Pages

2025 ഡിസംബർ 29, തിങ്കളാഴ്‌ച

 ശവം തീനികൾ ചിരിക്കുന്നു. (കഥ )

Shareefa mannisseri


ഒലിവ് മരങ്ങൾ കരിഞ്ഞു കറുത്തിരുന്നു. ഓരോ ഉഗ്രസ്ഫോടനത്തിലും അവ നടുങ്ങി വിറച്ചു. ചുറ്റും വ്യാപിക്കുന്ന കനത്ത തീയിൽ വാടിക്കരിയാത്തതായി ഒന്നുമില്ല. കറുത്ത ധൂളികളായി എല്ലാം അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നു. ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിന്റെ നിലവറയ്ക്കുള്ളിൽ  അവൾ തന്റെ കുഞ്ഞിനെ മാറോടണച്ചു കൊണ്ട് വിങ്ങിക്കരഞ്ഞു. പേടി അവളെ മുച്ചൂടും തിന്നു കഴിഞ്ഞിരുന്നു. നാല് മക്കളിൽ ഇനി ഈ തരി മാത്രമാണ് ബാക്കി. ഭർത്താവ് ആറു മാസം മുമ്പ് നടന്ന യുദ്ധത്തിൽ കഷ്ണംകഷ്ണമായി. യുദ്ധം സൂര്യനേക്കാൾ സാധാരണമായ ശപിക്കപ്പെട്ട നാടാണിത്. സമാധാനത്തിന്റെ മധുരം! അത് എന്നായിരിക്കും ഇവിടത്തുകാർ ഒന്ന് നുണയുന്നത്? തങ്ങൾ ഉള്ള് തുറന്നു ചിരിച്ചിട്ട് കാലമെത്ര കഴിഞ്ഞിട്ടുണ്ടാവും.. ജനിക്കുമ്പോഴേ ചിരി വറ്റിപ്പോകുന്നുണ്ടാവാം. ഭീകരശബ്ദങ്ങളാൽ ഭയം ചാട്ടവാർ ചുഴറ്റുന്ന വെറുങ്ങലിച്ച ദിനങ്ങൾ..


അവൾ ചുട്ടു നീറുന്ന കൺകളോടെ മുകളിലേക്ക് നോക്കി. തന്റെ മറ്റു മൂന്നു പിഞ്ചോമനകളും ഭക്ഷണവരിയിലേക്ക് തിക്കും തിരക്കുമായി നീങ്ങുമ്പോഴാണ് കഷ്ണങ്ങളായി ദൂരേക്ക് തെറിച്ചു പോയത്. പട്ടിണിയാൽ അവർ എല്ലും തോലുമായിക്കഴിഞ്ഞിരുന്നു. പച്ചപ്പുല്ലു വരെ കടിച്ചു പറിച്ചു തിന്നിരുന്നു. വിശപ്പ് മനുഷ്യനെ എന്ത് തന്നെ ആക്കുകയില്ല!


ചോരച്ച കൈകാലുകളിൽ അവരുടെ പേര് എഴുതിയിരുന്നത്കൊണ്ടാണ് ശവം പെറുക്കുന്നവർക്ക് തിരിച്ചറിയാനായത്. കുറെയായി അതാണ് അവസ്ഥ. അവസാനയുറക്കത്തിന് ഒരു കൂട്ടക്കുഴിമാടമെങ്കിലും കിട്ടാൻ എല്ലാവരും പേരുകൾ ശരീരഭാഗങ്ങളിൽ മുദ്രണം ചെയ്യുകയാണ്. ഇല്ലെങ്കിൽ കറുത്തു പുകഞ്ഞ മരങ്ങളിൽ നിഗൂഡം ചിരിച്ചിരിക്കുന്ന കഴുകുകൾ ചിതറിത്തെറിച്ച കൈകാലുകളെ കൊത്തിയെടുത്ത് പറന്നു പോകും. രുചിയോടെ ഇളംമാംസം കൊത്തിക്കൊത്തി തിന്നു തീർക്കും. യാ റബ്ബി, നിന്റെ ജഹന്നം ഈ നാട് തന്നെയാണോ? നിന്റെ എരിഞ്ഞു കത്തുന്ന ജഹീമിലെ വെറും വിറകുകൾ മാത്രമാണോ ഞങ്ങൾ..


കണ്ണൊന്നടഞ്ഞു പോയാൽ ചുറ്റും കഴുകന്മാരുടെ ചിരിയാണ്. എന്തൊരു അട്ടഹാസമാണത്! ചെവിയിലേക്ക് കുത്തിത്തുളക്കുന്ന ശബ്ദം. ആകെ നടുക്കുന്ന അതിന്റെ പ്രകമ്പനം..

ആർക്ക് വേണ്ടിയാണീ യുദ്ധങ്ങളെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ബോംബിടുന്നവർ തന്നെ ഇടയ്ക്ക് ഭക്ഷണപാക്കറ്റുകളും ഇട്ടു തരും. അതിന് തിക്കും തിരക്കും കൂടുമ്പോഴാവും അടുത്ത തീവർഷം, ചിന്നിച്ചിതറൽ.. അന്നത്തിന് വേണ്ടി അലറിക്കരയുന്ന എത്രയെത്ര പേക്കോലങ്ങളാണ്  മീതെ നിന്ന് ആഹാരപ്പാക്കറ്റുകൾ വീണ്  തല തകർന്നു മരിച്ചു പോയത്. ഹോ.. ഇതൊക്കെ അവർക്ക് വെറും തമാശകളാവാം. വിശപ്പിന്റെ നിലവിളികളും വേദനയുടെ അലർച്ചകളും ആ രാക്ഷസന്മാരെ  രസിപ്പിക്കുന്നുണ്ടാവാം. ഭക്ഷണപാക്കറ്റുകൾ കടലിൽ വീണത് കണ്ട് ആർത്തിയോടെ എടുത്തു ചാടിയ വേറെ കുറെ ആളുകളും മുങ്ങി മരിച്ചു. കടൽ പോലും ഈയിടെയായി കൊലച്ചിരിയാണ് ചിരിക്കുന്നത്.


ആശുപത്രിയിലുമില്ല സമാധാനം. കണ്ണിൽ കണ്ടവരെയൊക്കെ വെടി വെച്ചു വീഴ്ത്തുന്ന പട്ടാളം. ജഡങ്ങൾക്ക്  മീതെ പോലും കയറിയിറങ്ങുന്ന ബുൾഡോസറുകൾ..മനുഷ്യന്റെ ചോരയും കൊഴുപ്പും പറ്റിപ്പിടിച്ച് എന്തൊരു മിനുപ്പാണ് അവയുടെ ഭീമൻചക്രങ്ങൾക്ക്!

കേൾക്കുന്നില്ലേ  കഴുകൻചിരി മുഴങ്ങുന്നത്? ബോംബർ വിമാനങ്ങൾ ആർത്തലയ്ക്കുന്നത്..


എന്റെ കുഞ്ഞേ, ഇനിയൊരു താരാട്ട് നിനക്ക് കേൾക്കാൻ കഴിയുമോ? നമ്മൾ രണ്ടാളും ഇപ്പോൾ തന്നെ അഗാധതയിലേക്ക് ആണ്ടു പോയേക്കാം. അല്ലെങ്കിൽ ഒരു പിടി ചാരമായി കറുത്ത ആകാശത്തേക്ക് പറന്നു പോയേക്കാം. മോനേ, ജനിച്ചപ്പോൾ നീ എന്തൊരു ഭംഗിയായിരുന്നു. എന്ത് തിളക്കമായിരുന്നു നിന്റെ കണ്ണുകൾക്ക്..  നിന്റെ തൊലി എത്ര മൃദുലമായിരുന്നു.. ഇപ്പോൾ നിന്റെ രൂപം! എല്ലുകൾ എണ്ണിയെടുക്കാം. കുഴിയിലായ നിന്റെ കണ്ണുകൾ ആരിലും ഞെട്ടലുണ്ടാക്കും.


ഒലിവ് മരങ്ങളെല്ലാം ഉണങ്ങിപ്പോയ, രാക്ഷസൻമാർ തല ചുഴറ്റിച്ചിരിക്കുന്ന ഈ നരകത്തിൽ ഇനിയും നീയെന്തിനു ജീവിക്കണം? നിത്യവും കഴുകൻചിരി എന്തിന് കേൾക്കണം? പേടിസ്വപ്നങ്ങളാൽ എന്തിന് നിലവിളിക്കണം? അസ്റായീൽ അതിന്റെ നീലച്ചിറകിൽ നമ്മളെ കൊണ്ടു പോകുന്നത് തന്നെ നല്ലത്.


എന്റെ മോനേ, ലോകം എത്ര ഭീകരമാണെന്ന് നീയറിയുന്നില്ലല്ലോ. ഓരോ ദിനവും കടന്നു കിട്ടാൻ ഞങ്ങളെല്ലാം എത്ര തിളച്ച എണ്ണപ്പുഴകളാണ് നീന്തിക്കടന്നതെന്ന് നിനക്കെങ്ങനെ മനസ്സിലാവും..


അവൾ അലമുറയിട്ടു കൊണ്ട് തന്റെ കുഞ്ഞിനെ ഇറുക്കെ പുണർന്നു. അപ്പോൾ ഗൂഡസ്മിതത്തോടെ ഒരു ബോംബർ വിമാനം അതിന്റെ വയർ തുറന്ന് ക്രൂരസമ്മാനങ്ങൾ ആ പൊളിഞ്ഞ വീടിന്റെ മേലേക്ക് എറിയാൻ തുടങ്ങി. ചെന്തീ രാക്ഷസക്കൈകളോടെ എല്ലായിടവും വെട്ടിപിടിക്കാൻ ഭ്രാന്ത്‌ പിടിച്ചു പാഞ്ഞു നടന്നു. കഴുകൻചിരികൾ ഉച്ചസ്ഥായിയിലായി. എല്ലായിടത്തും അതിന്റെ ഭീകരമായ മുഴക്കം മാറ്റൊലികളായി പടർന്നു പിടിച്ചു.

Shareefa mannisseri.


*ജഹന്നം, ജഹീം -നരകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ