാണെന്നു മറന്ന്‌ പുറത്തേക്കോടാന്‍  വെമ്പി. അന്ന് എത്ര പറഞ്ഞിട്ടാണ് അത് കിനാവാണെന്ന് അദ്ദേഹത്തിന് ബോധ്യം വന്നത്. പടച്ചോനെ! മനുഷ്യനെ കുത്തിക്കീറാനാണോ ഈ ഓർമ്മകളെല്ലാം? 


നെഞ്ച് തിരുമ്മി  ആവലാതി നിറഞ്ഞ മുഖം കുനിച്ച്  അയാൾ വീണ്ടും കത്തുന്ന വെയിലിലേക്ക് ഇറങ്ങി.കഷണ്ടിത്തലയിൽ വെയിൽത്തിളക്കം പതിന്മടങ്ങായി തുള്ളിക്കളിച്ചു. വിയർപ്പും കണ്ണീരും ആ വദനത്തിലൂടെ മിശ്രിതമായി ഒഴുകി. പണ്ടെന്നോ കേട്ടു മറന്ന ഒരു പാട്ട്  അദ്ദേഹത്തിന്റെ ചുണ്ടുകൾ വേദനയോടെ പുറത്തേക്കുരുട്ടി.


" മനുഷ്യനായെന്തിനീ മണ്ണിൽ പിറന്നൂ

 മനസ്സാക്ഷിയോടൊന്ന് ചോദിച്ചുനോക്കൂ.. "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ