Pages

2016, ജൂലൈ 30, ശനിയാഴ്‌ച

മഞ്ഞപ്പാവാട (കഥ ) repost ശരീഫ മണ്ണിശ്ശേരി

 പനിവെയിലിന്റെ പൊള്ളുന്ന, പിഞ്ഞിയ തലയണയും പുതപ്പും മുഖത്തമര്‍ത്തി അവളെന്നെ നോക്കി.വരണ്ടു വിണ്ട ചുണ്ടുകളില്‍ മരുഭൂദാഹം വിതുമ്പി.ചുട്ടു പഴുത്ത ഇരുമ്പില്‍ നിന്നെന്നോണം ആ കണ്‍കളില്‍ നിന്നും ചൂട് പ്രസരിച്ചു.അതില്‍ കൈ പൊള്ളിയെങ്കിലും അടുത്തേക്ക് ഒന്നൂടെ ഒട്ടിക്കിടന്നു. ഇപ്പോള്‍ രണ്ടു സൂര്യന്മാര്‍ ഒരുമിച്ച പോലെ..ചുറ്റും ചൂട്..ചൂളക്ക് വെച്ച രണ്ടു ഇഷ്ടികക്കട്ടകള്‍..
 
'മാളൂ,ആ മഞ്ഞപ്പാവാട ഒന്നൂടെ കാണണം ഇന്‍ക്ക്.കറുത്ത പുള്ളികളുള്ള അതു പുതച്ചു പൊന്തേലിരുന്നാ പുലിയാണെന്ന് കരുതും എല്ലാരും അല്ലേ?'
 
ചിരിച്ചപ്പോള്‍ ആ കവിളിണകളില്‍ നുണക്കുഴികള്‍..ഒരാഴ്ച കൊണ്ടു മെലിഞ്ഞുണങ്ങി രണ്ടാളും.പണ്ടൊക്കെ പനിക്കാന്‍ ഇഷ്ടമായിരുന്നു.നെയ്യപ്പത്തിന് വാശിപിടിച്ചാ അപ്പഴേ കിട്ടൂ.ഈ പനി പക്ഷെ മാറുന്നില്ല.കളിക്കാന്‍ കൊതിയാകുന്നു..അവള്‍ കൂട്ടുകാരില്‍ നിന്നും കേട്ടു പഠിച്ച പാട്ടുകള്‍ മൂളാന്‍ തുടങ്ങി.മണ്ണ് മെഴുകിയ നിലത്ത് അവിടവിടെ ഞാഞ്ഞൂലുകള്‍ പുറ്റ് കൂട്ടുന്നുണ്ട്.അകത്തു നിന്നും കുട്ടികളുടെ കരച്ചിലും അമ്മയുടെ ശകാരവും..എല്ലാം കൂടെ സ്വൈരം   കെടുത്തുമ്പോ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക?ദിവസം പിറക്കുന്നത് തന്നെ ജോലികളുടെ പാറക്കഷ്ണങ്ങള്‍ അമ്മയുടെ തലയിലേക്കിട്ടു കൊണ്ടാണ്.ഒരു പാട് ദൂരെയുള്ള കിണറില്‍ നിന്ന് വെള്ളം കൊണ്ടു വരണം.ദാരിദ്യക്കുഴിയില്‍ കിടന്ന് എട്ടുപത്തു കുട്ടികളെ നോക്കണം.കുട്ടികള്‍ മാത്രം സമൃദ്ധമായ ഒരു കീറിയ കുട്ടയായിരുന്നു വീട്..അവളുടെ പാവാടയുടെ വട്ടത്തുളയിലൂടെ കാലുകളുടെ വെളുപ്പ് തിളങ്ങി.കീറിയ രണ്ടു പാവാടകളുടെ വിളറിനരച്ച സ്മരണയിലേക്കാണ് അമ്മാവന്‍ ആ മഞ്ഞപ്പാവാട നിവര്‍ത്തി വിരിച്ചത്.വാത്സല്യത്തിന്റെ നിലാസ്പര്‍ശം വല്ലപ്പോഴും എത്തിനോക്കിയത് ആ നേത്രങ്ങളിലൂടെയായിരുന്നു.സ്‌നേഹത്തിന്റെ മൃദുലത ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു വീട്..വനാന്തരം പോലെ അതിന്റെ അകങ്ങളെപ്പോഴും ഇരുട്ടാണ്ട് കിടന്നു.വഴക്കിലും കരച്ചിലിലും ഇടയ്ക്കിടെ വൃക്ഷക്കൊമ്പുകള്‍ ആടിയുലഞ്ഞു.കിളികള്‍ക്ക് കൂടു വെക്കണമെന്നും പാട്ടു പാടണമെന്നുമൊക്കെയുണ്ടായിരുന്നു.ഇടയ്ക്കിടെ മരങ്ങള്‍ ഉലയുമ്പോള്‍ വീണു പോകുന്ന കൂടുകള്‍..ഉടയുന്ന മുട്ടകള്‍..ആ വനം അങ്ങനെ ആര്‍ക്കും വേണ്ടാതെ, വിജനതയില്‍.. ഒറ്റയ്ക്ക്..
 
'അമ്മയോട് പറ, കാല്‍പെട്ടി തുറന്ന് അതൊന്നു കാണിക്കാന്‍.ആ മണമൊന്ന് മൂക്കിനെ കുളിപ്പിക്കട്ടെ.എണ്ണിയാലും എണ്ണിയാലും തീരാത്ത അതിന്റെ കറുത്ത പുള്ളികള്‍..'
'
ഇന്ക്ക് പേടിയാ, ദേഷ്യപ്പെടും..അതില്ലാത്തൊരു നേരല്ല.'ഞാന്‍ നിസ്സഹായതയോടെ അവളോട് ഒന്നൂടെ ചേര്‍ന്നു കിടന്നു.

'അമ്മേം അച്ഛനും തല്ലു കൂടി അമ്മ വീട്ടിപ്പോവില്ലേ?അപ്പം ഞാനതാ ഇടാന്‍ പോണത്.നീയേതിടും?'അവള്‍ എന്നെ തോണ്ടിക്കൊണ്ട് ചോദിച്ചു.പുതിയതൊന്നും ഇല്ല.അതിന്റെ കുണ്ഠിതം പുറത്തു കാണിക്കാതെ ഞാന്‍ വെറുതെ ചിരിച്ചു.അന്നു രാത്രി പനിവെയില്‍ അവളിലേക്ക് ഇരച്ചു കയറുകയും എന്നില്‍ നിന്നും ചുരമിറങ്ങുകയും..വിയര്‍ത്തു കുളിച്ചു കിടക്കേ കേട്ടു പിച്ചും പേയും..'മഞ്ഞപ്പാവാട എടുക്കണ്ടാന്നു പറ. സ്‌കൂളില്‍ ചേരുമ്പോ ഇടാന്‍ള്ളതല്ലേ  .കീറല്ലേന്നു പറ.വിരുന്നു പോകുമ്പോ ഇടാന്‍ള്ളതല്ലേ..'സ്‌കൂളില്‍ ചേരല്‍!അതൊരു സ്വപ്നം മാത്രാണ്.ഇത്ര വലുതായവരെ ആരേലും സ്‌കൂളില്‍ ചേര്‍ക്കോ?ആഹാരത്തിനു തന്നെ പണമില്ല.പിന്നല്ലേ സ്ലേറ്റും പുസ്തകവും വാങ്ങിക്കല്‍..അസുഖങ്ങള്‍ക്ക് ചികിത്സിക്കാറുപോലുമില്ല.പഴമയുടെ കുറെ നാട്ടുമരുന്നുകള്‍..അതുകൊണ്ട് രക്ഷപ്പെട്ടെങ്കില്‍ ജീവിക്കാം. അത്ര തന്നെ.രോഗങ്ങളാകട്ടെ അടിക്കടി അവയുടെ കോന്ത്രമ്പല്ലുകള്‍ കാട്ടി ഇളിച്ചു.ചേച്ചിയുടെ തലയില്‍ പേനുകള്‍ ഒരു ചെറുകുഴി കുഴിച്ചിട്ടുണ്ട്.മഴവെള്ളം കെട്ടി നില്‍ക്കണ പോലെയാണ് അതില്‍ ചലം..
 
പിന്നെയും തുടര്‍ന്ന പേച്ചില്‍ വെള്ളം വെള്ളമെന്ന മന്ത്രം കാതുകളെ തൊട്ടു.ഇരുട്ടില്‍ തപ്പിയും തടഞ്ഞും മണ്ണെണ്ണവിളക്കിന്റെ പതറുന്ന വെളിച്ചത്തില്‍ വെള്ളവുമായി തിരിച്ചെത്തിയപ്പോള്‍....ദാഹം ഇനിമേല്‍ വ്യസനിപ്പിക്കാത്തവിധം ആ തൊണ്ട വരണ്ടിരുന്നു..ചുണ്ടിലേക്ക് ഇറ്റിച്ച ജലമത്രയും പായയിലേക്ക് തൂവി.കൈകള്‍ മരവിച്ചു.കാലുകളിലേക്ക് തണുപ്പിന്റെ പുതപ്പ് അമര്‍ന്നു.എന്റെ തൊണ്ടകീറുന്ന ആക്രന്ദനം വീടിനെയാകെ പിടിച്ചു കുലുക്കി..
കോടിമുണ്ടിന്റെ വെളുപ്പ് ഉമ്മറപ്പടി കടന്നപ്പോള്‍ നിലയില്ലാക്കിനാക്കളിലേക്ക് ഞാനൂര്‍ന്നു വീണു.മഞ്ഞപ്പാവാട ഒരു കുട പോലെ വീശി അവള്‍ മേഘമാലകള്‍ക്കിടയിലൂടെ പറന്നുകൊണ്ടിരുന്നു.അവസാനത്തെ കവാടം കടക്കുന്നതിനു മുമ്പ് അതെന്റെ കൈകളിലേക്കിട്ട് അവള്‍ പിറുപിറുത്തു:'എടുത്തോളൂ അത്.നിനക്കേതായാലും പുതിയതില്ലല്ലോ.ഇവിടെയാകെ മഞ്ഞ മാത്രാ..സൂര്യകാന്തിപ്പാടം പോലെ മഞ്ഞക്കോട പുതച്ചു കിടക്കാ മേഘങ്ങള്..മഞ്ഞ കണ്ടു കണ്ട് വായിലാകെ കയ്പ്..ഇനിയേതു നിറാ പുതിയതായി ഇഷ്ടപ്പെടാ?മാളൂ, മറന്നല്ലോ നിറങ്ങളത്രയും…….

Shareefa mannisseri
From my collection “verpaadinte thazhvara”

3 അഭിപ്രായങ്ങൾ: