Pages

2016, ജൂലൈ 16, ശനിയാഴ്‌ച

പീഡനകല [കഥ] ശരീഫ മണ്ണിശ്ശേരി






വെറും നിലത്ത് ഒരു മണിക്കൂര്‍ നീന്തിക്കഴിഞ്ഞപ്പോള്‍ അവര്‍ അവനെ മുടിക്ക് പിടിച്ചെഴുന്നേല്‍പ്പിച്ചു. അവന്റെ കണ്ണുകള്‍ ചുവന്നു തുടുത്ത് നീര്‍കണങ്ങള്‍ തുളുമ്പി.
'
അങ്ങനെ കരഞ്ഞാലൊന്നും പറ്റില്ലല്ലോ മോനേ, നീ ഡോക്ടറാകാന്‍ പോകുന്നവനല്ലേ?ഒരു പാട് ക്രൂരതകള്‍ക്ക് കൂട്ടു നില്‍ക്കേണ്ടവനല്ലേ?കരിങ്കല്ലു പോലൊരു മനസ്സ് വേണ്ടവനല്ലേ?അപ്പഴല്ലേ സിമ്പതിയില്ലാതെ കരിയറില്‍ ശോഭിക്കാനാകൂ..ഇതിനൊക്കെ നമ്മള്‍ ഹിറ്റ്‌ലറെയാണ് മാതൃകയാക്കേണ്ടത്.ക്രൂരതയുടെ മനോഹരമായ എത്ര ചരിത്രങ്ങളാണ് അദ്ദേഹം രചിച്ചു കളഞ്ഞത്! അന്നത്തെ കൊണ്‌സന്‍ട്രേഷന്‍ ക്യാമ്പ് പോലൊന്ന് ഈ ക്യാമ്പസ്സിലുണ്ടായിരുന്നെങ്കി ചുട്ടു കളയാമായിരുന്നു ഇവനെയൊക്കെ..'
അവരുടെ അട്ടഹാസത്തോടൊപ്പം പിശാചുക്കള്‍ ചുറ്റും നൃത്തം വെക്കുന്നതവന്‍ കണ്ടു..തുറന്നു കിടക്കുന്ന ബാത്ത്‌റൂമിലേക്ക് അവര്‍ അവനെ തള്ളിക്കൊണ്ടു പോയി.വാ പൊളിച്ചിരിക്കുന്ന വൃത്തികെട്ട യുറോപ്യന്‍ ക്ലോസറ്റിന്റെ സൈഡിലെ അഴുക്കില്‍ ഒരു ബ്ലൈഡ് അവര്‍ അമര്‍ത്തി വച്ചു.
 
'ഹാ ഹാ, പശ തേച്ച പോലെയാ ഒട്ടിയിരിക്ക്ണ്. ഇനി മോനതൊന്നു നക്കിയെടുക്ക്..ക്ലോസറ്റൊന്ന്! വൃത്തിയാവട്ടേന്ന്..'
ആജ്ഞാശക്തിയുടെ സര്‍പ്പപത്തിക്കു താഴെ വിറച്ചു വിറച്ച് അവന്‍ കുനിഞ്ഞു,നട്ടെല്ല് വരെ തുളച്ചു കയറിയ ദുര്‍ഗന്ധത്തില്‍ ഒക്കാനിക്കാന്‍ തുടങ്ങി.. പിന്നില്‍ നിന്നും ശക്തിയില്‍ തൊഴിച്ച് അവര്‍ വീണ്ടും അലറി.
'
അഭിനയമൊക്കെ നിര്‍ത്തിക്കോ,ഇല്ലെങ്കി തടി ബാക്കി കാണില്ല..'
അവന്റെ നാവ് മുളകു പുരട്ടിയത് പോലെ നീറി.ചോര പതുക്കെ ഉറവ് പൊട്ടിത്തുടങ്ങി..പ്രജ്ഞ നശിച്ചവനെപ്പോലെ അവന്‍ അവരെ തുറിച്ചു നോക്കി..ദേഹമാകെ വിസര്‍ജ്യത്തിന്റെയും ഛര്‍ദിലിന്റെയും കെട്ട മണം..ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ട് അവന്‍ യാചനയോടെ കൈ കൂപ്പി.എന്നാലാ മിഴികളില്‍ കാരിരുമ്പ് വൃക്ഷങ്ങള്‍ പൂത്തുലയുന്നത് അവന്‍ കണ്ടു.ആര്‍ത്തി പിടിച്ച വദനങ്ങളോടെ അവര്‍ അവന്റെ വസ്ത്രങ്ങളഴിച്ചു.അടിവസ്ത്രത്തില്‍ മുറുകെ പിടിച്ച് അവന്‍ ദീനം നിലവിളിച്ചു:
 
'ഇത്തിരി ദയ കാണിക്കൂ, എനിക്ക് ഡോക്ടറാകണ്ട.ഞാന്‍ നാളെത്തന്നെ പൊയ്‌ക്കോളാം..'
 
അവര്‍ വലിച്ചു പകുതിയായ സിഗരറ്റിന്റെ കനല്‍സൂചികളാല്‍ അവന്റെ വെളുത്ത മേനിയില്‍ കുത്തി രസിച്ചു..സ് സ് ശബ്ദത്തോടെ വീഴുന്ന കറുത്ത പാടുകള്‍..
 
'ആഹാ, കുറച്ചു നേരംകൊണ്ട് ഇവനൊരു പുള്ളിപ്പുലിയാകും കെട്ടോ, ഹാ ഹാ ..'
 
ഭേദ്യം നടത്തി ആനന്ദിക്കുന്ന പോലീസുകാരെപ്പോലെ അവര്‍ ആര്‍ത്തു ചിരിച്ചു.ബോധരഹിതനായി അവസാനമവന്‍ നിലംപതിച്ചപ്പോള്‍ ഒരു പഴന്തുണിയെന്നോണം അവര്‍ അവനെ മുറിയുടെ മൂലയിലേക്ക് തൊഴിച്ചെറിഞ്ഞു.
 
'ജൂനിയേഴ്‌സില്‍ ഇനിയാര്‍ക്കാ കെറുവ്?പറയെട ഗോപീ..'ബാറിലേക്ക് ഇറങ്ങുംമുമ്പ് താടിക്കാരനായ കൂട്ടുകാരനെത്തോണ്ടി  മുതിര്‍ന്നവന്‍ ചോദിച്ചു.'തിരിച്ചു വന്നിട്ടാകാം ഇനി വല്ലോരും ഉണ്ടെങ്കില്‍...'
അവന്‍ പിറ്റേന്ന് ഉണരുമ്പോള്‍ അവരവന്റെ നഗ്‌നദേഹം നോക്കി കമന്റടിക്കുകയായിരുന്നു.അവശനായി എഴുന്നേറ്റ് ലജ്ജാരഹിതനായി അവന്‍ അവരുടെ കാല്‍ക്കലേക്ക് കുനിഞ്ഞു.സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥനയെന്നോണം അവന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
 
'ഛെ,പെണ്ണിനെപ്പോലെ കരയുന്ന ഇവനൊന്നും ഡോക്ടറാകാന്‍ കൊള്ളില്ലെടെ.'
 
അവന്റെ വസ്ത്രം എറിഞ്ഞുകൊടുക്കെ താടിക്കാരന്‍ പൊട്ടിച്ചിരിച്ചു.'എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ലൂസിയെ കണ്ടില്ലേ നീയ്?എന്താ ഗമ!ഇന്ന് തന്നെ നമുക്കവളെ ശരിയാക്കണം'അവര്‍ അശ്ലീലച്ചിരിയോടെ കണ്ണിറുക്കി.അവന്‍ പതുക്കെ തന്റെ റൂമിലേക്ക് നടന്നു.എത്ര ദിനങ്ങളാണ് കടന്നു പോയത്?പീഡനങ്ങളുടെ നനഞ്ഞു വിറച്ച നശിച്ച ദിവസങ്ങള്‍..മാടപ്പുരപോലുള്ള വീടിന്റെ ചിത്രം അവന്റെ ഉള്ളില്‍ നിലവിളിച്ചു.എന്തെല്ലാം നഷ്ടപ്പെടുത്തി.ക്യാന്‍സര്‍ രോഗിയായിരുന്ന അച്ഛനെ കൊല്ലങ്ങളോളം കണ്ട്,ഒരു ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റായി പലരുടെയും കൊല്ലുന്ന വേദനയെ തണുപ്പിക്കാമെന്ന് എത്ര കിനാ കണ്ടതാണ്..വെറുതെ..എല്ലാം വെറുതെ..ചെറിയ ഇരുമ്പു പെട്ടിയും വില കുറഞ്ഞ  വസ്ത്രങ്ങളാല്‍ വീര്‍ത്തുന്തിയ ചെറിയ ബാഗും അവനെ പുറത്തേക്ക് നയിച്ചു.വിശാലമായ വയല്‍പരപ്പുകള്‍ ഉണങ്ങി വരണ്ട് എന്നോ നഷ്ടപ്പെട്ട പച്ചപ്പിനെയോര്‍ത്ത് നിലവിളിക്കുന്നു..ഒരു കനലടുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക്..അതാണ് ജീവിതം.വെറുപ്പോടെ അവന്‍ പുസ്തകങ്ങളെ ദൂരേക്ക് വലിച്ചെറിഞ്ഞു.ഒരു ഭിക്ഷുവിനെപ്പോലെ അലഞ്ഞ അവനെ ഒടുവില്‍ ഇലച്ചാര്‍ത്തുകള്‍ നഷ്ടപ്പെട്ട് മുക്കാലും നഗ്‌നമായ ഒരു കാട് കൈകള്‍ നീട്ടി ആലിംഗനം ചെയ്തു.ഉള്ളിലേക്ക് പോകുന്തോറും പല മണങ്ങളായ് ഫലങ്ങള്‍..അറിയാവഴികള്‍ ചിരപരിചിതമെന്നോണം ചവിട്ടിക്കയറി വനാന്തരത്തിലെ ഇരുളിലേക്ക് അവന്‍ അടിവെച്ചു..അവിടെയതാ ഒരു സിംഹക്കൂട്ടം വിശ്രമിക്കുന്നു..അന്ത്യം അടുത്തെന്നറിഞ്ഞിട്ടും പിന്തിരിയാതെ കാലുകള്‍ ശാന്തരായി.പീഡിപ്പിച്ചു രസിച്ച കിരാതന്മാരുടെ ഓര്‍മയില്‍ അവന്‍ ഭയത്തോടെ കൈ കൂപ്പി.അവന്റെ കണ്‍കളില്‍ നിന്ന് കനിവിനായുള്ള അര്‍ത്ഥന കാറ്റായും കുളിര്‍ജലമായും സിംഹങ്ങളെ തഴുകി.സിംഹരാജന്‍ മുന്നോട്ട് വന്ന് തണുത്തു മരവിച്ച അവന്റെ പാദങ്ങളെ നക്കിത്തുടച്ചു.നായയെപ്പോലെ വാലാട്ടുന്ന ആ ജീവിയെ കെട്ടിപ്പിടിച്ച് അവന്‍ വിങ്ങിക്കരഞ്ഞു:'ഇതായിരുന്നു എന്റെ അമ്മവീടും അച്ഛന്‍വീടും.ആരാണ് അതെന്നില്‍ നിന്നും തട്ടിപ്പറിച്ചത്.?'
 
അവനെ മുതുകിലേറ്റി സിംഹം തന്റെ കുട്ടികളുടെ അടുത്തെത്തി.എല്ലാവരും അവനിലേക്ക് ദയയായ് പെയ്തു.സംതൃപ്തിയോടെ മരതകവര്‍ണമുള്ള വള്ളിക്കുടിലുകള്‍ സ്വപ്നം കണ്ട് ഉണങ്ങിത്തുടങ്ങിയ പുല്‍പരപ്പില്‍ അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു.അപ്പോളവനില്‍ ഒന്നും ശേഷിക്കുന്നുണ്ടായിരുന്നില്ല , വസ്ത്രം പോലും ........................

4 അഭിപ്രായങ്ങൾ:

  1. ഹിംസ്രമൃഗങ്ങള്‍ നാട്ടിലാണ്...
    സത്യം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല കഥ.
    റാഗിങ്ങിനെപ്പറ്റി ഇപ്പോള്‍ ഒരു ലേഖനം വായിച്ചതെയുള്ളു

    മറുപടിഇല്ലാതാക്കൂ
  3. ക്രൂരതകള്‍ ഇപ്പോഴും നടക്കുന്നു അതാണു വേദനിപ്പിക്കുന്നത്
    ..............
    കാലികം -ആശംസകള്‍

    മറുപടിഇല്ലാതാക്കൂ